പൂമുഖം നിരീക്ഷണം സ്ത്രീപക്ഷ രാഷ്ട്രീയവും ലിംഗ സമഭാവനയും

സ്ത്രീപക്ഷ രാഷ്ട്രീയവും ലിംഗ സമഭാവനയും

കെ കെ ശൈലജയെ പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയപ്പോൾ കേരളത്തിലുടനീളവും പോളിറ്റ് ബ്യുറോയിലും ഉണ്ടായ എതിർപ്പും തുറന്ന വിമർശനവും ഏറെ ആഹ്ളാദിപ്പിച്ചു. ജാതി മത ലിംഗ വർഗ ഭേദമില്ലാത്ത കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടം ജനഹൃദയങ്ങളെ കീഴടക്കിയത് സ്വാഭാവികം. തങ്ങൾ കൊടുത്ത റെക്കോർഡ് ഭൂരിപക്ഷത്തെ മുന്നണി അവഗണിച്ചു എന്ന അമർഷവും വോട്ടർമാരെ ചൊടിപ്പിച്ചു മന്ത്രിക്കും അവരിലൂടെ സർക്കാരിനും ലഭിച്ച അന്തര്‍ദ്ദേശീയ അംഗീകാരം കേവലം പി ആർ വർക് ആണെന്ന് പരിഹസിച്ച പ്രൊഫൈലുകളും ടീച്ചർക്കുവേണ്ടി ഉറക്കെ വാദിച്ചു .

അത് കൊണ്ടാണ് ഈ വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ വിശകലനം ചെയ്യാൻ തോന്നുന്നത് . കെ കെ ശൈലജ ഇടതു പക്ഷ രാഷ്ട്രീയത്തിലെ ഒരു കുലസ്ത്രീയാണ്‌. ആ വാക്കു ഒരു വിശകലനത്തിന് വേണ്ടി പോലും ടീച്ചറോട് ചേർത്ത് പ്രയോഗിക്കാൻ പാടില്ല എന്ന കുറ്റബോധം എനിക്കുണ്ട്. പക്ഷെ അത്രയും കൃത്യമായ മറ്റൊരു പദം ആ പ്രതിഭാസത്തെ നിർവചിക്കാൻ കിട്ടുന്നില്ല എന്നത് കൊണ്ടാണ് ഞാൻ അതിനു തുനിഞ്ഞത്, കാഴ്ചയിലും വസ്ത്ര ധാരണത്തിലും സദാ തിളങ്ങുന്ന നിറഞ്ഞ ചിരിയിലും പ്രകാശിതമാവുന്ന സ്വീകാര്യത, സഹപ്രവർത്തകരിലേക്കും വകുപ്പിലെ ഏറ്റവും താഴത്തെ കണ്ണിയിലേക്കും നീളുന്ന സ്നേഹ സാന്ത്വനം, പൊതു വേദികളിലെ പരിമിത സാന്നിധ്യം, വാക്കുകളിലെ മിതത്വം, പരാതിയോ മടുപ്പോ തൊട്ടു തീണ്ടാത്ത കർമ്മോന്മുഖത എന്നിവയാണ് ആ പേരിനോടൊപ്പം നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. വിപ്ലവ പാർട്ടിയിലായാലും തൊഴിലാളി വർഗ്ഗപാർട്ടിയിലായാലും ഒരു വനിതാ പ്രവർത്തകയ്ക്ക് ഇതൊക്കെ അഭിലഷണീയമാണ്. ടീച്ചർ അമ്മ. ഈ രണ്ട് മഹദ് വ്യക്തിത്വങ്ങൾ ഒന്നുചേർന്നപ്പോഴാണ് കെ കെ ശൈലജയുടെ ബിംബം മലയാളിയുടെ രാഷ്ട്രീയ മനസ്സിൽ പൂജനീയമായത്.

