പൂമുഖം LITERATURE സഫലം -ഈ പുസ്തകവും

'ആര്‍ദ്രമീ ധനുമാസരാവില്‍'- മലയാളത്തിന്റെ പ്രിയപ്പെട്ട കവി എന്‍.എന്‍. കക്കാടിനെക്കുറിച്ച് പത്‌നി ശ്രീദേവി കക്കാടിന്റെ സ്മരണകളുടെ പുസ്തകത്തെ പറ്റി. ഇന്ന് കക്കാടിന്റെ ജന്മദിനം: സഫലം -ഈ പുസ്തകവും

 വിതക്കമ്പക്കാരല്ലാത്തവര്‍ക്കും ആസ്വദിക്കാവുന്ന കവിതകള്‍ എഴുതുന്ന കവിയായിരുന്നില്ല എന്‍.എന്‍.കക്കാട്. വൃത്ത നിബന്ധനകള്‍ പാലിക്കാതിരിക്കാന്‍ ശ്രദ്ധിച്ച്, സംഗീതത്തെ പലപ്പോഴും മന:പൂര്‍വം കവിതയില്‍ നിന്ന്‍ ദൂരെ നിര്‍ത്തി, ഭാഷയിലും പ്രയോഗങ്ങളിലും ക്ലിഷ്ടത പതിവാക്കി, വേദങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും ടിപ്പണികളില്ലാതെ സന്ദര്‍ഭങ്ങളും പ്രയോഗങ്ങളും എടുത്തവതരിപ്പിച്ച്, നടത്തിയ രചനകള്‍ സാഹിത്യാസ്വാദകരില്‍ തന്നെ സംശയങ്ങളും  ആശയക്കുഴപ്പങ്ങളും ഉണ്ടാക്കിയിരുന്നു. കക്കാട് എഴുതുന്നത് കവിത തന്നെയോ എന്ന്‍ സന്ദേഹിച്ച പണ്ഡിതന്മാരും ഉണ്ടായിരുന്നു. വൃത്തനിബദ്ധമായ ശ്ലോകങ്ങളും ഭാഷാകവിതകളും രചിക്കുന്നതിലുള്ള കഴിവുകേടല്ല ഇതിനു പിന്നില്‍ എന്നതിനുദാഹരണങ്ങള്‍ സമാഹാരങ്ങളില്‍ വേണ്ടത്രയുണ്ട്. അതിലളിതമാക്കിയും സംഗീതസാന്ദ്രമാക്കിയും മധുരപദങ്ങളുടെ മാലകള്‍ കോര്‍ത്തും  ഇടപ്പള്ളിക്കവികള്‍ കവിതയെ മലയാളി മനസ്സിനോട് ഏറ്റവും അടുപ്പിച്ച കാലത്തിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. സമകാലീനരായ മറ്റു കവികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനപ്രിയത കുറവായ എഴുത്തുകാരനായിരുന്നു അദ്ദേഹം

എന്നിട്ടും,
‘പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും, പരസ്പരം നോവിച്ചും, മുപതി-
റ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!’
എന്ന്‍ ചങ്ങമ്പുഴക്കവിതകളുടെ ലാളിത്യവും താളവും വികാര സാന്ദ്രതയും പാലിച്ചു കൊണ്ടെഴുതിയ ഒറ്റക്കവിതയിലൂടെ അതേവരെയുള്ള കഥ മാറ്റി, മലയാളിക്ക് പ്രിയങ്കരനായി മാറിയ കക്കാടിനെക്കുറിച്ച് (പ്രിയങ്കരമായ കവിതയെഴുതിയ കക്കാടിനെക്കുറിച്ച്?), ഭാര്യ ശ്രീദേവി കക്കാടിന്‍റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘ആര്‍ദ്രമീധനുമാസരാവില്‍..’

സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഓര്‍മ്മകളെ പൂര്‍ണമായും അവലംബിച്ച് എഴുതിയ കവിയുടെ ബാല്യകൌമാരങ്ങളെ കുറിച്ചുള്ള ഭാഗങ്ങളായാലും സ്വന്തം ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞ്, ഓര്‍ക്കാപ്പുറത്ത് എത്തി ജീവിതതാളം തെറ്റിച്ച രോഗം കൂടെക്കൊണ്ടു വന്ന ടെസ്റ്റുകളുടേയും മരുന്നുകളുടേയും വേദനകളുടേയും നടുവില്‍ ഒപ്പം കഴിഞ്ഞ  കാലത്തെക്കുറിച്ചായാലും രണ്ടു കാര്യങ്ങളില്‍ എഴുത്തുകാരി മനസ്സിരുത്തിയതായി കാണാം:

എഴുത്ത് അതിവൈകാരിതയിലേയ്ക്ക് കൂപ്പുകുത്തരുത്.

