പൂമുഖം EDITORIAL ജയ്‌പൂർ മുതൽ ജൈസാൽമീർ വരെ

ജയ്‌പൂർ മുതൽ ജൈസാൽമീർ വരെ

ഇക്കഴിഞ്ഞയാഴ്ച ഇന്ത്യാ പാക് അതിർത്തിയിൽ  നിന്ന് ഏതാണ്ട് മുന്നൂറു കി മി മാത്രം അകലെയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു ഞാൻ.  ഒരു മിലിട്ടറി നഗരം കൂടിയായ ജൈസാൾമീരിൽ. ഒപ്പം അഞ്ചു സുഹൃത്തുക്കളും. എല്ലാ വർഷവും ചരിത്രമുറങ്ങുന്ന ഏതെങ്കിലും ഒരു ഇന്ത്യൻ നഗരം ഒരുമിച്ചു സന്ദർശിക്കണമെന്നു  തീരുമാനിച്ചതിനു ശേഷമുള്ള രണ്ടാം യാത്ര. കഴിഞ്ഞ വർഷം അജന്ത എല്ലോറ ഗുഹകളിലേക്കായിരുന്നു പോയത് , ഒരേപോലെ ചിന്തിക്കുന്ന ആറു മനുഷ്യർ-ഇരുപതു – ഇരുപത്തഞ്ചു വർഷമായുള്ള ഗാഢമായ സൗഹൃദം. സോക്രട്ടീസ് മുതൽ സന്തോഷ് പണ്ഡിറ്റ് വരെ ഒരേ ഗൗരവത്തോടെ ചർച്ച ചെയ്യുന്നവർ . യാത്രകൾ എപ്പോഴും ഹൃദ്യമായ അനുഭവങ്ങളാണ്, ചരിത്രമുറങ്ങുന്ന നഗരങ്ങളിലേയ്ക്ക്, ചരിത്ര കുതുകികളായ സുഹൃത്തുക്കളുമൊത്തുള്ളവയും ആണവയെങ്കിൽ പറയാനുമില്ല. ദുബായിൽ നിന്ന് നേരെ ജയ്‌പൂർ എയർപോർട്ടിൽ. അതിരാവിലെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. ബ്രേക്ഫാസ്റ്റ് ഉൾപ്പെടെയാണ് ഹോട്ടൽ ബുക്കിങ്. ഹോട്ടലിലെ കോണ്ടിനെന്റൽ ബ്രേക്ഫാസ്റ് ഉപേക്ഷിച്ചു നമുക്ക് പുറത്തെവിടെയെങ്കിലും പോയി ട്രഡീഷണൽ ആയ ഫുഡ് കഴിച്ചാലോ എന്നൊരാൾ അങ്ങിനെയെങ്കിൽ അങ്ങിനെ എന്ന് കോറസ്. പുറത്തിറങ്ങി ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു. ഒരുകൂട്ടം ഓട്ടോക്കാരുമായി ചർച്ച നഗരത്തിലെ ഏറ്റവും പുരാതനമായ റസ്റ്റോറന്റുകൾ ഏതൊക്കെയെന്ന് . ഒടുവിൽ രണ്ടു ഓട്ടോകളിലായി ഞങ്ങൾ ആറുപേർ റെസ്റ്റോറന്റിലെത്തി. ( പിന്നീടാണ് മനസ്സിലായത് ആറു പേർക്കു ഒരു ഓട്ടോയിൽ യാത്ര ചെയ്യാമായിരുന്നെന്ന് . പത്തു പേർ വരെ കയറും പുറകു വശം തുറന്ന അവിടുത്തെ ഓട്ടോയിൽ. നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്നതേയുള്ളൂ പുറകിലും സീറ്റുള്ള ഈ തുറന്ന ഓട്ടോകൾ. പലയിടങ്ങളിലും, ഒരേ വഴിക്ക് പോകേണ്ട  അപരിചിതർ  ഷെയർ ചെയ്തു സഞ്ചരിക്കാനും ഇവയെ ഉപയോഗപ്പെടുത്താറുണ്ട്  ).

