ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബാംഗ്ലൂരിലെ ചിത്രകലാ പരിഷത്ത് അങ്കണത്തില്‍ നടന്ന ഒരു ദേശീയ കലാക്യാമ്പില്‍ വെച്ചാണ് വല്‍സന്‍ കൂര്‍മ കൊല്ലേരി എന്ന അന്താരാഷ്ട്ര പ്രശസ്തനായ ശില്‍പിയെയും അദ്ദേഹത്തിന്റെ ശില്‍പ നിര്‍മ്മിതിയേയും ആദ്യമായി കാണാന്‍ കഴിഞ്ഞത്. അടുത്ത വര്‍ഷം തന്നെ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്‌കൂളില്‍ നടന്ന ഉത്തരായനം ദേശീയ ക്യാമ്പിലും അദ്ദേഹത്തിന്റെ ശില്‍പം കണ്ടു. രണ്ട് ശില്‍പങ്ങള്‍ക്കും ഒരേ സ്വഭാവമായിരുന്നു. ജൈവപ്രകൃതിയില്‍ നിന്നെടുത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു രണ്ടും നിര്‍മ്മിച്ചത്. മണ്ണ്, മണ്‍കുടം, മുള, കയര്‍, ഉണങ്ങിയ മരച്ചില്ലകള്‍, വേരുകള്‍ തുടങ്ങിയ പാഴ് വസ്തുക്കളായിരുന്നു പലതും. മരങ്ങള്‍ക്കിടയിലെ തുറസ്സില്‍ ചെമ്മണ്ണു പൊതിഞ്ഞ കോണിപ്പടികളിലും മരച്ചില്ലകളിലും മറ്റുമായി മാനത്തേക്ക് പടര്‍ന്ന് കയറിയ കവിത പോലെയായിരുന്നു ആ ജൈവ ശില്‍പങ്ങള്‍. ഇങ്ങനെ അദ്ധ്വാനിച്ച് ഇതുപോലൊരു ശില്‍പം ചെയ്തിട്ട് ഇതെത്ര ദിവസത്തേക്ക് എന്നൊരു ചോദ്യമാണ് അന്ന് മനസ്സിലുയര്‍ന്നത്.
പിന്നീട് 2012 -ല്‍ ആദ്യ കൊച്ചി ബിനാലെയിലാണ് അദ്ദേഹത്തെ കാണുന്നത്. അവിടെയും പാഴ് വസ്തുക്കള്‍ കൊണ്ടായിരുന്നു ശില്‍പ പ്രദര്‍ശനം. ശവങ്ങള്‍ സൂക്ഷിക്കുന്ന മോര്‍ച്ചറിയെ ഓര്‍മ്മിപ്പിക്കുന്ന ഒരിടത്ത് അടുക്കായുള്ള ഷെല്‍ഫുകളില്‍ ‘നൊ ഡെത്ത്’ എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച മണല്‍, ഈര്‍ച്ചപ്പൊടി, ചിതല്‍പ്പുറ്റ്, ചകിരി, ഓല, കരിയില, തൂവല്‍, ഉമി, കരി, ചത്ത പാമ്പ്, ടെറാക്കോട്ട, പഴയതുണി, ഡ്രിഫ്റ്റ് വുഡ് എന്നിവക്കിടയില്‍ തന്റെ രൂപ സാദൃശ്യമുള്ള ഒരു മൃതശരീരം കൂടി ഉണ്ടാക്കിയിരുന്നു. പരമ്പരാഗത നിര്‍മ്മാണ വസ്തുക്കളെ ഒഴിവാക്കിയ ഈ ശിൽപ പ്രതിഷ്ഠാപനം ദാര്‍ശനികമായ ഉള്‍ക്കാഴ്ചയാല്‍ സമ്പന്നമായിരുന്നു.
