പൂമുഖം ചുവരെഴുത്തുകൾ പ്രൂഫ് റീഡർ: ഒരു സാംസ്കാരികസ്ഥാനം

പ്രൂഫ് റീഡർ: ഒരു സാംസ്കാരികസ്ഥാനം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ധാരാളം അക്ഷരത്തെറ്റുകളോടെ പുറത്തുവന്ന ഒരു പുസ്തകത്തിനൊപ്പമിരിക്കുന്നത് ഒട്ടും രസകരമല്ല. കാലിനും ചെരിപ്പിനുമിടയിൽ കയറിക്കുടുങ്ങിയ കല്ലാണ് വായനക്കാരന് അക്ഷരത്തെറ്റ്. അത് ശരിയാക്കാതെ പുറത്തുവരുന്ന പുസ്തകം നിയമപരമായി വായനക്കാരൻ എന്ന ഉപഭോക്താവിൻ്റെ (അയാൾ വില കൊടുത്തുവാങ്ങിയ പുസ്തകമാണെങ്കിൽ ) അവകാശം ലംഘിക്കലാണ്. ചില പുസ്തകങ്ങൾ വായിക്കവേ എന്താണ് അച്ചടിപ്പിഴകളുടെ പേരിൽ അവയുടെ പ്രസാധകർക്കെതിരെ കോടതി നടപടികൾ വരാത്തത് എന്ന് ആലോചിക്കാറുണ്ട്.

എഴുത്തും വായനയും പഠിച്ചു തുടങ്ങുന്ന ചെറിയ കുട്ടികളുടെ മാത്രം അവകാശമാണ് അക്ഷരത്തെറ്റ് വരുത്തൽ. മുതിർന്നവരിൽ നിന്ന് അത്തരം തെറ്റുകൾ ഉണ്ടായിക്കൂടാ. തെറ്റില്ലാത്ത പുസ്തകം വായനക്കാരുടെ അവകാശമാണ്.

ഞങ്ങൾ കോളെജ് ക്ലാസിൽ പഠിക്കുമ്പോൾ irch (humour) എന്ന് ഒരു പാഠപുസ്തകത്തിൽ അച്ചടിച്ചു പോയിട്ടുണ്ടായിരുന്നു. അത് rich ന് വന്ന അച്ചുപിഴയാണ് എന്ന് കാണാൻ കഴിയാതിരുന്ന (സമർത്ഥനായ) അദ്ധ്യാപകൻ അതിൻ്റെ അർത്ഥം great എന്നാണ് എന്ന് പറഞ്ഞു തന്നു. എങ്ങനെയോ ആ വാക്കിൻ്റെ നേര് അറിയാൻ പറ്റിയിരുന്നില്ലെങ്കിൽ ഏതാണ്ട് മുപ്പതു കൊല്ലം നീണ്ട ഇംഗ്ലീഷ് പഠിപ്പിക്കൽകാലത്തുടനീളം ഞാൻ irch എന്ന് ക്ലാസുകളിൽ പറയുമായിരുന്നു. അതിൻ്റെ അർത്ഥം great എന്ന് ധ്വനിപ്പിക്കുമായിരുന്നു. അങ്ങനെ രണ്ടു തലമുറകളിൽ പെട്ട കുട്ടികളെ വഞ്ചിക്കുമായിരുന്നു.

