പൂമുഖം നിരീക്ഷണം കാലാവസ്ഥാവ്യതിയാനം: മാറുന്ന ആഖ്യാനങ്ങളും മാറാത്ത വസ്തുതകളും

കാലാവസ്ഥാവ്യതിയാനം: മാറുന്ന ആഖ്യാനങ്ങളും മാറാത്ത വസ്തുതകളും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ബൃഹദാഖ്യാനങ്ങൾക്ക് (grand narratives) വിശ്വാസ്യത ഇല്ലാതായ ഒരു കാലമാണ് നമ്മുടേതെന്ന് കരുതുന്നവരുണ്ട്. അതിൻറെ യുക്തിയും സത്യവുമെന്തായാലും, ബൃഹദാഖ്യാനങ്ങളുടെ അഭാവത്തിൽ മനുഷ്യരാശിയുടെ ഭാവി ഇരുണ്ടതും അനിശ്ചിതത്വം നിറഞ്ഞതും ആയി മാറുന്ന ഒരു ചരിത്രസന്ധി കൂടിയാണ് നമ്മുടേത്. കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന പാരിസ്ഥിതിക അടിയന്തിരാവസ്ഥയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. അതിൻറെ തോതും വ്യാപ്തിയും ഒറ്റപ്പെട്ടതും പ്രാദേശികവുമായ പരിഹാരനിർദ്ദേശങ്ങളെ അപ്രസക്തമാക്കുന്നു; നമ്മുടെ ഉത്പാദന രീതികളിലും സാമൂഹ്യ വ്യവഹാരങ്ങളിലും ജീവിതശൈലിയിലും സമൂലമായ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. ബൃഹദാഖ്യാനങ്ങൾ കൂടാതെ പരിഹരിക്കാനൊക്കാത്ത ഒരു വലിയ പ്രശ്നമായി അത് മാറുന്നു.

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഈ ഭൂമിയിലെ ജീവന് ആധാരമായ ജൈവമണ്ഡലത്തിന്‍റെ (biosphere) നിലനിൽപ്പിനുതന്നെ ഭീഷണിയായി തീർന്നേക്കുമെന്ന് ശാസ്ത്രസമൂഹത്തിന് ബോധ്യപ്പെട്ടിട്ട് കാലം കുറച്ചായി. വിശദാംശങ്ങളിൽ സങ്കീർണ്ണതകളേറെയുണ്ടെങ്കിലും ഇതിന് പിന്നിലുള്ള ശാസ്ത്രം ലളിതമായി പറയാനെളുപ്പമാണ്. ആധുനിക വ്യവസായവത്കൃതസമൂഹങ്ങളിൽ കാർബൺ ഡയോക്സൈഡ് (CO2) പോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ (greenhouse gases) വ്യാപനം കുത്തനെ കൂടുന്നത് അന്തരീക്ഷത്തിന്‍റെ ശരാശരി താപനില ഉയർത്താൻ ഇടയാക്കുന്നു. അന്തരീക്ഷത്തിൻറെ ശരാശരി താപനിലയിൽ ഇങ്ങനെ ഒരു പരിധിയിൽ കവിഞ്ഞുണ്ടാകുന്ന വർദ്ധനവ് കാലാവസ്ഥയിലും അതുവഴി ആവാസവ്യവസ്ഥകളിലും (ecosystems) ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്നു.

ഊർജജാവശ്യങ്ങൾക്കായി ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതാണ് ഹരിതഗൃഹ വാതകങ്ങളുടെ ക്രമാതീതമായ വ്യാപനത്തിന് പ്രധാന കാരണം. 2016 ൽ 49.4 ബില്യൺ ടൺ ഹരിതഗൃഹ വാതകങ്ങളാണ് മാനുഷികവ്യവഹാരങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളിയതെന്ന് ക്ലൈമറ്റ് വാച്ച് പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നു. ഊർജ്ജസംബന്ധിയായ ആവശ്യങ്ങളാണ് ഇതിൽ 73.2 ശതമാനത്തിൻറെയും ഉറവിടം. 1965 തൊട്ടിങ്ങോട്ട് മനുഷ്യസമൂഹം പുറന്തള്ളിയ 480 ബില്യൺ ടൺ CO2 വിന് തുല്യമായ ഹരിതഗൃഹ വാതകങ്ങളിൽ 35 ശതമാനവും ഉണ്ടാക്കിയിട്ടുള്ളത് ലോകത്തെ ഏറ്റവും വലിയ 20 ഫോസിൽ ഇന്ധന കമ്പനികളാണെന്ന് Climate Accountability Institute നടത്തിയ ഒരു പഠനം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ സൗദി അരാംകോ റഷ്യയിലെ gazprom തുടങ്ങിയ സ്റ്റേറ്റ് ഉടമയിലുള്ള വൻകിട കമ്പനികളുണ്ട്. ബിപി, ഷെവറോൺ, എക്സോൺ, ഷെൽ തുടങ്ങിയ സ്വകാര്യ ഭീമന്മാരുണ്ട്.

അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബണിൻറെ അളവും പ്രകൃതിയിലുള്ളതോ മനുഷ്യനിർമ്മിതമോ ആയ മാർഗങ്ങളിലൂടെ ഭൂമിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാർബണിൻറെ അളവും തുല്യമായി മാറ്റുകയാണ് അന്തരീക്ഷത്തിൻറെ താപനില കൂടുന്നതും അതുവഴിയുണ്ടാവുന്ന കാലാവസ്ഥാവ്യതിയാനത്തിൻറെ വിപത്തുകളും തടയാനുള്ള ഒരേയൊരു പോംവഴി. ശാസ്ത്രജ്ഞർ ഈ അവസ്ഥയെ net zero greenhouse gas emissions എന്ന് വിശേഷിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് കഴിഞ്ഞ മൂന്നു പതീറ്റാണ്ടുകളായി നടന്നുവരുന്ന ഉന്നതതല ചർച്ചകളൊക്കെയും ഊന്നിയിട്ടുള്ളത് ഇതെങ്ങനെ സാധ്യമാക്കാം എന്നതിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കാനാണ്.

2015 ൽ പാരീസിൽ വെച്ചു നടന്ന ഉച്ചകോടിയിൽ വ്യവസായവിപ്ലവത്തിന് മുൻപുള്ള താപനിലയിൽ നിന്നും ഒന്നര മുതല്‍ രണ്ടു വരെ ഡിഗ്രി സെൽഷ്യസിനപ്പുറത്തേക്ക് അന്തരീക്ഷത്തിൻറെ ആഗോള ശരാശരി താപനില വർദ്ധിക്കാതിരിക്കാനുള്ള നടപടികൾ ഓരോ രാജ്യവും സ്വീകരിക്കെണ്ടതുണ്ട് എന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. പക്ഷെ, അത്‌ എപ്പോഴേക്ക് എങ്ങനെയൊക്കെ നടപ്പിലാക്കണമെന്ന കാര്യത്തിൽ ഇനിയും അഭിപ്രായ ഐക്യം ഉണ്ടാക്കാനായിട്ടില്ല. ആഗോള താപനത്തിന് മുഖ്യകാരണക്കാരായ വികസിത രാഷ്ട്രങ്ങളും താരതമ്യേന പിന്നോക്കം നിൽക്കുന്ന (ഇന്ത്യയടക്കമുള്ള) മറ്റു രാജ്യങ്ങളും ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഒരേ പങ്കുവഹിക്കണമെന്ന് പറയുന്നതിലെ ന്യായാന്യായതകളെ ചൊല്ലിയുള്ള വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.

കാലാവസ്ഥാ ശാസ്ത്രനിഷേധത്തിന്റെ അർത്ഥശാസ്ത്രം

ഊർജ്ജാവശ്യങ്ങൾക്കുവേണ്ടി കൽക്കരി, പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറച്ച് കൊണ്ട് വരികയാണ് അന്തരീക്ഷതാപനിലയെ നിയന്ത്രിക്കാനായി ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇവക്ക് പകരം പുനരുപയോഗിക്കാവുന്ന ഊർജജ സ്രോതസ്സുകൾ (renewwable enery sources) ഉപയോഗിക്കണം. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെങ്കിലും കാര്യക്ഷമമായും ലാഭകരവുമായ രീതിയിൽ ഈ സ്രോതസുകൾ ഉപയോഗപ്പെടുത്താൻ കഴിയുന്ന സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിൽ സമീപകാലത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

പക്ഷെ സാങ്കേതികവിദ്യകളുടെ അഭാവം മാത്രമല്ല ശുദ്ധ ഊർജജ സ്രോതസ്സുകളിലേക്കുള്ള പരിവർത്തനത്തിന് തടസ്സമായി നിൽക്കുന്നത്. വാസ്തവത്തിൽ പ്രധാന വിലങ്ങുതടി വൻകിട ഫോസിൽ ഇന്ധന കമ്പനികളുടെ എതിർപ്പാണ്. കാലാവസ്ഥാവ്യതിയാനം ആവശ്യപ്പെടുന്ന സമൂലമായ മാറ്റങ്ങൾ ഈ സ്ഥാപനങ്ങളുടെ താൽപര്യങ്ങൾക്ക് സ്വാഭാവികമായും എതിരായിരിക്കുമല്ലോ. ഫോസിൽ ഇന്ധനങ്ങളുടെ ഖനനത്തേയും സംസ്ക്കരണത്തേയും വിതരണത്തേയും ആശ്രയിച്ചാണ് പല സമ്പദ്‌വ്യവസ്ഥകളും നിലനിൽക്കുന്നത് തന്നെ. കോടിക്കണക്കിന് മനുഷ്യരാണ് ഈ മേഖലകളിൽ തൊഴിലെടുത്ത് ജീവസന്ധാരണം നടത്തുന്നത്. ഈ ആശ്രിതത്വം ഫോസിൽ ഇന്ധന കമ്പനികൾക്ക് ആഗോള സമ്പദ്‌വ്യവസ്ഥയുടെയും സർക്കാരുകളുടെയും മേൽ അപാരമായ സ്വാധീനം നേടിക്കൊടുക്കുന്നുണ്ട്.