53012145_10214125458158289_1896316065063895040_n

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇത് വരെ പെയിന്റടിച്ചിട്ടില്ലാത്ത വിശാലമായ ഒരു റെസ്റ്റോറന്റിലെത്തി. ചൂടോടെ കൊണ്ട് വന്ന കച്ചോരി ആയിരുന്നു പ്രധാന ഐറ്റം.  നടുവിൽ ഒരു ചെറിയ ദ്വാരമിട്ടു സോസും ഉള്ളിയും അകത്തു കയറ്റി വെച്ച് വേണം പരമ്പരാഗത രീതിയിൽ കച്ചോരി കഴിക്കാനെന്ന് കടക്കാരൻ പറഞ്ഞു തന്നു. സംഗതി കൊള്ളാം. തിരികെ ഹോട്ടലിൽ എത്തി ഓട്ടോക്കാരന് കാശ് നൽകുമ്പോൾ, മുഴുവൻ സമയവും ഞങ്ങളുടെ കൂടെ ഉണ്ടാകാനായി ബുക്ക് ചെയ്ത ട്രാവലറിന്റെ ഡ്രൈവറും കിളിയും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ വാ തുറന്നു ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അറിയാവുന്ന ഹിന്ദിയിൽ ഞങ്ങൾക്കും ഒന്നും മനസ്സിലായില്ല എന്ന് അയാളോട് പറഞ്ഞു. പറയാതെ തന്നെ അയാൾക്ക് മനസ്സിലായിട്ടുണ്ടാകണം ഇതൊരു വ്യത്യസ്തമായ ട്രിപ്പ് ആയിരിക്കുമെന്ന്. എയർപോർട്ടിൽ ഞങ്ങളെ സ്വീകരിക്കാൻ എത്തിയ അയാൾ ആദ്യം മുന്നോട്ടു വന്നു, ഞാൻ മിസ്റ്റർ മീണ എന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ കൂടെയുണ്ടായിരുന്ന കിളി  ഞാനും മിസ്റ്റർ മീണ എന്ന് പറഞ്ഞതും സുഹൃത്തുക്കളിലൊരാൾ ആ നിമിഷം തന്നെ തലയിൽ കൈ വെച്ച് കിളിയെ പുനർനാമകരണം ചെയ്തു മിസ്റ്റർ ടീക്ക ആക്കിയതും  മറന്നിട്ടില്ല .

53016257_10214126393461671_5127155155636060160_nകൂട്ടത്തിൽ ഏറ്റവും കുറവ്  ഹിന്ദി അറിയുന്ന ജോസഫ് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്കിടെ ഓട്ടോക്കാരനോട്, കോൺഗ്രസ്സ് ഗവണ്മെന്റ് അധികാരത്തിൽ വന്നതിനു ശേഷം രാജസ്ഥാനിലുണ്ടായ മാറ്റങ്ങളെ കുറിച്ച് നിരന്തരം ചോദിച്ചു കൊണ്ടിരുന്നതും ഒന്നും മനസ്സിലാകാതെ  അയാൾ ബന്ധമില്ലാത്ത എന്തൊക്കെയോ  പ്രതികരണമായി പറഞ്ഞതും ഞങ്ങളിൽ ചിരിയുണ്ടാക്കി

