ഭുബനേശ്വറിൽ ഇറങ്ങുമ്പോൾ
തണുപ്പ് മെല്ലെ ഇറങ്ങാൻ കൂട്ടാക്കിയ കാലം. ഒഡീഷയിലേക്കുള്ള യാത്ര എന്നും സന്തോഷകരമാണ് അത് ആന്ധ്ര തെലുങ്കാന അതിർത്തികളിലൂടെ മൽക്കാൻഗിരി വഴി ആയാലും ഛത്തീസ്ഗഡ് ഝാർഖണ്ട് അതിർത്തികളിലൂടെ ആയാലും. 1980-കൾ അവസാനം മുതൽ ഒട്ടേറെ തവണ ഭുബനേശ്വറിൽ വന്നിട്ടുണ്ട്. ഈ നഗരം ആധുനിക സൌകര്യങ്ങളോടെ മാറിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഹോക്കിയും ഫുട്ബോളും നെഞ്ചിലേറ്റിയ ജനത. 2018 ൽ നടന്ന ജർമ്മനിയും ഇന്ത്യയും തമ്മിലുള്ള ഹോക്കി ഫൈനൽ മൽസരം ഇവിടെ നിന്നാണ് കണ്ടത്. മികച്ച സ്റ്റേഡിയങ്ങൾ. കായിക പ്രേമികൾ. നമ്മളെക്കാൾ അവരുടെ കായികബോധം ഒട്ടേറെ വളർന്നു. ഐ ടി ഹബ്ബുകളും ഫുഡ് ജോയിന്റ്കളും അവതരിച്ചു. ഇവിടത്തെ വൃത്തിയും ശുചിത്വവും ആദിമ ജനതയുടെ ജീവിത രീതികളിൽ നിന്നും കിട്ടിയതാകാം.
രാവിലെ എട്ട് മണിയോടെ ഭൂബനേശ്വറിൽ ഇറങ്ങിയപ്പോൾത്തന്നെ ഡ്രൈവർ രഞ്ജൻ കാത്തിരിക്കുന്നുണ്ടായിരുന്നു. രാവിലെ ഒന്നും കഴിച്ചിരുന്നില്ല എന്ന് രഞ്ജനറിയാമായിരുന്നത് കൊണ്ട് നേരെ ആർമി സ്കൂളിനടൂത്തുള്ള ഒരു ധാബയിലേക്ക് കൊണ്ടുപോയി. നല്ല തിരക്ക്. രാജു കാ സൌത്ത് ഇന്ത്യൻ ധാബ. തമിഴ്നാട്ടുകാരൻ ആയ രാജുവിന്റെ ധാബ ഇവിടെ പ്രസിദ്ധമാണ്. ദോശയും ഇഡ്ഡലിയും വടയും ചട്ണിയും സാമ്പാറും. ഞാൻ ഒരു സാദാ ദോശ പറഞ്ഞു. രഞ്ജൻ മസാല ദോശയും. ദോശ കഷണങ്ങളായി മുറിച്ച് പ്ലേറ്റിൽ തന്നു. നല്ല രുചി. ഉഗ്രൻ ചമ്മന്തി. വിശപ്പ് മാറി.

രഞ്ജൻ വണ്ടി മുന്നോട്ടേടുത്തു. ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും എടുക്കും കിയൊൻജറിൽ എത്താൻ. എന്തായാലും വൈകുന്നേരമാകും. വണ്ടി ഒഡീഷയുടെ വടക്കോട്ട് തിരിഞ്ഞു. കൊൽക്കത്തക്ക് പോകുന്ന തിരക്കേറിയ ഹൈവേയിലൂടെ കട്ടക്ക് കഴിഞ്ഞ് ഞങ്ങൾ ഇടത്തോട്ട് തിരിഞ്ഞു. ഇടവും വലവും ചെറിയ പീടികകൾ മാത്രം. വൈതരണി നദിയും ബ്രമണി നദിയും കടന്ന് തിരക്ക് കുറഞ്ഞ വഴികളിലൂടെ, നിറഞ്ഞു നിൽക്കുന്ന നെൽപാടങ്ങളുടെ നടുവിലൂടെ ആദിവാസികളുടെ പുരാതന ആരാധനാ കേന്ദ്രമായ മാ തരിണി ക്ഷേത്രവും കടന്ന് മുന്നിൽ കണ്ട elephant crossing ബോർഡുകളും താണ്ടി കിയൊൻജറിൽ എത്തുമ്പോൾ സമയം വൈകുന്നേരം അഞ്ചുമണിയായിരുന്നു. തണുപ്പിന്റെ ആലസ്യത്തിൽ കിയൊൻജറിന്റെ സൂര്യൻ മെല്ലെ താണു തുടങ്ങിയിരുന്നു.
