പൂമുഖം Travelയാത്ര വിയറ്റ്നാം ഡയറീസ് (Day – 3)

വിയറ്റ്നാം ഡയറീസ് (Day – 3)

ഇന്ന് രാവിലെ നേരത്തേ തയ്യാറായി. രാവിലത്തേക്ക് സെയ്ഗോൺസിറ്റിടൂർ ബുക്കു ചെയ്തിട്ടുണ്ട്. കൂട്ടാൻ ആളു വരുംമുമ്പേ ഹോട്ടലിൽ നിന്ന് കുശാലായി ഫ്രീ ബ്രെയ്ക് ഫാസ്റ്റ് കഴിച്ചു. കൃത്യം ഏഴരയ്ക്ക് ജോൺ കുവോംഗ് ഒരു AC ടെമ്പോ വാനുമായി വന്ന് നമസ്തേ പറഞ്ഞ് സ്വീകരിച്ചു. യൂറോപ്യൻ എന്നു തോന്നിയ വേറെ എട്ടു ടൂറിസ്റ്റുകളും കൂടെയുണ്ട്. ജോൺ ബുദ്ധമതക്കാരനാണ്. വിയറ്റ്നാമിൽ കൂടുതലും ബുദ്ധമതക്കാരും കൃസ്ത്യാനികളുമാണ്. അഞ്ചുശതമാനത്തോളം ഹിന്ദുക്കളും മറ്റുള്ളവരുമുണ്ട്. വലിയൊരു വിഭാഗം മതമില്ലാത്തവരാണ്. ഗവ. ജോലികൾ മതമില്ലാത്ത ജീവനുകൾക്കേ ഉള്ളൂ എന്നാണ് അയാൾ പറഞ്ഞത്.

ജോൺ നല്ല രസികനാണ്. “ഇന്ത്യയും വിയറ്റ്നാമും നല്ല സുഹൃത്തുക്കളാണ്, കാരണം നമുക്കൊരു പൊതു ശത്രുവുണ്ട് : ചൈന!” വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു: “ഇവിടെയൊക്കെ ചുമരിനു പോലും ചെവിയുണ്ട്, അതുകൊണ്ട് No comments ‘ജനാധിപത്യപരമായി തെരഞ്ഞെടുത്ത കമ്മ്യൂണിസ്റ്റ് ഭരണമുള്ള നാട്ടിൽ നിന്നാണ് ഞങ്ങൾ വരുന്നത് എന്നു പറഞ്ഞു കൊണ്ട് അയാളോട് ചോദിച്ചു; “ഇവിടെ ഇലക്ഷൻ ഉണ്ടോ?’ തോളുകൾ കുലുക്കി അയാൾ പറഞ്ഞു: ” ഇലക്ഷനൊക്കെയുണ്ട്; പക്ഷേ No comments!”
“ഞങ്ങൾ പക്ഷേ വടക്കൻ കൊറിയയേയും ചൈനയേയും പോലെ അല്ല കേട്ടോ, ഇവിടെ മക് ഡൊണാൾഡ്സുണ്ട്; ഫേസ്ബുക്കുണ്ട് ‘. ജനങ്ങൾക്ക് ‘അത്യാവശ്യം സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു ‘മോഡേൺ ഫാമിലി’യാണെന്ന് ചുരുക്കം.

വിയറ്റ്നാമിൻ്റെ ചരിത്രം യുദ്ധങ്ങളുടെയും ചരിത്രമാണ്. ചൈനയുമായി, ഫ്രഞ്ച് കോളനി ഭരണം അവസാനിപ്പിക്കാൻ ഫ്രാൻസുമായി, അമേരിക്കയുമായി, കംബോഡിയയുമായി. അങ്ങനെയങ്ങനെ. കടൽക്കുതിരയുടെ ആകൃതിയിൽ നീണ്ടു കിടക്കുന്ന രാജ്യമാണിത്. കിഴക്കുവശത്ത് പസഫിക്കിൻ്റെ ഭാഗമായ സൗത്ത് ചൈന സീ.പടിഞ്ഞാറ് കംബോഡിയ, തായ്‌വാൻ, ലാവോസ.വടക്ക് ചൈന. പണ്ടിത് രണ്ടു രാജ്യങ്ങളായിരുന്നു. ഉത്തര വിയറ്റ്നാം കമ്മ്യൂണിസ്റ്റ് ഭരണത്തിലും തെക്കൻ വിയറ്റ്നാം അമേരിക്കൻ നിയന്ത്രണത്തിലുള്ള ഭരണത്തിലും. തെക്കൻ വിയറ്റ്നാമിലെ അമേരിക്കൻ അധിനിവേശം അവസാനിപ്പിക്കാനാണ് ഭീഷണമായ വിയറ്റ്നാം യുദ്ധം നടന്നത്.