ജയ്‌പൂർ, ജോധ്പുർ, ജൈസാൾമീർ. ഇതാണ് ഞങ്ങളുടെ ആറു ദിവസം നീളുന്ന യാത്രയിലെ മൂന്നു പ്രധാന താവളങ്ങൾ. ജയ്‌പൂരിൽ, മുൻപ് തന്നെ  പലപ്പോഴായി വന്നിട്ടുള്ളവരായിരുന്നു എല്ലാവരും എന്നതു കൊണ്ട്, ഒരു ദിവസം മാത്രം.
മൂന്നും പുരാതന രാജ നഗരങ്ങൾ ആണ്. ജയ്‌പൂരിലെ (മുൻ)രാജാവിനെ മഹാരാജാ എന്ന് വിളിക്കുമ്പോൾ ഉദയ്പൂരിലെ രാജാവിന്റെ സ്ഥാനപ്പേര് മഹാറാണാ എന്നാണ്  ജൈസാൾമീരിലേത് മഹാറാവൽ എന്നും

കഴിഞ്ഞ യാത്രയിൽ ‘ഹവാ മഹൽ ലോ ലതാണ്!’ എന്ന് ഗൈഡ് വണ്ടിയിലിരുന്നു കാണിച്ചു തന്നതേയുള്ളൂ എനിക്ക്, നഗരത്തിന്റെ തിരക്ക് പിടിച്ച ഭാഗത്ത്  പാർക്കിങ്ങും മറ്റും ബുദ്ധിമുട്ടാകും എന്നായിരുന്നു ന്യായം. കാണാനായി ഉള്ളിലൊന്നുമില്ലെന്നും പറഞ്ഞു.

53067046_10214126399141813_6392921033250177024_n

മുഴുവൻ വിദേശ ടൂറിസ്റ്റുകൾ ആണവിടെ, എല്ലാവർക്കും പുറത്തു നിന്ന് ഫോട്ടോയെടുത്താൽ മതി. ഇത്തവണ ഹവാ മഹലിനെ അങ്ങിനെ വിടരുതെന്ന് തീരുമാനിച്ചതു കൊണ്ട് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ ഉടൻ പുറത്തിറങ്ങി. നഗരം ഉണരുന്നത് 12 മണിയോടെയാണ്. ഭൂരിഭാഗം കടകളും തുറന്നിരിക്കുക ഉച്ചയ്ക്ക് 12 മുതൽ രാത്രി പന്ത്രണ്ടു വരെയാണ് . ഹവാ മഹലിനു മുന്നിൽ വലിയ തിരക്കുകളില്ല. ഞങ്ങളെ അവിടെ ഇറക്കി വിട്ട്, മിസ്റ്റർ മീണയും മിസ്റ്റർ ടീക്കയും വണ്ടി പാർക്ക് ചെയ്യാൻ പോയി. അതിനകം ഞങ്ങൾ ഒരു ഗൈഡിനെ സംഘടിപ്പിച്ചിരുന്നു. ഇത്തരം നഗരങ്ങളിൽ പോകുമ്പോൾ നിർബന്ധമായും ഒരു ഗൈഡിനെ കൂട്ടണം. അത് മുൻപ് ഒരിക്കൽ അക്ബറിന്റെ ശവകുടീരത്തിൽ പോയപ്പോൾ പഠിച്ചതാണ്. മനോഹരമായ ആ കൊട്ടാരത്തിൽ ഒരു തൂണിനു ചേർന്ന് നിന്ന് സംസാരിച്ചാൽ ദൂരെയുള്ള മറ്റു തൂണുകളിൽ കേൾക്കാം. അജന്താ ഗുഹകളിലെ അഞ്ചാം നൂറ്റാണ്ടിലെങ്ങോ വരക്കപ്പെട്ട ചിത്രങ്ങളിലൊന്നിലേക്കു ലൈറ്റടിച്ചു കാട്ടി തലയിലെ ടര്ബനുമായി മാച്ചു ചെയ്യുന്ന സോക്സ് ധരിച്ചിരിക്കുന്ന ആളെ കാട്ടിത്തന്നതും ഒരു ഗൈഡാണ്. ഇത്തരം കുഞ്ഞു കുഞ്ഞു വിശദാംശങ്ങൾ അറിയണമെങ്കിൽ ഒരു ലോക്കൽ ഗൈഡ് വേണം. അയാൾക്ക് കൊടുക്കുന്ന ഇരുനൂറോ മുന്നൂറോ രൂപ ഒരു നഷ്ടമേയല്ല. അയാൾ പറയുന്നതൊക്കെ ശരിയാണോ എന്ന് പരിശോധിക്കാൻ കൂട്ടത്തിലൊരു ഗൂഗിൾ എക്സ്പെർട് കൂടിയുണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ രസകരമാകും. ഒരു ഗൈഡില്ലാതെ ജന്തർ മന്തറിലൊക്കെ പോയാൽ നിങ്ങളുടെ ട്രിപ്പ് തന്നെ വേസ്റ്റാണ്.

