പൂമുഖം COLUMNSഫീച്ചർ വീടിൻ്റെ കഥ

വീടിൻ്റെ കഥ

വീടിൻ്റെ കരച്ചിൽ നിങ്ങൾ കേട്ടിട്ടുണ്ടോ? ഞാൻ കേട്ടിട്ടുണ്ട്. പഴയ വീട് പൊളിച്ചുമാറ്റി പുതിയത് പണിയണമെന്നു ഞങ്ങൾ തീരുമാനിച്ച രാത്രിയിലാണത്. അതു ഞാൻ മാത്രമേ കേട്ടുകാണുകയുള്ളൂ.

മറ്റുള്ളവരെല്ലാം ആർക്കിടെക്റ്റിനൊപ്പം പുതിയ വീടിൻ്റെ പ്ലാനുകളിലൂടെ സ്വപ്നപ്പറക്കൽ നടത്തുകയായിരുന്നു. പണിയാൻ പോകുന്ന പുതിയ വീട്ടിൽ എല്ലാവർക്കും വെവ്വേറെ മുറികളുണ്ടായിരിക്കും. അതിഥികൾക്കായിട്ട് അതിവിശാലമായ മുറികൾ വേറെയുമുണ്ട്. അത് അവർക്കുവേണ്ടി മാത്രമാണ്. അവരെത്താത്ത ദിവസങ്ങളിൽ അത് അടഞ്ഞ് അതിഥിസേവാസജ്ജരായി ഒരുങ്ങിക്കെട്ടി കാത്തുകാത്തിരിക്കും. ഇരുപതാളുകൾക്ക് സമയചിന്തയില്ലാതെ ഭോജനം നടത്താൻ പറ്റിയ വിശാലമായ തീൻമേശയും ഇരിപ്പിടങ്ങളും അനുബന്ധവസ്തുക്കളും പ്ലാനിൽ പ്രത്യേകമായി വരച്ചിട്ടുണ്ട്. രുചിപണ്ഡിതരായ പാചകവിദഗ്ദ്ധർക്ക് യൂണിഫോമും കൈയുറയുമിട്ട് ഗൗരവപൂർണമായി പെരുമാറാൻ വേണ്ടി രണ്ടടുക്കളകളാണ് പ്ലാനിലുള്ളത്. ചിന്തയുടെ വലംപിരികളുള്ള ചുറ്റേണിപ്പടവുകൾ വിശാലമായ സ്വീകരണമുറിയിലേക്ക് പറന്നിറങ്ങുന്നത് ഗരുഡനെപ്പോലെയാണ് ! കണ്ണാടികളും തറമേയലിനുള്ള ഓടുകളും ഇറക്കുമതി ചെയ്തവയാണ്. മദ്ധ്യം പൊട്ടിനുറുങ്ങിയ ജലം വന്നു വീഴാനുള്ള ടാപ്പുകൾക്ക് പതിനഞ്ചുകാരറ്റിൻ്റെ പൊന്നിൻപിടികളുണ്ട്. ദാരുഹൃദയത്തിലൂടെ കൊത്തുളിയും കൂർമ്പനാണികളും പായിച്ച് സമ്യക്ഭാവമുള്ള തച്ചന്മാർ വീണ്ടെടുക്കുന്ന ശില്പങ്ങളാൽ, മുൻവാതിൽ അലങ്കരിക്കപ്പെട്ടിരിക്കും. വാൻഗോഗിനെ ഇഷ്ടമാണെങ്കിലും അയാളുടെ ചിത്രങ്ങൾക്ക് ഒരു വിഷാദച്ഛായയുള്ളതിനാൽ ഭിത്തിയലങ്കാരത്തിന് അതു വേണ്ടെന്നു വച്ചത് ഞാനാണ്. അതിന് ഹുസൈൻ മതി ! ഹുസൈൻ ചിത്രങ്ങളിലെ ഉയർന്നു ചാടുന്ന കുതിരയുടെ കുഞ്ചിരോമപ്പറക്കൽ ഒരാദിമസന്തോഷത്തെ ഓർമ്മിപ്പിക്കുന്നു. കിടപ്പുമുറിയിലും ഹുസൈൻ തന്നെ മതി. ഗജഗാമിനി സീരീസിലുള്ള പെയിൻ്റിങ്ങുകളിലെ മാധുരി എന്തുമാത്രം സുന്ദരിയാണ്!