അരനൂറ്റാണ്ടു മുൻപ് കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ശാസ്ത്രലോകം മനസിലാക്കി ത്തുടങ്ങുന്ന കാലംതൊട്ടേ ഫോസിൽ ഇന്ധന കമ്പനികൾക്ക് അതുണ്ടാകാനിടയുള്ള ദൂഷ്യവശങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. എന്നാലും കാലാവസ്ഥാവ്യതിയാനം അത്ര ഗൗരവമായ ഒന്നല്ലെന്ന്, പറ്റുമെങ്കിൽ അങ്ങിനെയൊന്നിലെന്ന് തന്നെയും, സ്ഥാപിക്കാൻ തങ്ങളുടെ സ്വാധീനം നിരന്തരമായി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് ഇവർ ചെയ്തത്. അവരുടെ എതിർപ്പിന് ആശയപരമായ പിൻബലം കൊടുക്കാനൊക്കുന്ന സംഖ്യകക്ഷികളെയും ലഭിച്ചു. പ്രകൃതിവിഭവങ്ങളെ യാതൊരു നിയന്ത്രണവുമില്ലാതെ ചൂഷണം ചെയ്തുകൊണ്ട് പരിധികളും പരിമിതികളുമില്ലാത്ത വികസനം സാധ്യമാക്കാമെന്ന് വിശ്വസിക്കുന്ന യാഥാസ്ഥിതിക പ്രസ്ഥാനങ്ങളും (conservative movement) അവരുടെ നിയോ ലിബറൽ ആശയങ്ങളും. അങ്ങിനെ കാലാവസ്ഥാവ്യതിയാന നിഷേധം (climate change denial) പല തലത്തിലും രൂപങ്ങളിലും പൊതുജനങ്ങളുടെ ബോധ്യങ്ങൾ തൊട്ട് സർക്കാരുകളുടെ നയസമീപനങ്ങളിൽ വരെ നിർണ്ണായകമായ സ്വാധീനം ചെലുത്താൻ പോന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ആയി മാറി. ട്രേഡ് അസ്സോസിയേഷനുകൾ, തിങ്ക് ടാങ്കുകൾ, പി. ആർ ഏജൻസികൾ, ലോബിയിംഗ് ഏജൻസികൾ, ഫിലാന്ത്രോപിക് ഫൗണ്ടേഷനുകൾ തുടങ്ങിയ സംഘടനാരൂപങ്ങളെ ഉപയോഗപ്പെടുത്തി ശതകോടികൾ ചിലവഴിച്ചാണ് തങ്ങളുടെ താല്പര്യ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ climate change deniers നടത്തി വരുന്നത്.

ഈ ഇടപെടലുകളുടെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു അമേരിക്കയിലെ ഡൊണാൾഡ് ട്രംപിൻറെ ഭരണകാലം. ഊർജോത്പാദനത്തിൽ അമേരിക്കൻ മേധാവിത്വം, പരമ്പരാഗത ഊർജ്ജസ്രോതസുകളിൽനിന്നുള്ള മാറ്റം ഉണ്ടാക്കിയേക്കാവുന്ന വലിയ തൊഴിൽ നഷ്ടങ്ങളെക്കുറിച്ച് തൊഴിലാളികൾക്കുള്ള ന്യായമായ ആശങ്കകൾ തുടങ്ങിയ കാര്യങ്ങളുടെ മറപിടിച്ചായിരുന്ന ട്രംപ് ഫോസിൽ ഇന്ധന ലോബിക്ക് എല്ലാ ഇളവുകളും നൽകിയത്. അധികാരമേറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ അദ്ദേഹം എടുത്ത നയപരമായ പ്രധാന തിരുമാനങ്ങളിലൊന്ന് 2015 ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടി എത്തിച്ചേർന്ന ഉടമ്പടിയിൽനിന്നു പിന്മാറുകയായിരുന്നു. തുടർന്നങ്ങോട്ട് തൻറെ മുൻഗാമിയായ ബരാക്ക് ഒബാമ കൊണ്ടുവന്ന പരിസ്ഥിതി സംബന്ധിയായ നിയമങ്ങളെ തിരുത്തുന്ന നിലപാടാണ് ട്രംപ് കൈകൊണ്ടത്. മീഥേൻ ലീക്ക് തടയാനുള്ള നിയമം അസാധുവാക്കാനുള്ള ശ്രമം ഉദാഹരണം.