53067830_10214125512639651_6247196091431780352_n

നമ്മൾ ദൂരെ നിന്ന് കാണുകയും റോഡരുകിൽ നിന്ന് വിദേശികൾ ഫോട്ടോയെടുക്കുകയും ചെയ്യുന്ന ഹവാ മഹൽ സത്യത്തിൽ അഞ്ചു നിലകളുള്ള ഒരു കൊട്ടാരത്തിന്റെ പിൻഭാഗം മാത്രമാണ്. 1799 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. കൊട്ടാരത്തിലെ സ്ത്രീകൾക്ക് പർദയില്ലാതെ (അതെ. നമ്മൾ ഇപ്പോൾ ഇസ്‌ലാമികം എന്ന് കരുതുന്ന അതേ പർദ്ദ. രാജസ്ഥാനിലങ്ങോളമിങ്ങോളം സഞ്ചരിക്കുമ്പോൾ നീണ്ട കൈയ്യുറ ധരിച്ച, സാരിത്തുമ്പു കൊണ്ട് മുഖവും തലയും പൂർണ്ണമായും മറച്ച സ്ത്രീകളെയാണ് നിങ്ങൾക്കിന്നും കാണാനാവുക. അത് മരുഭൂമിയുടെ വസ്ത്രമാണ്. മുഖത്തും മുടിയിലും കൈകളിലും മണ്ണ് പറന്നു വീഴാതിരിക്കാനുള്ള മുൻകരുതൽ) അന്യ പുരുഷൻ കാണാതെ, നൂറു കണക്കിനുള്ള  കുഞ്ഞു ജനാലകളിലൂടെ തെരുവിലെ കാഴ്ചകൾ കാണാനാവും. തിരികെ അവരെ കാണാൻ കഴിയുകയുമില്ല. രാജസ്ഥാനിലെ മിക്കവാറും എല്ലാ കൊട്ടാരങ്ങളിലും റാണിക്ക് ഇത്തരം രഹസ്യ ജനാലകളിലൂടെ രാജസദസ്സ് വീക്ഷിക്കാനുള്ള സൗകര്യമുണ്ട്. മരുഭൂമികളിൽ സ്ത്രീകൾ കൂടുതൽ ഒളിപ്പിച്ചു വെക്കേണ്ടതായ അഭൗമ സൗന്ദര്യം തന്നെയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.

