പൂമുഖം ചുവരെഴുത്തുകൾ നാട്ടിൽ നിന്നുള്ള ഒരു ഫോൺ വിളി

നാട്ടിൽ നിന്നുള്ള ഒരു ഫോൺ വിളി

A : അതേയ്, ഈ ഇസ്രായേൽ- പലസ്തീൻ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമല്ലോ.

B: അക്കാര്യത്തിൽ നമ്മൾ എന്ത് ചെയ്യാൻ?

A: ഇക്കണക്കിനു പോയാൽ ഇസ്രായേലുകാരും പലസ്തീൻകാരും ഇപ്രശ്നം തീര്ത്താലും കേരളത്തിൽ ഇത് കത്തിക്കൊണ്ടിരിക്കും. എമ്മാതിരി വർഗീയതയാണ് ഇവിടെ വിളമ്പിക്കൊണ്ടിരിക്കുന്നത് എന്നറിയുമോ? പലസ്തീൻ എപ്പോഴാണ് ഒരു മുസ്ലിം വിഷയമായത്? പലസ്തീനിൽ ക്രിസ്ത്യാനികളില്ലേ?

B: പലസ്തീൻ ക്രിസ്ത്യാനികൾ ഭൂരിഭാഗവും നാടുവിട്ടു പോയി മറ്റു നാടുകളിൽ ആണ് ജീവിക്കുന്നത് എന്നാണു വായിച്ചിട്ടുള്ളത്. പക്ഷെ ഇപ്പോഴും അവിടെ ക്രിസ്ത്യാനികൾ ഉണ്ട്. ഇസ്രായേലിൽ 16 ലക്ഷത്തോളം മുസ്ലിംകളുമുണ്ട്.

A: അപ്പൊ ഇസ്രായേൽ- പലസ്തീൻ പ്രശ്നം ഒരു പ്രദേശത്തിന്റെ പ്രശ്നം അല്ലേ?

B: അതിൽ പല കാര്യങ്ങളും ഉണ്ട്. ഒന്ന്, ഇസ്രായേൽ രൂപീകരണം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒരു പദ്ധതി എന്ന നിലയ്ക്കാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ, ലോകം മുഴുവനുള്ള ഇടതുപക്ഷം എന്നും പലെസ്തീനിനെ പിന്തുണച്ചു വന്നത്. ഇപ്പോഴും യു എന്നിൽ ഇന്ത്യ പലസ്തീൻ അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. പടിഞ്ഞാറൻ യുദ്ധലോബിയുടെ താല്പര്യങ്ങൾ ആണ് ഈ മേഖലയിൽ പുലർന്നു കാണാറുള്ളത്.

അവിടുത്തെ പ്രശ്നം ഇസ്രായേലിൽ ജീവിച്ചിരുന്ന ജൂതരും മുസ്ലിംകളും തമ്മിൽ അല്ല. ഇസ്രായേൽ രാജ്യത്തിന്റെ നിർമാണത്തിന്റെ ഭാഗമായി പുറത്തുനിന്നു വന്ന ജൂതരാണ് പലെസ്തീനിയർക്കെതിരെയുള്ള നീക്കങ്ങൾക്കു പിന്നിൽ എന്നാണു കേൾക്കാറ്. പുറത്തു നിന്ന് വന്നിട്ടുള്ളവർ പല രീതിയിൽ പീഡനങ്ങൾ സഹിച്ചിട്ടുള്ളവരാണ്. കോളേജിൽ റാഗ് ചെയ്യപ്പെട്ടവർ മാത്രമാണല്ലോ റാഗ് ചെയ്യുക. റാഗ് ചെയ്യപ്പെടാത്തവർ റാഗ് ചെയ്യില്ല. ഇതിനു കാരണം പീഡനത്തെ ഒരു ലോകക്രമമായി ഇവർ അംഗീകരിക്കുന്നത് കൊണ്ടും അത് ആരെങ്കിലും ചെയ്യണമെന്ന് ഇവർ വിശ്വസിക്കുന്നത് കൊണ്ടും ആണ്. അതാണ് വന്നു കൂടിയ ജൂതരുടെ കാര്യത്തിലും നടക്കുന്നത്.

