പൂമുഖം TRAVEL ഇസ്താംബൂൾ നാമ (ഭാഗം-10)

ഇസ്താംബൂൾ നാമ (ഭാഗം-10)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഹിപ്പൊഡ്രോം

ഫുട്ബോൾമൈതാനത്തിന്‍റെ വലിപ്പമുള്ള, കല്ലുകൾ പാകിയ ഒരു തുറന്ന സ്ഥലമാണിത്. അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ഹിപ്പോഡ്രോമിന്‍റെ ചരിത്രം എ ഡി203ൽ തുടങ്ങുന്നു. അന്നത്തെ ചക്രവർത്തിയായിരുന്ന എമ്പറർ സെപ്റ്റിമസ് സെവെറസ് ബൈസാന്റിയം പട്ടണം പുതുക്കിപ്പണിഞ്ഞ കാലത്താണ് ഇതിൻ്റെയും നിർമ്മാണം നടന്നത്. പിന്നീട് കോൺസ്റ്റാൻ്റൈൻ ചക്രവർത്തി ഇത് നവീകരിക്കുകയും വിശാലമാക്കുകയും ചെയ്തു. ഗ്രീക്ക്ഭാഷയിൽ ഹിപ്പോസ് എന്നാൽ കുതിര എന്നും ഡ്രോമോസ് എന്നാൽ വഴി എന്നും അര്‍ത്ഥമുണ്ട്. കുതിരയോട്ടം പതിവായി നടക്കുന്ന ഇടമായതിനാലാണ് ഈ പേർ ലഭിച്ചത്.

Hippodrome

ഈ കാലങ്ങളിലൊക്കെയും പ്രധാനപ്പെട്ട എല്ലാ പൊതുപരിപാടികളും നടന്നിരുന്നത് ഹിപ്പൊഡ്രോമിൽ വെച്ചായിരുന്നു. പല ചക്രവർത്തിമാരുടെയും പടനായകന്മാരുടെയും വിജയാഘോഷങ്ങൾക്ക് ഇവിടം വേദിയായിട്ടുണ്ട്. സ്ഥാനഭ്രഷ്ടരാക്കപ്പെട്ട പലരും അധികാരികളുടെയും പൊതുജനങ്ങളുടെയും പരസ്യമായ പീഡനങ്ങൾക്ക് ഇരയായതും ഇവിടെവെച്ചു തന്നെ. അക്കാലത്ത് സ്ഥിരമായി തേരോട്ടങ്ങളും സർക്കസ്സുകളും ഗ്ലാഡിയേറ്റർമാരുടെ മല്ലയുദ്ധങ്ങളും, അപൂർവമൃഗങ്ങളുടെ പ്രദർശനങ്ങളും മറ്റു കായികവിനോദങ്ങളും ഇവിടെവെച്ച് സംഘടിപ്പിക്കപ്പെട്ടിരുന്നു. പലപ്പോഴും ഇത് പൊതു നിയമവിചാരണയുടെ വേദിയായും വധശിക്ഷ നടപ്പിലാക്കുന്ന ഇടമായും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഏകദേശം 130 മീറ്റർ വീതിയും 450 മീറ്റർ നീളവുമുള്ള ഇതിന് ചുററുമുണ്ടായിരുന്ന സ്റ്റേഡിയത്തിൽ 40000-50000 ആളുകൾക്കിരിക്കാൻ സൗകര്യമുണ്ടായിരുന്നു. ചക്രവർത്തിക്കും കുടുംബത്തിനും രാജസഭയിൽ ഉള്ളവർക്കും പ്രത്യേക പവലിയൻ ഉണ്ടായിരുന്നു. രണ്ട് മീറ്റർ വീതിയും 3-4 മീറ്റർ ഉയരവും ഉള്ള സ്‌പൈന എന്ന മതിൽ ഈ മൈതാനത്തെ, നീളത്തിൽ രണ്ടായി പകുത്തിരുന്നു. ഇപ്പോൾ അത് കാണാനില്ല.

