“മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു രാവിലെയാണ് നിങ്ങളെ ഞാനാദ്യം കാണുന്നത്.”
ഷെര്‍ലക് ഹോംസ് പറഞ്ഞു.
“ഞങ്ങളുടെ ഈ ഒഴിവുസമയവീടിന്‍റെ നമ്പറില്‍ വന്നുവീണ നിങ്ങളുടെ നോട്ടം ആവശ്യത്തിലധികം നേരം അതില്‍ തങ്ങിനിന്നു എന്നെനിക്ക് തോന്നി. അടുത്ത ദിവസവും ഏറെക്കുറെ അതേ സമയത്ത് നിങ്ങള്‍ ഈ വഴി നടന്നുവന്നു. അന്നും ഈ നമ്പർ നിങ്ങളെ ആകര്‍ഷിച്ചതായി – സന്തോഷിപ്പിച്ചതായി – കണ്ടു. അതുമായി എന്തോ ചങ്ങാത്തമുണ്ടായിരുന്നത് പോലെ !. അന്നുമുതലാണ് മറുനാടന്‍ സന്ദര്‍ശകന്‍ എന്‍റെ നോട്ടപ്പുള്ളിയായത്. ദൂരെ എവിടെയോ നിന്ന് വന്ന് ഈ വീടിനടുത്ത് T- ജങ്ക്ഷനില്‍ അവസാനിക്കുന്ന റോഡിൽ, വലതുവശത്തേയ്ക്ക് മാത്രമായി നടത്തം പതിവാക്കിയ ഒരാള്‍ ! നിങ്ങള്‍ സ്വീകരിച്ച നടവഴിയില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ, ദൂരദര്‍ശിനി വഴി – ചിലപ്പോള്‍ ബൈനോക്കുലേഴ്സ് ഉപയോഗിച്ച് – നിങ്ങളെ പിന്തുടരാന്‍ പറ്റിയ മട്ടിലാണ് രണ്ടാം നിലയിലെ ഞങ്ങളുടെ മുറി. ഇതിന്‍റെ രണ്ട് ജനാലകള്‍ തുറക്കുന്നത് ആ വഴിയുടെ രണ്ട് ഭുജങ്ങളിലേയ്ക്കാണ്. വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് നടത്തിക്കൊണ്ടിരുന്ന കടന്നുകയറ്റത്തിന് ആദ്യമേ ക്ഷമ ചോദിക്കട്ടെ !”
പാതിവഴിയില്‍ എന്‍റെ ദിശ മാറ്റുന്ന തിരിവിലാണ് ഈ ഇരുനിലക്കെട്ടിടം. അതുകൊണ്ടാവാം മടക്കയാത്രയിൽ പാത മുറിച്ചു കടക്കുമ്പോൾ, എന്നും നോട്ടം ഒരു നിമിഷം ആ ജനാലകളിൽ ഉടക്കാറുണ്ട്. തുറന്ന അവയുടെ മുകള്‍പ്പാതിയിലൂടെ കർട്ടന് പിന്നിൽ നിന്ന് ആരോ എന്നെ ശ്രദ്ധിക്കുന്നതായി ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട് ! ഒരു കുട്ടിസ്സായിപ്പിനേയും അവന്‍റെ മുതിര്‍ന്ന ചേച്ചിമദാമ്മയേയുമാണ് മനസ്സിൽ കാണാറ്. ചേച്ചി ജനലിലൂടെ കൈ ചൂണ്ടി കുട്ടിയോട് പറയുന്നു:
“അതാ കുറച്ചുമുമ്പ് പാത മുറിച്ചുകടന്ന് അങ്ങോട്ട് പോയ ആ നടത്തക്കാരന്‍ തിരിച്ചുവരുന്നു. ഇനി അയാള്‍ തിരിച്ചിങ്ങോട്ട് വരും. നമ്മളെ ഒന്നു നോക്കും. പിന്നെ ഇടത്തോട്ട് തിരിഞ്ഞ് വന്ന വഴിക്ക് മടങ്ങിപ്പോകും.”