വ്യക്തിപരമാകുന്നതോടൊപ്പം അത് അദ്ദേഹം ജീവിച്ച കാലഘട്ടത്തെ കൂടി വെളിപ്പെടുത്തു ന്നതാവണം.

എഴുത്തുകാരിയല്ലാത്ത ഒരാളില്‍, ഒരുപക്ഷേ നമ്മള്‍ പ്രതീക്ഷിക്കാത്ത വകതിരിവ് ഈ വിഷയത്തില്‍ ശ്രീദേവി കക്കാട് പ്രദര്‍ശിപ്പിക്കുന്നു.

‘ആറാം വയസ്സില്‍ വിദ്യാരംഭവും ചൌളവും (മുടി കളയല്‍) കാതുകുത്തും കഴിഞ്ഞതോടെ മാറ്റങ്ങളുടെ തുടക്കമായി. അതുവരെ ഇല്ലത്തെ പരിചാരകരെ തൊടാന്‍ തടസ്സമില്ലായിരുന്നു. മേലില്‍ അവരെ തൊട്ടാല്‍ മുങ്ങിക്കുളിച്ചശേഷമേ അകത്തു കടക്കാവു. അക്കൊല്ലം തന്നെ ഉപനയനവും കഴിഞ്ഞു. മാറില്‍ പൂണൂലും കൃഷ്ണാജിനവും (കൃഷ്ണമൃഗത്തോല്‍ ചെറിയ നാട പോലെ മുറിച്ചുണ്ടാക്കുന്നത്) അരയില്‍ കിങ്ങിണിക്ക് പകരം മേഖലപ്പുല്ല് എന്ന പ്രത്യേകതരം പുല്ലുകൊണ്ട് പിരിച്ചുണ്ടാക്കിയ മേഖലയും കൈയില്‍ ചമതക്കോലും (ദണ്ഡ്)- അങ്ങനെയാണ് ഉപനയിച്ചുണ്ണി (ഓനിച്ചുണ്ണി)യായിട്ടുള്ള രൂപമാറ്റം. നീണ്ട കുടുമ കെട്ടിവെയ്ക്കണം കൂമ്പാളക്കോണകത്തിന് പകരം ശീലക്കോണകം. മുണ്ടുടുക്കാന്‍ പാടില്ല. തണുപ്പുകാലമെന്നോ മഴക്കാലമെന്നോ ഭേദമില്ലാതെ അതിരാവിലെ ഉണര്‍ന്ന്‍ കുളത്തില്‍ പോയി മുങ്ങിക്കുളിക്കണം.സന്ധ്യാവന്ദനവും സമിധ(ചമത)എന്ന ഹോമവും ചെയ്യണം.പിന്നെ പ്രാതലൂണ്. ചായപലഹാരങ്ങളൊന്നും അക്കാലത്ത് പതിവില്ല. ഇന്ന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ കുട്ടികള്‍ ഇംഗ്ലീഷിലേ സംസാരിക്കാവു എന്ന നിബന്ധനയുള്ളതുപോലെ ഓനിച്ചുണ്ണി ഭക്ഷണസമയത്തെങ്കിലും സംസ്കൃതത്തിലേ സംസാരിക്കാവു എന്ന ചിട്ടയുണ്ട്.’
“ഭവതി ഭിക്ഷാം ദേഹി, ഭവതി തക്രം ദേഹി.” (അമ്മേ ചോറ് തരു, മോരു തരു) എന്നിങ്ങനെ വേണം ആവശ്യങ്ങളറിയിക്കാന്‍.’

എട്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ഈ ഉപനയന-സമാവര്‍ത്തനങ്ങളെ ഇന്നത്തെ തലമുറ എങ്ങനെയാവും കാണുന്നുണ്ടാവുക?

