പൂമുഖം ചുവരെഴുത്തുകൾ ഗാന്ധി എന്ന ടെക്സ്റ്റ്

ഗാന്ധി എന്ന ടെക്സ്റ്റ്

വള്ളത്തോളിൻ്റെ ‘ എൻ്റെ ഗുരുനാഥൻ’ എന്ന കവിതയുടെ കൂടെ ഇരിക്കുകയാണ് . കൃത്യം ഒരു നൂറ്റാണ്ടു മുൻപ്, 1922ൽ എഴുതിയ കവിത. ശ്രദ്ധേയമായ, അതിലേറെ ജനപ്രിയം നേടിയ ഗാന്ധി പഠനമാണിത്.


ഗാന്ധിജി എന്ന വാക്ക് കവിതയിൽ എവിടെയും കാണ്മാനില്ല. ഗുരുനാഥൻ, ആചാര്യൻ, മഹാത്മാവ്, യോദ്ധാവ്, ഗുരു ,നേതാവ്, യോഗി, ധർമ്മകൃഷകൻ, സിദ്ധൻ, മഹാവിരക്തൻ തുടങ്ങിയ വാക്കുകളിൽ ഗാന്ധിജി ആരാധിക്കപ്പെടുന്നു. ഈ ആരാധന അവസാനത്തെ രണ്ടു വരികളിൽ മൂർച്ഛിക്കുന്നുണ്ട് . ‘ഗതഹർഷനും ‘ ‘ ദുരാ ധർഷനും ‘ ‘സുമഹാത്മനും ‘ ‘ ജഗദ് ഗുരു’വുമായ ആരാധ്യപുരുഷന് ‘നമസ്തെ’ എന്നതാണല്ലോ ആ സന്ദർഭം.

ഗാന്ധിജിയുടെ ആശയപരമായ തൂലികാചിത്രം പോലെയാണ് കവിത. ഒരു വ്യക്തിത്വത്തെ പല നിലയിൽ നോക്കിക്കാണാനുള്ള ശ്രദ്ധയാണ് കവിതയുടെ മികവ്. അതിൻ്റെ ജനപ്രിയ വായനയിൽ , ഒരുപക്ഷെ, തികച്ചും തളളിപ്പോയ കാര്യവുമാണ് ഇത്. ദൈവാരാധാനാപരമായ കവിതകളും പാട്ടുകളും ശീലിച്ച ഒരു സമൂഹം ഈ കവിതയിലെ ആരാധനാസ്വരത്തെ മാത്രം
വീണ്ടും വീണ്ടും ശ്രദ്ധിച്ചു പോരുന്ന നിലയുണ്ട്. കവിതയുടെ നിയോ – ക്ലാസിക് ഘടനയാണ് ആ രീതിയിലേക്ക് വലിയൊരു വിഭാഗം വായനക്കാരെ എത്തിച്ചത്. അർത്ഥം വേണ്ടത്ര ശ്രദ്ധിക്കാതെ ഇഷ്ടപ്പെടാവുന്ന കവിത എന്ന തലത്തിലേക്ക് പോലും എത്തിച്ചേർന്ന രചനയാണിത്.
ആരാധനാസ്വരം, തീർച്ചയായും , കവിതയ്ക്ക് ഉണ്ട്. ഗാന്ധിഭക്തി തന്നെയാണ് കവിതയുടെ മൗലികമായ പ്രേരണ എന്നും വരാം. എന്നാൽ അതിനപ്പുറം ഗാന്ധിയുടെ പലതരം പ്രമേയങ്ങളുടെ സ്ഥാനപ്പെടുത്തൽ കൂടി കവിത ഏറ്റെടുത്തിട്ടുണ്ട്.ഒരുപക്ഷെ കവിയുടെ ലക്ഷ്യത്തെ ( authorial intent )
മറികടന്നു കൊണ്ടാണ് ഇത് സാധ്യമായിരിക്കുന്നത്.

