പൂമുഖം TRAVEL ‘ഹിപ്പികളുടെ നഗരം… ലഹരിക്കുപ്പികളുടെ നഗരം….!’

‘ഹിപ്പികളുടെ നഗരം… ലഹരിക്കുപ്പികളുടെ നഗരം….!’

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
ഘുവായെന്തെങ്കിലും തിന്നാനോ കുടിക്കാനോ കിട്ടുമോ എന്നന്വേഷിച്ചാണ്, കടയുടെ മുന്നിലെ ചെറിയ ബോര്‍ഡ് കണ്ട്, കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന കടയാണെന്നറിഞ്ഞിട്ടും  ഞങ്ങള്‍ കയറിയത്. ബോര്‍ഡ്, അടഞ്ഞുകിടക്കുന്ന അടുത്ത കടയുടേതാണെന്നു പറഞ്ഞ, കൌണ്ടറില്‍ ഇരുന്നിരുന്ന സ്ത്രീ ഒരു വശത്തേയ്ക്ക് ചൂണ്ടാതെ ചൂണ്ടി, പറയാതെയെന്തോ പറയുന്നുണ്ടായിരുന്നു. ഒപ്പം, ‘പ്രകാശ’മായി’, ‘റോഡിന്‍റെ ഇതേ വശത്ത് പത്ത് ചുവട് കൂടി നടന്നാല്‍ നല്ല ഒരു റെസ്റ്റാറന്‍റ് ഉണ്ടെ’ന്നും.  ചിരിച്ച്, നന്ദി പറഞ്ഞ്, പുറത്തേക്കിറങ്ങിയ ശേഷം മകളും മരുമകനും ആംഗ്യാഭിനയ ത്തിന്‍റെ പൊരുള്‍ വിശദീകരിച്ചു. കറുപ്പോ കഞ്ചാവോ വേണമെങ്കില്‍ അകത്തുണ്ടെന്നു സൂചിപ്പിച്ചതായിരുന്നു ചെറുപ്പക്കാരിയായ മദാമ്മ.

തൊട്ടടുത്ത്, അബൊറിജിനല്‍ ആര്‍ട്ട് എന്ന ബോര്‍ഡിന് കീഴെയുള്ള ഹാളില്‍ അവിടവിടെ ചിത്രംവരയില്‍ മുഴുകിയിരിക്കുന്നവരെ കാണാമായിരുന്നു.. ഏകദേശം, അകത്തേയ്ക്കുള്ള വഴി മറയ്ക്കുന്ന മട്ടില്‍, മേശയുടെ രണ്ടറ്റവും മുറുകെ പിടിച്ചിരിക്കുന്ന ചെറുപ്പക്കാരനും  കാടുപിടിച്ചും മുഷിഞ്ഞും കിടന്ന അയാളുടെ ചിതറിയ മുടിയില്‍ വിരലോടിച്ച്, അടുത്തിരുന്ന കൂട്ടുകാരിയും മറ്റേതോ ലോകത്തായിരുന്നു. ഒരു കുട്ടിക്കാലുറ മാത്രമായിരുന്നു ശോഷിച്ചുണങ്ങിയ ചെറുപ്പക്കാരന്‍റെ വേഷം. പേരിനുമാത്രം വസ്ത്രം ധരിച്ച പെണ്‍കുട്ടിയുടെ മുഖത്ത്, കടന്നു പോകുന്നവര്‍ക്കായി ഒരു ക്ഷീണിച്ച പുഞ്ചിരി പതിച്ചു വെച്ചിരുന്നു.

ആസ്ട്രേലിയയുടെ മയക്കുമരുന്ന് തലസ്ഥാനമെന്ന് വിലയിരുത്തപ്പെടുന്ന നിംബിനില്‍ ആയിരുന്നു ഞങ്ങള്‍.

കലയിലും മാറിയ ചിന്തയിലും പ്രകൃതിസ്നേഹത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും സ്വയം പര്യാപ്തതയിലും വിശ്വസിക്കുന്നവരുടെ കൂട്ടായ്മയാണ്‌, ഗ്രാമനിവാസികള്‍ക്ക്, നിംബിന്‍!