പതിഞ്ഞ ശബ്ദത്തില്‍ ഷെര്‍ലക് ഹോംസ് തുടര്‍ന്നു. :
“വരുംദിനങ്ങളില്‍ എന്നെങ്കിലും ഒരുപക്ഷേ താങ്കള്‍ നാട്ടിലേയ്ക്ക് മടങ്ങിയേയ്ക്കും എന്ന് ദിവസങ്ങളായി വാറ്റ്സണ്‍ ആവര്‍ത്തിച്ച് പറയുന്നു. ഞങ്ങള്‍ക്കും മടങ്ങാനുള്ള സമയമായിവരുന്നു. പോകുന്നതിന് മുന്‍പ് ഒന്ന് പരിചയപ്പെടണമെന്ന് തോന്നി. ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലം ഇത്രയുമാണ്.”
കുറ്റാന്വേഷകനും സുഹൃത്തും സോഫയിലിരുന്നു. അവരെ അഭിമുഖീകരിച്ച് മേശക്കിപ്പുറം ഞാനും. മുന്നില്‍ ചായക്കെറ്റിലും പ്ലേറ്റില്‍ ബിസ്ക്കറ്റും സ്വീറ്റ് ബ്രെഡും നട്ട്സും കപ്പുകളില്‍ ഗ്രീന്‍ ടീയും വെച്ചിരുന്നു. തുറന്നുവെച്ച വൃത്തസ്തംഭാകൃതിയിലുള്ള ലോഹ-അളുക്കില്‍ അടുക്കിവെച്ച സിഗററ്റും തൊട്ടടുത്ത് ഭംഗിയുള്ള ആഷ്ട്രേയും ഉണ്ടായിരുന്നു.
ക്ഷണം സ്വീകരിച്ച്, ഒരു മാള്‍ബറോവിന് തീ പിടിപ്പിച്ച്, ഞാന്‍ ഗ്രീന്‍ ടീയുടെ കപ്പ് കൈയിലെടുത്തു.
നാട്ടില്‍ ഗോള്‍ഡ്ഫ്ലേക് ശീലിച്ചവര്‍ക്ക് കടലാസ് ചുരുട്ടി വലിക്കുന്നത് പോലെയാണ് വിദേശ സിഗററ്റുകള്‍ എന്ന് അജിയോട് തമാശ പറയാറുള്ളത് ഓര്‍മ്മയില്‍ വന്നു.

സമചതുരാകൃതിയില്‍ ശരാശരിയിലധികം വലുപ്പം തോന്നിച്ച സ്വീകരണമുറി. കാര്‍പ്പെറ്റ് മൂടിയ നിലവും ഒന്നിലധികം അടരുകളില്‍ കട്ടിയുള്ള കര്‍ട്ടനുകളും ഫ്രെയിം ചെയ്ത് തൂക്കിയ വലിയ ചിത്രങ്ങളും വലിയ സോഫകളും വലിയ കുഷനുകളും വലിയ പൂപ്പാത്രങ്ങളുമായി നമുക്ക് ഒരു തിക്കിത്തിരക്ക് അനുഭവപ്പെടുന്ന ഇംഗ്ലിഷ് രീതി. മൂലയിലെ പുസ്തകഷെല്‍ഫില്‍ നിറയെ, അച്ചടക്കമില്ലാതെ മലര്‍ന്നും കമിഴ്ന്നും ചാഞ്ഞും ചെരിഞ്ഞും അട്ടിയായും പുസ്തകങ്ങള്‍ –
ഒന്നര മണിക്കൂര്‍ – കൃത്യമായി പറഞ്ഞാല്‍ ഒരു മണിക്കൂര്‍ നാല്‍പ്പത് മിനുട്ട് – നേരത്തേയ്ക്കാണ് രാവിലത്തെ നടത്തം. അനുവിന്‍റെ വീട്ടില്‍ നിന്ന് അമ്പതടി നടന്നാല്‍ പ്രധാനപാതയായി. ഇടത്തോട്ട് തിരിഞ്ഞ് ഇരുപത്തഞ്ച് മിനുട്ട് നേരം നേരെ നടക്കും. ഈ വീടിന് മുന്നില്‍ വെച്ച് വലത്തോട്ട് ഇരുവരിപ്പാത മുറിച്ചുകടക്കും. ആ വഴി നേരെ വീണ്ടും ഇരുപത്തഞ്ച് മിനുട്ട് നേരത്തെ നടത്തം – പിന്നെ അതേ വഴി അതേ വേഗത്തില്‍ മടക്കം. അതാണ് ചിട്ട. നൂറ് മിനുട്ട് നേരത്തെ ദ്രുതനടത്തം –
വീടെത്തുമ്പോള്‍ കൈത്തണ്ടയിലെ സ്മാര്‍ട്ട് വാച്ച് എഴുതിക്കാണിക്കും: പതിനായിരം അടി – ഏഴ് കി മീ. – ആകെ കത്തിച്ചുതീര്‍ത്ത ഊര്‍ജ്ജത്തിന്‍റെ കണക്കും.
