പൂമുഖം പ്രതികരണം ജയ് ഭീം : അവകാശ വാദങ്ങളില്ലാത്ത ശുദ്ധ തമിഴ് ദളിത് സിനിമ

ജയ് ഭീം : അവകാശ വാദങ്ങളില്ലാത്ത ശുദ്ധ തമിഴ് ദളിത് സിനിമ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ദളിത് – ആദിവാസി സമൂഹത്തിന്‍റെ ശോഷണങ്ങളെ കുറിച്ച് വളരെയേറെ സിനിമകൾ ഇന്ത്യൻ സിനിമയിൽ നിര്മിക്കപ്പെട്ടിട്ടുണ്ട്. മിക്കവയും, സമാന്തര സിനിമാക്കാർ ആണ് നിർമ്മിച്ചത് എന്നത് കൊണ്ട് തന്നെ പലപ്പോഴും തീയേറ്ററിൽ പോലും റിലീസ് ചെയ്‌തിട്ടിട്ടില്ല. ശ്യാം ബെനേഗലിന്‍റെ “അങ്കുർ, ഗോവിന്ദ് നിഹ്‌ലാനിയുടെ ‘ആക്രോശ്’, മൃണാൾ സെന്നിന്‍റെ ‘ഒക്കെ ഊറി കഥ’ എന്നിവ മറന്നു കൊണ്ടല്ല ഈ എഴുത്ത്. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ ആയിരുന്നു. ജനതയുടെ നല്ലൊരു ഭാഗം വരുന്ന ദളിത് ആദിവാസിസമൂഹം മുഖ്യധാരാ ചർച്ചകളിലും കലകളിലും ശക്തമായ സാന്നിധ്യം കൈവരിക്കുന്നത് വി പിസിംഗിന്‍റെ മണ്ഡൽ കമ്മീഷൻ ഓർഡറിന് ശേഷമാണെന്ന് പറയാം. അത് ഇന്ത്യൻ സമൂഹത്തിലേക്ക് കീഴാളരുടെ അവസ്ഥാ വിശേഷങ്ങളെ ശക്തമായി പ്രതിഷ്ഠിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവരുടെ ശക്തി കേന്ദ്രങ്ങളിൽ അന്പതിനു മുൻപേ അതു ചെയ്തതെങ്കിലും, അതൊരു രാജ്യത്തിന്‍റെ പൊതുവിഷയമായി വന്നത് മണ്ഡൽ ഓർഡറിന് ശേഷമെന്ന് തീർച്ചയായും പറയാം. എന്നാൽ ദ്രാവിഡ കീഴാള രാഷ്‌ടീയം സിനിമയെ മൊത്തമായി തങ്ങളുടെ രാഷ്‌ടീയത്തിനായി ഉപയോഗിച്ചിരിക്കുന്ന തമിഴ് നാട്ടിൽ അതല്ലായിരുന്നുകീഴ് വഴക്കം. അവിടെ എം ജി ആറിന്‍റെ “റിക്ഷാക്കാരൻ” പോലെയുള്ള സിനിമ അവരുടെ അവസ്ഥയെ വികലീകരിച്ച കച്ചവട സിനിമകളായി പുറത്തു വന്നിരുന്നു. ആ സിനിമയുടെ ലാഭം കൊണ്ട് ചെന്നൈയിലെ റിക്ഷക്കാർക്കു പുതിയ റിക്ഷകൾ എം ജി ആർ ദാനം ചെയ്തു എന്ന് കേട്ടിട്ടുണ്ട്. അതായതു കീഴാളരുടെ അവസ്ഥയെ കാണിച്ചു അതിൽ സ്ഥിരം കച്ചവട ചേരുവകൾ ചേർത്ത് അവരെ ത്രസിപ്പിച്ചു ലാഭമുണ്ടാക്കി ,അവരെ സഹായിച്ചു എന്ന് പറയാം.

