പൂമുഖം COLUMNS ഇമ്മോറൽ ട്രാഫിക്

പുളിപ്പൊടിയും തേന്മുട്ടായിയും മജാക്കറച്ചാറും വടകരയും എന്ന പംക്തിയില്‍ ഈ ലക്കം വര്‍ത്തമാനകാല സാമൂഹിക പരിസരത്ത് നിന്നുകൊണ്ട് ലേഖകന്‍ ചുറ്റുപാടിനെ നോക്കികാണുന്നു.: ഇമ്മോറൽ ട്രാഫിക്

ണ്ടുപണ്ട് ഞാനും നീയുമുണ്ടാവുന്നതിന് മുമ്പ് കാട്ടുമനുഷ്യനോട് ഗോത്രജീവിതത്തെക്കുറിച്ച് പറഞ്ഞയാൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും? ഗോത്രജീവിയോട് കൂട്ടുകുടുംബത്തെപ്പറ്റി, കൂട്ടുകുടുംബത്തിൽ വെച്ച് അണുകുടുംബത്തെപ്പറ്റി, അറിയില്ല. അണുകുടുംബത്തിൽ വെച്ച് സഹയാത്രികരുടെ സഹശയനത്തെക്കുറിച്ച് സംസാരിക്കുന്നയാൾക്ക് എന്ത് സംഭവിക്കാനിടയുണ്ടോ അതൊക്കെത്തന്നെ അവർക്കും സംഭവിച്ചുകാണും എന്നൂഹിച്ചതല്ലാതെ വായിച്ച ചരിത്രപുസ്തകത്താളുകളിലൊന്നും അത്തരം വിപ്ലവകാരികളുടെ പേരുകൾ രേഖപ്പെടുത്തിക്കണ്ടില്ല. അനീതിക്കെതിരെ ഉയർന്ന കലാപങ്ങളുടെ ചരിത്രപാഠങ്ങളും പുതിയ കാലം പുതിയ നീതിയുണ്ടാക്കിയതിന്റെ ചരിത്രം വിട്ടുകളഞ്ഞു. വഴിനടക്കാനുള്ള അവകാശത്തിന് പൊരുതിയവരുടെ ചരിത്രരേഖകളാകട്ടെ വഴിയുണ്ടാക്കിയവനെക്കുറിച്ച് ഒരക്ഷരം മിണ്ടിയതുമില്ല. എത്ര ശ്രമകരമായി ഒരാളെ ചരിത്രത്തിൽ നിന്ന് പുറന്തള്ളിയാലും അയാളൊരു ക്രാന്തദർശിയായ കലാപകാരിയാണെങ്കിൽ അയാൾ കണ്ട സ്വപ്നത്തിലേക്ക് ലോകം കീഴ്‌മേൽ മറിയപ്പെടുക തന്നെ ചെയ്യുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. ഇങ്ങനെയാവും മുമ്പുള്ള ലോകത്തെ ഞാൻ കണ്ടതുകൊണ്ടോ ആ ലോകത്തിന്റെ ചിത്രം എന്നെ പഠിപ്പിച്ച ചരിത്രപുസ്തകങ്ങൾ മഹത്തായതുകൊണ്ടോ അല്ല അത്. വിപ്ലവം ഒരു തുടർ പ്രക്രിയയാണെന്ന വിശ്വാസം എപ്പോഴും കൂടെക്കൊണ്ടു നടക്കുന്നതിനാലാവണം ഇക്കണ്ടലോകം എക്കാലവും ഇങ്ങനത്തന്നെയുണ്ടാവും എന്ന് വിചാരിച്ചു പോരുന്നവരുടെ മൂഢസ്വർഗത്തിൽ എനിക്ക് ജീവിക്കാൻ കഴിയാത്തത്.