53069466_10214126371901132_5249547734863577088_n

ഏതാണ്ട് ഉച്ച കഴിഞ്ഞതോടെ ജോധ്പൂരിലേക്കു തിരിച്ചു. അജ്‌മീർ വഴിയാണ് യാത്ര. വഴിയിൽ മിസ്റ്റർ മീണ ഉച്ച ഭക്ഷണത്തിനായി വണ്ടി നിർത്തി. ഇവിടെ വെച്ചാണ് യാത്രയുടെ അവസാനം വരെ ഒപ്പം കൂടിയ ഒരു മഹാത്ഭുതത്തെ ഞങ്ങൾ പരിചയപ്പെടുന്നത്. കേർ സാംഗ്രി. മരു പ്രദേശങ്ങളിൽ മാത്രം ലഭ്യമായ ചെടികളിൽ നിന്ന് ലഭിക്കുന്ന ബെറിയും ബീൻസും കൊണ്ട് ഉണ്ടാക്കിയ സ്വാദിഷ്ടമായ വെജിറ്റേറിയൻ കറി. രാജസ്ഥാനിലെ സാധാരണക്കാരന്റെ ഭക്ഷണം. അതിനോടൊപ്പം അല്പം ചോറും തൈരും കിട്ടിയാൽ സംഗതി കുശാൽ. ഇതിന്റെ ഉണങ്ങിയ ഇലകളും ബെറിയും വാങ്ങാൻ കിട്ടും. അതുമായി നാട്ടിലേക്ക് മടങ്ങിയാൽ ഇടയ്ക്കിടെ രാജസ്ഥാൻ ഓർമ്മകൾ വലിയ ചെലവില്ലാതെ അയവിറക്കാം.

അജ്മീർ എത്തിയപ്പോൾ ഏതാണ്ട് അഞ്ചു മണിയായി. പന്നികൾ പെറ്റു പെരുകിയ ഇടുങ്ങിയ ഗലികളിലൂടെയുള്ള യാത്ര. ഒടുവിൽ ഗലികൾ അവസാനിക്കുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ പള്ളി പെട്ടെന്ന് നിങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുന്നത് കാണാം. ആൾക്കൂട്ടത്തിൽ നിങ്ങൾക്ക് വഴി തെറ്റാനും അതിനേക്കാളുപരി പോക്കറ്റടിക്കപ്പെടാനും സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ബസിൽ ഞങ്ങളെ സ്വീകരിക്കാനെത്തിയ ട്രസ്റ്റ് പ്രതിനിധി പറഞ്ഞിരുന്നതിനാൽ എല്ലാവരും ശ്രദ്ധാലുക്കളായിരുന്നു.

53086090_10214125453198165_5758777465707167744_n

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പേർഷ്യയിൽ നിന്നെത്തിയ സൂഫി പുണ്യാളൻ ക്വജാ മൊയിനുദ്ദീൻ ചിസ്റ്റിയുടെ ഖബർ ഉൾക്കൊള്ളുന്നതാണ് പള്ളി. ഇസ്‌ലാമിക് മിസ്റ്റിസിസം ഇന്ത്യയിൽ പ്രചരിപ്പിച്ചവരിൽ പ്രമുഖൻ. സംഗീതത്തെ ഇന്ത്യൻ സുന്നി ഇസ്‌ലാമിന് പരിചയപ്പെടുത്തിയ സാധുക്കളുടെ സഹായി. അക്ബർ ചക്രവർത്തി ഇദ്ദേഹത്തിന്റെ മക്ബറയിലെ സ്ഥിരം സന്ദർശകനായിരുന്നു. ആത്മശാന്തി അന്വേഷിച്ചാണ് ഇന്ന് നിങ്ങൾ അവിടേക്കു പോകുന്നതെങ്കിൽ അതൊഴികെ മറ്റെല്ലാം നിങ്ങൾക്കവിടെ കിട്ടും. ഒരു തികഞ്ഞ കച്ചവട കേന്ദ്രം
പള്ളിയുടെ ഏറ്റവും ഉൾഭാഗത്തു ചിസ്റ്റിയുടെ കബർ ഉൾക്കൊള്ളുന്ന മുറിയിലേക്ക് ഒരു വിധം തിക്കിത്തിരക്കി കടന്നപ്പോൾ പെട്ടെന്നൊരാൾ കൂട്ടത്തിലുണ്ടായിരുന്ന ജോസഫിനെ കടന്നു പിടിച്ചു തലയിലുഴിഞ്ഞു കൊണ്ട് ജോസഫിനായി പ്രാർത്ഥിക്കാൻ തുടങ്ങി. നിരീശ്വര വിശ്വാസികൾ ആയ സഹയാത്രികർ കൈകൾ ആകാശത്തേക്ക് ഉയർത്തിപ്പിടിച്ചു ഒപ്പം കൂടി. പെട്ടെന്നാണയാൾ ജോസഫിനോട് പേര് ചോദിച്ചത്. ഒരു നിമിഷം ഞങ്ങളെയൊന്നു നോക്കിയ ശേഷം ഒട്ടും അറയ്ക്കാതെ ജോസഫ് പറഞ്ഞു, യൂസഫ്. പിന്നെ ഇടയ്ക്കിടെ അറബി മന്ത്രോച്ചാരണങ്ങൾക്കിടയിൽ യൂസഫ് യൂസഫ് എന്നിങ്ങനെ കേൾക്കുന്നുണ്ടായിരുന്നു.

