അദ്ധ്യായം – 1
പ്രഭാതം പൊട്ടിവിടര്‍ന്നതേ ഉള്ളൂ. നീണ്ടുനില്‍ക്കുന്ന അഞ്ചര ബെല്‍ മുഴങ്ങി. തടവുകാരുടെ എണ്ണം തിട്ടപ്പെടുത്തി വാര്‍ഡര്‍മാരും ഹെഡ്‌വാര്‍ഡര്‍മാരും ചീഫ് വാര്‍ഡറുടെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്‌തു. അണ്‍ലോക്ക് ബെല്‍ ഒരടി അടിച്ചു. ബ്ലോക്ക് മേസ്‌തിരിമാര്‍ മുറികളോരോന്നും തുറക്കാന്‍ തുടങ്ങി. നൈറ്റ് വാര്‍ഡര്‍മാര്‍ ഗേറ്റിലേക്ക് അലസമായി ചുവടുവെച്ചു. പ്രഭാതഭക്ഷണം മഞ്ചല്‍ തട്ടുകളില്‍ നിരത്തി ബ്ലോക്കുകളിലേക്ക് ചുമന്നുകൊണ്ടുപോകാന്‍ കിച്ചണ്‍ തടവുകാര്‍ ജോഡികളായി നിലയുറപ്പിച്ചു.
ഈ സമയത്ത് ഒന്നാം ബ്ലോക്കിലെ സെല്‍ കെട്ടിടത്തില്‍നിന്ന് വലിയ ബഹളം കേള്‍ക്കാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം അപകടസൂചന നല്‍കുന്ന വിസില്‍ മുഴങ്ങി.
ഞാന്‍ ടവര്‍ ടോപ്പിലേക്ക് ഓടിക്കയറി. അവിടെയാണ് എനിക്ക് ഇന്നത്തെ ഡ്യൂട്ടി. ടവര്‍ടോപ്പില്‍നിന്ന് നോക്കിയാല്‍ പത്ത് ബ്ലോക്കുകളുടെ മുറ്റവും പരിസരവും ചുറ്റുമതിലും മതിലിനോട് ചേര്‍ന്ന് പോകുന്ന ചരല്‍പാതകളും ക്രോസ് റോഡുകളും ആസ്‌പത്രി കെട്ടിടവും പ്രാര്‍ത്ഥനാലയവും, നീണ്ടുനില്‍ക്കുന്ന തൊഴുത്തും കണ്ടംഡ് സെല്ലും ഓഫീസിന്‍റെ ഇന്നര്‍ഗേറ്റും പുറത്തു തെക്ക് ഭാഗത്തായി ക്വാറന്‍റൈന്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയും വ്യക്തമായി കാണാം. ഒന്നാം ബ്ലോക്ക് ബാരക്ക് കെട്ടിടത്തില്‍ നിന്നും പുറത്തിറങ്ങിയ തടവുകാര്‍ കയ്യില്‍ ടൂത്ത് ബ്രഷും പിടിച്ച് അന്തിച്ചുനിന്നു. പീറ്റര്‍ മേസ്‌തിരിയെ തട്ടിവീഴ്‌ത്തി ഒരാള്‍ ആ മങ്ങിയ വെളിച്ചത്തില്‍, അവര്‍ക്കിടയിലൂടെ അസ്‌ത്രംപോലെ കിഴക്കെ മൂലയിലേക്ക് ഓടുന്നു. പിറകെ ഓടിയ അസി. മേസ്‌തിരിയെ നിമിഷംകൊണ്ട് അയാള്‍ ബഹുദൂരം പിന്നിലാക്കി. “ശിവരാജ്….ശിവരാജ്” മര്‍മ്മരംപോലെ ആ നാമം ഒന്നാം ബ്ലോക്കിലാകെ പരന്നു. മറ്റു ബ്ലോക്കുകളിലെ മേസ്‌തിരിമാര്‍ പുറത്തിറക്കിയ തടവുകാരെ മുറിക്കുള്ളില്‍ തന്നെ കയറ്റി ബന്ധിച്ചു. എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കാര്‍ക്കും മനസ്സിലായില്ല. കക്കൂസിലേക്ക് ഓടാന്‍ മുട്ടിനിന്നവര്‍ വയര്‍ പൊത്തിപ്പിടിച്ച് പിടഞ്ഞു. ഒന്നാം ബ്ലോക്ക് സെല്‍ കെട്ടിടത്തിലെ തടവുകാര്‍ മൂത്രച്ചട്ടികളും നിലത്തുവെച്ച് മുറ്റത്ത് കുന്തിച്ചിരിക്കുന്നത് തുടര്‍ന്നു.
