കഴിഞ്ഞ ഒക്ടോബറിൽ ഞാൻ റിപ്പബ്ലിക് ഓഫ് ജോർജിയ സന്ദർശിച്ചപ്പോൾ തെരുവുകളിൽ നിറയെ നായ്ക്കളെ കണ്ടു. എന്നാൽ ഒരു കാര്യം ശരിക്കും അത്ഭുതപ്പെടുത്തി. അവയൊന്നും ആരെയും ആക്രമിക്കുന്നില്ല, ഭയപ്പെടുത്തുന്നില്ല, ഓടിയടുക്കുന്നുമില്ല, കുരക്കുന്നു പോലുമില്ല. അടുത്തു നിന്ന് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്: ഓരോ നായയുടെയും ചെവിയിൽ ഒരു ചെറിയ പ്ലാസ്റ്റിക് ടാഗ്, അതിനുള്ളിൽ മൈക്രോചിപ്പ്. ആ ചിപ്പിൽ ആ നായയുടെ പൂർണചരിത്രം, വാക്സിനേഷൻ തീയതി, വന്ധ്യംകരണം നടത്തിയോ എന്നത്, ആരോഗ്യനില എന്നിവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ട വളർത്തുനായയാണെങ്കിൽ ഉടമയെ ഉടൻ കണ്ടെത്താനും കഠിനമായ ശിക്ഷ ഉറപ്പാക്കാനും സാധിക്കും.
2023-ഓടെ ജോർജിയ പാർലമെന്റ് പാസാക്കിയ “On Pets” നിയമവും 2025-ലെ സംസ്ഥാനവ്യാപക പ്രോഗ്രാമും ചേർന്ന് എല്ലാ വളർത്തുനായ്ക്കൾക്കും നിർബന്ധിത മൈക്രോചിപ്പിംഗ് + രജിസ്ട്രേഷൻ നിർബന്ധമാക്കി. തെരുവുനായ്ക്കൾക്ക് TNVR (Trap-Neuter-Vaccinate-Return) + ചിപ്പിംഗ് ഘടിപ്പിച്ചു. നായകളെ തെരുവിൽ ഉപേക്ഷിച്ചാൽ കനത്ത പിഴയും ഉടമയ്ക്ക് എതിരെ ക്രിമിനൽ കേസും ചാർജ് ചെയ്തു. ഒരൊറ്റ കേന്ദ്രീകൃത ഡാറ്റാബേസ് പ്രാദേശിക തലത്തിൽ തയ്യാറാക്കി. അതിന്റെ ഫലമായി തലസ്ഥാനമായ ത്ബിലിസിയിലും ബാത്തൂമിയിലും തെരുവുനായ്ക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു, ആക്രമണങ്ങൾ ഏകദേശം പൂജ്യമായി, പേവിഷബാധ റിപ്പോർട്ട് ചെയ്യപ്പെടാതായി.
ഇന്ത്യയിൽ തന്നെ, രാജസ്ഥാനിലെ ജയ്പൂരിൽ 30 വർഷമായി നടന്നുകൊണ്ടിരിക്കുന്ന ABC (Animal Birth Control) പദ്ധതിയും ഇതേ ഫലം തന്നെയാണ് നൽകിയത്. 1994-ൽ Help In Suffering (HIS) എന്ന NGO ആരംഭിച്ച ഈ മോഡൽ, 80%ൽ കൂടുതൽ തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു. ഫലം? പേവിഷബാധ പൂർണമായും ഇല്ലാതായി, ആക്രമണങ്ങൾ 50%ൽ കൂടുതൽ കുറഞ്ഞു, നായ്ക്കളുടെ എണ്ണം 28% കുറഞ്ഞു. ജോർജിയയിലെയും ജയ്പ്പൂരിലെയും മാതൃകകൾ കേരളത്തിൽ നടപ്പിലാക്കിയാൽ, നമ്മുടെ തെരുവുനായ് പ്രശ്നം ഒരു തലമുറകൊണ്ട് തന്നെ പരിഹരിക്കപ്പെടും. പേവിഷബാധ മരണങ്ങൾ ഇല്ലാതാക്കാം, കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാം, വളർത്തുനായകളെ തെരുവിലുപേക്ഷിക്കുന്ന ദുശ്ശീലം പൂർണമായും അവസാനിപ്പിക്കാം.
