ഹേമകൂടം!
തൂമഞ്ഞു പുതച്ചുകുളിർന്ന താഴ്‌വാരം!
അങ്ങോളമിങ്ങോളം
നീഹാരമുത്തണിഞ്ഞ പ്രിമുലമലരുകളുടെ എത്തിനോട്ടം!
കാട്ടുറോസാപ്പൂക്കളുടെ വശ്യമാദകസൗഗന്ധം !
മഞ്ഞണിഞ്ഞ നാരീലതകളുടെ കുതൂഹലചാഞ്ചാട്ടം!
മൂടൽമഞ്ഞിലും നിലാവലയിലുംപെട്ട നിഹ്നുതാംഗിയെപ്പോലെ രാത്രി!
നനുത്ത ഹിമയവനിക നീക്കി, വസന്തപൗർണ്ണമിയുടെ നീലിമയിൽ ആകാശത്തുനിന്നൊരാൾ എത്തിനോക്കി !
പൊടുന്നനെ… ചന്ദ്രപീഡൻ്റെ ഓർമ്മകൾ, കാദംബരീദേവിയെ തരളിതയാക്കി!
നിമ്നോന്നതയായ ജീവനുള്ളൊരു ചാരുശില്പം,
അന്നേരമൊരു കവിതയായി പൂത്തുലയുകയായിരുന്നു!
മാനത്തു തെളിഞ്ഞത് ചന്ദ്രനല്ല; ചന്ദ്രപീഡനാണെന്നും അദ്ദേഹം പതുക്കനെ താഴേക്കിറങ്ങി തൻ്റെ ചാരെവരുകയാണെന്നും കാദംബരിക്കുതോന്നി.
നിറയെ മൊട്ടിട്ടൊരു പൂമരംപോലെ അവളൊന്നുരോമാഞ്ചം കൊണ്ടു..
ലജ്ജാവിവശയായി സഹചരിയെ വിളിച്ചു..
“മഹാ…”
ശുഭ്രവസ്ത്രമണിഞ്ഞൊരു സന്യാസിനിയെപ്പോലെ മഹാശ്വേതാദേവി മന്ദം നടന്നു സഖിക്കരികിലെത്തി.
നിശ്ചയമായും തൻ്റെ പ്രണയിതാവിന്നുവരുമെന്നും അത്താഴത്തിനായി മൃദുവായ റൊട്ടി ചുടണമെന്നും വ്യഞ്ജനം താൻതന്നെയൊരുക്കാമെന്നും കാദംബരി പറഞ്ഞു..
പിന്നെയും പിന്നെയുമെന്തൊക്കെയോ പേർത്തും പേർത്തും പറഞ്ഞുകൊണ്ടിരുന്നു..
അത്രമേൽ ആർദ്രമായി… ഒരു പൂ വിരിയുന്ന ചാരുതയോടെ ലോലഭാഷണങ്ങൾ ആവർത്തിക്കപ്പെട്ടു..
“ദശ ഭിണ്ഡികാ “
കാദംബരിയുടെ മർമ്മരം കാതോരമെത്തിയിട്ടാവണം മഹാശ്വേത കുസുലയിലേയ്ക്കു തിരിച്ചു;
കാദംബരി മഹാനസത്തിലേയ്ക്കും.
മഹാശ്വേത കൊണ്ടുവന്ന,
മൂത്തുപാകമല്ലാതായ പത്തുവെണ്ടക്കായ്കൾ തീർത്തും വ്യഞ്ജനയോഗ്യമല്ലായിരുന്നു !
എങ്കിലുമൊരു ബ്രഹ്മകമലപത്രത്തിൽ അവ നിരത്തി മഹാശ്വേത അടുത്തിരുന്നു.
അതിനെന്താണ്?
അനുരാഗപരവശയായി കാദംബരിയൊന്നു നോക്കിയതേയുള്ളൂ,
ആ വെണ്ടക്കായ്കളെല്ലാം
ഇളംപച്ചയിൽ ഇളമുറക്കാരായി!
കടുത്ത പ്രണയത്തിൻ്റെ അനർഘനിമിഷങ്ങളിൽ… ഭാഷ മാത്രമല്ലാ ; നോട്ടം പോലും നന്നേ നേർത്തുപോകാറുണ്ടല്ലോ!
ആ വ്രീളാമുഖത്തുനോക്കി,
കപോലങ്ങളിൽ പടർന്ന കുങ്കുമം ലേശം തൊട്ടെടുത്ത്, സ്വന്തം ഹൃദയത്തിലേയ്ക്ക് മുദ്രണം ചെയ്യാൻ ചന്ദ്രപീഡനൊന്നു വന്നിരുന്നെങ്കിൽ !
