പൂമുഖം Travel സിഡ്നിയിലെ നീലഗിരി- മൂന്നു സഹോദരിമാരും

സിഡ്നിയിലെ നീലഗിരി- മൂന്നു സഹോദരിമാരും

സിഡ്നി ഡയറി: ഭാഗം മൂന്ന്

ങ്ങള്‍ നാലുപേര്‍ കാറില്‍ ഒന്നോ ഒന്നരയോ മണിക്കൂര്‍ യാത്ര ചെയ്ത്, ബ്ലു മൌണ്ടന്‍സി ലെത്തിയപ്പോള്‍ രാവിലെ പതിനൊന്നു മണി കഴിഞ്ഞിരുന്നു. അവിടെവെച്ച് കൂടെ ചേരാ മെന്നേറ്റിരുന്ന ആസ്ട്രേലിയക്കാരന്‍ സൌണ്ട് റെക്കോഡിസ്റ്റും ചാരുവിന്‍റെ സുഹൃത്തുമായ മാര്‍ക്ക് ടാനറും അദ്ദേഹത്തിന്‍റെ പാര്‍ട്ട്നറും സിഡ്നി യൂണിവേഴ്സിറ്റി അദ്ധ്യാപികയും ബ്രിട്ടീഷ്കാരിയുമായ ഹിലരിയും മാര്‍ക്കിന്‍റെ മകനും കോളേജ് വിദ്യാര്‍ഥിയുമായ ലോസണും എത്തിച്ചേരുന്നത് വരെ ഞങ്ങള്‍ മുകളിലെ വിശാലമായ തിട്ടയില്‍ നിന്ന്‍ ചുറ്റും മടക്കുമടക്കായി കിടന്ന മലയും കാടും കണ്ടും അവയുടെ ചിത്രങ്ങള്‍ എടുത്തും കഴിഞ്ഞു. ഞങ്ങളെക്കൂടാതെ നൂറില്‍ താഴെ സന്ദര്‍ശകര്‍ സ്ഥലത്തുണ്ടായിരുന്നു. റിസപ്ഷനില്‍ ബേക്കറി ഉല്‍പ്പന്നങ്ങളും ആസ്ട്രേലിയന്‍ ടൂറിസവുമായും ബ്ലു മൌണ്ടന്‍ കാഴ്ച്ചകളുമായും ബന്ധപ്പെട്ട മാപ്പുകളും പുസ്തകങ്ങളും കൌതുകവസ്തുകളും വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു.
തലേയാഴ്ചത്തെ മഴ കൊണ്ടുവന്ന സുഖകരമായ തണുപ്പിന്‍റേയും, വാരാന്ത്യത്തില്‍ വരാനിരിക്കുന്ന താപതരംഗത്തിന്‍റേയും ഒരു ശരാശരി കണക്കുകൂട്ടുകയായിരുന്നു അന്തരീക്ഷം എന്ന് തോന്നി…
വീട്ടില്‍ നിന്ന്, നൂറ് കിലോമീറ്ററോളം ദൂരെ, സമുദ്രനിരപ്പില്‍ നിന്ന്‍ ആയിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കടൂംബാസിറ്റി, ബ്ലു മൌണ്ടന്‍സിന്‍റെ ഔദ്യോഗിക തലസ്ഥാനമാണ്‌. പര്‍വതനിരകളുടേയും വനനിബിഡതയുടേയും പ്രസിദ്ധരായ ‘മൂന്നു സഹോദരിമാ’രുടേയും സൌന്ദര്യം ഏറ്റവും അടുത്ത് കാണാന്‍ പറ്റിയ സ്ഥലം കൂടിയാണ് ‘ത്രീ സിസ്റ്റേഴ്സ് ലുക്ക് ഔട്ട്’ എന്നും അറിയപ്പെടുന്ന എക്കോ പോയന്‍റ്. തൊള്ളായിരത്തിലധികം മീറ്റര്‍ പൊക്കത്തില്‍, അന്തരീക്ഷത്തില്‍ എടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന പാറകളുടെ മൂന്നു സ്തംഭങ്ങളാണ് ത്രീ സിസ്റ്റേഴ്സ്..