ഹിറ്റ്ലർ ചെയ്ത ഒരു കാര്യം പ്രശ്നം ജർമൻകാരും ജൂതരും തമ്മിലാണ് എന്ന് വരുത്തലാണ്. ഇത് എത്ര ക്രൂരമാണ് എന്ന് ആലോചിച്ചാൽ അറിയാം. ജർമൻ ക്രിസ്ത്യാനികളും ജർമൻ ജൂതരും എന്നല്ലേ പറയേണ്ടത്? ഹിറ്റ്ലർ നാടുകടത്തുകയും കൊല്ലിക്കുകയും ചെയ്ത ജൂതന്മാർ ജർമൻകാർ തന്നെ ആയിരുന്നു. ഇത് പോലെ, ജൂതരും അറബികളും എന്നാണു ഇപ്പോൾ പറയുന്നത്. ഇത് തന്നെ പ്രശ്നമാണ്.

പിന്നെ ഈ മേഖല മാറ്റി നിർത്തിയാൽ ജൂത-മുസ്ലിം പോരാട്ടം എന്ന് പറയുന്നതിന് വലിയ കാര്യമൊന്നുമില്ല.ജൂതവിരോധികൾ മുസ്ലിം പിന്തുണക്കാരോ മുസ്ലിംവിരുദ്ധർ ജൂതപിന്തുണക്കാരോ ആവുന്നില്ല. അമേരിക്കയിൽ ട്രമ്പിന്റെ കാലത്തു മുസ്ലിം വിരോധം (ഇസ്ലാമോഫോബിയ) ആളിക്കത്തിക്കാൻ ശ്രമങ്ങൾ നടന്നപ്പോൾ അത് മറ്റൊരു ന്യൂനപക്ഷമായ ജൂതർക്കെതിരായ വികാരങ്ങളിലും (antisemiticism) കാര്യമായ വര്ധനവുണ്ടാക്കി എന്നാണ് പഠനങ്ങൾ പറയുന്നത്. രണ്ടു കൂട്ടരും അവിടെ ന്യൂനപക്ഷങ്ങളാണ്. ഭൂരിപക്ഷം ക്രിസ്ത്യാനികളും.

A: ക്രിസ്ത്യാനികൾക്ക്‌ എന്താണ് ജൂതന്മാരോട് ഇത്ര വിരോധം?

