പൂമുഖം OPINION സി. കെ ജാനുവിനെ വെറുതെവിടുക

സി. കെ ജാനുവിനെ വെറുതെവിടുക

സി. കെ. ജാനുവിനെപ്പറ്റി, അവരുടെ എൻ. ഡി എ. പ്രവേശനത്തെപ്പറ്റി പറയുന്ന ഞാനടക്കമുള്ളവർക്ക് അവരുടെ ചെരിപ്പിന്റെ വാറഴിക്കാൻ പോലും യഥാർത്ഥത്തിൽ യോഗ്യതയില്ല. കർമ്മനിരതവും സമർപ്പിതവുമായ ഒരു ജീവിതത്തെ അതെന്തിന്റെ പേരിലായാലും  ആരുടേതായാലും വിലയിരുത്തുമ്പോൾ നമ്മൾ ശ്രദ്ധിക്കണം.

എ. കെ. ആന്റണി നയിച്ച യു ഡി എഫ് സര്ക്കാരിന്റെ മാറ്റുരച്ചത് ജാനു നയിച്ച മുത്തങ്ങ സമരമായിരുന്നു. കാട് മുഴുവൻ കുടിയേറിയും വെട്ടി വെളുപ്പിച്ചും വിറ്റു ലാഭം ഉണ്ടാക്കിയും മുന്നേറിയ നമ്മൾ ആദിവാസികളെയും മരങ്ങളെയും മറന്നു പോയിരുന്നു. ആദിവാസികളെ മനുഷ്യനായി അഭിസംബോധന ചെയ്യുന്നതിൽ പോലും പരാജയപ്പെട്ടു . മരങ്ങൾ തലങ്ങും വിലങ്ങും വെട്ടി . സ്വാഭാവിക വനങ്ങളെ വെട്ടിപ്പിടിപ്പിച്ച വലിയ തോട്ടങ്ങളായി പ്രഖ്യാപിച്ചു . എല്ലാവരുടെതുമായിരുന്ന കൊടുംകാടുകൾ ഏതാനും വ്യക്തികളുടെ സ്വകാര്യസ്വത്തായി മാറിക്കൊണ്ടിരുന്നു. കാട്ടിലെ മൃഗങ്ങളെപറ്റി പറയാനുമില്ല. മാനിന്റെയും കാട്ടിയുടെയും ആനയുടെയും കൊമ്പുകൾ നാട്ടിലെ കൊട്ടാരങ്ങളുടെ അലങ്കാരമായി . എത്ര സമ്പന്നമായ ജൈവ വൈവിധ്യത്തെയാണ് ക്ഷണനേരം കൊണ്ട് നാമാവശേഷമാക്കിയത് . ഈ മുച്ചുടും മുടിക്കലിനെ നമ്മൾ വികസനം എന്ന് പേരിട്ടു .

” ഉണ്ണാനുള്ളൊരു ചോറ്റിൽ പട്ടികൾ നിന്ന് ചിലപ്പതു കണ്ടാലോ ” എന്ന നാട്ടു ചോദ്യത്തിന്റെ  വനഭാഷ്യമായിരുന്നു മുത്തങ്ങ സമരം. കാട് , ആദിവാസികൾ, ജൈവ ആവാസ വ്യവസ്ഥ എന്നിവ ഒരു പ്രശ്നമായി കേരളത്തിൽ ദൃശ്യത നേടുകയായിരുന്നു . സ്വന്തം മണ്ണിലെ അവകാശം പ്രഖ്യാപിച്ചു കാട്ടിൽ കുടില് കെട്ടി സമരം ചെയ്തത് ഏതു വിധം കലാശിച്ചുവെന്നത് നമുക്കറിയാം. അടികിട്ടി വിങ്ങിയ മുഖത്തോടെ പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങി വന്ന ജാനുവിന്റെ മുഖം കേരളം മറക്കാതിരിക്കട്ടെ. സ. വർഗീസിന് ശേഷം വയനാടാൻ മണ്ണിനെ ഇളക്കി മറിച്ച സമരമായിരുന്നു ജാനുവിന്റെത്. ആദിവാസികൾ സ്വയം പ്രഖ്യാപിക്കുന്ന ആദ്യത്തെ സമരവും അതായിരുന്നു.

ഭരണാധികാരികൾ ചർച്ചയ്ക്കു വിളിക്കുകയും അവർക്ക് വാഗ്ദാനങ്ങൾ നല്കപ്പെടുകയും ചെയ്തു . തലസ്ഥാനത്ത് കുടിലുകെട്ടി ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ സമരമാരംഭിച്ചതാണ് വാഗ്ദാനം കൊണ്ട് മെച്ചമുണ്ടായത്. വീണ്ടും വാഗ്ദാനങ്ങൾ. ഏറ്റവുമൊടുവിൽ ചരിത്രം കുറിച്ച നില്പുസമരം . തിരുവനന്തപുരത്തിരുന്നു അവരെ വിമർശിക്കുന്നവർ എത്രപേർ ഈ സമരത്തോട് ഐക്യപ്പെട്ടു?