പുതിയവീട്ടിലെ രണ്ടാംനിലയുടെ മുഖപ്പിൽ ഉദയരവികിരണമേറ്റു നിൽക്കാൻ പ്രത്യേക ഒരു ഇടവുമുണ്ട്. ചുറ്റുമുള്ള സാധാരണവീടുകൾക്ക് മുകളിലൂടെ സഞ്ചരിച്ച്, സമാധിവിട്ടുണരുന്ന സൂര്യൻ്റെ രശ്മികൾ അവിടെയാണാദ്യം പതിക്കുന്നത്.

“ഖേദവിനാശനൻ കേവലാത്മാവിന്ദു നാദാത്മകൻ…..” എന്ന് ആദിത്യനെ സ്തുതിച്ച് വീടുണരണം !

ചരമസൂര്യൻ്റെ നിർവികാരമായ തിരിച്ചുപോകൽ കാണാനാണെങ്കിലോ പശ്ചിമത്തിലൊരു അഴിപാകിയ മുറി വേറെയും തീർക്കുന്നുമുണ്ട്. അഴികളിലൂടെ സ്വർണനിറമുള്ള വൃദ്ധ വിരലുകൾ ഊർന്നുപോകുന്നത് വെറുതെ ഞാനോർത്തു.

സർവ്വസജ്ജമായ ഏഴുകുളിപ്പുരകൾക്കും ഓരോരോ സങ്കല്പമാണ്. അത് ആർക്കിടെക്ടുകളുടെ ഭാഷയിൽ പറഞ്ഞാൽ തീമുകളാണ്. ഗംഗ,യമുന, നർമ്മദ, സരസ്വതി,സിന്ധു, കാവേരി , ഗോദാവരി എന്നിങ്ങനെ ഏഴു തീമുകൾ! ഇതിൽ സരസ്വതി അദൃശ്യമായ ഒന്നായതിനാൽ ഞാനതിനു പകരം പമ്പയെയാണ് നിർദ്ദേശിച്ചത്. ശബരിമല തൊട്ട് മങ്കൊമ്പ് വരെയുള്ള പമ്പയുടെ വിവിധങ്ങളായ കഥകളിഭാവങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.

എല്ലാവർക്കും എൻ്റെ നിർദ്ദേശം സമ്മതമായിരുന്നു. സപ്തനദികളുടെ ജലാശ്ലേഷത്തിൽ പെട്ട് സ്നാനപുണ്യമുണ്ടാകുന്നതോർത്ത് ഞാൻ നിന്നു. പ്രാർത്ഥനാമുറിയ്ക്കുള്ളിൽ വിമലവും ശബ്ദശൂന്യവുമായ ഒരു പ്രകൃതിയുണ്ടായിരിക്കുമെന്ന് ആർക്കിടെക്റ്റ് പറഞ്ഞിട്ടുണ്ട്. അവിടെ പ്രവേശിക്കുന്ന മാത്രയിൽത്തന്നെ ഈശാനദിക്കിൻ്റെ ഉൾക്കനിവ് എനിക്കനുഭവപ്പെടണം. ശോകാശങ്കകളില്ലാത്ത സമഭാവത്തിൽ ലോകമെന്നിൽ അവതീർണമാകണം.പുസ്തകം മറിച്ചുനോക്കി, ആലോചനയോടെ വായിച്ചു നടക്കാനുള്ള വലിപ്പത്തിലാണ് ലൈബ്രറിയുടെ ഡിസൈൻ. സ്വരങ്ങളുടെ അന്തർലീനമായ മിടിപ്പിനെ സുബ്ബലക്ഷ്മിയമ്മ തൊട്ടെടുക്കുന്നതു മുതൽ റാപ്പിൻ്റെ വിസ്ഫോടനം വരെയുള്ള സംഗീതത്തിൻ്റെ അലകടൽ കേൾക്കാൻ അതിവിശാലമായ ഒരു ഹാൾതന്നെയാണ് പണിയുന്നത്. അതിൻ്റെ വാതിൽമുഖത്ത് മുശായര എന്ന് സ്വർണലിപികൾ കൊത്തി വയ്ക്കണം. അടഞ്ഞുകിടക്കുമ്പോഴും അതിനുള്ളിൽ കവിതാധർമ്മിയായ വാദങ്ങൾ മുഴങ്ങണം. തരം പോലെ മിർസാ ഗാലിബും ബീതോവനും തൊട്ട് യേശുദാസും ഭാസ്കരൻ മാഷും വരെ വിരുന്നുവരണം. ഇത്തിരി താമസിച്ചുപോയെന്ന ക്ഷമാപണമുഖഭാവമുള്ള ജോൺസൺ മാസ്റ്റർ തൻ്റെ ഗിത്താറും പിടിച്ച് ഓടിക്കിതച്ചെത്തണം.