ശിവരാജ് കിഴക്കെ അറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു. ഒരു നിമിഷം ചുറ്റും നോക്കി. കുനിഞ്ഞ് മുഴുത്ത എന്തോ ഒന്ന് തൂക്കിയെടുത്ത് അരയില്‍ കൊളുത്തി. ടവര്‍ കെട്ടിടത്തില്‍ നിന്ന് ഒന്നാം ബ്ലോക്കിലേക്ക് പിന്തുടരുന്ന വാര്‍ഡര്‍മാരെ ഉഴിഞ്ഞുനോക്കി. അടുത്തുകൊണ്ടിരുന്ന മേസ്‌തിരിമാരില്‍ നിന്നുള്ള അകലം സമയംകൊണ്ട് അളന്നു തിട്ടപ്പെടുത്തി. തെങ്ങിന്‍ തടിയില്‍ മേലെയും താഴെയുമായി കൈകളൂന്നി ഒരു സര്‍ക്കസ്സ് താരത്തെപ്പോലെ അയാള്‍ മേലോട്ടു കുതിച്ചു. ഒരു അണ്ണാറക്കണ്ണനെപോലെ ചാടിച്ചാടി കൂറ്റന്‍തെങ്ങിന്‍റെ ഓലകള്‍ക്കിടയില്‍ അയാള്‍ ഊര്‍ന്നു കയറി.
‘അരുത്… അരുത് ശിവരാജ്…. ഇറങ്ങ്’ എന്ന് പറഞ്ഞുകൊണ്ട് മേസ്‌തിരിമാര്‍ തെങ്ങിന്‍ ചുവട്ടില്‍ എത്തിച്ചേര്‍ന്നു. ഏറ്റവും തരംതാണ തെറികള്‍ വിളിച്ചുകൊണ്ടായിരുന്നു അവര്‍ ഓടി അടുത്തുകൊണ്ടിരുന്നത്. കിതച്ചും അണച്ചും പിറകെ എത്തിയ കേശവന്‍ ചീഫ് അക്ഷരാര്‍ത്ഥത്തില്‍ നിലവിളിക്കുകയായിരുന്നു “എന്‍റെ ശിവന്‍കുട്ടി മോനെ, ചതിക്കല്ലേടാ… അടുത്ത ജൂണില്‍ ഞാന്‍ പെന്‍ഷന്‍ പറ്റാനുള്ളതാ. സര്‍വ്വീസ് ബുക്കില്‍ ചുവപ്പ് മഷി പുരണ്ടാല്‍ എന്‍റെ പെണ്‍മക്കള്‍ വീട്ടിലിരുന്നു പോകുമേ! ഇറങ്ങ് മോനെ.”
ഓലമടലില്‍ തൂങ്ങി ആടിക്കൊണ്ട് ശിവരാജ് വട്ടം കറങ്ങി. അയാള്‍ വിളിച്ചുപറഞ്ഞു. “എല്ലാവരും അമ്പതടി മാറിക്കോ… ചീഫേ, നിങ്ങളും മാറിക്കോ! പെന്‍ഷന്‍ പറ്റാന്‍ കഴിയാതെ വരുമേ! എന്നെ ഇടിച്ചൊടിച്ചവരെയൊക്കെ ഞാന്‍ ഓര്‍ത്തുവെച്ചിട്ടുണ്ട്, കേട്ടോ! ചെറിയാന്‍ കേടേ, നിങ്ങളും കരുതിയിരുന്നോ!”
