വിപ്ലവത്തിന്റെയും കലയുടെയും പാരമ്പര്യമുള്ള നാടാണ് തൃശ്ശൂർ ജില്ലയിലെ വേലൂർ ഗ്രാമം. അമ്പതുകളിൽ ചരിത്രം രേഖപ്പെടുത്തിയ ‘മാറുമറക്കൽ’ സമരം നടന്ന മണിമലർക്കാവ് ഇവിടെയാണ്. മണിമലർക്കാവിലെ വേലക്ക് പാരമ്പര്യമായി എഴുന്നള്ളിക്കുന്ന ചലിക്കുന്ന യന്ത്രക്കുതിരകൾ പ്രസിദ്ധമാണ്. സമീപ പ്രദേശങ്ങളിലെ മറ്റ് കാളകളെക്കാൾ കാഴ്ചയിലും സാങ്കേതികതയിലും മികച്ചത് ഇവിടെയാണ്. അർണോസ് പാതിരി, മാടമ്പ്, കുറൂർ തുടങ്ങിയ ചരിത്രവും അതിലേറെ മിത്തുകളും ഇഴചേർന്ന് കിടക്കുന്ന ഈ ഗ്രാമത്തിൽ അറിയപ്പെടുന്ന സമകാലീന കലാകാരന്മാരും ഏറെയുണ്ട്. ഇവിടെയാണ് പുഷ്പാകരനും ജനിച്ചു വളർന്നത്. കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു കൊടുത്ത ധാരാളം നാടോടിക്കഥകളിൽ ഈ ഗ്രാമത്തിന്റെ ചരിത്രവും മിത്തും അനുഷ്ഠാനങ്ങളും നിറഞ്ഞു നിന്നു. അതുപോലെ വീട്ടിലെ അനുഷ്ഠാനങ്ങളായ കളമെഴുത്തും വെളിച്ചപ്പെടലുമൊക്കെ നിറവും താളവും നിറഞ്ഞ പുഷ്പാകരന്റെ കുട്ടിക്കാലത്തെ അത്ഭുതക്കാഴ്ചകളായിരുന്നു. മുത്തശ്ശിയുടെ യക്ഷിക്കഥകളും വീരസാഹസിക കഥകളും ചരിത്രവും സ്വപ്നങ്ങളും എല്ലാം ഇഴചേർന്ന് മാജിക്കൽ റിയലിസമായി ഇന്ന് പുഷ്പാകരന്റെ കലയുടെ പശ്ചാത്തലമാവുന്നുണ്ട്.
‘an untold story by grandma’ എന്ന് പേരിട്ട ഏറ്റവും പുതിയ പ്രദർശനത്തിലെ ചിത്രങ്ങൾ നേരിട്ടല്ല സംവദിക്കുന്നത്. അനേകം രൂപങ്ങളും രൂപകങ്ങളും നിറഞ്ഞ ചിത്രഭാഷയിൽ പരോക്ഷമായി മുതലാളിത്ത സംസ്‌കാരത്തെ കുറിച്ചും അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയത്തെ കുറിച്ചും പലതും പറയുന്നുണ്ട്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ഒന്നും പ്രയോജനപ്പെടാതെ പോകുന്ന നമ്മുടെ ഭരണയന്ത്ര സംവിധാനങ്ങളെ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. അതിനായി യക്ഷിക്കഥകളും മിത്തും ചരിത്രവും ഉപയോഗിക്കുന്നുണ്ട്. മാജിക്കൽ റിയലിസം എന്ന് പറയാവുന്ന ആഖ്യാന തന്ത്രം. കലാകാരൻ പ്രതിരോധിക്കേണ്ടത് കലയിലൂടെയാവണമെന്നും അതിന് സ്വന്തമായ ഒരു കലാഭാഷ ആവശ്യമാണെന്നും പുഷ്പാകരൻ വിശ്വസിക്കുന്നു.