അതു മാത്രമല്ല. ശാസ്ത്രവിരുദ്ധത കൊടികുത്തി വാണ ഒരു കാലം കൂടിയായിരുന്നു ട്രംപിൻറെ കാലം. കാലാവസ്ഥാവ്യതിയാനത്തിൻറെ ശാസ്ത്രത്തെ “I don’t believe it. No, no, I don’t believe it,” എന്ന പ്രതികരണത്തിലൂടെയായിരുന്നു ട്രംപ് തള്ളിക്കളഞ്ഞത്. വാസ്തവത്തിൽ അതൊന്നും അജ്ഞതയോ മണ്ടത്തരമോ ആയിരുന്നില്ല; ശാസ്ത്രവിരുദ്ധതയുടെ ബോധപൂർവമായ നിർമ്മാണമായിരുന്നു. അധീശവർഗങ്ങൾ അവരുടെ ഹെജിമണി (hegemony) നടപ്പിലാകുന്നത് അറിവുകേടിൻറെ പ്രേക്ഷണത്തിലും കൂടിയാണ്.

മാറ്റത്തിൻറെ കാറ്റ്

എന്നാൽ സമീപകാലത്ത് കാലാവസ്ഥാവ്യതിയാന നിഷേധ ലോബിയുടെ (climate change deniers) അധീശത്വം ഒടുവിൽ വെല്ലുവിളിക്കപ്പെട്ടു തുടങ്ങുകയാണോ എന്ന് തോന്നിക്കുന്ന ചില കാര്യങ്ങൾ ഉണ്ടായി കാണുന്നുണ്ട്. കാലാവസ്ഥാവ്യതിയാനവും അതിൻറെ രൂക്ഷമായ പ്രത്യാഘാതങ്ങളും അവഗണിക്കാനാകാത്ത ഒരു മൂർത്ത യാഥാർഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പാരീസ് ഉടമ്പടിയുണ്ടായി അഞ്ചു വർഷം കഴിഞ്ഞിട്ടും ആഗോളതലത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം കൊടും വരൾച്ചകൾ, അതി വർഷം, ചുഴലിക്കാറ്റുകൾ തുടങ്ങിയ കാലാവസ്ഥയിലുള്ള രൂക്ഷമായ മാറ്റങ്ങൾ എന്നത്തേക്കാളുമേറെ അനുഭവവേദ്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ സർക്കാരുകളെയും ആഗോള കോർപറേറ്റ്/ഫിനാൻസ് മുതലാളിത്തത്തിൻറെ ഒരു വിഭാഗത്തെയും യാഥാർഥ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരാക്കുകയാണ്.

മറ്റൊരു കാരണം പരമ്പരാഗത ഊർജജസ്രോതസ്സുകളിൽ നിന്ന് സൗരോർജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോഗിക്കാവുന്ന ഹരിത ഊർജ്ജ (green energy) സ്രോതസുകളിലേക്കുള്ള ചുവട് മാറ്റം ഉണ്ടാക്കുന്ന അവസരങ്ങളും നിക്ഷേപസാധ്യതകളുമാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക അടിയന്തിരാവസ്ഥയേക്കാൾ ഈ സാധ്യതകളാണ് അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തെ ആവേശം കൊള്ളിക്കുന്നത് എന്ന് തോന്നുന്നു.

ഈ വർഷം ആദ്യം അമേരിക്കൻ പ്രസിഡൻറ് ആയി അധികാരമേറ്റെടുത്ത ഉടനെ ജോ ബൈഡൻ ചെയ്ത ഒരു കാര്യം പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ നിന്ന് പിൻമാറാനുള്ള മുൻ സർക്കാരിൻറെ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ബൈഡൻറെ പുതിയ കാലവസ്ഥാ നയം ലക്ഷ്യമിടുന്നത് 2050 ഓടെ രാജ്യത്തുനിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ആകെ ഉദ്ഗമനം പൂജ്യമാക്കി (net zero greenhouse gas emissions) ചുരുക്കാനാണ്. അതിന് മുൻപ് തന്നെ 2035 ഓടെ വൈദ്യുത ഉത്പാദനം കാർബൺ രഹിതമാക്കണമെന്നും.