പക്ഷെ കഴിഞ്ഞ കുറെ വർഷമായി തമിഴിൽ, അറുപതുകളിൽ മലയാളത്തിൽ തോപ്പിൽ ഭാസിയും, കെ എസ് സേതുമാധവനും, പി ഭാസ്കരനും ചെയ്ത പ്രമേയ മാറ്റങ്ങൾപോലെ കുറെ ചെറുപ്പക്കാർ തങ്ങളുടെ സിനിമകളെ സാമൂഹ്യ യാഥാർത്ഥങ്ങളുമായി ബന്ധിപ്പിച്ചു പുതിയൊരു സിനിമ സംസ്‍കാരം വളർത്തുന്നുണ്ട്. ഇത്തരം സിനിമകളുടെ വർത്തമാന കാല കണ്ണിയും, നക്ഷത്രവുമാണ് ഇന്ന് വളരെ ഏറെ ചർച്ച ചെയ്യപ്പെടുന്ന “ജയ് ഭിം” എന്ന സിനിമ.

ആദ്യമേ പറയട്ടെ, “ജയ് ഭീം” ഒരു നല്ല രാഷ്‌ടീയ സിനിമയാണ് – ദളിത് രാഷ്‌ടീയത്തിന്‍റെ സിനിമ. കാരണം അത് പാർട്ടി രാഷ്‌ടീയമല്ല – ഒരു സമൂഹത്തിന്‍റെ, നീതിക്കും, ഭരണഘടനാപരമായ അവകാശങ്ങൾക്കും വേണ്ടിയുള്ള സമരത്തിന്‍റെ കഥ പറയുന്ന സിനിമയാണത് . മിക്ക ഇടതു പക്ഷ രാഷ്‌ടീയക്കാരുടെ സിനിമകൾ പോലെ ഈ സമരം, സർക്കാരിന്‍റെ മാറ്റത്തിന്‍റെ, വിപ്ലവത്തിൽ അല്ല അ വസാനിക്കുന്നതു – മറിച്ചു ഇന്നത്തെ വ്യവസ്ഥയിൽ നിന്നും കീഴാളർക്ക് നീതി ലഭിക്കുന്നതിൽ അവസാനിക്കുന്നു. രണ്ടര മണിക്കൂർ നമ്മൾ കാണുന്നത് അവരുടെ ജാതിപരമായ ശോച്യാവസ്ഥ,ഭരണ സംവിധാനങ്ങളുടെ അവരെ പറ്റിയുള്ള നിഷ്കാസനപരമായ പെരുമാറ്റം, പീഡനം ഒക്കെയാണ്. കൂടെ അതിനെതിരെ കോടതി വഴി ഒറ്റയാൾ പട നയിക്കുന്ന ഒരു മനുഷ്യാവകാശ വക്കീലിനെയും നാം കാണുന്നു. അത് കൊണ്ട് തന്നെ രാഷ്‌ടീയത്തിനുപരി, മാനുഷിക തലത്തിലേക്ക് – ജാതി എന്ന ദുർഭൂതത്തിന്‍റെ നിരാകരണത്തിലേക്കു, നീതി എല്ലാവര്ക്കും തുല്യമാണ് എന്ന ഭരണഘടനാ വസ്തുതയിലേക്കു ഈ ചിത്രത്തിന്‍റെ പ്രമേയവും കഥയും നമ്മെ നയിക്കുന്നു.

ഇപ്പോളും ജീവിച്ചിരിക്കുന്ന ഒരു വക്കീലിന്‍റെ മനുഷ്യാവകാശ പോരാട്ടത്തിന്‍റെ കഥയാണ് എന്നത് ഈ സിനിമയുടെ സാമൂഹ്യ പ്രസക്തി കൂട്ടുന്നു. ആ വക്കീൽ പാർട്ടിയിൽ നിന്ന്സസ്‌പെൻഡ് ചെയ്യപ്പെട്ട സിപിഎം കാരനാണ് എന്നത് ഇതിന്‍റെ പാർട്ടി രാഷ്‌ടീയ മാനം ഇല്ലാതാക്കുകയും, നീതി പോരാട്ട വശം ഉയർത്തുകയും ചെയ്യുന്നു. അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്, ഈ കേസ് നടന്നത് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ്ചെയ്തതിനു ശേഷം ആണ് എന്നാണ്. അതായതു ഒരാൾക്ക് കീഴാളരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുവാൻ ഒരു പാർട്ടിയുടെയും ആവശ്യമില്ല. നീതി ആരുടേയും കുത്തകയല്ലല്ലോ. ഭരണഘടനയിലെ വ്യവസ്ഥകൾ ആകട്ടെ ,എല്ലാവർക്കും വേണ്ടിയും ഉള്ളതാണ്.