ജസ്റ്റീനിയന്‍റെ കാലത്ത് ബ്ലൂസ്, ഗ്രീൻസ്, റെഡ്സ്, വൈറ്റ്സ് (Blues, greens, Reds and Whites) എന്നിങ്ങനെ പേരുകളുള്ള 4 ടീമുകളാണ് സാധാരണ മത്സരിച്ചിരുന്നത്. കാലക്രമേണ നീലയും പച്ചയും ഗ്രൂപ്പുകൾക്ക് മേധാവിത്വം ഉണ്ടായതോടെ വെള്ളയും ചുവപ്പും ഇവരുടെ ഗ്രൂപ്പുകളിൽ ലയിച്ചു. സാധാരണയായി ‘നീല’ സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരുടെയും മദ്ധ്യവർഗ്ഗത്തിന്‍റെയും യാഥാസ്ഥിതികരുടെയും കൂട്ടായ്മയായിരുന്നു. ‘പച്ച’യാകട്ടെ , സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവരുടെയും രാഷ്ട്രീയവും മതപരവുമായ ഉൽപ്പതിഷ്ണുക്കളുടെയും സംഘം ആയിരുന്നു. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ വിടവുകൾ മൂലം ഇവർ തമ്മിലുള്ള വൈരം മൂത്തിട്ടാണ് എ.ഡി 532ൽ ‘നിക്കാ’(വിജയം) എന്ന ആഭ്യന്തര യുദ്ധം ഉണ്ടാകുന്നത്.

Egyptian obeslisk

വിഗ്രഹാരാധനയുടെ പാരമ്പര്യമുണ്ടായിരുന്നതു നിമിത്തം കത്തോലിക്കസഭ ഇത്തരം ആഘോഷങ്ങളെ പൂർണ്ണമായും അംഗീകരിച്ചിരുന്നില്ല. ഇതുമൂലം 1261 ആയപ്പോഴേക്കും ഇവ ക്രമേണ നിലച്ചു. ഓട്ടോമൻമാരുടെ കാലത്ത് സുന്നത്തു കല്യാണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട ആഘോഷങ്ങളും കുതിരയോട്ടങ്ങളും ജാവലിൻത്രോ മത്സരങ്ങളും ഇവിടെ നടന്നിരുന്നു.

ഈ പ്രതിസന്ധിക്കുശേഷം വർഷങ്ങളോളം ഹിപ്പോഡ്രോമിൽ വിനോദപരിപാടികളൊന്നും നടന്നില്ല. ബി.സി ഏഴാം നൂറ്റാണ്ട് മുതൽ ആചാരപരമായ ആവശ്യങ്ങൾക്ക് മാത്രം ഹിപ്പൊഡ്രോം ഉപയോഗിച്ചുവന്നു. വ്യക്തമായും, ചക്രവർത്തിമാർ വിനോദവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നതിൽ ജാഗ്രത പുലർത്തിയിരുന്നു. ലിയോ മൂന്നാമൻ(A.D.717-741) ഗൗരവമേറിയ പ്രഖ്യാപനങ്ങൾ നടത്തുന്നതിനുള്ള ഒരു ഫോറമായി ഹിപ്പോഡ്രോം ഉപയോഗിച്ചു. ആദ്യകാലത്ത് തിരഞ്ഞെടുക്കപ്പെട്ട ആളുകളെ മാത്രം പ്രവേശിപ്പിച്ചിരുന്ന തന്‍റെ സദസ്സിലേക്ക് പിൽക്കാലത്ത് ഹിപ്പൊഡ്രോമിന് ഉൾക്കൊള്ളാൻ കഴിയുന്നത്ര ആളുകളെ ലിയോ അനുവദിച്ചു.

കൃത്യമായ തീയതികൾ അറിയില്ലെങ്കിലും ഇത്തരത്തിൽ ഒരിടം ഗ്രീക്കുകാരുടെ കാലം മുതൽ നിലവിലിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്. ഭരണം മാറിവന്നപ്പോൾ ഓരോ രാജാക്കന്മാരും തങ്ങളുടേതായ ചില കൂട്ടിച്ചേർക്കലുകൾ ഇവിടെ നടത്തിയതിനെ തുടർന്ന് ഇതിന്‍റെ വലിപ്പവും സൗകര്യങ്ങളും വർദ്ധിച്ചു കൊണ്ടേയിരുന്നു. പലതരം അലങ്കാരങ്ങൾ ഇതിനകത്ത് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് പ്രധാനമായും മൂന്നെണ്ണമാണ് ബാക്കിയുള്ളത്. പല കാലങ്ങളിലായി മറ്റുള്ളതെല്ലാം നശിപ്പിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തു.

