പൂമുഖം COLUMNSചിത്രപ്പുര കവിതയായി വളരുന്ന ചിത്രങ്ങൾ

കവിതയായി വളരുന്ന ചിത്രങ്ങൾ

dropcap]കഥയും[/dropcap] കവിതയുമെഴുതുന്ന ഒരാള്‍ വരക്കുന്ന ചിത്രങ്ങള്‍ എന്ന നിലക്കാണ് പ്രസന്ന ആര്യന്റെ രേഖാചിത്രങ്ങളെ ഞാനാദ്യം കാണാന്‍ തുടങ്ങിയത്. അതൊക്കെയും കവിതയുടെയോ കഥയുടെയോ ഭാഗവുമായിരുന്നു. അങ്ങനെ എഴുത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ ചില ചിത്രങ്ങള്‍ സ്വയം വളര്‍ന്ന് മറ്റൊരു കലാസൃഷ്ടിയായി മാറുന്നതും കാണാന്‍ കഴിഞ്ഞിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കാണാറുള്ള ഇല്ലസ്‌ട്രേഷന്‍ പോലെ സാഹിത്യരചനയിലെ തന്നെ ഏതെങ്കിലും ഒരു രംഗം മാത്രമായിരുന്നില്ല ആ ചിത്രങ്ങള്‍. ചിത്രം കവിതയോടൊപ്പമാവുമ്പോള്‍ ആ കവിതയിലെ ഏതെങ്കിലുമൊരു ഇമേജില്‍ തുടങ്ങി വളര്‍ന്ന് മറ്റൊരു കവിതയായി മാറാന്‍ കഴിയുന്ന ചിത്രങ്ങളായിരുന്നു അവ.

‘ചോയിച്ചി’ എന്ന കഥക്ക് വരച്ച ഒരു ഡിജിറ്റല്‍ പെയിന്റിംഗാണ് ആദ്യം ശ്രദ്ധയില്‍ പെടുന്നത്. ഒരു മലയുടെ താഴ് വാരത്തിലുള്ള മൈതാനവും മരങ്ങള്‍ക്കിടയിലുടെ കാണുന്ന വീടുകളും അതിനു മുന്നില്‍ തീണ്ടാപ്പാടകലെ നില്‍ക്കുന്ന മനുഷ്യരുമാണതില്‍. സാങ്കേതിക മേന്മയേക്കാള്‍ മികച്ച മനോഹരമായ ഒരു വിഷ്വലൈസിംഗ് അതിനുണ്ടായിരുന്നു. ‘കാലമേ നിന്നോടാണ്’ എന്ന കവിതയുടെ അവസാന ഭാഗത്ത് വരുന്ന ഒരു ഇമേജാണ് താക്കോല്‍. തൂങ്ങിയാടുന്ന വിവിധ രൂപത്തിലുള്ള ഒരു കൂട്ടം താക്കോലുകള്‍ കവിതക്കപ്പുറമുള്ള പലതരം ഇമേജുകള്‍ നമുക്ക് തരുന്നുണ്ട്. രാജകീയമായ താക്കോലുകള്‍ അധികാര ചിഹ്നത്തില്‍ തുടങ്ങി ഒടുവിലത് തടവറയുടെ മാത്രം പ്രതിനിധിയായി മാറുന്ന കാഴ്ചകളുണ്ടതില്‍.