2014 കൊച്ചി ബിനാലെയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ശില്‍പ നിര്‍മ്മിതി കാണാനായത്. ഉപയോഗ ശൂന്യമായി കാട് പിടിച്ച് കിടന്നിരുന്ന കബ്രാള്‍ യാഡ് കോമ്പൗണ്ടിനെ അവിടത്തെ ആവാസ വ്യവസ്ഥയെ ഉപദ്രവിക്കാതെ അവിടെ നിന്ന് ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ച് തന്റെ ശില്‍പ സാമ്രാജ്യമാക്കി മാറ്റിയിരുന്നു. ‘ഹൗ ഗോസ് ദ എനിമി’ (സമയമാണ് നമ്മുടെ ശത്രു എന്ന്…) എന്ന പേരിട്ട ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത് പ്രവേശന കവാടത്തിനരികെ ചെങ്കല്ലും ചെളിയും മണ്ണും ഉപയോഗിച്ച് ചെയ്തതായിരുന്നു. ആദ്യ കാഴ്ചയില്‍ കാണുന്ന തലതിരിഞ്ഞ മനുഷ്യരൂപത്തിന് അടുത്തായി തലതരിഞ്ഞ പിരമിഡ് രൂപത്തില്‍ ഒരു കുഴിയുമുണ്ടായിരുന്നു. ഈ കുഴിയില്‍ വെള്ളം നിറയുമ്പോള്‍ അതൊരു തലതിരിഞ്ഞ ജലപിരമിഡ് ആവുകയും അങ്ങനെ അതൊരു ജലശില്‍പമായി മാറുകയും ചെയ്യുന്നു. സൂര്യനുമായി ബന്ധപ്പെട്ട ഈ ശില്‍പം കൊച്ചിയുടെ ഭൂമിശാസ്ത്രപരമായ ചരിവിനെ ഓര്‍മ്മിപ്പിക്കും വിധം ഒരു ചരിവ് സൂക്ഷിച്ചിരുന്നു. സൂര്യചലനത്തിന് അനുസരിച്ച് ഈ ചരിവിലേക്ക് നിഴല്‍ വീഴുകയും ചലിക്കുകയും ചെയ്തിരുന്നു. ഭൂമി സ്വയം കറങ്ങുന്ന മണിക്കൂറുകളെ കുറിക്കുന്ന 24 അടിയായിരുന്നു ശില്‍പ ഡയലിന്റെ വ്യാപ്തി.
പ്രശസ്തമായ മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സില്‍ (1971-76) കലാപഠനം ആരംഭിച്ച വത്സന്റെ ഉപരിപഠനം ബറോഡ എം.എസ്. യൂനിവേഴ്‌സിറ്റിയിലും (1976-79) പാരീസിലെ Ecole Nationale Superior Des Beaux Arts (1985-86) ലുമായിരുന്നു. പിന്നീട് ബറോഡ ഫാക്കല്‍റ്റി ഓഫ് ഫൈനാര്‍ട്‌സില്‍ അദ്ധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ഒരിടത്തു മാത്രമായി അടങ്ങിയൊതുങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെടാത്ത സഞ്ചാരിയാണിദ്ദേഹം. ഭൂമിയെയും പ്രകൃതിയെയും അറിഞ്ഞുള്ള ഇത്തരം ദേശാന്തര യാത്രകളില്‍ തനിക്ക് കൗതുകം തോന്നുന്ന വസ്തുക്കള്‍ അദ്ദേഹം ശേഖരിക്കുന്നു. അത് ചിലപ്പോള്‍ ഒരു വേരോ തൂവലോ അസ്ഥിയോ മണ്‍പാത്രമോ അങ്ങനെ എന്തുമാവാം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒന്നും പാഴ് വസ്തുവല്ല. ആ വസ്തുവിന്റെ കഴിഞ്ഞു പോയതോ വരാന്‍ പോകുന്നതോ ആയ ജീവിത സന്ദര്‍ഭങ്ങളെ കുറിച്ചും സമൂഹത്തിലെ പാരിസ്ഥിതിക ഇടപെടലുകളെ കുറിച്ചുമാണ് അദ്ദേഹമോര്‍ക്കുന്നത്. തുടര്‍ന്നുള്ള തന്റെ കലാപദ്ധതിയില്‍ പ്രാചീനവും നാഗരികവുമായ രണ്ട് കാലങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഘടകമായി ആ വസ്തു പരിവര്‍ത്തനപ്പെട്ടു എന്നും വരാം. സ്വന്തം സംസ്‌കൃതിയുടെ വേരുകളിലേക്കുള്ള യാത്ര കൂടിയാണ്് അദ്ദേഹത്തിന് തന്റെ കലാപ്രവര്‍ത്തനം.