ചെറിയാന്‍ ഹെഡ് തൊപ്പി മുമ്പിലേക്ക് താഴ്‌ത്തി, മറ്റുള്ളവരുടെ ഇടയിലേക്ക് സ്വയം വലിഞ്ഞുമാറി. കോപംകൊണ്ടയാള്‍ പല്ലുഞെരിച്ചു. ആരെയെങ്കിലും തല്ലാന്‍ കിട്ടുന്ന ഒരു സന്ദര്‍ഭവും അയാള്‍ ഉപേക്ഷിക്കാറില്ല. കണ്ടംഡ് ബ്ലോക്കിന്‍റെ ചുമതലക്കാര നായാല്‍പോലും വിവരം മണത്തറിഞ്ഞ് അയാള്‍ ഓടിഎത്തും. ആള്‍ക്കൂട്ടത്തിന്നിടയില്‍ നിന്നുകൊണ്ട് തടവുകാരെ മര്‍മ്മം നോക്കി പ്രഹരിക്കും. അയാളെ കണ്ടുമുട്ടുമ്പോഴൊക്കെ ശിവരാജിന്‍റെ കണ്ണുകള്‍ ആളിക്കത്തും.
ശിവരാജ് തെങ്ങോലകള്‍ക്കിടയില്‍ കൈകടത്തി തന്‍റെ പൊക്കണത്തില്‍ നിന്ന് ഒരു വെട്ടുകത്തി വലിച്ചെടുത്തു. തെങ്ങിന്‍റെ മണ്ടയില്‍ ചാരിയിരുന്നു ഒരു കരിക്ക് വെട്ടി സാവധാനം കുടിക്കാന്‍ തുടങ്ങി. അതിന്‍റെ കാമ്പ് മുഴുവന്‍ തിന്നു തീര്‍ത്ത് പുറംതൊണ്ട് ഉദ്യോഗസ്ഥന്മാരുടെ മേല്‍ എറിയാനുള്ള ഭാവത്തില്‍ അയാള്‍ വലതുകൈ വീശി മാറിമാറി ഉന്നംവെച്ചു. വാര്‍ഡര്‍മാരും ഹെഡ്‌മാരും ചീഫും പിന്നോട്ടേക്ക് ചിതറി ഓടി.
ശിവരാജ് താഴേക്ക് നോക്കി പൊട്ടിച്ചിരിച്ചു. “എന്തൊരു അനുസരണയുള്ള കുട്ടികള്‍. എന്തൊരു ധീരന്മാര്‍, അല്ലെ ചീഫേ! ഡിസിപ്ലിന്‍ ഇല്ലാത്ത ഡിപ്പാര്‍ട്ട്‌മെന്‍റിലെ ഡിസിപ്ലിന്‍ ഉള്ള കുട്ടികള്‍!” അയാള്‍ കരിക്കിന്‍ തൊണ്ട് തെങ്ങിന്‍റെ കടക്കല്‍തന്നെ ഇട്ട് പൊട്ടിച്ചിരിച്ചു. ഇതിന്നിടയില്‍ അയാളുടെ നേരെ ഉറ്റുനോക്കി നില്‍ക്കുന്ന പീറ്റര്‍ മേസ്‌തിരിയില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി. “സോറി, ഇച്ചായോ! സോറി! ഇച്ചായനുമായി പൊത്തും പിടിയും കൂടിയതിനും, തട്ടിവീഴ്‌ത്തിയതിനും സോറി. ഒരു പൊതുകാര്യത്തിന് വേണ്ടിയാണെന്ന് കരുതി ക്ഷമിച്ചേക്കണേ! ഇച്ചായോ, ഒരു കാര്യംകൂടി. തെങ്ങില്‍നിന്ന് മാറി അമ്പതടിയില്‍ ഒരു വട്ടം വരയ്‌ക്കണം, ഒരു ലക്ഷ്‌മണരേഖ. അത് മറികടക്കുന്നവനെയൊക്കെ ഞാനിന്ന് എറിഞ്ഞു വീഴ്‌ത്തും.”
