പുരാണ കഥകളുടെയും ധ്യാന മന്ത്രങ്ങളുടെയും ആവര്‍ത്തന ലോകത്തു നിന്ന് പ്രകൃതിയുടെ ജൈവ സമൃദ്ധിയിലേക്ക് ഇറങ്ങി വന്ന ചിത്രകാരിയാണ് ലേഖ വൈലോപ്പിള്ളി. ഒരു യഥാര്‍ത്ഥ കലാകാരന് /കലാകാരിക്ക് ആവര്‍ത്തനങ്ങളുടെ രചനാ ലോകത്ത് ഏറെക്കാലം ജീവിക്കാനാവില്ലെന്ന് ലേഖയും വിശ്വസിക്കുന്നു. ചുവര്‍ചിത്ര പഠന കാലം മുതല്‍ പെയ്ന്റിംഗ് (ഫൈന്‍ ആര്‍ട്ട്) ഉപരിപഠനം തുടങ്ങും വരെയുള്ള കാലയളവില്‍ മാത്രമെ ലേഖയുടെ ക്രിയാത്മക ചിത്രങ്ങള്‍ക്ക് പാരമ്പര്യ ചുവര്‍ചിത്ര ശൈലിയുണ്ടെന്ന് പറയാനാവൂ. അക്കാലത്താണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്ത കവിതകളായ മാമ്പഴവും പടയാളികളും ലേഖ ചിത്രീകരിക്കുന്നത്. പെയ്ന്റിംഗ്് പഠനം തുടങ്ങുന്നതോടെ രണ്ട് ശൈലികളുടെ ലയനവും ലേഖയുടെ രചനകളില്‍ കാണാന്‍ തുടങ്ങി. പാരമ്പര്യ (ചുവര്‍ചിത്ര) വര്‍ണ്ണങ്ങളെ ഒഴിവാക്കിയായിരുന്നു തുടക്കം. അതിലേറെയും സെല്‍ഫ് പോര്‍ട്രേറ്റുകളായിരുന്നു.
ലളിത വര്‍ണ്ണങ്ങളില്‍ പ്രകൃതിയും മൃഗങ്ങളും പക്ഷികളും മീനുകളും നിറയുന്ന ആത്മചിത്രങ്ങളില്‍ ചുവര്‍ചിത്ര ശൈലിയുടെ അംശങ്ങള്‍ എത്ര കലാത്മകമായാണ് ഉള്‍ച്ചേരുന്നത്. അധികമാരും പരീക്ഷിച്ചു കാണാത്ത ഈ രചനാശൈലി ലേഖാചിത്രങ്ങളുടെ ഐഡന്റിറ്റി കൂടിയാവുന്നുണ്ട്. സന്തോഷവും ശുഭപ്രതീക്ഷയും കാഴ്ചക്കാരിലുളവാക്കുന്ന ചിത്രങ്ങള്‍ വരക്കാനാണ് താനിഷ്ടപ്പെടുന്നത് എന്നു പറയുന്ന ലേഖയുടെ ആത്മചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു കാണുന്ന പക്ഷിയാണ് ചകോരം (ചെമ്പോത്ത്). പേര് വായിക്കാതെ ആസ്വദിക്കാവുന്ന അത്രയും ലളിതമാണ് തന്റെ രചനകളെന്ന് വിശ്വസിക്കുന്നതിനാല്‍ ചിത്രങ്ങള്‍ക്ക് പേരിടാന്‍ ലേഖ പൊതുവെ താല്‍പര്യം കാണിക്കാറില്ല. പേരുള്ള ചിത്രങ്ങളില്‍ ‘lovers with peppa’ (a flight from assam to kerala)) ശ്രദ്ധേയമായ ഒരു പെയ്ന്റിംഗാണ്. ഒരു ഉത്സവാഘോഷത്തിന്റെ തീവ്രവര്‍ണ്ണ ബഹളം മുഴുവനും അതിലുണ്ട്. നമ്മുടെ വിഷുവിനെ ഓര്‍മ്മിപ്പിക്കുന്ന ആസ്സാമിലെ കാര്‍ഷികോത്സവമാണ് ബിഹു. അതില്‍ പരമ്പരാഗത നര്‍ത്തകരുടെ ഒരു സംഗീതോപകരണമാണ് ‘പെപ്പ’. പോത്തില്‍കൊമ്പും ഫ്‌ളൂട്ടും ചേര്‍ന്ന ഒരു നിര്‍മ്മിതി. ആ സംഗീതത്തില്‍ നിന്നുള്ള ഒരു സ്വപ്ന സഞ്ചാരമാണ് lovers with peppa. നട്ടുവം കൃതികളിലെ മ്യൂറല്‍ ശൈലിയിലുള്ള ചിത്രീകരണങ്ങളും ലേഖയുടേതാണ്.
ബാംഗ്ലൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പെയ്ന്റിംഗില്‍ M.V.A.(2009). കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മ്യൂറല്‍ പെയ്ന്റിംഗില്‍ B.F.A.(2003). ദര്‍ബാര്‍ ഹാളില്‍ നടന്ന Nature transcends fantacy (2013), സമന്വയം(2009), സ്പന്ദനം(2006) എന്നീ സോളോ പ്രദര്‍ശനങ്ങള്‍ക്ക് പുറമെ 2003 മുതല്‍ S.S.U.S.കാലടി, ദര്‍ബാര്‍ ഹാള്‍ കൊച്ചി, ചിത്രകലാ പരിഷത് ബാംഗ്ലൂര്‍, ബാംഗ്ലൂര്‍ യൂനിവേഴ്‌സിറ്റി ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി ആറു ഗ്രൂപ്പ് പ്രദര്‍ശനങ്ങള്‍. രുപാലി ആര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പ് ഷൊ (2015) ക്യുറേറ്റ് ചെയ്തു. 1995 മുതല്‍ വ്യത്യസ്ത പെയ്ന്റിംഗ് – ശില്പ കലാ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. S.S.U.S.കാലടിയിലും ശ്രീസായ് വിദ്യാവിഹാര്‍ സ്‌കൂളിലും ചിത്രകലാ അദ്ധ്യാപികയായി ജോലി ചെയ്തു. കവി വൈലോപ്പിള്ളിയുടെ മൂന്നാം തലമുറയിലെ കലാകാരിയായ ലേഖ ഇപ്പോള്‍ രുപാലി എന്ന ആര്‍ട്ട് സ്‌കൂളും രൂപലേഖ എന്ന ആര്‍ട്ട് മെറ്റീരിയല്‍ ഷോപ്പുമായി കൊച്ചിയില്‍ ജീവിക്കുന്നു.
contact: lekhavyloppilly@gmail.com
[Not a valid template]