ആദ്യകാലത്ത് ധാരാളം വെങ്കല ശില്‍പങ്ങള്‍ ചെയ്തിരുന്ന ആളാണിദ്ദേഹം. 1998 ല്‍ മദ്രാസിലെ എഗ്മൂര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചത് കാഴ്ച തീരെയില്ലാത്തവര്‍ക്ക് കൂടി ആസ്വദിക്കാവുന്ന വെങ്കല ശില്‍പങ്ങളായിരുന്നു. ഇത്തരത്തിലുള്ള ശില്‍പങ്ങള്‍ ഇന്ത്യയില്‍ മറ്റാരും ചെയ്തതായി അറിവില്ല. അന്ധ വിദ്യാലയങ്ങളില്‍ നിന്നുള്ള ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ കണ്ട് ആസ്വദിച്ച മുപ്പത്തിയഞ്ചോളം വെങ്കല ശില്‍പങ്ങള്‍ പിന്നീട് കളവു പോയതിനെ കുറിച്ച് അദ്ദേഹം ഇന്നും വേദനയോടെ ഓര്‍ക്കുന്നു. ഒരു പക്ഷെ അത്തരത്തിലുള്ള അനുഭവങ്ങള്‍ കൂടിയാകാം വ്യത്യസ്ത ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചത്. മോഷ്ടിക്കാനോ വില്‍ക്കാനോ കഴിയാത്ത, കലയുടെ കമ്പോളത്തെ പാടെ നിരാകരിക്കുന്ന കലാ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ ഗൗരവമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
“ഫോട്ടോയെടുത്തോ റെക്കോഡ് ചെയ്‌തോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തിലോ കലാപ്രവര്‍ത്തനങ്ങളെ ആര്‍ക്കൈവ് ചെയ്യാന്‍ കഴിയാത്ത കാലത്ത് എല്ലാ കലയും സമയകലയായിരുന്നു. അന്ന് ആ കാലത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് ശില്‍പികള്‍ക്കായിരുന്നു. വരാനിരിക്കുന്ന ഒരുപാട് തലമുറകള്‍ക്ക് കാണാനാണ് ശില്‍പ നിര്‍മ്മാണത്തിന് വെങ്കലവും പഞ്ചലോഹവും മാധ്യമങ്ങളാക്കിയിരുന്നത്. ഇന്നതിന്റെ ആവശ്യമില്ല. ഏത് തരം കലാപ്രവര്‍ത്തവും തല്‍സമയം റെക്കോഡ് ചെയ്ത് ആര്‍ക്കൈവ് ചെയ്യപ്പെടുന്നു. ഒപ്പം തന്നെ ലോകം മുഴുവന്‍ അത് കണ്ട് ആസ്വദിക്കുകയും ചെയ്യുന്നു. അങ്ങനെയൊരു അവസ്ഥയില്‍ ശില്‍പ നിര്‍മ്മാണത്തിന് ഏത് മാധ്യമവും ഉപയോഗിക്കാം. കാലാന്തരത്തില്‍ ആ ശില്‍പം പരിസ്ഥിതിയെ ദ്രോഹിക്കാതെ ഭൂമിയില്‍ ലയിച്ചു തീരണം. അതിനു സഹായിക്കുന്ന നിര്‍മ്മാണ വസ്തുക്കളിലാണ് എനിക്ക് താല്‍പര്യം. വരും തലമുറക്ക് പ്ലാസ്റ്റിക്കിലോ സിമന്‌റിലോ നിര്‍മ്മിച്ച മഹാശില്‍പങ്ങളല്ല ജീവിക്കാന്‍ കഴിയുന്ന ഒരു ഭൂമിയെ കാത്തുവെക്കാനാണ് ഞാനാഗ്രഹിക്കുന്നത്.” ഈ വാക്കുകളിലെ ശില്‍പിയെ തിരിച്ചറിയണമെങ്കില്‍ കണ്ണൂരിലെ ജന്മദേശമായ പാട്യത്ത് ആശ്രമ സദൃശമായ (ആര്‍ട്ശ്രമം എന്ന് ശില്‍പി ) ‘ശിൽപപാഠ്യം’ എന്ന സ്റ്റുഡിയോയില്‍ എത്തിയാല്‍ മതി.
ചരിത്ര കാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന പേരുകള്‍ കൊണ്ടാണ് വത്സന്‍ തന്റെ ശില്‍പകലാ ജീവിത കാലങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്. Sculpture Age, Bronze Age, Stone Age, New Clearage, Drainage എന്നിങ്ങനെ പോകുന്നു അത്. Stone Age ല്‍ പെടുന്ന ചെങ്കല്‍ നിര്‍മ്മിത ജാമിതീയ അമൂര്‍ത്ത ശില്‍പങ്ങളില്‍ മനുഷ്യ ശരീര ചലനങ്ങളുടെ രൂപഘടനകളെയാണ് ആവാഹിച്ചിരിക്കുന്നത്.
