Home ചുവരെഴുത്തുകൾ കാൾ സാഗനും കുഞ്ഞൻ മന്ത്രവാദിയും

കാൾ സാഗനും കുഞ്ഞൻ മന്ത്രവാദിയും

സ്റ്റാർ വാർ എന്ന സിനിമയും കാൾ സാഗനും അമേരിക്കക്കാരെ ഒരു കാലത്ത് കേടുവരുത്തി എന്ന് വേണമെങ്കിൽ പറയാം  ! എന്തിലും ശാസത്രം ഉണ്ടെങ്കിലേ വിശ്വസിക്കൂ ,സയൻസിന് എന്തും സാധ്യമാണ് എന്ന് ഒക്കെ ആളുകൾ വിചാരിക്കാൻ തുടങ്ങി ! ശാസ്ത്രീയ അന്ധ വിശ്വാസം എന്ന ഒരു പ്രയോഗം അങ്ങനെ വന്നതാണ് .ഇപ്പോ അത് അത്ര കേൾക്കാനില്ല! ശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത അനുഭവങ്ങളും പ്രതിഭാസങ്ങളും ധാരാളം ഉണ്ട് എന്ന് ലോകത്ത് പലരും ഇപ്പോൾ വിശ്വസിക്കുന്നുണ്ട്!

ഞാൻ പറഞ്ഞ് വന്നത് കക്കട്ടിരിയിലെ കുഞ്ഞൻ മന്ത്രവാദിയുടെ ചില “കർമങ്ങളെ ” കുറിച്ചാണ് ‘ .കാൾ സാഗനെ വായിച്ചിരുന്ന കാലത്ത് തന്നെ ഞാൻ കുഞ്ഞൻ മന്ത്രവാദിയിൽ വിശ്വസിച്ചിരുന്നു !

ഒരൂസം ഒരു സുഹൃത്തും ആയി കക്കാട്ടിരിയിലെ കൂമ്പ്ര പാലത്തിന് മുകളിൽ ഇരുന്ന് ചില പ്രശ്നങ്ങൾ രഹസ്യമായി ചർച്ചിക്കുകയായിരുന്നു.

സുഹൃത്ത് ഒരു പ്ലസ് ടു കാരിയെ പ്രേമിക്കുന്നു ആ വിവരം അവളുടെ ആങ്ങളമാരും അച്ഛനും അറിഞ്ഞിരിക്കുന്നു . കച്ചറ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ . ഓൻറെ വീട്ടിൽ അറിഞ്ഞാൽ അതിലും കച്ചറ ആവും .വാപ്പ ദുബായീന്ന് വിളിച്ച് പറയും ബൈക്ക് മാമന്മാർ പിടികൂടും. പൂട്ടി വെക്കും . മുമ്പ് സമാന സാഹചര്യത്തിൽ അതാണ് സംഭവിച്ചത്.പിന്നീട് ഒരു വിധം ബൈക്ക് ഇറക്കിയതാണ് !

ഈ സംസാരത്തിനിടക്കാണ് സന്ധ്യക്ക് കുളി കഴിഞ്ഞ് കുഞ്ഞൻ മന്ത്രവാദി പാലത്തിൻറെ സൈഡിലൂടെ പടവുകൾ കയറി വന്നത് .ഞങ്ങളെ കണ്ടപ്പോൾ കുശലം ചോദിച്ച് അടുത്ത് വന്നു. ഈ തക്കത്തിന് ഞാൻ ഒരു മയത്തിൽ കാര്യം പറഞ്ഞു.

“ഇവന് ഈ പ്രശ്നത്തിൽ നിന്ന് ഒന്ന് ഒഴിവാവണം വഴി ഉണ്ടോ ” ഞാൻ ചോദിച്ചു! മന്ത്രവാദി പറഞ്ഞു
” വഴി ഉണ്ട് ,ചില കർമങ്ങൾ ചെയ്യണം ” !

പക്ഷെ എൻറെ സുഹൃത്ത് ചൂടായി .” ഒഴിവാക്കുകയല്ല വേണ്ടത്. എനിക്കോളെ കെട്ടണം .അതിന് എന്താ വഴി ? കുറച്ച് കുളമായാലും പ്രശനമില്ല ” !

