ഗംച എന്ന ഗമുച്ച എന്ന ഗമോസ എന്ന ഗമുസ
2025 ഫെബ്രുവരി ഇരുപത്തിരണ്ടാം തിയ്യതി. സമയം പകല്‍ ഒന്നര മണി കഴിഞ്ഞിരുന്നു. ബാഗുകള്‍ കയറ്റിയ ട്രോളിയുമായി ഞങ്ങള്‍, സുശീലയും ഞാനും, ഗുവാഹാത്തിയിലെ ലോക്‍പ്രിയ ഗോപിനാഥ് ബോര്‍ഡോലോയ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ പുറത്തേയ്ക്കുള്ള വാതില്‍ കടന്നു. കാത്തുനിന്നവര്‍ ഉയര്‍ത്തിക്കാട്ടിയ പ്ലക്കാര്‍ഡുകളുടെ കൂട്ടത്തില്‍ അപ്രതീക്ഷിതമായി എന്‍റെ പേരെഴുതിയ ഒന്ന് ! ഇതുവരെ ഉണ്ടായിട്ടില്ല – വേണ്ടിവന്നിട്ടില്ല. കൈയുയര്‍ത്തിക്കാണിച്ച്, അടുത്തെത്തി, ട്രോളി കൈമാറി.
ബന്ധുവും ഞങ്ങളുടെ ആതിഥേയനുമായ ശ്രീ മൂർത്തി കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ ആണെന്നറിഞ്ഞിരുന്നു. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം, അസം കേന്ദ്രമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്‍റെ എം ഡി യും ചെയര്‍മാനുമായി ജോലി നോക്കുകയാണ് അദ്ദേഹം. തന്‍റെ സുഹൃത്ത് പങ്കജ് ദാസ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാന്‍ എയർപോർട്ടിൽ എത്തുമെന്ന് പറഞ്ഞിരുന്നു. ട്രോളി പോര്‍ട്ടറെ ഏല്‍പ്പിച്ച്, ഞങ്ങള്‍ മുന്നോട്ട് നടന്നു, ഫോണില്‍ പങ്കജിന്‍റെ അന്വേഷണങ്ങള്‍ക്ക് മറുപടി കൊടുത്തുകൊണ്ട്.

തിരക്കിലൂടെ വഴിയുണ്ടാക്കി നടന്നുവന്ന സുമുഖനായ ചെറുപ്പക്കാരന്‍ മുന്നിലെത്തി, നിന്നു. തൊഴുതു. ചിരിച്ച് സ്വയം പരിചയപ്പെടുത്തി.
“പങ്കജ് ദാസ്, സർ!”
പിന്നെ കൈയില്‍ കരുതിയിരുന്ന ചുവന്ന കരയും ബോർഡറുകളുമുള്ള വെള്ള ഷാളുകള്‍, മടക്കുകള്‍ ഉലയാതെ ഞങ്ങളെ അണിയിച്ചു! അപരിചിതമായ ആ വരവേല്‍പ്പ് സന്തോഷിപ്പിച്ചതിനെക്കാള്‍ അദ്ഭുതപ്പെടുത്തി. അതങ്ങനെ അസാധാരണമായ ഒന്നല്ലെന്ന് – അസം സംസ്കാരത്തിന്‍റെ തന്നെ ഭാഗമാണെന്ന് – പിന്നീടറിഞ്ഞു. ഗംച എന്നാണ് പ്രാദേശികമായി ഈ ഷാൾ അറിയപ്പെടുന്നത്. രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ മേഖലയില്‍ കിടക്കുന്ന സംസ്ഥാനങ്ങളില്‍ പലതിലും (ബംഗ്ലാദേശിലും എന്ന് വായിച്ചു,) ‘വിശിഷ്ടാതിഥിക’ളെ ഇങ്ങനെ സ്വീകരിക്കുന്ന പതിവുണ്ട്. വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന ഈ അംഗവസ്ത്രം പരുത്തിത്തുണിയിലോ പട്ടിലോ നെയ്തെടുത്തവയാണ്. ഡിസൈന്‍സ് ഒന്നുമില്ലാത്തവയും ദേശത്തെ പ്രതിനിധീകരിക്കുന്ന ചിത്രപ്പണികള്‍ കൊണ്ട് ഉടനീളം മോടിപിടിപ്പിച്ചവയുമുണ്ട്. ദേഹം തുടയ്ക്കാനുള്ള തുണി എന്നാണ് രണ്ട് വാക്കുകൾ ചേർന്നുണ്ടായ ഈ സമസ്തപദത്തിനർത്ഥം.
പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനെ ദേഹം തുടയ്ക്കുന്ന തോര്‍ത്താക്കാം. കാസിരംഗയില്‍ അസമിന്‍റെ തനത് നാടോടി നൃത്തമായ ബിഹുവിൽ പുരുഷന്മാർ തലപ്പാവായി ഉപയോഗിച്ചുകണ്ടു. റെസ്റ്റോറന്‍റുകളിലും മറ്റും അലങ്കാരത്തിന്‍റെ ഭാഗമായി ഇടവിട്ടിടവിട്ട് ചുറ്റോട് ചുറ്റും കലാപരമായി തൂക്കിയിട്ടിരിക്കുന്നത് കണ്ടു. പൂജകളിൽ വിഗ്രഹങ്ങളോ ഗ്രന്ഥങ്ങളോ വെയ്ക്കാനായി നിലത്ത് വിരിയായി ഉപയോഗിക്കാം. കഴുത്തിൽ ചുറ്റി തണുപ്പിനെ ചെറുക്കാം. വേണ്ടിവന്നാൽ, അറ്റത്ത് കല്ല് കെട്ടി വന്യമൃഗങ്ങൾക്കോ അക്രമകാരികൾക്കോ എതിരെ ആയുധമായും ഉപയോഗിക്കാമത്രെ !
പത്ത് ദിവസങ്ങള്‍ക്ക് ശേഷം അയൽ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പോയിരുന്നു. ഗസ്റ്റ് ഹൌസിന്‍റെ നടത്തിപ്പുകാരന്‍, മൂർത്തിയുടെ സുഹൃത്ത്, അഭിജിത്ത് ഞങ്ങളെ സ്വീകരിച്ചതും ഗംച അണിയിച്ചുകൊണ്ടായിരുന്നു. മുന്‍കാല രാഷ്ട്രീയപ്രവര്‍ത്തകനും ഗ്രന്ഥകാരനും ഗാനരചയിതാവും സംഗീത സംവിധായകനും സിനിമാസംവിധായകനുമായ ഡോര്‍ജീ ഖണ്ഡു തോങ്ഡോക്കി (ഡി.കെ.) നെ പരിചയപ്പെടുത്തിയത് അഭിജിത്താണ്. ഡി കെ.യും മൂര്‍ത്തിയുടെ അടുത്ത കൂട്ടുകാരനാണ് !

പൊതുരംഗത്ത് അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ‘മൂർത്തിജി’ ഒരു വലിയ സുഹൃദ് വലയം സ്വന്തമായുള്ള വ്യക്തിയുമാണെന്നതിന് ചെന്ന ഇടങ്ങളിലെല്ലാം ഞങ്ങള്‍ക്ക് തെളിവുകള്‍ കിട്ടി. കാസിരംഗ നാഷണല്‍ പാര്‍ക്കിലെ ആന സഫാരിയിലും കാമാഖ്യ ക്ഷേത്രദര്‍ശനത്തിലും അരുണാചൽ പ്രദേശിലെ ബുദ്ധവിഹാരങ്ങളിലും ആ സൗഹൃദത്തിന്‍റെ അദൃശ്യസാന്നിദ്ധ്യം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ബുദ്ധിസ്റ്റ് മൊണാസ്റ്റ്രികളിൽ ഗൈഡ് ആയി കൂടെ വന്ന ബാബുവിന് പിരിയാൻ നേരം ഒരു തുക കൈമാറാൻ ശ്രമിച്ചു. ഞങ്ങളുടെ സന്തോഷത്തിനാണെന്ന് പറഞ്ഞ് പല തവണ ശ്രമിച്ചിട്ടും പണം വാങ്ങാൻ ബാബു വിസമ്മതിച്ചു :
“വേണ്ട, സര്‍ – മൂർത്തിജി ഞങ്ങളുടെ സ്വന്തം ആളാണ്. അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായ നിങ്ങളും!”