കലാ പഠനത്തിന് അനുകൂല സാഹചര്യമോ സാമ്പത്തികമോ പിൻതുണക്കാത്ത ഒരു തൊഴിലാളി കുടുംബത്തിലാണ് പുഷ്പാകരന്റെ ജനനം. കലയോടുണ്ടായ അഭിനിവേശം കൊണ്ട് പഠനത്തിന് കിട്ടിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മറ്റെല്ലാം മറന്ന് വാശിയോടെ വരച്ച് നേടിയതാണ് പുഷ്പാകരന്റെ കലാലോകം. അയൽവാസി കൂടി ആയിരുന്ന ശിൽപി ജോൺസൺ വേലൂർ ആണ് തന്നെ കലയിലേക്ക് ആദ്യം ആകർഷിച്ചത് എന്ന് പുഷ്പാകരൻ ഓർമ്മിക്കുന്നു. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തോടൊപ്പം ശിൽപ നിർമ്മാണങ്ങളിൽ സഹായിയായി ജോലി ചെയ്തിരുന്നു. പിന്നീട് കാലടി ശ്രീശങ്കരാ സർവ്വകലാശാലയിൽ കലാപഠനത്തിന്റെ ഫൗണ്ടേഷൻ കോഴ്‌സിന് ചേർന്നപ്പോഴും (ജോൺസൺ വേലൂർ അവിടെ ശിൽപവിഭാഗം അദ്ധ്യാപകനാണ്) അതിനു ശേഷവും പ്രോത്സാഹനവും സഹായങ്ങളുമായി ആ ബന്ധം കൂടുതൽ കടപ്പാടോടെ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് പുഷ്പാകരൻ.
പുഷ്പാകരന്റെ ബി.എഫ്.എ. പഠനവും കാലടി സർവ്വകലാശാലയിൽ തന്നെ ആയിരുന്നു. കലാപഠനത്തിൽ വലിയ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത കാലടിയിലെ വിദ്യാർത്ഥികളോടല്ല മറ്റ് ഫൈനാർട്ട്‌സിലെ വിദ്യാർത്ഥികളോടായിരുന്നു പഠനകാലത്ത് താൻ മത്സരിച്ചിരുന്നതെന്ന് പറയുമ്പോൾ പുഷ്പാകരനിലെ വിദ്യാർത്ഥിയെ നമുക്ക് മനസ്സിലാക്കാനാവുന്നു. ഇൻസ്റ്റലേഷൻ ആർട്ട് കേരളത്തിൽ അത്ര പോപ്പുലർ ആയിട്ടില്ലാത്ത 2005 ൽ കാലടി സർവ്വകലാശാലയിൽ ‘വാല്മീകം’ എന്ന ഇന്ത്യൻ ആശയത്തെ അടിസ്ഥാനമാക്കി ‘myth of travel’ എന്ന പേരിൽ ഒരു ഇൻസ്റ്റലേഷൻ ചെയ്തു. 2005 ൽ അവിടെ നിന്ന് ബി.എഫ്.എ. പാസ്സായത് ഒന്നാം റാങ്കോടെ ആയിരുന്നു. 2008 ൽ തൃപ്പുണിത്തുറ ആർ.എൽ.വി. കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ എംഎഫ്എ. യും പാസ്സായി
2009 ൽ മ്യൂറലിൽ എം.എഫ്.എ. ചെയ്യാനായി ശാന്തിനികേതനിൽ പോയെങ്കിലും പ്രവേശനം ലഭിച്ചില്ല. തുടർന്ന് സുഹൃത്തുക്കളോടൊപ്പം കലാപ്രവർത്തനം ചെയ്ത് ഒരു വർഷം അവിടെ ജീവിച്ചു. അക്കാലത്താണ് ദക്ഷിണാഫ്രിക്കൻ കലാകാരൻ William kentridge ന്റെ ചാർക്കോൾ വർക്കുകൾ പരിചയപ്പെടുന്നത്. അതോടെ ബ്ലാക് ആന്റ് വൈറ്റ് ഇല്ലസ്‌ട്രേഷന്റെ പുതിയ സാദ്ധ്യതകളെ കുറിച്ചുള്ള അന്വേഷണമായി. വരക്കാനായി എല്ലാതരം മീഡിയങ്ങളും ഉപയോഗിച്ചിരുന്ന പുഷ്പാകരൻ അതിനുശേഷം ഇന്ത്യൻഇങ്കും പേപ്പറും മാത്രം മീഡിയമാക്കി ഡ്രോയിങ്ങിലേക്ക് തിരിഞ്ഞു. രചന കൂടുതൽ traditional ആയതിന് ബൽജിയം ആർട്ടിസ്റ്റ് Paul Delevaux ന്റെ സ്വാധീനവും ഉണ്ടെന്ന് പറയാം..
