വീട്ടിലെ മുതിർന്നവർക്കിടയിൽ നിന്ന് ‘ചെമ്മീൻ’ എന്നവിഖ്യാത സിനിമയിലെ പരീക്കുട്ടിയുടെ സംഭാഷണങ്ങൾ അതേപടി ആരോ അനുകരിക ച്ചത് കുട്ടിക്കാലത്ത് ഞാൻ കേട്ടതാണ് മധുവെന്ന വിശ്രുത നടനെ കേൾക്കുന്ന ആദ്യനിമിഷങ്ങൾ! അന്നെനിക്ക് എട്ടോ ഒന്പതോ വയസ്സ് പ്രായം. മിമിക്രി എന്ന കലാരൂപം അന്ന് ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ ചെമ്മീനിലെ പരീക്കുട്ടിയെ നടന്‍റെ അതേ മാനറിസത്തോടെ പ്രണയ പാരവശ്യം കഴിയുന്നവിധം നെഞ്ചിലേറ്റിയാണ് അയാൾ അനുകരിച്ചത്. മധുവിന്റെ പരീക്കുട്ടി എന്നവർ പലവട്ടം പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. “കറുത്തമ്മാ” എന്ന് അതിവൈകാരികമായി അനുകരിച്ചയാൾ നീട്ടിവിളിക്കുമ്പോൾ പരീക്കുട്ടിയിലേക്ക് മധുവിലെ നടൻ എത്രമേൽ പരകായപ്രവേശം സാധ്യമാക്കി എന്നൊന്നും അന്നെനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നില്ല.
1966 ൽ ചെമ്മീൻ പുറത്തിറങ്ങുന്ന കാലത്ത് ഞാൻ സിനിമ കണ്ടെന്നും ഇല്ലെന്നും പറയേണ്ടിവരും. കാരണം അന്ന് ഞാൻ അമ്മയുടെ മടിയിലിരുന്ന ഒരു കൊച്ചുകുട്ടിയാണ്. സിനിമ ഓർമ്മയിൽ കൃത്യമായി തെളിഞ്ഞത് ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോൾ. ഞാൻ പഠിച്ച വടകര താലൂക്കിലെ ചങ്ങരംകുളം യു. പി സ്കൂളിലെ പഠനകാലത്ത്. അദ്ധ്യാപകരുടെ നേതൃത്വത്തിൽ സഹപാഠികളോടൊപ്പം ഏതാണ്ട് മൂന്ന് കിലോമീറ്റർ രണ്ടുവരിയായി ഞങ്ങൾ നടന്നുപോയാണ് കക്കട്ടിൽ ലീല ടാക്കീസിലെത്തിയത്. അപ്പോഴേക്കും ചെമ്മീൻ സിനിമക്ക് ഒൻപത് വർഷം പ്രായമായിക്കാണും. മലയാള സിനിമയിൽ പുതിയ മാറ്റങ്ങൾ വന്നുതുടങ്ങിയ കാലമാണത്. മലയാളത്തിന് ദേശീയ തലത്തിൽ യശസ്സുയർത്തിയ സിനിമകളായി എഴുപത്തി രണ്ടിൽ അടൂർ ഗോപാലകൃഷ്ണന്‍റെ ‘സ്വയംവരവും’ എഴുപത്തിമൂന്നിൽ എം.ടി. വാസുദേവൻ നായരുടെ ‘നിർമ്മാല്യവും’ പിറന്നിരുന്നു. എന്നിട്ടും ചെമ്മീൻ സിനിമ പ്രേക്ഷക മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല. പരീക്കുട്ടിയും കറുത്തമ്മയും പളനിയും ചെമ്പൻകുഞ്ഞും പഞ്ചമിയും വയലാർ- സലിൽ ചൗധരിയുടെ ഗാനങ്ങളും സർവ്വോപരി രാമുകാര്യാട്ടിന്‍റെ സംവിധാന മികവും അക്കാലവും പിന്നിട്ട് ഇന്നും നമ്മുടെ മനസ്സിൽ അതേപടി നിലനിൽക്കുന്നുണ്ടല്ലോ! കുട്ടിക്കാലം മുതൽ എത്രതവണ ചെമ്മീൻ കണ്ടെന്നറിയില്ല. ഒരുപക്ഷെ അക്കാലത്തെ മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ തവണ കണ്ട ചിത്രം ഏതെന്ന് ചോദിച്ചാൽ അത് ചെമ്മീൻ തന്നെയാകണം!