യു ഡി എഫും എൽ ഡി എഫും മാറി മാറി ഭരിച്ചതിനിടയിൽ ആദിവാസികളുടെ ജീവിതം പതിന്മടങ്ങ്‌ ദുരിത പൂർണമായി. ബാക്കിയുള്ള കാടുകൾ കൂടി കയ്യേറുന്നതിലും വിറ്റു കാശാക്കുന്നതിലും തമ്പ്രാക്കൾ ജാഗരൂകരായിരുന്നു. ഗാട്ഗിൽ കമ്മറ്റി റിപ്പോർട്ടും കസ്തൂരി രംഗൻ റിപ്പോർട്ടും കാറ്റിൽ പറത്തി . മുത്തങ്ങ മാത്രമല്ല തുടർന്നുണ്ടായ നെല്ലിയാംപതിയിലും ചെങ്ങറയിലും പുറം കാലുകൊണ്ട്‌ തട്ടിയെറിഞ്ഞു. നെല്ലിയാമ്പതിയിലെ ഭഗവതി മൂപ്പൻ മരിച്ചു പോയി. ളാഹാ ഗോപാലനും സെലീനാ പ്രക്കാനവും വിസ്മൃതരായി . പ്ലാച്ചി മടയെയും മയിലമ്മയെയും കുപ്പിയിലടച്ച്‌ പെപ്സി കോളയാക്കി വിൽക്കുന്നതിൽ വിജയം കണ്ടവരാണ് നമ്മൾ .

കെട്ടിടങ്ങളും റോഡുകളും മാത്രമാണ് ഒരു നാടിന്റെ വികസനമെന്ന് കരുതുന്നവർക്കുള്ള മറുപടിയായിരുന്നു ജാനുവിന്റെ പോക്ക്. അവരെ  ഇനിയും മനുഷ്യരായി ഗണിക്കാത്തതിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ  ലേബലിൽനടത്തിയ ഫാസിസ്റ്റ് അക്രമത്തോടുള്ള പ്രതിഷേധം.

ജാനുവും ഭഗവതി മൂപ്പനും സെലീന പ്രക്കാനവും മയിലമ്മയും പറഞ്ഞതൊന്നും കേൾക്കാൻ നാം തയാറായില്ല. പകരം രാഷ്ട്രീയ ബോധമുണ്ടാകേണ്ടതിന്റെ ആവശ്യകതയും സ്വത്വ രാഷ്ട്രീയത്തിന്റെ അപകടവും അവരെ പഠിപ്പിക്കാൻ ശ്രമിച്ചു. അത് ചെലവാകാതെ വന്നപ്പോൾ അവരെ കുറ്റപ്പെടുത്തി . കടുത്ത ചൂടിൽ വെന്തുരുകി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്ന അരിമണിയിൽ  പ്ലാസ്റ്റിക് ചേരുന്നതിനെ പറ്റി ചർച്ച ചെയ്തു .

ഇതിനിടയിൽ ബി ജെ പി കലങ്ങിയ വെള്ളത്തിൽ അതി സമർഥമായി മീൻ പിടിക്കുകയായിരുന്നു . ഹിന്ദുമതത്തിനുള്ളിലെ വ്യതസ്ത സമുദായങ്ങളെ ഓരോന്നായി അവർ വിഴുങ്ങി തുടങ്ങി . സവർണ്ണനെയും ഈഴവനെയും ദളിതനേയും ആദിവാസിയെയും ഹിന്ദുക്കളാക്കി മാറ്റുന്നതിൽ അവർ വിജയിച്ചു. അമ്പല കമ്മിറ്റിയിൽ അധികാരികളായി കയറിപ്പറ്റിയ ജനാദിപത്യസംഘടനകളും വിപ്ലവ പാർട്ടികളും സ്വധർമ്മം മറന്നു വോട്ട് ബാങ്കിൽ മാതം കണ്ണ് നട്ടു . അധികാരവും പണവും കിട്ടുക എന്നതിനപ്പുറം ഓരത്തേയ്ക്ക് തള്ളിമാട്ടപ്പെട്ടവർ പറയുന്നതൊന്നും ശ്രദ്ധിക്കാൻ അവർ സന്നദ്ധരായില്ല. സി കെ ജാനു എന്ന വിമോചനപ്പോരാളി സ്വന്തം സംഘത്തോടൊപ്പം എൻ ഡി എ യിൽ ചെന്ന് ചേക്കേറുകയും തെരഞ്ഞെടുപ്പിൽ അവർ സ്ഥാനാർത്ഥിയാവുകയും ചെയ്തതിന്റെ രാഷ്ട്രീയ പശ്ചാത്തലം ഇതാണെന്ന് ഞാൻ കരുതുന്നു . കെട്ടിടങ്ങളും റോഡുകളും മാത്രമാണ് ഒരു നാടിന്റെ വികസനമെന്ന് കരുതുന്നവർക്കുള്ള മറുപടിയായിരുന്നു ജാനുവിന്റെ പോക്ക്. അവരെ  ഇനിയും മനുഷ്യരായി ഗണിക്കാത്തതിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ  ലേബലിൽനടത്തിയ ഫാസിസ്റ്റ് അക്രമത്തോടുള്ള പ്രതിഷേധം.

എങ്കിലും എനിക്ക് ഉത്‌കണ്‌ഠയുണ്ട്. ഇന്തയിലെയ്ക്ക് സ്പെഷ്യൽ എക്കണോമിക് സോൺ ആനയിച്ചു കൊണ്ടുവന്ന എൻ ഡി എ ഇതിനൊരു പരിഹാരമാവുമോ ? ജാതി വിവേചനത്തെ അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിൽ ജാനുവിന്റെ സ്ഥാനം എന്തായിരിക്കും ? എവിടെയായിരിക്കും ?

അതിനാൽ ജാനുവിനെ കൂട്ടത്തിൽ നിന്ന് തള്ളിപ്പുറത്താക്കി കുറ്റപ്പെടുത്തുന്നവരോടും അവരെ സ്വീകരിക്കുന്നവരായി ഭാവിച്ചു വാഴ്ത്തുന്നവരോടും വിനീതമായി അപേക്ഷിക്കാനുള്ളത് ഒരേ കാര്യമാണ്.. ജാനുവിനെ വെറുതെ വിടുക.

Comments
Print Friendly, PDF & Email

You may also like