ഒരു പ്രത്യേക സംഭവത്തിന് ശേഷമാണ് അക്ഷരത്തെറ്റ് എന്ന അച്ചടിപ്പിഴവും പ്രൂഫ് റീഡിംഗും ഒരു സുപ്രധാന വിഷയമായി എനിക്ക് തോന്നിത്തുടങ്ങിയത്. അതിവിടെ പറയാം. കണ്ണൂരിനടുത്തുള്ള മയ്യിൽ എന്ന സ്ഥലത്ത് ഒരു കവിതാ ക്യാമ്പിൽ പ്രസംഗിക്കേണ്ടിയിരുന്ന ദിവസത്തിൻ്റെ തലേന്ന് കാര്യമായ പണിത്തിരക്കായിരുന്നു. പത്തുകൊല്ലമെങ്കിലും മുൻപാണ്. എന്താണ് പറയുക എന്ന് തിട്ടമല്ലാതെയാണ് ഉറങ്ങാൻ കിടന്നത്. ക്യാമ്പിൻ്റെ ദിവസം രാവിലെ ഒരഞ്ചു മണിയ്ക്ക് ഒരു സ്വപ്നം കണ്ടു. വേഡ്സ് വർത്തിൻ്റെ The Solitary Reaper എന്ന കവിത ഒരു പഴയ പ്രസിൽ കംപോസ് ചെയ്യുന്നു. DTP യ്ക്ക് മുൻപുളള കാലമാണ് സ്വപ്നത്തിലെ കാലം. അക്കാലത്ത് p, d, b എന്നീ ചെറിയക്ഷരങ്ങൾക്ക് ഒരൊറ്റ അച്ചാണ് (type). തിരിച്ചും മറിച്ചും ഉപയോഗിക്കും. ഈ കവിതയുടെ പേരിലെ Reaper അച്ചുപിഴ കാരണം Reader ആയിപ്പോയിരിക്കുന്നു. അതാണ് സ്വപ്നം. അതോടെ സ്വപ്നം തീർന്ന് ഉറക്കം ഞെട്ടിയുണർന്നു. എങ്കിലും കിടക്കയിൽത്തന്നെ തുടർന്നു.

ഈ അച്ചടിത്തെറ്റ് കാരണം ആ പ്രസിദ്ധമായ പത്തൊമ്പതാം നൂറ്റാണ്ടിലെ കവിതയ്ക്ക് വേറൊരു അർത്ഥം വന്നു ചേരുന്നതായി അനുഭവപ്പെട്ടു. പെൺകുട്ടിയുടെ പാട്ട് കേൾക്കുന്ന ആൾ ഏകാകിയായ വായനക്കാരനാണ്. അയാൾക്ക് വിവരമുണ്ട്. താൻ informed ആണ്. എന്നാൽ സാമൂഹ്യജ്ഞാനമില്ല – ചരിത്രബോധമില്ല. അതിനാൽ പെൺകുട്ടിയുടെ പാട്ടിൻ്റെ അർത്ഥം തനിയ്ക്ക് മനസ്സിലാകുന്നില്ല. കവിതയുടെ ഒടുവിൽ ഈ ഏകാകി വിലപിക്കുകയാണ് —- “ആരെങ്കിലും എനിക്ക് ഇവൾ പാടുന്നതെന്താണെന്ന് പറഞ്ഞുതരുമോ?”

അച്ചുപിഴയുടെ സ്വപ്നം വഴി കവിതയ്ക്ക് പുതിയ അർത്ഥം കിട്ടി. ഇക്കാര്യം പറഞ്ഞു കൊണ്ടാണ് അന്ന് കണ്ണൂരിലെ കവിതാക്യാമ്പിൽ പങ്കെടുത്തത്. പിഴവിൻ്റെ സ്വപ്നം കണ്ടത് എന്തുകൊണ്ട് എന്നറിയില്ല. എന്നാൽ ഒരു കാര്യമുണ്ട്. ആ ദിവസം മുതൽ അച്ചു പിഴയും പ്രൂഫ് റീഡിംഗും പ്രധാനപ്പെട്ട സാഹിത്യ-സാംസ്കാരിക വിഷയങ്ങൾ തന്നെയായി അനുഭവപ്പെടാൻ തുടങ്ങി.

