പൂമുഖം LITERATUREകവിത പൂവും പിടിച്ചു നിൽക്കുന്ന ഒരാൾ (കാമുകൻ അല്ലാതെ മറ്റാര്)

പൂവും പിടിച്ചു നിൽക്കുന്ന ഒരാൾ (കാമുകൻ അല്ലാതെ മറ്റാര്)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഒരിക്കലും വരാൻ ഇടയില്ലാത്ത
കാമുകിയേയും കാത്ത്
കൈയ്യിൽ പൂവുമായി നിൽക്കുന്ന കാമുകൻ

അവൾ അത് വഴിവരില്ല എന്ന ഉറപ്പിനെ
വരുമായിരിക്കും എന്ന പ്രതീക്ഷ കോണ്ടോ,
അവൾ നടന്നു വരുന്ന ഒരു സ്വപ്നം കൊണ്ടോ

അയാൾക്ക് മാറ്റി എഴുതാൻ കഴിയുന്നു

ആ കാത്തിരിപ്പിനെ നോക്കി നിൽക്കുന്ന മറ്റൊരാൾക്ക്
അയാളോട് പൂവ് വാങ്ങാൻവരുന്ന ഒരു പെൺ കുട്ടിയെ സങ്കൽപ്പിക്കാൻ
വളരെ എളുപ്പത്തിൽ കഴിയും
കണ്ട് നിൽക്കുന്ന ആളിന്റെ ഭാവനയിൽ അവളെ സുന്ദരിയായോ
വിരൂപയായോ വരയ്ക്കാനാവും

പ്രണയിക്കുന്നതിനോട് അസഹിഷ്ണുതയുള്ള ഒരാൾക്ക് ആ നില്പിനെ ഒരു കാത്തിരിപ്പല്ലെന്നും
അയാളുടെ മുഖത്തെ പ്രണയത്തിന്റെ പ്രസരിപ്പിനെ പറ്റിക്കപ്പെട്ടതിന്റെ നൊമ്പരമെന്നും വായിക്കാൻ സാധിക്കും

അതെ പോസിൽ എടുത്ത ഫോട്ടോ
അവൾക്കും അവനും ഇടയിലുള്ള പ്രണയത്തിന്റെ സ്മാരകമായി പകർത്തി വെക്കാനാകും

പിന്നീടെപ്പോഴോ കാണുന്ന ഒരാളിൽ
പ്രണയത്തിന്റെ കവിത ജനിക്കാൻ അത് കാരണമായേക്കാം

ഒരിക്കലും വരില്ല എന്ന് ഉറപ്പുള്ള
അടുത്തൊന്നും ഇല്ലാത്ത
ആ രാജ്യത്ത് തന്നെ ഇല്ലാത്ത
ഒരു പക്ഷേ ഈ ലോകത്ത് പോലും ഇല്ലാത്ത

ഒരു പെൺകുട്ടിയെ

അവളുടെ നിർമലമായ പ്രണയത്തെ
പൂക്കളും പിടിച്ചുള്ള ഒരുവന്റെ നില്പ്

ഗർഭം ധരിച്ചിരിക്കുന്നു

ഒരു കാഴ്ചയിൽ നിന്ന്
എത്രയോ രംഗങ്ങൾ
സൃഷ്ടിക്കുവാനും അതിനെ ഭാവനയിൽ ചിത്രീകരിക്കാനും കഴിയും
ഒരു വാക്കിൽ നിന്ന് പലതരം

കവിതകൾ പിറക്കും പോലെ

വെണ്മയിൽ നിന്ന് ഏഴ് നിറമുള്ള മഴവില്ല്

വിരിയും പോലെ .

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.