ഒരാഴ്ചത്തെ യാത്രയുടെ ആദ്യപാതി‍, താമസിക്കുന്ന സ്ഥലത്ത് നിന്ന്‍ അഞ്ഞൂറോളം കിലോമീറ്റര്‍ ദൂരെ ബെലിന്ജനിലെ ഒരു ഹോംസ്റ്റേയില്‍ കഴിച്ച്, തലേന്ന് രാത്രിയാണ് അയല്‍ സംസ്ഥാനമായ ക്വീന്‍സ് ലാന്‍ഡിലെ തലെബുഡ്ജിറയില്‍ ഞങ്ങളെത്തിയത്‍. രണ്ടിടത്തും കാടും മലയും വീടിനെ പൊതിഞ്ഞുനിന്നു. പുതിയ സ്ഥലത്ത്, ഒരു നീന്തല്‍ക്കുളവും-
പശ്ചാത്തലത്തില്‍ ചീവീടുകളുടെ സംഗീതം ഒരേ താളത്തില്‍, രാപ്പകലില്ലാതെ തുടര്‍ന്നു.- ആസ്ട്രേലിയന്‍ പക്ഷികളുടെ ചിലയ്ക്കലും‍- ഇടയ്ക്ക് പലപ്രാവശ്യം പ്രത്യക്ഷപ്പെട്ട്, കാഴ്ചപ്പുറത്ത് ചുറ്റിത്തിരിഞ്ഞ്‌, പൊന്തക്കാടുകളി ലേയ്ക്ക് ചാടി മറഞ്ഞു ഒരു ചെറുപ്പക്കാരന്‍ കംഗാരു. പടിക്കല്‍, വേലികെട്ടിയ ചെറിയ  മൈതാനത്തില്‍ പോണിടെയ് ലും പ്രദര്‍ശിപ്പിച്ച്, ഇണക്കത്തോടെ അടുത്തുവന്നു നിന്നു, ഭംഗിയില്ലാത്ത ഒരു പോണി.

പിറ്റേന്ന് പ്രാതല്‍ കഴിഞ്ഞു പുറത്തിറങ്ങിയ ഞങ്ങള്‍,. കാര്‍ നിര്‍ത്തി ഇറങ്ങിയത്,  നിംബിന്‍ ബുഷ്‌ തിയേറ്ററിന്‍റെ മുന്നിലായിരുന്നു. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, പരീക്ഷണ കുതുകികളും അരാജകവാദികളും കലാസ്നേഹികളുമായ ഒരു കൂട്ടം കോളേജുവിദ്യാര്‍ഥി കള്‍ പ്രതിസംസ്കാരത്തിന്‍റെ സ്വന്തം കളരിയായി വികസിപ്പിച്ചെടുത്തതായിരുന്നു ബുഷ്‌ തിയേറ്റര്‍.
എണ്‍പതുകളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തിയേറ്റര്‍ മൂന്നുകൊല്ലം മുമ്പ്, അല്പം അകലെ, നിംബിന്‍ മാര്‍ക്കറ്റിലെ തീപ്പിടുത്തത്തെ തുടര്‍ന്ന്‍ അടച്ചുപൂട്ടിയിരുന്നു. പുതിയ മാനേജ്മെന്‍റിനു കീഴില്‍, ഒരു പുനരുദ്ധാരണത്തിന്‍റെ വഴിയിലാണ് തിയേറ്റര്‍.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പാതിയോടെ പ്രവര്‍ത്തനം നിലച്ച വെണ്ണയുല്‍പ്പാദനകേന്ദ്രമായിരുന്നു തിയേറ്റര്‍ ആയി നവീകരിക്കപ്പെട്ടത്. സാമ്പത്തികരംഗത്തെ മഹാമാന്ദ്യത്തെത്തുടര്‍ന്ന് മുന്നൂറിലധികം ക്ഷീരോത്പാദന ഫാമുകളാണ് അന്ന്, ആദ്യം അടച്ചു പൂട്ടിയത്. തുടര്‍ന്ന്‍ വെണ്ണ നിര്‍മ്മാണ ശാലയും.പശുവളര്‍ത്തിയും വാഴകൃഷി ചെയ്തും കഴിഞ്ഞിരുന്ന ഗ്രാമീണരുടെ, സ്വൈരജീവിതം, സാമ്പത്തിക പ്രതിസന്ധിയില്‍ താറുമാറായി. ഉപജീവനത്തിന് വഴിയില്ലാതെ ജനം കൂട്ടത്തോടെ നാടുവിട്ടു. ഇന്ന് പതിനായിരത്തിലധികം സ്ഥിരതാമസക്കാര്‍ ഉള്ള ഗ്രാമത്തിലെ ജനസംഖ്യ അന്ന് മുന്നൂറിലേയ്ക്കെത്തിയിരുന്നു.