അന്നേരമല്ലേ, നാലു മിഴിമുനകളിൽ മധുരമനോജ്ഞമായ കിനാത്തളിരുകളെ കോർത്തുവലിക്കാനാവൂ?
കരളിലൊരു ശലഭം പാറിപ്പറക്കുന്നതുപോലും ഉൾപ്പുളകത്തോടെ പറയാനാവൂ?
ഉള്ളിൽ പ്രണയത്തിന്റെ ഇത്തിരിച്ചോപ്പുണ്ടെങ്കിൽ, ഏതൊരു മുരടനും ഈ ഭാഷ നന്നേരുചിക്കുകതന്നെ ചെയ്യും..
പരസ്പരം പറയാതെത്തന്നെ തങ്ങൾ പ്രണയികളാണെന്ന് നിരന്തരം സമ്മതിച്ചുകൊണ്ടേയിരിക്കും..
ഏറെ ഹൃദയംഗമമായ, ഈ കോമളമൃദുമന്ത്രണത്തെ…. അങ്ങകലെനിന്നും ചന്ദ്രപീഡനറിയാതിരിക്കുമോ?
വ്യഞ്ജനമൊരുക്കാൻ വെണ്ടയ്ക്ക മാത്രം മതിയോയെന്ന് മഹാശ്വേത ചോദിച്ചു.
ദക്ഷിണഭൂമിയിൽനിന്നും കിന്നരന്മാരെത്തിച്ച ശാകവർഗ്ഗവും കേരതൈലവും നാരികേലയുമെടുത്തുവയ്ക്കാൻ കാദംബരിയാവശ്യപ്പെട്ടു.
മഹാശ്വേത അനുസരിച്ചു. നാളികേരം ചിരകിപ്പിഴിഞ്ഞ് തൻപാലും രണ്ടാംപാലുമുണ്ടാക്കി കാദംബരിയങ്ങനെ
മഹാനസത്തിൽ നിരതയായി.
“ഏക പലാണ്ഡു “.
കാദംബരിയുടെ സ്വരമാധുരിക്ക്,
പ്രേമത്തിൻ്റെ കൊഞ്ചലുണ്ടായിരുന്നു !
മഹാശ്വേത ഓരോന്നോരോന്നായി അരികിലെത്തിച്ചു.
തീക്ഷ്ണരാഗവായ്പിലുലഞ്ഞ് മൃദുത്വമാർന്ന് തരളിതരായ വെണ്ടയ്ക്കകളെ കഴുകിയെടുത്ത് കാദംബരി കഷണിക്കാൻ തുടങ്ങി.
‘മഹാ…’
കാദംബരി മന്ത്രിക്കുന്നതുപോലെ മഹാശ്വേതയ്ക്കുതോന്നി..
അവൾ ചെവികൾ കൂർപ്പിച്ചു..
“ലശുന..
ആർദ്രകം ..
മരീചിക..
സുരഭിനിംബ..
രക്തഫല ..
ഹരിദ്രചൂർണ്ണ..
മരീചചൂർണ്ണ..
ധനിചൂർണ്ണ..
ഉസ്ണമസാലചൂർണ്ണ..
ലവണ..
സലില…”
എല്ലാമെല്ലാം കാദംബരിയുടെ മുന്നിലേയ്ക്ക് എത്തപ്പെട്ടു.
അഗ്നിയാളുന്ന അടുപ്പത്തേയ്ക്ക് കാദംബരി ചെറിയൊരോട്ടുഭാണ്ഡം വച്ചപ്പോൾ , കേരതൈലച്ചഷകവുമായി മഹാശ്വേത തൊട്ടടുത്തുവന്നു.
“ത്രി ചമസ ” ആളിക്കത്തുന്ന അഗ്നിനാമ്പുകളെയൊതുക്കി കാദംബരി മൊഴിഞ്ഞു..
അനന്തരം മൂന്ന് വലിയ കരണ്ടി വെളിച്ചെണ്ണ അതിലേയ്ക്കൊഴിക്കപ്പെട്ടു. അതൊന്നു കായാൻ തുടങ്ങിയതും,നുറുക്കിയ വെണ്ടയ്ക്കകളതിലിട്ട് ഒരു മരത്തവികൊണ്ട് കാദംബരിയിളക്കാൻതുടങ്ങി..
വെണ്ടയ്ക്കാകഷണങ്ങൾ വെന്തുചുരുങ്ങിയ വേള, അതൊരു ബ്രഹ്മകമലപത്രത്തിലേയ്ക്ക് കോരിയെടുത്ത് മാറ്റിവയ്ക്കപ്പെട്ടു..