തെങ്ങിന്‍റെ മണ്ടയില്‍ അയാള്‍ വലംവെച്ച് നടന്നു. ബ്ലോക്ക് വേലിക്കപ്പുറം ടവര്‍ മുറ്റത്ത് ജയിലറും അസി. ജയിലര്‍മാരും കുറേ വാര്‍ഡര്‍മാരും തമ്മില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നു. ശിവരാജിന്‍റെ ചുണ്ടുകളില്‍ ഒരു മൂളിപ്പാട്ട് വന്നു പൊട്ടി. “പോനാല്‍ പോകട്ടും പോടാ…”
വാര്‍ഡര്‍മാര്‍ അഞ്ചും ആറും പേര്‍ വീതം ഓരോ ബ്ലോക്കിലേയ്ക്കും യാത്രയായി. ഇരുപത് തടവുകാരെ വീതം പുറത്തിറക്കി കക്കൂസിലേക്കും വെള്ളത്തൊട്ടിയിലേക്കും തിരിച്ച് ബ്ലോക്കിലേക്കും നയിച്ചുകൊണ്ടിരുന്നു. ബ്ലോക്ക് വാതില്‍ക്കല്‍വെച്ച് അവര്‍ക്ക് പ്രഭാതഭക്ഷണം നല്‍കി എല്ലാവരെയും അകത്താക്കി പൂട്ടി. തടവുകാര്‍ പോകുമ്പോഴും വരുമ്പോഴും ഒന്നാം ബ്ലോക്കിന്‍റെ കിഴക്കേ മൂലയിലെ തെങ്ങിന്‍ മുകളിലേക്ക് തിരിഞ്ഞ് തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നു. പുറകെ വന്നിരുന്ന വാര്‍ഡര്‍മാര്‍ ലാത്തി വീശി പുലഭ്യം പറഞ്ഞു. ജോലിഭാരത്താല്‍ അവര്‍ ശരിക്കും വലഞ്ഞിരുന്നു.
കിച്ചണ്‍ തടവുകാരെയും മേസ്‌തിരിമാരെയും ഓര്‍ഡര്‍ലിമാരെയും മാത്രം പുറത്തു നിറുത്തി. എല്ലാ തടവുകാരെയും ബ്ലോക്കുകളിലും സെല്ലുകളിലുമായി പൂട്ടി. ആരെയും പണിക്ക് വിട്ടില്ല. നെയ്‌ത്ത് ശാലകളും വര്‍ക്ക്‌ഷോപ്പുകളും അടഞ്ഞുകിടന്നു. ജയിലന്തരീക്ഷം ശ്‌മശാനമൂകമായിരുന്നു. തെങ്ങിന്‍മുകളില്‍ നിന്ന് ശിവരാജ് വിളിച്ചു ചോദിച്ചു: “ചീഫ് വാര്‍ഡര്‍ സാറേ, ഇന്ന് ബന്ദാണോ! അതോ ഹര്‍ത്താലോ! ജയിലിന്നുള്ളിലും ബന്ദ് നടത്താന്‍ പാടുണ്ടോ! ഹൈക്കോടതിയുടെ നിരോധനം ലംഘിക്കുകയാണോ!” അയാളുടെ ചിരി മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. “ഒരുപക്ഷെ, എന്‍റെ വരാന്‍ പോകുന്ന ചരമദിനം നേരത്തെ ആഘോഷിക്കുകയാണോ!” നിലക്കാത്ത ചിരിയുമായി അയാള്‍ തെങ്ങിന് മുകളില്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു.