സമുദായത്തിലെ കര്‍ക്കശമായ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതിയും തളച്ചിട്ട ചുറ്റുപാടില്‍ നാലും അഞ്ചും ക്ലാസ് വരെ പഠിച്ച് വിദ്യാഭ്യാസം അവസാനിപ്പിച്ച്, കുലത്തൊഴിലും ഉപജീവനമാര്‍ഗ്ഗവുമായിരുന്ന തന്ത്രദര്‍ശനത്തിലേയ്ക്കും തന്ത്രക്രിയകളിലേയ്ക്കും ചുരുങ്ങുക യായിരുന്നു ജ്യേഷ്ഠസഹോദരന്മാര്‍. മുകളിലേയ്ക്ക് പഠിക്കണമെന്ന്‍ മോഹിക്കുകയും അച്ഛന്‍റെ പിന്തുണയോടെ അത് സാധിക്കുകയും ചെയ്ത കക്കാട്, ഗ്രാമത്തില്‍, സമുദായത്തില്‍ നിന്ന് ആദ്യമായി ബിരുദധാരികളായ മൂവരില്‍ ഒരാളായിരുന്നു– സമുദായത്തിന്‍റെ അന്നത്തെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം.!
20160712_223844
അദ്ധ്വാനിക്കേണ്ടിടത്ത് അത് ചെയ്യാതെയും, കൈവശമുള്ള കൃഷിഭൂമികള്‍ തരിശിട്ടും, ഉള്ള പണം വ്യവഹാരങ്ങളില്‍ നഷ്ടപ്പെടുത്തിയും നമ്പൂതിരിയില്ലങ്ങള്‍ സ്വയംവരിച്ച പട്ടിണി യുടേയും  ദാരിദ്ര്യത്തിന്‍റേയും സ്വാഭാവിക ചുറ്റുപാടിലേയ്ക്കാണ് രണ്ട് ലോകമഹായുദ്ധ ങ്ങളും ആഗോള സാമ്പത്തിക മാന്ദ്യവും കൊണ്ടുവന്ന ക്ഷാമം അതിഥിയായെത്തുന്നത്.
.
‘റേഷന്‍കാലത്ത് കടുത്ത മണ്ണെണ്ണക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ഒരു നാട്ടറിവ് പരീക്ഷിച്ചു നോക്കി.കടലാവണക്കിന്‍കുരു ഈര്‍ക്കിലില്‍ കോര്‍ത്ത് തിരികളാക്കി ഉണക്കിവെയ്ക്കും.അതു കത്തിച്ചുവെച്ചാല്‍ കുറെ സമയത്തേയ്ക്ക് വെളിച്ചം കിട്ടും.’

വളരെ മുതിര്‍ന്ന തലമുറയില്‍ ചിലര്‍ക്കെങ്കിലും നേരിയ ഓര്‍മ്മ ഉണ്ടായേയ്ക്കാവുന്ന വിദൂര ഭൂതകാലം.

വര്‍ത്തമാനപത്രം പോലും കാണാതെ ഗ്രാമത്തില്‍ വളര്‍ന്ന കുട്ടി, ഹൈസ്കൂള്‍ പഠനത്തിന് കോഴിക്കോട് എത്തിക്കഴിഞ്ഞാണ്, ഇരുപതാം നൂറ്റാണ്ട്, രാജ്യത്തും ലോകത്തും കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ച് അറിയുന്നത്- അതില്‍ ചെറിയ തോതില്‍ ഭാഗഭാക്കായിത്തുടങ്ങുന്നത്.

‘അഴിച്ചിട്ടാല്‍ പിന്നില്‍ മുട്ടിറങ്ങിക്കിടക്കുന്ന മുടി മുറിച്ചുകൊണ്ടാരംഭിച്ച ആ യാത്ര ഒരുപക്ഷേ ഒരു രണ്ടാം ജന്മമായിരിക്കാം.’ എന്ന്‍ കക്കാടിന്‍റെ  ആത്മനിരീക്ഷണം ! സമുദായത്തിലെ മൊത്തം കൌമാരങ്ങളെ വിലയിരുത്താനുള്ള ശ്രമമായി അതിനെ കണ്ടാലും തെറ്റില്ല.  .