കോവിഡും ലോക്ക്ഡൗണുകളും ഉണ്ടാക്കിയ വലിയ സാമ്പത്തിക മുരടിപ്പ് കാരണം കഴിഞ്ഞ വർഷം അമേരിക്കയിൽ ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം കുത്തനെ 10% കുറഞ്ഞിരുന്നു. എന്നിട്ടുപോലും ഒരു അമേരിക്കൻ പൗരന് 16 മെട്രിക് ടൺ എന്ന തോതിലായിരുന്നു ആ രാജ്യത്തു നിന്ന് ഈ വാതകങ്ങൾ ഉണ്ടാക്കപ്പെട്ടു കൊണ്ടിരുന്നത്. ഇങ്ങനെയുള്ള വസ്തുതകൾ കണക്കിലെടുക്കുമ്പോൾ ഈ ലക്ഷ്യം കൈവരിക്കുക അത്ര എളുപ്പമായിരിക്കില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഭീമമാണ് ഇത്ര വലിയ ഒരു ലക്ഷ്യത്തിലേക്കെത്തുവാൻ വേണ്ട ശ്രമങ്ങൾ. ഊർജ്ജോത്പാദനത്തിൽ മാത്രമല്ല വ്യവസായം, നിർമാണം, കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളിലും ഒരു വലിയ പൊളിച്ചെഴുത്ത് തന്നെ വേണ്ടി വരും. സ്റ്റാറ്റസ്സ് കോ നിലനിർത്താനുള്ള അധീശവർഗങ്ങളുടെ ശ്രമം, ഈ പരിവർത്തനമുണ്ടാക്കുന്ന വമ്പിച്ച തൊഴിൽ നഷ്ടം ഏറ്റു വാങ്ങേണ്ടി വരുന്ന കോടിക്കണക്കിനാൾക്കാരുടെ പുനരധിവാസം തുടങ്ങിയ കടമ്പകൾ കടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും നേതൃശേഷിയും ബൈഡൻ ഭരണകൂടത്തിനുണ്ടാകുമോ എന്ന് കണ്ടറിയണം. അടുത്ത എട്ടു വർഷത്തേക്കായി ഒരു ട്രില്ലിയൻ (1,00,000 കോടി) ഡോളറാണ് ഹരിത ഊർജ്ജ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി ബൈഡൻ വകയിരുത്തിയിട്ടുള്ളത്.

അമേരിക്കയിൽ മാത്രമല്ല ഹരിത ഊർജത്തിലേക്കുള്ള പരിവർത്തനത്തിനായുള്ള പദ്ധതികളും സംരംഭങ്ങളും ഉണ്ടാകുന്നത്. മറ്റു പല രാജ്യങ്ങളും ഈ ദിശയിലേക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു കഴിഞ്ഞിട്ടുണ്ട്. യുകെ, ഡെന്മാർക്ക്, സ്വീഡൻ, ജപ്പാൻ, ഫ്രാൻസ്, ഹംഗറി, ന്യൂസിലൻഡ്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൾ 2050 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ ആകെ ഉദ്ഗമനം പൂജ്യമാക്കാനായുള്ള നിയമനിർമ്മാണം നടത്തിയിട്ടുണ്ട്. 2030 ഓടെ ആകെ വൈദ്യുതി ഉത്പാദനത്തിൻറെ 32 ശതമാനമെങ്കിലും നിർബന്ധമായും പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നായിരിക്കണം എന്നാണ് യൂറോപ്പ്യൻ യൂണിയൻ ലക്ഷ്യമിടുന്നത്.

ലോകത്ത് അന്തരീക്ഷ മലിനീകരണത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ചൈനയും CO2 പോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ വികിരണം കുറക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നുണ്ട്; ആ വേഗം പോരാ എന്ന വിമർശനം പരക്കെ ഉണ്ടെങ്കിലും. 2018 ൽ മാത്രം 1.2 ദശലക്ഷം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാത്ത വൈദ്യുത വാഹനങ്ങളാണ് ചൈനയിൽ വിറ്റഴിക്കപ്പെട്ടത്. പാരീസ് ഉടമ്പടി പ്രകാരം മൊത്തം 2030 ഓടെ വൈദ്യുത ഉത്പാദനത്തിൻറെ 40 ശതമാനം പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നായിരിക്കണം എന്നാണ് ഇന്ത്യയുടെ വാഗ്ദാനം.