ഇതിന്നിടയില്‍ അയാളുടെ കണ്ണുകള്‍ ടവര്‍ടോപ്പിലേക്ക് നീണ്ടു ഒരു നിമിഷം. അയാള്‍ എന്നെ തിരിച്ചറിഞ്ഞു. ആഹ്ലാദത്തോടെ കൈവീശി. ഏതാനും അടി അകലത്തായി ഒരേ ഉയരത്തിലാണ് ഞങ്ങള്‍ – നേര്‍ക്കു നേര്‍.
അയാളുടെ നേരെ കൈവീശാതിരിക്കാന്‍ എനിക്കും സാധിച്ചില്ല. ഉടന്‍തന്നെ കൈ പിന്‍വലിച്ചുകൊണ്ട് ഭയപ്പാടോടെ ഞാന്‍ താഴേക്ക് നോക്കി. അല്ലെങ്കില്‍ തന്നെ ശിവരാജിനോട് എനിക്ക് അടുപ്പമുണ്ടെന്ന് ചില വാര്‍ഡര്‍മാര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്. അത് സത്യമാണ് താനും.
ഞാന്‍ ജയില്‍വാര്‍ഡനായി ചാര്‍ജ് എടുത്ത ദിവസം തന്നെയാണ് ശിവരാജ് ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ശിവരാജിന് ജയില്‍ ഗെയിറ്റില്‍ നല്‍കപ്പെട്ട വരവേല്‍പ് ദിവസങ്ങളോളം എന്‍റെ ഉറക്കം നഷ്‌ടപ്പെടുത്തിയിരുന്നു.
ജയിലിന്‍റെ മുന്‍വാതില്‍ തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്ന ജോലിയാണ് നവാഗതരായ വാര്‍ഡര്‍മാര്‍ക്ക് നല്‍കിയിരുന്നത്. അതാണ് ആദ്യത്തെ ട്രെയിനിങ്ങ്. ആദ്യദിവസമായതിനാല്‍ ഞാന്‍ വല്ലാതെ പരിഭ്രാന്തനായിരുന്നു. റൈറ്റര്‍ ഹെഡ് വാര്‍ഡര്‍ കണ്ണന്‍ സാര്‍ ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞുതന്നു. “പുറത്ത് റൈഫിള്‍ സെന്‍ട്രിയുടെ ബട്ട് സല്യൂട്ട് കേള്‍ക്കുമ്പോള്‍ വലിയ വാതില്‍ മുഴുവനായി തുറക്കണം. സൂപ്രണ്ടോ, ഉയര്‍ന്ന ഓഫീസര്‍മാരോ ആയിരിക്കും വരുന്നത്. അവര്‍ അടുത്തെത്തുമ്പോള്‍ മടമ്പുകള്‍ കൂട്ടിയിടിച്ച് സല്യൂട്ട് ചെയ്യണം. ഈ കൂട്ടിയിടിയില്‍ ഭൂമിദേവി വിറകൊള്ളണം. വാഹനങ്ങള്‍ കയറാനും പോകാനും വലിയ വാതില്‍ തുറക്കണം. പിന്നെ ആദരിക്കേണ്ടത് ജയിലിലെ കന്നുകാലികളെയാണ്. അവയ്‌ക്ക് പോകാനും വരാനും വലിയ വാതില്‍ തന്നെ തുറന്നുകൊടുക്കണം. നമ്മള്‍ ചെറിയ മനുഷ്യര്‍. മനുഷ്യകീടങ്ങള്‍, അല്ലേ, ദിനകരാ! നമുക്കൊക്കെ പോകാനാണ് ചെറിയ വാതില്‍. ഇങ്ങോട്ട് വരുമ്പോള്‍ തലകുനിച്ച് ജയിലിനെ വന്ദിച്ചുവേണം ഗെയ്‌റ്റ് കടക്കാന്‍. പുറത്തേക്ക് പോകുമ്പോള്‍ അല്ലെങ്കിലും തല കുനിഞ്ഞുപോകും, ഇത്തരമൊരു