പൂമുഖം INTERVIEW ദേശീയതയെക്കുറിച്ച് 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒ വി വിജയന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്

ദേശീയതയെക്കുറിച്ച് 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒ വി വിജയന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
[pullquote align=”full” cite=”” link=”” color=”#f60617″ class=”” size=””] ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓ വി വിജയനുമായി നടത്തിയ സര്‍ഗ്ഗസംവാദം. വ്യവസ്ഥാപിത ഇടതുപക്ഷം വിജയനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരുന്ന കാലത്ത് കോളേജിൽ തീവ്രഇടതുപക്ഷനിലപാടിൽ പ്രവർത്തിച്ചിരുന്ന ഒരു ചെറു സംഘം വിദ്യാർത്ഥികളാണ് സംവാദം സംഘടിപ്പിച്ചത്. കാൽനൂറ്റാണ്ടിനു ശേഷവും വിജയന്റെ നിരീക്ഷണങ്ങൾ കൂടുതൽ   കൂടുതൽ പ്രസക്തമാകുന്നുണ്ട്  . സംവാദത്തിലെ പ്രസക്തഭാഗങ്ങൾ[/pullquote]

ഓ വി വിജയന്‍ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികളോട് പറഞ്ഞത്

റ്റു സാഹിത്യകാരന്മാരുടെ കൃതികളില്‍ നിന്ന്‍ വിജയന്‍റേതിനുള്ള വ്യത്യാസം അതിന്‍റെ ചലനശേഷിയാണ് ഒരു വ്യക്തമായ ധര്‍മസങ്കല്പം ഉരുത്തിരിഞ്ഞു വരുന്നതാണ് ഇതിനു പിന്നിലെ ശക്തി എന്ന് കരുതട്ടെ. താങ്കളുടെ ധര്‍മസങ്കല്‍പം ഒന്ന് വ്യക്തമാക്കാമോ?

മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ അപഹരിക്കാത്ത ഒരു വ്യവസ്ഥിതിയാണ് ധര്‍മം എന്ന് വിശ്വസിക്കുന്നു അതിലപ്പുറം എന്തെന്ന് പറയുക സാധ്യമല്ല. ഒരു അടിക്കുറിപ്പായി ഇത് കൂടി പറഞ്ഞുകൊള്ളട്ടെ. ജീവിതം ഒരു പ്രയാണമാണ് പല അര്‍ത്ഥത്തില്‍ ആ പ്രയാണത്തിനു വേണ്ട വഴികാട്ടികള്‍ നാം തന്നെയാണ്. അല്ലാതെ മറ്റൊരാള്‍ നമ്മെ നിര്‍ബന്ധിക്കുമ്പോള്‍ അവിടെ അധര്‍മം ഉണ്ടായിത്തീരുന്നു.

ആത്മീയതയുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്നത് കൊണ്ട് അങ്ങ് എന്താണ് ലക്‌ഷ്യം ചെയ്യുന്നത്?ഇന്നത്തെ ഇന്ത്യന്‍ വ്യവസ്ഥയില്‍ ഇത്തരമൊരു പ്രത്യയശാസ്ത്രം രൂപം കൊള്ളാന്‍  സാദ്ധ്യത കാണുന്നുണ്ടോ?