രാജ്യത്തിന്‍റെ തെക്കേ അറ്റത്ത് നിന്നുള്ളവരാണെന്നറിഞ്ഞപ്പോള്‍ ഡി കെ യ്ക്ക് ഞങ്ങളെ നന്നെ ഇഷ്ടപ്പെട്ടു, മൂന്നാമത്തെ ജോടി ഗംച അദ്ദേഹവും പത്നിയുമാണ് സമ്മാനിച്ചത്. ഇത്തവണ നിറപ്പകിട്ടുള്ളവയായിരുന്നു . ഹൃദ്യമായ ആ കൂടിക്കാഴ്ചയെ കുറിച്ച് പിന്നീടാവട്ടെ. ഒഴിവുദിനങ്ങള്‍ക്കവസാനം ഈ മാസം ഏഴാം തിയ്യതി, ഉച്ചഭക്ഷണം കഴിഞ്ഞ് മൂർത്തിയുടെ വീട്ടില്‍ നിന്ന് ഞങ്ങള്‍ മടക്കയാത്രയ്ക്കായി എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ചു. വീട്ടുകാര്‍, ഖാസി ചെറി എന്നും അറിയപ്പെടുന്ന സോഹിയോങ് പഴത്തിന്റെ ജാമും അസം ചായയുടെ കൂടും ചേര്‍ന്ന ഓരോ ചെറിയ സഞ്ചികള്‍ യാത്രയയപ്പിന്‍റെ ഭാഗമായി സമ്മാനിച്ചു. പിന്നെ, അസമില്‍ ചെല്ലുമ്പോള്‍ അസംകാരെ പോലെ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി ഞങ്ങളെ, പതിനാല് ദിവസത്തിനുള്ളിലെ നാലാമത്തെയും അവസാനത്തെയുമായ ഗംച അണിയിച്ചു. മറ്റ് നാടുകളുമായി സമപ്പെടുത്താനാവാത്ത, അസമമായ, പ്രദേശം എന്ന അര്‍ത്ഥത്തില്‍ ആണത്രെ അസം എന്ന പേര് വീണത്. ലഘുക്കളെ പാടിനീട്ടി നമ്മള്‍ ഗുരുക്കളാക്കി. ആസാമാക്കി. അവിടെ നിര്‍ത്താം. ഒരുപടി കൂടി കടന്ന് ആസ്സാമെന്ന ഇരട്ടിപ്പിലേയ്ക്ക് പോകണ്ട എന്ന് പറയുന്നു മനസ്സ്.
തിരിച്ചിട്ട ഉദ്ധരണി
സന്ദര്‍ശനത്തിന് എത്തിയ നാട്ടില്‍ വണ്ടിയിറങ്ങി അവിടത്തെ താമസസ്ഥലത്തേയ്ക്കുള്ള ആദ്യയാത്രയില്‍ എന്നും കടന്നുപോകുന്ന ഒരു മാനസികാവസ്ഥയുണ്ട്. സഞ്ചാരിയുമായുള്ള ആദ്യമുഖാമുഖത്തില്‍ നാടിനും സമാനമായ അനുഭവമുണ്ടാവും എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. വിവാഹത്തിന് ശേഷം മുന്‍പരിചയമില്ലാത്ത ഭര്‍തൃഗൃഹത്തിലേയ്ക്ക് കയറുന്ന (പഴയകാല) പുതുപ്പെണ്ണിന്‍റെ മനോനില പോലെ എന്തോ ആണത്. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ നാടുമായുള്ള പാരസ്പര്യത്തില്‍ വരുന്ന മാറ്റം, അതെപ്പോഴും ഓര്‍മ്മപ്പെടുത്തും.
