ഒരു ചിത്രകാരൻ അനുഭവിച്ച യാത്രയെ തന്റെ വരകളും വരികളും ചേർത്ത് രേഖപ്പെടുത്തിയ ഈ പുസ്തകം വെറുമൊരു യാത്രാവിവരണമല്ല. യാത്രാ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ്. യാത്രാക്കാഴ്ചകളുടെ ഫോട്ടോഗ്രാഫുകൾക്ക് പകരമുള്ള കാഴ്ചകളല്ല ഇതിലെ ചിത്രങ്ങൾ. യാത്രയിൽ കണ്ടതും അറിഞ്ഞതും ഓർത്തതുമായ അനുഭവങ്ങളുടെ ചിത്രീകരണങ്ങളാണ്. ആകെ പേജുകളുടെ മൂന്നിലൊന്ന് ചിത്രപ്പേജുകളാണ്. എഴുത്ത് പേജുകളിൽ മടുപ്പിക്കുന്ന വിവരണ സാഹിത്യമില്ല ചടുലമായ ഭാഷയിൽ ചെറിയ വാചകങ്ങളിൽ ദൈർഘ്യം കുറഞ്ഞ അദ്ധ്യായങ്ങളാണ്. ചില വ്യക്തിചിത്രങ്ങളുടെ അവതരണഭംഗി വായനയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നുണ്ട്. അക്ഷരങ്ങളിലും സാഹിത്യത്തെക്കാൾ കൂടുതൽ ചിത്രങ്ങളാണ്. ഈ പുസ്തകത്തിലെ അറുപത്തിയാറ് ചിത്രപ്പേജുകളിലൂടെ മാത്രം കടന്നുപോയാൽ ഈ ഭാരതയാത്രയെ അനുഭവിക്കാനാകും.
[pullquote]ഒരു ചിത്രകാരൻ അനുഭവിച്ച യാത്രയെ തന്റെ വരകളും വരികളും ചേർത്ത് രേഖപ്പെടുത്തിയ ഈ പുസ്തകം വെറുമൊരു യാത്രാവിവരണമല്ല. യാത്രാ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ്.[/pullquote]യാത്രക്കായി റെയിൽവേ സ്റ്റേഷനിലെത്തുന്നവരും തീവണ്ടിക്കുള്ളിൽ പരിചയപ്പെടുന്ന വ്യക്തികളും അവരുടെ വിശേഷങ്ങളുമായി ആദ്യഭാഗം കഴിയുന്നു. പിന്നീടുള്ള ചിത്രങ്ങളിലാണ് ഉത്തരേന്ത്യൻ ജീവിതക്കാഴ്ചകൾ തുടങ്ങുന്നത്. രാമോജിറാവു ഫിലിംസിറ്റിയും ചാർമിനാറും ഹുസൈൻസാഗറും കടന്ന് തീവണ്ടി മഹാരാഷ്ട്രയിലെത്തുമ്പോൾ കാണുന്ന ചില വഴിയോരക്കാഴ്ചകളാണ് ഇക്കൂട്ടത്തിലെ മികച്ച ചിത്രങ്ങളാവുന്നത്. മുഖാമുഖം വരുന്ന രണ്ട് പേജുകളിലായി വൃക്ഷത്തണലിൽ വിശ്രമിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്ന നാടോടി – ഗ്രാമീണ ജീവിതങ്ങളെ കാണാം. ആദ്യചിത്രത്തിലെ ആൽമരച്ചുവട്ടിൽ ഒരു നാടോടി സ്ത്രീ അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്യുമ്പോൾ കൂടെയുള്ള പുരുഷൻ തണലിൽ വിശ്രമിക്കുന്നു. അടുത്ത ചിത്രത്തിൽ ആട്ടിൻ പറ്റവുമായി മരത്തണലിൽ വിശ്രമിക്കുന്ന ആട്ടിടയനും ആടിനെ തെളിച്ച് തലയിൽ പുൽക്കെട്ടുമായി നടക്കുന്ന ഗ്രാമീണ സ്ത്രീയും. പ്രകൃതിയെയും മനുഷ്യരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ചിത്രകാരൻ ഈ ചിത്രങ്ങളിലുണ്ട്. ഈ രണ്ട് ചിത്രങ്ങളും ഒരുമിച്ച് ഒരു ലാന്റ്‌സ്‌കേപ്പ് ഫ്രെയിമിൽ ഒറ്റച്ചിത്രമായി കാണാനും കഴിയുന്ന വിധത്തിലാണ് ചിത്രീകരണം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
ഈ യാത്രയിലെ മികച്ച ഇന്ത്യൻ അനുഭവങ്ങളിലൊന്നാണ് ഇറ്റാർസി സ്റ്റേഷനിലെ പുലർകാല കാഴ്ചകൾ. സ്റ്റേഷൻ നിറയെ ചാണകവും ചപ്പുചവറുകളും. നേരം പുലർന്നിട്ടും അവക്കിടയില്‍ മൂടിപ്പുതച്ചുറങ്ങുന്ന മനുഷ്യരും പശുക്കളും. വൃത്തി കെട്ട സ്ഥലത്ത് ഭക്ഷണം കഴിക്കുന്നവരും. വൈദ്യുതിയെത്താത്ത ഗ്രാമങ്ങളും നിരക്ഷരരായ ജനതയും ഏറെയുള്ള ഉത്തരേന്ത്യൻ ഗ്രാമ ജീവിതങ്ങളെ വളരെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട് ഈ ചിത്രം. പൊട്ടിപ്പൊളിഞ്ഞ് ചാണകം നിറഞ്ഞ് വൃത്തികെട്ട വഴിയോരങ്ങളിൽ ഭക്ഷണം തുറന്ന് വെച്ച വാരാണസിയിലെ പ്രധാന തെരുവുകൾ, ഗയയിലെ യാചകക്കൂട്ടങ്ങളിലെ ദൈന്യത തുടങ്ങി യഥാർത്ഥ ഇന്ത്യയുടെ പല മുഖങ്ങളും ഈ ചിത്രങ്ങളിലുണ്ട്. മലയാളിക്ക് പ്രാചീനം എന്ന് തോന്നാവുന്ന മനോഹര ഗ്രാമീണ വംഗദൃശ്യങ്ങളും പുരിയും കൊണാർക്കും കഴിഞ്ഞുള്ള മടക്കയാത്രയിൽ ചിത്രകാരന്റെ മനസ്സ് പ്രകൃതിയിലേക്ക് കൂടുതലായി ലയിച്ചുപോവുന്നുണ്ട്. മനോഹര പ്രകൃതിയും വൃക്ഷലതാദികളും കാണിച്ചുകൊണ്ടാണ് ഈ ചിത്രയാത്ര അവസാനിപ്പിക്കുന്നത്.
പ്രശസ്തരുടെ സ്വാധീനത്തിൽ പെടാതെ സ്വന്തമായി രൂപപ്പെടുത്തിയ ശൈലിയിലാണ് മണിയുടെ രേഖാചിത്രങ്ങൾ. ആദ്യ കാഴ്ചയിലെ റിയലിസം വിശദമായ ആസ്വാദനത്തിനു വഴിമാറുമ്പോൾ എക്‌സ്പ്രഷനിസത്തിന്റെ മറ്റൊരു ഭാവതലമൊരുക്കാൻ സഹായിക്കുന്നുണ്ട് ഈ ശൈലി. സാഹിത്യ വിവരണങ്ങളുടെ സഹായമില്ലാതെ തന്നെ വായിക്കപ്പെടാൻ കഴിവുള്ള ഇത്തരം ചിത്രയാത്രകൾ മലയാളത്തിൽ അധികമൊന്നും ഉള്ളതായി അറിവില്ല.