ഇന്ത്യന്‍ രാഷ്ട്രീയ അവസ്ഥ എന്നൊന്ന്‍ ഇല്ല. കാരണം കേരളത്തിലും ആസാമിലും മദ്ധ്യപ്രദേശിലും നാഗാലാന്‍ഡിലുമൊക്കെയുള്ളത് വ്യത്യസ്ത സാമൂഹിക ഘട്ടങ്ങളാണ്. നമുക്ക് മുന്നില്‍ നിരവധി നൂറ്റാണ്ടുകളുടെ ഭേദം ഉണ്ട്.ഏറെക്കുറെ ഒരു സമത്വവാദി സംസ്കൃതി വന്നുകഴിഞ്ഞ നാടാണ് നമ്മുടെ കേരളം. എന്നാല്‍, വടക്കോട്ട്‌ പോയാല്‍ സ്ഥിതി ഇതല്ല. ഒരു ജന്മി തന്‍റെ കുടുംബത്തില്‍ നിന്ന്‍ സ്ത്രീകളെ അപഹരിക്കുകയോ പുരുഷന്മാരെ മര്‍ദ്ദിക്കുകയോ ചെയ്താല്‍ അത് ഈശ്വര നീതിയായി കണക്കാക്കുന്നവരാണവര്‍.
ഞാനിത്രയേ പറഞ്ഞിട്ടുള്ളൂ ഈ ഈശ്വരനീതിയില്‍ വിശ്വസിക്കുന്ന മനുഷ്യരെ വിപ്ലവത്തിന് സജ്ജരാക്കാന്‍ ഭൌതിക പ്രതീകങ്ങള്‍ അശക്തങ്ങളാണ്. യുക്തിയുടെ പരിമിതികള്‍, ഭക്തിയുടെ പരിമിതികളെ പോലെത്തന്നെ കണ്ടുകൊണ്ടുവേണം ഒരു സ്റ്റ്രാറ്റജി ഉണ്ടാക്കാന്‍. അങ്ങനെയൊരു സമരതന്ത്രം ഉണ്ടാവുമോ എന്ന്‍ എനിക്കറിയില്ല.

യന്ത്രരഹിത പ്രകൃതിയിലേയ്ക്കുള്ള ഒരു മടക്കയാത്രയ്ക്ക് മനുഷ്യസമൂഹത്തിന് ഇനി സാദ്ധ്യമാണോ? മധുരം ഗായതി ഇതിന് ഒരുത്തരം തരുന്നുണ്ടോ?

ov1ഒരു പുസ്തകവും സമഗ്രമായൊരു ഉത്തരത്തില്‍ കലാശിക്കുന്നില്ല. അത് താര്‍ക്കിക പ്രകൃതിക്ക് കാരണമാവുന്ന ഒരു വഴികാട്ടിയാകുമെന്നേ പറയാനാവു. ഇന്ന്‍ നമ്മുടെ ശാസ്ത്ര-സാങ്കേതിക നാഗരീകത ഭീകരമായ പ്രതിസന്ധികളിലേയ്ക്ക് കടന്നുകൊണ്ടിരിക്കയാണ്. ഓസോണ്‍ പടലത്തിന്‍റെ തകര്‍ച്ച, കെമിക്കലൈസേഷന്‍റെ ഗാടപ്രക്രിയകളുടെ അതിരുകള്‍, ഔഷധങ്ങളുടെ അതിരുകള്‍- എല്ലാറ്റിനും ശാസ്ത്രം വഴിമുട്ടി നില്‍ക്കുന്ന ഒരവസ്ഥയാണ്.അണുശക്തി കൊണ്ട് സുഖമായി ഊര്‍ജം ലഭിക്കുമെന്ന് ഒരുകാലത്ത് പഠിച്ചിരുന്നു. ആ വിശ്വാസം തെറ്റാണെന്ന് മനസ്സിലായി. ഇവ കാപ്പിറ്റലിസത്തിന്‍റേയും സോഷ്യലിസത്തിന്‍റേയും ഒരേ പ്രതിസന്ധികളാണ് രണ്ടു വ്യവസ്ഥിതികളും തുല്യമായി പങ്കിടുന്ന ദുരന്തം. ഈ വെളിച്ചത്തില്‍ വേണം ഇന്ന് സോവിയറ്റ് യൂണിയനിലും മറ്റും നടക്കുന്ന കാര്യങ്ങളെ വിലയിരുത്താന്‍. ഗാന്ധിജിയുടെ ഗ്രാമസ്വരാജിനേയും മാവോ സേ തൂങ്ങിന്‍റെ സാംസ്കാരിക സാംസ്കാരിക വിപ്ലവത്തേയും വിലയിരുത്താന്‍.ഇത് നാം ചെയ്തിട്ടില്ലെങ്കില്‍, ഈ സമയത്ത് നാം ചേരി തിരിഞ്ഞ് തര്‍ക്കിച്ച് തോല്‍പ്പിക്കുകയും ജയിക്കുകയും ഒക്കെ ചെയ്തു തുടങ്ങിയാല്‍ അത് സ്വന്തം ഊര്‍ജത്തെ, ശക്തിയെ നശിപ്പിക്കലാവും ഇത് തര്‍ക്കിക്കുവാനുള്ള കാലമല്ല. പത്ത് കൊല്ലം മുമ്പ് ഞാന്‍ തര്‍ക്കിക്കുമായിരുന്നു. ഇന്നതിന് തയ്യാറല്ല. നമ്മുടെ പൊതുദുരന്തമാണിതെല്ലാം.