ഇന്ത്യയിലെ വിവിധ ഏജൻസികൾ നടത്തിയ മികച്ച ഇന്ത്യൻ സിനിമകളെക്കുറിച്ചുള്ള സർവ്വേയിൽ ചെമ്മീൻ എന്ന സിനിമക്ക് വലിയ സ്ഥാനംതന്നെ ഇതിനകം ലഭിച്ചിട്ടുണ്ട്. അതിലൂടെ പരീക്കുട്ടിയും കറുത്തമ്മയും പളനിയും ചെമ്പൻ കുഞ്ഞും കാലാതീതമായി ജീവിക്കുന്നു. ഒരുപക്ഷെ അറുപതുകളിലോ അതിന് മുൻപോ ജീവിച്ചുതുടങ്ങിയ തലമുറകളിൽ മധു എന്ന നടനെ കൂടുതൽ അടയാളപ്പെടുത്തിയത് ചെമ്മീനിലെ പരീക്കുട്ടിയാവണം . ആദ്യം പുറത്തിറങ്ങിയ ചിത്രമായ ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ (1963) മുതൽ ചെമ്മീൻ (1966) വരെയുള്ള സിനിമകളിൽ അതേവരെയുള്ള നടന്മാരുടെ അഭിനയ മികവിനെ നിഷ്പ്രഭമാക്കിയാണ് മധുവിന്‍റെ വരവ്. ചെമ്മീൻ അദ്ദേഹത്തിന്‍റെ നടനജീവിതത്തിൽ വലിയ വഴിത്തിരിവ് തന്നെ സൃഷ്ടിച്ചിരിക്കണം. ‘ഓളവും തീരവും’ സിനിമയിലെ ബാപ്പുട്ടി, ‘സ്വയംവര’ത്തിലെ വിശ്വം, ‘ഇതാ ഇവിടെ വരെ’യിലെ പൈലി, അർച്ചന ടീച്ചറിലെ സ്കൂൾ മാസ്റ്റർ, ‘ഗുരുജി ഒരു വാക്കി’ലെ ഗുരുജി, ‘1921’ ലെ അലി മുസ്ല്യാർ, ‘ചമ്പക്കുളം തച്ചനിലെ’ വല്യാശാരി , സിംഹവാലൻ മേനോനിലെ ഗംഗാധര ഗൗരിദാസമേനോൻ അങ്ങനെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾ! നടനപ്പുറം സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും മധു തന്റെതായ മറ്റാരുടേയും നിഴൽ പതിയാത്ത സ്വന്തം മേൽവിലാസം മലയാള സിനിമാ ചരിത്രത്തിലേകി, അതൊട്ടും ചെറുതല്ലതാനും.
ഹിന്ദിയിലും (സാത്ത് ഹിന്ദുസ്ഥാനി-1969 ) മലയാളത്തിലും വിസ്തൃതമായി വ്യാപാരിച്ചുകിടക്കുന്ന മധു എന്ന നടന്‍റെ നാനൂറോളം സിനിമകളിൽ അദ്ദേഹം പകർന്നാടിയ ചില അനശ്വര കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സുകളിൽ ഇടക്കൊക്കെ വരാതിരിക്കില്ല. തൊണ്ണൂറ്റിരണ്ടാം ജന്മദിനത്തിൽ ഞാൻ ഓർക്കുന്നതും ആ കഥാപാത്രങ്ങളേയും അവ സൃഷ്ടിച്ച ആ മഹാനടനേയും തന്നെ. മധു സാറിന്‍റെ വിസ്തൃത സിനിമാലോകത്തെ ചെറുതായി സ്പർശിക്കുമ്പോൾ തന്നെ അദ്ദേഹത്തെ കാണാനിടയായ രണ്ടു സന്ദർഭങ്ങൾ കൂടി ഇവിടെ പറയട്ടെ.