വീതിയില്‍, ഉയര്‍ച്ചതാഴ്ച്ചകളില്ലാതെ ടൈല്‍സിട്ട് നിരപ്പാക്കിയ നടപ്പാതയില്‍ ഒരേ വേഗത്തില്‍ നടക്കാന്‍ കഴിയുന്നു എന്നതാണ് ഈ വിദേശ ഗ്രാമത്തിന്‍റെ – പൊതുവെ, കാണാനവസരം ലഭിച്ച വിദേശരാജ്യങ്ങളുടെ – പ്രത്യേകത. നാട്ടിലും ഇതേ ദൂരം നടക്കാറുണ്ട്. ഇത്ര അനായാസമാവാറില്ല. അനിയന്ത്രിതമായ വാഹനഗതാഗതവും വഴിയിലെ കുഴികളും മാലിന്യക്കൂമ്പാരങ്ങളും തെരുവ് നായ്ക്കളും പശുക്കളും വഴിയോരക്കച്ചവടങ്ങളും നടത്തത്തിന്‍റെ വേഗത്തെ ബാധിക്കും. ഒരു പരാതിയായി ഇത് വായിക്കരുത് – എന്‍റെ ദേശാഭിമാനക്കുറവായി വ്യാഖ്യാനിക്കുകയും ചെയ്യരുത്. കണ്‍മുന്നില്‍ കാണുന്നതും അനുഭവിക്കുന്നതും അതേപടി എഴുതി എന്നേ കരുതാവൂ.
പാത മുറിച്ചുകടക്കുമ്പോള്‍, ഈ സൌകര്യം ഇനി ഒരാഴ്ചത്തേയ്ക്ക് കൂടിയേയുള്ളു എന്ന ആലോചനയായിരുന്നു മനസ്സില്‍.
സുപ്രഭാതം ആശംസിച്ച് മെലിഞ്ഞുയര്‍ന്ന മദ്ധ്യവയസ്കനും ഒപ്പമെങ്കിലും ഒരല്പം പിന്നിലെന്ന് തോന്നിച്ച്, ഉയരം കുറഞ്ഞ കൂട്ടുകാരനും മുന്നില്‍ വന്നുനിന്ന് കൈ നീട്ടിയത് പൊടുന്നനെയാണ്. രണ്ടുപേരും സ്വയം പരിചയപ്പെടുത്തി.
വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് Adventures of Sherlock Holmes ല്‍ നിന്ന് അച്ഛന്‍ പറഞ്ഞുതന്ന Speckled Band എന്ന കഥയിലെ കുറ്റാന്വേഷകനും സഹായിയുമാണ് മുന്നില്‍. ആ ആദ്യകഥയിൽ നിന്ന് കിട്ടിയ ആവേശത്തോടെ, പത്താം ക്ലാസ് കഴിഞ്ഞുള്ള ഒഴിവുകാലത്ത് വായനശാലയില്‍ നിന്ന് ഹോംസിന്‍റെ കഥകള്‍ അന്വേഷിച്ചുപിടിച്ച് വായിച്ചു – ആഡ്രിയന്‍ കോനന്‍ഡോയ്ലിന്‍റെ Exploits of Sherlock Holmes അടക്കം. പിന്നീട് പല കാലത്ത് പല താരങ്ങള്‍ അഭിനയിച്ച ചലച്ചിത്രങ്ങളിലും ടി വി സീരീസുകളിലും കണ്ട് ആസ്വദിച്ച മുഖങ്ങളുടെ ഒരു ശരാശരിയായിരുന്നു മുന്നില്‍ കണ്ടത് !