ഇവിടത്തെ ഇടതുപക്ഷ പ്രസ്ഥാനം എന്നത് ചില്ലറ കാര്യമല്ല. അത് വളരെയധികം ത്യാഗങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കപ്പെട്ട പ്രസ്ഥാനമാണ്. 1950കളില്‍ അതുമായി എനിക്കുണ്ടായിരുന്ന നേരിയ ബന്ധത്തെ ഞാന്‍ വളരെ കൌതുകത്തോടെ സൂക്ഷിക്കുന്നു. പക്ഷേ, ഇന്നത്തെ ഇന്ത്യന്‍ വിപ്ലവകാരിയുടെ ആയുധങ്ങള്‍ ഈ പുതിയ പ്രതിസന്ധികളെ കണക്കിലെടുക്കുന്ന രീതിയിലല്ല. വിപ്ലവത്തിന് പുതിയൊരു രീതിശാസ്ത്രം ഉണ്ടാകേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ പ്രകൃതിയുടെ സാന്നിദ്ധ്യം നിത്യമാണെന്നു മനസ്സിലാക്കി പ്രകൃതിയിലൂടെ\ മുന്നോട്ടു പോവുക എന്ന മുദ്രാവാക്യം ഉയര്‍ത്തണം. പ്രകൃതിയോടുള്ള മല്ലിടല്‍ ഇന്ത്യന്‍ ബോധത്തിന് ചേര്‍ന്നതല്ല.

രാജ്യത്തിന്‍റെ അതിര്‍ത്തി നിര്‍ണയിക്കുന്നത് കച്ച്ചവടക്കാരാണെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ടല്ലോ. താങ്കളുടെ രാഷ്ട്ര സങ്കല്പം എന്താണ്? സംസ്കാരവും ഭാഷയും അടിസ്ഥാനമാക്കിയുള്ള, സ്വയം നിര്‍ണയാവകാശമുള്ള കൊച്ചുസമൂഹങ്ങളോ അതിര്‍ത്തികളില്ലാത്ത ഒറ്റലോകം എന്ന വിശ്വാസ സങ്കല്‍പ്പമോ?

എന്‍റെ ഒരു എളിയ വീക്ഷണം ഞാന്‍ നിങ്ങളുമായി പങ്കിടുക മാത്രമാണ് ചെയ്യുന്നത്. എനിക്ക് അതിനെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയില്ല. യുദ്ധം, ശത്രു ഈ രണ്ടു സങ്കല്‍പ്പങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ് നമ്മുടെ ഇന്നത്തെ രാഷ്ട്ര രൂപങ്ങളെല്ലാം തന്നെ. ഭാരതമെന്ന പേര്‍ കേട്ടാല്‍ …. കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’എന്ന് വള്ളത്തോള്‍ എഴുതിയില്ലേ? എന്തിനാണ് ചോര തിളക്കുന്നത്? ഉന്നത രക്ത സമ്മര്‍ദ്ദമോ ?ചോര തിളയ്ക്കേണ്ട യാതൊരാവശ്യവുമില്ല. ഇന്നത്തെ രാഷ്ട്രങ്ങള്‍ അതത് നാഷണല്‍ ബൂര്‍ഷ്വാസികളുടെ കച്ചവടത്തിന്‍റെ അതിരുകളാണ്.ഹിമാലയത്തെ ചുറ്റിയുള്ള വലിയ പലചരക്ക് കടയില്‍ നമുക്കൊക്കെ അക്കൌണ്ട് ഉണ്ട്. നമുക്കുവേണ്ടി യുദ്ധങ്ങള്‍ നടക്കുന്നു. നമുക്കുവേണ്ടി കൊലയും അടിച്ചമര്‍ത്തലും മാനഭംഗവും നടത്തുന്നു. ശത്രു ഇല്ലാത്ത രാഷ്ട്രസങ്കല്‍പ്പമാണ് വേണ്ടത്. സൈന്യത്തിന്‍റെ പ്രസക്തിയെക്കുറിച്ച് നാം ഒരു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