ഈജിപ്ഷ്യൻ ഒബിലിസ്ക്

സ്ഥലത്തിന്‍റെ ഒത്ത മധ്യഭാഗം അടയാളപ്പെടുത്തുന്ന Spina എന്നറിയപ്പെടുന്ന മതിൽ നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ ഈജിപ്ഷ്യൻ ഒബിലിസ്ക് സ്ഥാപിച്ചിരിക്കുന്നത്. 60 അടി ഉയരമുള്ള ചുവന്ന ഗ്രനൈറ്റ് കൊണ്ട് നിർമ്മിച്ച ഇത്, ക്രിസ്തുവിനും 1500 വർഷം മുൻപ് നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ഇതിലെ എഴുത്തുകൾ അക്കാലത്ത് ഭരണാധികാരിയായിരുന്ന ഫറോവ തുട്മോസ് (Thutmose) മൂന്നാമന്‍റെ അപദാനങ്ങൾ വാഴ്ത്തിപ്പാടുന്നവയാണ്. അപ്പർ ഈജിപ്തിലെ തീബിസ് നഗരത്തിൽ തന്‍റെ സിറിയയിലെ യുദ്ധവിജയത്തിന്‍റെയും യൂഫ്രട്ടീസ്നദി കടന്നതിന്‍റെയും ഓർമ്മയ്ക്കായാണ് ഇത് നിർമ്മിച്ചത്. അക്കാലത്ത് ഇതിന് 60 മീറ്റർ ഉയരവും 800 ടൺ ഭാരവും ഉണ്ടായിരുന്നുവത്രേ.

Base of Egyptian obelisk

റോമൻ ഭരണകാലത്ത് എഡി390ൽ ചക്രവർത്തിയായിരുന്ന തിയഡോസിയസ് ഇത് ഈജിപ്തിൽ നിന്നും പിഴുതെടുത്ത് കപ്പലിൽ കയറി മെഡിറ്ററേനിയൻ വഴി കോൺസ്റ്റാന്റിനോപ്പിളിൽ എത്തിക്കുകയായിരുന്നു. പക്ഷേ ഇങ്ങനെ കൊണ്ടുവരപ്പെട്ടതിനു ശേഷം ഇതിന്‍റെ മുകളിലുള്ള മൂന്നിൽ രണ്ട് ഭാഗം മാത്രമേ ബാക്കിയായുള്ളൂ. ഇത് സ്ഥാപിച്ചിരിക്കുന്ന പ്ലാററ്ഫോമിന്‍റെ ചുറ്റും ഈ കഥകൾ ചിത്രീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ഒരു വശത്ത് തിയഡോസിയസ് ഒന്നാമൻ ചക്രവർത്തി ഹിപ്പോഡ്രോമിലെ കാഴ്ചകൾ കാണാനായി തനിക്ക് പ്രത്യേകമായി ഉണ്ടാക്കിയ പ്രത്യേക പ്ലാറ്റ്ഫോമിൽ ആസനസ്ഥനായിരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരുവശത്ത് ഈ ചക്രവർത്തി ഹിപ്പൊഡ്രോമിൻറെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് കാണാം. കിഴക്ക് വശത്ത് ചക്രവർത്തിയുടെയും കുടുംബത്തിന്‍റെയും മുന്നിൽ അടിമകളായി പിടിക്കപ്പെട്ട കുറെ മനുഷ്യരുടെ രൂപങ്ങൾ ഉണ്ട്. വടക്കുഭാഗത്ത് ചക്രവർത്തിയും കുടുംബവും ഒരു തേരോട്ടമത്സരം കാണുന്ന രംഗമാണ്. ഇവിടെത്തന്നെ ചക്രവർത്തി റീത്തിന്‍റെ ആകൃതിയിലുള്ള ഒരു കിരീടം കയ്യിലേന്തിക്കൊണ്ട് പുരസ്കാരത്തിനായി തയ്യാറെടുക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ഇതിന്‍റെ കീഴ്ഭാഗത്തായി നർത്തകികളും വാദകരുമാണ് ഒബ്ലിസ്കിന്റെ അടിസ്ഥാനമാവുന്നത്.

സർപ്പന്റെയിൻ കോളം

25 അടി ഉയരമുള്ള ക്ലാവിന്‍റെ പച്ചനിറമുള്ള മൂന്നു പാമ്പുകൾ കെട്ടുപിണഞ്ഞു ഒറ്റത്തൂണ് പോലെ കാണുന്ന അവസ്ഥയിലാണ് ഈ സ്തുപം. പക്ഷേ ഇപ്പോൾ പാമ്പുകളുടെ തല കാണാനില്ല. ഇത് നശിപ്പിക്കപ്പെട്ടതിനെപ്പറ്റി പല കഥകൾ ഉണ്ടെങ്കിലും ഏറ്റവും വിശ്വസനീയമായ കഥ പോളിഷ് എംബസിയിലെ ഒരു ജോലിക്കാരന്‍റെ പേരിലുള്ളതാണ്. 1700 ഏപ്രിൽ ഒരു രാത്രിയിൽ മദ്യപിച്ച് ഉന്മത്തനായ ഇയാൾ ഈ പാമ്പുകളുടെ തല തകർത്തു എന്ന് പറയപ്പെടുന്നു.1847ൽ ഇതിൽ ഒരെണ്ണത്തിന്‍റെ തല കണ്ടെടുക്കുകയുണ്ടായി. ഇപ്പോൾ അത് ഇസ്താംബൂളിലെ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

