ആരുമറിയാതെ !
കേളു മാഷ് നാട്ടുമ്പുറത്തെ അറിയപ്പെടുന്ന ചെറിയ പ്രാസംഗീകനും ജനസമ്മതിയുള്ള ആളുമാണ്. കൂടാതെ മൂപ്പർക്ക് ഒട്ടേറെ ശിഷ്യഗണങ്ങളും ഉണ്ട്. ഇലക്ഷനിൽ മത്സരിച്ചൊന്നുമില്ലെങ്കിലും രാഷ്ട്രീയത്തിൽ മാഷിന് ലേശം ഇടത് ചായ്‌വുണ്ട്. രാഷ്ട്രീയം പറഞ്ഞ് അധികം തർക്കിക്കാനൊന്നും നിൽക്കില്ലെങ്കിലും മൂപ്പരുടെ രാഷ്ട്രീയത്തെ വിമർശിക്കുന്നവരെ അത്ര സുഖിക്കില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ചെറിയ ദുശ്ശീലം മാഷിനുണ്ട്. മാസത്തിൽ മൂന്നോ നാലോ തവണ ആരും കാണാതെ ഒന്ന് വീശും. സംഗതി അതുതന്നെ. ലേശം മദ്യപാനം. പക്ഷെ അക്കാര്യം ആരുമറിയാതെ കൊണ്ടുപോകുന്നതിലാണ് മൂപ്പരുടെ മിടുക്ക്. താൻ വളരെ രഹസ്യമായി മദ്യപിക്കുന്നത് സ്വന്തം ഭാര്യപോലും അറിയില്ലെന്ന് പാവം മാഷ് ഉറച്ചുവിശ്വസിക്കുകയും ചെയ്തു.
ഓൾഡ് മങ്ക് റം ആണ് മാഷുടെ ഇഷ്ട ബ്രാൻഡ്. പെൻഷൻ കിട്ടിയാൽ ആദ്യം ഓൾഡ് മങ്ക് സംഘടിപ്പിക്കുന്നതിലാണ് മൂപ്പരുടെ എല്ലാ ശ്രദ്ധയും. പേരാമ്പ്ര ബിവറേജ് ഔട്ട് ലെറ്റിൽ പോയി റം പതിവായി മേടിക്കുക മൂപ്പരുടെ വീടിനടുത്തുള്ള തെങ്ങുകയറ്റത്തിൽ നിന്ന് റിട്ടയർ ചെയ്ത അപ്പുണ്ണിയും. പെൻഷൻ വാങ്ങാൻ ട്രഷറിയിൽ പോകുന്നേരം മാഷ് അപ്പുണ്ണിയുടെ വീട്ടിനടുത്ത് അല്പസ്വല്പം ഗമ നടിച്ച് നിൽക്കും. ശുഭ്ര വസ്ത്രം ധരിച്ച് നരച്ച കുറ്റിത്താടിയും ലേശം കഷണ്ടികയറിയ തലയുമുള്ള മാഷുടെ ആ സുന്ദര രൂപം അപ്പുണ്ണിയുടെ ഭാര്യ അമ്മിണി മുപ്പര് കാണാതെ ലേശം നേരം ഒളിഞ്ഞുനോക്കും. അമ്മിണിക്ക് മാഷെ വലിയ ആരാധനയാണ്. എന്നാൽ അക്കാര്യം എന്നും അമ്മിണിയുടെ മനസ്സിൽ മാത്രം കിടന്നു. നോട്ടം കഴിഞ്ഞശേഷം മുപ്പത്തി അകത്തേക്ക് നോക്കി ഒറ്റവിളിയായി.
“അപ്പുണ്ണ്യേട്ടാ ദാ മ്മളെ മാഷ് ഇബ്ട്ത്തെ കണ്ടിക്കൽ നിക്ക്ന്ന്. ഇങ്ങള് ബേഗം ബരീൻ”.
ആ വിളി കേൾക്കേണ്ട താമസം അപ്പുണ്ണി എവിടുന്നോ ഓടിച്ചാടി വന്ന് മാഷുടെ മുൻപിൽ ഭവ്യതയോടെ ഹാജരായി.
“അപ്പുണ്ണ്യേ ഇഞ്ഞി വൈന്നേരം ഒന്ന് പൊരേല് ബെരണം.” അതിൽ എല്ലാ കാര്യവും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അപ്പുണ്ണി എന്ത് പറയുമെന്ന് കേൾക്കാതെ മാഷ് മുന്നോട്ട് നടന്നു. മാഷ് ആഞ്ഞുവലിഞ്ഞു നടക്കുന്നതിനിടയിലാണ് അയൽക്കാരിയായ മാതുവമ്മയെ കണ്ടത്. എഴുപത് പിന്നിട്ട മാതുവമ്മ എതിരെനിന്ന് ഓടിക്കിതച്ചാണ് വരുന്നത്. പിടുത്തം വിട്ടപോലെ പാഞ്ഞുവരുന്ന മാതുവമ്മയെ കണ്ടമാത്രയിൽ കേളുമാഷ് നടത്തം നിർത്തി അവരോട് കുശലം ചോദിച്ചു.