[pullquote]പരാജയം വാസ്തവത്തില്‍ അതിന്‍റെ സ്വാഭാവികതയുടെ, ജീവസ്സിന്‍റെ ഒരടയാളം മാത്രമാണ്. സ്റ്റാലിനിസം, വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ നിഷേധം,  അതിന്‍റെ മറവില്‍ പാര്‍ട്ടി ബ്യൂറോക്രസിയുടെ വളര്‍ച്ച. ഇതിന്‍റെ  പരാജയമാണ് ഞാന്‍ പറഞ്ഞത്. സോഷ്യലിസം എന്ന ആശയം മുമ്പെന്നത്തെക്കാളേറെ ഇന്ന് പ്രസക്തമായിത്തീരുന്നു.[/pullquote]

രാഷ്ട്രത്തിന്‍റെ ഭദ്രത കാത്തു സൂക്ഷിക്കാന്‍ അങ്ങ് പറയുന്ന പ്രതിവിധി സ്വതന്ത്ര ഗോത്രസംസ്കാരങ്ങളുടെ സ്വതന്ത്രമായ സഖ്യമാണ്. ഈ സഖ്യത്തില്‍ സെക്കുലര്‍ ചിന്തയ്ക്ക് പ്രസക്തി ഉണ്ടോ? അതോ സെക്കുലറിസം എന്നത് ജനങ്ങളുടെ മുന്നില്‍ രാഷ്ട്രീയക്കാരന്‍ അണിയുന്ന ഒരു കപടവേഷം മാത്രമാണോ?

എന്താണ് സെക്കുലറിസം എന്നതിനെ കുറിച്ച് നാം കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പ്രമേയം പാസാക്കിയതുകൊണ്ട് നാം സെക്കുലര്‍ ആവുന്നില്ല. മതബോധം ഇല്ലാതെ ഒരു സമൂഹത്തിനും ഇതുവരെ നിലനില്‍ക്കാനായിട്ടില്ല. റഷ്യയിലും കിഴക്കന്‍ യൂറോപ്പിലുമൊക്കെ മതം തിരിച്ചു വന്നിട്ടുണ്ട് ഇത് ശരിയോ തെറ്റോ എന്ന് ഞാന്‍ പറയുന്നില്ല. ഈയൊരു യാഥാര്‍ത്ഥ്യത്തിന്‍റെ വെളിച്ചത്തില്‍ സൗഹൃദം എങ്ങനെ ഉണ്ടാക്കാം? ഗാന്ധിജി ഇതിന് ഏറെക്കുറെ നല്ലൊരു ഫോര്‍മുല നമുക്ക് തന്നു. കൂട്ട പ്രാര്‍ത്ഥന- ഹിന്ദുവും മുസ്ലീമും ക്രുസ്ത്യനുമൊക്കെ ചേര്‍ന്നിരുന്നു പ്രാര്‍ഥിക്കുക. മതപരമായ അനുഭവം പങ്കിടുക അതുപോലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ പ്രമുഖമതങ്ങളുടെ സാര്‍ത്ഥകമായ ഉള്ളടക്കങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുക.ഈ വഴികള്‍ എളുപ്പമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, വേറെ പോംവഴികള്‍ ഇല്ല. ജാതിയും മതവുമൊക്കെ നിലനില്‍ക്കുന്നത് പ്രഖ്യാപനത്തിലോ പ്രമേയത്തിലോ അല്ല. വിവാഹത്തില്‍, കുടുംബത്തില്‍ – അവിടെ നിന്ന് അവയെ തുടച്ചു നീക്കാന്‍ കഴിഞ്ഞാല്‍ നാം വിജയിച്ചു. അതിനായി നാം എന്ത് ചെയ്തു?

