പൂമുഖം ചുവരെഴുത്തുകൾ കവിതയിലെ കന്യാവനങ്ങൾ…

കവിതയിലെ കന്യാവനങ്ങൾ…

നാടെങ്ങും മരങ്ങൾ വച്ചു നടക്കുന്ന ചിത്തിര കുസുമൻ എന്ന കവിതയുടെ കാവ്യപുസ്തകമാകുന്നു ‘പ്രഭോ, പരാജിതനിലയിൽ’. സ്വയം ഒരു കാടാവുകയും അതിൽത്തന്നെ അഴിഞ്ഞഴിഞ്ഞ് മരങ്ങളായി പിരിയുകയും അവ പിന്നെ അലിഞ്ഞുമണ്ണാവുകയും പിന്നെയും മുളപൊട്ടുകയും ചെയ്യുന്ന അനുസ്യൂതമായ ഹരിതക്രിയകളുടെ , ജൈവികതയുടെ പശിമയുള്ള ഭൂമികയാണ് ചിത്തിരയുടെ കാവ്യലോകം. ഒരാൾക്ക് സ്വയം അതിൽ നട്ടുമുളപ്പിച്ച് തന്നെത്തന്നെ വിളവെടുക്കാൻ മാത്രം വളക്കൂറുള്ള മണ്ണ്. സ്വന്തമാകയാൽ പിന്നീട് ഇറങ്ങിപ്പോകലുകൾ സാദ്ധ്യമാകാത്ത അമ്മവീടുപോലെ നമ്മളതിൽ അഭയം തിരഞ്ഞുകൊണ്ടേയിരിക്കും. പരാജിതനിലയിൽ എന്നത് നിരാശാജനകമായ ഒരു പദമായല്ല, പാടണമെന്നും പറയണമെന്നും തോന്നുന്നതൊന്നും ചെയ്യാനാകാതെ ആ അനശ്വരഗാനത്തിന്റെ നിരന്തരമായ വലയിൽ വീണുപോകുന്ന ഒരുത്തിയുടെ നിസ്സഹായതകളാണെന്നാണ് എഴുത്തുകാരിയുടെ ഭാഷ്യം.

തന്നോടുതന്നെയെന്നോണം സംസാരിച്ചുകൊണ്ടേയിരിക്കുക എന്ന സംഭാഷണപരതയുടേതായ ഒരന്തരീക്ഷം ഈ പുസ്തകത്തിലെ കവിതകൾ അനുഭവിപ്പിക്കുന്നുണ്ട്. ആത്മപരമാവുക എന്നത് എഴുത്തിന്റെ പോരായ്മയായല്ല, മറിച്ച് അതിലൂടെ ഓരോ വായനക്കാരന്റേയും ആത്മാവിനെ തൊട്ടുപോവുക എന്നും അതുവഴി അവരെത്തന്നെ തിരിച്ച് അനുഭവപ്പെടുത്താനാവുക എന്നുമുള്ള ഒരനുഭവത്തെ പുസ്തകത്തിന്റെ വായനയ്ക്ക് തരാൻ കഴിയുന്നുണ്ട്. കവിതകളുടെ തെരഞ്ഞെടുപ്പിലും ക്രമപ്പെടുത്തലിലും അൽ‌പ്പം കൂടെ നിഷ്കർഷ പുലർത്തിയുരുന്നുവെങ്കിൽ ഒരാത്മഭാഷണത്തിന്റെ തുടർച്ചയായുള്ള ഒഴുക്കു തന്നെ ഈ കൃതിക്ക് പകർന്നുതരാൻ കഴിയുമായിരുന്നു.

‘അടിവയറ്റിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു കാവുണ്ട്
അവിടെയാരും അന്തിത്തിരി കൊളുത്താറില്ല’ (ഉടൽ പൂത്തുമലർന്ന നാൾ)

അടിവയറും കാവും മനുഷ്യന്റെ അഭയസ്ഥാനം കൂടിയാണ്. ഒരുവൾ/വൻ അവരായിത്തന്നെ നിലകൊള്ളുന്നയിടം. ഈയൊരു പാരസ്പര്യം ചിത്തിരകുസുമന്റെ കവിതയിലെമ്പാടും കണ്ടെത്താൻ കഴിയും. മനുഷ്യനും പ്രകൃതിയും വേറിട്ടല്ലാതാകുന്ന പ്രാപഞ്ചികം ചിത്തിരയുടെ കാവ്യപരിസരമാണ്. ‘ഓടപ്പൂക്കൾ മാത്രം കീഴ്ക്കാംതൂക്കായി ( നമുക്കെന്ന്, ഒരു കിടപ്പാടം) വിരിഞ്ഞുകിടക്കുന്ന ഒരു കിടപ്പുമുറിത്തോട്ടത്തിൽ അന്തിയുറങ്ങാൻ ക്ഷണിക്കുന്നു. ‘മുടിച്ചുരുളുകളിൽ നിന്ന് കാലങ്ങളെയിറക്കി വിട്ടേക്ക്/പെറ്റിട്ടപോലെന്റെ വയറ്റിൽ തൊട്ടുകിടക്ക്’ എന്നീ വരികളും ചെന്നെത്തിക്കുന്നത് അടിവയറ്റിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കാവിലേക്കു തന്നെയാണ്. ജലമായിരിക്കുകയെന്നാൽ സുതാര്യമായിരിക്കുക എന്നു മാത്രമല്ല/ അടിയനക്കങ്ങൾ പുറത്തറിയിക്കാതെ കലങ്ങിക്കിടക്കുകയെന്നുകൂടെയാണ് എന്നും കവിത ഓർമ്മിപ്പിക്കുന്നു. (പേജ് 79)