യൂലിയൻ ബാർനസിൻ്റെ Evermore എന്ന കഥയിൽ (1996) പ്രൂഫ് റീഡർ ആയി പണിയെടുക്കുന്ന മിസ്സ് മോസ് ഉണ്ട്. ബ്രിട്ടീഷുകാരി. നിഘണ്ടുവിൻ്റെ പ്രൂഫാണ് അവർ നോക്കുന്നത്. ഒന്നാം ലോകയുദ്ധത്തിൽ കൊല്ലപ്പെട്ട തൻ്റെ സഹോദരൻ്റെ കല്ലറ എല്ലാ കൊല്ലവും അവർ പോയിക്കാണാറുണ്ട്. ശരിയായ വാക്കിനെയെന്ന പോലെ ശരിയായ ഓർമ്മയേയും മിസ്സ് മോസ് മാനിക്കുന്നു.

സാധാരണ നിലയ്ക്ക് അത്ര അസാധാരണമല്ലാത്ത ആ കഥ പുതിയ നിലയ്ക്ക് വായിക്കാനാൻ കഴിഞ്ഞത് The Solitary Reader ൻ്റെ ദിവസത്തിന് ശേഷമാണ്.

എൻ എസ് മാധവൻ്റെ ‘തിരുത്ത് ‘എന്ന കഥയിൽ വാസ്തവത്തിൽ പ്രൂഫ് റീഡർ ഇല്ല. എഡിറ്ററായ കെ.കെ. ചുല്യാററാണ് ” തർക്കമന്ദിരം ” എന്നതു തിരുത്തി “ബാബറി മസ്ജിദ് ” എന്നാക്കുന്നത്. ആ കഥയിൽ ഒരു ചരിത്രോത്സുകനായ പ്രൂഫ് റീഡർ ഈ തിരുത്തുവരുത്തുന്നതായി സങ്കല്പിച്ചു നോക്കാറുണ്ട്. എഡിറ്ററുടെ ആ പണിയെക്കാൾ നാടകീയം കീഴാള സ്ഥാനക്കാരനായ ഒരു പ്രൂഫ് റീഡറുടെ ആ രാഷ്ട്രീയനീക്കമായിരിക്കും എന്ന് തോന്നാറുണ്ട്.

ഈ തോന്നലിന് ഒരു പ്രേരണ ഉണ്ട് —

യോസെ സരമാഗോയുടെ 1989 ലെ നോവലായ The History of the Seige of Lisbon. ഇത് ഒരു അതികഥയാണ് — മെറ്റാഫിക് ഷൻ. കഥയെ വിഷയമാക്കുന്ന ആഖ്യാനം. ഈ സവിശേഷ രചനയിൽ ഒരു പ്രൂഫ് റീഡർ ഉണ്ട്. റെയ്മൺഡോ സിൽവ എന്നാണ് പേര്. ഒരു പുസ്തക പ്രസാധന സ്ഥാപനത്തിലാണ് ഇയാൾ പ്രവർത്തിക്കുന്നത്. 1147- ൽ [പോർച്ചുഗലിൻ്റെ ഇന്നത്തെ തലസ്ഥാന നഗരമായ ] ലിസ്ബൺ മൂറിഷ് പ്രഭുക്കളിൽ നിന്ന് ക്രിസ്തീയ പടയാളികൾ പിടിച്ചെടുക്കുന്നുണ്ട്. ഇതിൻ്റെ കാര്യം പറയുന്ന ചരിത്ര ഗ്രന്ഥത്തിൻ്റെ പ്രൂഫ് വായിക്കുന്ന നേരത്ത് റെയ്മൺഡോ സിൽവ ഒരു സുപധാന വാക്യത്തിൽ തൻ്റെ വകയായി ഒരു ‘ ഇല്ല’ ( not) ചേർക്കുന്നു. അതോടെ ഒരു സംരക്ഷിത ചരിത്രാഖ്യാനത്തിന് ഇടിവ് വരികയാണ്. ലിസ്ബൺ , പ്രഭുക്കളിൽ നിന്ന് മോചിപ്പിക്കുന്ന സമയത്ത് ക്രിസ്തീയ പടയാളികൾ രാജാവിൻ്റെ തുണക്കെത്തിയില്ല എന്ന അർത്ഥമാണ് ഇപ്പോൾ കിട്ടുക. അങ്ങനെ ഒരു പ്രൂഫ് റീഡറുടെ ഒറ്റവാക്കുനടപടി കൊണ്ട് ഒരു ചരിത്രം തിരുത്തപ്പെടുന്നു –അട്ടിമറിക്കപ്പെടുന്നു. പലവിതാനങ്ങൾ ഉണ്ട് ഈ കഥയ്ക്ക്.