‘ചേലപ്പുതപ്പും മറക്കുടയും ഉപേക്ഷിച്ച് സമുദായപ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങിയ പാര്‍വതി നെന്മിനിമംഗലം, ആര്യാപള്ളം എന്നീ അന്തര്‍ജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, വി.ടി ഭട്ടതിരിപ്പാടിന്‍റെ അടുക്കളയില്‍നിന്ന്‍ അരങ്ങത്തേയ്ക്ക് എന്ന നാടകം സമുദായത്തില്‍ സൃഷ്ടിച്ച കൊടുങ്കാറ്റ്, എം.ആര്‍.ബി……. , എം.പി. ഭട്ടതിരിപ്പാട്….. എന്നിവരുടെ വിധവാവിവാഹം, കുമ്മിണി രാമന്‍ നമ്പൂതിരി ……………, പാണ്ടം വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ ‘പരിവേദനവിവാഹം’, ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനാനുവാദത്തിനുവേണ്ടിയുള്ള വൈക്കം സത്യാഗ്രഹം, സ്വാതന്ത്ര്യസമരമുന്നേറ്റങ്ങള്‍ ……………’ :
‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന ഓങ്ങല്ലൂര്‍ യോഗക്ഷേമ സഭയുടെ മുദ്രാവാക്യം യുവതയുടെ ചെവിയിലെത്തിക്കാന്‍ പോന്നതായിരുന്നു, പശ്ചാത്തലം.
സ്വാതന്ത്ര്യപ്രാപ്തിയേയും തുടര്‍ന്നുണ്ടായ ഗാന്ധിജിയുടെ വധത്തേയും കുറിച്ച് കക്കാടിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചിരിക്കുന്നത് ഇങ്ങനെ:

‘സ്വാതന്ത്ര്യലാഭം വലിയൊരാമോദമായിരുന്നു.ഗാന്ധിജിയുടെ വധം അത്രയും തന്നെ തളര്‍ത്തിയ ആഘാതവും.പുത്തനധികാരത്തിന്‍റെ സിംഹാസനലഹരി നമ്മുടെ സ്വതന്ത്രഭാരത ഭരണ സംവിധാനത്തെ എത്ര ഉദാസീനവും നിരര്‍ത്ഥകവുമാക്കിത്തീര്‍ത്തു എന്ന അമ്പരപ്പിലേയ്ക്കാണ് പല ചെറുപ്പക്കാരോടൊപ്പം ഞാനുണര്‍ന്നത്. നൂല്‍ നൂല്‍ക്കാതെ തന്നെ ഖാദിവസ്ത്രം കിട്ടും എന്ന അറിവ്, സിംഹാസനത്തിനു ചുറ്റും കൂടുന്ന പുതിയ വിലപിടിച്ച കൂട്ടത്തെ, ഖാദിയുടെ പുതിയ മാന്യതയെ മനസ്സിലാക്കിത്തന്നു. അതോടെ ഖാദി ഉപേക്ഷിച്ചു…………….’

‘എതിര്‍ക്കാന്‍ വേണ്ടി ഇതുവരെ ശ്രദ്ധാപൂര്‍വ്വം പഠിച്ച മാര്‍ക്സിയന്‍ ദര്‍ശനം ഈ നിറഞ്ഞ ഇരുട്ടില്‍ പ്രയോജനപ്പെട്ടു.’

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്, കോണ്‍ഗ്രസ് കക്ഷിയുമായി ചേര്‍ന്നോ അവരുടെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ചോ ഉള്ള പ്രവര്‍ത്തനം ആദര്‍ശ – സംശുദ്ധരാഷ്ട്രീയമായി കണക്കാക്കപ്പെട്ടിരുന്നു. യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിലെ ഒരാള്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനാകുന്നത് ഗ്രാമപ്രദേശങ്ങളില്‍ വിശേഷിച്ചും ഒരു വല്ലാത്ത വഴി തെറ്റലായിരുന്നു.

‘ആന പോകുന്ന പൂമരത്തിന്‍റെ
ചോടേ പോകുന്നതാരെടാ
ആരാനുമല്ല കൂരാനുമല്ല
കക്കാട്ടില്ലത്തെ നമ്പൂരി’ എന്ന്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് തെരഞ്ഞെടുപ്പിലെ മാര്‍ക്സിസ്റ്റ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയെ ഗ്രാമം പരിഹസിച്ചു. ആനയായിരുന്നു തെരഞ്ഞെടുപ്പ് ചിഹ്നം !

ശ്രീദേവി കക്കാടിന്‍റെ പുസ്തകം വെറും ഒരനുസ്മരണം എന്ന അവസ്ഥയില്‍ നിന്ന്‍ എങ്ങനെ മാറിനില്‍ക്കുന്നു എന്ന് വ്യക്തമാക്കാനാണ് ഇത്രയും എഴുതിയത്.