കിയൊൻജർ
കിയൊൻജർ എന്നും കെൻഡുജർ ഗഡ് എന്നും അറിയപ്പെടുന്ന ഒഡീഷയുടെ വടക്ക് കിഴക്കൻ പ്രദേശം ഒരു ചെറിയ പട്ടണമാണ്. കടൽനിരപ്പിൽ നിന്ന് ഉയർന്നു കിടക്കുന്ന ഇവിടം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പ്, മാംഗനീസ്, ബോക്സൈറ്റ് നിക്ഷേപങ്ങളുള്ള സ്ഥലം. അപ്പുറവും ഇപ്പുറവും ഝാർഖണ്ട് ഛത്തീസ്ഗഡ് അതിർത്തി ജീവിതങ്ങൾ. ഈ ചെറു പട്ടണം നിലനിൽക്കുന്നത് തന്നെ ഖനനം എന്ന വ്യവസായം കൊണ്ടാണ്. ഒഡിഷയിലെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന കിയോൻജർ (കെൻഡുജർ) (Keonjhar/Kendujhar), മലനിരകളാലും, നിബിഡ വനങ്ങളാലും, സമൃദ്ധശുദ്ധജലസ്രോതസ്സുകളാലും സമ്പന്നമായ ഒരു ഭൂപ്രദേശമാണ്. പ്രകൃതിയും, ഗോത്രസാംസ്‌കാരിക പാരമ്പര്യവും, ചരിത്രപരമായ പോരാട്ടങ്ങളാൽ കെട്ടുപിണഞ്ഞിരിക്കുന്ന ഇടം. കെൻഡുജർ (അല്ലെങ്കിൽ കിയോൻജർ) എന്ന പേര് ഉത്ഭവിച്ചതായി വിശ്വസിക്കുന്നത് ഈ പ്രദേശത്ത് സാധാരണയായി കണ്ടുവരുന്ന ‘കെൻഡു’ എന്ന ബീഡി തെറുക്കാൻ ഉപയോഗിക്കുന്ന ഇലയുടെ പേരിലാണ്.

ഇവിടെ പ്രാചീനകാലം മുതൽ ജീവിച്ചിരുന്ന ആദിവാസി ജനവിഭാഗങ്ങളായ ജുവാങ്, ബുയാൻ, സാന്താൾ, ഗോണ്ട തുടങ്ങിയവർ പ്രകൃതിയോട് ചേർന്ന്, പൊക്കിൾക്കൊടിബന്ധം പുലർത്തിയാണ് ജീവിച്ചിരുന്നത്. അവരുടെ ജീവിതം കാടും മറ്റു ജീവികളും കാലാവസ്ഥയും ഒന്നിച്ചായിരുന്നു. ചരിത്രപരമായി, 12-ാം നൂറ്റാണ്ടിന് ശേഷം ഈ പ്രദേശം ഗജപതി രാജവംശത്തിൻറെയും പിന്നീട് ബ്രിട്ടീഷുകാരുടെയും, ഭരണത്തിലൂടെ കടന്നു പോയി. പക്ഷെ ഇരുണ്ട കാടും മലകളും കാരണം ഇവിടം പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ടയിടമായി മാറി.
കിയൊൻജർ രാജയുമായുണ്ടായിരുന്ന ആദിമ ജനതയുടെ അടുത്ത സൌഹൃദം തകരുന്നത് ബ്രിട്ടീഷുകാർ ഇവിടെ വന്നപ്പോഴാണ്. രണ്ട് സമൂഹത്തെയും വിഭജിച്ച് ഭരിച്ച് ആദിമ ജനതയെ തങ്ങളുടെ അടിമകളാക്കി മാറ്റി പ്ലാന്റേഷനുകളിൽ പണിയെടുപ്പിച്ചു.. രാജാക്കന്മാർ ബ്രിട്ടീഷ് കാരോട് വിധേയത്വം പാലിച്ച് അധികാരം കാത്തുസൂക്ഷിച്ചു. കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ട ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി കിയൊൻജറിൽ നിന്നാണ്. അദ്ദേഹം സാന്താൾ ഗോത്രത്തിൽ നിന്നാണ്.