‘നട്ടുച്ചയിൽ കുളപ്പച്ചയിലെന്ന പോലെ തികച്ചും സാധാരണമായ ചില ചിന്തകളിൽ സ്വയം പൊങ്ങിക്കിടക്കുന്ന ഒരാമ, ചാറ്റ് വിൻഡോകളിൽ കിനാവു കാണുന്ന ചിലന്തി, ഡിസ്കഷനുകളിൽ വാൽ മുറിച്ചിടുന്ന പല്ലി, വെബ്കാമിനു മുന്നിൽ പീലി വിടർത്തുന്ന ഒരു മയിൽ എന്നിങ്ങനെ അനേകം വാസങ്ങളുള്ള ഒരാവാസവ്യവസ്ഥയാകുന്ന പുതിയ കാലത്തിന്റെ മനുഷ്യണാണ് ‘ഉടൽ, അത്ര സ്വകാര്യമല്ലാത്ത ഒരിടമെന്ന നിലയിൽ’ എന്ന കവിതയിൽ. മരങ്ങളുടെ, വിത്തുകളുടെ, കിളികളുടെ, പൂവുകളുടെ, കുളങ്ങളുടെ, മീനുകളുടെ , പറഞ്ഞുതീരാത്ത ചരാചരങ്ങളുടെ ആത്മഭാഷണശകലങ്ങൾ ഒരാളിലൂടെ പറഞ്ഞുപോകുന്നതു പോലെ, പറഞ്ഞു കേൾക്കുന്നതു പോലെ, നമ്മൾ വായിച്ചുപോകുന്നു. സ്വകാര്യമെന്നോ മറ്റോ പരിഭാഷപ്പെടുത്താവുന്ന ഒന്നായിട്ടും നമ്മളത് ഉറക്കനെത്തന്നെ കേൾക്കുന്നു. അതുകൊണ്ടുതന്നെ ഇല്ലാതാവുമ്പൊഴും ഒന്നിന്റെയും വിസ്മൃതിയാവുന്നില്ല അവ . ഒരു ഗോത്രം, ഒരു വർഗ്ഗം, പിണഞ്ഞ് ശാഖകളായ മരം, ഒഴുകുന്ന ജലം എന്നിങ്ങനെ അറ്റം കൂർത്ത മരക്കഷണങ്ങളിലും പൊട്ടിയ മൺപാത്രത്തുണ്ടുകളിലും പോലും ശേഷിക്കുന്ന തുടർച്ചകളുള്ള ജീവിതങ്ങളാകുന്നു. ആ തിരിച്ചറിവിന്, ‘ഒരു പേരിൽ എന്തിരുന്നിട്ടാണ്’ എന്നാണ് കവിതയിൽ ശീർഷകം.

വറ്റിപ്പോയൊരു പുഴയേക്കുറിച്ചു പറയുമ്പോഴും ഇത്രമാത്രം കാൽ‌പ്പനികമായെന്തുണ്ട്/ ഊറ്റിയെടുക്കാവുന്ന മണലിനപ്പുറം ഒരു പുഴയിൽ എന്ന ആത്മഗതം , കണ്ടുനിൽക്കെ ആ പുഴ പൊടുന്നനെയങ്ങ് വറ്റിയതായിരുന്നില്ലെന്നും അവിടെത്തന്നെയുണ്ടാവും എന്ന ബോദ്ധ്യത്തിലിരുന്നതിനാൽ മെല്ലെമെല്ലെ അതവിടെ ഇല്ലാതായത് അറിയാഞ്ഞതാണെന്നും ഉള്ള ഒരു ദീർഘനിശ്വാസത്താൽ നമ്മെ പൊള്ളിക്കുക തന്നെ ചെയ്യും. ‘ഞാൻ, ഒറ്റ നക്ഷത്രം’, ‘കോവൽ‌പ്പൂവുകൾ പോലെ വിരിഞ്ഞുകിടക്കുന്ന നക്ഷത്രങ്ങൾ‘ ( രാത്രികൾ നിന്നിലേക്കു ചാരിവച്ച ഗോവണികളാണ്) എന്നിങ്ങനെ പ്രകാശിക്കുന്ന നക്ഷത്രങ്ങൾ ആരോഗ്യമുള്ള രാത്രികളുടെ പ്രതീക്ഷയാണ്. അപ്പോഴും വർഷങ്ങളെ/ നക്ഷത്രങ്ങളെ/ വെയിലിനെ/ നിലാവിനെ – എന്നുവേണ്ട ചുറ്റുമുള്ളതൊന്നുമറിയാതെ , അത്രകണ്ടു തനിയെ , ഇതളുകളമർത്തിപ്പൂട്ടിയ ഒരാമ്പൽ‌പ്പൂവുമുണ്ടാകുന്നു ചിത്തിരയുടെ കവിതയിൽ. ആൾക്കൂട്ടങ്ങളിൽ, തണുപ്പിൽ, രാത്രികാലങ്ങളിൽ, ശലഭായനങ്ങളിൽ ഒക്കെയും അത്രയേറെ ഏകാകിയുമായിപ്പോകുന്ന , സ്വയം അത്രമേൽ ദുർബ്ബലമായിപ്പോകുന്ന മനുഷ്യരുടെ ലോകം.