പോലീസ്കീഴാളരെ ക്രൂരമായി കൈകാര്യം ചെയ്യുന്ന ദൃശ്യത്തോടെആരംഭിക്കുന്ന സിനിമ ഇരുളർ എന്ന സർപ്പപിടി ത്തക്കാരുടെ ജീവിത ശൈലി – ഗ്രാമം എന്നിവയിലൂടെ, ഗ്രാമത്തിലെ ഒരു മോഷണം എങ്ങനെ താഴ്ന്ന ജാതിക്കാരുടെ തലയിൽ കെട്ടിവെയ്ക്കപ്പെടുന്നു എന്നതിലേക്ക് എത്തുന്നു. ലോക്കൽ പാർട്ടി (ചുവന്നകൊടിയുള്ള) ഇടപെട ൽ അവരെ എങ്ങും എത്തിക്കുന്നില്ല. അവർ തന്നെ മനുഷ്യാവകാശ വക്കീലിന്‍റെ അടുത്തേക്ക് ചെന്നൈയിൽ സെങ്ങിണി എന്ന കീഴാള ഭാര്യയെ അയക്കുന്നു – കൂടെ ഒരു ടീച്ചർ ‘അമ്മയെ” സഹായിക്കാനും. സെങ്ങിണി യിൽ നിന്ന് കുടുബത്തിനോടുള്ള പോലീസ് ക്രൂരതയുടെ കഥകൾ കേട്ട് ഞെട്ടിയ വക്കീൽ അത് ഒരു ഹേബിയസ് കോർപ്പസ് കേസ് ആയി ഫയൽ ചെയ്യുന്നു, ഹൈക്കോടതിയിൽ. പോലിസിനോട് ,കസ്റ്റഡിയിൽ നിന്ന് കാണാതെ ആയ മൂന്ന് അപരാധി കൾ എന്ന് അവർ പറഞ്ഞ സെങ്ങിണി യുടെ കുടുബക്കാരെ പറ്റിയുള്ള അന്വേഷണം അങ്ങനെ വക്കീൽ തുടങ്ങുന്നു. ഓരോ കോടതി സെഷനും പുതിയൊരു ദിശയിലേക്കു ഈ അന്വേഷണത്തെ കൊണ്ട് പോകുന്നു. അവസാനം സെങ്ങിണിയുടെ ഭർത്താവ് പോലിസിന്‍റെ ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെട്ടു എന്ന് വക്കീലും, കോടതി നിയോഗിച്ച അന്വേഷണ ഉദ്യാഗസ്ഥനും കണ്ടെത്തുന്നു. കൂടെ അതിന്‍റെ പുറകിലെ കള്ളക്കളികളും, പോലിസിന്‍റെ അതിക്രമങ്ങളും വെളിച്ചത്തു കൊണ്ടുവന്നു.പോലീസ് കുറ്റക്കാരാണെന്ന്കണ്ടെത്തുന്ന കോടതി സെങ്ങിണിക്കു൦ കുടുബത്തിനും നഷ്ട പരിഹാരം നൽകുവാൻ വിധിക്കുന്നു.

