പൂമുഖം COLUMNS സര്‍, ഞങ്ങള്‍ കള്ളപ്പണക്കാരല്ല, സര്‍ !

സര്‍, ഞങ്ങള്‍ കള്ളപ്പണക്കാരല്ല, സര്‍ !

 

 

ഴുപത്തിയെട്ടിലെ ജനതാ സർക്കാർ ആയിരം രൂപാ നോട്ടു മാർക്കറ്റിൽ നിന്ന് പിന്‍വലിക്കുമ്പോൾ ഒരു ഇന്ത്യൻ സൈനികന്‍റെ കുറഞ്ഞ ശമ്പളം അമ്പതു രൂപാ ആയിരുന്നു. അതായത് ആ ആയിരം രൂപാ നോട്ട് പിൻവലിക്കൽ ഒരിക്കലും അവനെ ബാധിച്ചിരുന്നില്ല. കാരണം അവൻ അത് ഒരിക്കലും കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല. അന്നത്തെ അതേ സൈനികനു ഇന്ന് ലഭിക്കുന്ന പെൻഷൻ മാസം മുപ്പതിനായിരം രൂപയാണ്. അതായത് അയാളുടെ ഒരു ദിവസത്തെ ചെലവിന് ആവശ്യമായി വരുന്നത് നിരോധിക്കപ്പെട്ട രണ്ടു അഞ്ഞൂറ് രൂപാ നോട്ടുകൾ വരെയാകാം.

ഇതാണ് ആയിരത്തി തൊള്ളായിരത്തി എഴുപത്തിയെട്ടും അല്ലെങ്കിൽ രണ്ടാം ലോക മഹാ യുദ്ധവുമായി ബന്ധപ്പെട്ടു ചില രാജ്യങ്ങളിലെങ്കിലും നടന്ന കറൻസി പിൻവലിക്കലും ഇപ്പോഴത്തെ ഇന്ത്യാ ഗവണ്മെന്‍റിന്‍റെ അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകളുടെ പിൻവലിക്കലും തമ്മിലുള്ള പ്രധാന വ്യത്യാസം. ചരിത്രത്തിലെ ഉദാഹരണങ്ങൾ ആ രാജ്യത്തെ സാധാരണ മനുഷ്യന്‍റെ ജീവിതത്തിനു മേലുള്ള കുതിര കയറ്റമായിരുന്നില്ല, കാരണം രാജ്യത്തെ കള്ളപ്പണത്തിനു കാരണം സാധാരണക്കാരൻ അല്ലെന്നു അന്നത്തെ ഭരണാധികാരികൾക്ക് തിരിച്ചറിയാമായിരുന്നു.

രാജ്യത്തിന്‍റെ അതിരു കാക്കുന്ന ധീര സൈനികനെ ഉപേക്ഷിച്ചു നമുക്ക് മറ്റൊരു ഉദാഹരണത്തിലേക്കു പോകാം . നഗരത്തിലെ ജില്ലാ ആശുപത്രിക്കു സമീപത്തിലേയ്ക്ക്, ചില രോഗികളുടെയും അവരോടൊപ്പം വന്നവരുടെയും അടുത്തേയ്ക്ക്. ജില്ലാ അതിർത്തികളിൽ നിന്നും മറ്റും വളരെയധികം ദൂരം യാത്ര ചെയ്തു വന്നവരാണവർ. ആശുപത്രിയിൽ അഞ്ഞൂറിന്‍റേയും ആയിരത്തിന്‍റേയും നോട്ടു വാങ്ങുന്നുണ്ട്. സന്തോഷം. ഉച്ച നേരമായി എന്തെങ്കിലും ഭക്ഷണം കഴിക്കണം. അതാ ഹോട്ടൽ ഉടമസ്ഥൻ പറയുകയാണ് ” അഞ്ഞൂറ് രൂപാക്കാർ ഭക്ഷണം കഴിച്ചോളൂ, ചില്ലറ ബാക്കി ഇപ്പോൾ തരാൻ നിർവാഹമില്ല. ബുക്കിലെഴുതി വെയ്ക്കാം. നിങ്ങൾ തരുന്ന നോട്ടു ബാങ്ക് സ്വീകരിക്കുകയാണെങ്കിൽ പിന്നീട് വന്നു വാങ്ങിക്കോളൂ”. അപ്പോൾ പിന്നെ തിരികെ ഗ്രാമത്തിലേക്കുള്ള യാത്രയോ? ഉച്ച ഭക്ഷണം വേണ്ടെന്നു തീരുമാനിച്ചവർ നിരവധി. അല്ലെങ്കിലും ഇന്ത്യയിലെ ഒരു സാധാരണക്കാരന്‍റെ അതും ഒരു രോഗിയുടെ ഉച്ചഭക്ഷണം മുടങ്ങുന്നത് ഒരു സിനിമാ നടി എയർപോർട്ടിലെ ചായയുടെയും സമൂസയുടെയും വില കണ്ടിട്ട് അത് വേണ്ടെന്നു വെക്കുന്നത് പോലെ ഒരു വാർത്തയല്ലല്ലോ

