പൂമുഖം സ്മരണാഞ്ജലി മലയാള സിനിമയെ പൊളിച്ചെഴുതിയ ഭാഷ

മലയാള സിനിമയെ പൊളിച്ചെഴുതിയ ഭാഷ

സാധാരണക്കാരായ മലയാളികളെ സസൂക്ഷ്മമം നിരീക്ഷിച്ചാണ് ശ്രീനിവാസൻ തിരക്കഥകൾ രചിച്ചത്. അത് കൊണ്ട് തന്നെ എൺപതുകളിലും തൊണ്ണൂറുകളിലും എഴുതിയ ആ സംഭാഷണങ്ങൾ ഇന്നും ആപ്ത വാക്യങ്ങളായി അലയടിക്കുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കഥകൾ “ടി പി ബാലഗോപാലൻ എം എ” യിലൂടെയും “നാടോടിക്കാറ്റി”ലൂടെയും പറഞ്ഞപ്പോൾ അതൊരു ട്രെൻഡ് സെറ്റിംഗ് ആയി. ശ്രീനിവാസൻ സ്വയം സംവിധാനം ചെയ്ത രണ്ട് സിനിമകളും മലയാളി ആണുങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു. “വടക്കുനോക്കിയന്ത്ര”ത്തിൽ സംശയാലുവായ ഭർത്താവിനെയും, ചിന്താവിഷ്ടയായ ശ്യാമളയിൽ അധ്വാനവിമുഖരും മടിയന്മാരും ആയ ഗൃഹനാഥനെയും കണക്കിന് വിമർശിച്ചു. സാമൂഹ്യ വിമർശനത്തിലെ മികച്ച കണ്ടെത്തലുകളായിരുന്നു അഴകിയ രാവണൻമാരും രായപ്പൻ എന്ന സരോജ് കുമാറും. ഏറെ വിഗ്രഹങ്ങളെ ഇളക്കാൻ ആ കഥാപാത്രങ്ങൾക്ക് പ്രാപ്തി ഉണ്ടായിരുന്നു. അവർക്കൊപ്പം വന്ന മറ്റു കഥാപാത്രങ്ങൾക്കും ഏറെ പ്രത്യേകതകളുണ്ടായിരുന്നു. “തേന്മാവിൻ കൊമ്പ”ത്തിലെ അപ്പക്കാള പോലെയൊരു കഥാപാത്രമായി മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയുമോ? അരവിന്ദന്റെ ചിദംബരത്തിലെ മുനിയാണ്ടിയായി ശ്രീനിവാസൻ തിളങ്ങി.

പക്ഷെ നമ്മുടെ ആസ്ഥാന ബുദ്ധിജീവികൾ ശ്രീനിയുടെ സിനിമകളിലെ രാഷ്ട്രീയ ശരികളെയും അരാഷ്ട്രീയതയെയും നിരന്തരം വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ ചലച്ചിത്ര അക്കാദമി ചെയർമാനോ, ജെ സി ഡാനിയൽ പുരസ്‌കാര ജേതാവോ അദ്ദേഹം ആയിത്തീർന്നില്ല. സന്ദേശം പോലെയൊരു സിനിമയിലെ മീമോ സംഭാഷണങ്ങളോ ഇല്ലാതെ ഏതെങ്കിലും തിരഞ്ഞെടുപ്പ് വിശേഷം നമുക്കുണ്ടോ? സമൂഹത്തെ നോക്കിയുള്ള ആ നീണ്ട ചിരി ഇപ്പോഴും ചുറ്റിലും മുഴങ്ങുന്നു.

സ്വയം പരിഹസിക്കാനുള്ള കഴിവായിരുന്നു ശ്രീനിവാസന്റെ പ്രത്യേകത. തന്റെ കഥാപാത്രങ്ങളിലൂടെ സ്വന്തം രൂപത്തെയും രാഷ്ട്രീയത്തെയും താരലോകത്ത് ദുർല്ലഭവും ഒരു പക്ഷെ അസാധ്യവുമായ ഒരു വിടുതലിലൂടെ അദ്ദേഹം ഹാസ്യത്തിലൂടെ അവതരിപ്പിച്ചു. അതുവഴി തന്നെയും സിനിമാസ്വാദകരെയും മലയാളി സമൂഹത്തെയും ആത്മ പരിശോധനയ്ക്കു അവർ പോലുമറിയാതെ നയിച്ചു എന്നും പറയാം. സർവസ്ത്രീകളും സാഷ് ടാംഗം വീഴുന്ന അതികായന്മാർ നായകസ്ഥാനത്തും അവരെ സൃഷ്‌ടിച്ചവർ പിന്നണിയിലും വാണിടത്ത്, ചങ്ങാതിയാൽ സദാ ചെറുതാക്കപ്പെടുവാനും, നായികമാരാൽ അവഗണിക്കപ്പെടുവാനും തോൽപ്പിക്കപ്പെട്ട നിലപാടുകൾക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചു ആക്ഷേപിക്കപ്പെടുവാനും വേണ്ടുന്ന കഥകൾ മെനഞ്ഞു, പാത്രസൃഷ്ടി നടത്തി, അവരായി സ്‌ക്രീനിൽ വേഷം പകർന്നു. അസാധാരണമായ ഒരു സർഗാത്മക ധീരതയാണത്. നിന്ന നിൽപ്പിൽ കക്ഷിയും നിലപാടും വെച്ചുമാറുന്ന വർത്തമാന സാഹചര്യത്തിൽ, ആ ചലച്ചിത്ര ശൈലിക്ക് ഒരു പാടു സാദ്ധ്യതകൾ ഉണ്ടെന്നതാണ് വാസ്തവം. പക്ഷെ മരണം അതിന് പൂർണവിരാമമിട്ടിരിക്കുന്നു.

ആ ചലച്ചിത്ര സപര്യയ്ക്കു മുൻപിൽ മലയാളനാടിന്‍റെ പ്രണാമം.

എഴുതിയത് : മുരളി മീങ്ങോത്ത്, പി എൽ ലതിക

കവര്‍: സുധീര്‍ എം എ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.