മുന്തിയലഹരി കാച്ചിയ ഇരുണ്ടപാനീയങ്ങളുടെ പ്രത്യേകമുറിയ്ക്ക് പാനോപചാരത്തിൻ്റെ പ്രൗഢമായ ഇറുക്കമുണ്ട്. അവിടെ പരസ്പരം മുഖം കാണാൻ പാകത്തിലുള്ള വെട്ടം മാത്രമേയുണ്ടാകൂ.

ഒരു വിരൽഞൊടിയിൽ, വീട് വെളിച്ചത്തിലേക്ക് സാധകം ചെയ്തുണരണം.മറുഞൊടിയിൽ പ്രകാശശാസ്ത്രത്തിൻ്റെ തിരകളടങ്ങി അതു നിഷ്പന്ദമാകണം. ആർക്കിടെക്റ്റ്, പ്ലാനടങ്ങിയ തൻ്റെ ഫയൽ മടക്കിവച്ചു പുഞ്ചിരിച്ചു.

പഴയകാലമല്ല! വീടെന്ന പുസ്തകം തന്നെ മാറ്റിയെഴുതപ്പെടുകയാണ്. നമ്മളും മാറണ്ടേ? ഞാൻ പ്രിയതമയോടു ചോദിച്ചു. അവൾ ആശങ്കയോടെ ചിരിച്ചതേയുള്ളൂ….

ഞാനവളെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു.

നമ്മുടെ പഴകിപ്പോയ വീടിനെ നോക്കൂ……. പുകമഞ്ഞുപിടിച്ച പോലത്തെ ഭിത്തികൾ. മോസ് പടർന്ന വരാന്തയും നടുമുറ്റവും. ഇടുങ്ങിയ മുറികളിൽ പ്രാപ്പിടിയനെപ്പോലെ പമ്മുന്ന ഇരുട്ട്. വഴുതുന്ന, ക്ലാവുപിടിച്ച കുളിമുറികൾ. അതിനുള്ളിലെ പ്രാചീനമായ സോപ്പിൻ്റെ മണം. അടയ്ക്കുന്നേരം മുറുമുറുക്കുന്ന വിജാഗിരികളുള്ള വാതിലുകൾ. കടമ്മനിട്ടയുടെ ശാന്തയിലെപ്പോലെ നീറിപ്പുകഞ്ഞു നിൽക്കുന്ന അടുക്കള.അതിൽ നിന്ന് നിനക്കൊരു മോചനം വേണ്ടേ ??

അവളെന്തോ ചിന്തയിലാണ്. ഇന്ത്യയിലെ വീട്ടമ്മമാർക്ക് എപ്പോഴും ചിന്തയാണ്. ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിയ്ക്കുമാകാശമെന്ന പോലെ ലോകം പുരോഗമിക്കുമ്പോൾ, നമ്മുടെ പെണ്ണുങ്ങൾ മാത്രം വീടാത്ത കടങ്ങളെപ്പറ്റി ഉത്കണ്ഠപ്പെട്ട് ഉറങ്ങാതെ കിടക്കുന്നു. ഇന്ത്യയിലെ വീട്ടമ്മ പ്രത്യേകജനുസ്സാണ്.

ഞാനെന്തായാലും വീടിൻ്റെ പ്ലാനും പദ്ധതിയും അങ്ങുറപ്പിച്ചു.

