വുങ് തൗ
ഇന്നത്തെ ഗൈഡ് സൈമൺ ആണ്.
ഈ ഗൈഡുകൾക്കെല്ലാം ക്രിസ്ത്യൻ പേരുകൾ കേട്ടപ്പോൾ ഒരു സംശയം കൊണ്ട് ചോദിച്ചു: ‘അതാണോ നിങ്ങളുടെ യഥാർത്ഥ പേര്’ ? ‘അല്ല’. കിണ്ണം താഴെ വീണാലുള്ള ഒച്ചകൾ പോലെ എന്ന് നമ്മൾ പറയാറുള്ള മൂന്ന് ശബ്ദങ്ങളാണ് ഇവരുടെ പേരുകൾ. ആദ്യ ഭാഗം ഫാമിലി നെയിം, പിന്നെ മിഡിൽ നെയിം, അവസാന കഷണമാണ് സ്വന്തം പേര്.
വിയറ്റ്നാമിൻ്റെ സംസ്കാരത്തെയും ജീവിതരീതികളെയും ഭക്ഷണത്തെയും പറ്റി സൈമൺ വാചാലനായി. MA എന്നെഴുതിയതിൻ്റെ ആറ് ഉച്ചാരണങ്ങൾ കേൾപ്പിച്ച് അതിൻ്റെ വ്യത്യസ്ത അർത്ഥങ്ങളും പറഞ്ഞു തന്നു. മലയാളമൊക്കെ എത്രയോ എളുപ്പമുള്ള ഭാഷയാണ്!
ഇന്ന് കൂടെയുള്ളത് ഒരു അമേരിക്കൻ സായിപ്പും മദാമ്മയും പിന്നെ ഒരു സിംഗപ്പൂർ ദമ്പതികളുമാണ്. അമേരിക്കക്കാർ ഇന്ത്യയിലേക്ക് വരാൻ ഉദ്ദേശിക്കുന്നുണ്ടത്രേ. കേരളത്തിലേക്കും ഞാൻ ക്ഷണിച്ചു. Gods own country എന്നൊക്കെ പൊക്കിയടിച്ചിട്ടുണ്ട്.
വിയറ്റ്നാമിൻ്റെ തെക്കു പടിഞ്ഞാറായി കിടക്കുന്ന വുങ് തൗ ബീച്ചിലേക്കാണ് യാത്ര. ഏതാണ്ട് കിലോമീറ്ററുണ്ട്. ഇവിടം ഫ്രഞ്ച് സ്വാധീനമുള്ള പ്രദേശമാണ്. കെട്ടിടങ്ങളുടെ ശൈലിയും സ്ഥലപ്പേരുമൊക്കെ ഫ്രഞ്ച് ചുവയ്ക്കുന്നതാണ്.
യേശുവിൻ്റെ ഏഷ്യയിലെ ഏറ്റവും വലിയ പ്രതിമനിൽക്കുന്നയിടത്താണ് ആദ്യമെത്തിയത്. മലമുകളിലേക്ക് എണ്ണൂറ് പടികൾ കയറണം. വിവാഹവാർഷികം ഇന്നാണ്. ഇന്നു തന്നെ ഈ കുരിശിൻ്റെ വഴിയിൽ വന്നുപെട്ടത് വളരെ സമയോചിതമായല്ലോ എന്ന് കൂടെയുള്ളയാളുടെ ആത്മഗതം! പടിക്കെട്ടുകൾക്കു ചുറ്റും മരങ്ങളും തണലുമുള്ളതു കൊണ്ട് കയറ്റം കഠിനമല്ല. മുകളിലെത്തിയിട്ട് പ്രതിമയുടെ ഉള്ളിലൂടെ വീണ്ടും ഇരുനൂറ് പടി കൂടി ചവിട്ടി യേശുവിൻ്റെ തോളത്തും കയറി. കടലോരത്താണ് ഈ കുന്ന്. മുകളിൽ നിന്നു നോക്കുമ്പോൾ അതിമനോഹരമായ കാഴ്ചയാണത്.
അടുത്തത് വേറൊരു കുന്നിൻമുകളിലുള്ള ഫ്രഞ്ച് കൊട്ടാരം. വീണ്ടും പടികയറ്റം. എന്നാലെന്താ, കടൽക്കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങളുള്ള കൊട്ടാരവും മനോഹരം.
പതിനൊന്നരയ്ക്കാണത്രേ ഇവിടെ ഉച്ചഭക്ഷണസമയം. “ഞങ്ങൾ നേരത്തേ ഉണരുന്നവരും നേരത്തേ breakfast കഴിക്കുന്നവരുമാണ്. അതു കൊണ്ട് ലഞ്ച് നേരത്തേയാവും.” സൈമൺ പറഞ്ഞു.