ബിസി 479-ൽ ഗ്രീസിലെ 31പട്ടണങ്ങൾ ചേർന്ന് അന്നത്തെ പേർഷ്യയുടെ മേലുള്ള അവരുടെ വിജയം ആഘോഷിക്കാൻ വേണ്ടി നിർമ്മിച്ചതാണിത്. ഡൽഫിയിലെ അപ്പോളോ ദേവൻ ക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ട ഇത് നിർമ്മിച്ച കാലത്തും തുടർന്നുള്ള 800 വർഷങ്ങളിലും വളരെ പ്രസിദ്ധമായ ഒരു സ്തൂപം ആയിരുന്നു. ഇതിന്‍റെ ഏറ്റവും അടിയിലുള്ള ഭാഗത്ത് ഈ പട്ടണങ്ങളുടെ പേരുകൾ കൊത്തി വെച്ചിട്ടുണ്ട്. കോൺസ്റ്റന്റൈൻ ഈ പട്ടണത്തിന് കോൺസ്റ്റാന്റിനോപ്പിൾ എന്ന പേര് നൽകിയത് ശേഷം അദ്ദേഹമാണ് ഈ തൂണ് ഹിപ്പൊഡ്രോമിലേക്ക് കൊണ്ടുവന്നത്. ആദ്യകാലത്ത് ഹയ സോഫിയയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ഇത് പിന്നീട് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.

വാള്‍ഡ് ഒബിലിസ്ക്

ഹിപ്പോഡ്രോമിന് അകത്ത് ഇന്ന് കാണപ്പെടുന്ന മൂന്നു പ്രധാന സ്മാരകങ്ങളിൽ ഏറ്റവും പൊക്കം കൂടിയതാണിത്. 100 അടി പൊക്കമുള്ളതും കല്ലുകൊണ്ട് നിർമ്മിച്ചതും ആയ ഈ സ്തൂപം, ആദ്യകാലത്ത് തിളങ്ങുന്ന പിത്തള കൊണ്ട് പൊതിഞ്ഞതായിരുന്നു. ഇത് എത്ര പഴക്കമുള്ളതാണെന്ന് ആർക്കും അറിയില്ല, എന്നാൽ പത്താം നൂറ്റാണ്ടിൽ അവരുടെ യുദ്ധവിജയങ്ങളുടെ ഓർമ്മക്കായി റോമാക്കാർ പുനരുദ്ധരിച്ചതാണ് ഇന്നു കാണുന്ന സ്തൂപം.

ക്രിസ്തുവിന് മുമ്പ് ബൈസാന്റിയം, ശേഷം കോൺസ്റ്റാന്റിനോപ്പിൾ, ഓട്ടോമൻ കാലത്ത് ഇസ്താൻബുൾ എന്നീ പേരുകളിൽ അറിയപ്പെട്ട ഈ നഗരം പല നാടുകളിലെ ജനങ്ങളെ മോഹിപ്പിച്ചു കൊണ്ടിരുന്നു. മധ്യകാലത്ത് 1204 വരെ ഇത് യൂറോപ്പിലെ ഏറ്റവും പ്രമുഖമായ പട്ടണമായി തുടർന്നു. അക്കാലത്ത് കുരിശു യുദ്ധക്കാരുടെ ഒരു കൂട്ടം ഈ പട്ടണത്തിന് ചുറ്റും നിലയുറപ്പിച്ചു. കിട്ടാക്കടം പിരിച്ചെടുക്കുക, കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ മരണത്തിന് പ്രതികാരം വീട്ടുക, പോപ്പിന്‍റെ അധികാര പരിധി വ്യാപിപ്പിക്കുക ഇവയായിരുന്നു, അവരുടെ ആവശ്യങ്ങൾ. പട്ടണത്തെ പൊതിഞ്ഞ മതിലുകൾ തകർത്തു കൊണ്ട് ഇവർക്ക് നഗരത്തിൽ പ്രവേശിക്കാൻ സാധിച്ചു. അവിടെ ഉണ്ടായിരുന്ന പ്രതിമകളും മറ്റുപല അലങ്കാരങ്ങളും ഇവർ കൊള്ളയടിച്ചു വെനീസിലേക്ക് കൊണ്ടു പോയി. ഇത്തരം തുടർച്ചയായ ആക്രമണങ്ങൾ മൂലം നഗരത്തിന്‍റെ പ്രതാപം പതിയെ മങ്ങിത്തുടങ്ങി.