ഞാൻ ചരിത്രം പഠിച്ച ക്ലാസുമുറികൾ പഴക്കം ചെന്ന് ഉപേക്ഷിക്കേണ്ടുന്നതിനെ അജിനാമോട്ടോയിൽ മുക്കി മുളപ്പിച്ചെടുത്ത ഫാസ്റ്റ്ഫുഡ് കടകളായിരുന്നു. അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ ത്യജിച്ചവർ മഹാത്മാക്കളെന്ന് പഠിപ്പിച്ച (ജീവ)ചരിത്ര രേഖകൾ. ബുദ്ധൻ രാജ്യമായതും ഒരുപാടേറെ ദൈവങ്ങൾക്ക് വഴിയും ഊർജ്ജവുമായതും പിന്നെയാണ്. അന്നും ഞാൻ യശോദയെക്കുറിച്ചാലോചിച്ചു. അക്കാലങ്ങളിൽ അവളെന്തു ചെയ്യുകയായിരിക്കും? നിർവാണം പ്രാപിച്ച് ദൈവമായവരുടെ ഭാര്യമാർ എന്തുചെയ്യും? ബലാത്സംഗങ്ങളും കൈയ്യേറ്റങ്ങളും നിരന്തരമായി ആവർത്തിക്കപ്പെടുന്ന സൊസൈറ്റിക്ക് ചുവന്ന തെരുവുകളെ പരിഹാരനിർദ്ദേശമായി അവതരിപ്പിക്കുന്ന പുരുഷഭിഷഗ്വരന്മാരുടെ പ്രവചനത്തോട് (ഉൾക്കാഴ്ചയോടും) എനിക്കുള്ള എതിർപ്പും ഐക്യവും ചർച്ച ചെയ്യുന്നതിനു  മുമ്പ് എന്തുകൊണ്ട് പെണ്ണിന് പുരുഷ ലൈംഗികത്തൊഴിലാളികളെത്തേടാൻ ഒരിടം നിർദ്ദേശിക്കപ്പെടുന്നില്ല എന്ന ന്യായമായ ചോദ്യം മേൽവിധി നടത്തിയ ഭിഷഗ്വരനോട് എളിമയോടെ ചോദിക്കാതെ വയ്യ.

സർ,
കുട്ടികളെ ഉൽപാദിക്കുന്ന തൊഴിൽകേന്ദ്രങ്ങൾ മാത്രമായി കുടുംബങ്ങൾ മാറുകയും, ആണുങ്ങൾ റോസാദലങ്ങൾ പറ്റിപ്പിടിച്ച ചെമപ്പിടങ്ങളിലൂടെ പറന്നു നടക്കുകയും ചെയ്യുമ്പോൾ പെണ്ണിനും വേണ്ടതുണ്ടാവില്ലേ സർ, ഇന്നോളം പറയാതെ വച്ച രഹസ്യ കാമനകളെ പരീക്ഷിച്ച് ജയിക്കാൻ ഒരുടൽ. നിങ്ങളുടെ നെറ്റി ചൂളുന്നതും കണ്ണുകളിൽ ദേഷ്യമിരച്ചു കയറുന്നതും എനിക്കു കാണാൻ കഴിയുന്നുണ്ട്. ഫെമിനിസമാവാം പക്ഷെ ആനന്ദത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ആക്രോശത്തിന്റെ അശരീരി (ശരീരം മാത്രമുള്ള ശബ്ദങ്ങൾ) എനിക്ക് കേൾക്കാനും കഴിയുന്നുണ്ട്. അല്ലെങ്കിലും ഒരു പെണ്ണ് അവളുടെ ആഗ്രഹങ്ങളെപ്പറ്റി എന്തെങ്കിലും പറഞ്ഞുപോയാൽ ഇവിടെയെന്തൊരു പുകിലാണ്. നീ നഗ്നപാദയായി അകത്തുവരൂ, കിടത്തട്ടെ നിന്നെ കിടത്തട്ടെ, നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക്കല്ലേ, നിന്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ, നേദിച്ചുകൊണ്ടുവരും ഇളനീർക്കുടമിന്നുടയ്ക്കും ഞാൻ എന്നൊക്കെയാണുങ്ങൾ സെല്ലുലോയ്ഡിലാടിത്തിമിർക്കുന്നത് കണ്ടാനന്ദനിർവൃതി കൊണ്ട മനുഷ്യന് ഡാഡി മമ്മി വീട്ടിലില്ല വിളയാടാൻ വാ എന്നൊരു പെണ്ണ് പരസ്യമായി വിളിച്ചപ്പോൾ തൊലിയുരിഞ്ഞ് മാനം പോയെന്ന് മാത്രമല്ല, അതിന്റെ പൊള്ളലും നീറ്റലും എന്നേക്കുമായി അവരുടെ ഉറക്കം കെടുത്തുകയും ചെയ്തു.