പഴയവീടുപൊളിക്കാൻ യന്ത്രങ്ങളും ആൾക്കാരും വരുന്നതിന് മുമ്പ് വീട്ടിനുള്ളിലെ ജംഗമങ്ങളെ ഓരോന്നായി നീക്കാൻ തുടങ്ങി. അവരിൽ പലരും പതിറ്റാണ്ടുകളായി ഒരേ സ്ഥാനത്തിരുന്ന് ഒരേ ചര്യകളിൽ കടുകിട തെറ്റാതെ കഴിഞ്ഞവരാണ്. തലമുറകളുടെ പിള്ളക്കരച്ചിലും കെട്ടിവരിയലും മരണാസന്നതയും കണ്ടവരാണ്. അവസ്ഥകളുടെ ഈ വൈരുദ്ധ്യങ്ങളിൽ

പെട്ടിട്ടാകണം പുതിയ മാറ്റങ്ങളെ അവർ സമചിത്തതയോടെയാണ് നേരിട്ടത്. കട്ടിലുകളും കസേരകളും മേശകളുമൊക്കെ പൂർവകാലപ്രൗഢി പൊഴിഞ്ഞ് മുറ്റത്ത് ഉച്ചവെയിലേറ്റ് പൊള്ളി. എത്രയോ അതിഥികളെ ആദരിച്ചിരുത്തിയ ഇടങ്ങളാണ്. സമഗ്രാധികാരത്തിൻ്റെ അമർന്നിരിപ്പുകളറിഞ്ഞ സേവനവ്യഗ്രതയാണ്. എത്രയോ വ്രണിതപാദർക്ക് ആശ്വാസമായ സ്ഥലങ്ങളാണ്. ഇപ്പോൾ വിറകുവില മാത്രമുള്ള പലകക്കഷണങ്ങളോ തടിയുരുപ്പടികളോ മാത്രമായിത്തീർന്നിരിക്കുന്നു. മനുഷ്യനെപ്പോലെ അചേതനങ്ങൾക്കും അസ്ഥിരമായ ഒരു ജീവിതചക്രമുണ്ടെന്ന് അലസമായിട്ടാണെങ്കിലും ഞാൻ കണ്ടറിയുകയാണ്. ജംഗമക്കൂട്ടമൊഴിഞ്ഞ വീടകത്ത് ഞാൻ കയറുമ്പോൾ അവിടം തികച്ചും അപരിചിതമായ ഒരിടമായി എനിക്കു തോന്നി. കല്ലും സിമൻ്റും പൊഴിഞ്ഞ നിറങ്ങളും മാത്രമുള്ള പ്രാകൃതനായ ഒരു ജന്തുവിനെപ്പോലെ മുറികൾ നിശ്ശബ്ദം കിടന്നു. ആളുകളും കമ്പോളങ്ങളും ഒഴിഞ്ഞ ശൂന്യമായ തെരുവിൽ സഞ്ചരിക്കും പോലെ ഞാനവിടെ ചുറ്റിക്കറങ്ങി. അനേക വർഷങ്ങൾ ഞാൻ ജീവിച്ച ഒരിടത്ത് പൊടുന്നനെ അന്യനായിത്തീർന്നതുപോലെ തോന്നി. തൊണ്ടയ്ക്കുള്ളിൽ ഒരു കനപ്പെടൽ രൂപപ്പെടുന്നുണ്ട്. അരുത് ! വൈകാരികതകൾക്ക് കീഴ്പ്പെടരുത്. ഞാൻ ജാഗരൂകനായി. വലിയ മൂവാണ്ടൻ്റെ ചുവട്ടിലേക്ക് ചാരുകസേര നീക്കിയിട്ട് ഞാൻ പൊളിച്ചുമാറ്റൽ നോക്കിക്കൊണ്ടിരുന്നു.

