പൂമുഖം LITERATUREകഥ അയനം

അയനം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

“സാർ, ചായയോ അതോ കാപ്പിയോ?”
വസന്ത പിടിച്ച കോഴിയെപ്പോലെ തല താഴ്ത്തി ഉറങ്ങുകയായിരുന്ന ഞാൻ പെട്ടെന്ന് തല ഉയർത്തി ഒന്ന് പിറകോട്ടിരുന്നു, എന്നിട്ട് കടും നീല ഫ്രോക്കിട്ട ആ സുന്ദരിയെ നോക്കി ചമ്മലോടെ ഒന്ന് ചിരിച്ചു.
“കാപ്പി മതി.” ഞാൻ വലത്തേ കൈകൊണ്ട് ചുണ്ടുകൾ തുടച്ചു, ഉറക്കത്തിൽ ഉമിനീർ എങ്ങാനും ഒലിച്ചിറങ്ങിയിരുന്നോ എന്ന് ഉറപ്പ് വരുത്തി. ഇല്ല, ഒന്നുമില്ല.സീൻ ഓക്കെയാണ്.

അപ്പോഴേക്കും അവൾ ഒരു കപ്പിൽ ചൂടുവെള്ളവും പിന്നെ കാപ്പിയും ക്രീമും പഞ്ചസാരയും അടങ്ങുന്ന ചെറിയ കവറുകളും തന്നിട്ട്, നല്ലൊരു സായാഹ്നം ആശംസിച്ചു കൊണ്ട് ആ ട്രോളി തള്ളി എന്‍റെ പിറകോട്ട് പോയിക്കഴിഞ്ഞിരുന്നു.

അവസാനനിമിഷത്തിലാണ് എനിക്ക്‌ ഈ വിമാന ടിക്കറ്റ് കിട്ടിയത്. പൈസ പ്രതീക്ഷിച്ചതിലും കൂടുതലായി. പോകണമെന്ന് നേരത്തെ അറിയാമായിരുന്നിട്ടും എല്ലാം അവസാന നിമിഷത്തിലേയ്ക്ക് വെയ്ക്കുന്ന സ്വഭാവം എപ്പോഴും എന്നെ പ്രശ്നത്തിലാക്കിയിട്ടുണ്ട്. മാറ്റാൻ ശ്രമിക്കുന്ന പല ചീത്ത സ്വഭാവങ്ങളിൽ മടിയെ എടുത്തു ഞാൻ ഏറ്റവും മുന്നിലേയ്ക്ക് വെച്ചു.

അമ്മ ഞങ്ങളെ വിട്ടുപോയിട്ട് നാളേക്ക് രണ്ടു വർഷങ്ങളായിരിക്കുന്നു. കഴിഞ്ഞ വർഷം ബലിയിട്ട് തിരുനെല്ലിയിലെ പാപനാശിനിയിൽ കൊണ്ടുപോയി ചിതാഭസ്‌മം ഒഴുക്കിയിരുന്നു. അവസാനത്തെ രണ്ടു വർഷങ്ങൾ അമ്മയുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മാനസികമായി ഞങ്ങൾ ആ ഒരു സത്യത്തെ നേരിടാൻ തയ്യാറെടുത്തിരുന്നു.

നാളെ രാവിലെ ബലിയിട്ട് മറ്റന്നാൾ രാത്രി തിരിച്ചു പോകണം. തിരിച്ചു പോകാനുള്ള ടിക്കറ്റ് കൂടി എടുത്തതുകൊണ്ട് കുറച്ചു സമാധാനം ഉണ്ടായിരുന്നു. പെങ്ങളും കുടുംബവും നാട്ടിലെ വീട്ടിൽ ഉള്ളതു കൊണ്ടു അവർ എല്ലാ സജ്ജീകരണങ്ങളും ചെയ്തുവെച്ചിട്ടുണ്ടാവും.