കേരളത്തിന് എന്താണ് ചെയ്യാനാവുക?
ഇതേ മോഡൽ കേരളത്തിൽ നടപ്പാക്കാൻ ഒരു സമഗ്ര നിയമനിർദേശം ഇതാ:
ആദ്യപടിയായി വളർത്തുനായകളെ ഉടമയുടെ ചെലവിൽ ആറു മാസത്തിനകം നിർബന്ധിത മൈക്രോചിപ്പിംഗ് ചെയുക. അതോടൊപ്പം തെരുവുനായകളെ തദ്ദേശ ഭരണസമിതിയുടെയും ഹരിതകർമ സേന തുടങ്ങിയവയുടെ നേതൃത്വത്തിൽ പിടികൂടി ABC പദ്ധതിയിൽ വന്ധ്യംകരിച്ച് തിരിച്ചുവിടുമ്പോൾ സൗജന്യ ചിപ്പിംഗ് നടത്തുക. മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണവും ചേർന്ന് ഒരു ഓൺലൈൻ പോർട്ടൽ ഉണ്ടാക്കുകയും അവയിൽ നായകളുടെ ചിപ്പ് നമ്പർ, ഉടമ വിവരങ്ങൾ, വാക്സിനേഷൻ തീയതി, ജിയോ-ലൊക്കേഷൻ എന്നിവ ഉൾപ്പെടുത്തുക. അങ്ങനെ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് തയ്യാറാക്കുക.
നായകളെ തെരുവിൽ ഉപേക്ഷിക്കുന്ന ഉടമകൾക്ക് എതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കണം. അവർക്ക് ആദ്യ തവണ പിഴയായി 10,000 – 25000 രൂപയിൽ കുറയാത്ത പിഴ ഈടാക്കുക. ആവർത്തിച്ചാൽ ഒരു ലക്ഷം തുകക്ക് മുകളിൽ പിഴ അടപ്പിക്കുക. അവർക്കു 5-10 വർഷത്തേക്ക് മൃഗങ്ങളെ വളർത്താൻ വിലക്ക് ഏർപ്പെടുത്തുക. അതോടൊപ്പം നിലവിൽ അവർക്കു നായ്ക്കൾ ഉണ്ടെങ്കിൽ അവയെ സർക്കാർ പിടിച്ച്ചെടുക്കുക.
നായകളുടെ ബ്രീഡിങ് സെന്ററുകൾക്കും നിയമം കർക്കശമാക്കണം. അവരുടെ ഡാറ്റകൾ കൃത്യമായി മോണിറ്റർ ചെയ്യണം. ഇവ ഫലപ്രദമായി നടപ്പാക്കുന്നതിന് സംസ്ഥാനതല “Stray & Pet Dog Monitoring Task Force” ശക്തിപ്പെടുത്തുക. എല്ലാ പഞ്ചായത്തിലും/മുനിസിപ്പാലിറ്റിയിലും മൊബൈൽ ABC + ചിപ്പിംഗ് യൂണിറ്റുകൾ സ്ഥാപിക്കുക. കുടുംബശ്രീ ഡോഗ് കാച്ചർ സ്ക്വാഡുകളെ ജയപ്പൂർ മോഡലിൽ പരിശീലിപ്പിച്ച് ഒരു ടീം വാർത്തെടുക്കുക.
