മഹിജ ചന്ദ്രന്‍

മരണം കൊണ്ടു പോയവരെ കുറിച്ചു മാത്രം ഈയിടെ അധികം പറയേണ്ടി വന്നു. ആ കൂട്ടത്തിലേക്ക് ഒരു ചിത്രകാരി കൂടി, മഹിജ ചന്ദ്രന്‍. അവരുടെ സോളോ പ്രദര്‍ശനങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷമായിരിക്കണം എന്റെ എഫ്.ബി. സുഹൃത്താവുന്നത്. അതു കൊണ്ടു തന്നെ അധികം ഇമേജുകളോ പരസ്യപ്പെടുത്തലോ അവരുടെതായി എനിക്ക് കാണാനും കഴിഞ്ഞിരുന്നില്ല. എഫ്.ബി.യിലും വലിയ സുഹൃദ് വലയമോ ബഹളമോ ഉള്ളതായും തോന്നിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ദല്‍ഹിയില്‍ തനിയെ ജീവിച്ച് കലാപ്രവര്‍ത്തനം നടത്തിയിരുന്ന മഹിജക്ക് കഴിഞ്ഞ ആഗസ്റ്റ് 13 ന് മസ്തിഷ്‌കാഘാതം സംഭവിച്ച വാര്‍ത്ത അറിയുമ്പോഴാണ് അവരുടെ കൂടുതല്‍ രചനകള്‍ കാണാനായി അന്വേഷണം തുടങ്ങിയത്. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ മഹിജയുടെ സ്വന്തം വെബ്‌സൈറ്റിലെത്തി. മൗലികത തേടുന്ന കലാസൃഷ്ടികള്‍ കണ്ടപ്പോള്‍ ആ കലാകാരിക്ക് ജീവിതം തുടരാന്‍ കഴിയണേ എന്നൊരു പ്രാര്‍ത്ഥന അറിയാതെ ഉള്ളിലുയര്‍ന്നു. കേരള ലളിതകലാ അക്കാദമിയും മറ്റ് കലാസുഹൃത്തുക്കളും സഹായിച്ചെങ്കിലും ദല്‍ഹി ഗംഗാറാം ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 25 ന് അവര്‍ തന്റെ വര്‍ണ്ണക്കാഴ്ചകളെ ഉപേക്ഷിച്ചു പോയി.
സാമൂഹ്യ പ്രസക്തിയുള്ള രാഷ്ട്രീയ ചിന്തകളും സ്ത്രീ സ്വത്വ പ്രശ്‌നങ്ങളും മഹിജയുടെ രചനകളിലെ അടിയൊഴുക്കായിരുന്നു. 2005 -ല്‍ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ചെയ്ത സോളോ ചിത്രശില്‍പ പ്രദര്‍ശനത്തില്‍ 10 ശില്‍പങ്ങളും (അധികവും ഇന്‍സ്റ്റാലേഷനായിരുന്നു) 40-ല്‍ അധികം പെയ്ന്റിംഗുകളും ഉണ്ടായിരുന്നു. ഉയരങ്ങളില്‍ കാണേണ്ടിയിരുന്ന നക്ഷത്രങ്ങള്‍ തിളക്കമറ്റ് താഴെ വീണു കിടക്കുന്ന ‘ലോസ്റ്റ് ഡ്രീംസ്’, ഉപേക്ഷിക്കപ്പെടലിന്റെ വേദന അനുഭവിപ്പിക്കുന്ന ‘അമ്മത്തൊട്ടില്‍’ തുടങ്ങിയവ അതിലെ മികച്ച സൃഷ്ടികളായിരുന്നു. കര്‍ഷക ആത്മഹത്യകളെ ഓര്‍മ്മിപ്പിച്ച് ഒരു ലോഹവൃത്തത്തില്‍ തൂങ്ങിയാടിയ 25 മനുഷ്യരൂപങ്ങളുടെ ഇന്‍സ്റ്റാലേഷന്‍ ‘ക്രൈം’ 2007 -ല്‍ ദര്‍ബാര്‍ ഹാളില്‍ ചെയ്ത സോളോ ഷോയിലാണ് ശ്രദ്ധിക്കപ്പെടുന്നത്. പെണ്‍മനസ്സിന്റെ വ്യത്യസ്ത ഭാവപ്രപഞ്ചങ്ങളായിരുന്നു ഈ പ്രദര്‍ശനത്തിലെ പെയിന്റിംഗുകള്‍. വിടര്‍ന്ന പാരച്ചൂട്ടില്‍ തൂങ്ങി അനന്ത വിഹായസ്സിലേക്കുയരുമെന്നും പക്ഷികളെ ഉടുപ്പാക്കി മേഘങ്ങള്‍ക്കിടയിലൂടെ പറന്നു പോകണമെന്നും നക്ഷത്രങ്ങള്‍ക്കിടയിലേക്ക് ഒരു ശലഭമായി പറന്നുയരണമെന്നും നക്ഷത്രങ്ങളെയും പൂക്കളെയും ഉടുപ്പായി അണിയണമെന്നും പുഴയോടൊപ്പം ഒഴുകണമെന്നും നാലു ചുമരുകളുടെ തടവറയില്‍ നിന്നും പുറത്തേക്ക് ഒരു പൂവായി വിടരണമെന്നും സ്വപ്നം കണ്ട ഒരു പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തിന്റെ വലിയ സ്വപ്നങ്ങള്‍ നിറഞ്ഞ സ്ത്രീമനസ്സ് ആ ചിത്രങ്ങളിലുണ്ടായിരുന്നു. അവഗണനയുടെയും അനാഥത്വത്തിന്റെയും പീഢനത്തിന്റെയും വേദനിപ്പിക്കുന്ന കഥകള്‍ പറയുന്ന ചിത്രമാണ് ഉപേക്ഷിക്കപ്പെട്ട് ഉറുമ്പരിക്കുന്ന കുഞ്ഞുടുപ്പ്.