തറവാട്ടിലേക്കു കയറിച്ചെന്നപ്പോൾ രാവിലെ ഒരു ആറുമണിയായിക്കാണണം. സൗമ്യയുടെ ഭർത്താവാണ് എയർപോർട്ടിൽ കാറുമായി വന്നത്. വളരെ കുറച്ചു സംസാരിക്കുന്ന പ്രഭാകരൻ എങ്ങനെ അധ്യാപകവൃത്തി ചെയ്യുന്നു എന്ന് എനിക്ക്‌ എപ്പോഴും അത്ഭുതമായിരുന്നു.

“വെള്ളവും ബ്രഷും പേസ്റ്റും അവിടെ വെച്ചിട്ടുണ്ട്. തോർത്ത്‌ ഇതാ.” സൗമ്യ ചുവന്ന കരയുള്ള തൂവെള്ള തോർത്ത്‌ എന്‍റെ ചുമലിൽ ഇട്ടു.

“മോളെ, കുറച്ചു ഉമിക്കരിയും ഒരു ഈർക്കിലും തരാമോ? അമ്മയെ ഓർമ്മ വരുന്നു.” അവൾ എന്നെ നോക്കി പതിയെ ഒരു നനവാർന്ന ചിരി ചിരിച്ചിട്ട് ഞങ്ങളുടെ വീടിന്‍റെ മുൻപിലെ തൊടിയിലേക്ക് ഇറങ്ങിനടന്നു.

“ചേട്ടാ, നമ്മുടെ അയലത്തെ ശ്രീദേവിച്ചേച്ചി മരിച്ചിട്ട് നാളെത്തേയ്ക്ക് ഒരു വർഷമാകുന്നു. നമ്മുടെ അമ്മ മരിച്ചിട്ടും കൃത്യം ഒരു വർഷം. അതെ ദിവസമാണ് ചേച്ചി പോയത്. അവരുടെ മകൻ എവിടെയാണെന്ന് ആർക്കും അറിയില്ല. ഹിമാലയത്തിലോ ബോംബെയിലോ ആണെന്ന് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾ ശ്രീദേവിച്ചേച്ചിക്ക് അയാൾ മനസമാധാനം കൊടുത്തിട്ടില്ല. കുടിയും കഞ്ചാവും പിന്നെ വൃത്തികെട്ട കുറെ കൂട്ടുകാരുമായി അയാൾ ചേച്ചിയുടെ ചിലവിൽ ജീവിതം ആഘോഷിച്ചു. അവരുടെ വീട് ചേച്ചിയുടെ മരണത്തിനുശേഷം കടക്കാർ കൊണ്ടുപോയി. അവരുടെ ചിതാഭസ്മമോ അസ്ഥികളോ എവിടെയാണെന്ന് പോലും ആർക്കും അറിയില്ല. ചേച്ചി അമ്മയുടെ നല്ല സുഹൃത്തായിരുന്നു. ചേട്ടനെ വലിയ ഇഷ്ടമായിരുന്നു. ചേട്ടനെ പോലെ ഒരു മകൻ തനിക്ക് ഉണ്ടായില്ലല്ലോ എന്ന് ചേച്ചി എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു. അവർക്ക് വേണ്ടി ആര് നാളെ കർമ്മം ചെയ്യും?” സൗമ്യ തൊടിയിൽ നിന്നു വിളിച്ചു പറഞ്ഞപ്പോൾ എന്‍റെ മനസ്സ് ഒന്ന് വിങ്ങി.

ശ്രീദേവിച്ചേച്ചിക്ക് അമ്മയെക്കാളും പത്തോ പതിനഞ്ചോ വയസ്സു കുറവായിരിക്കും. കുട്ടിക്കാലത്ത് അവരുടെ വീട്ടിലാണ് ഞാൻ പകുതിയും വളർന്നത്. അവരുടെ മകൻ എന്നെക്കാളും രണ്ടു വയസ്സിന് മൂത്തതാണെന്നു തോന്നുന്നു. എന്നോടായിരുന്നു അവർ എപ്പോഴും അവരുടെ ദുഃഖം കൂടുതൽ പങ്കു വെച്ചിരുന്നത്. ജോലിസംബന്ധമായി ഇവിടം വിട്ട് പോയതിനു ശേഷം പിന്നെ അവരുമായി കൂടുതൽ ബന്ധം ഉണ്ടായിരുന്നില്ല. മരണം സൗമ്യ പറഞ്ഞിട്ട് അറിയാമായിരുന്നു.