ഈ നാട്ടുകാർ കഴിക്കുന്ന പച്ചിലകൾക്ക് ഒരു കണക്കുമില്ല. ഓരോ മേശപ്പുറത്തും ഒരാട്ടിൻ കുട്ടിക്ക് തിന്നാൻ മാത്രം ഇലകളുണ്ട്. ചോറിൻ്റെ കൂടെ വെളുവെളാ കൂണ്, ചീര, ബീൻസ്, ടോഫു (സോയാ മിൽക്കിൻ്റെ പനീറാണത്)എന്നിവ കൊണ്ടുള്ള ഓരോ വിഭവങ്ങളാണ് ഞങ്ങൾക്ക്. ബാക്കിയുള്ളവരുടെ മേശയിൽ നൂഡിൽസിനൊപ്പം പലതരം കക്കകളും ഞണ്ടുകളും മീനുകളും വന്നു പോയി. പിന്നെ മേശപ്പുറത്തേക്ക് അടുപ്പു കൊണ്ടുവെച്ച് അവിടെ വെച്ച് പാചകം തുടങ്ങി. (hot pot എന്നു പറയും).
ഈ യാത്രയിലാണ് ഏറെ ഭക്ഷണ വൈവിധ്യങ്ങൾ കണ്ടത്. അതൊക്കെ കണ്ടു നിൽക്കാൻ നല്ല രസമാണ്. ചോപ്സ്റ്റിക്ക് ഉപയോഗിച്ചും ഫോർക്കും നൈഫും സ്പൂണും വേണ്ടയിടത്ത് പ്രയോഗിച്ചും വ്യത്യസ്ത നാട്ടുകാർ ഭക്ഷണം കഴിക്കുന്നത് ഒരു കാഴ്ച തന്നെയാണ്. നമ്മളെപ്പോലെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നവർ ലോകത്ത് വളരെക്കുറച്ച് ശതമാനമേ വരൂ.
പേരറിയുന്നതും അറിയാത്തതുമായ പലതരം പഴങ്ങൾ കഴിച്ചു ഇവിടെ നിന്ന്. മാങ്ങയും പേരയ്ക്കയും ഡ്രാഗൺ ഫ്രൂട്ടും സുലഭം. ലോംഗൻ, റമ്പൂട്ടാനൊക്കെ മധുരതരം. കൂർത്ത മുള്ളുള്ള ഗോളം പോലെയുള്ള ഡുറിയൻ പഴം ഈ നാട്ടുകാർക്ക് ഏറെ പ്രിപ്പെട്ടതാണ്. രൂക്ഷഗന്ധമാണതിന്. ആപ്പിളുമാത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഹവ്വ കടിച്ച് ആദമിന് കൊടുത്ത് ഒഴിവാക്കി! ഗൈഡ് പറഞ്ഞതനുസരിച്ച് വിയറ്റ്നാമീസ് കോഫി കുടിച്ചു നോക്കി. കടുപ്പം കാരണം തലയ്ക്കടി കിട്ടിയ പോലെയാവും. ഞങ്ങളുടെ കഷായം കുടിച്ച മുഖവുമായുള്ള ഇരിപ്പു കണ്ട് കടക്കാരന് പാവം തോന്നി കുറച്ച് ചൂടുവെള്ളം തന്ന് നേർപ്പിച്ച് കുടിച്ചോളാൻ പറഞ്ഞു.
ഭക്ഷണ ശേഷം ഒരു ക്ഷേത്രത്തിലേക്കു പോയി. തിമിംഗിലത്തിൻ്റെ ക്ഷേത്രമാണ്! ശ്രീകോവിലിൽ ഒരു വലിയ തിമിംഗിലത്തിൻ്റെ അസ്ഥികൂടമുണ്ട് – ഒറിജിനൽ. പണ്ട് ഇവിടുത്തെ പെണ്ണുങ്ങൾ ‘കണവൻ തോണിയിൽ പോയാലോ കരയിൽ കാവല് നീ താനേ’ എന്ന് ഇവിടെ വന്ന് പ്രാർത്ഥിക്കാറുണ്ടത്രേ!
പിന്നെ വാങ്ങ് തൗ ബീച്ച്. ഭംഗിയുള്ള ബീച്ചാണ്. തിര വളരെ കുറവാണല്ലോ എന്ന് പറഞ്ഞപ്പോൾ പിന്നെ വെറുതെയാണോ ‘ശാന്ത സമുദ്ര’മെന്ന് പേരിട്ടതെന്ന് കമൻ്റ്. നട്ടുച്ച വെയിലത്ത് കുറച്ച് കുട്ടികൾ മാത്രം കടലിൽ കളിക്കുന്നുണ്ട്. ചുരുക്കിവെച്ച കുടകളും ഒതുക്കിയിട്ട കസേരകളും നിർത്തിയിട്ട സ്പീഡ് ബോട്ടുകളും കണ്ടാലറിയാം വൈകുന്നേരങ്ങളിൽ ഇവിടെ വലിയ പരിപാടികൾ നടക്കാറുണ്ടെന്ന്.
കുറേനേരം അവിടെ തണലത്തിരുന്നു. കടലിൽ കാൽ നനച്ചു. മിനിയാന്ന് സൈഗോൺ നദി, ഇന്നലെ മെക്കോംഗ് നദി, ഇന്നിതാ പസഫിക് സമുദ്രം. മതി. പുഴകളെല്ലാം കടലിലെത്തി. ഈ യാത്ര സഫലം.