പെണ്ണിന് ലൈംഗികാർഷണമുണ്ടാക്കുന്ന കാഴ്ചകൾക്ക് നമ്മുടെ സിനിമകൾ അപ്രഖ്യാപിത സെൻസർഷിപ്പേർപ്പെടുത്തിയിട്ടെത്ര കാലമായി. ആണിന്റെ നയനഭോഗത്വത്തിന് മാത്രം വിഭവങ്ങളൊരുക്കുന്ന സെസർച്ച് എഞ്ചിനുകളാണ് ആധുനികന്റെ ഇന്റർനെറ്റ് റൂമുകളെപ്പോലും ഭരിക്കുന്നത്. ഇത്തരം ഇന്റർനെറ്റിടങ്ങളെ ആശ്രയിക്കുന്ന കൗമാര ലൈംഗികതയാകട്ടെ വരാനിരിക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദീർഘമായ കാത്തിരിപ്പിലുമാണ്. ദാമ്പത്യത്തിലെ ലൈംഗികപ്രശ്‌നങ്ങൾ മാത്രം ചർച്ച ചെയ്യുന്ന മാസികക്കോളങ്ങളിൽ ഇവർക്കഡ്മിഷൻ കിട്ടുകയുമില്ല. കുതിരശക്തിക്കോയിൽ വിൽക്കുന്ന ലാടവൈദ്യന്മാരമാണ് നാട്ടിടങ്ങളിലെ സെക്‌സോളജിസ്റ്റുകൾ. കുതിരയോട്ടത്തിന് വേഗം കൂട്ടാനുള്ള ഇക്കിളി ഞെരക്കങ്ങൾ മാത്രം ഉത്പാദിപ്പിക്കാനുള്ള പെൺശരീരങ്ങൾക്ക് ലൈംഗിക പ്രക്രിയയിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന സാമൂഹ്യനിയമം തത്വത്തിൽ സ്ഥാപിക്കപ്പെട്ടതിനാൽ സംശയക്കോളങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പെണ്ണുങ്ങൾ ആർത്തവത്തിലെ പ്രശ്‌നങ്ങൾ, മുഖക്കുരു തുടങ്ങിയവയെക്കുറിച്ച് മാത്രം സംസാരിച്ച് സംതൃപ്തിയടയുന്നു.

നമുക്ക് വീണ്ടും കൗമാരക്കാരിലേക്ക് തിരിച്ച് വരാം. പതിനെട്ടാം വയസ്സിൽ പെട്ടെന്ന് പൊട്ടിമുളയ്ക്കുന്ന ഒന്നാണ് രതി എന്നാണ് ശിക്ഷാകർത്താക്കൾ അവരെ പഠിപ്പിക്കുന്നത്. ആൺ-പെൺ ലിംഗാവയവങ്ങളുടെ രേഖാചിത്രം വരയ്ക്കലാണ് സെക്‌സ് എജുക്കേഷനെന്ന് വിശ്വസിക്കുന്നവരോട്, പ്രത്യുൽപാദന ക്ലാസുകളാണ് ലൈംഗികവിദ്യാഭ്യാസ കരിക്കുലത്തിൽ ഉൾപ്പെടുത്തേണ്ടതെന്ന് പഠിച്ച് വച്ചിരിക്കുന്നവരോട് എന്ത് സംവദിക്കാനാണ്? ആനന്ദാനുഭവം, പ്രത്യുൽപാദനം, ആരോഗ്യം എന്നിങ്ങനെ സെക്‌സും അതിന്റെ സാധ്യതകളും കുട്ടികളെ ഇഴകീറി പഠിപ്പിക്കാതെ ഒന്നും അറിഞ്ഞുകൂടാത്ത പ്രായത്തിന്റെ പരീക്ഷണങ്ങളെക്കുറിച്ച് ആകുലപ്പെടുന്നവർ ഒന്നും അറിയാൻ പാടില്ലാത്തവരായി അവരെത്തീർത്തത് തങ്ങളാണെന്ന് എന്നെങ്കിലും സമ്മതിച്ചു തരുമോ?