k5

‘ഓര്‍മ്മകള്‍ക്കെന്തൊരു സുഗന്ധമാണ്’ എന്ന കവിതക്ക് വരച്ച ചിത്രവും പല തലത്തിലേക്ക് വളര്‍ന്നുപോയ വ്യത്യസ്ത അടരുകളുള്ള ഒരു ചിത്രമാണ്. ‘ഉടുപ്പുകള്‍ വരച്ച് വരച്ച്’എന്ന കവിതക്ക് വരച്ച കാടിന്നപ്പുറത്തെ ചന്ദ്രോദയം കാണുമ്പോള്‍ ചിത്രത്തിനുള്ള ഒരടിക്കുറിപ്പ് മാത്രമായി മാറുന്നുണ്ട് ആ കവിത. സ്ത്രീയും പ്രകൃതിയും എപ്പോഴും ഒന്നു തന്നെയെന്ന് ഓര്‍മ്മിപ്പിക്കുന്ന ‘ഒരു പറിച്ചു നടലിനപ്പുറം’, ‘മൂളിയലങ്കാരി’, ‘കരിമഷിയെ കാടെന്ന് നിരൂപിക്കുമ്പോള്‍’ എന്നീ കവിതകളുടെ ചിത്രീകരണങ്ങളും രേഖാചിത്രങ്ങളിലൂടെ വളര്‍ന്നു പടര്‍ന്ന് കാടായ കവിതകളാണ്. ഈ ഇലമരക്കാടുകളിലെ ഇതളുകളോരോന്നും മുന്‍ധാരണകളില്ലാതെ ഒന്നിനു പിറകെ ഒന്നായി ഒഴുകി വരുംപോലെ സംഭവിച്ചതുമാണ്. വാട്ടര്‍കളറിലും ഫോട്ടോഷോപ്പ് തുടങ്ങിയ ഡിജിറ്റല്‍ മീഡിയത്തിലും രചനകളുണ്ടെങ്കിലും ബ്ലാക് ആന്റ്‌വൈറ്റ് ഡ്രോയിംഗുകളാണ് അവരുടെ മികച്ച സൃഷ്ടികളാവുന്നത്.

കലാ പാഠശാലകളുമായോ മറ്റ് അക്കാദമിക് തലത്തിലോ കലയുമായി ബന്ധമില്ലാത്ത ഒരു കലാസ്‌നേഹിക്ക് നമ്മുടെ നാട്ടില്‍ ചിത്രങ്ങള്‍ കാണാന്‍ ആദ്യ അവസരം കിട്ടിയിരുന്നത് ആനുകാലിക പ്രസിദ്ധീകരണള്‍ വഴിയാണ് അതുകൊണ്ട് തന്നെ അങ്ങനെയുള്ളവരെ
സംബന്ധിച്ചിടത്തോളം പ്രശസ്ത ചിത്രകാരന്‍ എന്നത് ആനുകാലികങ്ങളിലെ ഇല്ലസ്‌ട്രേറ്റര്‍ ആയിരുന്നു. ഇപ്പോഴും ഇക്കാര്യത്തില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ചിത്രകലയില്‍ അക്കാദമിക് പഠനങ്ങളൊന്നും നേടാത്ത പ്രസന്ന ആര്യന്റെ ചിത്രപഠന കാഴ്ചകളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അതു കൊണ്ടാണ് ഇതിലെ ചില രേഖാചിത്രങ്ങള്‍ക്ക് മലയാളത്തിലെ പ്രശസ്ത രേഖാചിത്രകാരന്മാരുടെ വിദൂര സ്വാധീനം തോന്നുന്നതും.

പ്രസന്ന ആര്യന്‍ എന്ന പേര് കവിതയിലൂടെയാണ് പ്രശസ്്തി നേടിയതെങ്കിലും കവിതയിലേക്കുള്ള വഴി തുറന്നത് അവരുടെ ചിത്രങ്ങളായിരുന്നു. ഒരിക്കലൊരു ചിത്രത്തിന് പേരിടാനായി വാക്കുകള്‍ മാറ്റി മാറ്റിയെഴുതി ഒടുവില്‍ അതൊരു കവിതയായി മാറിയെന്നും അതാണ് താനാദ്യം എഴുതിയ കവിതയെന്നും അവര്‍ ഓര്‍മ്മിക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റിലെ ജീവിത കാലത്ത് മലയാളത്തിലെ ഒരു സമകാലിക രേഖാചിത്രകാരന്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത് ചിത്രകാരിയെന്ന നിലയില്‍ പ്രസന്നക്ക് തന്റെ സൃഷ്ടികളില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കി. പിന്നീട് ദല്‍ഹിയിലും ചിത്രങ്ങള്‍ ( two man show /അമ്മയും മകളും) പ്രദര്‍ശിപ്പിച്ചു. ദല്‍ഹിയിലെ ജീവിതകാലത്ത്് ഇന്ത്യയിലെ പ്രശസ്തരായ സമകാലിക ചിത്രകാരന്മാരെയും അവരുടെ പെയ്ന്റിംഗുകളെയും കാണാന്‍ അവസരമുണ്ടായെങ്കിലും ഇപ്പോഴും പ്രിയപ്പെട്ടവരായി അവരുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത് മലയാളത്തിന്റെ രേഖാചിത്രകാരന്മാര്‍ തന്നെയാണ്.

k1

k4

k2

k3

k6

k7

k8

k9

Comments

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like