ഫണ്ടിംഗ് സാധ്യതകൾ
കേന്ദ മൃഗ സംരക്ഷണ വകുപ്പിന് (AWBI) ഏകദേശം 100 കോടിയുടെ ഫണ്ട് നായകളുടെ സംരക്ഷണത്തിന് ആയുണ്ട്. പേവിഷ നിയന്ത്രണ പ്രോഗ്രാമിന് (NRCP) യുടെ പക്കൽ ഇതിനായി ഏകദേശം 50 കോടിയുടെ ഫണ്ട് ഉണ്ട്. BPCL കൊച്ചി റിഫൈനറി, ഇന്ത്യൻ ഇമ്മ്യോണോലോജിക്കൽ തുടങ്ങിയവയുടെ CSR വിഹിതം 30 കോടി നായസംരക്ഷണത്തിന് ഉണ്ട്. ഇവ കൂടാതെ മറ്റനേകം ഫണ്ടിങ് സാധ്യതകളും നില നിൽക്കുന്നു.
ഏറ്റവും നിരാശാജനകമായ വസ്തുത കഴിഞ്ഞ രണ്ട് വർഷം കേരളത്തിന് അനുവദിച്ച ₹98.93 കോടി ABC ഫണ്ടിൽ 87% ഉപയോഗിക്കാതെ കിടക്കുന്നു എന്നതാണ്. ഇപ്പോൾ ശാസ്ത്രീയമായ മൈക്രോചിപ്പ് + ABC മോഡൽ അവതരിപ്പിച്ചാൽ ഈ ഫണ്ട് പൂർണമായും ലഭിക്കും. മാത്രമല്ല, കൂടുതൽ ഫണ്ട് അനായാസം കണ്ടെത്താനും സാധിക്കും.
പ്രതീക്ഷിക്കാവുന്ന ഫലങ്ങൾ
5 വർഷത്തിനുള്ളിൽ തെരുവുനായ്ക്കളുടെ എണ്ണം 70-90% കുറയ്ക്കാം (ജോർജിയ, ചെന്നൈ, ജയ്പൂർ മോഡലുകളുടെ പാഠം). പേവിഷബാധ പൂർണമായും ഇല്ലാതാക്കാം, വളർത്തു നായകളെ തെരുവിൽ ഉപേക്ഷിക്കൽ പൂർണമായും നിർത്താം. തെരുവുനായ്ക്കൾക്ക് വാക്സിനേഷനും വന്ധ്യംകരണവും ഉറപ്പാകും, മൃഗക്ഷേമവും സംരക്ഷിക്കപ്പെടും. ഏറ്റവും പ്രധാനം, ജനങ്ങൾക്ക് നായഭയം ഇല്ലാതെ പുറത്തിറങ്ങി നടക്കാം എന്നതാണ്.
ഇന്ന് കേരളം തെരുവുനായ് ആക്രമണങ്ങളിൽ വലയുകയാണ്. 2025-ൽ മാത്രം 23 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2.24 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റു. ഇതിന് താൽക്കാലിക പരിഹാരങ്ങളല്ല, ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരമാണ് വേണ്ടത്. ജോർജിയയിലും ജയ്പ്പൂരിലും ചെന്നൈയിലും സാധ്യമായത് കേരളത്തിൽ അസാധ്യമല്ല.
നമുക്ക് ആവശ്യം ഒരു കർശന നിയമം, ഒരു കേന്ദ്രീകൃത ഡാറ്റാബേസ്, രാഷ്ട്രീയ ഇച്ഛാശക്തി, ഇത്ര മാത്രം. ഫണ്ടുകൾ ഇല്ലാത്തതല്ല, ഈ ഫണ്ടുകൾ ഉപയോഗിച്ച് നായസംരക്ഷണത്തിന് സർക്കാർ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ല എന്നതാണ് നമ്മുടെ നാട്ടിലെ പോരായ്മ. വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഇത് വിഷയമാവണം.
ആളുകൾക്ക് ഭയമില്ലാതെ സഞ്ചരിക്കുവാനും തെരുവുനായകൾ അക്രമം കൂടാതെ ജീവിക്കാനും മൈക്രോചിപ്പിങ് ഉൾപ്പെടെയുള്ള മേൽ പദ്ധതികൾ കൊണ്ട് സാധിക്കും. ഇത് സാധ്യമാക്കേണ്ടത് നമ്മുടെ തീരുമാനമാണ്.