ഒന്നിനെ നിർമ്മിയ്ക്കുമ്പോൾ യന്ത്രമോ മനുഷ്യനോ ആരായാലും അളവുതൂക്കങ്ങളുടെ സൂക്ഷ്മതയിൽ വ്യാപരിക്കുന്നു. ഓരോ കല്ലുവെച്ചുയർത്തുമ്പോഴും, അളവുകൾ ഒത്തോ ഒത്തോന്ന് കാകദൃഷ്ടിയോടെ ചാഞ്ഞും ചരിഞ്ഞും നോക്കുന്നു. അനുപാതം നോക്കുന്നു. ഛന്ദസ്സും അലങ്കാരവും നോക്കുന്നു. ഭൂഗുരുത്വത്തിൻ്റെ ലംബവരകളിലൂടെ താഴേയ്ക്ക് കല്പണിക്കാരൻ്റെ തൂക്കുനൂലും കട്ടയും സമരസപ്പെട്ടുവീഴുന്നു. തടിപ്പണിക്കാരൻ്റെ കർശനമായ നോട്ടത്തിനു മുന്നിൽ മരക്കാതലുകൾ അവരുടെ കാടുകളെ മറന്നുപോകുന്നു. പിന്നെ അടിമയെപ്പോലെ വശപ്പെടുന്നു. ഓരോ മേച്ചിലോടും ഓരോ ശാന്തി മന്ത്രമാണ്. ഓടുപാകുന്നവൻ ഒരു തണൽമരം നടുന്നതുപോലെ ശ്രദ്ധാലുവാണ്. കിണറു വെട്ടുന്നവൻ ആഴങ്ങളിൽ സൂര്യനെ കാണുന്നു. ജലരാശികളിൽ പെട്ട് പന്ത്രണ്ടുസൂര്യന്മാരും മേഷം ഋഷഭം മിഥുനമെന്നെണ്ണുന്നു. വീടുയരുന്നു .വീടുവിട്ടു ദൂരദിക്കിനുപോയവർ അവധി കിട്ടുന്നതും നോക്കിയിരിക്കുന്നു. വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്ന് വിനയചന്ദ്രൻ കവിതയും വെളിപാടുമാകുന്നു.

“വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു

കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍,

പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്,

കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍” (വീട്ടിലേക്കുള്ള വഴി – വിനയചന്ദ്രൻ)

നിർമ്മിതികളെന്നത് കനിവിൻ്റെ ത്രിമാനതയാണ്. കരവിരുതും ധ്യാനവും ചേർന്നാണ് കെട്ടിടങ്ങളും ഗ്രാമങ്ങളും പട്ടണങ്ങളും നിർമ്മിക്കുന്നത്.

അന്നേരം പണിവസ്തുക്കളും ആയുധങ്ങളും മനുഷ്യഭാവനയുടെ നുകത്തിന് താഴെ വിധേയപ്പെട്ടു നിൽക്കുന്നു.

ഒരു രാത്രി കൊണ്ടല്ല റോമാനഗരം നിർമ്മിക്കപ്പെട്ടത് എന്ന വചനം എത്ര സത്യമാണ്. ക്ഷമയോടെ, ഓരോ കല്ലും മണൽത്തരി പോലും ചേർത്തു ചേർത്ത്, ഒരാളെ ദീർഘനാൾ സ്നേഹിക്കുന്നതുപോലെ അതീവ ശ്രദ്ധയാവശ്യമുള്ള ഒന്നാണ് കെട്ടിടങ്ങളുടെ നിർമ്മിതി. അത് വീടായാലും കവിതയായാലും കഥയായാലും ഗവേഷണപ്രബന്ധമായാലും മനുഷ്യ ബന്ധമായാലും ഒരേപോലെ ശരിയാണ്. അനവധാനതയുടെ ഒരടുക്കുതെറ്റൽ മതി. തീർന്നു !

എന്നാൽ പൊളിച്ചുമാറ്റൽ മറ്റൊന്നാണ്. അതു ഹിംസയാണ് . ഹിംസാത്മകമായ ഒന്നും എനിക്ക് സഹിക്കാൻ പറ്റുകയില്ല. എന്നിട്ടും ഞാനെൻ്റെ പ്രിയങ്കരമായ വീട് പൊളിക്കുന്നത് നോക്കിക്കൊണ്ടിരുന്നു.