1973 മെയ്‌ മാസത്തില്‍‍, അരങ്ങേറിയ അക്വേരിയസ് ഫെസ്റ്റിവല്‍ ആയിരുന്നു മാറ്റത്തിന്‍റെ തുടക്കം. നിയതമായ ചട്ടക്കൂടുകളും നിബന്ധനകളും ഇല്ലാത്ത ഒരു ഭ്രാന്തന്‍ ആഘോഷമായി രുന്നു പത്ത് ദിവസം നീണ്ടു നിന്ന ഫെസ്റ്റിവല്‍. രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ സര്‍വകലാശാലാവിദ്യാര്‍ഥികളടക്കം അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ആളുകള്‍ പങ്കെടുത്തതായാണ് കണക്ക്.

ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം ആള്‍ക്കാര്‍ ഒഴിഞ്ഞുപോയി ഭൂപടത്തില്‍ തേഞ്ഞു മാഞ്ഞുപൊയ്ക്കൊണ്ടിരുന്ന നിംബിനെ പുനരുജ്ജീവിപ്പിച്ചത്, സ്വന്തം കാലുകളില്‍ നിര്‍ത്താറാക്കിയത്, ഒരു തിരിച്ചു പോക്ക് അസാദ്ധ്യമായ മട്ടില്‍ ഈ നാടിന്‍റെ ദിശ തിരിച്ചു വിട്ടത് അതായിരുന്നു.

ആഘോഷത്തില്‍ പങ്കെടുത്തവര്‍ പാടി- നൃത്തം ചെയ്തു- ചിത്രം വരച്ചു- നാടകങ്ങള്‍ എഴുതി, അവതരിപ്പിച്ചു- മാനുഷികതയുമായി ഒത്തുപോകാത്ത വ്യവസ്ഥിതിയെ, വിചാരണ ചെയ്തു. കഞ്ചാവും എല്‍.എസ്.ഡി.യും സൃഷ്ടിച്ച മാസ്മര ലോകത്ത് മയങ്ങിക്കിടന്നു..- നഗ്നരായി തെരുവുകളില്‍ നടന്നു- അതിരില്ലാത്ത ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചു- സ്വവര്‍ഗാനുരാഗതാത്പര്യങ്ങള്‍ ആഘോഷിച്ചു….

ഫെസ്റ്റിവല്‍ ഒരു വലിയ വിജയമായിരുന്നു.. അവസാനിച്ചിട്ടും അതിന്‍റെ ലഹരി അന്തരീക്ഷത്തില്‍ ബാക്കി നിന്നു.. പങ്കെടുത്തവരില്‍ കുറെ പേര്‍, വിലക്കുകള്‍ ഇല്ലാത്ത വ്യത്യസ്തമായ ജീവിതരീതിയിലേയ്ക്ക് മാറാന്‍ സന്നദ്ധരായി, കമ്യൂണുകള്‍ രൂപീകരിച്ച് അവിടെത്തന്നെ താവളമുറപ്പിച്ചു. പിന്നീട് വന്ന പലരും  നിലവിലുള്ള സംഘങ്ങളില്‍ അംഗത്വം എടുത്തോ പുതിയവ രൂപീകരിച്ചോ നിംബിന്‍കാരായി. സിദ്ധ ഫാമും ബോധി ഫാമും ഒക്കെ ഇങ്ങനെയുള്ള കൂട്ടായ്മകളാണ്.
എല്ലാ അര്‍ത്ഥത്തിലും നിംബിന്‍ ഒരു സ്വതന്ത്ര കലാഗ്രാമമായി മാറി.