53110924_10214126385661476_3888235598170816512_n

അജ്മീറിൽ നിന്ന്‌  ജോധ്പൂരിൽ എത്തിയപ്പോഴേക്കും ഏതാണ്ട് അർദ്ധരാത്രി കഴിഞ്ഞിരുന്നു. മിലിറ്ററി നഗരങ്ങളാണ് ജോധ്‌പൂരും ജൈസാൾമീറും. ഇടയ്ക്കിടെ തലയ്ക്കു മീതെ യുദ്ധ വിമാനങ്ങൾ പരിശീലന പറക്കലുകൾ നടത്തുന്നുണ്ടായിരുന്നു. ഒന്നിലധികം തവണ നാല് വിമാനങ്ങൾ വീതം ഒരുമിച്ചു പറക്കുന്നത് കണ്ട സുഹൃത്ത് അതെന്താ മൂന്നോ അല്ലെങ്കിൽ അഞ്ചോ ആയി പോകാത്തത് എന്ന് ചോദിച്ചപ്പോൾ കൂട്ടത്തിലാരോ, ഡേയ്, മൂന്നു പേർ ഒരു വഴിക്കു പോയാൽ ഐശ്വര്യക്കേട്‌ ആണെന്ന് അറിയില്ലേ എന്ന് ആ പഴയ പഴഞ്ചൊല്ല്  പറഞ്ഞു കൊണ്ട് ഓർമ്മിപ്പിച്ചു. ജോധ്പുർ മനോഹരമായ വലിയ നഗരമാണ്. ഭക്ഷണം ഒരു ബുദ്ധിമുട്ടായതേയില്ല. അപ്പോഴേക്കും കേർ സാംഗ്രിക്കൊപ്പം ലാൽ മാസ് കൂടി കണ്ടെത്തിയിരുന്നു ഞങ്ങൾ, ചുവന്ന മട്ടൻ കറി.

ജോധ്പുർ രാജാക്കന്മാരുടെ മുഖ്യവിനോദം ആയിരുന്നു പോളോ. ഇന്നും വലിയ പോളോ ചാംപ്യൻഷിപ് ജോധ്പുരിൽ എല്ലാ വർഷവും നടക്കാറുണ്ട്. മഹാധനികരായ രാജാക്കന്മാരുടെയും മഹാദരിദ്രരായ ജനസമൂഹത്തിന്റെയും നാടാണ് രാജസ്ഥാനിലെ എല്ലാ മുൻ നാട്ടു രാജ്യങ്ങളും. ജനം വറുതിയിലാകുമ്പോൾ അവർക്കുള്ള തൊഴിലുറപ്പു പദ്ധതി എന്ന നിലയിലായിരുന്നു ഈ നഗരങ്ങളിലെ മിക്കവാറും കോട്ടകളും കൊട്ടാരങ്ങളും നിർമ്മിക്കപ്പെട്ടത്. ജോലിക്കു കൂലി ഭക്ഷണം. പഴയ രാജനഗരത്തിന്റെ പ്രൗഢി ഇന്നും ജോധ്പുർ കാത്തു സൂക്ഷിക്കുന്നു. കൂറ്റൻ കോട്ടകളും കൊട്ടാരങ്ങളുമാണ് രാജസ്ഥാനിലെങ്ങും. ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ രാജാക്കന്മാരെയൊക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് എന്ന് ഒരു സുഹൃത്ത് തമാശിച്ചതു വലിയ സംവാദങ്ങൾക്കിടയാക്കി.