പ്രൂഫ് റീഡർ ചെറിയയാളല്ല എന്ന് കാണിക്കാനും ഈ വലിയ കഥയ്ക്ക് കഴിയും. ലിപിവിന്യാസം, വ്യാകരണം, ചിഹ്നങ്ങൾ എന്നിവ നേരാംവണ്ണം ഉണ്ടോ എന്ന് മൗലികപാഠത്തെ ആധാരമാക്കി നോക്കുകയും തെറ്റുണ്ടെങ്കിൽ തിരുത്തുകയും ചെയ്യലാണ് പ്രാഥമികമായി( പരമ്പരാഗതമായി ) ഒരു പ്രൂഫ് റീഡറിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ തൻ്റെ മുന്നിൽ പ്രൂഫായി എത്തുന്ന പാഠം തന്നെ, ഉള്ളടക്കം തന്നെ തിരുത്തപ്പെടേണ്ടതാണ് എന്ന നിലപാട് ചില പ്രൂഫ് റീഡർമാർക്ക് ഉണ്ടാകാം എന്നും അവർ പൊതുവെ ആ മൗനഗോത്രത്തിലെ ആക്റ്റിവിസ്റ്റുകളാണെന്നും സൂചിപ്പിക്കുകയാണ് ഈ നോവൽ. അങ്ങനെയാണ് തോന്നുന്നത്.

ഒരു പ്രൂഫ് റീഡർ പിന്തുടരേണ്ടത് മൂലകൃതിയെയാണോ അല്ല തൻ്റെ ബോധത്തെയാണോ എന്ന ചോദ്യം ഉന്നയിക്കാനും നോവലിന് കഴിയുന്നുണ്ട്. പ്രൂഫ് റീഡിംഗ് സാധാരണ നിലയിൽ ഒരു നിർവ്വികാര പ്രവർത്തനമാണെന്നാണ് കരുതിപ്പോരുന്നത്. ഈ പ്രതീതിയെ പ്രശ്നവത്കരിക്കാനും നോവൽ ശ്രമിക്കുന്നതായി കാണണം.

വായനക്കാരന് തന്നെ ഒരർത്ഥത്തിൽ പ്രൂഫ് റീഡർ എന്ന പദവിയും ഉണ്ട്. വാക്കുകൾ ശ്രദ്ധിച്ചു കൊണ്ടും. തെറ്റുകളാൽ (ഉണ്ടെങ്കിൽ) ശല്യം ചെയ്യപ്പെട്ടുമാണ് വായന നടക്കുന്നത്. യഥാർത്ഥ പ്രൂഫ് റീഡറുടെ കണ്ണുവെട്ടിച്ച് താൻ വായിക്കുന്ന കൃതിയിൽ തെറ്റ് കടന്നു കൂടിയിട്ടുണ്ടെങ്കിൽ അത് താൻ തനിക്കായി തിരുത്തി വായിക്കാറുണ്ട്. ചിലർ പുസ്തകത്തിൽ തിരുത്തുക തന്നെ ചെയ്യും. പല പൊതുലൈബ്രറികളിലെ പുസ്തകങ്ങളിലും ഈ വക തിരുത്തുകൾ കാണാറുണ്ട്.