[pullquote]ഒരു കുട്ടിക്കാലുറ മാത്രമായിരുന്നു ശോഷിച്ചുണങ്ങിയ ചെറുപ്പക്കാരന്‍റെ വേഷം. പേരിനുമാത്രം വസ്ത്രം ധരിച്ച പെണ്‍കുട്ടിയുടെ മുഖത്ത്, കടന്നു പോകുന്നവര്‍ക്കായി ഒരു ക്ഷീണിച്ച പുഞ്ചിരി പതിച്ചു വെച്ചിരുന്നു.[/pullquote]

യുദ്ധമടക്കം പ്രകൃതിക്ക് നിരക്കാത്ത, എല്ലാ രാഷ്ട്രീയത്തിനും എതിരാണ്
നിംബിന്‍- പ്രകൃതി വിരുദ്ധമായി പരിഷ്കൃത സമൂഹം വിലയിരുത്തുന്ന പലതിനും അനുകൂലവും!

മഴക്കാടുകള്‍ നശിപ്പിക്കുന്നതിന്നെതിരെ നിയമനിര്‍മ്മാണത്തിനു കാരണമായ, ലോകത്തെ ആദ്യ സമരം നടന്നത് ഇവിടെയാണ് എന്ന്‍ ഗൂഗ്ള്‍ രേഖകളില്‍ കാണുന്നു. 1979ല്‍, ‘ടെറാനിയ ക്രീക്കിന് വേണ്ടിയുള്ള പോരാട്ടം’ എന്ന പേരില്‍ നടന്ന സമരത്തെ തുടര്‍ന്ന്‍ ന്യൂ സൌത്ത് വെയില്‍സില്‍ മഴക്കാടുകളില്‍ മരം വെട്ടുന്നത് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി.

ഇന്നത്തെ നിംബിന്‍ സമൂഹത്തിന്‍റെ ആദ്യകാല തലമുറ വിയറ്റ്നാം യുദ്ധത്തിനെതിരെ എടുത്ത നിലപാടും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരും നിംബിനിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു.
ആസ്ട്രേലിയയുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ നിംബിന്‍ ശക്തമായി ചുവടുറപ്പിച്ചു.

തെരുവുകളില്‍ പരസ്യമായി കഞ്ചാവും ഹെറോയിനും കച്ചവടം ചെയ്തും ആസ്വദിച്ചും കഴിഞ്ഞ ഗ്രാമം സഞ്ചാരികളുടെ പ്രിയസങ്കേതമായി. കഞ്ചാവ് കൃഷിയും മതിഭ്രമമുണ്ടാക്കു ന്ന ‘മാന്ത്രിക കൂണ്‍’ കൃഷിയും വ്യാപകമായി. പുത്തന്‍ സാന്നിദ്ധ്യമായി ഹെറോയിനുമെത്തി.

കഞ്ചാവിന്‍റെ ഔഷധഗുണങ്ങള്‍ തിരിച്ചറിഞ്ഞ്, അതിന്മേലുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട്, വര്‍ഷം തോറും നിംബിനില്‍ ഇപ്പോഴും മര്‍ദിഗ്രാസ് എന്ന പേരില്‍  പരിപാടികള്‍ അരങ്ങേറുന്നു.
ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ഇനങ്ങളിലൊന്നില്‍, പകെടുക്കുന്നവര്‍ പത്ത് കിലോഗ്രാം തൂക്കമുള്ള രാസവളത്തിന്‍റെ ബാഗ് തലയില്‍ ചുമന്നു വേണം ഒരു ഘട്ടം ഓടിത്തീര്‍ക്കാന്‍.  അടുത്ത ഘട്ടം ഒരു ബക്കറ്റ് വെള്ളം ചുമന്നുകൊണ്ടും. അവസാനഘട്ടം പ്രതീകാത്മകമായി കഞ്ചാവ് ചെടി ചുമന്നും.
ജൈവവളം മാത്രമുപയോഗിച്ചുള്ള കൃഷിയിലേയ്ക്ക് ശ്രദ്ധയാകര്‍ഷിക്കുന്നതിന്നതിനും കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തി പൂര്‍ണ ആരോഗ്യവാനായിരിക്കും എന്ന് കാണിക്കു ന്നതിനും വേണ്ടിയാണ് പരിപാടി!‍.