കിയൊൻജറിന്റെ പ്രഭാതം
ഗ്രാമങ്ങളിലേക്ക് പോകേണ്ടത് കൊണ്ട് ഞാൻ രാവിലെ തന്നെ ഉണർന്നിരുന്നു. കിയൊൻജർ ഉണർന്നു വരുന്നതേയുള്ളൂ. ആകാശത്ത് വെള്ള കീറിത്തുടങ്ങി. ചെറിയ റോഡുകൾ. ഇടക്കെങ്ങാൻ പാഞ്ഞു പോകുന്ന ഓട്ടോറിക്ഷകൾ, മോട്ടോർ ബൈക്കുകൾ, ഉന്തുവണ്ടികൾ. ഞാൻ മുന്നോട്ട് നടന്നു. കലക്ടറേറ്റ് ഓഫീസും ജില്ലാ പോലീസ് ആസ്ഥാനവും കഴിഞ്ഞാൽ പച്ചക്കറികളുടെ മാർക്കറ്റാണ്. തക്കാളിയും ഗോബിയും ഉരുളക്കിഴങ്ങും ഇല -കിഴങ്ങ് വർഗങ്ങളും ഇറക്കുന്ന ഇരുട്ടിലെ ബഹളം. ചെറിയ കച്ചവടക്കാർ ഓട്ടോറിക്ഷയിലും ഉന്തുവണ്ടിയിലും പച്ചക്കറി വാങ്ങി വിൽക്കാൻ കൊണ്ടുപോകുന്നു. അങ്ങിങ്ങായി ചില ചായകൂശിനികൾ. ഞാൻ മറ്റൊരു വഴി നടന്നു. അത് റെയിൽവേ സ്റ്റേഷനിലേക്ക് നയിക്കുന്ന റോഡാണ്. ഇടത് വശത്ത് കണ്ട, ചായ വിൽക്കുന്ന ഒരുന്തുവണ്ടിയുടെ അടുത്തേക്ക് ചെന്നു. ഒരു ചായ പറഞ്ഞു. ഇഞ്ചിയും ഏലക്കായയും കഥ പറഞ്ഞലിഞ്ഞ് രുചിയായി മാറുന്ന ആവി പറക്കുന്ന നല്ല ചൂടുള്ള ഉഗ്രൻ ചായ. ചായയുടെ ആറ് രൂപ കൊടുത്ത് ഞാൻ ഹോട്ടലിൽ പോയി കുളിച്ച് റെഡിയായി.
ഗ്രാമത്തിലേക്ക്
വണ്ടി രാവിലെ തന്നെ റെഡിയായി വന്നിരുന്നു. പത്തു നാല്പത് കിലോമീറ്റർ അകലേക്കുള്ള സൻസിയാലിമാൽ എന്ന ഗ്രാമത്തിലേക്ക് പുറപ്പെട്ടു. ആകാശം താഴേയ്ക്ക് പതിക്കുന്ന മലകളുടെ കീഴെ കിയൊൻജർ പട്ടണം ദൂരങ്ങളിലേക്ക് മങ്ങി മാഞ്ഞു. ഏകദേശം നാല് കിലോമീറ്റർ യാത്ര ചെയ്താൽ കിയൊൻജർ മഴമലകൾ തുടങ്ങുകയായി. ഒഡീഷയിൽ ഇപ്പോഴും ഏറ്റവും തണുപ്പും മഴയും കിട്ടുന്നയിടം, കാന്ദമലിനെപ്പോലെ. ആദിമ മനുഷ്യരായ (Primitive Tribes) ജുവാങ്ങും ബുയാനും മലമുകളിൽ കാട്ടിൽ മരം പോലെ പാർത്തിരുന്ന ഇടം.
കാലം മാറി. കാടിനും ഭൂമിക്കും പുതിയ അവകാശികളും രക്ഷാകർത്താക്കളും വന്നു. ഭരണകൂടം അവരെ സ്വീകരിച്ചിരുത്തി. അവർ കാടുകൾ സർവേ ചെയ്തു. നൂറ്റാണ്ടുകളായി അവിടെ ജീവിച്ചിരുന്ന ആദിമജനതയെ അവിടെ പാർക്കാൻ അർഹതയില്ലെന്ന് പറഞ്ഞു ആട്ടിയോടിച്ചു. ഇന്നവർ കാടും മറ്റ് ജീവജാലങ്ങളും വിട്ട് തനിക്ക് ഇനിയും അവകാശം കിട്ടിയിട്ടില്ലാത്ത താഴെ പുറംപോക്കിൽ കഴിഞ്ഞു കൂടുന്ന ഉള്ള് പൊള്ളുന്ന കാഴ്ച്ചകൾ.

