പൂമുഖം ചുവരെഴുത്തുകൾ എഴുതുന്നതെന്തിന്?

എഴുതുന്നതെന്തിന്?

എന്തുകൊണ്ടാണ് മനുഷ്യർക്ക് പുസ്തകമെഴുതണമെന്നും അത് പ്രസിദ്ധീകരിക്കണമെന്നും തനിക്ക് വായനക്കാരുണ്ടാകണമെന്നും തോന്നുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. പേരിനും പ്രശസ്തിക്കും അംഗീകാരത്തിനും അനശ്വരതക്കും വേണ്ടിയാണോ? അതോ വെറുമൊരു വാസന കൊണ്ടും അടക്കാനാവാത്ത അഭിനിവേശം കൊണ്ടുമാണോ? അതോ തന്നെയും തൻ്റെ ചുറ്റിലുമുള്ള മനുഷ്യരെയും ജീവിതത്തെയും അടയാളപ്പെടുത്താനുള്ള താല്പര്യമാണോ?

എന്നെത്തന്നെ എത്ര പരിശോധിച്ചിട്ടും എനിക്കതിൻ്റെ ജനിത രഹസ്യം പിടികിട്ടിയിട്ടില്ല. അധികം പേർക്കും പിടികിട്ടിയിട്ടില്ലെന്നു തന്നെയാണ് തോന്നുന്നത്. എഴുതാനുള്ള അഭിവാഞ്ഛയിൽ നിഗൂഢമായ എന്തോ ഒന്നുണ്ട്.

എട്ടോ ഒൻപതോ വയസുള്ളപ്പോഴാണ് ഞാൻ ടാർസൻ എന്ന കഥയോ മൗഗ്ലി എന്ന കഥയോ വായിച്ച് ആ മട്ടിൽ ഒരു കഥയെഴുതുതാൻ ശ്രമിക്കുന്നത്. അതെഴുതാൻ ശ്രമിക്കുമ്പോൾ അനുകരിക്കാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ, അനുകരിക്കാൻ മറ്റു പലതുമുണ്ടായിട്ടും ഒരാൾ എഴുത്തിനെ, കഥയെ അനുകരിക്കാൻ ശ്രമിക്കുന്നതെന്തിനാണ്? പിടി തരാത്ത ഒരു രഹസ്യ ഇടപാടാണത്. കുറച്ചു കൂടി മുതിർന്നപ്പോൾ മുട്ടത്തുവർക്കിയും ഒ.വി വിജയനും തൊട്ട് മാർക്കേസും ബൊളാഞ്ഞോയും വരെ ആ പട്ടികയിൽ വന്നു. അനുകരണമോ സ്വാധീനമോ വിദൂരഛായയോ ഒക്കെ എഴുത്തിൽ വരുന്നത് എഴുത്തുകാരുടെ ഒരു പരിമിതിയായി പറയപ്പെട്ടിട്ടുമുണ്ട്. മുൻപുള്ളവരിൽ നിന്ന് തൻ്റെ ഒച്ച മൗലികമായി വേറിട്ട് കേൾപ്പിക്കാൻ ഓരോ എഴുത്തുകാരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ശ്രദ്ധിച്ചാൽ മായ്ച്ചുകളയാനും മറച്ചു വെക്കാനും ശ്രമിച്ച എല്ലാ അടയാളങ്ങളും വായനക്കാരുടെ കുറ്റാന്വേഷണ നേത്രങ്ങളിൽ പെടാതിരിക്കില്ല.