ഉമിക്കരിയുടെ തരികൾ വായിലും മനസ്സിലും ഗൃഹാതുരത്വം ഉണർത്തി. കറുത്ത തുപ്പൽ ഇന്നലെകളുടെ ചിത്രങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തി. നാവ് വടിച്ച ഈർകിലി തുമ്പുകൾ തെങ്ങിൻ ചോട്ടിലേക്ക് പഴയ ഓർമ്മകളെപ്പോലെ വലിച്ചെറിഞ്ഞു.

“ചേട്ടാ, ആരോ വിളിക്കുന്നു. ഫോൺ ഫ്രിഡ്ജിനു മുകളിലുണ്ട്. ശബ്ദത്തിനു വ്യക്തതയില്ല. അപ്പുറത്തെയാൾ ചുമയ്ക്കുന്നുണ്ട്. പേര് പറഞ്ഞില്ല.” സൗമ്യ അടുക്കളയിൽ നിന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

“രാഘവസ്വാമി, ഇതു ഞാനാണ്. ബാബു. ശ്രീദേവിച്ചേച്ചിയുടെ മകനാണ്. ബലിയിടാൻ വന്നതായിരിക്കുമല്ലേ? നാളെ വൈകുന്നേരം എനിക്ക്‌ ഒന്ന് കാണണം. പറ്റുമെങ്കിൽ എന്‍റെ കൂടെ അത്താഴത്തിനു പങ്കെടുക്കണം. അറബിക്കടലിന്‍റെ അടുത്തുള്ള നമ്മുടെ ഹംസയുടെ പഴയ ലോഡ്ജ് നിനക്ക് ഓർമയില്ലേ? ഞാൻ അവിടെ ഒരു മുറി എടുത്തിട്ടുണ്ട്. നീ വന്നേ പറ്റൂ. എനിക്ക്‌ വേണ്ടിയല്ല. എന്‍റെ അമ്മയ്ക്ക് വേണ്ടിയാണ്.” അയാളുടെ പതിഞ്ഞ ശബ്ദം എന്‍റെ കാതിൽ പതിഞ്ഞു. ചേച്ചിയുടെ ഓർമ്മകൾ, മറുത്തു പറയാൻ എന്നെ എന്തോ അനുവദിച്ചില്ല.

“രാഘവ സ്വാമി, എന്‍റെ കൂടെ വരൂ.”

രാവിലെ അഞ്ചു മണിയായിക്കാണണം. അയാൾ അതു പറഞ്ഞ് എന്‍റെ മുന്നിലൂടെ ഒരു നനഞ്ഞ തോർത്തുമാത്രമുടുത്തു പെട്ടെന്നു നടന്നു. അയാളുടെ തോർത്തിൽ നിന്നും അപ്പോഴും ചെറിയ മുത്തുകൾ പോലെ വെള്ളം ഇറ്റിറ്റു വീഴ്ന്നുണ്ടായിരുന്നു. നെറ്റിയിലും നെഞ്ചത്തും ഭസ്മം പൂശിയുട്ടുണ്ടായിരുന്നു. വലത്തേ കൈയിൽ പഴയ പത്രത്തിൽ പൊതിഞ്ഞ സാമാന്യം ചെറുതല്ലാത്ത ഒരു കെട്ട് നെഞ്ചോട്‌ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു. ഇടത്തെ കൈയിൽ മൂന്ന് ഊദുബത്തിയും ഒരു തീപ്പെട്ടിയുമുണ്ടായിരുന്നു.