ഒരു സാധാരണ ക്രൈം തില്ലെർ ആയി അവതരിപ്പിക്കാവുന്ന ഈ കഥ എങ്ങനെ ആണ് ഒരു നല്ല രാഷ്‌ടീയ സിനിമ ആകുന്നത്?. ഒന്നാമത് ഇതിന്‍റെ സംവിധായകൻ ജ്ഞാനവേൽ തുടക്കം മുതൽ ഒടുക്കം വരെ പുലർത്തുന്ന കീഴാളരോടുള്ള അനുകമ്പ. അവരും മനുഷ്യരാണ് – അവരുടെ അവകാശങ്ങൾ നമ്മൾ ഓരോരുത്തരുടെയും പോലെയാണ്, അവരുടെ ജീവിതം നമ്മുടെ പോലെ വിലപ്പെട്ടതാണ് എന്ന ബോധത്തോടെ ഉള്ള കഥ പറച്ചിൽ. അവകാശങ്ങൾ മാത്രമല്ല, ആദ്യത്തെയും, അവസാനത്തെയും സീനുകളിലൂടെ അവരുടെ സ്വാഭിമാനത്തെയും അദ്ദേഹം അടിവരയിട്ടു അടയാളപ്പെടുത്തുന്നു. ജയിലിൽ നിന്നിറങ്ങി വരുന്ന ദളിതരെ ലോക്കൽ പോലീസ് തങ്ങളുടെ ഡിപ്പാർട്മെന്റിന്‍റെ നേട്ടം കാണിക്കാനായി കള്ള കേസുകളിൽ പെടുത്തുവാൻ പിടിച്ചു കൊണ്ടു പോകുന്ന തുടക്കം നമ്മെ പ്രകമ്പനം കൊള്ളിക്കും. തന്‍റെ കൂടെ പ്രത്രം വായിക്കുന്ന സെങ്ങിണിയുടെ മകളുടെ, ഇരിപ്പും (posture ) ശരി വെയ്ക്കുന്ന വക്കീൽ അവളുടെ സ്വാഭിമാനത്തെയാണ് അടിവരയിടുന്നത്. നീതി അവരുടെ അവകാശമാണ് എന്ന് വക്കീൽ കോടതി വഴി സ്ഥാപിക്കുന്നു. തന്‍റെ ഒപ്പം ഇരുത്തി തന്നെ പോലെ പത്രം വായിപ്പിച്ചു അന്തസ്സ്‌, ബഹുമാന്യസ്ഥാനം എന്നിവ ഓരോ വ്യക്തിക്കും അവകാശപെട്ടതാണ്, അത് നമ്മൾ അന്യോന്യം കൊടുക്കേണ്ടത് ആണ് എന്നും സംവിധായകൻ ജ്ഞാനവേൽ നമ്മോടു പറയുന്നു.

ഇവിടെയാണ് ജ്ഞാനവേൽ രാഷ്‌ടീയത്തിനും ഉപരിയായുള്ള മാനുഷിക തലത്തിലേക്ക് നമ്മെ കൊണ്ട് പോയി സ്ഥിരം രാഷ്‌ടീയ സിനിമ ഫോർമുലകളിൽ നിന്ന് തന്‍റെ സിനിമയെ ഉയർത്തി, വേറിട്ട ഒരു അനുഭവം ആക്കുന്നത്. ജ്ഞാനവേലിന്‍റെ ലളിതമായ ആഖ്യാന ശൈലി ഈ ചിത്രത്തെ പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ കഴിയുന്നവയാണ്. ആഖ്യാനത്തിലെ കീഴാള അനുകമ്പ മറ്റൊരു സിനിമയിലും ഇല്ലാത്താതണ് എന്ന് നിസ്സംശയം പറയാം. അതിലെ ജാതി വ്യതിരിക്തതയുടെ ക്രൂരസ്വഭാവ ദൃശ്യങ്ങൾ നമ്മെ രോഷാകുലരാക്കും. വീട്ടിലെ സർപ്പത്തിനെ പിടിച്ചു കൊടുത്തതിനു ശേഷം രാജാക്കണ്ണന് (സെങ്ങിണിയുടെ ഭർത്താവ്) പൈസ നിഷേധി ച്ചു, ഗ്രാമത്തലവന്‍റെ ഭാര്യ തന്‍റെ നാട്ടുകാരിയല്ലേ എന്ന് പറയുന്നു. അപ്പോൾ അവർ അവനെ നിന്ദിച്ചു കൊണ്ട് ,ഇങ്ങനെ പോയാൽ ഞാൻ നിന്‍റെ ബന്ധുവാണെന്ന് പറയുമല്ലോ ,എന്ന് ആ സ്ത്രീ തിരിച്ചടിച്ചു, അവനെ തന്‍റെ കീഴാള സ്വത്വത്തെ ഓര്മിപ്പിക്കുന്നു. അത് പോലെ തന്നെ കോടതി നിയമിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍റെ പ്രധാന സഹായി വക്കീലിനോട്, ഇവരൊക്കെ കള്ളന്മാരുടെ ജാതിയിൽ പെട്ടവരല്ലെ എന്ന് പറയുമ്പോൾ വക്കീൽ എല്ലാ ജാതിയിലും പെട്ട പെരും കള്ളന്മാർ നമ്മുടെ ചുറ്റും ഇല്ലേ എന്ന മറു ചോദ്യത്തിലൂടെ അയാളെ നിശ്ശബ്ദനാക്കുന്നുണ്ട് ബസിറങ്ങി സന്തോഷത്തോടെ വീട്ടിലേക്കു നടക്കുന്ന രാജാക്കണ്ണിനെ ക്രൂരമായി അടിച്ചു വീഴ്ത്തി പോലീസിനെ ഏല്പിക്കുന്ന ഗ്രാമവാസികളോട് ‘ഞാൻ കള്ളനല്ല’ എന്ന അവന്‍റെ കെഞ്ചലും, അതിന്‍റെ നിര്ദയമായ പ്രതികരണവും, ജാതിപരമായ മാനുഷിക വ്യത്യാസത്തെ കാണിക്കുന്നു. ഇങ്ങനെ ജാതി എന്ന ഇന്ത്യൻ സമൂഹത്തിന്‍റെ ദുർഭൂതത്തെ, അതിന്‍റെ ക്രൂരതയെ, അമാനുഷികതയെ കാണിക്കുന്നഒട്ടേറെ സീനുകൾഉൾക്കൊള്ളിച്ചു, ജാതി തിരിവിന് എതിരെ ഉള്ള ശക്തമായ ഒരു പ്രസ്താവന കൂടി ആക്കിയിരിക്കുകയാണ് സംവിധായകൻ ജ്ഞാനവേൽ ഈ സിനിമയെ.