സ്ഥാപനത്തില്‍ കാലുകുത്തിയതിന്‍റെ പേരില്‍…” കണ്ണന്‍ സാര്‍ പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ പലതും മനസ്സിലായില്ലെങ്കിലും, എനിക്ക് ആശ്വാസകരമായിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടുമണി ആകാറായപ്പോള്‍ സ്ഥിതി മാറി. കണ്ണന്‍ സാര്‍ ലഞ്ച് റൂമിലായിരുന്നു. ജയിലിന്നകത്തുനിന്നും ഓഫീസിലെ നാനാമുറികളില്‍നിന്നും ഉദ്യോഗസ്ഥന്മാര്‍ കനത്ത ബൂട്ടുകളുമായി ഗെയ്‌റ്റിലേക്ക് ഇരമ്പി വന്നു. “എസ്.ഐ കേസിലെ പ്രതിയെ കൊണ്ടുവരുന്നേ… ശിവരാജിനെ കൊണ്ടുവരുന്നേ!” അവര്‍ ആര്‍ത്തുവിളിച്ചു. എന്തിനാണ് ഇവരൊക്കെ ഇത്രയധികം ഒച്ചപ്പാടുണ്ടാക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എസ്.ഐ. കേസും ശിവരാജും അക്കാലത്തെ വാര്‍ത്തകളിലെല്ലാം നിറഞ്ഞുനിന്നിരുന്നു. ഇക്കിളിപ്പെടുത്തുന്ന എന്തെല്ലാം കഥകളാണ് ശിവരാജിനെപ്പററി അന്ന് പ്രചരിച്ചിരുന്നത്. എ.ആര്‍.പി.ക്കാരുടെ കൂടെ കൈവിലങ്ങും ചങ്ങലയുമായി കടന്നുവന്ന ദൃഢകായനായ യുവാവിനെ ഞാന്‍ നിര്‍ന്നിമേഷം നോക്കിനിന്നു. വളരെ ആകര്‍ഷകമായ മുഖമാണയാളുടേത്; നല്ല തലയെടുപ്പും. എ.ആര്‍.പി. പോലീസുകാര്‍ തടവുകാരെ കൈമാറി തിരിച്ചിറങ്ങി. ശിവരാജിന്‍റെ ചുറ്റും ജയിലുദ്യോഗസ്ഥന്മാര്‍ അണിനിരന്നു. ഒരു വൃത്തരൂപത്തില്‍ അവര്‍ അയാളുടെ ചുറ്റും ചുവടുവെച്ചു.
“നീ ഞങ്ങളുടെ കാക്കികുപ്പായത്തില്‍ തൊട്ടുകളിക്കും; അല്ലേടാ….” ആ ഗര്‍ജ്ജനം അവസാനിക്കും മുമ്പ് ആദ്യത്തെ അടി വീണു – ചെറിയാന്‍ ഹെഡ് വാര്‍ഡറുടെ കൈകള്‍ കുടം കൊണ്ടെന്നപോലെ. ആകസ്‌മികമായ ആഘാതത്തില്‍ അയാള്‍ തെറിച്ച് എന്‍റെ കാലിന്നടുത്തേയ്‌ക്ക് വീണുപോയി. കുനിഞ്ഞ് അയാളെ താങ്ങാന്‍ ശ്രമിക്കുമ്പോഴേക്കും റഹിം സാറിന്‍റെ തൊഴിയില്‍ അയാള്‍ തളത്തിന്‍റെ മധ്യത്തിലേക്ക് തെറിച്ചു. നാലുഭാഗത്തുനിന്നും എല്ലാവരും അയാളുടെ മേലേയ്‌ക്ക് ചാടിവീണു. ഇടിക്കട്ടയും ലാത്തിയും പേമാരിപോലെ അയാളിലേക്ക് പതിച്ചുകൊണ്ടിരുന്നു. രഘുപതിസാര്‍ കനത്ത ബൂട്ടുകള്‍കൊണ്ട് അയാളുടെ ജനനേന്ദ്രിയം ചവിട്ടിഞെരിച്ചു.