B. ഇതൊക്കെ ചരിത്രത്തെ മനസ്സിലാക്കുന്നതിന്റെയും മറ്റു പല സാമ്പത്തിക-സാമൂഹിക ഘടകങ്ങൾ കൊണ്ടും വന്നു പെടുന്നതാണ്.

ആദ്യം ജൂതരാണ് ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നത്. ആദ്യത്തെ ക്രിസ്ത്യൻ രക്തസാക്ഷിയായ സെയിന്റ് സ്റ്റീഫനെ കല്ലെറിഞ്ഞു കൊല്ലാൻ കാരണം ജൂതരാണ് (ഇദ്ദേഹത്തിന്റെ പേരിലാണ് ഞാൻ പഠിപ്പിക്കുന്ന സെയിന്റ് സ്റ്റീഫൻസ് കോളേജ്!). റോമാ രാജാവായ കോൺസ്റ്റന്റൈൻ ക്രിസ്തുമതം സ്വീകരിക്കുന്ന വരെ ക്രിസ്ത്യാനികൾ നന്നായി പീഡനം അനുഭവിച്ചിട്ടുണ്ട്. എ ഡി നാലാം നൂറ്റാണ്ടോടെ കാര്യങ്ങൾ മാറി. യേശുവിനെ കുരിശിൽ തറച്ചു കൊന്നത് ജൂതന്മാരാണ് എന്ന് പറഞ്ഞാണ് ജൂതരെ പീഡിപ്പിക്കാൻ കാരണം കണ്ടെത്തിയത്. പിന്നെ 1500 ഓളം കൊല്ലം നീണ്ടു നിന്നു ഇത്. 1290 ൽ ജൂതർ ഇംഗ്ലണ്ട് വിടുകയോ അല്ലെങ്കിൽ ക്രിസ്ത്യാനികളായി മാറുകയോ ചെയ്യണമെന്ന് കിംഗ് എഡ്‌വേഡ്‌ ഒന്നാമൻ പുറപ്പെടുവിച്ച രാജശാസനം മൂന്നര നൂറ്റാണ്ടു നിലനിന്നു. അല്ലാത്തവരെയും ശത്രുത ഉള്ളവരെയും ജൂതർ എന്ന് വിളിച്ചു ചുട്ടുകൊന്നിരുന്നു. ഹിറ്റ്ലർ ക്രിസ്ത്യൻ ലോകത്തിലെ ആദ്യത്തെ ജൂതവിരോധി അല്ല. ജർമനിയിൽ നിലനിന്ന ജൂതവിരോധത്തെ ഉപയോഗിച്ച് അധികാരം നേടി ശാസ്ത്ര-സാങ്കേതികവിദ്യ തികച്ചും ശാസ്ത്രീയമായി ഇല്ലായ്മ ചെയ്തതു കൊണ്ട് ഏറ്റവും ക്രൂരമായി പ്രവർത്തിച്ച അവസാനത്തെ നേതാവായിരുന്നു. ജർമനിയിൽ മാത്രമല്ല, പഴയ റഷ്യയിലെ ജൂതവേട്ടയിൽ നിന്ന് രക്ഷപ്പെടാൻ നാടുവിട്ടു അമേരിക്കയിലേക്ക് പോയ ആളാണല്ലോ പ്രധാന ഇസ്രായേൽ വിമര്ശകനായ നോം ചോംസ്കിയുടെ വല്യപ്പൻ. അന്നത്തെ പോപ്പ് ഹിറ്റ്ലറുടെ 60 ലക്ഷം ജൂതരെക്കൊന്നതിനെപ്പറ്റി മൗനം പാലിച്ചത് തന്റെ മതത്തിൽ പെട്ട ആളുകൾ അതിനെ അനുകൂലിച്ചിരുന്നത് കൊണ്ടാണ്. പിന്നെ അമേരിക്കൻ പ്രസിഡൻറ് ജോർജ് ബുഷിന്റെ വല്യച്ഛൻ പ്രെസ്‌കോട്ട് ബുഷ് ഹോളോകാസ്റ്റിൽ പങ്കെടുത്തു ലാഭമുണ്ടാക്കിയ പല കമ്പനികളുടെയും പ്രൊമോട്ടർ ആയിരുന്നു.

A: മുസ്ലിംകളും ജൂതരും തമ്മിലോ?

B: “ജൂതരും മുസ്ലിംകളും മദീനയെ സംബന്ധിച്ചു ഒരു ജനതയാണ്’ എന്നൊക്കെയുള്ള മുഹമ്മദ് നബിയുടെ ഒരു പ്രസംഗം കേട്ടിട്ടുണ്ട്. അതിന്റെ ചരിത്രപരമായ കണക്കറിയില്ല. ജൂതമതത്തിലെ ചേലാകർമം അറബിയയിലെ ആളുകൾ മുമ്പേ അനുവർത്തിച്ചിരുന്നു എന്നതിന് തെളിവാണ് മതം മാറ്റ സമയത്തു ചേലാകർമവുമായി ബന്ധപ്പെട്ട ഒന്നും ചരിത്രത്തിൽ കാണാത്തത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സാജാത്യങ്ങൾ ഉണ്ട്: ജൂതർ ഷൊളോം അലെയ്‌ഹം എന്ന് പറയുന്നു. മുസ്ലികൾ അസ്സലാമു അലൈകും എന്ന് പറയുന്നു. ജൂതർക്കു കോഷർ പോലെ മുസ്ലിംകൾക്ക് ഹലാൽ ഭക്ഷണം. രണ്ടും അബ്രഹാം മക്കൾ തന്നെ. മുസ്ലിംകൾ കച്ചവടക്കാരും ജൂതർ പലിശക്കാരുമായതിനാൽ ഉള്ള വൈരത്തിനു സാധ്യത ഉണ്ട്.

