പൂമുഖം Travelയാത്ര വിയറ്റ്നാം ഡയറീസ് (Day – 1)

വിയറ്റ്നാം ഡയറീസ് (Day – 1)


പയണികളിൻ ശ്രദ്ധയ്ക്ക്

നെടുമ്പാശ്ശേരിയിൽ നിന്ന് ക്വാലാലമ്പൂരിലേക്ക് കയറിയ Air Asia വിമാനത്തിലെ അനൗൺസ്മെൻ്റ് തമിഴിൽ! ഈ വിമാന കമ്പനിയുടെ ഉടമസ്ഥൻ തമിഴനായിരിക്കും എന്ന് ഞങ്ങൾ തമ്മിൽ പറയുമ്പോൾ അടുത്ത സീറ്റിലെ കോട്ടയ്ക്കൽകാരൻ റഷീദ് തിരുത്തി. മലേഷ്യയിലിറങ്ങി നടന്നാൽ മദ്രാസിലെത്തിയ പോലെയാണത്രേ. തമിഴ്നാട്ടുകാർക്ക് പണ്ടുപണ്ടേ മലേഷ്യയുമായി അടുത്ത ബന്ധമാണ്.

അതു ശരിയാണെന്ന് ക്വലാലമ്പൂരിലെത്തിയപ്പോൾ മനസ്സിലായി. വിമാനത്താവളത്തിലെ ഒട്ടനവധി ജോലിക്കാർക്കും തമിഴ് മുഖങ്ങളാണ്. ബോർഡിൽ തെളിയുന്ന വിമാനങ്ങളുടെ destination കളിൽ ചെന്നൈ, തിരുച്ചിറപ്പള്ളി ഒക്കെയുണ്ട്. (ജിതയും ഞാനും ശൈലജ ടീച്ചറും തിരിഞ്ഞു കളിച്ച അതേ ട്രിച്ചി !)

എത്തുന്ന സ്ഥലത്തോളം രസകരമാണ് യാത്രയും. ഓരോ വിമാനത്താവളത്തിലും എത്രയെത്ര തരം മനുഷ്യരെയാണ് കാണുന്നത്! വ്യത്യസ്ത രാജ്യക്കാരെ, ശരീര പ്രകൃതിക്കാരെ, വേഷക്കാരെ … അത് കണ്ടു കൊണ്ടിരിക്കുന്നതു തന്നെ വലിയൊരു കാഴ്ചയാണ്. അതുപോലെ വിമാനങ്ങൾ പോകുന്ന സ്ഥലങ്ങളുടെ ബോർഡ് വായിക്കാനും. എത്ര ചെറുതാണ് ലോകം. ഓരോ സ്ഥലത്തു നിന്നും നമ്മൾ കേട്ടിട്ടു മാത്രമുള്ള ഓരോ നാടുകളിലേക്കുമുള്ള കണക്ഷൻ ഫ്ലൈറ്റുകൾ. പെനാംഗ്, പട്ടായ, മക്കാവു, മനില, ലങ്കാവി, ജക്കാർത്ത… കേട്ടറിഞ്ഞ സ്ഥലങ്ങൾ മുന്നിലെ ബോർഡിൽ കണ്ണു മിന്നിത്തെളിച്ചു കൊണ്ട് ക്ഷണിക്കുകയാണ്.

ആഗസ്റ്റ് 15-16 നിടയിലെ രാത്രി 12 മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് നാലര മണിക്കൂർ പറന്ന് ക്വലാലമ്പൂർ എത്തിയപ്പോൾ ഇവിടെ സമയം രാവിലെ ആറേകാൽ. ഇനി നാലു മണിക്കൂർ കാത്തിരുന്ന് രണ്ടു മണിക്കൂർ പറന്നാൽ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി എത്തും. പഴയ സൈഗോണാണ് ഇപ്പോൾ ഹോ ചിമിൻ സിറ്റി ആയി മാറിയത്.

എന്തു കൊണ്ട് വിയറ്റ്നാം എന്ന് പലരും ചോദിച്ചു. വിയറ്റ്നമീസ് കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള ഐക്യദാർഢ്യം കൊണ്ടോ അങ്കിൾ ഹോയോട് ആരാധന മൂത്തോ അല്ല. ചെലവു കുറവായതു കൊണ്ടു തന്നെ. ഏതാണ്ട് ഡൽഹിക്കു പോകുന്നതിലും അൽപം കൂടുതൽ തുകയ്ക്ക് ആറര മണിക്കൂർ flying time ഉള്ള സൈഗോണിൽ എത്തും.

ടോയ്ലറ്റിനു മുന്നിൽ വെച്ച് രണ്ടോ മൂന്നോ മാസം പ്രായമായ കുഞ്ഞിനെ ദേഹത്തു വെച്ചു കെട്ടിയ കൊറിയക്കാരിയെന്നു തോന്നിയ ഒരമ്മയെ കണ്ടു. കൂടെ ആരും ഇല്ലാത്തതു കൊണ്ടാവും കുഞ്ഞിനെ ഒന്നു പിടിക്കുമോ എന്നു ചോദിച്ചു. അമ്മ പോയി വരും വരെ ആ കുഞ്ഞ് എൻ്റെ കൈയിലിരുന്നു. പിന്നീടും waiting സ്ഥലത്തു വെച്ച് അവരെ കണ്ടപ്പോൾ കൊറിയക്കാരി അമ്മ എന്നോട് ചിരിച്ചു. ഇനി ഒരിക്കലും കാണില്ലാത്ത കൊറിയൻ കുഞ്ഞേ, റ്റാറ്റാ.

ഇങ്ങനെയുള്ള യാത്രകളിൽ നമ്മളെ ആരും തിരിച്ചറിയാതെ വായ് നോക്കി ഇരിക്കുന്നതിൻ്റെ സുഖമൊന്ന് വേറെ തന്നെയാണ്. ഇത്തവണ പക്ഷേ അടുത്തിരിക്കുന്ന ആളെക്കുറിച്ചൊരു സംശയം തോന്നി. വെറുതെ ചോദിച്ചു: Are you from Kerala ? അതെ. എവിടെ? കോഴിക്കോട്. കോഴിക്കോട്ടെവിടെ? ബാലുശ്ശേരി! ശ്ശോ! നന്മണ്ട 14 ൽ താമസിക്കുന്ന സാന്ദ്ര ഒന്നാം വിവാഹവാർഷികം ആഘോഷിക്കാൻ സൈഗോണിലേക്കു പോവുകയാണ്. ഭർത്താവ് ദുബായിൽ നിന്ന് നേരെ അങ്ങോട്ടെത്തും. ഞങ്ങളും അങ്ങോട്ടാണ്. ഞങ്ങളുടേത് മുപ്പതാം വിവാഹവാർഷികം!

കവർ: ജ്യോതിസ് പരവൂർ

Comments

You may also like