പരിചയപ്പെട്ട അതേ ആകസ്മികതയോടെ ഹോംസ് സംസാരിച്ചു:
“കേസുകളുടെ തിരക്കില്‍ നിന്ന് ഇടയ്ക്കൊന്ന് തലയൂരണമെന്ന് തോന്നിയാല്‍ വന്നിരിക്കാന്‍ ഒരിടം – അതാണ് ഞങ്ങള്‍ക്ക് ഈ സ്ഥലം.
മനുഷ്യരുടെ ശരീരഭാഷയില്‍ നിന്ന് കിട്ടുന്ന സൂചനകളും അനുമാനങ്ങളും അവയുപയോഗിച്ചുള്ള നിഗമനങ്ങളും എന്‍റെ കുറ്റാന്വേഷണയാത്രകളിലെ നിരന്തരവഴികാട്ടികളാണ്. അതിന്‍റെ പരിശീലനകേന്ദ്രമാണ് ഈ മുറി. ഈ ജനലരികില്‍ പുറംലോകത്തെ കണ്ടും പഠിച്ചും ഇരിക്കലാണ് എന്‍റെ ജോലി. വാറ്റ്സന്‍റെ വാക്കുകളില്‍ വരാറുള്ള എന്‍റെ കഥകളുമായി താങ്കള്‍ക്ക് പരിചയം കാണുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.”
“തീര്‍ച്ചയായും ! ബേക്കര്‍ സ്റ്റ്രീറ്റിലെ 221ബി ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടുണ്ട്. സഹായം അഭ്യര്‍ഥിച്ച് എത്തുന്നയാളെ നിരീക്ഷിക്കുക മാത്രം ചെയ്ത് അയാളുടെ ചരിത്രം മുഴുവന്‍ അങ്ങോട്ട് പറയുന്ന ഹോംസ് രീതിയോട് വായിച്ചുതുടങ്ങിയ കാലം മുതലേ വലിയ മതിപ്പ് തോന്നിയിരുന്നു.”
ചായയ്ക്കും സിഗററ്റിനും ചെറിയ കുശലപ്രശ്നങ്ങള്‍ക്കും ശേഷം കുറ്റാന്വേഷകന്‍ വിഷയത്തിലേയ്ക്ക് കടന്നു.
“താങ്കളുടെ പെരുമാറ്റരീതികള്‍ ശ്രദ്ധിച്ചതില്‍ നിന്ന് എത്തിച്ചേരാന്‍ കഴിഞ്ഞ ഏതാനും നിഗമനങ്ങള്‍ അക്കമിട്ട് പട്ടികയായി തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ശരിയെത്ര തെറ്റെത്ര എന്ന് നേരിട്ടറിയാന്‍ ഒരു കൌതുകം തോന്നി.
ഞാന്‍ ചിരിച്ചു :
“ ഈ കൂടിക്കാഴ്ചയ്ക്കും അനുഭവത്തിനും അസാധാരണമായ ഈ അവസരത്തിനും നന്ദി – ഒരു കഥയിലെ പാത്രമായി മാറിയതുപോലെ !”
കാലദേശങ്ങളുടെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത ഒരു ലോകത്തേയ്ക്ക് എന്നെ സ്വാഗതം ചെയ്ത് ചെറുചിരിയോടെ ഹോംസ് പറഞ്ഞു :
“ഞങ്ങളെപ്പോലെ എന്ന് കൂട്ടിച്ചേര്‍ക്കാം.”
‘ശരിയാണല്ലോ !’ – ഞാൻ മനസ്സിൽ പറഞ്ഞു.
അടച്ചുവെച്ച ഫയല്‍ തുറന്ന്, ടൈപ് ചെയ്ത ഒരു ഷീറ്റ് കടലാസ് വാറ്റ്സണ്‍ എനിക്ക് കൈമാറി.