ഞാൻ അയാളുടെ പുറകെ നടന്നു. അയാളുടെ കണ്ണുകൾക്കും ശബ്ദത്തിനും എന്തോയൊരു കാന്തികശക്തിയുണ്ടെന്ന് ഞാനെപ്പോഴും ചിന്തിച്ചിട്ടുണ്ട്. നേരം പരപരാ വെളുത്തു വരുന്നേയുണ്ടായിരുന്നുള്ളൂ. ഒരു തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. ഇന്നലെ ദശമൂലാരിഷ്ടത്തിൽ ബ്രാണ്ടി ഒഴിച്ചു കഴിച്ചതിന്റെ കെട്ട് തലയിൽ നിന്നും പൂർണ്ണമായി പോയിട്ടുണ്ടായിരുന്നില്ല. അതും അയാളുടെ ഒരു പ്രത്യേക വേറിട്ട കൂട്ടാണ്. അയാളും അയാളുടെ പ്രവൃത്തികളും എപ്പോഴും എന്തെങ്കിലും പ്രത്യേകത നിറഞ്ഞവയായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന ലോഡ്ജിന്‍റെ മുന്നിലുള്ള ചെറിയ ടാറിട്ട റോഡ് മുറിച്ചു കടന്നാൽ പിന്നെ അറബിക്കടലാണ്. അയാളുടെ നടത്തതിന്‍റെ വേഗം എനിക്ക്‌ എപ്പോഴും ഒരു വെല്ലുവിളിയായിരുന്നു. അയാൾ ഒറ്റത്തടിയായിരുന്നു. എന്റെ അറിവിൽ വിവാഹം കഴിച്ചിട്ടില്ല. ശരീരത്തിന്‍റെ ഊർജ്ജവും ശക്തിയും ചോർന്നുപോയിട്ടില്ല. അയാൾ പറയുമായിരുന്നു ശരീരത്തിന്‍റെ വിശപ്പിനെ വല്ലപ്പോഴും കൊല്ലത്തിൽ രണ്ടോ മൂന്നോ തവണ എവിടെയെങ്കിലും കൊണ്ടുപോയി തൃപ്തിപ്പെടുത്തിയിരുന്നുവെന്ന്.

രാത്രിയിലെ ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും ശേഷം കടൽ ഞങ്ങളുടെ മുൻപിൽ മോഹാലസ്യത്തിൽ എന്നപോലെ ശാന്തമായി കമിഴ്ന്നു കിടക്കുകയായിരുന്നു. തിരകൾക്ക് ശക്തി കുറഞ്ഞു വരുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു.

പൂഴിയിലൂടെ നടക്കുമ്പോൾ നല്ല തണുത്ത കാറ്റ് ഞങ്ങൾക്ക് നേരെ വീശുന്നുണ്ടായിരുന്നു. പൊതുവെ സംസാരപ്രിയനായ അയാൾ അപ്പോൾ പതിവിൽനിന്നും വിപരീതമായി നിശ്ശബ്ദനായിരുന്നു.പൂഴിയിൽ അയാളുടെ ഭാരംകൊണ്ടുണ്ടായ കുഴികളിൽ കാലുകൾ ഓരോന്നായി വെച്ചുകൊണ്ട് ഞാൻ നടന്നു. ഞങ്ങളുടെ അടുത്ത് ഒരു ഞണ്ട് അതു മുൻപുണ്ടാക്കിയ കുഴിയിൽനിന്നും കുഞ്ഞുഞണ്ടുകളെ കൈ പിടിച്ചു എടുത്തുയർത്തുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ചുറ്റും പ്രകൃതി അതിന്റെ ലാസ്യനൃത്തം നടത്തിക്കൊണ്ടേയിരുന്നു. ചന്ദ്രനും സൂര്യനും അപ്പോഴും ആ കടൽകരയെ നോക്കി ചിരി തൂകി.

അയാൾ നിന്നത് കണ്ടാണ് ഞാൻ പൊടുന്നനെ നിന്നത്. അപ്പോഴേക്കും എന്‍റെ കാലുകൾ വെള്ളത്താൽ ചുറ്റപ്പെട്ട് കഴിഞ്ഞിരുന്നു. അയാൾ കുറച്ചു തിരിഞ്ഞു നടന്നു. പിന്നെ പൂഴിയിൽ തന്‍റെ കടലാസ്സു കെട്ട് താഴ്ത്തി വെച്ചു. ഞാൻ അയാളെ നോക്കിക്കൊണ്ടിരുന്നു. അയാൾ ചുറ്റും ശ്രദ്ധിക്കാതെ അതു തുറന്നു. മൂന്നു നാലു വെല്ലത്തിന്റ ആണികളും രണ്ടു അടയ്ക്കാപൂവനും പിന്നെ കുറച്ചു അവിലും മലരും ഉണക്കമുന്തിരിയും അതിൽ നിന്നും തലനീട്ടി. പിന്നെ അയാൾ താൻ കൊണ്ടു വന്ന ഊദുബത്തി പഴത്തിൽ കുത്തിവെച്ചു കത്തിക്കാൻ ശ്രമിച്ചു.