ബെൻ തൂംഗ് മാർക്കറ്റ്

“ഞങ്ങളുടെ രാജ്യത്തോട് അമേരിക്ക ചെയ്തത് കാണുക” എന്നു പറഞ്ഞ് ജോൺ ഞങ്ങളെ യുദ്ധ മ്യൂസിയത്തിലേക്ക് നയിച്ചു. ഏജൻ്റ് ഓറഞ്ച് എന്ന വിഷം (ഡയോക്സിൻ )അമേരിക്ക വിമാനത്തിൽ സ്പ്രേ ചെയ്ത് തലമുറകളെ നശിപ്പിച്ചതിൻ്റെ നേർക്കാഴ്ചകളായിരുന്നു അവിടെ. മനസ്സുരുക്കുന്ന ചിത്രങ്ങൾ. നമ്മുടെ എൻഡോസൾഫാൻ്റെ എത്രയോ മടങ്ങ് വലുപ്പമുള്ള ദുരന്തമാണത്. അതിൻ്റെ ഒരു ഇരയാണ് ടിക്കറ്റ് വാങ്ങാനിരിക്കുന്നയാൾ. ജനിച്ചപ്പോഴേ ഒരു കാലില്ല. ലോക പ്രശസ്തമായ കിം ഫുക്കിൻ്റെ ചിത്രവും അവിടെയുണ്ട്. അമേരിക്ക പരാജയപ്പെട്ട ഏക യുദ്ധത്തിൻ്റെ കഥകൾ പുതുതലമുറക്കുട്ടികൾ സ്കൂൾ ടൂറായി വന്ന് താല്പര്യപൂർവ്വം കാണുന്നുണ്ട്.

തുടർന്ന് നോത്രദാം പള്ളിയുടെ മോഡലിൽ പണിയുന്ന പള്ളിയും, പ്രസിദ്ധമായ സൈഗോൺ പോസ്റ്റ് ഓഫീസും കാണിച്ച് ജോൺ ഞങ്ങളെ തിരിച്ച് ഹോട്ടലിലെത്തിച്ചു. ഒരമ്പലത്തിൻ്റെ ഗോപുരത്തലപ്പ് നോക്കി നടന്ന് ഞങ്ങൾ ദണ്ഡായുധപാണി ക്ഷേത്രത്തിലെത്തി. അവിടെ സുബ്രഹ്മണ്യൻ മാത്രമല്ല, ശിവൻ്റെ മുഴുവൻ ഫാമിലിയും കൃഷ്ണനും, രാമനും പിന്നെ ഗാന്ധിയും നെഹ്രുവും ടാഗോറും വിവേകാനന്ദനും സായി ബാബയുമൊക്കെയുണ്ട്. എല്ലാവരും കൂടെ ഒരു ഇന്ത്യൻ കമ്മ്യൂണിറ്റിയായി അവിടെ കഴിയുന്നു! കോക്കനട്ട് ബിസ്കറ്റ് പാക്കറ്റാണ് ഗണപതിയുടെ മുന്നിൽ വെച്ചിരിക്കുന്നത്.

പിന്നെ സൈഗോണിൻ്റെ ഐഡൻ്റിറ്റിയായ ബെൻതൂങ് മാർക്കറ്റിലേക്ക് നടന്നു. അതൊരു മഹാമാർക്കറ്റാണ്. ‘സഞ്ചാര’ത്തിൻ്റെ ഒരു എപ്പിസോഡു മുഴുവൻ ഉണ്ടായിരുന്നു അത്. ഭാഷ അറിയാതെ ലക്ഷങ്ങളിൽ വിലപേശുന്നതിൽ റിസ്ക് ഉണ്ട്. അവർ പറയുന്ന തുകയെ മനസ്സിൽ 300 കൊണ്ട് ഹരിക്കണം. മനക്കണക്കിൽ പൂജ്യം വെട്ടി ഞാൻ മടുത്തു ! നോട്ടു കൊടുക്കുമ്പോൾ 10000 ഉം 100000 ഉം പൂജ്യം എണ്ണി ശ്രദ്ധിച്ച് വശം കെട്ടു.