ഇത് കേട്ടതോടെ മന്ത്രവാദിക്ക് സന്തോഷമായി .
” ഒഴിവാക്കാനാണ് പ്രശ്നം , ഇത് എളുപ്പം ആണ് .എന്നാൽ ചില കർമങ്ങൾ ചെയ്യണം .രണ്ട് മൂന്ന് ദിവസം എടുക്കും .”
എന്നിട്ട് ഓനെ നോക്കി പറഞ്ഞു .
” ഞാൻ പറയും പോലെ ഒറ്റക്ക് ചെയ്യണം ” !
ഓൻ സമ്മതിച്ചു ! അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.

അടുത്ത ദിവസം സന്ധ്യക്ക് കണ്ടപ്പോൾ ഷുക്കൂർ കർമങ്ങൾ ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആണ് . സൂര്യനസ്തമിച്ചതിന് ശേഷം തുടങ്ങും എന്ന് പറഞ്ഞു.

“എന്താണ് ക്രിയകൾ ” ഞാൻ ചോദിച്ചു.

” മന്ത്രവാദി ചില സാധനങ്ങളും ആയി ഇപ്പോ വരും .ഒരു മന്ത്രം ആയിരത്തൊന്ന് തവണ ചൊല്ലണം അത് കഴിഞ്ഞ് ഒരു തവളയെ പിടിക്കണം …… ”

ഞാൻ ചോദിച്ചു ” നീ മന്ത്രം ചൊല്ലി ക്കഴിയുമ്പോൾ തന്നെ തവളയെ എങ്ങനെ കിട്ടും ” ?
അവൻ പറഞ്ഞു “അത് രമേശനോട് പറഞ്ഞിട്ടുണ്ട് .അവൻ ഒന്നിനെ കണ്ടു വെക്കും” !
” പക്ഷെ ആയിരത്തൊന്ന് മന്ത്രം എങ്ങനെ കൃത്യമായി എണ്ണും ” ? എന്റെ സംശയം തീർന്നില്ല.

അവൻ പോക്കറ്റിൽ നിന്ന് ദിക്ക്റ് മിഷീൻ എടുത്ത് കാണിച്ച് തന്നു . ഓൻറെ ഉമ്മാടെ നിസ്കാരപ്പായയിൽ നിന്ന് അടിച്ച് മാറ്റിയതാവും എന്ന് ഞാൻ ഊഹിച്ചു .

എന്തായാലും .അതിന് ശേഷം ഷുക്കൂറിനെ കാണാതായി . മൂന്ന് നാല് ദിവസം കഴിഞ്ഞിട്ടും ആളുടെ അഡ്രസ് ഇല്ല. ഞാൻ പലവട്ടം അന്വേഷിച്ചു .ആരും കണ്ടവരില്ല.

അവസാനം അവന്റെ അയൽവാസി രമേശനെ കണ്ടുപിടുച്ചു . രമേശൻ രഹസ്യമായി പറഞ്ഞു . “ഗൾഫിൽ പോയി ” !,
ഞാൻ ഞെട്ടി ” എപ്പോ ? എങ്ങനെ ? ”
“ഓന്റ മാമൻ മാര് വന്ന് പിടിച്ച പിടിയാലെ കൊണ്ടോയി .ഗൾഫിലേക്ക് കേറ്റി വിട്ടു.” !

കുഞ്ഞൻ മന്ത്രവാദിയുടെ ഈ മന്ത്രവാദം പരാജയപ്പെട്ടെങ്കിലും ആള് മോശക്കാരൻ ആണ് എന്ന് നിങ്ങൾ കരുതരുത് .പല മന്ത്രവാദങ്ങൾക്കും ഫലം ഉണ്ടായിട്ടുണ്ട്.

പിന്നീട് പത്ത് കൊല്ലങ്ങൾക്ക് ശേഷം അബുദാബിയിൽ കണ്ടുമുട്ടിയപ്പോൾ ഞാൻ ഷുക്കൂറിനോട് ചോദിച്ചു. ” ഇയ്യ് അന്ന് സത്യത്തിൽ മന്ത്രവാദി പറഞ്ഞ പോലെ കാര്യങ്ങൾ ചെയ്തോ ? ”

“ഞാൻ ചെയ്തു പക്ഷെ ആ രമേശൻ ചതിച്ചു. ഓൻ ഉമ്മാട് പറഞ്ഞ് കൊടുത്തു. ഞാൻ ഓളെ കെട്ടാൻ മന്ത്രവാദം ചെയ്യുന്നു എന്ന് ” !!

കക്കാട്ടിരിയിലെ ജീവിതങ്ങൾ നിങ്ങൾക്ക് കെട്ടുകഥകളായി തോന്നിയേക്കാം

 
 
Comments
Print Friendly, PDF & Email

You may also like