കടൽ അപ്പോൾ എന്തോ കണ്ടപോലെ പെട്ടന്ന് നിശബ്ദയായി. കാറ്റ് ഞങ്ങളെ തഴുകി. ഞങ്ങൾക്ക് ചുറ്റും അഭേദ്യമായ ഒരു മറ സൃഷ്ടിച്ചു. അയാൾ തിരിഞ്ഞു നിന്ന് എന്നെ നോക്കി ചിരിച്ചു. അയാൾ പ്രകൃതിയുടെ അനുചരനായതുപോലെ എനിക്ക് തോന്നി. തെല്ലു ഭയത്തോടെ ഞാൻ അയാളെ നോക്കി. അയാൾ അപ്പോഴും ചിരിച്ചുകൊണ്ട് നിന്നു.

“രാഘവ സ്വാമി, കൈകൂപ്പി നല്ലവണ്ണം പ്രാർത്ഥിക്കൂ, വരുണനാണ് ചതിക്കില്ല. കൂടെ നിൽക്കും.” അതു പറഞ്ഞു അയാൾ അവിലും മറ്റു സാധനങ്ങളും തിരകൾ കൊണ്ടുപോകാൻ പാകത്തിൽ നീക്കി വെച്ചു. ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു. അയാളുടെ ശബ്ദത്താൽ വശത്താക്കപ്പെട്ട പോലെ.

“ഇന്നലെ,ഒരു വർഷം മുൻപ് എന്‍റെ അമ്മ മരിച്ച ദിവസമാണ്. അല്ല, ഞാൻ അമ്മയെ കൊന്ന ദിവസമാണ്. എന്‍റെ അമ്മയ്ക്ക് വേണ്ടി രാഘവസ്വാമി നല്ലവണ്ണം പ്രാർത്ഥിക്കൂ. നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അമ്മ കേൾക്കും. അമ്മയുടെ ആത്മാവിന് മനഃശാന്തി വേണം. അതു എനിക്ക്‌ അപ്രാപ്യമാണ്. അത് നിങ്ങൾക്കുമാത്രമേ കൊടുക്കുവാൻ സാധിക്കുകയുള്ളൂ. എനിക്ക് നിങ്ങളുടെ സഹായം വേണം. എന്‍റെ അമ്മ അതു സ്വീകരിക്കും. എനിക്ക്‌ ഉറപ്പാണ്. അമ്മയ്ക്ക് ജനിക്കാതെപോയ മകനാണ് നിങ്ങളെന്നു അമ്മ എപ്പോഴും പറയുമായിരുന്നു. അമ്മയ്ക്ക് അത്രയ്ക്ക് നിങ്ങളെ ഇഷ്ടമായിരുന്നു.” ഞാൻ അയാളെ നോക്കിയില്ല.ദൂരെ കടലിലേയ്ക്ക് നോക്കി. അവിടെ വരുണന്‍റെ മുഖത്തേയ്ക്ക് ഇമവെട്ടാതെ കുറച്ചു നേരം നോക്കി നിന്നു.

ഞാൻ പതിയെ കണ്ണുകൾ ഇറുക്കെയടച്ചു. അയാളുടെ അമ്മ എന്‍റെ മുൻപിൽ ചിരിച്ചുകൊണ്ടു നിൽക്കുന്നതുപോലെ എനിക്ക്‌ തോന്നി. എന്‍റെ കൈകളിൽ അവർ സുരക്ഷിതയാണെന്നു അവർ എപ്പോഴും പറയുമായിരുന്നു. തന്‍റെ തലതെറിച്ച മകനെക്കുറിച്ചു അനുഭവിക്കുന്ന തീരാദുഃഖത്തെ കുറിച്ച് അവർ എന്നോട് പലപ്പോഴും പരിഭവം പറയുമായിരുന്നു. ഞാൻ കൽക്കട്ടയിൽ ജോലി കിട്ടി പോയതിനു ശേഷം കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് അവർ പോയത്.