53121617_10214125461398370_739281373356883968_n

ജോധ്‌പൂരിലെ ഒരു മ്യുസിയത്തിൽ ഇന്ത്യയിലെ എല്ലാ പ്രമുഖ നാട്ടു രാജാക്കന്മാരും ഒന്നിച്ചിരിക്കുന്ന ചില ഫോട്ടോകളിൽ കോഴിക്കോട് സാമൂതിരിയേയും തിരുവിതാംകൂറിലെ യുവരാജാവിനെയും കണ്ടത് കൗതുകമുളവാക്കി

അവസാന രണ്ടു ദിനരാത്രങ്ങൾ ജൈസാൾമീരിൽ ആയിരുന്നു. ഒരു ചെറു നഗരം. എ ഡി 1155 ൽ നിർമ്മിച്ച കോട്ട അത്ഭുതമുളവാക്കി. ജനാലകളും വാതിലുകളും നിറയെ മനോഹരമായ കൊത്തുപണികൾ ഒരു വ്യത്യാസം മാത്രം തടിയിലല്ല ആ കൊത്തുപണി ചെയ്തിരിക്കുന്നത് അവിടെ മാത്രം ലഭ്യമാകുന്ന കല്ലുകളിലാണ്. മരുഭൂമിയുടെ നടുവിൽ ആ വലിയ കോട്ടയും കൊട്ടാരവും നിർമ്മിച്ചിരിക്കുന്നത് ഒരു തുള്ളി വെള്ളം പോലും ഉപയോഗിക്കാതെ സിമന്റോ കുമ്മായമോ ഇല്ലാതെ, ഇന്റർ ലോക്കിങ് സംവിധാനം ഉപയോഗിച്ച്. ബ്രാഹ്മണർക്കും രജപുത്രർക്കും മാത്രമാണ് കോട്ടയ്ക്കുള്ളിൽ താമസിക്കാനുള്ള അവകാശം. മറ്റുള്ളവരെല്ലാം പടിക്ക്, സോറി, കോട്ടയ്ക്ക്  പുറത്ത്. ജോധ്പുരിലേത് പോലെ തന്നെ ഉന്നത ജാതികളെ തിരിച്ചറിയാൻ വീടുകൾക്ക് പ്രത്യേക നിറങ്ങളുമുണ്ട്
ഞങ്ങളുടെ ഗൈഡ് ഖുഷ്‌വ സരസമായി സംസാരിക്കാൻ അറിയുന്ന ആളായിരുന്നു. അദ്ദേഹം പകുതി തമാശയായി ഒരു രഹസ്യം പറഞ്ഞു 1971 ലെ ഇന്ത്യാ പാക് യുദ്ധം ഉണ്ടായതിൽ സന്തോഷിക്കുന്നവർ ആണ് ഞങ്ങൾ ജൈസാൾമീറുകാർ.