“ഇങ്ങളെന്താ മാതുവമ്മേ ഇങ്ങനെ ഓടിപ്പോന്നെ?”
” നടക്ക്വൻ ആകായിറ്റാളി” . നടക്കാൻ പറ്റാത്തത് കൊണ്ട് ഓടിപ്പോകുന്ന മാതുവമ്മയെ അതിശയത്തോടെ രണ്ടു മിനുട്ട് നോക്കി നിന്നശേഷം ഒന്നുച്ചത്തിൽ പൊട്ടിച്ചിരിച്ച് കേളുമാഷ് പിറുപിറുത്തു. ” ഓറ് ഒരു ബെല്ലാത്ത കുരിപ്പ് തന്നെ…”. കേളുമാഷ് വീണ്ടും മുന്നോട്ട് നടന്നു.
പറഞ്ഞത് പ്രകാരം വൈകീട്ട് അപ്പുണ്ണി മാഷുടെ വീട്ടിലെത്തി. മാഷുടെ വീട്ടിൽ വന്ന സമയം ശരിയായില്ലല്ലോ എന്ന് അപ്പുണ്ണി മനസ്സിൽ കരുതി. മുറ്റത്ത് മാഷുണ്ട്. പ്രശ്‌നം അതല്ല, അടുത്തതാണ് പ്രശ്‌നം. കേളുമാഷുടെ തൊട്ടടുത്ത് മൂപ്പരുടെ ഭാര്യയും മകളും. അപ്പുണ്ണി ആ നേരം തന്നെ വരുമെന്ന് മാഷും കരുതിയില്ല. അത്തരം ഘട്ടങ്ങളിൽ കാണിക്കേണ്ട “കഥകളി മുദ്രകൾ” മാഷിനറിയാം. അത് മനസ്സിലാക്കാൻ അപ്പുണ്ണിക്കും അറിയാം. കേളുമാഷ് ഭാര്യയും മകളും കാണാതെ വലത്തെ കയ്യുടെ ചൂണ്ടു വിരൽ തന്റെ തുടയോട് ചേർത്ത് രണ്ടുതവണ പതുക്കെ ഉയർത്തി. അപ്പുണ്ണി മനസ്സിൽ പറഞ്ഞു. രണ്ട് ഫുൾ റം. വിരൽ മടക്കിയാണ് കാട്ടുന്നതെങ്കിൽ ഫുള്ള് വേണ്ട ഹാഫ് മതിയെന്നാണ്. ഇപ്പോഴെന്താ രണ്ട് ഫുൾ മൂപ്പര് മേടിക്കുന്നത്? ഓ ഓണമല്ലേ വരുന്നത്! അതാവും മാഷ് രണ്ട് ഫുൾ മേടിക്കുന്നത്. അപ്പുണ്ണി മനസ്സിൽ മന്ത്രിച്ചു.
അത്രയും ആംഗ്യ ഭാഷ രണ്ടാളും പരസ്പരം വിനിമയം ചെയ്ത ശേഷമാണ് അവർ സംസാരിച്ച് തുടങ്ങിയത്.
“എന്താ അപ്പുണ്ണി ഈ നേരത്ത്?”
“ഒന്നൂല്ല മാഷെ. മീൻ കൂട്ടാൻ ഏലാക്കാൻ അരക്കാൻ തേങ്ങയില്ല. ഒരു തേങ്ങ മാണ്ടീനും”
“അതെന്ത് ചോയിക്കാനാ അപ്പുണ്ണി. ഇഞ്ഞി മുമ്പ് ഇബിടുത്തെ കാറ്റക്കാരൻ അല്ലേനോ. അതിഞ്ഞ് ബൈയ്യേപ്രത്തെ കൂടേന്ന് എടുത്തോ.”
അപ്പുണ്ണി വിറകുപുരയിലേക്ക് നടക്കുന്നതിനിടയിൽ വളരെ സൂത്രത്തിൽ റം മേടിക്കാനുള്ള പണം ഭാര്യയും മകളും കാണാതെ മാഷ് അയാൾക്ക് നൽകിയത് ക്ഷണനേരം കൊണ്ടാണ്. അത്രയും ചെയ്ത് കഴിഞ്ഞപ്പോൾ കേളുമാഷ് ആശ്വാസത്തോടെ നെടുവീർപ്പിട്ടു. അപ്പുണ്ണി ഉരിച്ച തേങ്ങ ചുമലിലെ തോർത്തുമുണ്ടിൽ പൊതിഞ്ഞ് പുറത്തേക്കും പോയി.