sa5

അബൊറിജിനല്‍ ജനത തലമുറകളിലൂടെ കൈമാറിവന്ന ഒരു കഥയുണ്ട്, സഹോദരിമാരുടേതായി. ജാമിസണ്‍ താഴ്വരയില്‍ താമസിച്ചിരുന്ന മൂന്ന്‍ കടൂംബാഗോത്ര സഹോദരിമാര്‍ മറ്റൊരു ഗോത്രത്തിലെ മൂന്നു സഹോദരന്മാരുമായി പ്രണയത്തിലായി. നാട്ടുകാര്‍ ഗോത്രത്തിന്‍റെ പ്രശ്നം ഉയര്‍ത്തി, വിവാഹത്തിന് തടസ്സം നിന്നു- സമുദായം മാറി പ്രേമിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും മക്കളെ ക്രൂരമായി കൊലപ്പെടുത്തുന്നവരുടെ കഥകള്‍ അടിക്കടി വായിച്ചു ശീലമുള്ള നമുക്ക് ഇതിലത്ര അസാധാരണത്വം അനുഭവ പ്പെടണമെന്നില്ല. തങ്ങള്‍ക്കിഷ്ടപ്പെട്ട പെണ്‍കുട്ടികളെ നേടാന്‍ കാമുക സഹോദരന്മാര്‍ പെണ്‍കുട്ടികളുടെ നാട്ടുകാരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു.
പെണ്‍കുട്ടികളെ രക്ഷിക്കാന്‍, മൂപ്പന്‍ അവരെ കുത്തനെ നില്‍ക്കുന്ന മൂന്നു പാറകളാക്കി-
യുദ്ധത്തിനിടെ മൂപ്പന്‍ കൊല്ലപ്പെട്ടു.
മറ്റാര്‍ക്കും അവരെ തിരികെ മനുഷ്യരൂപത്തിലേയ്ക്ക് കൊണ്ടുവരുന്നത് എങ്ങനെയെന്ന്‍ അറിയില്ലായിരുന്നു.
അങ്ങനെ, നമ്മുടെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും അറബിക്കഥകളിലും ഒക്കെ പല സന്ദര്‍ഭങ്ങളില്‍ കേട്ട് പരിചയമുള്ള – അകത്ത് കടന്ന്‍, പുറത്തേയ്ക്കുള്ള വഴി കിട്ടാതെ പോയ – കഥാപാത്രങ്ങളെ പോലെ മൂന്നു സഹോദരിമാരും നമുക്ക് മുന്നില്‍ ചിരഞ്ജീവി പാറകളായി തുടരുന്നു.‍-

sa4

കഥ അബൊറിജിനല്‍ ജനതയുടെ പേരില്‍ പിന്നീട് വെള്ളക്കാര്‍ ഉണ്ടാക്കിയെടുത്തതാണെന്നും വായിച്ചു-
ശരിയാവാം- സ്കൂള്‍ സിലബസ് തിരുത്തിയും പുതിയ പുസ്തകങ്ങള്‍ രചിച്ചും ഇപ്പോള്‍, ഇന്‍റര്‍നെറ്റ് ഉപയോഗിച്ചും ചരിത്രത്തെ നമുക്കിഷ്ടമുള്ള വഴിക്ക് നവീകരിക്കാം എന്നതിന് ഉദാഹരണങ്ങള്‍ ഉള്ള കാലമാണ്..
ആദിവാസികളുടെ ചിത്രങ്ങളും കലാരൂപങ്ങളും, സിഡ്നിയില്‍, ഏറ്റവും കൂടുതല്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്, ഒരുപക്ഷേ, ചൈനാടൌണിലെ കടകളിലാണ്. കമ്പനികളുടെ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റുകള്‍ കുറഞ്ഞ വിലയില്‍ കമ്പോളത്തില്‍ ലഭ്യമാക്കുന്നതില്‍ നമ്മുടെ അയല്‍രാജ്യത്തേതടക്കം എങ്ങുമുള്ള അധോലോകം പ്രശസ്തമാണ്.
ആസ്ട്രേലിയയില്‍ നിര്‍മ്മിച്ചതെന്ന കുറിപ്പോടെ വരുന്നതൊക്കെയും ആസ്ട്രേലിയയില്‍ നിര്‍മ്മിച്ചതാണെന്നു കരുതുന്നത് നീതിക്ക് നിരക്കാത്തതല്ലേ!