അഞ്ഞൂറിന്‍റേയും ആയിരത്തിന്‍റേയും നോട്ടുകൾ പിന്‍വലിച്ചത് കൊണ്ട് രാജ്യത്തിനുണ്ടാകാവുന്ന ഗുണങ്ങളിലേക്കു കടക്കാൻ വരട്ടെ. അതിനും മുൻപ് പരിശോധിക്കേണ്ടിയിരിക്കുന്നത് ഇത് ഇതിലും മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാൻ കഴിയുമായിരുന്നോ എന്നതാണ്. അതെ എന്നാണ് ഉത്തരം. പുതിയ നോട്ടുകൾ മാർക്കറ്റിൽ ഇറങ്ങിത്തുടങ്ങിയതിനു ( ഇപ്പോഴുള്ള നിയന്ത്രണങ്ങളോടെ തന്നെ) ശേഷം ആക്കാമായിരുന്നു ഈ അർദ്ധരാത്രി പ്രഖ്യാപനം. നൂറു രൂപാ നോട്ടിന്‍റെ ലഭ്യത മാർക്കറ്റിൽ വർദ്ധിപ്പിച്ചതിനു ശേഷമാകാമായിരുന്നു ഈ പ്രഖ്യാപനം. എ ടി എമ്മുകളിൽ നിന്ന് അഞ്ഞൂറിനും ആയിരത്തിനും പകരം നൂറു രൂപാ ലഭ്യമാകുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ക്കു ശേഷം ആകാമായിരുന്നു ഈ പ്രഖ്യാപനം. എന്തിന്, ഒരു ബാങ്ക് അവധി പോലുമില്ലാതെ ഞായറാഴ്ചയെ ഉപയോഗപ്പെടുത്തി ആകാമായിരുന്നില്ലേ ഈ പ്രഖ്യാപനം. ഒരു അവധിദിനമായതിനാൽ അത് മുഴുവൻ സാധാരണക്കാർക്കും പ്രയോജനപ്പെട്ടേനെ

അവസാനമായി പരിശോധിക്കേണ്ടത് ഇന്ത്യയിലെ കള്ളപ്പണം നൂറ്റി ഇരുപതു കോടി വരുന്ന സാധാരണക്കാരന്‍റെ കിടപ്പറയിലാണോ ഒളിച്ചു വെച്ചിരിക്കുന്നത് എന്നാണ്? അല്ലെങ്കിൽ ഇത്തരം ഒരു നടപടി കൊണ്ട് കള്ളപ്പണത്തെ പൂർണ്ണമായും ഇല്ലാതാക്കാമോ എന്നാണ് ?

സർ, ഇന്ത്യയിലെ കള്ളപ്പണത്തിന്‍റെ മൂലകാരണം ശക്തമല്ലാത്ത നികുതി നിയമങ്ങളും നികുതി പിരിക്കൽ മാർഗ്ഗങ്ങളുമല്ലേ സർ ?