രാത്രി സൈഗോൺ ഓപ്പറാഹൗസിൻ്റെ പടികളിൽ കുറേ നേരം വെറുതേയിരുന്നു. വാഹനങ്ങൾക്ക് അനുവാദമില്ലാത്ത നടപ്പാതയിൽ ബാല്യകുതൂഹലങ്ങളോടെയും കൗമാരത്തിൻ്റെ ആവേശത്തോടെയും പ്രണയഭരിതമായ യൗവനമായും സംതൃപ്തവാർദ്ധക്യമായും ജീവിതം ഒഴുകുന്നത് കണ്ടറിഞ്ഞു.
ഇവിടുത്തെ നാട്ടുകാരുടെ പെരുമാറ്റത്തെപ്പറ്റി പറയാതെ വയ്യ. മധുരതരം (Sweet) എന്നേ പറയാൻ പറ്റൂ. പരിചയപ്പെട്ടവരെല്ലാം ഭവ്യതയും വിനയവും മര്യാദയും സഹായമനസ്ഥിതിയും കൊണ്ട് മനസ്സു കീഴ്പ്പെടുത്തി. ടൂറിസ്റ്റുകളോടുള്ള അഭിനയമായല്ല തോന്നിയത്. കടക്കാരായാലും വിളിച്ചു കൂട്ടി ബഹളം വെച്ച് പറ്റിക്കുന്ന പരിപാടിയൊന്നുമില്ല. വേണമെങ്കിൽ വാങ്ങാം; ന്യായമായ വിലപേശൽ മാത്രം. കാശ്മീരും വാരണാസിയുമൊക്കെ ഇതുവെച്ചു നോക്കുമ്പോൾ തട്ടിപ്പിൻ്റെ തലസ്ഥാനങ്ങളായാണ് തോന്നിയത്.
പിന്നെ ഇവിടുത്തെ സ്ത്രീകൾ. അവരാണ് അധ്വാനിക്കുന്നത്. അത് നമ്മുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ മുതലിങ്ങോട്ടുള്ള രീതിയാണ്. സകല കടകളും സ്ത്രീകളാണ് നടത്തുന്നത്. ഇവിടുത്തെ ആണുങ്ങൾക്കൊക്കെ എന്താണാവോ പരിപാടി . എല്ലാരും ബൈക്കോടിച്ച് പോകുന്നുണ്ടല്ലോ; എങ്ങോട്ടാണാവോ. ഇന്നലെ രാത്രി വൈകിയ ശേഷം സൈഗോണിൻ്റെ നിശാ ജീവിതം കാണാൻ ഒരു ഡബിൾ ഡക്കർ ബസ്സിൽ കയറി ചുറ്റിയടിച്ചപ്പോൾ ടിക്കറ്റുവാങ്ങാനും ഒരു പെൺകുട്ടി. ആ രാത്രിയിലും കുഞ്ഞിനെയുമെടുത്ത് തെരുവിൽ കളിപ്പാട്ട വിൽപ്പനക്കാരികളുണ്ട്. പണ്ടത്തെ നമ്മുടെ നാട്ടിലെ മീൻകാരെപ്പോലെ ഒരു വടിയുടെ രണ്ടറ്റത്തും കൊട്ടകൾ തൂക്കി നടക്കുന്ന പഴക്കച്ചവടക്കാരികളുണ്ട്. ടൂറിസ്റ്റ് ഗൈഡായും സ്ത്രീകൾ ധാരാളമുണ്ട്.
Last but not least. ഇവിടുത്തെ റോഡുകൾ നമ്മളുടേതിനെക്കാളും എത്രയോ മികച്ചതാണ്. ഒരു മൂന്നൂറു കിലോമീറ്ററെങ്കിലും ഈ നാട്ടിൽ കൂടി സഞ്ചരിച്ച അനുഭവം ഇതാണ്. രണ്ടരികിലും മരങ്ങളും പൂച്ചെടികളുമായി നന്നായി സൂക്ഷിച്ചിട്ടുണ്ട്. ഇവിടുത്തെ ശുചിമുറികളുടെ വൃത്തി കൊതിപ്പിക്കുന്നതാണ്. ഇന്ത്യയെക്കാളും സാമ്പത്തികമായി എത്രയോ പിറകിലുള്ള വിയറ്റ്നാമിന് ഇതു ചെയ്യാമെങ്കിൽ നമ്മളെന്നാണ് ടൂറിസ്റ്റുകൾക്ക് ഇത്തരം സൗകര്യങ്ങളൊരുക്കുക.
നാളെ മടക്കമാണ്. ഈ കുറിപ്പുകൾ ഇതോടെ അവസാനിപ്പിക്കുന്നു. യാത്ര ചെയ്യാൻ അവസരമുണ്ടാക്കിയ കാലത്തിന് നമസ്കാരം.
കാ മൗ (Thank You for your time)
കവർ: ജ്യോതിസ് പരവൂർ
(അവസാനിച്ചു)