‘മൂന്നു സഹോദരിമാര്‍’ ആദ്യകാലത്ത് ‘ഏഴു സഹോദരിമാര്‍’ ആയിരുന്നെന്നും മഴയും വെയിലും കാറ്റുമേറ്റ് ബാക്കിയുള്ളവര്‍ കഥാവശേഷരായതാണെന്നും എക്കോ പോയന്‍റിലെ കുറിപ്പുകളില്‍ കണ്ടു. ഇപ്പോഴത്തെ മൂന്നുപേരില്‍ ഒരറ്റത്തുനില്‍ക്കുന്നയാള്‍ അത്തരമൊരു മാറ്റത്തിന്‍റെ ഭാഗമായി ചെറുതായിക്കൊണ്ടിരിക്കുകയാണെന്ന്‍, നമുക്ക് ബോദ്ധ്യപ്പെടും . ഒന്നോ ഒന്നരയോ മണിക്കൂര്‍ അവിടെ നിന്ന്‍, കണ്ട്, മടങ്ങേണ്ട കാഴ്ചയല്ല, ഇവ. പ്രഭാതം തൊട്ട് പ്രദോഷം വരെ, പല സമയങ്ങളില്‍ ‍— ഋതുഭേദങ്ങളിലൂടെ—- പലയിടത്തായി കിടക്കുന്ന ബ്ലു മൌണ്ടന്‍റെ ലുക്ക്ഔട്ട് പോയന്‍റുകളില്‍ നിന്നുള്ള വീക്ഷണങ്ങളില്‍– വേറെ വേറെ ഭാവങ്ങളാവും ഇവര്‍ പ്രകടിപ്പിക്കുക-
വേറെ വേറെ കഥകളാവും ഇവര്‍ക്ക് പറയാനുണ്ടാവുക..
‘നീലഗിരി’യുടെ ദൃശ്യഭംഗി കണ്ടറിയാന്‍ പറ്റിയ സ്ഥലമാണ് എക്കോപോയന്‍റ്.

കാടിനകത്ത്‌ കൂടിയുള്ള പല നടപ്പാതകള്‍ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്-

നിങ്ങളെ വെല്ലുവിളിയോടെ സ്വീകരിക്കുന്ന ‘രാക്ഷസപ്പടി’കളും !

sa3

ഇടയ്ക്ക് വെച്ച് നിര്‍ത്തി മടങ്ങാന്‍ പറ്റുന്ന വഴിയല്ല ഈ പടികള്‍. അത് തുടര്‍ന്നുള്ള ഇറക്കത്തെക്കാള്‍ ആയാസകരമാകും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കായി, മുന്നറിയിപ്പുകള്‍ തുടക്കത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഇറക്കത്തിന്‍റെ സ്വഭാവത്തെ ബോര്‍ഡില്‍ വിശേഷിപ്പിച്ചിരിക്കുന്നത് ‘കഠിനം’ എന്നാണ് എണ്ണൂറ്റി അറുപത്തൊന്നു പടികളിലൂടെ ആയിരം അടി താഴേക്കിറങ്ങിയാല്‍ ജാമിസണ്‍ താഴ്വരയിലാണ് നമ്മളെത്തുക. ഒരാള്‍ക്ക് ബുദ്ധിമുട്ടാതെ നടന്നുപോകാനുള്ള വീതിയേയുള്ളു പടികള്‍ക്ക്. എതിരെ കയറി വരുന്നവര്‍ക്ക് വഴി കൊടുക്കാന്‍ ചിലയിടങ്ങളില്‍ എങ്കിലും മാറി നില്‍ക്കേണ്ടി വന്നു. ത്രീ സിസ്റ്റേഴ്സിന്‍റെ വശത്തുകൂടിയാണ് പടവുകള്‍ പോകുന്നത്. വഴിയുടെ വശങ്ങളില്‍ ലോഹനിര്‍മ്മിതമായ റെയിലിംഗുണ്ട്- പലയിടത്തും ഒരു വശത്ത്, ചിലയിടങ്ങളില്‍ ഇരു വശത്തും. ഇടക്കിടക്ക് മൂന്നോ നാലോ പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ചുകള്‍ ഉറപ്പിച്ചിട്ടുണ്ട്…