ആ വെളിച്ചെണ്ണയിലേയ്ക്ക്,
ചെറുതായിക്കൊത്തിയരിഞ്ഞെടുത്ത
ഒരു ചെറുവിരൽപ്പാതിയോളം പോന്ന ഇഞ്ചിക്കഷണവും അഞ്ചാറുചുള വെളുത്തുള്ളിയും രണ്ടു പച്ചമുളകും രണ്ടുമൂന്നുപട്ട കറിവേപ്പിലയും കൂടെച്ചേർക്കപ്പെട്ടു.
മിതമായ അഗ്നിയെ സാക്ഷിനിർത്തി,
അവളതു വഴറ്റിയെടുക്കുകയായിരുന്നു.
പച്ചമുളകിൻ്റെ എരിവുവാസനയോ ഇഞ്ചിയുടെ ചൊടിമണമോ വെളുത്തുള്ളിയുടെ രൂക്ഷഗന്ധമോ തെല്ലുംതന്നെ അവളെ അലോസരപ്പെടുത്തിയതേയില്ല. ചന്ദ്രപീഡൻ്റെ ആഗമനം കാത്തിരിക്കുന്ന പ്രണയഹൃത്തിൽ, പ്രവാളകുസുമത്തിൻ്റെ സൗരഭ്യമല്ലാതെ മറ്റെന്തുണ്ട്?
അടുപ്പത്തെ വഴറ്റിയ ചേരുവയിലേയ്ക്ക്,
നീളത്തിൽ നന്നേ നേർത്തരിഞ്ഞെടുത്ത ഒരു വലിയ ഉള്ളിയും പാകത്തിനുപ്പും കൂടെ ചേർത്തിളക്കപ്പെട്ടു.
നാലേനാലു നിമിഷങ്ങളങ്ങനെയങ്ങനെയൂർന്നേപോയി!..
സ്വർണ്ണനിറമാക്കാതെത്തന്നെ മൂപ്പിച്ചു വഴറ്റിയെടുത്ത കൂട്ടിലേയ്ക്ക് ചെറുതായരിഞ്ഞൊരു തക്കാളികൂടി നന്നായി വെന്തുടഞ്ഞുചേർന്നു..
കാദംബരിയുടെ ഊഷ്മളമായ അന്തരംഗത്തിലും സ്വന്തം പ്രണയിതാവ് സുഖദമായലിഞ്ഞലിഞ്ഞേചേർന്നെന്ന്,കവിളുകളിലെത്തങ്കത്തകിട്ട് അടക്കം പറഞ്ഞു..
അവളുടെ കരാംഗുലികൾ, മനോവ്യാപാരത്തിനൊപ്പം നിപുണയായൊരു ദേഹണ്ണക്കാരിയെപ്പോലെ വർത്തിക്കാൻ തുടങ്ങി..
“ഹരിദ്രചൂർണ്ണ..
ധനിചൂർണ്ണ..
മരീചചൂർണ്ണ..
ഉസ്ണമസാലചൂർണ്ണ…”
കാദംബരി ഓരോന്നായി പേരുപറഞ്ഞുചേർക്കുകയായിരുന്നു.. പാചകത്തിലവൾ ഏകാഗ്രയും വ്യാപൃതയുമായി. കാൽക്കരണ്ടിയോളം മഞ്ഞൾപ്പൊടി, മൂന്നു കരണ്ടിയോളം മല്ലിപ്പൊടി, അരക്കരണ്ടിയോളം മുളകുപൊടി, ഒരു കരണ്ടിയോളം ഗരംമസാലപ്പൊടി … ഇത്യാദി കൂടെച്ചേർത്ത്, ചെറുചൂടിലവൾ വീണ്ടും വഴറ്റിത്തുടങ്ങി.
കാദംബരിയുടെ അകമർപ്പിച്ച പാചകത്തിന് ഒരൊറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ ,ചന്ദ്രപീഡൻ!
അടുപ്പത്തെച്ചേരുവ വഴന്നുടഞ്ഞപ്പോൾ, വെന്തുവാടി മാറ്റിവച്ച വെണ്ടയ്ക്കാ കഷണങ്ങളും ചേർത്ത് പിന്നെയുമിളക്കാൻ തുടങ്ങി..
ആദ്യം വഴന്നുടഞ്ഞ ചേരുവയുടെ ഗുണവും സുഗന്ധവും വളരെ വേഗത്തിലാ വെണ്ടയ്ക്കാനുറുക്കുകളിലേയ്ക്ക് പുരണ്ട്,
അരയോജന ദൂരത്തുള്ളൊരു നാസികയെപ്പോലും ഉത്തേജിപ്പിക്കാൻ പ്രാപ്തമായി..