‘ആദ്യമായി കാണുമ്പോള്‍ താങ്കളെ ഒരു തെമ്മാടിയായാണ് ഞാന്‍ കാണുക. ആ ധാരണ ശരിയല്ലെങ്കില്‍ അത് തെളിയിക്കേണ്ട ബാദ്ധ്യത താങ്കളുടേതാണ്.’ എന്ന അര്‍ത്ഥത്തില്‍ ഒരുദ്ധരണി കേട്ടിട്ടുണ്ട്. ഇത് തിരിച്ചിട്ട് വായിക്കാനാണ് എനിക്കിഷ്ടം. ആദ്യ ഇടപെടലില്‍ കാണുന്നത് നന്മയാണ്. വ്യക്തിക്കായാലും നാടിനായാലും. തിരുത്തേണ്ടിവന്ന ഉദാഹരണങ്ങള്‍ ഇല്ല എന്നില്ല. പക്ഷേ നൂറില്‍ തൊണ്ണൂറ്റൊമ്പതിലും വേണ്ടിവന്നിട്ടില്ല. ഗുവാഹാട്ടി എയര്‍പോര്‍ട്ടില്‍ നിന്ന് അസമിന്‍റെ തലസ്ഥാനമായ ദിസ്പൂരില്‍ മൂര്‍ത്തിയുടെ വീട്ടിലേയ്ക്കുള്ള യാത്രയിലും അതുണ്ടായി. വഴിക്കാഴ്ചകളുമായി നിന്ന പുത്തന്‍ നാടും ഞാനുമായി മൂകമായ കൊടുക്കല്‍ വാങ്ങലുകള്‍ നടന്നു.
പതിവ് പോലെ, ‘ഓർമ്മയിൽ സൂക്ഷിക്കാവുന്ന അനുഭവങ്ങൾ നമുക്ക് പരസ്പരം കൈമാറാൻ കഴിയട്ടെ. ആശംസകൾ – നന്ദിയും!’ എന്നാണ് രണ്ടുകൂട്ടരും പറയാതെ പറഞ്ഞത്.
ഒരർത്ഥത്തിൽ അസം യാത്ര ആന്ധ്രപ്രദേശിലേയ്ക്കുള്ള യാത്ര കൂടിയായി. ജീവിതശൈലിയിലും ഭക്ഷണത്തിലും മൂര്‍ത്തിയും വീട്ടുകാരും മുഴുവനായും സ്വന്തം ആന്ധ്ര രീതികളാണ് പിന്തുടരുന്നത്. പാചകത്തിന്‍റെ ചുമതല അസം സ്വദേശിയായ വിനീത് ലാൽ എന്ന ചെറുപ്പക്കാരനാണ്. സ്വന്തം ഭാഷയും ശ്ലഥഹിന്ദിയുമല്ലാതെ ഒന്നും വശമില്ലാത്ത ലാൽ തയ്യാറാക്കുന്നതത്രയും സ്വാദിഷ്ട ഹൈദരാബാദ് വിഭവങ്ങളാണ്. അവനതിന്‍റെ ചാരിതാര്‍ഥ്യത്തിലും ആവേശത്തിലുമാണ്. അടുത്ത തവണ വരുമ്പോഴേയ്ക്ക് കൂടുതൽ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിക്കാം എന്ന് വാക്ക് തന്നിട്ടുണ്ട്.
രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കും സാഹസികതകൾക്കും തയ്യാറായ നാവും സഹകരിക്കുന്ന ദഹനവ്യവസ്ഥയും യാത്രകളിൽ വലിയ അനുഗ്രഹമാണ്. അവയില്ലെങ്കിൽ അതില്‍ കവിഞ്ഞൊരു രസംകൊല്ലിയുമില്ല. പുളുസുവും പപ്പു കൂറയൂമടക്കം ഞങ്ങളെ സ്വീകരിക്കാൻ ലാൽ തയ്യാറാക്കിയിരുന്ന വിഭവങ്ങളിൽ മിക്കവാറും ഇനങ്ങൾ, ‘സാദൃശ്യത്താല്‍ സ്മൃതി ഭ്രാന്തി സന്ദേഹങ്ങള്‍’ ഉണര്‍ത്തിയെങ്കിലും ആ സ്വാദില്‍ ഞങ്ങൾ ആദ്യമായി രുചിക്കുകയായിരുന്നു. ചോറ് വിളമ്പുന്നതിന് മുന്‍പേ ഉപദംശങ്ങളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും വിളമ്പിയിരിക്കണം എന്ന വീട്ടുകാരുടെ ശീലം ലാല്‍ വിശദീകരിച്ചു.
