പൂമുഖം COLUMNSചിത്രപ്പുര ടൊറോന്‍റോ ചലച്ചിത്രോത്സവത്തിന്‍റെ കൊടിയിറങ്ങി

ടൊറോന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, മലയാളനാട് വാരികയ്ക് വേണ്ടി ഫെസ്റ്റിവൽ സെന്ററിൽ നിന്നും നേരിട്ട് റിപ്പോർട്ട് ചെയ്യുന്നത് ശ്രീ. സുരേഷ് നെല്ലിക്കോട് : ടൊറോന്‍റോ ചലച്ചിത്രോത്സവത്തിന്‍റെ കൊടിയിറങ്ങി

a1

                                              ലിയൊനാര്‍ഡോ ഡികാപ്രിയോ

2016 ലെ അന്താരാഷ്ട്ര ചലച്ചിതോത്സവം ഇക്കഴിഞ്ഞ 18 ന്‌ ടൊറോന്‍റോയില്‍ കൊടിയിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയുടെ കണ്ണുകളുമായി ഉറ്റുനോക്കിയിരുന്നത് അവര്‍ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഏതൊക്കെയാണെന്നുള്ളതായിരുന്നു. പഴയ ഒരു ചരിത്രം നോക്കിയാല്‍ ഈ തെരഞ്ഞെടുപ്പ് ഓസ്‌കര്‍ പുരസ്കാരങ്ങളിലേയ്ക്കുള്ള ഒരു വഴികാട്ടിയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ടിഫില്‍ (TIFF) ല്‍ നിന്ന് പീപ്പീള്‍‌സ് ചോയ്‌സ് പുരസ്ക്കാരം നേടിയ ‘റൂം’ നാല്‌ ഓസ്‌കര്‍ നോമിനേഷനുകള്‍ നേടിയിരുന്നു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതും ‘റൂമി’ലെ ബ്രീ ലാര്‍സന്‍ ആയിരുന്നു. Twelve Years A Slave, The Kings Speech, Slumdog Millionaire എന്നീ മുന്‍‌കാല ചിത്രങ്ങള്‍ക്കും ഈ പാരമ്പര്യമുണ്ട്.

a5 നോമിനേഷന്‍ ലഭിച്ച Whiplash ന്‍റെ സം‌വിധായകന്‍ ഡേമിയന്‍ ഷസേല്‍ എഴുതി സാക്ഷാത്ക്കരിച്ച La La Land ആയിരുന്നു ഇക്കുറി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ചിത്രം. പേരറിഞ്ഞതോടെ ഇത്തവണ ഓസ്‌കര്‍ ആ വഴിക്കല്ല ഒഴുകാന്‍ പോകുന്നത് എന്ന് ഗൗരവമായി വിചാരിക്കുന്നവരേയും ഈ ലേഖകന്‍ കാണുകയുണ്ടായി. കാനഡയിലെ ലണ്ടനില്‍ ജനിച്ച റയന്‍ ഗോസ്‌ലിംഗ് ആണ്‌ ഈ ചിത്രത്തിലെ നായകന്‍. നായിക എമ്മ സ്റ്റോണും. 15000 ഡോളറാണ്‌ ചിത്രത്തിനു ലഭിക്കുന്ന സമ്മാനത്തുക. തുകയുടെ വലുപ്പ ചെറുപ്പത്തിനുപരിയായി ഇതിന്‍റെ വിലയിരുത്തല്‍ ഘടകങ്ങളാണ്‌ ഈ പുരസ്കാരത്തെ അമൂല്യമാക്കുന്നത്.

                                                                                      മാറ്റ് ഡെയ്‌മന്‍

പ്രേക്ഷകരുടെ ചലച്ചിത്ര തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയത് ദേവ് പട്ടേല്‍ പ്രധാന നടനായ ‘ലയണ്‍’ ആണ്‌. റൂണി മാര, നിക്കോള്‍ കിഡ്‌മാന്‍ എന്നീ താരനിരയുമായി ഗാര്‍ത്ത് ഡേവിസ് ഒരുക്കിയ ചിത്രം. മീരാ നയ്യാറുടെ ‘ക്വീന്‍ ഒഫ് കത്‌വേ’ മൂന്നാം സ്ഥാനത്തുമെത്തി. ഡേവിഡ് ഒയെലോവോ, ലുപീറ്റ  ന്യോംഗോ, മദീന നല്‍‌‌വാംഗ എന്നിവരാണ്‌ ഈ മീര ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

a2 ഏഷ്യന്‍ ചിത്രങ്ങള്‍ക്കു വേണ്ടിയുള്ള നെറ്റ്‌പാക് (NETPAC) പുരസ്ക്കാരത്തിന്‍റെ അഞ്ചാമത്തെ വര്‍ഷമാണിത്, ടൊറോന്‍റോയില്‍. അമേരിക്കയില്‍ നിന്നുള്ള ജനറ്റ് പോള്‍സന്‍ ഹെറെനികോ, ഇന്ത്യയില്‍ നിന്നുള്ള ബീനാ പോള്‍, ഇറ്റലിയില്‍ നിന്നുള്ള സബ്രീന ബാരചെറ്റി എന്നിവരുള്‍പ്പെടുന്ന ജൂറി അതിനായി തെരഞ്ഞെടുത്തത് മെയ്‌സാലൂണ്‍ ഹമൂദിന്‍റെ ‘ഇന്‍ ബിറ്റ്‌വീന്‍’ (ബര്‍ ബാഹര്‍) എന്ന ഇസ്രയേലി ചിത്രമാണ്‌.