യൂറോപ്പിനെ വിട്ട വിക്‌ടോറിയൻ മൊറാലിറ്റിയുടെ ഭൂതം നമ്മുടെ സ്‌കൂളുകളിലേക്കാണ് പരകായപ്രവേശം നടത്തിയത്. അച്ചൻമാർക്കും കന്യാസ്ത്രീകൾക്കും ഒറ്റമഠത്തിൽ താമസിക്കാൻ പേടിയുള്ള ക്രിസ്ത്യൻ മര്യാദകളുടെ കോൺവെന്റുകൾ വിദ്യാഭ്യാസ മേഖലയിലിടപെട്ടതോടെ ആൺകുട്ടികളും പെൺകുട്ടികളും എക്കാലത്തേക്കുമായി വിഭജിക്കപ്പെട്ടു. അതു കണ്ട്പഠിച്ച സർക്കാർ പള്ളിക്കൂടങ്ങൾ ഗേൾസ് സ്‌കൂളുകളെക്കുറിച്ചും വിമൻസ് കോളേജുകളെക്കുറിച്ചും എന്തിനെന്നുപോലുമറിയാതെ ചർച്ച ചെയ്തു. മാനസിക വളർച്ചയെത്താതെ സ്വന്തം നഗ്നതപോലും തിരിച്ചറിയാതെ പറുദീസയിൽ പാർത്ത ആദിമനുഷ്യർ മഹാത്മാക്കളാണെന്ന് പലരും വിശ്വസിച്ചപോലെ കോൺവെന്റിടങ്ങളിലെ കുട്ടികൾ വിശ്വസിച്ചു തുടങ്ങി. തിരിച്ചറിവിന്റെ കനി വിലക്കുന്നയാളെ ദൈവം ദൈവം എന്ന് അവർ പേടിയോടെ വിളിക്കാൻ തുടങ്ങി. പറുദീസയിൽ നിന്ന് പുറത്തായവരുടെ ജീവചരിത്രം പഠിച്ച കുഞ്ഞുങ്ങൾ ലൈംഗികത പാപമാണെന്നും ശരീരം പാപമാണെന്നും വിശ്വസിക്കാൻ തുടങ്ങി. തങ്ങളുടെ ആദിമാതാവ് പാപിയായിരുന്നു എന്ന് പറഞ്ഞുപഠിപ്പിച്ച സഭാപ്രസംഗികളോട് പറുദീസയുടെ പതുപതുപ്പിൽ പാറിനടന്ന പ്രായമെത്തിയിട്ടും ബോധമെത്താത്ത മനുഷ്യരെ (കുഞ്ഞുങ്ങളെ) ഇണകളെന്ന് അഭിസംബോധന ചെയ്തതിന്റെയും അവർ പെറ്റുപെരുകി ലോകം മുഴുവൻ വ്യാപിക്കുമെന്ന് പ്രവചിച്ചതിന്റെയും അർത്ഥം എത്രയാലോചിച്ചിട്ടും സാമാന്യബുദ്ധിക്ക് പിടികിട്ടുന്നേയില്ലെന്ന പരാതി ന്യായമായും ഉന്നയിക്കേണ്ടതല്ലേ? അങ്ങയുടെ വാരിയെല്ലിൽ നിന്നുണ്ടായ പെണ്ണ് ഇപ്പോൾ എന്തുചെയ്യുകയായിരിക്കുമെന്നും ആരോടൊട്ടിപ്പിടിച്ചാണ് അവളൊറ്റശരീരമായി തീരുകയെന്നും പുരോഹിതർ എന്ന ബാച്ചിലർപ്പാർട്ടീസിനോട് ചോദിക്കേണ്ടി വരുന്നത് അവരുടെ പാപസങ്കീർത്തനങ്ങൾ കേട്ടുവളർന്ന കുഞ്ഞുങ്ങൾ കുട്ടിക്കാലങ്ങളിലെ ലൈംഗിക വിലക്കുകളെ പിന്നീട് കൈയ്യേറ്റം കൊണ്ടും ബലാൽക്കാരം കൊണ്ടും മറികടക്കുന്നത് നിസ്സഹായമായി നോക്കിനിൽക്കേണ്ടി വന്നതുകൊണ്ടാണ്. വിശക്കുന്നവൻ ഹോട്ടൽ കൊള്ളയിടിക്കുന്നത് തെറ്റല്ലെന്നും ജീൻവാൽജീൻ കള്ളനല്ലെന്നും സ്ഥാപിക്കുകയല്ല, ദാരിദ്ര്യം ഒരവസ്ഥയാണെന്നും ആ അവസ്ഥയിൽ അക്രമം ഉണ്ടാകുമെന്നും അതിനെ അടിച്ചമർത്തിയതുകൊണ്ട് ദാരിദ്ര്യം ഇല്ലാതാവില്ലെന്നും ഭക്ഷണം ഒരു പോംവഴിയാണെന്നും അത് അവരവർ വേണ്ടകാലങ്ങളിൽ കഴിച്ചു വളർന്നാൽ ആരോഗ്യമുള്ള തലമുറയുണ്ടാകുമെന്നും എളിമയോടെ പറഞ്ഞുവച്ചു എന്നേയുള്ളൂ. ജനിക്കുമ്പോൾ കൂടെയുണ്ടാവുന്നതാണ് പ്രാഥമിക വികാരമെങ്കിൽ തികച്ചും സെക്കണ്ടറിയായ മാതാവ്, പിതാവ്, സ്‌നേഹം, കുടുംബം എന്നൊക്കെയുള്ള വൈകാരിതയ്ക്ക് പ്രാധാന്യം കൊടുത്തു പോരികയും പ്രാഥമിക വികാരമായ രതിയെ ആസ്വദിക്കുന്നത് പോയിട്ട് അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതുപോലും പാപമെന്ന് പ്രചരിപ്പിക്കുകയുമാണ് നമ്മളിന്നോളം ചെയ്തുപോന്നത്.