റോഡിനിരുവശത്തും വര്‍ണശബളമായ ബോര്‍ഡുകളോടു കൂടിയ റെസ്റ്റോറന്‍റുകളും ബേക്കറികളും കൌതുകവസ്തുക്കളുടെ കടകളും ഇവക്കിടയില്‍ തന്നെ പോലീസ് സ്റ്റേഷനും- അത്രയേയുള്ളൂ റെയിന്‍ബോ കമ്യൂണിറ്റിയുടെ നിംബിന്‍ മാര്‍ക്കറ്റ്-

എഴുപതുകളുടെ അവസാനത്തോടെ തന്നെ, നിംബിന്‍ സാഹസികമായ ജീവിതരീതിയുടെ  ദുഷിച്ച ഫലങ്ങളിലേയ്ക്കും നീങ്ങി.

നിംബിനില്‍ കുറ്റകൃത്യങ്ങള്‍ പെരുകി. മയക്കുമരുന്നു മാഫിയയുടെ ജാഗ്രതയുള്ള കച്ചവട ക്കണ്ണുകള്‍ ഗ്രാമത്തിലുമെത്തി. ഭരണകര്‍ത്താക്കള്‍ക്ക് ഇടപെടാതെ വയ്യെന്നായി. മയക്കു മരുന്നുകളുടെ കൊടുക്കല്‍ വാങ്ങലുകളും ഉപയോഗവും അതിസാധാരണമായി. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രമെന്ന നിലയ്ക്ക്‍, മിതമായ അളവില്‍ ‘മരുന്ന്‍’  പാക്കറ്റുകളില്‍ ആക്കി വില്‍പ്പന നടത്താന്‍ കടകളെ അനുവദിച്ച് പ്രശ്നം പരിഹരിക്കാ നൊരു ശ്രമം നടന്നു. അനധികൃത വില്‍പ്പന തടയുക എന്ന ലക്‌ഷ്യം ഒരു പരിധി വരെ നേടാനായി. പക്ഷേ, ബേക്കറികളിലേയും റെസ്റ്റോറന്‍റുകളിലേയും കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്ത് മയക്കു മരുന്ന് മാഫിയ ഈ ശ്രമത്തെ മുളയിലേ നുള്ളി…

സംസ്ഥാനത്ത്. മയക്കു മരുന്ന് വില്‍പ്പന കുറ്റകരമാണ്. പക്ഷേ, പ്രകൃത്യൌഷധങ്ങളുടെ ലേബലൊട്ടിച്ച് അതതിന്‍റെ പാട്ടിന് നടക്കുന്നു.. നമ്മുടെ നാട്ടിലെ സുഗന്ധവ്യഞ്ജനങ്ങളും അശ്വഗന്ധവും നായ്ക്കുരണപ്പൊടിയും കസ്തൂരിയും ഒക്കെ കടകളിലെ ഷെല്‍ഫുകളില്‍ കാണാം, കാമശാസ്ത്രവും അനംഗരംഗവും യോഗശാസ്ത്രവും ഒക്കെയായി പുസ്തകങ്ങളും.

അത്തരമൊരു  കടയില്‍ ചെറുപ്പക്കാരനോട് കടയിലെ ജീവനക്കാരന്‍, ഒരു ചെറിയ പാക്കറ്റ് ഉയര്‍ത്തിക്കാട്ടി വിശദീകരിക്കുന്നുണ്ടായിരുന്നു: ‘ആദ്യത്തെ മൂന്നു മണിക്കൂര്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും.. അതു കണക്കിലെടുക്കേണ്ട..! തുടര്‍ന്നുള്ള ആറു മണിക്കൂര്‍ മറക്കാനാവാത്ത അതീന്ദ്രിയ അനുഭവമായിരിക്കും!!’