അപ്പോഴേക്കു എന്തെന്നില്ലാത്ത ഒരു ഭയം എന്‍റെ കാലുകളിലൂടെ അരിച്ചു മുകളിലേക്കു കയറുവാൻ തുടങ്ങി. അതുവരെ ശാന്തമായി നിന്ന കടൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റതുപോലെ എനിക്ക്‌ തോന്നി. തിരകൾക്ക് ശക്തി കൂടി വരുന്നതുപോലെയും.

“രാഘവ സ്വാമി, അമ്മ ക്ഷമിച്ചു, കണ്ടോ അവിലും മലരും കൊണ്ടുപോകുന്നത് കണ്ടോ…!.ഞാൻ ഇതിനു മുൻപ് കൊടുത്തപ്പോൾ ഒന്ന് തൊട്ട് നോക്കിയിട്ടുപോലുമുണ്ടായിരുന്നില്ല. നിങ്ങളെ അമ്മയ്ക്ക് അത്രയ്ക്കും ഇഷ്ടമാണ്. എനിക്ക്‌ കാശിയിൽ പോയി ഗംഗയിൽ കുളിച്ചതുപോലെ തോന്നുന്നു. നന്ദി, ഇതിനു വേണ്ടിയാണ് ഞാൻ നിങ്ങളെ ഇവിടെ കൊണ്ടുവന്നത്.”

ഞാൻ അയാളെ നോക്കാതെ തിരിഞ്ഞു നടന്നു. കുറച്ചു അകലെ പോയി ഞാൻ പൂഴിയിൽ കമിഴ്ന്നു കടന്നു. തല ചുറ്റുന്നത് പോലെ… കുറച്ചു കഴിഞ്ഞു കാലുകൾ നനയുന്നത് പോലെ തോന്നി. പെട്ടന്ന് ഞാൻ ചാടി എഴുന്നേറ്റു. എന്‍റെ കാലുകൾ ബന്ധിക്കപ്പെട്ടതുപോലെ . കണ്ണു തിരുമ്മി നോക്കിയപ്പോൾ എന്‍റെ കാലുകൾക്ക് ചുറ്റും തിരകൾ കൊണ്ടുവന്ന ഒരു തോർത്തായിരുന്നു. അതു ഞാൻ എവിടെയോ കണ്ടിട്ടുള്ളതുപോലെ എനിക്ക്‌ തോന്നി. അതെ, അതു കുറച്ചു മുൻപ് അയാൾ ഉടുത്ത അതേ നനഞ്ഞു കുതിർന്ന തോർത്തായിരുന്നു.

വര: പ്രസാദ്‌ കാനാത്തുങ്കല്‍

ഞാൻ എഴുന്നേറ്റു തിരികെ നടന്നു. അപ്പോൾ പിന്നെയും വേലിയേറ്റം തുടങ്ങി. എന്‍റെ തോളിൽ ഒരു കൈ വന്നു വീണപ്പോൾ ഞാൻ പേടിച്ചു വിറച്ചു തിരിഞ്ഞു നോക്കി. ചിരിച്ചു കൊണ്ടു ഒരു വൃദ്ധമുക്കുവൻ. അയാളുടെ കറുത്ത ചുണ്ടിൽ ഒരു പകുതി എരിഞ്ഞ ബീഡി പുകയുന്നുണ്ടായിരുന്നു. അയാളുടെ കൈയിലെ ചൂണ്ടയിൽ കുറച്ചു മുൻപ് കുടുങ്ങിയ ഒരു കുഞ്ഞു മീൻ, എന്നെപ്പോലെ ശ്വാസത്തിനായി പിടച്ച.

ആ വൃദ്ധനു അയാളുടെ മുഖമായിരുന്നു.

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.