ഭരിക്കും എന്നാശയം വരുന്ന ഹീബ്രുവാക്കിന് നയിക്കും എന്നാണർത്ഥമെന്നും ആണു പെണ്ണിനെ ഭരിക്കും എന്നല്ല, നയിക്കും എന്നാണ് ബൈബിൾ പറയുന്നതെന്നും വേദപുസ്തകം സ്ത്രീവിരുദ്ധമല്ലെന്നും പിൽക്കാലത്ത് വാദിച്ച പിതാക്കന്മാർ ആണധികാരത്തിന്റെ അഖണ്ഡതയെ അവരവരുടെ കാലങ്ങളിൽ ആവർത്തിക്കുകയായിരുന്നു. എന്തുകൊണ്ട് ആണ് എന്ന ചോദ്യം പാപികളായ പിൻഗാമികൾ ചോദിക്കില്ലെന്ന് അവർക്കറിയാം. നിങ്ങളീ പറയുന്ന സ്ത്രീവിരുദ്ധതയൊക്കെ പഴയ നിയമത്തിലാണെന്ന് പറഞ്ഞൊരു പുരോഹിത സുഹൃത്തിനോട് നിങ്ങളെന്നുമുതലാണ് പഴയ നിമയത്തെ ഉപേക്ഷിച്ചതെന്ന് ഞാനൊരിക്കൽ ചോദിക്കുകയുണ്ടായി. അയാൾ മറുപടിയൊന്നും പറഞ്ഞില്ല. പഴയതും പുതിയതുമായി എന്തെല്ലാം നിയമങ്ങളാണ് സമൂഹം നിർമ്മിച്ച് വെച്ചിരിക്കുന്നത്.

അപരന് ലൈംഗികോദ്ധാരണമുണ്ടാകുമോ എന്ന് പേടിച്ച് കറുപ്പിൽ പൊതിഞ്ഞ് ആണുങ്ങൾ പുറംലോകത്തെഴുന്നള്ളിക്കുന്ന അവരുടെ സ്വകാര്യസ്വത്താണ് മുസ്ലീം പെണ്ണുടലുകൾ. കറുപ്പും വെളുപ്പും പരസ്പരവിരുദ്ധമായ ദ്വന്ദ്വങ്ങളാണെന്നും അപ്പോൾ കറുപ്പിന്റെ രാഷ്ട്രീയം നമുക്കൊന്ന് ചർച്ച ചെയ്യാമെന്നും മുസ്ലീം പെൺകുട്ടികൾ സമൂഹത്തോട് ധീരമായി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. മുസ്ലീം സ്ത്രീയുടെ സ്വത്വനിർമ്മിതി ചുറ്റുപാടിനോട് കണ്ണുപൊത്തിക്കളിച്ച് നേടാമെന്ന വ്യാമോഹത്തെ ഉൽപാദിപ്പിക്കുന്നവരോട് എനിക്ക് സോളിഡാരിറ്റിയില്ല.

