പൂമുഖം OPINION നീതി ദേവതയുടെ ചിരി

നീതി ദേവതയുടെ ചിരി

ചരിത്രം ഉള്ളവനും (the haves) ഇല്ലാത്തവനും (have nots) തമ്മിലുള്ള വർഗ്ഗ സമരത്തിന്‍റെ കഥയാണ്‌ എന്ന് നമുക്ക് പറഞ്ഞു തന്നത് കാൾ മാർക്സ് ആണ്. ഉള്ളവൻ ഉല്പ്പാദന പ്രക്രിയയെ നിയന്ത്രിക്കുന്നുവെന്നും ഇല്ലാത്തവൻ കുറഞ്ഞകൂലിക്കു നടുവൊടിയുവോളം പണിയെടുത്തു ജീവിതം തള്ളി നീക്കുന്നുവെന്നും.

ശാസ്ത്രം പഠിച്ചിട്ടുള്ള മലയാളി മാർക്സിസം മനസ്സിലാക്കിയിരിക്കുന്നത്, ഉള്ളവൻ എന്നാൽ ഉൽപ്പാദനോപകരണങ്ങളിൽ നിയന്ത്രണമുള്ള മുതലാളി എന്നും ഇല്ലാത്തവന്‍ എന്നാല്‍ തൊഴിലാളി എന്നും യാന്ത്രികമായാണ്. ഉള്ളവൻ എന്നാൽ സ്വന്തമായി കരമടച്ച പറ്റു ചീട്ടുള്ളവൻ എന്നും ഇല്ലാത്തവൻ എന്നാൽ ലക്ഷം വീട് കോളനിയിൽ പോലും തലചായ്ച്ചുറങ്ങാൻ സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്തവൻ എന്നും അതിനർത്ഥമുണ്ട് എന്ന് മലയാളി മാർക്സിസ്റ് മനസ്സിലാക്കുന്നേയില്ല.

അതുകൊണ്ടാണ് കണ്മുന്നിൽ have not എനിക്ക് കിടന്നുറങ്ങാൻ വീടില്ലെന്നു ഉറക്കെ പറയുമ്പോൾ മലയാളി മാർക്സിസ്റ്റിനു യാന്ത്രികമായി നിലനിൽക്കുന്ന നിയമ വ്യവസ്ഥയുടെ മഹത്വത്തെ കുറിച്ച് പറയാൻ കഴിയുന്നത്.

അതുകൊണ്ടാണ് കണ്മുന്നിൽ have not കത്തിയമരുമ്പോൾ നീ പോയി കോടതിയിൽ പറയെടാ എന്ന് അട്ടഹസിക്കുന്ന ഭരണകൂട സംവിധാനത്തെ ന്യായീകരിക്കാൻ മലയാളി മാർക്സിസ്റ്റിനു കഴിയുന്നത്.

അതുകൊണ്ടാണ് അപ്പന്‍റെ ശവക്കുഴി തോണ്ടുന്ന മകന്‍റെ ചിത്രത്തിന് മുന്നിലും വാദിയുടെ അവകാശങ്ങളെ കുറിച്ച് വാചാലരാകാൻ അവർക്കു കഴിയുന്നത്.

അതുകൊണ്ടാണ് ജീവിച്ചു മരിച്ചയിടത്തിൽ തന്നെ അയാളെ ആ have not നെ അടക്കം ചെയ്യണമെന്ന്അവർ ആവശ്യപ്പെടുമ്പോൾ അതിനു അത് നിന്‍റെ ഭൂമിയല്ലല്ലോ എന്ന് മലയാളി മധ്യവർഗ്ഗ മാർക്സിസ്റ്റിനു മറുചോദ്യം ചോദിക്കാൻ കഴിയുന്നത്.