അതിജീവനത്തിന്റെ സംഘർഷങ്ങൾ
ബ്രിട്ടീഷ് കാലം മുതൽ ഝാർഖണ്ട് മേഖലയിൽ നിന്ന് വന്ന മുണ്ഡ ആദിമ വിഭാഗം, ഒഡീഷയിലെ മറ്റ് ആദിമ വിഭാഗങ്ങളെക്കാളും മാറ്റങ്ങളെ പെട്ടെന്ന് സ്വീകരിക്കുന്നവരും ഉൽസാഹപ്രിയരും ആയിരുന്നു. നേരെ മറിച്ച് ജുവാങ് ബുയാൻ ഗോത്രങ്ങൾ കൂടുതലും കാടിനെയും പ്രകൃതിയെയും പുണർന്ന് ജീവിച്ചവരും. ഇവർ തമ്മിൽ ഗ്രാമങ്ങളിൽ ചെറിയ സംഘർഷങ്ങൾ ഇപ്പോഴും ഉണ്ടാകാറുണ്ട്. പുറത്തത് പ്രകടമല്ലെങ്കിലും. മുണ്ഡ ജനത പുതിയ രീതിയിലുള്ള വാണിജ്യകേന്ദ്രീകൃത കൃഷിയും കച്ചവടതന്ത്രങ്ങളും മെനഞ്ഞു ജീവിക്കുന്നവരാണ്. പ്രധാനറോഡിന് ഇരുവശവും ഇവരുടെ വീടുകൾ കാണാം. അവരുടെ കച്ചവട വൈഭവം അവരോട് സംസാരിക്കുമ്പോൾ പ്രകടം.
തണുപ്പ് ചൂടിന് കാലാവസ്ഥ കൈമാറുന്ന കാലം. വീതിയേറിയ റോഡിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഇവിടങ്ങളിലെ റോഡുകൾ വലിയ ഭാരമേറിയ ട്രക്കുകൾക്ക് കടന്ന് പോകാൻ വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ്. കാടിനെ പിളർത്തി ഖനനം ചെയ്ത് ധാതുക്കളെ പെല്ലറ്റുകളാക്കി മാറ്റാൻ ഫാക്ടറികളിലേക്ക് കൊണ്ട് പോകാൻ റോഡുകൾക്ക് ശക്തി കൂട്ടാൻ സർക്കാർ കൂടുതൽ പണം ചിലവഴിക്കുന്നു.
റോഡുകളിൽ വലത് വശം നിരനിരയായി വലിയ ട്രക്കുകളുടെ വരികൾ കാണാം. ഏകദേശം 67000ന് മേലെ ട്രക്കുകൾ ഇവിടെ ദിവസവും ഖനനം ചെയ്ത ധാതുക്കൾ കൊണ്ടുപോകാറുണ്ടെന്ന് ഒന്നിച്ച് യാത്ര ചെയ്യുന്ന ദിപേന്ദു ബിശ്വാസ് പറഞ്ഞു. എല്ലാ ട്രക്കുകളും ഇവിടെ പാസിന് വേണ്ടി കാത്തിരിക്കയാണ്. തമിഴ്നാട്ടിൽ നിന്നുള്ള കുമുതൻ എന്നയാളാണ് ഇവിടത്തെ പ്രധാന കരാറ്കാരൻ. ഇതിലെ ലാഭം കണ്ട് പല ഡ്രൈവർമാരും ട്രക്കുകൾ വാങ്ങി രാഷ്ട്രീയം കളിച്ച് ഒട്ടേറെ കാശ് സമ്പാദിക്കുകയും ഗ്യാംഗ് ലീഡർമാരായി മാറുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയം ഖനനം ചെയ്യുന്നത് ഇവിടങ്ങളിലാണ്.