വാസ്തവത്തിൽ പ്രൂഫ് റീഡർ ഒരു സദാചാരമാതൃകയാണ്. തെറ്റില്ലാതെ പല സ്ഥാപനങ്ങളും നടത്തിക്കൊണ്ടുപോകാൻ തുനിയുന്ന സമൂഹം തന്നെയാണ് പ്രൂഫ് റീഡറെയും നിലനിർത്തുന്നത്.

എഴുത്തുകാർ തെറ്റു വരുത്തിയാലും വായനക്കാർക്ക് ശരി കിട്ടണം. സമൂഹത്തിൻ്റെ നിയമനമാണ് proof reader. എഴുത്തുകാർക്കും വായനക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നയാളാണ് പ്രൂഫ് റീഡർ. വ്യക്തിയായ എഴുത്തുകാരന് ചില വാക്കുകളെപ്പറ്റി, ചില ഉറച്ച ധാരണകൾ തന്നെ ഉണ്ടായേക്കാം. അവയിൽ ചിലത് അബദ്ധ ധാരണകളാവാം. നിഘണ്ഡു എന്നു മാത്രം എഴുതാറുണ്ടായിരുന്ന ഒരു പണ്ഡിതനെ പരിചയപ്പെട്ടിട്ടുണ്ട്. ഇത്തരം അബദ്ധങ്ങൾ വായനക്കാർക്കിടയിൽ പ്രചരിക്കാതെ തടയുന്നയാളാണ് പ്രൂഫ് റീഡർ.

തെറ്റില്ലാത്ത പുസ്തകം ചുരുങ്ങിയത് രണ്ട് പേരുടെ ശ്രമത്തിൻ്റെ ഫലമാണ് (എഴുത്തുകാരൻ്റെയും പ്രൂഫ് റീഡറുടെയും ).

അതീവശ്രദ്ധയോടെ ചെയ്യുന്നതായി സങ്കല്പിക്കപ്പെട്ടു പോന്ന പണിയാണ് പ്രൂഫ് റീഡറുടേത്. മുഷിയാതെ ചെയ്യണം. അതാണ് പ്രൂഫ് റീഡറുടെ കഴിവ്. തൻ്റെ വൃത്തിയുടെ സാംസ്കാരിക പ്രാധാന്യം അറിഞ്ഞു കൊണ്ട് അതിൽ അഭിമാനിച്ചും ശ്രദ്ധിച്ചും കൊണ്ടാണ് അയാൾ പ്രവർത്തിക്കേണ്ടത്. ഒരർത്ഥത്തിൽ ഒരു രചന പൂർത്തിയാക്കുന്നത് താനാണ് എന്ന് അയാൾ തിരിച്ചറിയണം. തൻ്റെ ശ്രദ്ധ — പ്രത്യേകിച്ചും spell check സമ്പ്രദായമില്ലാത്ത മലയാളം DTP യിൽ — എത്രമാത്രം നിർണ്ണായകമാണ് എന്ന് ഓരോ പ്രൂഫ് റീഡറും ഓരോ പ്രവൃത്തി വേളയിലും ഓർമ്മിക്കണം. (spell check പ്രൂഫ് റീഡർമാരുടെ വംശത്തെ ഇല്ലാതാക്കിയിരിക്കുന്നു എന്ന് പറയാറുണ്ട്. ഒരു പരിധി വരെ അത് ശരിയാവാം. എന്നാൽ spell check ഒരു യാന്ത്രികപ്രൂഫ് റീഡർ തന്നെയാണ്. മനുഷ്യർ ചെയ്തു കൊണ്ടിരുന്ന പണി യന്ത്രം ചെയ്യുന്നു. )

