പൂമുഖം LITERATUREകഥ ഫൈനൽ ടെസ്റ്റ്

ഫൈനൽ ടെസ്റ്റ്

ിലീപന് തീരെ ഉറക്കം വന്നില്ല . മുറിയിൽ ഏ സിയുടെ മരവിച്ച തണുപ്പിൽ പുറത്തെ ഉഷ്ണമറിയാതെ കിടക്കുകയാണ് എല്ലാവരും .നാളെ രണ്ട് പരീക്ഷകളാണ് . തൻ്റെ പതിമൂന്നാമത്തെ ഡ്രൈവിങ് ടെസ്റ് ,മറ്റേത് അർജന്റീനയുടെ കോപ്പാ അമേരിക്കൻ ഫൈനൽ. കളിക്കാനും കളി കാണാൻ തുടങ്ങിയ കാലം തൊട്ടേ അർജന്റീന ഒരു ലഹരിയാണ് . വെളുപ്പിന് നാല് മണിയ്ക്ക് അലാറം വെച്ചിട്ടുണ്ട് . അപ്പോഴാണ് ഫൈനൽ.കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവർത്തനം .ചിലി തന്നെയാണ് എതിരാളികൾ.പ്രാഥമിക റൗണ്ടിൽ ചിലിയെ തോൽപ്പിച്ചിട്ടുണ്ടെങ്കിലും ഫൈനലിൽ കളി വേറെയാണ്. ആയാസരഹിതമായി ഫൈനലിൽ എത്തി . മെസിയൊക്കെ നന്നായി ഗോളടിക്കുന്നുണ്ട് .
കഴിഞ്ഞ പന്ത്രണ്ട് ഡ്രൈവിങ് ടെസ്റ്റുകൾ . അതൊക്കെ തോറ്റതിനെപ്പറ്റി ആലോചിക്കാൻ തോന്നുന്നില്ല . കമ്പനി തന്നെ ഇത്തവണ മുന്നറിയിപ്പ് തന്നിട്ടുണ്ട് .
’മൂന്ന് വർഷമായി നീ ഡ്രൈവിങ് ക്ലാസെന്ന് പറഞ്ഞ് നേരത്തെ പോകുന്നു .ഇനി ഒരു ടീ ബോയുടെ ആവശ്യം ഈ കമ്പനിയ്ക്കില്ല, ഡ്രൈവിങ് ലൈസൻസ് എടുത്താൽ തനിയ്ക്ക് ഡ്രൈവർ ആയി തുടരാം .അല്ലെങ്കിൽ ഇനി വിസ പുതുക്കാൻ ഉദ്ദേശിക്കുന്നില്ല’
ശ്രമിക്കാഞ്ഞിട്ടാണോ . മുദീർ വന്നിരിക്കുമ്പോൾ ആകെ ഒരു പരിഭ്രമമാണ് . പിന്നെ തെറ്റിന് പിന്നാലെ തെറ്റുകൾ. അങ്ങനെ ലൈസൻസ് വഴിമാറി . ദിലീപൻ പാൻട്രിയുടെ ചതുരത്തിൽ ശ്വാസം മുട്ടി.
വീട്ടിലേക്ക് പോലുമയക്കാതെ ശമ്പളത്തിൽ നിന്ന് സ്വരുക്കൂട്ടിയാണ് ഓരോ ടെസ്റ്റിനും കാശടക്കുന്നത്. .ഓരോന്നോർത്ത് കിടന്നപ്പോൾ അലാറം അടിച്ചു . ഷംസു വിളിച്ചു ‘ഡാ എണീയ്ക്ക് . കളി തൊടങ്ങി’
അർജന്റീനയുടെ പോരാട്ട വീര്യങ്ങളൊന്നും കണ്ടില്ല .മെസ്സിയ്ക്ക് അനങ്ങാൻ കഴിയുന്നില്ല .രണ്ട് ചുവപ്പൻ കാർഡുകൾ . ഒന്നര മണിക്കൂർ ഉറക്കം തൂങ്ങിയ കളി . പെനാൽട്ടി വരുമ്പോൾ ദിലീപനോട് മുദീർ ലൈൻ മാറാൻ പറയുന്നത് പോലെയാണ് . പിന്നിൽ കുതിച്ചു വരുന്ന മറ്റു വാഹനങ്ങൾ . കണ്ണാടിയിൽ നോക്കുമ്പോൾ വളരെയടുത്താണെന്ന് തോന്നും . ലൈൻ മാറാനാവാതെ അഞ്ച് ടെസ്റ്റുകളിൽ പരാജയം സമ്മതിച്ചിട്ടുള്ളതാണ് .
മുറിയിൽ ദിലീപനും ഷംസുവും മാത്രമാണ് അർജന്റീന ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ .മറ്റുള്ളവർ കളിയാക്കി തുടങ്ങി .
“ഈ ആയുസ്സില് ഇനി അർജന്റീനയ്ക്കു ഒരു കപ്പും ദിലീപന്റെ ഡ്രൈവിങ് ലൈസൻസും കാണാൻ പറ്റൂന്ന് തോന്നുന്നില്ല . “അനിലേട്ടൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു
ചിലിയുടെ ആദ്യ ഷോട്ട് അർജന്റീനയുടെ ഗോൾ കീപ്പർ റൊമേരോ തടഞ്ഞു .പകുതി ആശ്വാസം .അർജന്റീനയ്ക്ക് വേണ്ടി ആദ്യ ഷോട്ടെടുക്കുന്നത് മെസ്സി .ബാഴ്സലോണയിൽ തങ്ങളുടെ ഗോൾ കീപ്പറായ ബ്രാവോയാണ് ശത്രു പക്ഷത്ത് . മെസ്സിയിൽ ആത്മവിശ്വാസം കണ്ടതേയില്ല .അലക്ഷ്യമായെടുത്ത ഷോട്ട് ഗോൾ വലയത്തിന്റെ പുറത്തേക്ക്. ദിലീപന് ആധിയായി .തന്റെ പതിമൂന്നാം ടെസ്റ്റും ഇങ്ങനെയാവുമോ .ചിലിയുടെ ജയം അർജന്റീനയുടെ എതിരാളികൾ ആഘോഷിച്ചു .എല്ലാവരും ജോലിയ്ക്കു പോകാനുള്ള തിരക്കിലേക്ക് മറഞ്ഞു .ഷംസു പുറം തട്ടി പറഞ്ഞു
‘നീ പതിമൂന്നാം ടെസ്റ്റാണെന്ന് ബിചാരിച്ച് ബേജാറാവണ്ട .മന്ത്രി തോമസ് ഐസക്ക് പതിമൂന്നാം നമ്പർ ചോദിച്ചു വാങ്ങിയത് അറിഞ്ഞില്ലേ .എല്ലാം ശരിയാവൂടാ .ആൾ ദി ബെസ്റ് ‘
ഡ്രൈവിങ് ടെസ്റ്റിന് എട്ടു മണിയ്ക്ക് തന്നെയെത്തി .ഫയൽ ഓഫിസിൽ കൊടുത്തു .. വിസ ക്യാൻസൽ ചെയ്താൽ നാട്ടിൽ പോകേണ്ടി വരും .വയസ്സ് മുപ്പതാകുന്നു .കല്യാണം പോലും കഴിച്ചില്ല. ഗൾഫ്കാരന്റെ ലേബലും പോകും . വീണ്ടും ഒരു വരവൊക്കെ ബുദ്ധിമുട്ടാകും