അവസരങ്ങൾ തിരിച്ചറിയുന്ന ആഗോള ഫിനാൻസ് മൂലധനം

നേരത്തെ സൂചിപ്പിച്ചത് പോലെ ഹരിത ഊർജജത്തിലേയ്ക്ക് മാറാനായി വിവിധ രാജ്യങ്ങൾ നടത്തുന്ന തയ്യാറെടുപ്പുകൾ ആഗോള ഫിനാൻസ് മൂലധനത്തിൻറെ ശ്രദ്ധയാകർഷിക്കുന്നതിൽ അത്ഭുതമില്ല. സാങ്കേതികവിദ്യകൾ പരിപക്വമായി വരുന്നുവെന്നതും അവ ഉപയോഗിക്കാനുള്ള ചിലവ് കുറഞ്ഞു വരുന്നുവെന്നതും ഈ മേഖലയിലെ കമ്പനികളുടെ ലാഭസാധ്യത കൂട്ടുന്നുമുണ്ട്. ആഗോള ഓഹരി കമ്പോളത്തിൽ എലോൺ മസ്കിൻറെ ടെസ്‌ല പോലുള്ള കമ്പനി ഇത്രമാത്രം ശ്രദ്ധ ആകർഷിക്കുന്നതിന് ഒരു പ്രധാന കാരണം ഭാവി വൈദ്യുതവാഹനങ്ങളുടേതായിരിക്കും എന്ന നിക്ഷേപകവിശ്വാസമാണ്. ഇത് ടെസ്ലയുടെ മാത്രം കാര്യമല്ല. ഹരിത ഊർജ്ജ മേഖലയിലുള്ള നിരവധി കമ്പനികളുടെ ലാഭം കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ രണ്ടും മൂന്നും മടങ്ങ് കൂടിയിട്ടുണ്ട്. ഇന്ത്യയിലെ കാര്യമെടുത്താൽ 2020 ആദ്യം 40 രൂപ മാത്രം വിലയുണ്ടായിരുന്ന അദാനി ഗ്രീൻ എനർജിയുടെ ഓഹരിയുടെ ഇതെഴുതുമ്പോളത്തെ വില 1158 രൂപയാണ്. കേന്ദ്ര സർക്കാരിൻറെ ഹരിത ഊർജ്ജ നയങ്ങളുടെയും ചങ്ങാത്ത മുതലാളിത്തത്തിൻറെയും (crony capitalism) സാധ്യതകളാണ് ഈ കുതിച്ചുകയറ്റത്തിന് മുകളിൽ എന്നത് വ്യക്തമാണ്.

ഒരു കമ്പനിയിൽ നിക്ഷേപം നടത്തുമ്പോൾ ലാഭക്ഷമത, ധനകാര്യസ്ഥിതി തുടങ്ങിയ കാര്യങ്ങൾക്കപ്പുറം പോയി പരിസ്ഥിതി (Environment), സമൂഹം (Society), ഭരണം (Governance) തുടങ്ങിയ ഘടകങ്ങളെ കൂടി പരിഗണിക്കുന്ന പ്രവണത അടുത്തകാലത്തായി നിക്ഷേപകരുടെ ഇടയിൽ വ്യപകമായി വരുന്നുണ്ട്. ESG എന്ന ചുരുക്കപ്പേരിൽ ഈ പ്രവണതയെ നയിക്കുന്നത് കാലാവസ്ഥാവ്യതിയാനം, മറ്റു പാരിസ്ഥിതിക പ്രതിസന്ധികൾ, കോവിഡ് പോലുള്ള മഹാമാരികൾ തുടങ്ങിയവ നിക്ഷേപകരുടെ മനോഭാവത്തിലുണ്ടാക്കിയ മാറ്റങ്ങളാണ്. ദ ഇക്കണോമിസ്റ്റ് വാരിക പറയുന്നത് ഈ വർഷത്തിൻറെ ആദ്യ പാദത്തിൽ മാത്രം 178 ബില്യൺ ഡോളറിൻറെ നിക്ഷേപമാണ് ESG ഫണ്ടുകളിലേക്കെത്തിയിട്ടുള്ളത് എന്നാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഈ ഫണ്ടുകൾ ആകർഷിച്ച നിക്ഷേപം 38 ബില്യൺ ഡോളർ ആയിരുന്നു.

ഈ പ്രവണത ഇങ്ങനെയുള്ള കാര്യങ്ങൾ തങ്ങളുടെ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് കാണിക്കാൻ കൂടുതൽ കമ്പനികളെ പ്രേരിപ്പിക്കുന്നുമുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് അടുത്ത മൂന്നു വർഷങ്ങളിലേക്കായി 75000 കോടി രൂപ ഹരിത ഊർജ്ജ പദ്ധതികൾക്കായി വകയിരുത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത്. ഇതിനർത്ഥം ഈ കമ്പനികളെല്ലാം ഈ കാര്യങ്ങളിൽ തികഞ്ഞ ആത്മാർത്ഥത പുലർത്തുന്നവർ ആണെന്നല്ല. എക്കണോമിസ്റ്റ് വാരിക ഇതേ കുറിച്ച് നടത്തിയ ഒരു വിശകലനം വെളിവാക്കുന്നത് ലോകത്തെ ഏറ്റവും വലിയ 20 ESG ഫണ്ടുകൾ, സൗദി അരാംകോ, എക്സോൺ, ചൈനയിൽ കൽക്കരി കമ്പനി തുടങ്ങിയ 17 ഫോസിൽ ഇന്ധന കമ്പനികളിൽ നിക്ഷേപം നടത്തുന്നുണ്ട് എന്നാണ്.