ചെന്നൈയിലെ ഒരു ചേരിയിൽ, സെങ്ങിണി എന്ന കഥാപാത്രമായ സ്ത്രീ ഇന്നും ജീവിച്ചിരിക്കുന്നു എന്നതു , ഇത് 90 കളിൽ നടന്ന ഒരു സംഭവത്തിന്‍റെ സിനിമ ആവിഷ്കരണം ആണെന്നന്നതു, അതോടോപ്പോം ചന്ദ്രു വക്കീൽ ഹൈ കോടതി ജഡ്ജി ആയി അടിത്തൂൺ പറ്റി , ഈ സിനിമയുടെ കാരണക്കാരൻ ആയി എന്നതു, ജയ് ഭീമിന്‍റെ സാമൂഹിക, രാഷ്‌ടീയ പ്രസക്തി ഏറെ വർധിപ്പിക്കുന്നു. എല്ലാറ്റിനുമുപരി രാജ്യത്തുയർന്നു വരുന്ന കീഴാള, ദളിത് അവബോധത്തിന്‍റെ പ്രതീകമാണ് ഈ സിനിമ എന്ന് നിസ്സംശയം പറയാം.

പോലീസ് എങ്ങനെ നമ്മുടെ സമൂഹത്തിലെ പ്രതിലോമ ശക്തികളായി, എല്ലാ യാഥാസ്ഥികതയുടെയും വേട്ടപ്പട്ടികൾ ആകുന്നു എന്നതിന്‍റെ നേർ ചിത്രം കൂടിയാണ് ഈ സിനിമ. ബ്രിട്ടീഷ് രാജിലെ പോലീസും, ഇന്ത്യൻ പോലീസും തമ്മിൽ ഒരു വ്യത്യാസവും കീഴാളകർക്കു ഇല്ല എന്ന അവസ്ഥയിലേക്ക് പോകുന്ന ലോക്കപ്പ് മർദ്ദന മുറകൾ, കേസ് പിൻവലിപ്പിക്കാനുള്ള തന്ത്രങ്ങൾ, പോലീസുകാരുടെ കയ്യിൽ നീതി, നിയമം എന്നിവ നല്ലവിലക്ക് വിൽക്കാവുന്നക്രയവിക്രയ വസ്തുക്കൾ ആണ് എന്ന അവസ്ഥ, എല്ലാം ഈ സിനിമയുടെ വിഷയമാകുന്നു. രാജകണ്ണിന്‍റെ ലോക്കപ്പ് കൊലയിൽ താൻ പെട്ടു എന്ന് മനസ്സിലാക്കുന്ന സബ് ഇസ്പെക്ടർ ആർക്കു എത്ര പൈസ വേണമെങ്കിലും കൊടുത്തു കേസ് ഒതുക്കുവാൻ തയ്യാറാണ്. എന്തിനു അദ്ദേഹത്തിന് പിന്തുണയുമായി ഡിപ്പാർട്മെന്റിന്‍റെ മാനം കാക്കുവാൻ സംസ്ഥാന പോലീസ് ചീഫും സെങ്ങിണിയെ കാണുന്നു. അതായതു നീതി നിർവഹണമല്ല, ഡിപ്പാർട്മെന്റിന്‍റെ മാനമാണ് അവർക്കു പ്രധാനം. ഇങ്ങനെ ഈ സിനിമ, കോടതി മുതൽ, പോലീസ്, ഭരണ ചക്രത്തിന്‍റെ എല്ലാ രംഗത്തുമുള്ള നഗ്നമായ ജാതിപരമായ നീതി നിഷേധത്തെ വ്യക്തമായി വരച്ചു കാട്ടുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ചെല്ലുന്ന രാജകണ്ണിനും കൂട്ടർക്കും ഒരു ഐഡന്റിറ്റി കാർഡുമില്ല എന്ന് അറിയുന്ന ഓഫീസർ അവരെ ഓടിച്ചു വിടുന്നു. ഇങ്ങനെ ഈ ചിത്രത്തിലെ ഓരോ സീനും ജാതി വിവേചനത്തിന്‍റെ അനീതിയെ കാണിക്കുന്നവയാണ്.