ശിവരാജ് നിലവിളിച്ചില്ല. നേരിയ ഞരക്കംമാത്രം വല്ലപ്പോഴും പുറത്തുവന്നു. രാമന്‍നായര്‍ അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു പൊക്കി വാരിയെല്ലില്‍ ആഞ്ഞടിച്ചു – ശിവരാജ് അമര്‍ത്തിയ ശബ്‌ദത്തില്‍ പറഞ്ഞു: “കൊന്നേക്കണം, കേട്ടോ… ഇല്ലെങ്കില്‍…”
‘ഇല്ലെങ്കില്‍ നീ എന്തുചെയ്യുമെടാ; പാതിജീവനോടെ നിന്നെ ബാക്കിനിറുത്തിയാല്‍ നീ എന്ത് ചെയ്യുമെടാ….’ എന്ന് ആക്രോശിച്ചുകൊണ്ട് ജോസ് വാര്‍ഡര്‍ രണ്ടു കൈകളും വീശി അയാളുടെ ഇരു ചെവിയിലും ആഞ്ഞടിച്ചു. അടുത്ത നിമിഷം ശിവരാജിന്‍റെ കൈവിരലുകള്‍ ജോസ് വാര്‍ഡറുടെ തൊണ്ടയില്‍ മുറുകി. ശ്വാസം കിട്ടാതെ അയാള്‍ കണ്ണുമിഴിച്ചു പിടഞ്ഞു. അയാള്‍ വല്ലാത്തൊരു ആര്‍ത്തനാദം പുറപ്പെടുവിച്ചു. നാനാഭാഗത്തുനിന്നും ശിവരാജിന്‍റെ മേല്‍ ആഞ്ഞടിച്ചിട്ടും അയാളുടെ കയ്യുടെ മുറുക്കം വര്‍ദ്ധിച്ചതേ ഉള്ളൂ. ജോസ് വാര്‍ഡന്‍ വല്ലാത്തൊരു മരണവെപ്രാളം കാട്ടാന്‍ തുടങ്ങി. ചെറിയാന്‍ ഹെഡ് വാര്‍ഡര്‍ റൈറ്ററുടെ മേശക്കടിയില്‍നിന്ന് വലിയ ഇരുമ്പ് താഴ് വലിച്ചെടുത്ത് ശിവരാജിന്‍റെ നട്ടെല്ല് നോക്കി ആഞ്ഞടിച്ചു. ‘അമ്മേ!’ എന്നൊരു തേങ്ങല്‍ അയാളില്‍നിന്ന് പുറപ്പെട്ടു. അയാളുടെ കൈകള്‍ അയഞ്ഞു. ജോസ് വാര്‍ഡന്‍ അയാളുടെ കൈപ്പിടിയില്‍നിന്ന് സ്വതന്ത്രനായി. വെടികൊണ്ട പക്ഷിയെപോലെ ശിവരാജ് നിലത്തേയ്‌ക്ക് കുഴഞ്ഞുവീണു. എന്നിട്ടും അയാളുടെ മേലുള്ള പരാക്രമങ്ങള്‍ അവസാനിച്ചില്ല. താണ്ഡവം തുടര്‍ന്നുകൊണ്ടിരുന്നു. ശിവരാജിന് അനക്കമുണ്ടായിരുന്നില്ല. അയാള്‍ മരിച്ചുപോയെന്നുതന്നെ ഞാന്‍ സംശയിച്ചു. ഭയംകൊണ്ട് ഞാന്‍ കിടുകിടെ വിറച്ചു. “നിറുത്തിനെടാ പന്നികളെ” അവിടെ എത്തിച്ചേര്‍ന്ന റൈറ്റര്‍ സാര്‍ അലറിവിളിച്ചു. “കോടതി ഒരാളെ ജീവപര്യന്തം ശിക്ഷിക്കുക; നിങ്ങള്‍ സ്വന്തം നിലയ്‌ക്കു അയാള്‍ക്ക് വധശിക്ഷ നല്‍കുക; തല്ലിക്കൊല്ലുക. എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരും അഴിയെണ്ണേണ്ടിവരും. ഒരു കടലാസില്‍ എല്ലാം തീരുമെന്ന പതിവ് വിചാരം വേണ്ട. ഒരു അന്വേഷണമുണ്ടായാല്‍ ഞാന്‍ സത്യമേ പറയൂ.” കണ്ണന്‍ സാറിന്‍റെ താക്കീത് ഫലിച്ചു. മര്‍ദ്ദനം നിലച്ചു. ശിവരാജിനെ തൂക്കിയെടുത്ത് ഒന്നാം ബ്ലോക്കിലെ സെല്‍ കെട്ടിടത്തിലെ ഒറ്റമുറികളില്‍ ഒന്നിലേക്ക് വലിച്ചെറിഞ്ഞു. എത്ര ദിവസം അയാള്‍ ആ കിടപ്പ് കിടന്നു!