‘മുലകൾക്കുള്ളിൽ
എണ്ണിയാലൊടുങ്ങാത്ത ചിറകുകളുടെ
വീശൽ‌പ്പാടുകൾ നിറഞ്ഞ
ഒരു ശലഭത്തെരു’വെന്ന ത്രസിപ്പിക്കുന്ന പെൺജീവിതത്തിന്റെ കരുത്ത് (ശലഭങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചിലത്) ഈ കവിതയിൽക്കാണാം. അത്രയേറെ അന്വേഷിച്ചുചെല്ലുന്നവരുടെ ചുണ്ടുകളിലേക്ക് മാത്രം കേൾവിപ്പെടുന്ന രഹസ്യങ്ങളാണ് ആ ശലഭങ്ങൾ.

പുസ്തകത്തിലെ മിക്ക കവിതകളിലും കാടിന്റെ സാന്നിദ്ധ്യമുണ്ട്. ഒരു പ്രപഞ്ചം പോലെ സമ്പൂർണ്ണമായൊരു പുതപ്പിനുള്ളിൽ നമ്മളൊക്കെയും ഒരുപോലെ ആവരണം ചെയ്തുപോവുന്ന സഹശയനത്തിന്റെ, പാ‍രസ്പര്യത്തിന്റെ , ഒരുമയുടെ, അതിലൂടെ തന്റേതുമാത്രമാവുന്ന ആത്മപരതകളുടെ ഊഷ്മളത ഇക്കവിതകളുടെ ഗന്ധമായി കണ്ടെടുക്കാനാവുന്നു. ഒറ്റക്കൊരു പൂവരശ് പൂത്തു നിൽക്കുന്ന ഗന്ധം അനേകമായ വനഗന്ധങ്ങൾക്കിടയിലും വേറിട്ട് തിരിച്ചറിയാനാകുന്നു. ചിത്തിരയുടെ കാവ്യലോകമെന്നത് അവൾ നടക്കുന്ന, തൊടുന്ന, നട്ടുപോരുന്ന പച്ചനാമ്പുകൾ കൂടെ പിണഞ്ഞുപോരുന്നതാണ്. കവിതപൂക്കുന്ന കാടുകളെന്നപോലെ മണ്ണിന്റെ, പെണ്ണിന്റെ, ഒറ്റയായ മനുഷ്യരുടെ ചൂടും ചൂരും ഇക്കവിതകളുടെ പച്ച ഞരമ്പുകളിൽ ഒഴുകുന്നു.

നവമാധ്യമകാലത്തെ കവിതയുടെ സൈബർപ്രതലത്തിൽ ധാരാളമായി എഴുത്തുകാരികൾ കടന്നുവരുന്ന ഒരു കാലത്തിന്റെ അടയാളം തന്നെയാണ് ചിത്തിരയുടെ കവിതാപുസ്തകവും. തന്റേതായ ഒരു ബാഹ്യലോകവും കാവ്യലോകവും ഓരോ എഴുത്തുകാരിക്കും കൈമുതലായുണ്ടായിട്ടുമുണ്ട്. ചിത്തിരകുസുമനെന്ന എഴുത്തുകാരിക്കു മാത്രം അവകാശപ്പെടാവുന്ന ഒരു കാവ്യഭാഷ ചിത്തിരയുടെ കവിതയെ വ്യത്യസ്തമാക്കുന്നു.

ത്രസിച്ചുവീണൊരു നക്ഷത്രത്തെ
എനിക്കു കിട്ടിയിട്ടുണ്ട് ( മരമാണോ നക്ഷത്രമാണോ ആകാശമാണോ ഇനി ഞാൻ തന്നെയാണോ?ആർക്കറിയാം) എന്ന് കവി ഉറക്കനെ വിളിച്ചുപറയുന്നത് സത്യമാണെന്നും അതിനെ തനിക്കും കിട്ടിയിട്ടുണ്ടെന്ന് വായനക്കാരനും പുസ്തകവായനയ്ക്കുശേഷം പറയാതിരിക്കാനാവില്ല.

sindu

Comments
Print Friendly, PDF & Email

സ്വദേശം കണ്ണൂർ , കോളേജ് അദ്ധ്യാപിക . . ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ :
കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി,പാതിരാ സൂര്യൻ,
ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടു പോകുന്നതു പോലെ,
തൊട്ടുനോക്കിയിട്ടില്ലേ പുഴകളെ

You may also like