അപ്പുണ്ണി തോർത്തുമുണ്ടിൽ പൊതിഞ്ഞ ഉരിച്ച തേങ്ങ മൂപ്പരുടെ വീട്ടിൽ കൊണ്ടുവെച്ച ശേഷം ഇടവഴിയിലേക്ക് വന്നു. ഇടവഴികളിലൂടെ നടന്ന് മെയിൻ റോഡിലെത്തുമ്പോഴേക്കും മൂന്നു കവലകൾ പിന്നിടണം. ആ ഓരോ കവലകളിലുമുള്ള കടകളിൽ നാട്ടിലെ വായിനോക്കികളും ഒരു പണിയും തൊരവുമില്ലാത്തവരും കാണും. അവരെയെല്ലാം അപ്പുണ്ണിക്കറിയാം. അപ്പുണ്ണി ധൃതിപിടിച്ച് നടന്നുപോകുമ്പോൾ ആദ്യ കവലയിലെ കടയിലിരുന്നവരിൽ ഒരാൾ ഉച്ചത്തിൽ വിളിച്ചു.
“അപ്പുണ്ണ്യേട്ടാ ഇങ്ങള് ഈ മയിമ്പത്ത് എങ്ങോട്ടാ കുണ്ടിക്ക് തീപിടിച്ച മാതിരി.”
നടത്തത്തിന് സ്പീഡ് കുറക്കാതെ അപ്പുണ്ണി ഉച്ചത്തിൽ പറഞ്ഞു. ” മ്മളെ വടക്കേലെ കേളുമാഷിന് ഒരു സാധനം മാങ്ങാൻ പൂവ്വ.” എത്ര ശ്രമിച്ചാലും അപ്പുണ്ണിയോട് അതേ നാവിൽ വരൂ. അത് കേളുമാഷെ കൊറവാക്കാനൊന്നും വിചാരിച്ചിട്ടല്ല. അപ്പുണ്ണിയുടെ ഒരു സ്റ്റൈൽ. അതുണ്ടാക്കുന്ന ഗുരുതരാവസ്ഥയും അപ്പുണ്ണിക്കറിയില്ല. പിന്നെ കടയിൽ ചന്തി അമർത്തിയിരുന്നവരിൽ എന്തോ രസിച്ചമാതിരി അമർത്തിയ ചിരി പൊട്ടി. കുശുകുശുക്കലും തുടർന്നു. അപ്പുണ്ണി അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോയി.
അടുത്ത കവലയിലും തൊട്ടടുത്ത കവലയിലും അതേ ചോദ്യവും അതേ ഉത്തരവും ആവർത്തിക്കപ്പെട്ടു. അവിടെയെല്ലാം അമർത്തിയ ചിരികളും കുശുകുശുക്കലും നടന്നു.
ഓൾഡ് മങ്കിന്റെ രണ്ട് ബോട്ടിലും ഹണീബിയുടെ അഞ്ഞൂറും ( അത് അപ്പുണ്ണിക്ക് ഉള്ളതാണ്. മാഷുടെ വക) തോർത്തുമുണ്ടിൽ ഭദ്രമായി പൊതിഞ്ഞ് കെട്ടി തലയിൽ വെച്ച് ശബരിമലയിലേക്ക് അയ്യപ്പ ഭക്തർ പോകുന്ന മാതിരി അപ്പുണ്ണി ഇരുട്ടിലൂടെ തിരിച്ചുപോയത് ആരും കണ്ടതുമില്ല.
കവലകളിലെ കടകളിൽ ഇരുന്നവർ വഴി നാട്ടിലൊക്കെ കേളുമാഷ് ലേശം വീശുമെന്ന കാര്യം ലോകം മുഴുവനും അറിഞ്ഞുവെങ്കിലും ഇപ്പോഴും കേളുമാഷ് വിശ്വസിക്കുന്നത് തന്റെ രഹസ്യ മദ്യപാനം നാട്ടുകാർക്കെന്നല്ല അടുത്തുകിടക്കുന്ന ഭാര്യക്കുപോലും അറിയില്ലെന്നാണ്. മാഷുടെ വിശ്വാസം മാഷിനെ രക്ഷിക്കട്ടെ എന്ന് നാട്ടുകാരും വിശ്വസിച്ചുപോരുന്നു. അപ്പുണ്ണി ഇപ്പോഴും മാഷുടെ അതിവിശ്വസ്ത സുഹൃത്തായും തുടരുന്നു….!!