രണ്ട്

സാഹിത്യചരിത്രങ്ങൾ ഉണ്ട്, ഭാഷയുടെ ചരിത്രങ്ങൾ ഉണ്ട്, പുസ്തക ചരിത്രങ്ങൾ തന്നെ ഉണ്ട്. അച്ചടിയുടെ ചരിത്രങ്ങൾ ഉണ്ട്. എന്നാൽ പ്രൂഫ് റീഡർക്ക് ചരിത്രം ഇല്ല. പ്രൂഫ് റീഡിംഗിൻ്റെ മൗലികമായ പ്രാധാന്യം സംസ്കാരം വലുതായി തിരിച്ചറിഞ്ഞതായി തോന്നുന്നില്ല. പ്രൂഫ് റീഡർമാർ തന്നെ സ്വന്തം ജീവിതമെഴുതാൻ താല്പര്യപ്പെടാറില്ല. അവർക്ക് എഴുത്തിനെക്കാൾ തിരുത്താണ് ജീവിതം. തിരുത്ത് തന്നെയാണ് തങ്ങൾക്ക് എഴുത്ത്. തെറ്റില്ലാത്ത പാഠങ്ങൾ, പുസ്തകങ്ങൾ തന്നെയാണ് പ്രൂഫ് റീഡറുടെ ചരിത്രം. തെറ്റില്ലാത്ത പുസ്തകം വായിക്കുന്ന ഒരാൾ ഒരു പ്രൂഫ് റീഡറുടെ ശ്രദ്ധയുടെ, കൺമിടുക്കിൻ്റെ ചരിത്രമാണ് വായിക്കുന്നത്.

പ്രൂഫ് റീഡിംഗ് എന്ന പദക്കൂട്ടത്തിൽ തെറ്റ് തിരുത്തൽ ഇല്ല. നിഘണ്ടു നോക്കിയാൽ കാണുന്ന റീഡിംഗിൻ്റെ ഒന്നാമത്തെ അർത്ഥത്തിൽ [ look at and comprehend the meaning of (written or printed matter) by interpreting the characters or symbols of which it is composed ] തെറ്റ് തിരുത്തലിൻ്റെ സൂചനയൊന്നും കാണാനില്ല. വായിക്കുന്നത് പ്രൂഫ് റീഡർ ആണെങ്കിൽ വായന ഇത് മാത്രം അല്ല. അക്ഷരങ്ങളുടെ, വാക്കുകളുടെ , ചിഹ്നങ്ങളുടെ , വിടവുകളുടെ കൃത്യത ഉറപ്പാക്കിക്കൊണ്ടുള്ള വായനയാണ് പ്രൂഫ് റീഡിംഗ്. വായനക്കാരൻ്റെ സർഗ്ഗാത്മകത ആസ്വാദനത്തിലാണെങ്കിൽ, അർത്ഥനിർമാണത്തിലാണെങ്കിൽ പ്രൂഫ് റീഡറുടെ മികവ് കണ്ണടയാത്ത ശ്രദ്ധയിലാണ്. ശ്രദ്ധയുടെയും സൂക്ഷ്മതയുടെയും ഉദ്യോഗമാണ് പ്രൂഫ് റീഡിംഗ്.

ചൂരൽ ചൂൽ ആയതും മന്ത്രി മന്തി ആയതും തൊട്ട് അനേകം തമാശകൾ പ്രൂഫ് റീഡിംഗിനെ സംബന്ധിച്ച് മലയാളത്തിൽ ഉണ്ട്. ഈ തമാശകൾ വെറും തമാശകൾ അല്ല. മറ്റൊരു തലത്തിൽ, പ്രൂഫ് റീഡിംഗ് ഇളവില്ലാത്ത ശ്രദ്ധ ആവശ്യപ്പെടുന്ന പ്രവൃത്തിയാണ് എന്നറിയിക്കുന്ന സാംസ്കാരിക ശബ്ദങ്ങളാണവ. ചിരിച്ചു തള്ളാൻ പാടില്ലാത്തവ.
DTP യിൽ തെറ്റ് കാണുമ്പോൾ Dhaaralam Thettukalote Purathirakkunnathu എന്ന ( വിമർശനം പുരണ്ട ) പൂർണ്ണരൂപം സങ്കല്പിക്കാൻ പ്രേരണ ഉണ്ടാവാറുണ്ട് എന്ന കാര്യവും ഇവിടെ എഴുതുന്നു.