നീണ്ട നിരയുള്ള ട്രക്കിന്റെ വലത് ഭാഗം മൈനിംഗ് മേഖലയാണ്. റോഡിൽ നിന്ന് നോക്കുമ്പോൾ കാണാം ദൂരെ പച്ചപ്പിനുള്ളിലെ മണ്ണ് തുരന്നെടുക്കുന്ന കാഴ്ച. മൈനിംഗ് മേഖലയിലേക്ക് പോകുമ്പോൾ സ്വാഗതം ചെയ്യുന്ന കമ്പനികളുടെ നെടുങ്കൻ ഗേറ്റുകൾ. അന്തരീക്ഷവും ഭൂമിയും റോഡും ആകെ ചുകന്ന മണ്ണിനാൽ ചുവപ്പാണ്.

ബൻസ്പാൽ ഉയിർ
വണ്ടി മുന്നോട്ട് പാഞ്ഞു. ഡ്രൈവർ വർത്തമാനം പറയാൻ തുടങ്ങി. രഞ്ജന് ഹിന്ദി അത്ര വശമില്ലെങ്കിലും മുറിയൻ ഹിന്ദിയിലും ഒഡിയയിലും വിശേഷങ്ങൾ പറഞ്ഞു. ബൻസ്പാൽ ബ്ലോക് അടുക്കാനായി. അഞ്ചെട്ട് വർഷങ്ങൾക്ക് മുന്പ് ഭൂമിക്കും കാടിനും അതിജീവനത്തിനുമായി പോരാടി ഗ്രാമങ്ങളെ രക്ഷിച്ച ആദിവാസി കൂട്ടായ്മയുടെ കരുത്തിൻ്റെ കഥ പറയുന്ന സ്ഥലങ്ങൾ. മാവോവാദികളായി ചിത്രീകരിച്ച് ഭരണകൂടം അവരെ അടിച്ചമർത്താൻ നോക്കിയെങ്കിലും ഒറ്റക്കെട്ടായ ആദിമ ജനത വിട്ടുകൊടുത്തില്ല. മുട്ടുമടക്കാതെ തങ്ങളുടെ ഗ്രാമവും കാടും തങ്ങളുടേതെന്ന് പ്രഖ്യാപിച്ച് അവർ സമരം വിജയിപ്പിച്ചു. ഭരണകൂടം തൽക്കാലം പിൻവാങ്ങി. പുതുതായി ഈ ഭാഗത്ത് കോർപ്പറേറ്റ് കമ്പനികൾ സർവേകൾ തുടങ്ങി എന്നത് പ്രശ്നങ്ങളെ വീണ്ടും വിഷമത്തിലാക്കുന്നുണ്ട് എന്നതൊരു യാഥാർത്ഥ്യം. മാവോവാദികൾ ഇല്ലാതായെങ്കിലും അതിന്റെ വിത്തുകൾ ഏറെ ഇവിടെ പാകിയിട്ടുണ്ടെന്ന് രഞ്ജൻ മെല്ലെ പറഞ്ഞു.
സൻസിയാലിമാൽ ഗ്രാമം
ഇനിയും ഒരു പത്ത് കിലോമീറ്റർ പോയാൽ നമ്മൾ സൻസിയാലിമാൽ ഗ്രാമത്തിലെത്തും. നമുക്കങ്ങോട്ടാണ് പോകേണ്ടത്. ബുയൻ/ജുവാങ് ആദിമ ജനത നഷ്ടപ്പെട്ട ജീവിതത്തെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഗ്രാമം. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും സമയം പത്തര. ഗ്രാമീണർ ഒന്നടങ്കം ഞങ്ങളെ സ്വീകരിക്കാൻ പരമ്പരാഗത രീതികളോടും സംഗീത ഉപകരണങ്ങളോടും കൂടെ തയ്യാറായി നിൽക്കുന്നു. അവർ തുടി കൊട്ടിത്തുടങ്ങി. പാട്ടുകൾ താളങ്ങൾ നൃത്തങ്ങൾ. മണ്ണിനെ തിരിച്ചുപിടിച്ച സന്തോഷങ്ങൾ. അവർ എന്നെ മാല അണിയിച്ച് നെറ്റിയിൽ അരിപ്പൊടിയിൽ ഇലനിറം ചേർത്ത പൊട്ടു തൊട്ട് കിണ്ടിയിലെ വെള്ളം കൊണ്ട് കാൽ കഴുകി സ്വീകരിച്ചു. ഇതൊന്നും നിഷേധിക്കാൻ പറ്റില്ല. അവരിൽ ഒരാളായി മാറുക എന്നതാണ് പ്രധാനം.