1988 ൽ തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.ഐ നടന്ന സമയത്താണ് അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നത്. കൈരളി-ശ്രീ തീയ്യേറ്ററിന്‍റെ മുറ്റത്ത് വെച്ച്. തിയ്യേറ്ററിന്റെ ഒരു ഭാഗത്ത് മാറിനിന്ന് മധുസാർ സംവിധായകൻ ജി.അരവിന്ദനുമായി സംസാരിക്കുന്നു. രണ്ടുപേരുമായും മുൻ പരിചയമൊന്നുമില്ല. അവരുടെ സിനിമകൾ കണ്ട അനുഭവം മാത്രം. രണ്ടുപേരേയും ഒന്ന് പരിചയപ്പെടണമെന്നുണ്ട്. പക്ഷെ അക്കാര്യത്തിൽ എനിക്ക് മടിതോന്നി. അപ്പോഴാണ് കൂടെവന്ന രവി കാവിൽ ( അവനിപ്പോഴില്ല. രണ്ട് വർഷം മുൻപ് നിര്യാതനായി) ഒരു മടിയും കൂടാതെ മധു സാറിനോടും അരവിന്ദനോടും സംസാരിച്ച് തുടങ്ങുന്നത്. സിനിമ കാണാൻ വടകര നിന്നും അവിടെയെത്തിയ ഞങ്ങളെ ഇരുവരും സന്തോഷത്തോടെ എതിരേറ്റു. ഏതാണ്ട് പത്തുമിനുട്ട് നീണ്ട സ്നേഹസംവാദം.
തുടർന്ന് രവി തന്റെ തോൾസഞ്ചിയിൽ നിന്ന് ക്യാമറ പുറത്തെടുത്ത് അവർക്കൊപ്പം ഒരു ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചു. ഇരുവരും ചെറുപുഞ്ചിരിയോടെ അക്കാര്യം സമ്മതിച്ചു. തൊട്ടടുത്ത് നിൽക്കുന്ന വീണപൂവ് എന്ന സിനിമയുടെ സംവിധായകൻ അമ്പിളി രവിയിൽ നിന്നും ക്യാമറഏറ്റുവാങ്ങി. അമ്പിളി ഫോട്ടോ എടുക്കുമ്പോൾ മധു സാർ ഒരു തമാശ പറഞ്ഞു.
“അമ്പിളി ഫോട്ടോയെടുത്താൽ മാനത്താണ് ഫോട്ടോ കിട്ടുക.” എല്ലാവരും അത് കേട്ട് ചിരിച്ചു.
മധു സാറിനെ വീണ്ടും കാണാൻ അവസരം കിട്ടിയതും ഒരു ഫിലിം ഫെസ്റ്റിവൽ കാലത്ത് തന്നെ. ഇക്കഴിഞ്ഞ ഐ .എഫ്.എഫ്.കെയിൽ പങ്കെടുക്കാൻ തലസ്ഥാന നഗരിയിൽ എത്തിയപ്പോൾ പത്രപ്രവർത്തകനും എന്റെ സഹപാഠിയുമായ രാജീവ് ഗോപാലകൃഷ്ണനോട് മധു സാറിനെ കാണാനും എന്റെ ഒരു പുസ്തകം അദ്ദേഹത്തിന് കൈമാറാനുമുള്ള ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു. വിശ്രമജീവിതം നയിക്കുന്ന ഒരു വലിയ കലാകാരന് അപരിചിതരുടെ സന്ദർശനം വലിയ ബുദ്ധിമുട്ടാവുമോ? അക്കാര്യം ഓർത്ത് എന്റെ മനസ്സിൽ വലിയ ആശങ്കയുണ്ട്. എങ്കിലും കുട്ടിക്കാലം മുതൽ ആ അഭിനയ പ്രതിഭയോട് തോന്നിയ വലിയ ഇഷ്ടം എന്റെ ആശങ്കയെ കീഴടക്കുകയും ചെയ്യുന്നുണ്ട്. രാജീവിന് മധു സാറുമായുള്ള ബന്ധം ഞാൻ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. അതാണ് പ്രതീക്ഷ. ഒടുക്കം ആ പ്രതീക്ഷ അർത്ഥവത്തായി. രാജീവ് വാക്കുപാലിച്ചു.

കണ്ണമ്മൂലയിലെ മധുസാറിന്‍റെ വീടിനടുത്ത് ഞാനും എഴുത്തുകാരൻ സജീവൻ മൊകേരിയും രാത്രി പത്ത് മണിക്ക് ശേഷം എത്തിച്ചേർന്നു. രാജീവ് ഞങ്ങളെ അവിടെ കാത്തിരിപ്പുണ്ട്.
