പൂമുഖം LITERATUREകഥ ക്ലെയർവോയൻറ്

ക്ലെയർവോയൻറ്

അമ്പലത്തിലെ തൊഴാനുള്ള ക്യൂവിൽ നിന്നപ്പോൾ മോഹൻകുമാർ ഓടിവന്നു. “എടാ വർഷം ഏഴു കഴിഞ്ഞു ഞാനിപ്പോഴും മാരീഡ് ആണ്. നീയല്ലേ പറഞ്ഞത് കഷ്ടി ഒരു വർഷം തികയില്ല എന്ന്”!
“ഉം, രേഖാശാസ്ത്രത്തിന് അപൂർവ്വമായി തെറ്റ് പറ്റാറുണ്ട്’.
ഒരു ശാസ്ത്രമായതുകൊണ്ട് തന്നെ ശാസ്ത്രീയമായ അപഗ്രഥനങ്ങൾക്ക് എല്ലാം അത് വിധേയമാണ്”.
കല്യാണത്തലേന്ന് മാനസാന്തരപ്പെടാത്തതോർത്ത് ആശ്വസിച്ച മോഹൻകുമാർ കളിയാക്കിയതാണോ എന്ന് സംശയിച്ചപ്പോഴേക്ക്
അയാളുടെ ഭാര്യ വിളിച്ചു:
“മോനേട്ടാ, കടുംപായസത്തിന്റെ ശീട്ടെവിട്യാ വെച്ചത്?
അതോടെ മോഹൻകുമാർ എന്ന എഞ്ചിനീയർ ശാസ്ത്രത്തെ തോൽപ്പിച്ച ഒരു ചിരി ചിരിച്ച് അവളുടെ പിന്നാലെ ഓടിപ്പോയി.

മൂന്നാമത്തെ പ്രണയിനിയും തേച്ചിട്ടുപോയപ്പോഴാണ് അഭിലാഷിന് കൈരേഖകളോട് വെറുപ്പായത്.
സ്വന്തം പാത്രത്തിലെ ചോറിനു പുറമേ അയാൾക്കുള്ള പൊതിച്ചോറും കൊണ്ടുവന്ന് ഓഫീസിൽ സ്വകാര്യമായി ഡൈനിംഗ് ടേബിളിൽ ഒരിടത്ത് നിക്ഷേപിച്ചിരുന്ന അവൾ!
പ്രീ മൊബൈൽ ഈറയിലെ രഹസ്യ കാമുകി!

അഭിലാഷിന് അത് രഹസ്യമാക്കി വയ്ക്കാൻ ആയിരുന്നു താൽപര്യം.
അവളാകട്ടെ നഗരത്തിലെ പ്രശസ്തമായ ഷോപ്പിംഗ് മാളിലെ പീകോക്ക് ബ്ലൂ പെയിൻറ് അടിച്ച ക്യുബിക്കിളുകളിലൊന്നിൽ ഒരു ക്ലെയർവോയന്റിനെ അവന്റെ കൂടെ സന്ദർശിക്കാൻ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.
ഞാൻ വരണോ? അവൻ സംശയിച്ചു.
നീ വരാതെങ്ങനെ?
നമ്മുടെ കാര്യമല്ലേ പറയാൻ പോകുന്നത്! അവൾ മുഖം കോട്ടി.

അങ്ങനെ അവളുടെ സ്വകാര്യ അഹങ്കാരമായി അവളുടെ പുരുഷനായി കൂടെ പോയതായിരുന്നു അവിടെ. കാത്തിരിപ്പ് മുറിയിലെ പച്ചവെളിച്ചത്തിൽ കണ്ണ് വേദനിക്കാൻ തുടങ്ങിയപ്പോൾ അകത്തെ ഇരുണ്ട മുറിയിലേക്ക് ഞങ്ങൾ ആനയിക്കപ്പെട്ടു. അവിടുന്നങ്ങോട്ട് വാതിലുകൾ ഇല്ലായിരുന്നു.

ഒരു വലിയ മയിലിന്റെ ചിത്രം വരച്ച ഒരാൾപ്പൊക്കത്തിൽ നെടുകേയുള്ള നേരിയ ഒരു ചില്ലുജാലകപ്പാളി ആ മുറിക്ക് സ്വർഗ്ഗത്തിന്റെ പ്രതിച്ഛായ നൽകി. ക്ലെയർവോയൻറ് സ്ത്രീ ഒരു വലിയ ഒറ്റത്തടിയിൽ വെട്ടിയെടുത്ത ഇരിപ്പിടത്തിൽ ഇരുന്നു.

അഷ്റഫിന്റെ ഫർണിച്ചർ കടയിൽ അത്തരമൊന്ന് ഉണ്ടായിരുന്നു.
“അതിന് മേലെ ഗ്ലാസ് വേണമെങ്കിൽ അത്; അതല്ല മരം വേണമെങ്കിൽ അത്; എന്നാലും ഗ്ലാസാണ് നന്നാവുക” എന്ന് അഷ്റഫ് പറഞ്ഞത് അവനോർത്തു.