പഴയ പാട്ടില്‍ പറഞ്ഞ ‘കഞ്ചാവിന്‍ മണമുള്ള കാറ്റ്’ നമ്മളെ കടകളില്‍ മാത്രമല്ല തെരുവി ലും ശരിയായ അര്‍ത്ഥത്തില്‍ പിന്തുടരുന്നു.താടിയും തലമുടിയും വളര്‍ത്തി, അയഞ്ഞ, മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞ്‌ ബെഞ്ചുകളിലും നിലത്തും ഇരുന്ന്‍ ചര്‍ച്ചകളില്‍ മുഴുകിയിരുന്നവരില്‍ കുറെയേറെ അബൊറിജിനുകളേയും കണ്ടു.  നിംബിന് അവരുടെ ‘കിന്നാവുകളുടെ കാലവു’മായി ബന്ധമുണ്ട്. പ്രാദേശികരായ ആദിവാസി ഗോത്രക്കാരുടെ വിശ്വാസമനുസരിച്ച്, നാടിന്‍റെ രക്ഷകരായ നിംബിന്‍ജീ സ്പിരിറ്റുകളുടെ ദിവ്യസാന്നിദ്ധ്യമുള്ള സ്ഥലമാണ് നിംബിന്‍.

’73 ലെ അക്വേരിയസ് ഫെസ്റ്റിവല്‍ മുതല്‍ തന്നെ അബൊറിജിനുകള്‍ നിംബിനിലെ റെയിന്‍ ബോ സമൂഹത്തിന്‍റെ ഭാഗമായത് ഒരു ആകസ്മികതയാണ്. ഫെസ്റ്റിവലിലെ അവരുടെ പങ്കാളിത്തം മുന്‍‌കൂര്‍ നിശ്ചയിക്കപ്പെട്ടതായിരുന്നില്ല.. മുഖ്യ സംഘാടകരില്‍ ഒരാള്‍, പരിപാടിയുടെ പ്രചാരണ പരിപാടികളിലൊന്നില്‍ പങ്കെടുക്കവേ, നേരിടേണ്ടി വന്ന ‘നിങ്ങള്‍ ആദിവാസികളുടെ സമ്മതം വാങ്ങിയോ?’ എന്ന അപ്രതീക്ഷിത ചോദ്യമാണ്, അതിന് നിമിത്തമായത്. പരിപാടിക്കായി  തിരഞ്ഞെടുത്ത സ്ഥലത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന വിശ്വാസവും അത് ധിക്കരിക്കപ്പെട്ടാല്‍ പ്രകൃതി ശക്തികളുടെ കോപത്തിനും ശാപത്തിനും ഇരയായേയ്ക്കു മെന്ന ഭയവും ഏതു വിധേനയും അവരുടെ പ്രീതി  സമ്പാദിച്ചേ മതിയാവു എന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചു.  ഭൂമിയുമായും പ്രകൃതിയുമായും നേരിട്ട് സംവദിക്കുന്ന, ആത്മബന്ധം പുലര്‍ത്തുന്ന, ആദിവാസികളുടെ സംസ്കൃതിയില്‍ അധിഷ്ഠിതമായ ഒരു ജീവിതരീതി തന്നെ സ്വീകരിക്കാന്‍ നിംബിനില്‍ താവളമുറപ്പിച്ചവര്‍ തയ്യാറായത് അങ്ങനെയാണ്.

The Nimbin Good Times പോലെ അച്ചടി/വെബ് പതിപ്പുകള്‍ ഉള്ള ആനുകാലിക ങ്ങള്‍ വഴിയും‍, ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആധുനിക മാദ്ധ്യമങ്ങള്‍ വഴിയും  നിംബിന്‍ സമൂഹവും അതുയര്‍ത്തിപ്പിടിക്കുന്ന  ആശയങ്ങളും ലോകവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു.

മണ്ണിലേയ്ക്ക് മടങ്ങുക എന്നതാണ് നിംബിന്‍ വിശ്വസിക്കുന്ന പ്രതിസംസ്കാരത്തിന്‍റെ മുദ്രാവാക്യം..

[Not a valid template]

Comments
Print Friendly, PDF & Email

You may also like