വെറും ഒരു പഠനത്തിന് വേണ്ടി മാത്രം മറ്റൊരു സാധ്യത പരിശോധിക്കാം. കുഞ്ഞാലിക്കുട്ടിയുടെ കാര്യം ഏറെ ചേർച്ച ചെയ്തിട്ടുള്ളതിനാൽ ആ വിഷയം ഇവിടെ പരിഗണിക്കുന്നില്ല. കെ ടി ജലീലും ശശീന്ദ്രനും നേരിട്ട ആരോപണങ്ങളുടേതു പോലൊന്ന് കെ കെ ശൈലജ നാളെ നേരിടേണ്ടി വന്നുവെന്നിരിക്കട്ടെ. ഇന്നലെ അരങ്ങു നിറഞ്ഞാടിയ സ്ത്രീവാദ രാഷ്ട്രീയത്തിന്റെ വേദിയിൽ നിന്നു അവർ നിഷ്കരുണം പുറന്തള്ളപ്പെടും എന്നെന്നേക്കുമായി. ഹാസ്യ വീഡിയോകളിലെയും നുണയാടൻ മാധ്യമങ്ങളുടെയും സ്മാർത്ത വിചാരണക്ക് അവർ പാത്രീഭവിക്കും. പാർട്ടിക്ക് അവരെ കയ്യൊഴിയാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല. അവിടെയാണ് മലയാളിയുടെ രാഷ്ട്രീയത്തിലേക്കും നീളുന്ന ലിംഗ വിവേചനം മറനീക്കുക.

കേരളത്തിലെ ആരോഗ്യ മേഖല ഇന്ന് കൈവരിച്ചിരിക്കുന്ന സുസ്ഥിതിയിൽ മുൻ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതിക്കു വലിയ പങ്കുണ്ട്. സ്വകാര്യ പ്രാക്ടിസിനു ഏർപ്പെടുത്തിയ നിയന്ത്രണം, ഡോക്ടർമാരുടെ വേതന പരിഷ്കരണം, ആശുപത്രികളുടെ പ്രൈമറി / റഫറൽ പദവി എന്നിവ ഗുണകരമായ മാറ്റത്തിന് അടിത്തറ പാകി. എങ്കിലും അവരുടെ കാലത്തു അവർ ഒരുപറ്റം മെഡിക്കൽ പ്രാക്റ്റീഷണേഴ്‌സ് ന്റേയും രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും നിരന്തര വിമർശനത്തിന് പാത്രമായി. ഡോക്ടർപണിമുടക്കുകൾ കൊണ്ട് വല ഞ്ഞപ്പോൾ ജനങ്ങളിലൊരു വിഭാഗത്തിനും അതൃപ്തിയുണ്ടായി അവരുടെ പ്രാദേശിക slang ലുള്ള ഉച്ചാരണം വകുപ്പിന് പുറത്തുള്ള ചില വിഷയങ്ങളെ സംബന്ധിച്ച നിരുപദ്രവമായ അജ്ഞത, ലോകസഭയിൽ സാമാജികന്റെ ഉത്തരവാദിത്തം നിർവഹിക്കുമ്പോൾ വീണു കിട്ടിയ ഇംഗ്ലീഷ് വ്യാകരണ പിഴവ് എന്നിവ മലയാളി നിർലോഭം പരിഹസിച്ചു.

പന്തലിൽ നിന്ന് വിവാഹ വേഷത്തിൽ പെരുമൺ ദുരന്ത സ്ഥലത്തേക്ക് ഓടിയ ആളാണ് മേഴ്സിക്കുട്ടിയമ്മ എന്ന് കേട്ടിട്ടുണ്ട്. കേരളത്തിലെ ജീവിത സൂചിക ഏറ്റവും പിന്നോക്കമായിരിക്കുന്ന മേഖലകളിൽ ഒന്നാണ് മൽസ്യ തൊഴിലാളികളുടെത്. കഴിഞ്ഞ ഭരണകാലത്തു ചുഴലി കൊടുങ്കാറ്റിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിലും ചെറുകിട മീൻ പിടുത്തക്കാരെ മധ്യവർത്തികളുടെ ചൂഷണത്തിൽ നിന്നു മോചിപ്പിക്കാനുള്ള ശാശ്വത പരിഹാരം ആസൂത്രണം ചെയ്യുന്നതിനും മൽസ്യ സമ്പത്തിലെ വിഷപ്രയോഗം തടയുന്നതിനും അവർ കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിച്ചു. കേരളത്തിന്റെ പ്രകൃതി സമ്പത്തായ കടൽത്തീരങ്ങൾ തുറമുഖ മാഫിയയ്ക്ക് അടിയറവു വെക്കപ്പെട്ടതിൽ അവർ ഖിന്നയായിരുന്നു. അങ്ങനെയുള്ള ജനപ്രതിനിധിയെ വോട്ടർ ഇത്തവണ തള്ളിക്കളഞ്ഞു. അതിനു തക്കതായ കാരണങ്ങളുണ്ടാവണം. പക്ഷെ പ്രതിപക്ഷ കക്ഷികളും ബ്യുറോക്രസിയും കളിച്ച കളിയിൽ ജനമനസിൽ അവർക്ക് വിശ്വാസ നഷ്ടം സംഭവിച്ചു എന്നതും ഒരു ദുഃഖ സത്യമാണ്. അത്രയേ ആയുസ്സുള്ളൂ ഒരു വനിതാ രാഷ്ട്രീയ പ്രവർത്തകയുടെ യശസ്സിന്.