നിയമങ്ങൾ സമൂലമായി പരിഷ്‍കരിക്കാത്തിടത്തോളം കാലം പുതിയ നോട്ടിന്‍റെ ആദ്യ ഹുങ്കാരവങ്ങൾക്കു ശേഷം ശങ്കരൻ വീണ്ടും രണ്ടായിരത്തിന്‍റെ തളപ്പുമിട്ട് തെങ്ങിൽ കയറില്ലേ സർ

സർ ഇന്ത്യയിലെ കള്ളപ്പണത്തിന്‍റെ തൊണ്ണൂറു ശതമാനവും വൻകിട കോർപ്പറേറ്റുകളുടെ കൈയിലും രാഷ്ട്രീയ തിമിംഗലങ്ങളുടെ കൈവശവും അല്ലേ, സർ

ഈ കോർപ്പറേറ്റുകളെല്ലാം ആയിര കണക്കിന് കോടികൾ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്ന് കടമെടുത്തിട്ടുള്ളവരല്ലേ സർ ? രാജ്യത്തിന്‍റെ തന്നെ പണം ഉപയോഗിച്ചല്ലേ സർ അവർ ബിസിനസ് ചെയ്യുന്നത്? ഈ കള്ളപ്പണമെല്ലാം ആ കണക്കിൽ ഉൾക്കൊള്ളിച്ചു വെള്ളപ്പണമാക്കാൻ വളരെ എളുപ്പമല്ലേ സർ

സർ രാജ്യത്തെ കള്ളപ്പണത്തിന്‍റെ വരവ് ഏറ്റവും കൂടുതൽ മൗറീഷ്യസ് വഴിയല്ലേ സർ? താങ്കൾ കുറെ മാസങ്ങൾക്കു മുൻപ് മൗറീഷ്യസുമായി ഉണ്ടാക്കിയ ഡബിൾ ടാക്സ് അവോയ്ഡൻസ് എഗ്രിമെന്‍റ് പരിഷ്‌കാരം ആകെ കൂട്ടി ചേർത്തത് മൗറീഷ്യസിൽ 27 ലക്ഷം രൂപ പ്രതിവർഷം ചെലവഴിക്കുന്ന കമ്പനികൾക്ക് മാത്രമേ ഈ സൗകര്യം തുടർന്നും ഉപയോഗിക്കാൻ കഴിയൂ എന്ന് മാത്രമല്ലേ സർ. ഭീമൻ കോർപ്പൊറേറ്റുകൾക്കു അതൊക്കെ ഒരു തുകയാണോ സർ

സർ നമ്മുടെ രാഷ്ട്രീയ സംഘടനകൾ നടത്തുന്ന ഫണ്ട് പിരിവിന്‍റെ 90 ശതമാനവും കാശായിത്തന്നെയല്ലേ സർ പിരിക്കുന്നത്.അതല്ലേ സർ കള്ളപ്പണത്തിന്‍റെ മറ്റൊരു സ്രോതസ്സ് രാഷ്ട്രീയ കക്ഷികളുടെ ഫണ്ട് പിരിവ് ബാങ്ക് വഴി മാത്രമാക്കാൻ നിയമം കൊണ്ട് വരാൻ സാധിക്കുമോ സർ

അവസാനമായി സർ താങ്കളുടെ പാർട്ടി നേതാക്കൾ ഇക്കഴിഞ്ഞ കേരളാ അസംബ്ലിയിലേക്കു മത്സരിച്ചതിന്‍റെ വരവ് ചെലവ് കണക്കുകൾ ഇനിയും പാർട്ടി കമ്മിറ്റിയിൽ പോലും അവതരിപ്പിച്ചിട്ടില്ലെന്നാണ് അറിവ്.

ഇതൊക്കെ അവസാനിപ്പിക്കാൻ ഒരു നിയമം കൊണ്ടുവരാൻ കഴിയുമോ സർ

ഇല്ലല്ലേ. എങ്കിൽ പിന്നെ എന്തിനാണ് സർ രാജ്യത്തെ പാവം സൈനികന്‍റേയും രോഗിയുടേയും നെഞ്ചത്തേയ്ക്കു കുതിര കയറുന്നത്

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like