അങ്ങനെ നാല്പത്തിയൊന്നാമത്തെ
ദിവസവും ഭാരതി
ദുർനടപ്പുപേക്ഷിക്കാൻ തീരുമാനം
കൈക്കൊണ്ടു.
പണികഴിഞ്ഞെത്തിയ ഭർത്താവിന്റെ
കള്ള് കെട്ടിയ തെറിപെറുക്കി
കലത്തിലിട്ട് വേവിച്ചു.
കാലത്ത് പിടിച്ചുവെച്ച
കുഞ്ഞുങ്ങളുടെ കണ്ണീര് ചേർത്ത്
വേവിച്ച് വിളമ്പി വെച്ചു.
തിന്നിട്ടങ്ങേരു വന്ന നേരത്ത്
അരിക്കലത്തിൽ അടച്ചു വെച്ചിരുന്ന
പത്തിന്റെ മൂന്ന് തുട്ടെടുത്ത്,
കാലിൽ തൊട്ട് നമസ്കരിച്ചു.
തൊഴി വാങ്ങാൻ കുനിഞ്ഞുകൊടുത്തു..
നരച്ചു കൊരച്ച് കക്ഷം കീറിയ
നാറ്റനൈറ്റി ഊരിക്കൊടുത്തു.
നായേ എന്ന നല്ല വാക്കോടയാൾ
കരണം രണ്ടും അടിച്ചു ലാളിച്ചു.
അന്നും, അരനിമിഷം കൊണ്ട്
ആണെന്ന് തെളിയിച്ചു.
അറിയാതൊരുമ്മം കിട്ടാൻ ഭാരതി
അടുത്ത പകലും ദുർനടപ്പിനിറങ്ങി..
അങ്ങനെ…
നാല്പത്തി രണ്ടാമത്തെ ദിവസവും ഭാരതി!