ov2എല്ലാം മാറേണ്ടതാണ് എന്നറിയുക -ഈയൊരവസ്ഥയിലാണ് നിഹിലിസം കടന്നുവരുന്നത് എന്ന് പറയാറുണ്ടല്ലോ. ഈ അവസ്ഥയില്‍ നിന്നുള്ള രക്ഷപ്പെടലാണ് താങ്കളുടെ ഔപനിഷദമായ സാത്വികത എന്ന് പറഞ്ഞാല്‍..?

ഔപനിഷദമായ സാത്വികത എന്നതിനേക്കാള്‍ ഉപനിഷത്തുക്കളില്‍ വേരൂന്നിയ കലാപം അല്ലെങ്കില്‍ അത്തരമൊരവസ്ഥ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുകയാണെന്ന് പറയുകയാവും കൂടുതല്‍ ശരി. കാരണം, അനീതി ചൂഷണം എന്നിവയ്ക്കെതിരായി വെറും ഭൌതികതലത്തില്‍ മല്ലടിച്ചാല്‍ സംഭവിക്കുക ,ഇന്ന് സംഭവിച്ചത് പോലെ, തൊഴിലാളി മുതലാളിയോടൊപ്പം മിച്ചമൂല്യം പങ്കുവെയ്ക്കുക എന്ന അവസ്ഥയായിരിക്കും. ഇത് വിപ്ലവത്തിന്‍റെ പിറകോട്ടു പോക്കായിരിക്കും. മുതലാളിത്തത്തില്‍ നിന്ന് വിഭിന്നമായൊരു ദര്‍ശനം ഇല്ലാത്തത് മൂലമാണ് സോഷ്യലിസ്റ്റ് നാടുകളിലെ തൊഴിലാളികള്‍ ഉപഭോക്തൃസംസ്കാരത്തിലേയ്ക്ക് മടങ്ങിയത്. ഉപഭോഗസംസ്കൃതി വേണ്ടെന്നു വെയ്ക്കാന്‍ വെറും ഭൌതിക തലത്തില്‍ കഴിയില്ല.. ഇവിടെയാണ് വിപ്ലവത്തിലെ ആത്മീയതയുടെ പ്രസക്തി.

കിഴക്കന്‍ യൂറോപ്പിലേയും റഷ്യയിലേയും സംഭവവികാസങ്ങള്‍ കമ്യൂണിസത്തിന്‍റെ  പരാജയമാണെന്ന് താങ്കള്‍ പറഞ്ഞുവല്ലോ. എന്നാല്‍ അത് കമ്യൂണിസ്റ്റ് ആവിഷ്കരണരീതിയുടെ പരാജയമായിരുന്നില്ലേ? കമ്യൂണിസമെന്ന പ്രത്യയ ശാസ്ത്രത്തിന് ഒരിക്കലും പരാജയമുണ്ടാകില്ലെന്ന്  ഞങ്ങൾ കരുതുന്നു. (ചോദ്യം ഇടതുപക്ഷ സംഘടനകളിൽ നിന്നുമായിരുന്നു)
കയ്യടികൾക്കൊടുവിൽ വിജയൻ സൗമ്യമായി…
‘ഒരിക്കലും പരാജയപ്പെടില്ലെന്നു വിശ്വസിക്കുന്നു..’ മത വിശ്വാസത്തെ പരിഹസിക്കുന്ന നമ്മള്‍ ഈ ഒരു വാചകം ഉപയോഗിക്കരുത്.വിശ്വാസം അപ്രസക്തം. പരാജയപ്പെടില്ല എന്ന ഒരവസ്ഥ പ്രകൃതിയില്‍ കാണാത്തത്. ഒരു പരാജയം വാസ്തവത്തില്‍ അതിന്‍റെ സ്വാഭാവികതയുടെ, ജീവസ്സിന്‍റെ ഒരടയാളം മാത്രമാണ്. സ്റ്റാലിനിസം ,വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ നിഷേധം, അതിന്‍റെ മറവില്‍ പാര്‍ട്ടി ബ്യൂറോക്രസിയുടെ വളര്‍ച്ച. ഇതിന്‍റെ  പരാജയമാണ് ഞാന്‍ പറഞ്ഞത്. സോഷ്യലിസം എന്ന ആശയം മുമ്പെന്നത്തെക്കാളേറെ ഇന്ന് പ്രസക്തമായിത്തീരുന്നു. പുതുക്കപ്പെട്ട ഒരു രീതിശാസ്ത്രത്തിനായി അത് നിലവിളിക്കുന്നു..