ഞാൻ അവരുടെ കഥകൾ കേട്ടുതുടങ്ങി. കാട്ടിലെ പഴയ ജീവിതവും, ആട്ടിയോടിക്കപ്പെട്ടതും.പിന്നീട് വനംവകുപ്പും മൈനിംഗ് മാഫിയയും സർക്കാർ ഒത്താശയോടെ അവരോട് നടത്തുന്ന ക്രൂരതകളും പീഡകളും. ഇതിനെയൊക്കെ അതിജീവിച്ച് ഈ ഗ്രാമം ഉണ്ടാക്കിയതും പരമ്പരാഗത കൃഷിരീതികൾ തുടരുന്നതും. ഇനി എങ്ങിനെ ആ കാടുകൾ തിരിച്ചുപിടിക്കാം എന്ന നടക്കാത്ത സ്വപ്നവും പേറിയിരിക്കുന്ന കണ്ണുകൾ. കൃഷിപ്പാടങ്ങളും തനത് വിത്ത് സംരക്ഷണ ശ്രമങ്ങളും കണ്ടു. ഏകദേശം നാല്പതോളം നെല്ലിൻ വിത്തിനങ്ങളും ആറോളം മില്ലറ്റ് ഇനങ്ങളും ഒട്ടേറെ കിഴങ്ങു വർഗങ്ങളും നല്ല രീതിയിൽ നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾ.
പിന്നീട് ഞങ്ങൾ അവിടെയുള്ള ഒരു ചെറിയ വെള്ളച്ചാട്ടത്തിന്റെയടുത്ത് പോയി. അതിമനോഹരമായ, മേലെ മലകളിൽ നിന്നുത്ഭവിച്ച് അരുവിയായി തെളിനീരായി പാറക്കെട്ടുകളിലൂടെ സ്വച്ഛന്ദം ഒഴുകുന്ന ഭഗീര നദി. ഇത് ബൈതരണി നദിയിൽ ചെന്നുചേരും. ഈ ഇടം ഇവരുടേത് മാത്രമാണ്. പുറത്തുനിന്നാരും വരാറില്ല. ആരെയും അറിയിക്കാൻ അവർക്ക് താല്പര്യവുമില്ല. മദ്ധ്യവയസ്സ് കഴിഞ്ഞ രണ്ടു മൂന്നു ഗ്രാമീണർ തങ്ങളുടെ കഴിവ് കാണിക്കാൻ വെള്ളത്തിലേക്ക് ചാടി രസിപ്പിച്ചു. രണ്ട് കുട്ടികൾ തങ്ങളുടെ സൈക്കിൾ കൊണ്ട് പാറയിലൂടെ ഓട്ടപ്രദക്ഷിണം നടത്തി.

പുഴക്കരികിൽ നാട്ടുകാർ ഉണ്ടാക്കിയ തനത് ഭക്ഷണം തയ്യാറായപ്പോൾ എല്ലാവരും അങ്ങോട്ട് നടന്നു. അവിടെത്തന്നെ അവരുടെ കൃഷിഉൽപ്പന്നങ്ങളുടെ ഒരു വലിയ പ്രദർശനവും നടത്തിയിരുന്നു. ഇലകളും ചേനയും ചേമ്പും കണ്ടിക്കിഴങ്ങും തുമ്പയും നെല്ലിന്റെയും മില്ലറ്റിന്റെയും അനവധി വൈവിധ്യ വിത്തുകളും അങ്ങിനെ എണ്ണിയാൽ തീരാത്തത്ര. സാൽ മരത്തിന്റെ ഇലയിൽ വിളമ്പിയ, കാട്ടിൽ നിന്ന് പറിച്ചെടുത്ത വിവിധ ഇലകളുടെ ഉപ്പേരിയും ഉറുമ്പിന്റെ സമ്മന്തിയും പുഴയിലെ കൊഞ്ചനും ചോറും കയ്പ്പക്കയുടെ ഉപ്പേരിയും കൂടി ആയപ്പോൾ മനസ്സ് തണുത്തു. ഭക്ഷണം` കഴിഞ്ഞ് തിരിച്ച് യാത്ര തുടങ്ങി. ഓരോ മരത്തിലും ഓരോ കാടും ജീവിതവും ഒളിപ്പിച്ച മനുഷ്യരോട് ഇടങ്ങളോട് ഞങ്ങൾ തൽക്കാലം യാത്ര പറഞ്ഞു. നാളെ ഹഡ ഗോത്ത ഗ്രാമത്തിലേക്ക് പോകണം.

(തുടരും)