കേരളത്തിലെ മുസ്ലിം സമൂഹത്തിൽ നല്ല ജൂതവൈരമുള്ളതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചേകനൂർ മൗലവിയൊക്കെ ഒരാളെ എതിർക്കണമെങ്കിൽ പറയുന്ന വാക്കു തന്നെ “ജൂതനാണ്” എന്നാണ്. അത് കൊണ്ട് അറബ് ചരിത്രം മാത്രം പറഞ്ഞിട്ട് കാര്യമില്ല.

A: കേരളത്തിൽ ഹിറ്റ്ലറുടെ വംശഹത്യയെ മാതൃകയാക്കുന്നവർ തന്നെയാണ് ഇസ്രയേലിന്റെ വലിയ ഭക്തരും.

B: അവരെപ്പറഞ്ഞിട്ടു കാര്യമില്ല. ഹിറ്റ്ലറിൽ അവർ കാണുന്നത് ഒരു രാജ്യത്തെ മതരാഷ്ട്രമാക്കുന്നതിനുള്ള ഒരു മാതൃകയെ ആണ്. ഇസ്രായേലിൽ ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് ഫിലോസഫി.

A: ഇസ്രയേലിനെ എതിർക്കുന്ന മുസ്ലിംകൾ അല്ലാത്ത കുറേപ്പേരില്ലെ? ആരാണ് ഈ എഡ്‌വേർഡ് സെയ്‌ദ്?

B: പലസ്തീനിൽ ജനിച്ചു ഈജിപ്തിൽ വളർന്ന ഒരു ക്രിസ്ത്യാനി. അദ്ദേഹത്തിന്റെ 1978 ൽ ഇറങ്ങിയ ഓറിയന്റലിസം എന്ന പുസ്തകത്തോടെയാണ് കൊളോണിയൽ അധിനിവേശം നമ്മുടെ ബോധത്തെയും ചരിത്രത്തെയും എങ്ങിനെ നിയന്ത്രിക്കുന്നു എന്നുള്ള പഠന ശാഖ തന്നെ ആരംഭിക്കുന്നത്. പലസ്തീൻ പ്രശ്നത്തിൽ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ചിലത് സയ്ദിന്റെതാണ്. സെയ്ദ് മാത്രമല്ല പ്രധാനപ്പെട്ട ക്രിസ്ത്യൻ-ജൂത ബുദ്ധിജീവികൾ ഒരുപാട് പേർ ഇസ്രാഈലിന്റെ സയണിസ്റ് ആധിപത്യത്തിന് എതിരാണ്. ഹന്നാ ആറൻഡ് അടക്കം. കഴിഞ്ഞ ആഴ്ച ഇസ്രാഈലിന്റെ ബോംബിങ്ങിനെതിരെ തെൽ അവീവിൽ ജൂതരുടെ ഒരു വലിയ പ്രകടനം നടന്നിരുന്നല്ലോ.

A: ഈ ഹമാസ് ഒരു തീവ്രവാദ സംഘടനയാണോ?