രണ്ടുപേരും ആ സ്ത്രീക്ക് അഭിമുഖമായി നിലത്തിട്ടിരുന്ന ചെറിയ പലകകളിൽ ഇരുന്നു.
എല്ലാം പഴയ രീതികൾ.
പലകയിൽ ഇരുന്നിട്ട് എത്രകാലമായി! അവനോർത്തു.
പ്ലാവിൽ തീർത്ത ഒരു മിനുത്ത പലകയായിരുന്നു എന്റെത്.
ഊണു കാലമായാൽ ആ പലക കാലുകൊണ്ട് നിരക്കി ഞാൻ കൊണ്ടു വെക്കും. അമ്മമ്മ കണ്ടാൽ ചീത്ത പറയും- ആവണിപ്പലക കാലുകൊണ്ട് ചവിട്ടരുത്: കൈ കൊണ്ട് തന്നെ എടുത്തു വെക്കണം.

ഇതാരാണ്? അവളോട് ക്ലെയർവോയന്റ് സ്ത്രീ ചോദിച്ചു. അവൾ നാണമൂറി ഇരുന്നു.
ഉം, ഒന്നിരുത്തി മൂളി എല്ലാം മനസിലായ മാതിരി അവർ അവളുടെ നേർക്ക് കൈനീട്ടി. അവൾ ഇടതുകൈ അവരുടെ നീട്ടിയ കൈകളിൽ വെച്ചു കൊടുത്തു. അവർ ആ കൈ കണ്ണോടു ചേർത്ത് ഒരു നിമിഷം ധ്യാനനിമഗ്നയായി.
അവരുടെ അരവട്ടത്തിൽ പൊങ്ങിക്കിടക്കുന്ന വിക്ടോറിയൻ സ്റ്റൈൽ സാറ്റിൻ ഉടയാട ചമ്രം പടിഞ്ഞിരുന്ന അവന്റെ കാൽവിരലുകൾ ഇക്കിളിയാക്കി.

ക്ലെയർവോയന്റ് അവളുടെ കൈ പരിശോധിക്കുകയാണ്. അവർക്ക് ഇരുട്ടിൽ കണ്ണുകാണുന്നുണ്ടാവുമോ എന്ന എൻറെ സംശയം മനസ്സിലാക്കിയ പോലെ അവർ പറഞ്ഞു; “അകക്കണ്ണ് കൊണ്ടാണ് കാണേണ്ടത്”!
ഇരുട്ടിൽ അവരുടെ മേയ്ക്കപ്പിട്ട് കരിവാളിച്ച മുഖത്തെ നേരിയ ഭാവവ്യത്യാസങ്ങൾ വായിക്കാൻ ഞാൻ പാടുപെട്ടു. അവർ പറഞ്ഞതൊന്നും തന്നെ ഞാൻ കേട്ടില്ല – ഒരു പാട് ശ്രദ്ധിക്കേണ്ടി വരുമ്പോൾ എല്ലാ ഇന്ദ്രിയങ്ങളും പ്രവർത്തിക്കില്ല എന്നുണ്ടോ?

നിങ്ങൾ ഒരിക്കലും പിരിയില്ല: അവർ പറഞ്ഞ് നിർത്തി.
അവൾക്ക് സന്തോഷമായി എന്നു തോന്നി.
എന്റെ വലതുവശത്ത് അവൾ ചേർന്നിരിക്കാൻ ശ്രമിച്ചു. അവളുടെ ഇടതുകൈകൊണ്ട് എന്റെ നീളൻ മുടി മാടി ചെവിയുടെ പിന്നിലേക്ക് തിരുകി വെച്ചു.
അപ്രതീക്ഷിതമായ ആ സ്പർശാനുഭവത്തിൽ ‘നിങ്ങൾ ഒരിക്കലും പിരിയില്ല’ എന്ന വാക്കുകൾ തൽക്കാലനേരത്തേക്ക് മുങ്ങിപ്പോയി. വീർപ്പുമുട്ടും പോലെ! എങ്കിലും അവളുടെ സാമീപ്യത്തിൽ ആ വീർപ്പുമുട്ടലിന്റെ അസാധാരണമായ സാധ്യതകൾ എൻറെ സ്വാസ്ഥ്യം കെടുത്തി. കാണാതെതന്നെ കൈ നോക്കി ക്ലെയർവോയന്റ് ഭാവിയും വർത്തമാനവും പറഞ്ഞു.
മുൻജൻമങ്ങളിലും ഞങ്ങൾ കൂടെ ആയിരുന്നോ? അവൾ സന്ദേഹിച്ചു.
ഭൂതം പറയണമെങ്കിൽ പ്രത്യേക പൂജയും ഉയർന്ന റേറ്റും മറ്റും ആവുമെന്ന് അവരുടെ കാർഡിൽ ഉണ്ടായിരുന്നതുകൊണ്ട് അവൾ അതിനു മെനക്കെട്ടില്ല.