ഇന്ത്യന്‍ കമ്യൂണിസം താങ്കളുടെ സൃഷ്ടികളില്‍ വിമര്‍ശനവിധേയമാകുന്നത് എന്തുകൊണ്ട്?

ഒരു കാലഘട്ടത്തില്‍ ഞാന്‍ അനുഭവിച്ച വ്യഥയാണ് അതിന് കാരണം. 71ലും 72ലുമൊക്കെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ വളര്‍ന്നു വരുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്ക് പിന്തുണ നല്‍കി. ഇന്ദിരാഗാന്ധിയുടെ കാലത്ത് റഷ്യയിലെ ബ്രഷ്നേവ് ഭരണം ഇതംഗീകരിച്ചു. മാത്രവുമല്ല ബ്രഷ്നേവ് ,മധുലിമായെയോടു ചോദിച്ചു: ‘നിങ്ങള്‍ക്കെന്തിനാണ്‌ പ്രതിപക്ഷം- നല്ലൊരു സര്‍ക്കാരല്ലേ ഭരിക്കുന്നത്?’ എന്ന്‍.അപ്പോള്‍ ഈ ഒരു വഷളത്തം ഒക്റ്റോബര്‍ വിപ്ലവവും തൊഴിലാളി വര്‍ഗത്തിന്‍റെ മഹാ ഇതിഹാസമായും ഒരുമിച്ച് കാണാന്‍ എനിക്ക് പറ്റില്ല. അന്നനുഭവിച്ച ന്സ്സഹായതയില്‍ നിന്ന്‍, മാനസിക ത്തകര്‍ച്ചയില്‍ നിന്ന്‍ ഉണ്ടായതാണ് ധര്‍മപുരാണം.

സോവിയറ്റ് യൂനിയന് ലോകത്തിലെ വന്‍കിട ശക്തിയായി ഇനി തുടരാന്‍ കഴിയുമോ?

എന്തിനാണ് ഒരു രാഷ്ട്രം വന്‍കിട ശക്തിയാകുന്നത്? അത് സാമൂതിരിയുടെ ഹീനമായ പ്രതീകം, വെട്ടാന്‍ വാളും കെട്ടാന്‍ കയറും- ഒരു കോഴിയെ ഉപയോഗിച്ചു ണ്ടാക്കിയ സാമ്രാജ്യം പോലെ തന്നെ വിഡ്ഢിത്തം നിറഞ്ഞതാണ്‌. ശക്തിയുടെ ആവശ്യമില്ല ശക്തിരാഷ്ട്രത്തിന് പകരം സാത്വികമായ രാഷ്ട്രം എന്ന് പറയാന്‍ ആരും തയ്യാറാവാത്തതെന്ത്?
തെറ്റ് പറ്റുന്നതും തെറ്റ് തിരുത്തുന്നതുമായ രാഷ്ട്രം എന്ന് പറയാത്തതെന്ത്?end line

 

Comments
Print Friendly, PDF & Email

You may also like