B: അവർ പറയുന്നത് പലസ്തിനിയൻ ജനതയുടെ സായുധപ്രതിരോധത്തിനു വേണ്ടി ഉണ്ടായ സംഘടനയാണെന്നാണ്. യുദ്ധസാങ്കേതികവിദ്യ ഇത്ര നശീകരണാത്മമകമായിക്കഴിഞ്ഞ ഇന്നത്തെക്കാലത്തു യുദ്ധവ്യാപാരത്തിൽ പങ്കെടുക്കുന്ന എല്ലാവരും – അത് രാഷ്ട്രങ്ങൾ ആവട്ടെ, സംഘടന ആവട്ടെ- ഒരു പാട് പൗരാവകാശലംഘനങ്ങൾ നടത്തേണ്ടി വരും. ആഴത്തിൽ സ്ത്രീവിരുദ്ധവും ന്യൂനപക്ഷവിഭാഗങ്ങൾക്കും ദോഷം ഉണ്ടാവും. പഴയപോലെ യുദ്ധം സൈനികർ തമ്മിലുള്ള ഒരു ഇടപാടല്ല. ഇത് നമ്മുടെ നാട്ടിലെ മാവോയിസ്റ്റുകൾ, തമിഴ് പുലികൾ എന്നിവരുടെ ഉദാഹരണങ്ങളിൽ നിന്ന് അറിയാവുന്നതാണല്ലോ.

ശത്രുരാജ്യത്തു നിൽക്കുന്ന ആരെയും ശത്രുവായിക്കണ്ടു ആക്രമിക്കുന്ന സിദ്ധാന്തം തന്നെ തെറ്റാണ്. പിന്നെ യാസർ അറഫാഅത്തിനെയൊക്കെ കൊല്ലാൻ പദ്ധതിയുമായി നടന്നിരുന്ന ഇസ്രായേലിനു ഒരു ജനതയുടെ വക്കാലത്തു ഹമാസിനെപ്പോലെ ഒരു സംഘടനയുടെ കയ്യിൽ എത്തിച്ചതിൽ വലിയ പങ്കുണ്ട്. അമേരിക്കൻ യുദ്ധലോബി, അറബ് രാഷ്ട്ര നേതൃത്വങ്ങളുടെ സാമ്പത്തികതാല്പര്യങ്ങൾ, ഇസ്രായേലിലെ സർക്കാരിന്റെ ചെയ്തികൾ, പലസ്തീനിൽ ഒരു അഹിംസാമാർഗത്തിൽ, ധാർമികാടിസ്ഥാനത്തിൽ ഒരു ബഹുജനമുന്നേറ്റം ഉയർന്നു വരാത്തത് എന്നിവയൊക്കെ ഇഎപ്പോഴും എടുത്തു ഉപയോഗിക്കാവുന്ന ഒരു വിഷയമാക്കി ഇസ്രായേൽ-പലസ്തീൻ വിഷയത്തെ മാറ്റിയിട്ടുണ്ട്. നഷ്ടം എവിടെയും അഭയാര്ഥികളാവാൻ വിധിക്കപ്പെട്ട പലസ്തീൻ ജനതക്കും.

ഏതായാലും താലിബാൻ പോലെയോ ഹിസ്ബുൾ മുജാഹിദീൻ പോലെയോ ഉള്ള ഭീകരവാദികളെപ്പോലെ യല്ല ഹമാസിന്റെ പോരാട്ടങ്ങൾ. പക്ഷെ പലസ്തീനിസ്വത്വത്തെ മതങ്ങൾക്കും (മുസ്ലിം-ക്രിസ്ത്യൻ) വിഭാഗങ്ങൾക്കും (സുന്നി-ഷിയാ) അപ്പുറം കാണുന്ന ഒരു ധാര ഉണ്ടാക്കിയെടുത്തില്ലെങ്കിൽ ഹമാസും പിന്നെപ്പിന്നെ താലിബാൻ പോലെയാവാം. അത് കരുതിയില്ലെങ്കിൽ അപകടം തന്നെ ആണ്.