ഇതിനോട് ചേർത്തു വായിക്കേണ്ടുന്ന ഒന്നാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉണ്ടായിവരുന്ന ഫോസിൽ കമ്പനികൾ, ഹരിത ഊർജ്ജത്തിൽ അവരുടെ പ്രതിബദ്ധത തെളിയിക്കാൻ നേരിടുന്ന സമ്മർദ്ദങ്ങൾ. നിക്ഷേപകരുടെ ഈ ആക്ടിവിസത്തിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ മെയ് എക്സോണിന് നേരിടേണ്ടിവന്ന തിരിച്ചടി. ഓഹരിയുടമകളുടെ വാർഷികയോഗത്തിൻറെ ഭാഗമായി നടന്ന ഡയറക്റ്റർബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ തങ്ങൾ നിർദ്ദേശിച്ച എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ കമ്പനിക്കായില്ല. പകരം 12 അംഗ ഡയറക്റ്റർബോർഡിലേക്ക് മൂന്നു പേരെ കമ്പനിയുടെ 0.02% മാത്രം ഓഹരികൾ കൈവശമുള്ള എൻജിൻ നമ്പർ 1 (Engine No. 1) എന്ന ചെറിയ ഹെഡ്ജ് ഫണ്ട് നിർദ്ദേശിച്ച നാലുപേരിൽ നിന്ന് തിരഞ്ഞെടുക്കേണ്ടി വന്നു. കോർപറേറ്ററുകളുടെ ചരിത്രത്തിൽ സാധാരണ നടന്നുകാണാത്ത ഒരു സംഭവമായിരുന്നു അത്. ക്ലൈമറ്റ് ആക്ടിവിസ്റ്റും നിക്ഷേപകനും ആയ ക്രിസ് ജോർജ് എന്ന ഒരാളാണ് ഈ ഹെഡ്‌ജ് ഫണ്ടിൻറെ സ്ഥാപകൻ. കാലാവസ്ഥാവ്യതിയാനം പോലുള്ള വിഷയങ്ങളിൽ എക്സോൺ തുടർന്ന് വരുന്ന നിഷേധാത്മക നിലപാടിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കാനൊക്കുന്ന കുറച്ച് ഡയറക്റ്റർമാരെ ബോർഡിലെത്തിക്കുകയായിരുന്നു ഈ ഫണ്ടിൻറെ ലക്ഷ്യം.

എക്‌സോണിൻറെ സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇക്കാര്യത്തിൽ വിജയം നേടാൻ എൻജിൻ നമ്പർ 1 -ന് കഴിഞ്ഞത് സ്വന്തം ശക്തി കൊണ്ട് മാത്രമായിരുന്നില്ല. എക്സോണിൽ വൻ നിക്ഷേപങ്ങളുള്ള പ്രമുഖ ഇൻവെസ്റ്റ് മെൻറ് സ്ഥാപനങ്ങളായ ബ്ലാക്‌റോക്ക്, വാൻഗാർഡ്, വിവിധ പെൻഷൻ ഫണ്ടുകൾ തുടങ്ങിയ നിക്ഷേപകരുടെ പിന്തുണ കൊണ്ട് കൂടിയായിരുന്നു.

പുതിയ ആഖ്യാനങ്ങൾ കാണാത്ത കാലാവസ്ഥയുടെ രാഷ്ട്രീയം

കാലാവസ്ഥാവ്യതിയാനത്തിന് കടിഞ്ഞാണിടാൻ ഒടുവിൽ നാം തയ്യാറായിയിരിക്കുന്നു എന്നതിൻറെ സൂചനകളാണോ ഈ മാറ്റങ്ങൾ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. പ്രത്യാശക്ക് വക നൽകുന്ന കുറച്ച് കാര്യങ്ങളെങ്കിലും ഇവയിലുണ്ടെന്നത് നേര്. ഉദാഹരണത്തിന് ഹരിത ഊർജ്ജ സാങ്കേതിക വിദ്യകളെ ലാഭകരവും പരക്കെ സ്വീകാര്യവും ആക്കുന്നതിന് വൻ മൂലധനനിക്ഷേപം ഉപകരിക്കും. പക്ഷേ, സാങ്കേതികവിദ്യകൾ കൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന പ്രശ്നങ്ങൾ. അതിന് സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങൾ കൂടിയുണ്ട്. സാങ്കേതിക പ്രശ്നങ്ങളേക്കാൾ സങ്കീർണമാണ് ഈ ഘടകങ്ങൾ.