മേച്ചിലോടുകൾ നീക്കുന്നേരം അനേക വർഷങ്ങളുടെ മഴപ്പുസ്തകങ്ങളും ഒപ്പം താഴെ വീണു പുറന്താളടർന്നു ചിതറി. പഞ്ചവടിയും ചപ്പാത്തും കടന്ന് മഴവരുന്നതിൻ്റെ ഇരമ്പം കേട്ടു പണ്ടു രാത്രി കിടക്കുമായിരുന്നത് ഞാനോർത്തു. മേച്ചിലോടുകളിൽ വർഷബിന്ദുക്കൾ വീഴുമ്പോൾ അത് മഴയല്ല, സക്കീർ ഹുസൈനായിരിക്കും എന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്. അത്രയ്ക്കുണ്ടായിരുന്നു താളബോധം. മേച്ചിലോടും മേൽക്കൂരയും മാറിക്കിട്ടിയപ്പോൾ

നൃശംസതയുടെ ലോഹക്കൈകൾ കൊണ്ട് , യന്ത്രം വീടിനെത്തൊട്ടു. അഗമ്യപർവ്വതങ്ങൾ പോലെ ഭിത്തികൾ ശകലം പ്രതിരോധിച്ചെങ്കിലും ഒടുക്കം ദുർബ്ബലമായി. വെള്ളകീറും മുമ്പ് അച്ഛനിറങ്ങി പോകുമായിരുന്ന മുൻ വാതിലിൻ്റെ ദീർഘചതുരം. പൂമുഖത്തിൻ്റെ സമചതുരം . കുശിനിയിൽ നിന്ന് ഊണുമുറിയിലേക്ക് ധൃതിപ്പെട്ട് അമ്മ നടക്കുമ്പോൾ ഓച്ഛാനിച്ചു നിൽക്കുമായിരുന്ന കൽത്തൂണുകൾ. മുത്തശ്ശിയുടെ ചാവടി. ആത്മാക്കളെ കുടിയിരുത്തിവച്ച മേല്പുരയും മച്ചും ഒക്കെനിലംപൊത്തി. ഉയർച്ചകൾ പൊത്തോന്ന് നിലംപൊത്തിയ വീട് ഉച്ചയോടെ ഒരു കൽക്കൂനപോലെ മരിച്ചുകിടന്നു ! ഞാനന്നേരമാണ് ശരിയ്ക്കും നടുങ്ങിയത്. എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു. എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനാഥത്വം തോന്നി…….

അന്നെനിക്ക് ഉറക്കം വന്നില്ല. കവിതയുടെ ഋതുശാലയിലേക്ക് ചെന്ന് ഞാൻ ഏതാനും വരികൾ കടം ചോദിച്ചു. കവിത ഉള്ളറിയുന്നവളാണ്. ഉടനെ കനിഞ്ഞു. ഞാനത് ബുക്കിൽ പകർത്തിവച്ചു.

എനിക്കു വേണ്ടത്

“വീടു പൊളിച്ചുമാറ്റുമ്പോൾ
കിഴക്കോട്ടു തുറക്കുന്ന ആ വാതിൽ
നില നിർത്തണം.
വെള്ളകീറുംമുമ്പേ
അച്ഛനിറങ്ങിപ്പോയ വഴിയാണത്‌
തെക്കോട്ടെടുത്ത വാത്സല്യങ്ങളുടെ
ഓർമ്മയ്ക്ക്‌
ആ അറവാതിൽ പൊളിയ്ക്കരുത്‌
നമ്മെ നോക്കിച്ചിരിച്ച നിലക്കണ്ണാടിയും
കൗതുകങ്ങളുടെ കളിവണ്ടികൾ നിറഞ്ഞ
മച്ചിൻ പുറവും
വേണമെനിക്ക്‌..
വേണം, വേണം
തുലാവർഷം തുടംതോരാതെ
കോരിയ
സാന്ത്വനത്തിൻ നടുമുറ്റം
നേരിയ
നിലാപ്പൊന്തയിൽ
നമ്മെക്കാണാതായ പൂമുഖം,
നവരസമാളിയ അടുക്കള.
സ്വാതന്ത്ര്യമെന്നു നാം വിളിപ്പേരിട്ട

കിടപ്പുമുറി *
(ജ്യേഷ്ഠകവി സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് 2010-ൽ DC books പുറത്തിറക്കിയ നാലാമിടം എന്ന ബ്ലോഗ് കവിതകളുടെ പുസ്തകത്തിലെ ആദ്യത്തെ രണ്ടു കവിതകൾ എൻ്റേതായിരുന്നു. അതിലൊന്നിൻ്റെ പ്രമേയം വീടുപൊളിച്ചുമാറ്റുന്നതായിരുന്നു. അതാണ് മുകളിൽ ചേർത്ത വരികൾ)

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.