കളങ്കിതർ മാറ്റപ്പെടുക തന്നെ വേണംഎന്നതിൽ രണ്ടഭിപ്രായമില്ല. പക്ഷെ കൊലപാതക ഗൂഢാലോചന, യുവജനസംഘടനാ പ്രവർത്തന കാലത്തെ ഗുണ്ടായിസം സ്ത്രീപീഡന ആരോപണങ്ങൾ എന്നിവ അഴിമതി പോലെ തന്നെ കളങ്കങ്ങളാണ്. അവയൊക്കെ പുരുഷന്മാരുടെ കാര്യത്തിൽ ആവർത്തിച്ച് പൊറുപ്പിക്കപ്പെടുന്നുണ്ട്. പൊതു വേദിയിൽ നായനാരുടെ സ്ത്രീപീഡന ലഘൂകരണം ഫലിതമായി ആഘോഷിക്കപ്പെടുകയും ശ്രീമതിയുടെ accent വിലകുറഞ്ഞു ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ജലീൽ തന്റെ മണ്ഡലത്തിൽ എന്ത് ചെയ്തുവെന്നാണ് ജനം നോക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേ മാനദണ്ഡം സ്ത്രീക്കും ബാധകമാവണം. അതിനുള്ള ലിംഗ സമഭാവന കൈവരിക്കുമ്പോഴേ സ്ത്രീവാദ രാഷ്ട്രീയം പറയാൻ മലയാളി യോഗ്യത നേടുന്നുള്ളൂ. ഇപ്പോൾ കാണുന്ന ഈ ഹൈപ്പ് സ്ഥായിയല്ല.

ആണധികാരം സമൂഹത്തിലെ എല്ലാ വ്യവഹാരങ്ങളിലും നിലനിൽക്കുന്നുണ്ട്. 50 ശതമാനം വനിതാ പ്രതിനിധികൾ വേണം എന്ന് വാദിക്കുന്ന ആൾകൂട്ടത്തിൽ എത്രപേർ കുടുംബങ്ങളിലെ സ്ത്രീകൾക്ക് പൊതുപ്രവർത്തിനുള്ള അനുകൂലാന്തരീക്ഷം വകവെച്ചു കൊടുക്കുന്നുണ്ട് ? സ്ത്രീകളിൽ എത്രപേർ വിവാഹത്തിന് വേണ്ടി പെണ്മക്കൾ ജോലി രാജി വെക്കരുതെന്നു നിലപാടെടുക്കുന്നുണ്ട് ? കുടുംബത്തിലെ ആണധികാരം ഇല്ലാതാകുമ്പോൾ മാത്രമേ രാഷ്ട്രീയത്തിലെ പെൺപങ്കാളിത്തം വർദ്ധിച്ചു തുല്യമായ അനുപാതത്തിലേക്കു എത്തുകയുള്ളൂ. അങ്ങനെ വരുന്ന സ്ത്രീകൾ തങ്ങളുടെ ലിംഗപരമായ പരിമിതപ്പെടലിൽ നിന്നു പുറത്തു കടന്നിരിക്കണം. എല്ലാ മേഖലകളിലും അങ്ങനെയുള്ള സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുമ്പോഴേ തുല്യമായ സേവന വ്യവസ്ഥയ്ക്കും അവകാശങ്ങൾക്കും വേണ്ടി അവർക്കു നിലകൊള്ളാനാവൂ.

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like