കക്കാടിന്‍റെ കാവ്യരചനയെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍, സമാന്തരമായി അന്നത്തെ മലയാളസാഹിത്യരംഗവും പശ്ചാത്തലത്തില്‍ വരുന്നുണ്ട്. എന്‍.വി.കൃഷ്ണവാരിയര്‍,എം.എസ്.മേനോന്‍, എം.ആര്‍.ബി., ഒളപ്പമണ്ണ, കെ.പി.ശങ്കരന്‍, എം.ആര്‍ ചന്ദ്രശേഖരന്‍, എ.പി.പി.നമ്പൂതിരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവരുടെ ഉത്സാഹത്തില്‍, പലയിടത്തായി നടന്ന, നാലും അഞ്ചും ദിവസം നീണ്ട, സാഹിത്യസമിതി ക്യാമ്പുകളെകുറിച്ചും, അന്നവയില്‍ പങ്കെടുത്ത  ചിലരിലെങ്കിലും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പരാമര്‍ശങ്ങള്‍ കാണാം.
വിശേഷിച്ച് ഒന്നുമില്ലാത്ത ‘സംഭവ’ങ്ങള്‍, വായനക്കാരില്‍ കൌതുകമുണര്‍ത്തുന്ന വിധം ഗ്രന്ഥകര്‍ത്രി അവതരിപ്പിക്കുന്നതിന് ഒരുദാഹരണം:
പാലക്കാട്ട് നല്ലനിലയില്‍ നടന്നിരുന്ന സി.കെ.മൂസ്സത് ടൂട്ടോറിയലിന്‍റെ കോഴിക്കോട് ശാഖയില്‍ ജോലിയിലായിരുന്നു കക്കാട്.
‘എന്തോ കാര്യത്തിനായി ഞാന്‍ നാട്ടില്‍ പോയി. അന്ന് തനിയെ യാത്ര പതിവില്ല. തിരികെ കൂട്ടിക്കൊണ്ടുപോകാന്‍ വരാമെന്നു പറഞ്ഞ ആളെ കാണാനില്ല. വന്നപ്പോള്‍ പറഞ്ഞത്, ‘എം.ബി.യിലെ രണ്ടദ്ധ്യാപകര്‍ പെട്ടെന്ന് ലീവെടുത്ത് പോയി…എക്സ്ട്രാ ക്ലാസ് എടുക്കേണ്ടിവന്നു..അതാണ്‌ വരാന്‍ വൈകിയത്’ – ആ അദ്ധ്യാപകര്‍ എം.ടി.യും പ്രമീള ടീച്ചറുമായിരുന്നു.’.
ardramee
ഉറൂബ്, തിക്കോടിയന്‍, അക്കിത്തം, കെ.എ..കൊടുങ്ങല്ലൂര്‍ തുടങ്ങിയവരുടെ സഹപ്രവര്‍ത്തകനായി കക്കാട്, ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവസ്മരണകളിലും ഫലിതബോധവും ചെറിയ തോതിലെങ്കിലുമുള്ള ചരിത്രാഖ്യാനവും കാണാം:
‘1950 ലായിരുന്നു കോഴിക്കോട് ആകാശവാണി നിലയത്തിന്‍റെ ഉദ്ഘാടനം. അന്ന്‍ ഉദ്ഘാടകനായ മഹാകവി വള്ളത്തോള്‍ ‘ഈ പ്രക്ഷേപണകേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു.’ എന്നു പ്രഖ്യാപിക്കുമ്പോള്‍ മഹാകവിക്കൊരു നാക്കുപിഴ ‘ഈ പ്രക്ഷോഭണകേന്ദ്രം’ എന്ന് പറഞ്ഞുപോയത്രെ.’ ഉടനെ തിരുത്തുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായി ഒരു പ്രക്ഷോഭണം നടന്നപ്പോള്‍ മഹാകവിയുടെ വാക്കിന് അറം പറ്റി എന്ന്‍ ഒരു രസികന്‍ നിരീക്ഷിക്കുകയുണ്ടായി.’
‘മാതൃഭൂമി പത്രത്തില്‍ നമ്പൂതിരിയുടെ ‘നാണിയമ്മയും ലോകവും’ എന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ സമരത്തെ ‘അവകാശവാണി’ എന്നാണ് പരാമര്‍ശിച്ചത്.’