വീട് എന്ന തടവറയില്‍ നിന്ന് ചിമ്മിനിയിലൂടെ പുക വരുന്ന പോലെ ഒരുനാള്‍ സ്ത്രീയും പുറത്തു വരുമെന്ന പ്രതീക്ഷ ചാര്‍ക്കോളില്‍ ചെയ്തതാണ് 2008 ലെ ‘റിമംബ്രന്‍സസ്’ എന്ന ദര്‍ബാള്‍ ഹാള്‍ പ്രദര്‍ശനത്തിലെ ശ്രദ്ധിക്കപ്പെട്ട രചനകളിലൊന്ന്. അപരിചിത ആണ്‍കൂട്ടങ്ങള്‍ക്കിടയില്‍ ഒറ്റക്ക് അകപ്പെട്ടു പോകുന്ന പെണ്‍കുട്ടിയുടെ ‘വീപ്പിംഗ് ഹെയര്‍’, ടൂറിസത്തിന്റെ ഇരുണ്ട വശം വ്യക്തമാക്കുന്ന ‘ടുഡേയ്‌സ് പാര്‍ട്ണര്‍’ തുടങ്ങിയ പെയ്ന്റിംഗുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012 -ല്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ‘ഔട്ട്ഓഫ് ഗാര്‍ഡന്‍’ എന്ന പ്രദര്‍ശനത്തില്‍ പ്രധാന ചിത്രങ്ങള്‍ പറഞ്ഞത് പൂന്തോട്ടത്തിനു പുറത്തുള്ള പൂക്കളെ കുറിച്ചായിരുന്നു. യഥാര്‍ത്ഥ പ്രകൃതിയെ സ്‌നേഹിക്കാന്‍ സമയമില്ലാത്തവരുടെ, ഒരു പൂച്ചെടിയോ മരമോ വളര്‍ത്താന്‍ സമയമില്ലതായവരുടെ ജീവിതത്തിലെ കൃത്രിമ പൂക്കളെ കുറിച്ചായിരുന്നു. നിറയെ പൂക്കളുള്ള ടൈല്‍സ്, ജനല്‍ കര്‍ട്ടന്‍, കിടക്കവിരി, സോഫ തുടങ്ങി ഗ്രില്ലും ഗേറ്റും വരെ പൂക്കളാല്‍ നിറയുന്നു. ഇല കൊഴിഞ്ഞ മരച്ചില്ലകള്‍ക്കിടയിലൂടെ പൂത്തു നില്‍ക്കുന്ന നക്ഷത്ര ജാലങ്ങളുടെ മനോഹരമായ രാത്രിക്കാഴ്ചകളും ഇതിലുണ്ടായിരുന്നു. ഒഴുക്കുള്ള രേഖാചിത്രങ്ങളാല്‍ തീര്‍ത്ത മനുഷ്യരൂപങ്ങളുടെ വലിയൊരു നിരയും ഉണ്ടായിരുന്നു. മഹിജയുടെ ശില്‍പങ്ങളില്‍ ഏറ്റവും പ്രശസ്തമായ ‘റെസ്റ്റ് ഇന്‍ പീസ്’ (ആത്മഹത്യ ചെയ്തവന്റെ മുഖം) എന്ന ശില്‍പവും ഈ പ്രദര്‍ശനത്തിലായിരുന്നു.
ബിരുദവും ബിരുദാനന്തര ബിരുദവും ശില്‍പ കലയിലായിരുന്നിട്ടും പെയ്ന്റിംഗിനെ എന്നും തന്റെ പ്രിയ മാധ്യമമാക്കുകയും അതില്‍ സ്വന്തമായ ഒരു ചിത്രഭാഷ അന്വേഷിക്കുകയും ചെയ്തിരുന്നു ഈ കലാകാരി. കഴിഞ്ഞ രണ്ട് വര്‍ഷമായി ദല്‍ഹി NIV ആര്‍ട്ട് സെന്ററില്‍ ഒരുക്കിയ സ്റ്റുഡിയോയില്‍ Life is Red എന്ന സീരീസില്‍ ഏതാനും പെയ്ന്റിംഗുകളും ചെയ്തിരുന്നു. കൊല്ലം തേവള്ളിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മഹിജ മാവേലിക്കര രവിവര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്‌സില്‍ നിന്ന് ശില്‍പകലയില്‍ ബി.എഫ്.എ.യും തൃപ്പുണിത്തുറ ആര്‍.എല്‍.വി. ഫൈനാര്‍ട്‌സില്‍ നിന്ന് എം.എഫ്.എ.യും നേടിയിരുന്നു. ഏറ്റവും ഒടുവില്‍ ചെയ്ത മൂന്നു സോളോ പ്രദര്‍ശനങ്ങള്‍ക്കും ലളിതകലാ അക്കാദമി സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചിരുന്നു.










Comments
പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.