അടിയന്തിര ചികിത്സക്കായി, ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ജയില്‍ ഡോക്‌ടറുടെ നിര്‍ദ്ദേശം ജയില്‍ സൂപ്രണ്ട് പുലികേശന്‍റെ ചവറ്റുകൊട്ടയില്‍ കിടന്നു. ജയില്‍ ഹോസ്‌പിറ്റലിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശവും നിരാകരിക്കപ്പെട്ടു. ഡോക്‌ടര്‍ കമല്‍നാഥ് പൊട്ടിതെറിച്ചു: “ഈ പാപങ്ങളെല്ലാം അയാള്‍ എവിടെ കൊണ്ടുപോയി ഒഴുക്കും! ദുഷ്‌ടന്‍! ഒരു നാള്‍ ഇതിനെല്ലാം എണ്ണിയെണ്ണി കണക്കു പറയേണ്ടിവരും തീര്‍ച്ച.”
കമല്‍നാഥ് ഡോക്‌ടര്‍ ദിവസവും രണ്ടുനേരം ശിവരാജിന്‍റെ അരികിലെത്തും. സ്വന്തം ചെലവില്‍ വാങ്ങിയ മരുന്നുകള്‍ കൂടി സ്വകാര്യമായി പീറ്റര്‍ മേസ്‌തിരിയെ ഏല്‍പ്പിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. പീറ്റര്‍ മേസ്‌തിരി ശിവരാജിന്‍റെ തലക്കലിരുന്ന് പലതവണ കുരിശുവരയ്‌ക്കും. പീറ്റര്‍ മേസ്‌തിരിയുടെ വാത്സല്യപൂര്‍ണ്ണമായ പരിചരണം. ഡോക്‌ടര്‍ കമല്‍നാഥിന്‍റെ ഹൃദയംഗമമായ ശുശ്രൂഷ. ശിവരാജ് പതുക്കെ പതുക്കെ ആരോഗ്യത്തിലേയ്‌ക്ക് തിരിച്ചുവന്നു. ആ നാളുകളില്‍ മിക്കപ്പോഴും ഒന്നാം ബ്ലോക്ക് സെല്‍ കെട്ടിടത്തില്‍ എന്നെ ഡ്യൂട്ടിക്കിട്ടിരുന്നു. മരണത്തോട് മല്ലടിക്കുന്ന ശിവരാജിന്‍റെ അന്നത്തെ രൂപമായിരുന്നു മനസ്സ് നിറയെ.
വടകര സ്വദേശി.
പ്രസിദ്ധീകരിച്ച കൃതികൾ :
1.സ്വാതന്ത്ര്യം, സത്യവും മിഥ്യയും ( co author - എം. രാധാകൃഷ്ണൻ)
2.അകം പുറം.
3.കാലാൾ എന്ന ലഘുനോവൽ മലയാളനാട് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.