കെറ്റിലില്‍ നിന്ന് ഗ്ലാസിലേയ്ക്ക് വീണ്ടും ചായ പകര്‍ന്നു. സിഗററ്റ് ടിന്‍ എടുത്തുനീട്ടി.
“നിരീക്ഷണങ്ങളും അനുമാനങ്ങളും നിഗമനങ്ങളും ഇതിലുണ്ട്. വീട്ടിലെത്തി സൌകര്യപ്രകാരം വായിക്കൂ. വരുംദിവസങ്ങളില്‍ എന്നെങ്കിലും പ്രതികരണം അറിയിക്കൂ. കുറ്റമറ്റ കുറ്റാന്വേഷണം എന്നൊന്നില്ല. പ്രവര്‍ത്തനക്ഷമത നിലനിര്‍ത്താന്‍ – മെച്ചപ്പെടുത്താന്‍ നിരന്തരമായ സ്വയംപരിശീലനം ആവശ്യമാണ്. എനിക്കാകട്ടെ ഇതില്‍ കവിഞ്ഞ ഒരു ഒഴിവുസമയവിനോദം ഇല്ല ! ”
വിവരിക്കാനാവാത്ത ഒരു ഭാരക്കുറവിന്‍റെ ലഹരിയിലാണ് ശിഷ്ടഭാഗം ഞാന്‍ നടന്നത്. വീട്ടിലെത്തി, ക്ഷീണമകറ്റാന്‍ അല്പനേരം ഇരുന്ന് സ്റ്റഡിയിലേയ്ക്ക് കയറി. അനുഭവം തത്ക്കാലം ആരുമായും പങ്കുവെച്ചില്ല. സ്വസ്ഥമായിരുന്ന് കടലാസ് നിവര്‍ത്തി.
മുഖവുരകള്‍ ഒന്നുമില്ലാതെ അതില്‍ അക്കമിട്ട് പന്ത്രണ്ട് കാര്യങ്ങളാണ് പറഞ്ഞിരുന്നത്. നിരീക്ഷണം, അനുമാനം, അനുമാനത്തിന് പിന്നില്‍ എന്ന് മൂന്നാക്കി തിരിച്ചാണ് ഓരോന്നും. രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ട് ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.
1. നിരീക്ഷണം : കഴിഞ്ഞ മൂന്ന് മാസത്തോളമായി, ഏറെക്കുറെ എല്ലാ ദിവസവും (ഞായറാഴ്ചകള്‍ ഒഴികെ) രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ ഈ വഴി വ്യായാമത്തിന്‍റെ ഭാഗമായി ഒരേ വേഗത്തില്‍ നിങ്ങൾ നടക്കുന്നത് കണ്ടിട്ടുണ്ട്.
അനുമാനം: ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നിങ്ങൾ നാട്ടിലേയ്ക്ക് മടങ്ങിപ്പോകും.
അനുമാനത്തിന് പിന്നിൽ : വിദേശത്തുനിന്ന് സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇതൊരു ഘട്ടത്തിന്‍റെ അവസാനമാണ് – മൂന്ന് മാസം – രണ്ടാഴ്ചയോ ആറ് മാസമോ ആണ് സ്വീകാര്യതയുള്ള മറ്റു രണ്ടവധികൾ ! ജോലിയിലുള്ള ഇളംതലമുറയാണ് രണ്ടാഴ്ചക്കാർ. ചിലപ്പോള്‍ അത് ഒരാഴ്ചയിലേയ്ക്ക് കുറുകുകയും മറ്റു ചിലപ്പോൾ ഒരു മാസത്തേയ്ക്ക് നീളുകയും ചെയ്യും.
മക്കളുടെയോ മറ്റ് ബന്ധുക്കളുടെയോ അടുത്ത് വിശ്രമജീവിതത്തിന് എത്തുന്ന നിങ്ങളെ പോലെയുള്ള മുതിര്‍ന്നവര്‍ മൂന്ന് മാസത്തേയ്ക്കോ – ആറ് മാസത്തേയ്ക്കോ ആയി വരുന്നവരാണ്.