“മരണവീട്ടിലാണ് ചോറ് ആദ്യം വിളമ്പുക.”

മൂർത്തിയുടെ വീട് ‘അടിസ്ഥാന ക്യാമ്പാ’യി നിലനിർത്തി യാത്രകൾ പോകാനായിരുന്നു പദ്ധതി. ‘രണ്ട് ദിവസം ചുറ്റുക. തിരികെ ദിസ്പ്പൂരെത്തുക. ഒരു ദിവസം വിശ്രമിക്കുക.‘ – മൂർത്തി തയ്യാറാക്കിത്തന്ന യാത്രാകാര്യക്രമത്തിന്‍റെ ചിട്ട അതായിരുന്നു. എത്തിയ ദിവസം വൈകുന്നേരം അധികം ദൂരെയല്ലാതെയുള്ള പൂര്‍വ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ പോയി. അവിടെ കല്യാണോത്സവ് നടക്കുകയായിരുന്നു. ശ്രീ വെങ്കിടാചലപതിയും ദേവി പത്മാവതിയും തമ്മിലുള്ള വിവാഹം ആണ് കല്യാണോത്സവിന്‍റെ മുഖ്യ ചടങ്ങ്. നിറഞ്ഞ സദസ്സായിരുന്നു. വിവാഹത്തിന്‍റെ ചടങ്ങുകള്‍ ഉച്ചത്തിലുള്ള മന്ത്രോച്ചാരണത്തോടെ നടക്കുന്നുണ്ടായിരുന്നു. അന്തരീക്ഷത്തില്‍ സുഖകരമായ തണുപ്പുണ്ടായിരുന്നു. തുറന്ന ഹാള്‍ ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. രണ്ട് മണിക്കൂറോളം മുഷിയാതെ ചടങ്ങുകള്‍ കണ്ട് ഇരുന്നു. പൂജാരികളില്‍ ഒരാള്‍ ഞങ്ങളുടെ കൈത്തണ്ടകളിലും മന്ത്രോച്ചാരണത്തോടെ ഓരോ മഞ്ഞച്ചരട് കെട്ടിത്തന്നു. കൂടെയുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കുന്നതിന് എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല.
പിറ്റേന്ന് രാവിലെ പ്രാതലിന് ശേഷം ഞങ്ങള്‍ കാറില്‍ ഷില്ലോംഗിലേയ്ക്ക് പുറപ്പെട്ടു. കൂടെ മൂർത്തിയുടെ സഹോദരൻ ശ്രീ ശർമ്മയും പത്നിയുമുണ്ടായിരുന്നു. കുട്ടിക്കാലത്ത് അസമിന്‍റെ തലസ്ഥാനമായി പഠിച്ച ഷില്ലോംഗ് ഇന്ന് അയല്‍ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനമാണ്. നാഷണല്‍ ഹൈവേയിലെത്തി സമാന്തരപാതകളിലൂടെ യാത്ര തുടരവേ ഡ്രൈവര്‍ വിജയ് പറഞ്ഞു:
“ഇനി ഈ റോഡിന്‍റെ ഇടതുവശം അസമും വലതുവശം ‘മേഘോലൊയു’ മാണ്. “
ഒരേ ബോര്‍ഡിന്‍റെ അപ്പുറവും ഇപ്പുറവുമായി ‘നന്ദി, വീണ്ടും വരിക ‘ എന്നും ‘സ്വാഗതം ‘ എന്നും എഴുതിക്കണ്ട് ശീലിച്ച മനസ്സിന് അതൊരു പുതുമയുള്ള കാഴ്ചയായിരുന്നു.
കവർ: ജ്യോതിസ് പരവൂർ