സാഹസികമായ ആ ഇറക്കത്തിന്‍റെ ഒടുവില്‍ ചെറിയ ഒരഹങ്കാരം തോന്നി എന്നത് സത്യം…

പതിനഞ്ചോ പതിനാറോ കൊല്ലം മുമ്പ്, ഒരു ദിവസം പൊടുന്നനെ, കുട്ടിക്കളി പോലെ തുടങ്ങി, ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ ബുദ്ധിമുട്ടാവുന്ന മട്ടില്‍ വളര്‍ന്നു വലുതായ ഇടതുകാല്‍ മുട്ടിലെ വേദനയും അടുത്തുണ്ടായിരൂന്ന ആയുര്‍വേദ ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരമുള്ള ആറുമാസം നീണ്ട കഷായചികിത്സയും ഓര്‍ക്കാതെ വയ്യ. ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്‍റെ തുടക്കം എന്ന് അലോപ്പതി വിധിയെഴുതിയ വേദന പൂര്‍ണമായും കീഴടങ്ങി. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് ശേഷം, തിരിച്ചെത്തി.. ഇത്തവണ ‘കാല് മാറി’ എന്നുമാത്രം. വീണ്ടും അതേ ഡോക്റ്റര്‍- വീണ്ടും യോഗരാജഗുഗ്ഗുലു- രസനൈരിണ്ട്രാദി- ഇളംചൂടുള്ള മഹാനാരായണ തൈലം- ഇത്തവണ, ആത്മധൈര്യം ചോര്‍ന്ന വേദന മൂന്നുമാസത്തില്‍ അടിയറവു പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം‍, ആഴ്ചകളോളം വീട്ടുതടങ്ങലില്‍ ആക്കിയ ചെറിയ ഒരു വാഹന അപകടം ക്ഷതപ്പെടുത്തിയതും, (ഇടതു)കാലിന്‍റെ ചലനസ്വാതന്ത്ര്യം നിശ്ചയിക്കുന്ന, ball and socket എന്ന്‍ ഓമനപ്പേരിട്ട് ഡോക്റ്റര്‍മാര്‍ വിളിക്കുന്ന, സോക്കറ്റിനകത്ത് ! വിശ്രമത്തോടൊപ്പം സഹായമായത് ആയുര്‍വേദം തന്നെ‍- ദോംലൂരിലെ ഡോക്റ്റര്‍ക്ക് പകരം കൊത്തനൂരിലെ ഡോക്റ്റര്‍ ആയി എന്ന വ്യത്യാസം മാത്രം.
ആയുര്‍വേദത്തിനു നന്ദി -ഡോ. പ്രതിമയ്ക്കും ഡോ. ഉഷയ്ക്കും നന്ദി-
സമയവും മാത്രയും തെറ്റിക്കാതെ മരുന്ന് കഴിച്ച രോഗിക്ക് നന്ദി-
വെല്ലുവിളിച്ച്, പരാജയപ്പെട്ട, നീലഗിരിയിലെ രാക്ഷസപ്പടികള്‍ക്കും!

sa2

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ തുടങ്ങിയ ജയന്‍റ് സ്റ്റെയര്‍കേയ്സിന്‍റെ നിര്‍മ്മാണം, കാല്‍ഭാഗം മാത്രം തീര്‍ന്നുകഴിഞ്ഞ്‍, ചെലവേറിയതും, പ്രായോഗികമല്ലാ ത്തതുമായ പദ്ധതിയെന്ന നിലയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ച പടവുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാവാന്‍, മൊത്തം കാല്‍ നൂറ്റാണ്ടെടുത്തു.

ജാമിസണ്‍ താഴ്വരയിലെത്തിയതിനുശേഷം ‘സീനിക് റെയില്‍വെ’ എന്ന അദ്ഭുതം തുടങ്ങുന്ന സ്ഥലത്ത് അവസാനിക്കുന്ന, നാലര കി.മീ.നീളത്തിലുള്ള നടപ്പാതയിലൂടെയാണ് ഞങ്ങള്‍ മുന്നോട്ടു നീങ്ങിയത്. മഴക്കാടുകളിലൂടെയും യൂക്കാലിപ്റ്റസ് കാടുകളിലൂടെയും നീളുന്ന പാതയിലും ചെറിയ പടവുകളുള്ള കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ട്. പല ഘട്ടങ്ങളിലൂടെ താഴേക്ക് വരുന്ന കുട്ടിവെള്ളച്ചാട്ടങ്ങളുണ്ട്- തിളങ്ങുന്ന ജലപാതം എന്ന അര്‍ത്ഥം വരുന്ന ആദിവാസികളുടെ വാക്കുകളില്‍ നിന്നാവാം കടൂംബാ എന്ന സ്ഥലപ്പേര് വന്നത് .

നമ്മുടെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും അറബിക്കഥകളിലും ഒക്കെ പല സന്ദര്‍ഭങ്ങളില്‍ കേട്ട് പരിചയമുള്ള – അകത്ത് കടന്ന്‍, പുറത്തേയ്ക്കുള്ള വഴി കിട്ടാതെ പോയ – കഥാപാത്രങ്ങളെ പോലെ മൂന്നു സഹോദരിമാരും നമുക്ക് മുന്നില്‍ ചിരഞ്ജീവി പാറകളായി തുടരുന്നു.‍
നടപ്പാതക്കിരുവശത്തും വളര്‍ന്നു നിന്ന, മഴക്കാടുകളുടെ സന്തതികളായ, കുറിയ പനകളെ കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു ഹിലരിയ്ക്ക്. വഴിയില്‍ കണ്ട, പല പക്ഷികളുടേയും ശബ്ദത്തില്‍ കരയാനറിയുന്ന, ലൈര്‍ ബേഡിനെ കുറിച്ച് മാര്‍ക്കിനും..