ആ കൂട്ടിലേയ്ക്ക് കാദംബരി,ഒരു ചഷകത്തോളം വരുന്ന രണ്ടാംപാലൊഴിച്ച് വേഗമിളക്കി, തിളയ്ക്കുന്നതുവരേയ്ക്കും ശക്തിയായി കത്തിക്കാൻ തുടങ്ങി.
പിന്നെ, വിറകുകൊള്ളി വലിച്ചെടുത്ത് ചൂടു മിതമാക്കി പാകം ചെയ്യാനും.

വര : വർഷ മേനോൻ
തീച്ചൂടു കായാനിരിക്കുന്ന തണുതണുത്ത നിലാരാത്രി! ഉള്ളിലെയനുരാഗത്തീച്ചൂടേറ്റ് കാദംബരിയുടെയുടലിൽ പഞ്ചാര വിതറിയപോലെ സ്വേദബിന്ദുക്കൾ !
അടുപ്പത്തെ കൂട്ടാൻ കുറുകിപ്പാകമായപ്പോൾ ഉപ്പു കൃത്യമാണെന്നുറപ്പു വരുത്തി, അരക്കരണ്ടി കുരുമുളകുപൊടിയും അരചഷകത്തോളം വരുന്ന തൻപാലും ചേർത്ത് ഒന്നിളക്കി മൂടി വച്ച് ഇറക്കിവച്ചു കാദംബരി.
പരന്നൊഴുകാൻ വെമ്പുന്ന സ്വാദുസുഗന്ധത്തെ ഒരല്പസമയത്തേയ്ക്കെങ്കിലും കാദംബരി അപൂർണ്ണമായടച്ചുവയ്ക്കുകയായിരുന്നു..
ഇങ്ങനെയൊരു കൂട്ടാൻ എങ്ങനെ പാകം ചെയ്തുവെന്ന്…
ഒരുപക്ഷേ ഇനി ചോദിച്ചാൽ കാദംബരി പറയില്ലെന്ന് മഹാശ്വേതയ്ക്കു തോന്നി.
അകതാരിലെ തീവ്രമായ പ്രണയസാക്ഷാത്ക്കാരത്തിനൊപ്പം അവളറിയാതെയവളും രസവതിയിൽ ദ്രുതമായി ചലിക്കുകയായിരുന്നല്ലോ!
ചന്ദ്രപീഡനുവേണ്ടി ഹൃദയം പൂർണ്ണമായും സമർപ്പിക്കാനായി അവൾക്കൊപ്പം ആ പാകശാലയുമൊരുങ്ങുകയായിരുന്നല്ലോ!..
അനന്തരം മഹാശ്വേത റൊട്ടി ചുടുകയും കാദംബരി ഒരു ചായധാനിയെടുത്ത് അടുപ്പത്തുവയ്ക്കുകയും ചെയ്തു..
“കിം ഇവ |”
“ജലം യദാ ക്വാഥതി തദാ ചമസമിതം ചായചൂർണം ജലേ യോജയതു || “
ആ ശബ്ദം കാദംബരിയുടേതായിരുന്നില്ല.
“അപി ഭവാൻ മമ പ്രാണമസ്തി | “
കോൾമയിർക്കൊണ്ട് തെല്ലുറക്കനെയാണ് കാദംബരി ചോദിച്ചത്!
അതേ, സത്യമാണ്.
ചന്ദ്രപീഡൻ തന്നെയാണ് പ്രതിവചിച്ചത്!!
ഏകാഗ്രവും ഉത്കടവുമായ ആഗ്രഹസാധനയിലൂടെ,
പ്രസ്തുതപുമാൻ ഇതാ നിജമായും സമീപമണഞ്ഞിരിക്കുന്നു !!. ഹൃദയമർപ്പിച്ച പചനത്തിന്, അതിരുചിരത്താലേ ഉണ്ണുന്നവരുടെ വിരലുകൂട്ടിക്കടിക്കാനുള്ള ത്രാണിയുണ്ടാകും!
“അമ്മേ,
ഇതച്ഛന് വല്യേഷ്ടല്ലേ?
സൂപ്പറായിണ്ട് ട്ടോ..”
മോളാണ്.
ചൂടുള്ള ഫുൽകാചപ്പാത്തി, കുറുകിയ വെണ്ടയ്ക്കാപാലുകറിയിൽ മുക്കിക്കഴിക്കുകയായിരുന്നു അവൾ.
ശരിക്കും ആ പ്രശംസയ്ക്കൊരു നന്ദി പറയേണ്ടതായിരുന്നു ഞാൻ.
പക്ഷേ, പറഞ്ഞതിങ്ങനെയായി..
“താങ്ക്സ് കാദംബരീ …”
കവര്‍: സുധീര്‍ എം എ