‘ഇക്കാലത്തിനിടയ്ക്ക് ആകാശവാണിയില്‍ പല മാറ്റങ്ങളുമുണ്ടായി..പണ്ട് ഫ്രഞ്ചുകാരുടെ ആസ്ഥാനമായിരുന്ന പഴയ ആകാശവാണികെട്ടിടത്തിനു പകരം ആധുനികസൌകരങ്ങളുള്ള പുതിയ മൂന്നുനിലക്കെട്ടിടവും കൂടുതല്‍ സജ്ജീകരണങ്ങളോടുകൂടിയ സ്റ്റൂഡിയോകളും ഉണ്ടായി. തല്‍സമയ പ്രക്ഷേപണത്തിനു പകരം പരിപാടികള്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്യാനും എന്തെങ്കിലും തെറ്റു പറ്റിപ്പോയാല്‍ തിരുത്താനുമുള്ള സംവിധാനവും ആയി……’
ദേശാഭിമാനിയിലും പിന്നീട് മാതൃഭൂമിയിലും പ്രൂഫ്‌ റീഡറായി ജോലി ചെയ്തിരുന്ന സ്വന്തം ജോലിക്കാലത്തെ കുറിച്ചുള്ള ആനുഷംഗിക പരാമര്‍ശങ്ങളുമുണ്ട്.
കവിതയും രാഷ്ട്രീയവും ആകാശവാണിയിലെ പരിപാടികളുമായി കഴിയുന്നതിന്നിടെയാണ്, മാറാത്ത ചുമയായും പിന്നീട് തൊണ്ടവേദനയായും കടന്നുവന്ന, എപിഗ്ലോട്ടിസിലെ അര്‍ബുദം രംഗം കയ്യേറുന്നത്…
‘…………………………………, നീയെ-
ന്നണിയത്തു തന്നെ നില്‍ക്കു, ഇപ്പഴങ്കൂ_
ടൊരു ചുമയ്ക്കടിയിടറി വീഴാം ‘ എന്നും
‘വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി-
ക്കുറവുണ്ട്,………………………………..’ എന്നും തുടങ്ങുന്ന സഫലമീയാത്രയെ കുറിച്ച് എഴുത്തുകാരി പറയുന്നതിങ്ങനെ:
‘രോഗാവസ്ഥയില്‍ എഴുതപ്പെട്ടത് എന്ന ഒരു പൊതുധാരണ ‘സഫലമീയാത്ര’യെപ്പറ്റി പ്രചരിച്ചിട്ടുണ്ട്. രോഗമെന്താണെന്ന് സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്ക് മുന്‍പ് സാമാന്യേന സാധാരണ ജീവിതം നയിക്കുന്ന കാലത്ത്, 1981 ഡിസംബറില്‍, ആകാശവാണിയില്‍ ‘സ്വന്തം കവിത’ വിഭാഗത്തില്‍ അതു പ്രക്ഷേപണം ചെയ്തിരുന്നു. അപ്പോള്‍ ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ പോലും രോഗവിവരം അറിഞ്ഞിരുന്നില്ല..എന്നാല്‍ 1982ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ കവിത അച്ചടിച്ചു വന്നപ്പോഴാകട്ടെ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൊണ്ടയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററില്‍ റേഡിയേഷന്‍ ചികിത്സയിലായിരുന്നു.’
വേദനയുടേയും ദുരിതത്തിന്‍റേയും അവസാന നാളുകളെ കുറിച്ചെഴുതുമ്പോള്‍ തികഞ്ഞ മനോനിയന്ത്രണവും ഇരുത്തം വന്ന ഒരെഴുത്തുകാരിയുടെ കൈയടക്കവും പാലിക്കുന്നുണ്ട് ശ്രീദേവി കക്കാട് എന്ന് നിരീക്ഷിക്കാതെ വയ്യ.
കക്കാടിന്‍റെ അപ്രകാശിത കവിതകളും സുഹൃത്തുകളുടേയും മക്കളായ ശ്രീകുമാറിന്‍റേയും ശ്യാമിന്‍റേയും ഓര്‍മ്മക്കുറിപ്പുകളും വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതിയ ഉപക്രമവും പുസ്തകത്തിന്‍റെ സ്വഭാവത്തോട് ചേര്‍ന്ന് പോകുന്നു .

ആര്‍ദ്രമീ ധനുമാസരാവില്‍.
ശ്രീദേവി കക്കാട്
പ്രസാധകർ : മാതൃഭൂമി ബുക്സ്
വില: 200

 

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണലിൻറെ മുഖ്യഉപദേഷ്ടാവ്. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസം.

You may also like