ഒരു മണിക്കൂര്‍ നടന്ന്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന സീനിക് റെയില്‍വെയുടെ സ്റ്റേഷന് സമീപം ‘to the mines’ എന്ന ബോര്‍ഡ് കണ്ടു..

sa1
കല്‍ക്കരി ഖനി അടച്ചു പൂട്ടിയിട്ട് എഴുപത് വര്‍ഷം കഴിഞ്ഞു..സന്ദര്‍ശകര്‍ക്കായി നിലനിര്‍ത്തിയിരിക്കുകയാണ് ബോര്‍ഡും കരി ശേഖരി ക്കുന്നതെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഓഫീസും.

സീനിക് റെയില്‍വേ, ലോകത്തെ ഏറ്റവും കുത്തനെയുള്ള റെയില്‍ യാത്രയ്ക്കുള്ള തീവണ്ടിയാണ്. ആദ്യകാലത്ത്, ഖനിയില്‍ നിന്ന്‍ കരി മുകളിലേയ്ക്ക് കയറ്റാനും ജോലിക്കാര്‍ക്ക് യാത്രചെയ്യാനുമായി നിര്‍മ്മിച്ചതാണ് ഇത്. തിരശ്ചീനത്തില്‍ നിന്ന്‍ അമ്പത്തിരണ്ടു ഡിഗ്രി ചെരിഞ്ഞാണ്‌ മുന്നൂറു മീറ്ററിലധികം (താഴേക്കിറങ്ങിയ അതേ ആയിരം അടി) നീളമുള്ള റെയില്‍പ്പാളങ്ങള്‍. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന, ട്രെയിനിലെ ഇരിപ്പിടങ്ങള്‍, ഒരു ലിവറുപയോഗിച്ച് പന്ത്രണ്ടു ഡിഗ്രി കൂടി തിരിക്കാം മൊത്തം, 64 ഡിഗ്രി (52+12). ഇടയ്ക്കെപ്പോഴോ ഇരുണ്ട തുരങ്കത്തിലൂടെയും കടന്നു പോകുന്ന, പുറംതിരിഞ്ഞിരുന്നുള്ള ആ കയറ്റം ഒരു ജീവല്‍ക്കാല അനുഭവമായി ഓര്‍മ്മയില്‍ കൊണ്ടുനടക്കാം. വിമാനയാത്രയില്‍ ലഗേജ് കയറ്റാനുള്ള ഓവര്‍ഹെഡ് ബിന്‍സിന്‍റെ വാതില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് പോലെ ട്രെയിനിന്‍റെ ഒരു വശം മുഴുവന്‍ മുകളിലേയ്ക്ക് തുറന്നാണ്, യാത്രക്കാരെ അകത്തു കയറ്റുന്നത്. യാത്രയ്ക്ക് തൊട്ടു മുമ്പ് അടച്ച്, മുകളിലെത്തിക്കഴിഞ്ഞ്, മറുവശം ഇതേമട്ടില്‍ തുറന്ന്‍, യാത്രക്കാരെ പുറത്തേക്കിറക്കുന്നു.

റെയില്‍വെ സ്റ്റേഷന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ക്ലോക്ക് പ്രവര്‍ത്തിപ്പിക്കുന്നത്, താഴെ നിന്ന്‍ കുഴലിലൂടെ എത്തുന്ന നീരാവിയാണ്. ഓരോ ഇരുപതു മിനുട്ടിലും നീരാവി, അങ്ങനെ ക്ലോക്കിന് ‘താക്കോല്‍ കൊടുക്കുന്നു’.

താഴേക്കിറങ്ങുമ്പോള്‍ കണ്ടതില്‍ നിന്ന്‍ വ്യത്യസ്തമായ ഭാവവുമായി മൂന്നു സഹോദരിമാര്‍ ഞങ്ങളെ യാത്രയാക്കി. ഒരു വര്‍ഷത്തില്‍ ഇവിടെ എത്തുന്ന, ശരാശരി, ഇരുപതു ലക്ഷം സന്ദര്‍ശകരുടെ കണക്കില്‍ ഇത്തവണ ഞങ്ങള്‍ ഏഴുപേരും പെടും… .

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണലിൻറെ മുഖ്യഉപദേഷ്ടാവ്. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസം.

You may also like