ഡോൺ ക്വിക്സോട്ട് മുതൽ ഇങ്ങോട്ടുള്ള നോവലുകളിലൂടെയും എഴുത്തുകളിലൂടെയും കടന്നു പോയപ്പോൾ ഓരോ എഴുത്തുകാരും അവരുടെ പൂർവ്വിക എഴുത്തുകാരെ, സാമാലികരെ, മറ്റു കലാകാരന്മാരെ, സർഗാത്മക ലോകത്തെയാകെത്തന്നെ അനുകരിക്കുന്നതിൻ്റെ നൂറുനൂറടയാളങ്ങൾ കിട്ടി. ഈ പകർത്തൽ ഒരു ചരിത്ര പ്രക്രിയയാണെന്നും മനസ്സിലായി. ബൃഹൽക്കഥയില്ലെങ്കിൽ കഥാസരിത് സാഗരമില്ല. അവയില്ലെങ്കിൽ ആയിരത്തൊന്നു രാവുകളുമില്ല. അതില്ലെങ്കിൽ ബോർഹസില്ല. ബോർഹസില്ലെങ്കിൽ ലാറ്റിനമേരിക്കയിലെ നിരവധി എഴുത്തുകാർ ഉണ്ടാവില്ല. എഴുത്തിൻ്റേത് മറ്റൊരു ലോകമാകുമായിരുന്നു. എഴുത്തും സർഗാത്മകതയും ഈ തുടർച്ചകളിലേക്കുള്ള ചില കൂട്ടിച്ചേർക്കലുകൾ മാത്രമാണ്. ചിലപ്പോൾ ആ കുട്ടിച്ചേർക്കപ്പെടുന്നവ വലിയ പുതുമ കൊണ്ടു വരുന്നു എന്നു മാത്രം. ആ പുതുമ ഭൂതകാലത്തു നിന്ന് അയാളോ അവളോ മൂന്നാമരോ കടമെടുത്ത വായ്പകളെ മുഴുവൻ നമ്മുടെ കാഴ്ചയിൽ നിന്ന് മറച്ചു പിടിക്കും. നാം അന്ധരായി അവരുടെ മൗലികതയിൽ അത്ഭുതം കൂറി നിൽക്കും. വാസ്തവത്തിൽ ഈ മൗലികത ഒരു തോന്നൽ മാത്രമാണ്. കടലിലെ മഞ്ഞുപാളിയുടെ അറ്റം പോലെ. അടിയിൽ ബാക്കിയെല്ലാം മറഞ്ഞു കിടക്കുയാണ്.

നിങ്ങൾ ഹെറോ ഡോട്ടസിൻ്റെ ഹിസ്റ്ററിയോ ഹീലിയോ ഡോറസിൻ്റെ എത്തിയോപ്പിക്കയോ മറ്റു പ്രാചീന ഗ്രീക്ക് നോവലുകളോ ആയിരത്തൊന്നു രാവുകളോ ഇതര ഇതിഹാസ പുരാണങ്ങളോ നാടകകാവ്യാദി സാഹിത്യങ്ങളോ ഒക്കെ അടങ്ങിയ പ്രാചീന കൃതികളുടെ വായനക്കാരായി മാറുകയാണെങ്കിൽ ആധുനിക കാലത്തും അവയിലെ അടിസ്ഥാന പ്രമേയങ്ങളും ആഖ്യാനരീതികളും കഥാപാത്രങ്ങളും നിരന്തരമായി ആവർത്തിച്ചു കൊണ്ടിരിക്കുന്നതായി കാണാം. നാം വായിക്കാതെയും അറിയാതെയും പോയ ആ കൃതികളെ പറ്റിയുള്ള നമ്മുടെ അജ്ഞതയെയാണ് നാം മറ്റൊരാളിൽ മൗലികത എന്നു വായിക്കുന്നത്.

ജീവിതം എല്ലായിടത്തും എല്ലാക്കാലങ്ങളിലും ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആവർത്തനം എന്നാൽ അനുകരണമെന്നുമാണ് അർത്ഥം. അതു കൊണ്ടാണ് സമകാലിക സാഹിത്യത്തിൽ പല എഴുത്തുകാരുടെയും ശൈലികളും പ്രമേയ പരിചരങ്ങളും ആഖ്യാനരീതികളും മിശ്രണം ചെയ്യുന്ന മിശ്ര രചനാരീതി (അഥവാ പാസ്റ്റിഷ് ആഖ്യാന രീതി) ഇന്ന് എഴുത്തുകാർ ബേധപൂർവം തന്നെ നടത്തുന്നത്.