ഒരു ഭാഗം എടുത്തെഴുതാം :
“ക്രിസ്തുദേവൻ്റെ പരിത്യാഗശീലവും, സാക്ഷാൽ –/ ക്കൃഷ്ണനാം ഭഗവാൻ്റെ ധർമ്മരക്ഷോപായവും,/ ബുദ്ധൻ്റെ യഹിംസയും, ശങ്കരാചാര്യരുടെ / ബുദ്ധിശക്തിയും ,രന്തിദേവൻ്റെ ദയാവായ്പും,/ ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും ,മുഹമ്മദിൻ / സ്ഥൈര്യവുമൊരാളിൽച്ചേർന്നൊത്തു കാണണമെങ്കിൽ / ചെല്ലുവിൻ ഭവാന്മാരെൻ ഗുരുവിൻ നികടത്തി, / ലല്ലായ്കിലവിടുത്തെച്ചരിത്രം
വായിക്കുവിൻ! ” ഇത് പ്രശംസ മാത്രമായി വായിക്കുന്നവർ ഒരു നൂറ്റാണ്ടിന് ശേഷം ഇന്നും ഉണ്ടാവും. അത് സൗകര്യപ്രദവുമാണ്. എന്നാൽ ഈ കാവ്യഭാഗത്ത് ആ ഭാവത്തെ മറികടക്കാൻ ആവശ്യപ്പെടുന്ന ഒരു ധൈഷണിക സൂചികയുണ്ട്. ‘ചരിത്രം വായിക്കുവിൻ ‘ എന്നതാണ് അത്.

കവിതയ്ക്ക് ടിപ്പണിയെഴുതുമ്പോൾ കുട്ടികൃഷ്ണമാരാര് ആരാധനാഭാവത്തിനപ്പുറത്തേക്ക് ഈ ഭാഗത്തെ കൊണ്ടുപോകാൻ അത്രകണ്ട് ശ്രദ്ധിച്ചതായി തോന്നുന്നില്ല. മാരാരുടെ നോട്ടത്തിൽ ഈ ഭാഗമിങ്ങനെയാണ് : ” ലോകത്തിൽ ഇതേവരെയുള്ള പുണ്യ ശ്ളോകന്മാരുടെയെല്ലാം ഗുണങ്ങൾ തികഞ്ഞതാണ് എൻ്റെ ഗുരു “. വൈകാരികതയുടെ കളത്തിനകത്തു തന്നെ ആ വിമർശകനും. കളത്തിനപ്പുറത്തു നിന്ന് ഈ ഭാഗം വായിക്കാൻ തുനിഞ്ഞാൽ അത് ആധുനികമായ ഒരു കാഴ്ചയും വ്യക്തി സങ്കല്പവും ഉൾക്കൊണ്ട സന്ദർഭമാണെന്ന് അറിയാനാവും.

ഗാന്ധി ഒരു അവതാരമല്ല — ഏകാന്തപ്രതിഭാസമല്ല.ഗാന്ധിയുടെ ആദർശഘടന ചേർച്ചയുടെ ഫലമാണ് — mosaic of ideas. (യൂലിയാ ക്രിസ്റേറവ
Any text is constructed as a mosaic of quotations; any text is the absorption and transformation of another എന്ന് 1983ൽ പറഞ്ഞത് ഓർക്കാം.) അതാണ് ഗാന്ധിവാദത്തിൻ്റെ ചരിത്രപരതയ്ക്കുള്ള ഒരു നിദാനവും . ലോകത്തെ ഗാന്ധിജി മനസ്സിലാക്കിയതിൻ്റെ , ആ ഭൗതിക ശ്രമത്തിൻ്റെ , ഫലമാണ് അത്. വെവ്വേറെ ചരിത്രഘട്ടങ്ങളിൽ ,പല നാടുകളിൽ, ജന ബോധങ്ങളിൽ ഉണ്ടായ വ്യക്തികളുടെ സ്വാധീനമാണ് ഗാന്ധി എന്ന ആശയരൂപം. അതിൽ കൃഷ്ണലോർ മാത്രമല്ല (രാമവാദമല്ല. എന്നതും ശ്രദ്ധേയം) ബൗദ്ധവും ഇസ്ലാമും ക്രൈസ്തവതയും ഉണ്ട്. എന്നാൽ മൊത്തത്തിലല്ല. തൻ്റെ ചരിത്രസന്ദർഭത്തിനും സമരവ്യക്തിത്വത്തിനും ഇണങ്ങുന്ന ചില ആശയനാരുകൾ മാത്രം ചേർന്നുണ്ടായ ടെക്സ്റ്റാണ് ഗാന്ധി.

ഈ സമീപനം ഗാന്ധിദർശനത്തെ ചരിത്രവത്ക്കരിച്ചു കാണാനുള്ള മലയാളത്തിലെ ഒന്നാമത്തെ നീക്കമാണ്.
ഒരുപക്ഷെ , കവി എന്ന വ്യക്തിയുടെ പ്രേരണയെ മറികടക്കുന്ന പ്രവർത്തനം ; ഗാന്ധിവിജ്ഞാനീയത്തിൻ്റെ
( ഗാന്ധിയോളജി ) ഭാഗമായി മാറാൻ കെല്പുള്ള ധൈഷണികസന്ദർഭം.

Comments
Print Friendly, PDF & Email

You may also like