ദേവ് പട്ടേല്‍

ഇസ്രയേലില്‍ താമസിക്കുന്ന മൂന്നു പലസ്റ്റീനിയന്‍ സ്ത്രീകളുടെ ജീവിതകഥയാണ്‌ ഈ നവാഗതസംവിധായിക പറയുന്നത്. തികച്ചും പ്രതിലോമകരമായ ജീവിതാവസ്ഥകളില്‍ ജീവിക്കേണ്ടി വരുന്ന ഇവരുടെ ലൈംഗിക-സ്വത്വാന്വേഷണബന്ധങ്ങളുടെ ചാരുതയാര്‍ന്ന ആവിഷ്കാരമാണീ ചിത്രമെന്ന് ജൂറിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

25000 ഡോളര്‍ സമ്മാനത്തുകയുള്ള ടൊറോന്‍റോ പ്ലാറ്റ്‌ഫോം പുരസ്കാരം നേടിയെടുത്തത് പാവ്‌ലോ ലറെയ്‌നിന്‍റെ ‘ജാക്കി’ എന്ന ചിത്രമാണ്‌. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രഥമവനിതകളിലൊരാളായിരുന്ന ജാക്വെലിന്‍ കെന്നഡിയായി നതാലി പോര്‍ട്ട്‌മന്‍ അഭിനയിച്ച ചിത്രം. 30000 ഡോളര്‍ നേടിക്കൊണ്ട് കനേഡിയന്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് Those Who Make Revolution Halfway Only Dig Their Own Graves എന്ന ചിത്രമാണ്‌. സം‌വിധായകന്‍ മാത്യു ഡെനീസ്. 2012 ല്‍ ക്യുബെക്കില്‍ നടന്ന ഒരു വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിന്‍റെ കഥയാണ്‌, ഈ ചിത്രത്തിന്‍റേത്.

a4I Am Not Madame Bovary ആണ്‌ ചലച്ചിത്രനിരൂപകരുടെ അന്താരാഷ്ട്രസംഘടന ഏര്‍പ്പെടുത്തിയ ഫിപ്രെസി പുരസ്കാരം നേടിയത്. സം‌വിധാനം ചെയ്തത് ഫെംഗ് സിയാവോഗാങ്. കാനഡയില്‍ നിന്നുള്ള മികച്ച നവാഗതചിത്രത്തിനായി ടൊറോന്‍റോ നഗരസഭ ഏര്‍പ്പെടുത്തിയ പുരസ്കാരവും 10000 ഡോളറും നേടിയ ചിത്രമാണ്‌, ജോണി മായുടെ ‘ഓള്‍ഡ് സ്റ്റോണ്‍’. ക്യുബെക്കില്‍ നിന്നുള്ള സം‌വിധായകനായ ഡെനീസ് വില്ലനോവയുടെ ‘അറൈവല്‍’, ടോം ഫോര്‍‌ഡിന്‍റെ ‘നൊക്‌ടര്‍‌ണല്‍ ആനിമല്‍സ്’ എന്നിവയാണ്‌ പ്രശംസ നേടിയ മറ്റു ചില ചിത്രങ്ങള്‍.

ഭൂട്ടാനില്‍ നിന്നുള്ള ചലച്ചിത്രകാരനായ ഖ്യെന്‍റ്‌സേ നോര്‍ബുവിന്‍റെ Hema Hema: Sing Me A Song While I Wait എന്ന ചിത്രം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച വാര്‍ത്താ ചിത്രം, റാവുള്‍ പെക്കിന്‍റെ ‘ഐ ആം നോട്ട് യുവര്‍ നീഗ്രോ’ ആയിരുന്നു.

                                                                                    ബാലനടന്‍ ഈതന്‍ മക്‌ഐവര്‍

83 രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്ന ടൊറോന്‍റോ ചലച്ചിത്രോത്സവത്തിന്‍റെ പ്രേക്ഷകരായി ഇത്തവണ പതിവിലധികം വിദേശികളുമുണ്ടായിരുന്നു. മേളയുടെ തിരക്കുകളവസാനിച്ചെങ്കിലും വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര പ്രവര്‍ത്തനങ്ങളുമായി ടിഫ് എപ്പോഴും സജീവമാണ്‌.

a3

                                                കോളിന്‍ ഫിര്‍ത് ആരാധകര്‍ക്കൊപ്പം

Comments

You may also like