പ്രണയാഭ്യർത്ഥന നടത്തിയ പെണ്ണിന്റെ മുലമുറിച്ച് വിട്ട ദൈവത്തിന്റെ കഥ എന്റെ തറവാട്ടുകാർ സന്ധ്യകേറിയ ഉമ്മറത്തിരുന്നു പാടുന്ന മഴക്കാലങ്ങൾ എനിക്കിപ്പോഴും ഓർമ്മയുണ്ട്. അയാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നിടത്താണ് അന്നാക്കഥ അവസാനിച്ചത്. രാമൻ ഒരു ഫ്യൂഡൽ മാടമ്പിയായിരുന്നുവെന്ന്  അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നുണ്ട്. ഒറ്റരാജ്യത്തിന് വാദിച്ച ഹിന്ദുക്കൾക്ക് രാമരാജ്യം എപ്പോഴും അജണ്ടയായിരുന്നു. ഹിന്ദുമതത്തെ അറിഞ്ഞുകൂടാത്ത ഒരു പെൺകുട്ടി കുട്ടിക്കാലത്ത് കൃഷ്ണൻ പാരസ്പര്യത്തിന്റെ പുഴയായിരുന്നുവെന്ന് പ്രണയലേഖനത്തിൽ എഴുതിയത് എനിക്കോർമ്മയുണ്ട്. രാമരാജ്യത്തെക്കുറിച്ച് സംസാരിച്ച ആദിയിലെ വർഗ്ഗീയവൽക്കരിക്കപ്പെട്ട ഹൈന്ദവസുഹൃത്തുക്കൾ കൃഷ്ണരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഇന്നോളം കേൾക്കാൻ കഴിഞ്ഞിട്ടില്ല. കൃത്രിമ മൊറാലിറ്റികളാൽ ഭൂതാവേശിതനായ രാമന്റെ ഉടൽ കൃഷ്ണൻ എന്ന പാരസ്പര്യത്തിന്റെ പുഴയെ കൊല്ലുന്നത് അവതാരനിർമ്മിതിയുടെ ആരോഹണക്രമം തെറ്റിച്ചാണ്. മതങ്ങളുടെ രാഷ്ട്ര സങ്കൽപത്തിൽ ഒരു ഹിഡൻ സ്ത്രീവിരുദ്ധ അജണ്ടയുണ്ടായിരുന്നു. ഇക്കണ്ട മതങ്ങളുള്ള കാലം വരെ സ്ത്രീകളുടെ സ്വത്വനിർമ്മിതി സാദ്ധ്യമാവുമെന്ന് നമ്മൾക്ക് കരുതാനാകുമോ? മതം, കുടുംബം അങ്ങനെ എന്തെല്ലാം അധികാരകേന്ദ്രങ്ങളെ തകർത്താലാണ് സ്വകാര്യ സ്വത്തിനെ ഇല്ലാതാക്കാനാവുക.

ലൈംഗികതയ്ക്ക് കൃത്രിമ വിലക്കുകളില്ലാതിരുന്ന കാലത്ത് വേശ്യാവൃത്തി ഉണ്ടായിരുന്നേക്കാനിടയില്ല. നിലനിൽക്കുന്ന വ്യവസ്ഥയിലാകട്ടെ താമസസ്ഥലങ്ങളില്ലാതെ, വീട്ടിൽ പ്രവേശനം നിഷേധിക്കപ്പെട്ട്, ലോഡ്ജുകളിൽപ്പോലും റൂം ലഭിക്കാതെ, സദാചാരഗുണ്ടകളാൽ വേട്ടയാടപ്പെട്ട്, നിയമസംവിധാനത്തിന്റെ നോട്ടപ്പുള്ളകളായി തെരുവിൽ ഒറ്റപ്പെട്ട ദരിദ്രരാണ് ലൈംഗികത്തൊഴിലാളികൾ. വിദേശ ടൂറിസ്റ്റുകൾ അന്തിയുറങ്ങുന്ന നക്ഷത്ര ഹോട്ടലുകളിൽ ലൈംഗികത്തൊഴിൽ ചെയ്യുന്ന താരതമ്യേന സുരക്ഷിതരായ സ്ത്രീകളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ലോകം ലൈംഗിക തൊഴിലാളികള്‍ അനുഭവിക്കുന്ന തൊഴില്‍ ചൂഷണം കാണാതെ പോകരുത്.

സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാവുകയും പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ ആറ് മണിക്ക് ഗേറ്റടക്കും എന്ന് നിയമാവലിയിൽ എഴുതിച്ചേർക്കുകയും ചെയ്യുന്ന പെൺവിപ്ലവകാരികളെയും ഞാൻ കണ്ടിട്ടുണ്ട്. സന്ധ്യയ്ക്കടക്കപ്പെടുന്ന ലേഡീസ് ഹോസ്റ്റലിന്റെ ഗേറ്റുകൾ രാത്രി പുറത്തിറങ്ങുന്ന പെൺകുട്ടി അക്രമിക്കപ്പെടേണ്ടവളാണെന്ന സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നത്. സ്വന്തം ലൈംഗിക താല്പര്യങ്ങൾ തുറന്ന് പറയാനുള്ള അവസരവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സമൂഹത്തിലാണ് അരാജകത്വം ഉൽപാദിക്കപ്പെടുന്നത്. എല്ലാ പ്രശ്‌നങ്ങളുടേയും കാരണം ആഗോളവൽക്കരണമാണെന്ന് പറഞ്ഞ് എത്രകാലം നമുക്ക് രക്ഷപ്പെടാൻ കഴിയും.

ലൈംഗികതയെക്കുറിച്ച് പറയാനിരുന്ന് ലൈംഗികത്തൊഴിലാളികളെക്കുറിച്ച് മാത്രം സംസാരിക്കുന്ന, ലൈംഗികതയെക്കുറിച്ച് പറയാനിരുന്ന് പീഢനങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ആൾക്കൂട്ടത്തിൽ നിന്ന് പുറത്തുകടന്ന് ഉണ്ടാക്കിവെച്ച സദാചാര നിമയങ്ങളെ വിചാരണ ചെയ്യേണ്ടിയിരിക്കുന്നു. ഇരകളെ നോക്കി പരിതപിക്കലല്ല ഇരകളോടൈക്യപ്പെടുന്നതിന്റെ രാഷ്ട്രീയം. ഇരകളെ ഉണ്ടാക്കുന്ന ലോകത്തോട് കലഹിക്കുകയും ആ ലോകത്തിന്റെ ശീലങ്ങളെ തകർക്കാൻ പൊരുതുകയും ചെയ്യലാണത്. സ്വവർഗപ്രേമികൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ, വിവാഹമോചിതർ, വിധവകൾ, അസംതൃപ്തരുടെ ആൾക്കൂട്ടമാണ് ചുറ്റും. കണ്ണെത്താത്ത ദൂരത്തോളം ആണുങ്ങൾ, പെണ്ണുങ്ങൾ, ഒരൊറ്റ ജീവിതംകൊണ്ട് ആണും പെണ്ണുമായിരിക്കാൻ ഭാഗ്യം കിട്ടിയവർ, അങ്ങിനെയെത്രയെത്ര പേർ. നമ്മളോ, സർഗാത്മകമായി സമൂഹത്തോട് സംവദിക്കാൻപോലുമാകാതെ കുടുംബനിർമ്മിതിയിൽ മുഴുകി ഗൃഹനാഥനും-നാഥയും കളിക്കുന്ന ശൈശവത്തിലാണ്. അനുദിനം ഭാരമേറിവരുന്ന ബലൂണിൽ തൂങ്ങി സൂര്യനോളം പൊങ്ങാനാവില്ല. താമസിയാതെ അതു പൊട്ടും. കൂട്ടംതെറ്റാതെ മേയാന്‍ പഠിപ്പിക്കുന്ന ആട്ടിടയൻമാരുടെ കാലം അതിനകത്താണ്. ആകാശ ബലൂണാണ് ഉന്നം, അവസരം വരും കൈവിടരുത്. ഞാനും നീയുമില്ലെങ്കിലും ജീവനുണ്ടാകും. അവർക്കും കാമനകളുണ്ടാകും. നടന്നു പോകുന്ന വഴികളിൽ പതിയിരുന്നാക്രമിക്കാൻ മനുഷ്യരെത്തിന്നുന്ന മനുഷ്യർ ഉണ്ടാവാതിരിക്കട്ടെ.


Comments
Print Friendly, PDF & Email

എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. കോഴിക്കോട്, വടകര സ്വദേശി.

You may also like