എല്ലാ പുസ്തകങ്ങളിലും അനുകാലികങ്ങളിലും പ്രൂഫ് റീഡർമാരുടെ ഫോൺ നമ്പറും പേരും ഉണ്ടായിരുന്നെങ്കിൽ നന്നാവും ; അവരെ വിളിച്ച് ഒരു തെറ്റിന് ഒരു തെറി വീതം കൊടുക്കാമല്ലോ എന്ന് പറയാറുള്ള ഒരു ചങ്ങാതി ഉണ്ട്. അയാളെ കുറ്റപ്പെടുത്താനാവില്ല. കാരണം ഉത്സുകനായ, സമയത്തിന് വില കല്പിക്കുന്ന വായനക്കാരനാണ് അയാൾ.

പ്രൂഫ് റീഡിംഗിൻ്റെ ഒരു കേരള ചരിത്രം നിലവില്ല. ഉണ്ടാകേണ്ടതാണ്. ഗുണ്ടർട്ടിൻ്റെ നിഘണ്ടുവിൻ്റെ പ്രൂഫ് നോക്കിയത് ആരായിരിക്കും? സാഹിത്യ പ്രവർത്തക സഹകരണ സംഘം പുറത്തിറക്കുന്ന ഗുണ്ടർട്ട് നിഘണ്ടു പുതുതായി ടൈപ്പ് സെറ്റ് ചെയ്യുന്നതല്ല. പഴയ നിഘണ്ടുവിൻ്റെ ഓരോ പേജിൻ്റെയും ഇമേജ് പകർത്തി പ്രസിദ്ധീകരിക്കുകയാണ്. പഴമയുടെ അന്തരീക്ഷത്തിലേക്കാണ് ഈ നിഘണ്ടുവിൻ്റെ വായനക്കാർ കണ്ണുതുറക്കുക. ആ അനുഭവത്തിൽ ഇരിക്കുമ്പോഴാണ് ഗുണ്ടർട്ടും കൂട്ടാളികളും തന്നെയായിരിക്കും പ്രൂഫ് റീഡർമാരായിരുന്നത് എന്ന് തോന്നിയത്.

പ്രൂഫ് റീഡിംഗ് ജീവിതവുമായി ബന്ധപ്പെട്ട മൂന്ന് കേരളീയ ഓർമ്മകൾ ഇനി പറയാം. ഈ പ്രവർത്തനത്തിൻ്റെ വിവക്ഷകളും പടർച്ചകളും എങ്ങനെയാണ് എന്നറിയിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് ::

  1. ഒരു മഹാഭാരതകഥാസംഗ്രഹത്തിന്റെ (കുട്ടികൾക്കുള്ളത്) പ്രൂഫ് വായനയിൽ മുഴുകിയിരിക്കുമ്പോഴാണ് കുട്ടികൃഷ്ണമാരാര് അതിൽ പുതിയ സംഘർഷങ്ങളും സമന്വയങ്ങളും കണ്ടെടുക്കുന്നതും ‘ഭാരതപര്യടന’ത്തിനായി ടിക്കറ്റെടുക്കുന്നതും.
  2. നാലപ്പാട്ട് നാരായണമേനോൻ ഹാവ് ലോക് എല്ലിസിനെ പിന്തുടർന്നെഴുതിയ ‘രതിസാമ്രാജ്യ’ത്തിന്റെ അച്ചുപിഴ തിരുത്തവേ മാരാരുടെ വായന ( ഭാവന ) കാളിദാസന്റെ മേഘത്തിലെത്തുകയും മേഘം കാമത്തിൻ്റെ സന്ദേശമല്ലാതെന്ത് എന്ന് തീർപ്പാക്കുകയുമുണ്ടായി.
  3. ചെറുകഥകളുടെ പ്രൂഫ് ‘മംഗളോദയ ‘ത്തിലിരുന്ന് നോക്കുന്ന എം പി ഭട്ടതിരിപ്പാട് അവയിലെ വികാരഘടനകൾക്കൊത്ത് കരയുകയും ചിരിക്കുകയും ചെയ്യുന്നതു കണ്ട സുഹൃത്താണ് (ലോകധർമ്മിയായ ) ആ അഭിനയമട്ട് തിരിച്ചറിഞ്ഞത്. അചിരേണ വലിയ നടനായ പ്രേംജിയുണ്ടായി.