നിങ്ങളുടെ പ്രായവുമായി ബന്ധപ്പെട്ട്, മറ്റൊരു കാരണവും പറയാം. ലണ്ടനിലെ തണുപ്പുകാലം സന്ദർശകർക്ക് – വിശേഷിച്ചും പ്രായം ചെന്നവർക്ക് – വലിയ വെല്ലുവിളിയാണ്. അത് കടുക്കുന്നതിന് മുൻപ് സ്വദേശം പറ്റുക എന്നതാണ് നാട്ടുനടപ്പ്. ഇനിയും വരാമല്ലോ. അടുത്തിടെ പരിസരവുമായുള്ള താങ്കളുടെ നിശ്ശബ്ദകൊടുക്കല്‍ വാങ്ങലുകളില്‍ ഒരു യാത്ര പറച്ചില്‍ ധ്വനിക്കുന്നതായി തോന്നി എന്ന് എന്‍റെ ക്രാന്തദര്‍ശിയായ സുഹൃത്ത്, വാറ്റ്സണ്‍ പറയുന്നു
2. നിരീക്ഷണം : പരിസരവുമായും വഴിയില്‍ എതിരെ വരുന്നവരുമായുമുള്ള താങ്കളുടെ ഇടപെടലിന് നിയതമായ ഒരു ശൈലിയുണ്ട്.
അനുമാനം : (താങ്കൾ സന്ദർശിച്ച ഏക വിദേശ രാജ്യം യു കെ ആണെന്ന അടിസ്ഥാനമില്ലാത്ത ഒരു അടിസ്ഥാനത്തിലാണ് ഈ അനുമാനം. – തെറ്റാവാം.) ഇത് താങ്കളുടെ മൂന്നാമത്തെയോ നാലാമത്തെയോ യു കെ സന്ദര്‍ശനമാണ്.
അനുമാനത്തിന് പിന്നില്‍ : ആദ്യസന്ദര്‍ശനത്തിലും മിക്കവാറും അടുത്തതിലും മുതിര്‍ന്നവര്‍ ഒറ്റയ്ക്ക് പുറത്തിറങ്ങാറില്ല എന്നതാണ് അനുഭവം.. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാവുന്ന പെരുമാറ്റരീതികളാണ് ഇക്കൂട്ടരുടേത്. മുന്നിലെത്തുന്ന ഓരോ കാഴ്ചയും കണ്ണുകളില്‍ അത്ഭുതം വിരിയിക്കും – തനിയെ പാത മുറിച്ചുകടക്കാന്‍ അടക്കം സംശയം പ്രകടിപ്പിക്കും – താങ്കൾ സാമാന്യം അനായാസമായി പൊതുസ്ഥലങ്ങളില്‍ പെരുമാറുന്നതായാണ് കാണുന്നത്. അപ്പോഴും സംശയത്തിന്‍റെ ഒരു ലാഞ്ഛന സൂക്ഷ്മദൃക്കുകൾക്ക് കാണാനുമാവും. എതിരെ വരുന്ന ഈ നാട്ടുകാരിലൊരാളുടെ ചിരിയോട് പ്രതികരിച്ചുള്ള ചിരി നിങ്ങളുടെ മുഖത്ത് വറ്റിപ്പോകാൻ സമയമെടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങൾ ഇനിയും ഇവിടത്തുകാരനായിട്ടില്ല എന്നാണത് സൂചിപ്പിക്കുന്നത്. ഞങ്ങൾ സ്വിച്ചിട്ടത് പോലെ ചിരിക്കുകയും ചിരി അവസാനിപ്പിക്കുകയും ചെയ്യുന്നവരാണ്!
