കൃഷി നമുക്ക് ഭക്ഷണം കിട്ടാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നില്ല. അത് നമ്മുടെ സംസ്‌കാരമായിരുന്നു, ജീവിതമായിരുന്നു. കൃഷിക്കാലങ്ങളോട് ബന്ധപ്പെടുത്തിയായിരുന്നു ജീവിതത്തിലെ ആഘോഷങ്ങളൊക്കെയും. ആ അദ്ധ്വാനക്കൂട്ടായ്മകളില്‍ നിന്നായിരുന്നു പാട്ടും കളിയും കലയും ഉരുവം കൊണ്ടത്. ആ സംസ്‌കൃതിയിലൂടെയായിരുന്നു മനുഷ്യര്‍ പ്രകൃതിയെ പ്രണയിച്ചത്. മണ്ണും മരങ്ങളും മൃഗങ്ങളും മനുഷ്യരും ഒരേ പാരസ്പര്യത്തിന്റെ കണ്ണികളായതും അങ്ങനെയായിരുന്നു. ആധുനിക സാങ്കേതികതയുടെ വളര്‍ച്ചയോടൊപ്പം മനുഷ്യന്‍ കൃഷി ഉപേക്ഷിച്ചു. അതോടൊപ്പം പ്രകൃതിയില്‍ നിന്നും അകന്നു. മണ്ണും മരവും തൊട്ടു വളരാത്ത ഒരു ജനതക്കിടയില്‍ ഇപ്പോള്‍ കൃഷിയെ കുറിച്ച് ഓര്‍ക്കുന്നത് തന്നെ നന്മയാണ്.
അഖിൽ മോഹൻ എന്ന യുവ ചിത്രകാരന്‍ ഒരു കൃഷിക്കാരന്‍ കൂടിയാണ്. പാരമ്പര്യമായി ചെയ്തുവരുന്ന നെല്‍കൃഷി തീര്‍ത്തും ഉപേക്ഷിക്കാത്ത അപൂര്‍വ്വം ഇടങ്ങളിലൊന്നാണ് പെരുമ്പാവൂരിലെ രാമമംഗലം ഗ്രാമം. സ്വന്തം ആവശ്യത്തിനുള്ള കൃഷിയെങ്കിലും ചെയ്ത് ജീവിക്കുന്നവര്‍ ഏറെയുണ്ട് ഈ ഗ്രാമത്തില്‍. അങ്ങനെയുള്ള ഒരു കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് ഇപ്പോഴും കൃഷിപ്പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ക്ക് സ്വന്തം സംസ്‌കൃതിയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മറ്റെന്താണ് കാണാന്‍ കഴിയുക. സ്വപ്നങ്ങളില്‍ പോലും നെന്മണികള്‍ ഉതിര്‍ന്നു വീഴുന്നൊരു ബാല്യം അവര്‍ മനസ്സില്‍ വരച്ചുകൊണ്ടേയിരിക്കും. തൃപ്പുണിത്തുറ ആര്‍എല്‍വി ഫൈനാര്‍ട്‌സില്‍ നിന്ന് പെയ്ന്റിംഗില്‍ എംഎഫ്എ പഠനത്തിന് ശേഷം ചെയ്ത സൃഷ്ടികളില്‍ എല്ലാം കൃഷിയും കൃഷിക്കാരും കാര്‍ഷിക ഉപകരണങ്ങളും മാത്രമാണ് നിറഞ്ഞു കണ്ടിട്ടുള്ളത്. നിറങ്ങളുടെ ധാരാളിത്തമില്ലാതെ ടീവാഷും ചാര്‍ക്കോളും മഷിയും മാത്രം ഉപയോഗിച്ച് മണ്ണിന്റെയും ചെളിയുടെയും നെല്ലിന്റെയും വൈക്കോലിന്റെയും ഏകവര്‍ണ്ണങ്ങളിലാണ് ‘റൈസ് സീരീസ്’ എന്ന് പേരിട്ട രചനകളേറെയും. ഓരോ പനമ്പൊളിയും അതിലെ നെന്മണികളും വ്യക്തമാക്കുന്ന അതിസൂക്ഷ്മ രേഖാചിത്രങ്ങളുടെ ലയന ഭംഗിയാല്‍ കാന്‍വാസില്‍ വര്‍ണ്ണങ്ങളുടെ അഭാവത്തെ മറികടക്കുന്ന കാഴ്ചക്ക് പുതുമയുണ്ട്.
പെയ്ന്റിംഗിനുള്ള ഈ വര്‍ഷത്തെ കേന്ദ്ര ലളിതകലാ അക്കാദമി അവാര്‍ഡിനു പുറമെ അഹമ്മദാബാദില്‍ നിന്നുള്ള ഇന്ത്യന്‍ ആര്‍ട്ട് അവാര്‍ഡ് 2017, CIMA ആര്‍ട്ട് ഗാലറി കൊല്‍ക്കത്ത ആന്വല്‍ എക്‌സിബിഷന്‍ അവാര്‍ഡ് 2017, പ്രഫുല്ല ഫൗണ്ടേഷന്‍ സൗത്ത് സോണ്‍ ഗോള്‍ഡ് മെഡല്‍ 2017, കേരള ലളിതകലാ അക്കാദമി ഓണറബിള്‍ മെന്‍ഷന്‍ 2016, പ്രഫുല്ല ഫൗണ്ടേഷന്‍ സ്റ്റേറ്റ് അവാര്‍ഡ് 2016, CIMA ആര്‍ട്ട് ഗാലറി ഡയറക്‌റ്റേഴ്‌സ് ചോയ്‌സ് അവാര്‍ഡ് 2015, സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ ഓണറബിള്‍ മെന്‍ഷന്‍ 2013 തുടങ്ങിയ പുരസ്‌കാരങ്ങളും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ യുവ കലാകാരന്മാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പും (2014-16) ലഭിച്ചിട്ടുണ്ട്.
ലളിതകലാ അക്കാദമിയുടെ ധന സഹായത്തോടെ കോഴിക്കോട് (2013) നടന്ന പ്രദര്‍ശനത്തിനു ശേഷം തുടര്‍ച്ചയായി കേരളത്തിലെ പ്രധാന ഗാലറികളിലും ബംഗ്‌ളൂരു, അഹമ്മദാബാദ്, മുംബയ്, ദല്‍ഹി, കൊല്‍ക്കത്ത, വഡോദര എന്നിവിടങ്ങളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കലാപ്രവര്‍ത്തനങ്ങളുമായി കൊച്ചിയില്‍ ജീവിക്കുന്നു.
Contact:
E-mail: akhilcpm@gmail.com
പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.