2005 മുതൽ ലളിതകലാ അക്കാദമിയുടെ വർഷാന്ത പ്രദർശനങ്ങളിലും ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ഗ്രൂപ്പ് പ്രദർശനങ്ങളിലും പങ്കെടുത്തു. 2014 ൽ പോർട്ട്‌ലാന്റ്, ടെക്‌സാസ്, അലക്‌സാണ്ട്രിയ എന്നിവിടങ്ങളിലെ ഇന്റർനാഷനൽ മെയിൽ ആർട്ട് (mail art) എക്‌സിബിഷനുകളിൽ പങ്കെടുത്തു. 2011 ൽ തിരുവനന്തപുരം സംസ്‌കൃതിഭവനിൽ ആർട്ടിസ്റ്റ് സി.ഡി.ജെയിൻ ക്യുറേറ്റ് ചെയ്ത ആദ്യ സോളോ പ്രദർശനത്തിനു ശേഷം 2016 ഫെബ്രുവരിയിൽ തൃശ്ശൂരിലെ ART SPACE ൽ ജോൺ ഡേവി ക്യുറേറ്റ് ചെയ്ത an untold story by grandma സോളോ പ്രദർശനം നടന്നു. 2006 ൽ ആലുവ ശ്രീമൂലനഗരം സൂര്യാസ് എൽ.പി.ജി. കോമ്പൗണ്ടിൽ ചെങ്കല്ല് ഉപയോഗിച്ച് ഒരു പാരിസ്ഥിതിക പ്രോജക്റ്റ് ഡിസൈൻ ചെയ്തു. 2011 ൽ കേന്ദ്ര ലളിതകലാ അക്കാദമിയുടെ ചെന്നൈ റീജിയണൽ സെന്ററിൽ സ്‌കോളർഷിപ്പോടെ ഒരു വർഷം പെയ്ന്റിംഗ് ചെയ്തു. 2013 ൽ ലഖ്‌നൗ NRLC യുടെ പെയ്ന്റിംഗ് കൺസർവേഷൻ ട്രെയ്‌നിംഗിന്റെ ഭാഗമായി തിരുവനന്തപുരം കെ.സി.എസ്.പണിക്കർ ആർട്ട് ഗാലറിയിൽ ഒരു വർഷം ജോലി ചെയ്തു. 2014 ൽ KCHR നു വേണ്ടി മുസിരിസ് ഖനന പുരാവസ്തുക്കളുടെ ഇല്ലസ്‌ട്രേഷൻ ചെയ്തു.
2011 ലെ കേരള ലളിതകലാ അക്കാദമിയുടെ യുവ കലാകാരന്മാർക്കുള്ള രാജാ രവിവർമ്മ പുരസ്‌കാരവും 2011 ലെ കേന്ദ്ര ലളിതകലാ അക്കാദമിയുടെ റിസർച്ച് സ്‌കോളർഷിപ്പും ലഭിച്ചു. 2014 ൽ ന്യൂയോർക്കിൽ നിന്ന് പൊള്ളോക്ക്-ക്രസ്‌നർ ഫൗണ്ടേഷന്റെ മൂന്ന് വർഷത്തേക്കുള്ള ഫെല്ലോഷിപ്പ് ലഭിച്ചു.
contact:
e-mail : pushpakarankadappath@gmail.com
`