സൈഗോൺ നഗരം – രാത്രി ദൃശ്യം

ഉച്ച ഭക്ഷണമായി വിയറ്റ്നാമിലെ പ്രസിദ്ധ ബ്രഡ്ഡായ ബാൺമീ കഴിച്ചു. മൊരിഞ്ഞ ഒരു നീളൻ ബണ്ണാണത്. ‘No egg, No fish, No beef , No Pork’ എന്ന് ഞാൻ എഴുതിക്കാണിച്ചത് വായിച്ച് ‘പിന്നെ എന്തിനാണു ഹേ ഇത് കഴിക്കുന്നത് ‘ എന്ന ഭാവത്തിൽ കടക്കാരൻ അതിനകത്ത് ലേശം തക്കാളിയും ഉള്ളിയും മല്ലിച്ചപ്പും വെച്ചു തന്നു. പിന്നെ ഇന്നലത്തെ അമ്മൂമ്മയോട് പഴുത്ത മാങ്ങയും വാങ്ങിക്കഴിച്ച് തൃപ്തിപ്പെട്ടു. വൈകിട്ട് സ്കൈ ഡെക്ക് എന്ന 50 നില കെട്ടിടത്തിൻ്റെ മുകളിൽ കേറി സൈഗോണിൻ്റെ ഒരു വിഹഗവീക്ഷണം നടത്തി.

പിന്നെയാണ് ഇന്നത്തെ ഹൈ ലൈറ്റ് ആയ ക്രൂയിസ് ഡൈനിംഗിനു പോയത്. സൈഗോൺ പോർട്ടിലേക്ക് നടന്നു. അവിടെ വലിയ ബോട്ടുകൾ ഡിന്നറിന് ഒരുങ്ങി നിൽക്കുന്നു. ഡെക്കിൽ വെച്ച് 5 കോഴ്‌സ് ഡിന്നർ. (വെജ് പറഞ്ഞിരുന്നു). ആ അന്തരീക്ഷം ഗംഭീരം. ബോട്ട് നീങ്ങി.ചുറ്റും കരയിൽ വെളിച്ചങ്ങൾ നിറഞ്ഞു. സ്പൂണും ഫോർക്കും പ്ലേറ്റിൽ തട്ടുന്ന ശബ്ദങ്ങളും പതിഞ്ഞ സംസാരങ്ങളും മുകളിൽ ചന്ദ്രനും. ചില പിറന്നാളാഘോഷങ്ങൾ, പ്രണയികളുടെ ഒത്തു ചേരലുകൾ, കുടുംബങ്ങൾ, ടൂറിസ്റ്റുകൾ…ഡിന്നർ കഴിയുമ്പോഴേക്കും രണ്ടു പേർ പാട്ടുതുടങ്ങി. സൈഗോൺ നദിയിലൂടെ ബോട്ട് ഏറെദൂരം പോയി. പാട്ട് നൃത്തത്തിലേക്ക് വഴിമാറി.

ഓരോ ഭാഷയിലും പാടുമ്പോൾ ആ രാജ്യക്കാരെ ഡാൻസിനു വിളിക്കും. ഹിന്ദിപ്പാട്ടു പാടിയപ്പോൾ ഞങ്ങളും വേറെ ഒരു കുടുംബവും മുന്നോട്ടു ചെല്ലേണ്ടി വന്നു. (അങ്ങനെ രാജ്യത്തിനു മൊത്തം നാണക്കേടുണ്ടാക്കിക്കാണും ഞങ്ങളുടെ പ്രകടനം!)

ഊബറിനു പകരം ഗ്രാബ് എന്നാണ് ഇവിടുത്തെ ടാക്സി ആപ്പിൻ്റെ പേര്. വണ്ടിനമ്പർ ദശാംശ സംഖ്യകളാണ്. അങ്ങനെ ഗ്രാബിൽ 176.32 നമ്പർ കാറു വിളിച്ച് 28000 ഡോംഗ് തിരിച്ചും മറിച്ചും നോക്കി എണ്ണിക്കൊടുത്ത് ഹോട്ടലിലേക്ക് തിരിച്ചുകയറി.

കവർ: ജ്യോതിസ് പരവൂർ

(തുടരും)

Comments

You may also like