പിന്നെ, പലസ്തീനി കുട്ടികളെ കൊല്ലുമ്പോൾ മാത്രം ഈർഷ്യ തോന്നുകയും സുന്നി-ഷിയാ പ്രശ്നത്തിൽ പെട്ട് സുന്നി മുസ്ലിം രാജ്യങ്ങൾ ഷിയാ മേഖലകളിൽ ബോംബിടുമ്പോൾ നോക്കാതിരിക്കുകയും ചെയ്യുന്ന സെലെക്ടിവ് രീതി കേരളത്തിലെ ചിലമുസ്ലിംഗ്രൂപ്പുകളും നിർത്തണം. അമേരിക്കക്കു വേണ്ടി ഇറാനെ ആക്രമിച്ച സദ്ദാം ഹുസെയ്‌നെയും അമേരിക്കക്കാർ നിര്മിച്ചെടുത്ത ഒസാമ ബിൻ ലാദനെയും അവർ അമേരിക്കയുമായി തെറ്റി എന്നത് കൊണ്ട് സാമ്രാജ്യത്വത്തിനെതിരെയുള്ള വലിയ പോരാളികളാണ് എന്ന് വിചാരിക്കുന്നത് തീർത്തും തെറ്റായ രാഷ്ട്രീയബോധമാണ്. ഹോളോകാസ്റ്റ് നടന്നിട്ടില്ല തുടങ്ങിയ ക്രൂരവും വങ്കത്തം നിറഞ്ഞ ഗൂഡാലോചനാ സിദ്ധാന്തങ്ങൾ പാടെ അവസാനിപ്പിക്കുക.

A: കേരളത്തിലെ ആളുകൾ പരസ്പരം അകലുന്ന വളരെ സങ്കടകരമായ അവസ്ഥയുണ്ട്. അത് ഒഴിവാക്കാൻ എന്ത് ചെയ്യാം?

B: നടക്കില്ല. കേരളത്തിലെ ജനങ്ങളിൽ ഒരു വലിയ വിഭാഗം ഒരുപാട് അരക്ഷിതാവസ്ഥയും വെറുപ്പും കൊണ്ട് നടക്കുന്നവരാണ്. അതിന്റെ ഫ്രസ്‌ട്രേഷൻ കൊണ്ട് ആരെയെങ്കിലും അവർക്കു ചീത്തപറയണം. എന്നാൽ നല്ല പോലെ സ്വാര്ഥതയുള്ള മിഡിൽ ക്ലാസ് കുടുംബങ്ങളിലെ അംഗങ്ങൾ ആണ്. അപ്പൊ ഇവിടെ വല്ല യുദ്ധവും വന്നാൽ സ്വന്തം വീടും സ്വന്തക്കാരെയും ഒക്കെ അവർക്കു നഷ്ടപ്പെടുമെന്നറിയാം. അപ്പോൾ ലാഭം വേറെ എവിടെയോ ഉള്ള യുദ്ധം കണ്ടു തൃപ്തി അടയുകയാണ്. അതിനു പാകത്തിൽ ഇസ്രായേൽ- പലസ്തീൻ പ്രശ്നത്തെ മനസ്സിലാക്കി, സോഷ്യൽ മീഡിയയിൽ ആഭാസം പറയുകയാണ്. അവരോടു ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അത് അവരുടെ ക്രൂരമായ വിനോദം ആണ്. മലയാളികൾ പിന്നെ എല്ലാം കേരളത്തോളം ചുരുക്കുമല്ലോ!

അവരെ അവരുടെ പാട്ടിനു വിടുക. നമ്മൾ ലോകനന്മക്കും മനുഷ്യരുടെ കഷ്ടപ്പാടുകൾ അവസാനിക്കാനും നമുക്ക് ആവുന്നത് ചെയ്യുക…അത്രയേ എനിക്ക് തോന്നുന്നുള്ളൂ.

A: ആണ് അല്ലേ? അപ്പൊ ശെരി. വെക്കട്ടെ…

Comments
Print Friendly, PDF & Email

You may also like