ഓഫീസിൽ നിന്നിറങ്ങിയ ഉടനെ പിറ്റേന്ന് നാട്ടിലേക്ക് പോയി. വീട്ടിൽ ഭാഗം വെപ്പാണ്.
പതിനാല് സെന്റ് വീതം ഭാഗം വെക്കുമ്പോൾ അച്ഛൻ പറഞ്ഞു “നിനക്ക് വീടുവയ്ക്കാനുള്ള കുറച്ചു കാശൊക്കെ ഞങ്ങൾ തരും. ഒരു പെണ്ണിനെ ആദ്യം കൊണ്ടുവാ”. ചേച്ചിമാർ അടക്കിച്ചിരിച്ചു.
രണ്ടു ദിവസം കഴിഞ്ഞ് രജിസ്ട്രേഷൻ ഫോർമാലിറ്റികൾ കഴിഞ്ഞ് തിരിച്ചുപോയപ്പോൾ ഞാൻ ആ പൊതിച്ചോറ് വീണ്ടും തിരഞ്ഞു. അവൾ വന്നില്ലല്ലോ!

നാലു ദിവസം കഴിഞ്ഞു, വീണ്ടും കാണാൻ – മൊബൈൽ ഫോൺ ഉള്ള കാലത്തിനും മുൻപ് ആയിരുന്നല്ലോ!
പുതിയ മാലയും കാതിലയും കഥയുമായി അവൾ തിരിച്ചു വന്നു. “എൻറെ നിശ്ചയം കഴിഞ്ഞു – പറയാനൊത്തില്ല” അവൾ അതേ നാണത്തോടെ മൊഴിഞ്ഞു. ഒരുനിമിഷം ആ കല്യാണ നിശ്ചയം എന്നോടായിരുന്നു എന്ന് എനിക്ക് തോന്നുകയും ചെയ്തു.

അതിലപ്പുറമാണ് നഗരത്തിലെ ജോലി രാജിവെച്ചത്.
പതിനാലു സെൻറിൽ ഒരു ഹെക്സഗണൽ കെട്ടിടമുണ്ടാക്കി – അതിനു മുന്നിൽ ഒരു ഉപ മന്ദിരം. അതിൽ സുന്ദരികളായ രണ്ട് പെൺകുട്ടികളെ ഇരുത്തി – ഡെമോഗ്രാഫിക്സ് എടുക്കാൻ! കമ്പ്യൂട്ടർ ജാതകവും കിട്ടും. ഉപമന്ദിരത്തിനു അഭിമുഖമായുള്ള വിചിത്രമായ നിരങ്ങി നീങ്ങുന്ന വാതിലുകൾക്ക് പിന്നിൽ കെട്ടിടത്തിന്റെ ഒത്ത നടുവിലായി കോൺക്രീറ്റിന്റെ ജാലികകൾ ഉണ്ടാക്കിയ ചുമരുകളുടെ നടുക്ക് അവനിരുന്നു.
അഷ്റഫിന്റെ ഫർണിച്ചർ കടയിലെ ഒറ്റത്തടിയിൽ കടഞ്ഞ ആ വലിയ വേരിന്റെ ഇരിപ്പിടം. നിലത്ത് രണ്ടുമൂന്നു ആവണിപ്പലകകൾ
കുറച്ചപ്പുറത്ത് ഒരാന പേറുന്ന ഒരു ഇരിപ്പിടം.
നിസാമുദ്ദീനിലെ സ്ത്രീകളെ കാണാൻ കൂട്ടാക്കാത്ത സിദ്ധന്റെ ജാലി കണ്ട ഓർമയിൽ കൂടെ പഠിച്ച നാരായണൻ കെട്ടി തന്നതാണ് ആ കെട്ടിടം.
ചുകന്ന കിന്നരിവെച്ച വെണ്ണയുടെ നിറമുള്ള ഒഴുകുന്ന ഒരു സാറ്റിൻ അങ്കി ധരിച്ച
അഭിലാഷ് എന്ന ഞാൻ അകക്കണ്ണുകൊണ്ടാണ് എല്ലാം കാണുന്നത്.
“നമ്മൾ കാണുന്നത് എല്ലാം ശരിയാവണമെന്നില്ല. ഇത് ശാസ്ത്രമാണ്. നമ്മൾ ശാസ്ത്രത്തെ എങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ചാണ് ശാസ്ത്രം – അതെത്രമാത്രം ശരിയാവുമെന്ന് നമ്മൾ അനുമാനിക്കുന്നത്.
സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറുന്ന ഒരു ശാസ്ത്രമാണ് ഇത്”.
ഇത്രയും പറഞ്ഞപ്പോൾ ‘ഞാൻ നന്നായി സംസാരിക്കുന്നുണ്ടല്ലോ’ എന്ന് അഭിലാഷ് എന്ന ക്ലെയർവോയൻറ് ആത്മവിശ്വാസത്തോടെ ഓർത്തു

Comments
Print Friendly, PDF & Email

You may also like