കൃതിയ്ക്കും വായനയ്ക്കും ഇടയിലുള്ള പ്രവൃത്തിമണ്ഡലമാണ് പ്രൂഫ് റീഡിംഗ്. കൃതിയെ ശരിയാക്കാനെന്ന പോലെ തെറ്റിക്കാനും പ്രൂഫ് റീഡർക്കാവും. ശ്രദ്ധയുടെ ദൈവവും പുരോഹിതനുമാണ് പ്രൂഫ് റീഡർ. പ്രൂഫ് റീഡറുടെ ശ്രദ്ധയ്ക്ക് വലിയ സാംസ്കാരികമൂല്യം ഉണ്ട്. അയാളുടെ അശ്രദ്ധ വലിയ സാംസ്കാരികപാപവുമാണ്. അയാളുടെ ശ്രദ്ധ വായനയിൽ ശ്രദ്ധിക്കപ്പെടില്ല. അശ്രദ്ധ വായനയെ അലോസരപ്പെടുത്തും. പുസ്തക നിർമ്മാണത്തിൽ പ്രൂഫ് റീഡർ സന്നിഹിതനാവുന്നത് അക്ഷരത്തെറ്റിനൊപ്പമാണ്. ഓരോ തെറ്റും പുസ്തകത്തിൽ നിന്ന് വായനക്കാരനെ അകറ്റും. ഇത് വലിയ വിഷയമാണ് — അക്ഷരത്തിൻ്റെ, എഴുത്തിൻ്റെ, അച്ചടിയുടെ സംസ്കാരം നാഗരികതയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷങ്ങളിലൊന്നാണ്. ഇതിൻ്റെ കാവലാളുകളായി നാഗരികത നിയോഗിച്ചവരാണ് പ്രൂഫ് റീഡർമാർ.

പുസ്തകഫോറങ്ങളിലെ ഓരോ തെറ്റും നോക്കിക്കണ്ട് തിരുത്തുക വഴി അവർ ജനങ്ങളോട് ഓരോ പ്രവൃത്തി മണ്ഡലത്തിലും സൂക്ഷ്മമായി ശ്രദ്ധിക്കാനും തെറ്റ് വരുത്താതിരിക്കാനും പറയുന്നുണ്ട് (എന്ന് തോന്നുന്നു.). തെറ്റ് കണ്ടാൽ അയാൾ പൊറുക്കില്ല. ഉടൻ അത് തിരുത്തുക എന്നത് തൻ്റെ ധർമ്മമാണ്. അങ്ങനെ നോക്കിയാൽ
പ്രൂഫ് റീഡർ ഒരു പ്രവാചകനാണ് – ശരിയുടെ ഗുരു.

തെറ്റില്ലാത്ത ലോകമാണ് പ്രൂഫ് റീഡറുടെ ആദർശ റിപ്പബ്ളിക്. ആ നിലയ്ക്ക് അയാൾ ഒരു തനി കാല്പനികനാണ്. മറ്റുള്ളവരുടെ തെറ്റാണ് താൻ തിരുത്തുന്നത്. അതിനാൽ അയാൾ വല്ലാത്തൊരാളാണ്. തെറ്റാണ് അയാളെ അനിവാര്യസ്ഥാനമാക്കുന്നത്. തെറ്റില്ലാത്ത ലോകത്തിന് മാത്രമേ പ്രൂഫ് റീഡറെ ഇല്ലാതാക്കാനാവൂ.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like