53224185_10214125454638201_7826703647776964608_n

വിഭജനത്തിനു മുൻപ് വരെ വലിയ ഒരു കച്ചവട കേന്ദ്രമായിരുന്നു ജൈസാൾമീർ. നൂറ്റാണ്ടുകൾ നീളുന്ന ചൈനീസ് അറബ് വ്യാപാരത്തിന്റെ അതിപുരാതന പാതയായിരുന്ന സിൽക്ക് റൂട്ടിലെ ഒരു പ്രധാന ഇടത്താവളം ആയിരുന്നു ജൈസാൾമീർ. വിഭജനത്തോടെ അതിർത്തികൾ അടയ്ക്കപ്പെട്ടപ്പോൾ ജൈസാൾമീരിന്റെ പ്രൗഢ കാലം കഴിഞ്ഞു കച്ചവടക്കാർ ഇരു ഭാഗങ്ങളിലേക്കുമായി എല്ലാം ഉപേക്ഷിച്ചു പോയി. അങ്ങിനെ മരുഭൂമിയിൽ എല്ലാ ചരിത്ര പ്രാധാന്യങ്ങളും നഷ്ടപ്പെട്ട്, ആർക്കും വേണ്ടാതായ വൃദ്ധയായ വേശ്യയെ പോലെ കഴിഞ്ഞിരുന്ന ജെയ്‌സല്മീരിനെ തിരികെ കൊണ്ട് വന്നത് ഇന്ത്യാ പാക് യുദ്ധമാണ്. അതോടുകൂടിയാണ് 47 മുതൽ അവഗണിക്കപ്പെട്ടു കിടന്നിരുന്ന ജൈസാൾമീരിന്റെ തന്ത്രപരമായ പ്രാധാന്യം ഇന്ത്യൻ ഭരണാധികാരികൾക്ക് മനസ്സിലാകുന്നത് താമസിയാതെ അവിടേക്കു ആദ്യം മിലിറ്ററി ബേസുകളും അതിനു പിറകെ വെള്ളവും പിന്നെ ഒരു നഗരം തന്നെയും എത്തി. പിന്നെ പൊക്രാൻ വന്നു. അപ്പോൾ കൂടുതൽ വികസനം വന്നു, ഖുഷ്‌വ പറഞ്ഞു. തുടർന്നുണ്ടായ ഇന്ദിരയുടെ സന്ദർശനം നഗരത്തെ വീണ്ടും അണിഞ്ഞൊരുങ്ങിയ ഒരു സുന്ദരിയാക്കി മാറ്റി.

53283555_10214125498919308_837904890603765760_n

അവസാന ദിവസം താമസിച്ചത് ജൈസാൾമീരിൽ നിന്ന് 50 കി മി അകലെ സാൻഡ്‌  ഡ്യുൺസിലാണ്. മരുഭൂമിയുടെ നടുക്ക് ഒരു ടെന്റിൽ. രാത്രി വൈകി ടെന്റുകൾക്കു നടുവിൽ അതിഥികൾക്കായി ഒരുക്കിയ രാജസ്ഥാനിലെ തദ്ദേശീയ നൃത്തങ്ങളും കലാപരിപാടികളും കണ്ടിരുന്നു. സന്ധ്യ നേരം ഞങ്ങളിൽ ചിലർ ഒട്ടകപ്പുറത്തു മരുഭൂമിക്കുള്ളിലേക്കു നടത്തിയ മണിക്കൂറുകൾ നീളുന്ന യാത്ര അവിസ്മരണീയമായിരുന്നു. നാല് ചുറ്റും മണൽക്കാടുകൾ മാത്രമായപ്പോൾ സൂര്യാസ്തമയം കാണാനായി ഒരു മണൽക്കൂനയ്ക്കു മുകളിലിരുന്നു. അതിമനോഹരമായ കാഴ്ച

പിറ്റേ ദിവസം ഹോട്ടലുടമ ഇങ്ങോട്ടു വന്നു പരിചയപ്പെട്ടു. കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ, ‘I know Kerala , that’s a rich country’ എന്നായിരുന്നു അയാളുടെ മറുപടി.

53296992_10214125555560724_4459959001546752000_n 53359563_10214125517759779_490298369701314560_n 53484867_10214125451038111_8894424193915944960_n 53581871_10214125526640001_4766206284468846592_n 53618371_10214126402501897_6861086607546515456_n 52898305_10214126355500722_8747453269200076800_n 52982008_10214126362140888_8049689729785921536_n 52983101_10214126347220515_6171102937532596224_n 52987192_10214126419182314_1015236007127154688_n

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like