3. നിരീക്ഷണം : ഈ വീടിന്റെ നമ്പറിൽ താങ്കളുടെ നോട്ടം ആവശ്യത്തിലധികം നേരം തങ്ങിനിന്നതായി കണ്ടു എന്ന് നേരത്തെ പറഞ്ഞല്ലോ. അത് ഒരൊറ്റപ്പെട്ട സംഭവമായിരുന്നില്ലെന്ന് തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ മനസ്സിലാക്കി. വഴിയിലുള്ള വീട്ടുനമ്പറുകളത്രയും നിങ്ങളിൽ കൗതുകമുണർത്തുന്നുണ്ടായിരുന്നു – കൂട്ടത്തിൽ, എതിരെ വന്ന വാഹനങ്ങളുടെ നമ്പറുകളും. ഈ പ്രദേശത്തെ വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ, മുന്നിൽ വെള്ളയും പിന്നിൽ മഞ്ഞയും ആണ് എന്ന (അദ്‌ഭുതകരമായ) കണ്ടുപിടുത്തം നിങ്ങൾ നടത്തിയത് ഇവിടെ മടക്കയാത്രയിൽ പാത മുറിച്ചുകടക്കാൻ അപ്പുറത്ത് കാത്തുനിൽക്കുമ്പോൾ ആണ്. അത് കണ്ടെത്തിയ നിമിഷത്തിനും തുടർന്നുള്ള നിമിഷങ്ങളിൽ കടന്നുപൊയ്ക്കൊണ്ടിരുന്ന വാഹനങ്ങളുടെ നമ്പർ പ്ളെയ്റ്റുകൾ നോക്കി നിങ്ങള്‍ അതിൽ ഉറപ്പ് വരുത്തിയതിനും ഞാൻ ദൃക് സാക്ഷിയാണ്.
അനുമാനം : അദ്ധ്യാപനമാണ് നിങ്ങളുടെ തൊഴിൽ. – ഏറെക്കുറെ തീര്‍ച്ചയായും ഗണിതമാണ് വിഷയം.
അനുമാനത്തിന് പിന്നിൽ : അളന്നുചിട്ടപ്പെടുത്തിയ നടത്തത്തിലും ശാന്തമായ ചിന്തകളിൽ മുഴുകിയുള്ള പരിസരനിരീക്ഷണത്തിലും ഒരദ്ധ്യാപകൻ ഉണ്ടെന്ന് ആദ്യദിവസങ്ങളിൽ തന്നെ ബോദ്ധ്യപ്പെട്ടു. ബാങ്കുകളിലും കച്ചവടസ്ഥലങ്ങളിലും ഒക്കെയായി കണക്കുമായി ഇടപെട്ട് ജീവിക്കുന്ന ഒട്ടേറെ സുഹൃത്തുക്കളുണ്ട്. സംഖ്യകളോട് ഈ അളവിലുള്ള ‘സഹജീവിസ്നേഹം’ പക്ഷേ, മറ്റേത് തൊഴിലിൽ ഏർപ്പെട്ടവരിലും കണ്ടിട്ടില്ല
…………..
അവതരിപ്പിച്ച പന്ത്രണ്ട് വിഷയങ്ങളില്‍ എന്‍റെ പ്രായം, ദേശീയത, (എന്നെ അതിശയിപ്പിച്ചുകൊണ്ട്) എന്‍റെ നാസ്തികത, എഴുത്തിനോടുള്ള താത്പര്യം, ‘സമാധാനതീവ്രവാദം’ എന്ന് ഞാൻ വിളിക്കുന്ന എന്‍റെ മനുഷ്യപക്ഷരാഷ്ട്രീയം എല്ലാം വരുന്നുണ്ട്. ചെറിയ ചെറിയ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും ഈ ശ്രമത്തിന്‍റെ കൃത്യതയും ശാസ്ത്രീയ അടിത്തറയും അദ്‌ഭുതപ്പെടുത്തുന്നു.
നിഗമനങ്ങളിലെ ശരി-തെറ്റുകൾ ചൂണ്ടിക്കാണിച്ച് ഒരു മറുകുറിപ്പ് തയ്യാറാക്കണം. അതുമായി വേണം നാളത്തെ നടത്തം.
പോകുമ്പോൾ നമ്മുടെ നാട്ടിന്‍റേതായി കുറച്ച് ഇലയടയോ ഒരു കശകശ പായസമോ കൈയിൽ കരുതിയാലോ എന്നൊരാലോചന മനസ്സിൽ വന്നു. കുടുംബത്തിന്‍റെ അഭിപ്രായമറിയണം. ആദ്യം ഞാൻ എന്‍റെ അനുഭവം അവരുമായി പങ്കുവെയ്ക്കട്ടെ.
കവര്‍: ജ്യോതിസ് പരവൂര്‍
