പൂമുഖം COLUMNS യൂസഫ് അറക്കലിന്റെ രേഖാചിത്രങ്ങള്‍

കഴിഞ്ഞ ദിവസങ്ങളിലായി യൂസഫ് അറയ്ക്കലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ബാംഗ്ലൂരില്‍ നടന്നുകൊണ്ടിരിക്കുകയാണ്.: യൂസഫ് അറക്കലിന്റെ രേഖാചിത്രങ്ങള്‍

പ്രകാശമുള്ള വര്‍ണ്ണങ്ങള്‍ യൂസുഫ് അറക്കല്‍ എന്ന ചിത്രകാരന്റെ രചനകളെ എന്നെങ്കിലും ആകര്‍ഷിച്ചതായി തോന്നിയിട്ടില്ല. ഏകാന്തതയും വിഷാദവും പേറുന്ന മനുഷ്യരെയും അവരുടെ ജീവിതത്തെയും ചിത്രീകരിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹത്തിന് ഇരുണ്ട വര്‍ണ്ണങ്ങളോടായിരുന്നു എന്നും പ്രിയം. കാന്‍വാസില്‍ ഇരുട്ടും വെളിച്ചവും സമര്‍ത്ഥമായി ഉപയോഗിച്ച് മുഖ്യധാരയില്‍ പെടാത്ത ഇരുണ്ട ജീവിതങ്ങളെ ഏറ്റവും കലാത്മകമായി ആവിഷ്‌കരിച്ച് ആഗോള തലത്തില്‍ അംഗീകാരങ്ങള്‍ നേടിയ ഈ ചിത്രകാരന് അടുത്ത കാലത്തായി വര്‍ണ്ണങ്ങളൊഴിഞ്ഞ കറുത്ത വരകളോടാണ് ഏറെ താല്‍പര്യം. ഉപേക്ഷിക്കപ്പെട്ട ചില വസ്തുക്കളെ ചിത്രീകരിച്ചു കൊണ്ട് മനുഷ്യന്റെ മനുഷ്യത്വമില്ലായ്മയുടെ കഥ പറഞ്ഞ Discarded എന്ന രേഖാചിത്ര പരമ്പരയുടെ പ്രദര്‍ശനം നടന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. അതോടോപ്പം തന്നെയാണ് ഇക്കാലമത്രയും ചെയ്ത ഡ്രോയിംഗുകളെ കുറിച്ച് Linear Expressions എന്ന പേരില്‍ ഒരു പഠന ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നത്.

അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ പ്രദര്‍ശനവും രേഖാചിത്രങ്ങളുടേതു തന്നെയാണ്. ജീവിച്ചിരിപ്പുള്ളവരും അല്ലാത്തവരും ഉള്‍പ്പെടുന്ന ഗുരു തുല്യരായ നൂറ്റിമുപ്പത്തിയഞ്ച് (135) ഇന്ത്യന്‍ കലാകാരന്മാരുടെ പോട്രേറ്റ് ഡ്രോയിംഗുകളുടെ സമാഹാരമാണ് Faces of Creativity. ആധുനിക ഇന്ത്യന്‍ ചിത്ര-ശില്‍പ കലാ രംഗത്തെ മാസ്റ്റേഴ്‌സിന് ഒരു സമകാലീന കലാകാരന്റെ ആദരവ് കൂടിയാണിത്. ഒന്നരയടി സ്‌ക്വയര്‍ സൈസിലുള്ള ലിനന്‍ കാന്‍വാസിന്റെ പിന്‍ഭാഗത്തെ ഗ്രേയിഷ് പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഇങ്കില്‍ ചെയ്ത ഛായാചിത്രങ്ങള്‍. യൂസുഫ് അറക്കല്‍ എന്ന ചിത്രകാരന്റെ രേഖാചിത്ര പരമ്പരകളിലെ ഏറെ മൂല്യവത്തായ ഒരു അദ്ധ്യായമാണ് Faces of Creativity.