താഴെ പറയുന്ന കാര്യങ്ങൾ പരിഗണിച്ചാൽ ഇത് വ്യക്തമാകും.

  • നിരവധി രാജ്യങ്ങൾ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാൽ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിന് വേണ്ടിയുള്ള സമയബന്ധിതമായ പരിപാടികൾക്ക് തുടക്കം കുറിക്കാനോ നിയമനിർമ്മാണങ്ങൾ നടത്താനോ ഇപ്പോഴും തയ്യാറായിട്ടില്ല
  • കാലാവസ്ഥാവ്യതിയാനം തടയുന്നതിന് അതിന് പ്രധാനകാരണക്കാരായ വികസിത രാജ്യങ്ങളും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളും ഒരേ വില കൊടുക്കേണ്ടി വരുന്നത് രണ്ടാമത് പറഞ്ഞ രാജ്യങ്ങളുടെ വികസനാവശ്യങ്ങൾക്ക് വിലങ്ങുതടിയാകും. അത് അനീതിയാണ്. ഇതേ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇനിയുമായിട്ടില്ല.
  • ഫോസിൽ ഇന്ധനങ്ങളിൽ തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുള്ള വ്യവസായഭീമന്മാർ ആഗോള സമ്പദ് വ്യവസ്ഥയിൽ ഇപ്പോഴും നിർണ്ണായകസ്വാധീനമായി തുടരുകയാണ്.
  • കാലാവസ്ഥാവ്യതിയാനത്തിൻറെ ദുരിതഫലങ്ങൾ ഏറ്റവും തീവ്രമായി അനുഭവിക്കേണ്ടിവരുന്നത് ലോകത്തെമ്പാടുമുള്ള ദരിദ്ര ജനവിഭാഗങ്ങൾക്കാണ്. മുതലാളിത്തവ്യവസ്ഥയിലെ ഘടനാപരമായ അസമത്വങ്ങളാണ് ഇതിന് കാരണം.
  • സാമ്പത്തികപ്രതിസന്ധികൾ പോലുള്ള മറ്റ് പ്രതിസന്ധിഘട്ടങ്ങളിൽ കണ്ടിട്ടുള്ളത് പോലെ, കാലാവസ്ഥാനിയന്ത്രണത്തിനുള്ള നടപടികൾ മൂലമുണ്ടാകുന്ന അധികഭാരം ഭൂരിഭാഗം വരുന്ന ദരിദ്രജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ അധീശവർഗ ശ്രമങ്ങളുണ്ടാകും.
  • ഹരിത ഊർജ്ജത്തിലേക്കുള്ള പരിവർത്തനം പരമ്പരാഗത ഊർജ്ജമേഖലയിലെ നിരവധി തൊഴിലുകളാണ് ഇല്ലാതാക്കുക. ഇതുമൂലം ജീവിതമാർഗം അടയുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ നീതിപൂർവമായ പുനരധിവാസം അടിസ്ഥാനപരമായി സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ കൊണ്ട് മാത്രം പരിഹരിക്കാനാകുന്ന ഒന്നാണ്.

മറ്റെല്ലാ പരിസ്ഥിതിപ്രശ്നങ്ങളെയും പോലെ, ഒരു പക്ഷെ അവയേക്കാളും തീവ്രമായി, വർഗസംഘർഷങ്ങളും മുതലാളിത്തത്തിൻറെ മറ്റ് ആന്തരിക വൈരുദ്ധ്യങ്ങളും പ്രകടമാകുന്ന വേദികളാണ് കാലാവസ്ഥാവ്യതിയാനവും തുറന്നിടുന്നത് എന്നർത്ഥം. ആഖ്യാനങ്ങൾ മാറുന്നുണ്ടാകാം. പക്ഷെ, വസ്തുതകൾ മാറുന്നില്ല. പരിസ്ഥിതിപ്രശ്നങ്ങളുടെ ശാസ്ത്രവും അർത്ഥശാസ്ത്രവും വർഗ്ഗസ്വഭാവവും ഉൾക്കൊള്ളുന്ന ഒരു ജനപക്ഷരാഷ്ട്രീയം ആഗോള തലത്തിൽ നിർണായകശക്തിയായി ഉയർന്നു വന്നില്ലെങ്കിൽ ബഹുഭൂരിപക്ഷം മനുഷ്യർക്ക് പ്രത്യാശക്ക് വകയില്ല. എത്ര തന്നെ മൂലധന നിക്ഷേപങ്ങൾ ഏതൊക്കെ മേഖലകളിൽ ഉണ്ടായാലും.

Comments
Print Friendly, PDF & Email

You may also like