മധു സാർ വിശാലമായ മുറിയിൽ ചാരുകസേരയിൽ ബനിയനും മുണ്ടും ധരിച്ച് ഇരിക്കുന്നു. വലിയ ആർഭാടത്തോടെ അലങ്കരിച്ച മുറിയൊന്നുമല്ലയത്. പഴമയും അന്തസ്സും തോന്നിക്കുന്ന മുറി. ഞങ്ങളെ കണ്ടപ്പോൾ ചിരപരിചിതമെന്നപോലെ അദ്ദേഹം ചിരിച്ചു. പിന്നെ സംസാരിച്ചു തുടങ്ങി. വടകരയിൽ മുൻപ് ഒരു ഷൂട്ടിങ്ങിന് വന്ന കാര്യം പറഞ്ഞു. സംഭാഷണത്തിനിടയിൽ പകൽ ഉറങ്ങുന്നതിനെക്കുറിച്ചും രാത്രി നേരം വൈകുംവരെ പഴയകാല സിനിമകൾ കാണുന്നതിനെക്കുറിച്ചും പറഞ്ഞു. സിനിമകൾ കാണുമ്പോൾ മരിച്ചുപോയ സഹപ്രവർത്തകർ ഓർമ്മകളിൽ വേദനയാകുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇടക്ക് പരിചാരകൻ കൊണ്ടുവന്ന പായസം അദ്ദേഹം രണ്ട് കപ്പുകളിൽ ഒഴിച്ച് ഞങ്ങൾക്കായി നീട്ടി. എന്റെ പുസ്തകം ‘തക്കിജ്ജ- എന്റെ ജയിൽ ജീവിതം’ ഞാൻ അദ്ദേഹത്തിന് സമ്മാനിച്ചു. പുസ്തകം തിരിച്ചും മറിച്ചും നോക്കി അതിലെ ഉള്ളടക്കം അദ്ദേഹം വലിയ താൽപര്യത്തോടെ ചോദിച്ചുകൊണ്ടിരുന്നു.
ഏതാണ്ട് നാല്പത് മിനുട്ട് നേരം ആ മഹാനടന്‍റെ സൗമ്യതയിലും സാന്നിധ്യത്തിലും സംഭാഷണങ്ങളിലും ഞങ്ങൾ നിറഞ്ഞിരിപ്പായി. യാത്ര പറഞ്ഞിറങ്ങുമ്പോഴും നിറചിരിയുമായി അദ്ദേഹം ഞങ്ങൾക്കായി കൈയുയർത്തി.
മധുസാറുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ച കഴിഞ്ഞു ഒരു മാസം പിന്നിട്ടപ്പോൾ പ്രശസ്ത എഴുത്തുകാരൻ കൂടിയായ കെ. വി.മോഹൻകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായി. അതിൽ ഒരിടത്ത് ഇപ്രകാരം കുറിച്ചിരിക്കുന്നു.
“ഇന്നലെ ഞങ്ങൾ ചെല്ലുമ്പോൾ മധുസാറിന്‍റെ കസേരയോട് ചേർന്ന് രണ്ടുമൂന്നു പുസ്തകങ്ങൾ കണ്ടു. ശ്രീ എമ്മിന്റെ ‘Apprenticed to a Himalayan Master- A Yogi’s Autobiography’, സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ജയചന്ദ്രൻ മൊകേരിയുടെ ‘തക്കിജ്ജ-എന്റെ ജയിൽ ജീവിതം’… തക്കിജ്ജ വായനയിലായിരുന്നു മധു സാർ. തൊണ്ണൂറ് പിന്നിട്ടെങ്കിലും കണ്ണട വേണ്ട. “പക്ഷെ പത്തുപതിനെട്ടു പേജിൽ കൂടുതൽ ഒറ്റയിരുപ്പിൽ വായിക്കാനാകുന്നില്ല”. മധു സാറിന്റെ പരാതിയാണ്. “കണ്ണിനല്ല പ്രശ്നം, പിന്നീടങ്ങോട്ട് ശ്രദ്ധ പിടിച്ചുനിർത്താനാവുന്നില്ല. അപ്പോ പുസ്തകം മടക്കിവയ്ക്കും”. മോഹൻ കുമാറിന്‍റെ ആ കുറിപ്പ് തുടരുന്നു…
അതും മഹാഭാഗ്യം. ആ പുസ്തകത്തിന് ലഭിച്ച വലിയ പുരസ്കാരം പോലെ….
തൊണ്ണൂറ്റിരണ്ടിലേക്ക് പ്രവേശിക്കുന്ന മലയാള സിനിമയിലെ മികച്ചനടന് ആയൂരാരോഗ്യസൗഖ്യവും ജന്മദിനാശംസകളും നേരുന്നു.