ഇന്ത്യന്‍ ചിത്ര-ശില്‍പ കലാ രംഗത്ത് ആദരണീയരായ അബനീന്ദ്രനാഥ ടാഗോര്‍, ഭുപേന്‍ ഖാക്കര്‍, ബിനോദ് ബിഹാരി മുഖര്‍ജി, ജാമിനി റോയ്, രാംകിങ്കര്‍ ബൈജ്, ഗുലാംഷെയ്ഖ്, എം.എഫ്.ഹുസൈന്‍ തുടങ്ങിയ 135 കലാകാരന്മാരില്‍ മലയാളികളായി കെ.സി.എസ്സ്.പണിക്കരും ജയപാലപണിക്കരും എം.വി.ദേവനും കരുണാകരനും ഹരിദാസനും കെ.ജി.സുബ്രഹ്മണ്യനും നമ്പൂതിരിയും മുതല്‍ കെ.എസ്സ്.രാധാകൃഷ്ണന്‍ വരെ ഇരുപതോളം പേരുണ്ട്. ആകെയുള്ള 135 ല്‍ 21 കലാകാരികളുണ്ട്. അമൃത ഷെർഗിൽ, അനില ജേക്കബ്, അഞ്ജോലി ഇളാ മേനോൻ, അനുപം സൂദ്, അർണവാസ്, അർപണാ കൗർ, അർപിത സിങ്, ഗോഗി സരോജ് പാൽ, ലളിത ലജ്മി, മാധവി പരേഖ്, മൃണാളിനി മുഖർജി, നൈന കാനോഡിയ, നളിനി മലാനി, നവ്‌ജോത് അൽതാഫ്, നീലിമ ഷെയ്ഖ്, പത്മിനി ടി.കെ., പിലൂ പൊഖൻവാല, പ്രഭ ബി., രേഖ റാവു, റിനി ധുമൽ, സീമ കോഹ്‌ലി എന്നിവരാണ് ഇന്ത്യൻ ചിത്ര-ശില്പ രംഗത്തെ മികച്ച സ്ത്രീ സാന്നിധ്യങ്ങളായി യൂസുഫ് അറക്കൽ തെരഞ്ഞെടുത്തിട്ടുള്ളത്. ഈ 21 പേരിൽ മലയാളികളായി ടി.കെ.പത്മിനി, അനിലാ ജേക്കബ്ബ് എന്നീ രണ്ട് പേരേ ഉള്ളു എന്ന് നാം സങ്കടത്തോടെ തിരിച്ചറിയുന്നു.

ഏറ്റവും കുറഞ്ഞ വരകളില്‍ വളരെ ലളിതമായ ചില ‘അറക്കല്‍ ടച്ച്’ കൊണ്ട് പെയ്ന്റിംഗിനെയും ശില്‍പങ്ങളെയും ഓര്‍മ്മിപ്പിക്കുന്നുണ്ട് പല രേഖാചിത്രങ്ങളും. വ്യക്തിയുടെ മുഖത്തിന്റെ ചിരപരിചിതമായ സമീപ ദൃശ്യം അവതരിപ്പിക്കുന്നതിലല്ല ചിത്രകാരന് താല്‍പര്യം. ചിത്രരചന, ശില്‍പ നിര്‍മ്മാണം, സംവാദം തുടങ്ങിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചലനാത്മകം എന്ന് തോന്നിപ്പിക്കുന്ന വ്യക്തിചിത്രങ്ങളാണ് ഇക്കൂട്ടത്തിലേറെയും. ഇതില്‍ പലതിലും ആ കലാകാരന്റെതു മാത്രമായ പ്രവര്‍ത്ത ചലന ശൈലിയുണ്ട്. കൈകളുടെ ചലനം, ബ്രഷോ ഉളിയോ പിടിക്കുന്ന രീതി, വരക്കുമ്പോഴുള്ള നോട്ടം ഇത്രയൊക്കെ കണ്ടാല്‍ മുഖം കാണാതെ തന്നെ ആ ചിത്രം ആരുടേതെന്നറിയാന്‍ കഴിയും.

പ്രശസ്തനായ ഒരു കലാകാരന്‍ മറ്റ് ഇന്ത്യന്‍ കലാകാരന്മാരുടെ ഛായാചിത്രങ്ങള്‍ രചിച്ച് അവരെ ആദരിക്കുന്നത് ഇന്ത്യയില്‍ ഇത് ആദ്യത്തേതല്ലെങ്കിലും നൂറിലധികം പേരുടെ ചിത്രങ്ങള്‍ എന്നത് ആദ്യമായാണ്. മരിച്ചു പോയവരും ജീവിച്ചിരിപ്പുള്ളവരും ഉള്‍പ്പെടുന്ന ഇങ്ങനെയൊരു ഗുരുപരമ്പരയുടെ തെരഞ്ഞെടുപ്പും ആദ്യത്തേതാണ്.

010203

Comments

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like