തോട്ടത്തിൽ കൃഷ്ണൻ ദിലീപൻ..
പേര് വിളിച്ചപ്പോൾ ദിലീപൻ എണീറ്റു . മറ്റു മൂന്ന് പേരും കൂടിയുണ്ട് .ആദ്യം വിളിച്ചത് പാകിസ്ഥാൻ കാരനെയാണ് . ഭാഗ്യം അവിടന്ന് റിവേഴ്സ് എടുത്ത് റോഡിലിറങ്ങേണ്ടല്ലോ . അത് കഴിഞ്ഞ് ഫിലിപ്പൈൻ സ്വദേശി സുന്ദരമായി ഓടിച്ചു .പിന്നെ വിളിച്ചത് സ്വദേശിയായ അറബിയെയാണ് .ഒടുവിൽ ദിലീപന്റെ ഊഴം..ബെൽറ്റ് മുറുക്കി കണ്ണാടിയൊക്കെ നേരെയാക്കി . സീറ്റ് ശരിയാക്കുമ്പോഴേയ്ക്കും ഓടിക്കാനുള്ള ആജ്ഞ വന്നു . മുന്നിൽ നിവർന്ന പാതയിൽ ജീവിതം തുറന്നു വന്നു . ലൈൻ ചെയ്ഞ്ച് കേട്ടപ്പോൾ മെസ്സിയുടെ പുറത്ത് പോയ പെനാൽറ്റി അറിയാതെ മനസ്സിൽ തികട്ടി . ഓഫിസിൽ പാർക്ക് ചെയ്തതും മുദീർ അകത്തു പോയി . ആത്മവിശ്വാസം ഇല്ലാതില്ല . എന്നാലും ടെസ്റ്റിന്റെ പേപ്പർ കൈയിൽ കിട്ടുന്നത് വരെ ഒരു വിറയൽ

പേര് വിളിച്ചപ്പോൾ എഴുന്നേറ്റ് നിന്നു പേപ്പർ വാങ്ങി .  പാസ്സായി . പതിമൂന്നാം ടെസ്റ്റിൽ ദിലീപന് ഡ്രൈവിങ് ലൈസൻസ്
മൊബൈലിൽ ഷംസുവിന്റെ നമ്പർ ആദ്യം ഡയൽ ചെയ്തു . ‘കോപ്പ കപ്പ് അടിച്ചു മോനെ”

Comments
Print Friendly, PDF & Email

You may also like