ഈ സിനിമ സൂര്യയുടെ സിനിമ എന്ന് പഴയ നായകരീതി വെച്ച് പറയുന്നത് കേൾക്കുമ്പോൾ, ഇത് “പോലീസ് അടി പടം സിംഗo” പോലെ മറ്റൊരു ചിത്രമാണോ എന്ന് സംശയിക്കാം. സൂര്യയുടെ ഭാര്യ ചിത്രത്തിന്‍റെ നിർമാതാവ് ആയതു കൊണ്ട് അങ്ങനെയും പറയാം. പക്ഷെ ഇതുപോലെ ശക്തമായ ഒരു ദളിത് പ്രമേയം അദ്ദേഹം ഇത് വരെ അഭിനയിച്ചിട്ടില്ലാത്തതിനാൽ ഈ സിനിമ സംവിധായകൻ ജ്ഞാനവേലിന്‍റെ എന്ന് തന്നെ പറയാം. സൂര്യയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലും ആകുകയാണ് ചന്ദ്രു വക്കീൽ എന്ന കഥാപാത്രം. അതിലും മികച്ച അഭിനയമാണ് രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠനും സെങ്ങിണി ആയി വരുന്ന ലിജോ മോളും കാഴ്ച വെച്ചിരിക്കുന്നത്. ലിജൊയെ കണ്ടാൽ അവർ ആ ട്രൈബൽ കൂട്ടത്തിലെ ഒരംഗമായേ സ്വീകരിക്കാൻ കഴിയൂ. അവരുടെ ശരീര ഭാഷ മുതൽ, ദയനീയ ഭാവം എല്ലാം, ലിജോയെ നല്ല അഭിനയത്തിന്‍റെ കൊടുമുടിയിൽ എത്തിച്ചിരിക്കുന്നു. ഈ സിനിമ വഴി ലിജോയ്ക് ഒരു ദേശീയ അഭിനയ പുരസ്‌കാരം ലഭിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ല. അത് പോലെ ആണ് മറ്റു കഥ പത്രങ്ങളും. ഇടിപട നായകനായ സൂര്യയുടെ മറ്റൊരു മാനുഷിക മുഖം ഈ സിനിമയിൽ നാം കാണുമ്പൊൾ, പോലീസുകാരന്‍റെ ക്രൗര്യ മുഖം സബ് ഇസ്പെക്ടറിൽ നാം കാണുന്നു. ഈ ചിത്രത്തിലെ ഓരോ കഥാപാത്രവും കുറെ ദിവസം നമ്മിൽ തങ്ങി നിൽക്കുന്ന രീതിയിൽ ആണ് സംവിധായകൻ അവരെ ഈ ചിത്രത്തിൽ വിന്യസിച്ചിട്ടുള്ളത്. മലയാള സിനിമനിരൂപണത്തിന്‍റെ ക്ലിഷേ ഭാഷയിൽ പറഞ്ഞാൽ അവരൊക്കെ പച്ചയായ മനുഷ്യർ ആണ്. ഈ സിനിമ “പച്ച ജീവിതം” കാണിക്കുന്നു എന്ന് അവകാശപ്പെടുന്ന കച്ചവട, പുരസ്‌കാര ദാഹികളായ, ആരും കാണാത്ത സിനിമ നിർമിക്കുന്ന മലയാളി സിനിമ സംവിധായകന്മാർ നിശ്ചയമായും കാണേണ്ട സിനിമയാണ്. പച്ചയായ ജീവിതത്തെ എങ്ങനെ ബൗദ്ധിക വ്യായാമത്തിലൂടെ അല്ലാതെ, രാഷ്‌ടീയമായും, മാനുഷികമായും, സമൂഹത്തെ പിടിച്ചു കുലുക്കുന്ന സിനിമയാക്കാം എന്നതിന് മലയാള സിനിമാകൂട്ടർക്കുള്ള ഒരു പാഠമാണ് ഈ ചിത്രം. അതുപോലെ തന്നെ പാർട്ടി കാര്യങ്ങൾ പറഞ്ഞു ഇത് രാഷ്‌ടീയ സിനിമ ആണ് എന്ന് വീമ്പിളക്കുന്ന മറ്റൊരു കൂട്ടർക്കും ഇതൊരു പാഠമാണ് . മലയാളി , തട്ട് പൊളിക്കൽ സിനിമ എന്ന് വിശേഷിപ്പിച്ചു ഇത് വരെ മാറ്റി നിറുത്തിയിരുന്ന തമിഴ് സിനിമ രംഗത്ത് നിന്ന് വരുന്നു എന്നത് മലയാളിയുടെ വിപ്ലവ, നവോത്ഥാന, പുരോഗമന സിനിമ അവകാശവാദങ്ങൾ എത്ര പൊള്ളയാണ് എന്നും “ജയ് ഭിം ” നമ്മോടു വിളിച്ചു പറയുന്നു. അത് കൊണ്ട് തന്നെയാകണം ഈ സിനിമ തമിഴ്മക്കളുടെ ഹരമാകുന്നതും, അത് പോലെ തന്നെ ഓ ടി ടി റിലീസിലൂടെ ഹിന്ദിയിലും മറ്റു ഭാഷകളിലും ശ്രദ്ധിക്കപ്പെടുന്നതും.