തങ്ങൾ മറ്റാരാളുടെ ശൈലിയാണ്, രചനാ തന്ത്രമാണ്, പ്രമേയമാണ് സവിശേഷമായ ഒരാശയ നിർമ്മിതിക്കായി കടമെടുക്കുന്നതെന്ന് ആ എഴുത്തുകാർ അഭിമാനത്തോടെ അംഗീകരിച്ചു തരികയാണ്.

മൗലികതയെ സംബന്ധിച്ച നമ്മുടെ നാട്യങ്ങളേക്കാൾ സത്യസന്ധമാണത്. നാം വെറും മിശ്രണങ്ങളും ആവർത്തനങ്ങളും മാത്രമാണെന്ന് നമ്മുടെ ജനിതകം (Genes) നമ്മെ പഠിപ്പിക്കുന്നതു പോലെ എഴുത്തും നമ്മെ പഠിപ്പിക്കുന്നത്. ചരിത്രത്തെയും ഭൂതകാലങ്ങളെയും ആവർത്തിക്കാനാണ് ഓരോ എഴുത്തുകാരും എഴുതുന്നത് എന്നാണിപ്പോൾ തോന്നുന്നത്.

അതിനിടയിൽ നമ്മുടെ ഒച്ചയോ ബഹളമോ വേറിട്ടു കേൾക്കുന്നുണ്ടെങ്കിൽ മറവി ബാധിക്കുന്ന ഒരു സമൂഹം പ്രഭുവിനെ പോലെ വേഷം മാറി വരുന്ന കള്ളനെ തിരിച്ചറിയുന്നില്ല എന്നു മാത്രമാണ്. ആ പുതിയ വേഷം മാത്രമാണ് മൗലികത. ശരിക്കുമാലോചിച്ചാൽ ആ വേഷവും ഒരു തുടർച്ചയാണെന്ന് പറയാം. പ്രഭുവിൻ്റെ വേഷം കള്ളൻ അണിയുന്നു എന്നതാണ് യഥാർത്ഥത്തിൽ മൗലികമായി സംഭവിച്ച മാറ്റം.

വിദഗ്ദ്ധമായ ഒരു കൂടുവിട്ട് കൂടുമാറ്റം മാത്രമാണ് സാഹിത്യം. അത് എല്ലായ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്ന മാജിക്കാണ്. എല്ലാ എഴുത്തുകാരും ആത്യന്തികമായി ആ ഒരു മജീഷ്യനാവാൻ ആഗ്രഹിച്ച് തൂവാല വീശുന്നു … അത് പ്രാവാകാം, പൂക്കളാവാം, ചിത്രവളയങ്ങളാവാം…

പക്ഷേ, വീശിയത് ഒരു തൂവാലയാണ് ….അത് നൂറുകണക്കിന് വർഷങ്ങളായി സകല മാന്ത്രികന്മാരും വീശിക്കൊണ്ടിരിക്കുന്ന അതേ തൂവാലയാണ്… പക്ഷേ, അതിൽ നിന്ന് പുതിയതായി എന്താണ് പുറത്തു വരുന്നതെന്നാണ് നാം കാത്തിരിക്കുന്നത് …ഓരോ പുതിയ പുസ്തകങ്ങളും നാം അതിരറ്റ താത്പര്യത്തോടെ തുറക്കുന്നത് ആ ഒരൊറ്റ ജിജ്ഞാസ കൊണ്ടാണ് …

തുറക്കുമ്പോൾ പഴയ മുയലുകളും പക്ഷികളുമാണ് പറക്കുന്നതെങ്കിൽ നാം പുസ്തകമടച്ചു വെക്കുന്നു. പക്ഷേ, തൊപ്പി വെച്ച ഒരു മുയലോ, നിറം മാറിക്കൊണ്ടിരിക്കുന്ന ഒരു പക്ഷിയോ ആണ് പുറത്തു വരുന്നതെങ്കിൽ നാം അടുത്ത നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു…വായനക്കാർ കാത്തിരിക്കുന്ന ഒരാളാവാൻ ഏതെഴുത്തുകാരാണ് ആഗ്രഹിക്കാത്തത്…

Comments
Print Friendly, PDF & Email

You may also like