ക്രാഫ്റ്റ് എന്ന പേരില്‍ മാറ്റിനിര്‍ത്തിയ നമ്മുടെ നാടന്‍ കൈവേലകളെ വളരെ സമര്‍ത്ഥമായി തന്റെ നിര്‍മ്മാണ ചിന്തകളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞതിന്റെ തെളിവുകളാണ് ഓല മെടഞ്ഞതും ഉരുക്ക് സ്പ്രിങ്ങില്‍ നെയ്തതുമായ ശില്‍പങ്ങള്‍. മനുഷ്യര്‍ക്ക് സ്വന്തം വാസസ്ഥങ്ങളെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ പോലെ മൃഗങ്ങള്‍ക്കും അത്തരം ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടെന്നുള്ള തിരിച്ചറിവായിരുന്നു അഹമ്മദാബാദിലെ CEPT ആര്‍ക്കിടെക്ചര്‍ കോളേജില്‍ ചെയ്ത Animal Architecture Workshop. തൊണ്ണൂറുകളുടെ തുടക്കം മുതലുള്ള കലാപ്രവര്‍ത്തനങ്ങളില്‍ എല്ലാം തന്നെ പരിസ്ഥിതി സൗഹൃദ സമീപനം തുടരുന്നുണ്ടെങ്കിലും അടുത്ത കാലങ്ങളില്‍ ചെയ്ത ശില്‍പങ്ങള്‍ ഭൂമിയെ കുറിച്ചുള്ള ആശങ്കകളും വര്‍ത്തമാനങ്ങളുമാണ്. ഇന്തോനേഷ്യന്‍ Biennale Jogja XI- ലെ Coherent Earth (2011), കൊച്ചി മുസിരിസ് ബിനാലെയിലെ How goes the enemy (2014), ജപ്പാന്‍ Aichi Triennale യിലെ Berp of the Earth (2016), ചൈന Yinchuan Biennale യിലെ Earth whispers (2016), ഹൈദ്രാബാദിലെ Hiccups of the Earth (2016) എന്നിവ ഉദാഹരണങ്ങളാണ്.
രാജ്യാന്തര പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ച് സോളോ പ്രദര്‍ശനങ്ങളും അറുപതിലധികം ഗ്രൂപ്പ് പ്രദര്‍ശനങ്ങളും ചെയ്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് (2017), ആറാമത് ഭാരത് ഭവന്‍ ബിനാലെ ഓഫ് ഇന്ത്യന്‍ കണ്ടമ്പററി ആര്‍ട്ട് ഗ്രാന്റ് പ്രൈസ് (1996), ഇന്റര്‍നാഷനല്‍ ഫെല്ലോഷിപ്പ് ആന്റ് വിസിറ്റര്‍ഷിപ്പ് ഇന്‍ വിഷ്വല്‍ ആര്‍ട്‌സ് MAAA and USIA (1992), കേന്ദ്ര ലളിതകല അക്കാദമി അവാര്‍ഡ് (1990), Ecole Nationale Superieure Des Beaux Arts – ല്‍ പഠനത്തിനും The Cite Des Art -ല്‍ റസിഡന്‍സിക്കുമുള്ള ഫ്രഞ്ച് ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പ് (1986), Documenta Kassel, Germany സന്ദര്‍ശിക്കാനുള്ള ഫ്രഞ്ച് ഗവണ്മെന്റ് ഗ്രാന്റ് (1986-87), ഇന്ത്യന്‍ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനില്‍ നിന്ന് പ്ലാസ്റ്റിക് ആര്‍ട്ടില്‍ മികച്ച കലാകാരനുള്ള ഫെല്ലോഷിപ്പ് (1984-86), കേരള ലളിതകല അക്കാദമി അവാര്‍ഡ് (1983) എന്നിവ അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഇപ്പോള്‍ ‘ശിൽപപാഠ്യം’ എന്ന സ്വന്തം സ്റ്റുഡിയോയില്‍ കലാ പ്രവര്‍ത്തനങ്ങളുമായി ജീവിക്കുന്നു.
പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.