അവസാനമായി ഒന്ന് കൂടി. ആശയപരമായി ഈ സിനിമ ആരിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം? ജയ് ഭീം എന്നത് അംബേദ്കറൈറ്സിന്‍റെ മുദ്രാവാക്യമാണ്. വടക്കേ ഇന്ത്യയിൽ അമ്പർക്കറൈറ്റ്സ് ആകുന്നത് സഖാക്കൾ അല്ല, ശരിക്കും ദളിതർ ആണ്. ചില മുൻ സഖാക്കൾ ഇല്ലാതില്ലതാനും. അത് കൊണ്ട് നമുക്ക് സഖാക്കളെ മാറ്റി നിര്ത്താം. ചന്ദ്രു വക്കീൽ തന്നെ പറഞ്ഞിട്ടുണ്ട് അയാൾ 88 ശേഷം സിപി എം ന്‍റെ മെമ്പർ അല്ല എന്ന്. പല നല്ല ഗാന്ധിയന്മാരും ഇതുപോലെ ദളിതർക്കായി പോരാടിയിട്ടുണ്ട്. ചില നല്ല വടക്കേ ഇന്ത്യൻ സഖാക്കളും. പ്രതേകിച്ചു ബിഹാറിൽ. അതുകൊണ്ടു ഈ സിനിമയുടെ ആശയപരമായ പിതൃത്വം നമുക്ക് , അംബേദ്ക്കറൈറ്റ്സിനോ, സഖാവിനോ, ഗാന്ധിയനോ കൊടുക്കാവുന്നതാണ്. കീഴാളർക്കു നീതി ലഭ്യമാകുന്നതിൽ ഈ മൂന്ന് കൂട്ടർക്കും ഇന്നും പങ്കുണ്ട് എന്നത് കൊണ്ടാണ് ഈ ആശയപരമായ വീതം വെക്കൽ. ഈ വീതം വെയ്‌പിന്‌ കാരണം ആ സിനിമയിലെ ചുവന്ന കൊടി പലരെയും ഇത് സഖാക്കളുടെ മാത്രം പ്രവർത്തനം ആയി കേരളത്തിൽ കാണുന്നു എന്നതാണ്. ചന്ദ്രു വക്കീൽ തന്നെ ഈ കാര്യം പറഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കവര്‍ ഡിസൈന്‍: വില്‍‌സണ്‍ ശാരദ ആനന്ദ്‌

Comments
Print Friendly, PDF & Email

You may also like