1453ല്‍ ഓട്ടൊമന്മാർ ഇവിടെ എത്തിയ കാലത്ത് ജീർണ്ണാവസ്ഥയിലായ ഹിപ്പൊഡ്രോം നിൽക്കുന്ന പ്രദേശത്തിന്, തങ്ങളുടെ കുതിരകൾക്ക് വിശ്രമിക്കാനുള്ള ഒരു സ്ഥലം എന്നതിൽ കവിഞ്ഞ് ഒരു പ്രാധാന്യവും നൽകിയില്ല. ബ്ലൂമോസ്കിന്‍റെ നിർമ്മാണത്തിന് ഇവിടെനിന്നുള്ള കല്ലുകൾ പുനരുപയോഗിച്ചതായി കാണാം. ചുറ്റുപാടുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ബാക്കിവരുന്ന അനാവശ്യവസ്തുക്കൾ ഉപേക്ഷിക്കാനായി അക്കാലത്ത് ഈ ഭാഗം ഉപയോഗിച്ചത് മൂലമാണ് ഇപ്പോൾ കാണുന്ന ഹിപ്പൊഡ്രോം ചുറ്റുപാടുമുള്ള പല പുരാതന മന്ദിരങ്ങളെക്കാൾ ഏകദേശം ആറടി എങ്കിലും ഉയരത്തിൽ കാണപ്പെടുന്നത്.

ജർമൻ ഫൗണ്ടൻ

ഹിപ്പോഡ്രോമിന്‍റെ വടക്കേ അറ്റത്ത് കാണുന്ന ജർമ്മൻ ഫൗണ്ടൻ, പോർഫൈറിഎന്ന ഒരു പ്രത്യേകതരം കല്ലുകൾകൊണ്ട് നിർമ്മിച്ച 8 തൂണുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. അഷ്ടഭുജരൂപത്തിൽ നിർമ്മിക്കപ്പെട്ട ഈ പൊതുജലധാരയുടെ ചുറ്റും കാണുന്ന ഇന്നും പ്രവർത്തനക്ഷമമായ ഇതിന്‍റെ വാട്ടർടാപ്പുകൾ വെങ്കലം കൊണ്ട് നിർമ്മിച്ചവയാണ്. ഓട്ടോമൻ ഭരണകാലത്ത് ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ആയിരക്കണക്കിന് ജലധാരകൾ നിമിത്തം സാധാരണ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം എപ്പോഴും ലഭ്യമായിരുന്നു. രാജകുടുംബാംഗങ്ങളും ധനികരും തങ്ങളുടെ പേരുകൾ ഈ ഫൗണ്ടനുകൾക്കായി നൽകി. ജർമ്മൻ കൈസർ വില്യം രണ്ട് കോൺസ്റ്റാന്റിനോപ്പിൾ സന്ദർശിച്ച കാലത്ത്, അദ്ദേഹം തലസ്ഥാനത്തെ ജനങ്ങൾക്കായി നിർമ്മിച്ചു നൽകിയതാണ് ഇത്. അബ്ദുൽ ഹമീദ് രണ്ടാമനുമായി കച്ചവടബന്ധങ്ങൾ ഉറപ്പിക്കാനും സൗഹൃദം ഊട്ടിയുറപ്പിക്കാനുമായി 1900ലാണ് ഇതിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. ബൈസാന്റിൻ, ഇസ്ലാമിക്, യൂറോപ്പിയൻ എന്നീ ശൈലികളുടെയും ടെക്നോളജിയുടെയും ഒരു സങ്കലനമാണ് ഈ ഫൗണ്ടൻ. ഇത് പല കഷണങ്ങളായി ജർമ്മനിയിൽ തന്നെ നിർമ്മിച്ചശേഷം, ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് കൊണ്ടു വന്ന് ഒന്നിച്ചു ചേർക്കുകയായിരുന്നു.

കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

Comments
Print Friendly, PDF & Email

You may also like