പൊതുവേ ഭരണകൂടത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും ഭരണം നമ്മുടേത് ആകുമ്പോൾ അതിൽ വിശ്വസിക്കുന്ന ഒരു പ്രത്യേക ജനുസ്സ് ആണ് മധ്യവർഗ്ഗ മാർക്സിസ്റ്റ് മലയാളി. സ്വാതന്ത്ര്യത്തെക്കുറിച്ചും സോഷ്യലിസത്തെ കുറിച്ചും ഒക്കെ പുറംപൂച്ചു പറയും. കിടന്നുറങ്ങാൻ സ്ഥലമില്ലാത്തവന് കിടന്നുറങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടോ എന്ന് ചോദിച്ചാൽ തലവെട്ടിച്ചു, മുഖം ചുളിച്ചു നമ്മെ നോക്കും.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള യുദ്ധം ഒരു തുടർപ്രക്രിയ ആണെന്നും നമ്മൾ കണ്മുന്നിൽ ഇക്കഴിഞ്ഞ ദിവസം കണ്ടത് ഇല്ലാത്തവന്‍റെ ദയനീയമായ മരണമാണെന്നും ശവമടക്കാൻ പോലും സ്ഥലമില്ലാത്തവന്‍റെ മക്കളുടെ ഒടുവിലത്തെ നിലവിളിയാണെന്നും മനസ്സിലാകാത്തവരാണ് സാങ്കേതികതകളെ കുറിച്ചും നിയമത്തെ കുറിച്ചും നീതിയെ കുറിച്ചും വാചാലരാകുന്നത്. കത്തിയമർന്ന ശവശരീരങ്ങളുടെ മുന്നിൽ നിന്ന് നിയമ സംവിധാനങ്ങളുടെ ഗരിമയെയും ശരിമയെയും കുറിച്ച് സംസാരിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു ഇടതു പുരോഗമന മലയാളി.

നമ്മുടെ എല്ലാ നിയമങ്ങളും നിലനിൽക്കുന്ന വ്യവസ്ഥയെ അതേ പടി നിലനിർത്താനുള്ളതാണ്. നമ്മുടെ എല്ലാ നിയമങ്ങളും സമ്പന്നന് തൂവൽ സ്പർശവും ദരിദ്രന് ചാട്ടവാറടിയും നൽകുന്നവയാണ്. നമ്മുടെ എല്ലാ നിയമങ്ങളും ശക്തിമാന് സംരക്ഷണവും ക്ഷീണിതനെ ശക്തിമാന്‍റെ ദൃഷ്ടിയിൽ പോലും പെടാത്ത വിധം ദൂരേ നിർത്തുന്നവയുമാണ്. അവരെ, ക്ഷീണിതരെ, ഹാവ് നോട്ട്സിനെ,പണ്ടേക്കു പണ്ടേ ലക്ഷം വീട് കോളനികൾ പണിതു നഗരമദ്ധ്യങ്ങളിലെ മനോഹര സൗധങ്ങൾക്കു പിറകിൽ ഊടുവഴികളിലൂടെ മാത്രം എത്താൻ കഴിയുന്ന ഓടകൾക്കരുകിൽ നമ്മൾ ഒളിപ്പിച്ചു കഴിഞ്ഞിരുന്നല്ലോ.

ഏറ്റവും അസഹനീയം ഇതൊക്കെ കഴിഞ്ഞും നമ്മൾ തുല്യതയെക്കുറിച്ചു വാ തോരാതെ സംസാരിക്കുമെന്നതാണ്. നമ്മൾ സംസാരിക്കുന്നതു നമുക്കിടയിലെ തുല്യതയെ കുറിച്ചാണെന്നു മാത്രം, ആ ഹാവ് നോട്ടിനെ, ഭൂമിയുടെ മേൽ യാതൊരു അവകാശവുമില്ലാത്തവനെ നമ്മൾ എന്നേ നമുക്കിടയിൽ നിന്നും പുറത്താക്കിക്കഴിഞ്ഞു. നമ്മളെ ദു:ഖിപ്പിക്കുക ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന സൗധങ്ങളിൽ നിന്ന് കായൽപ്പരപ്പിലെ ഓളങ്ങൾ നോക്കിക്കൊണ്ട് വൈകുന്നേരങ്ങളിൽ “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ” എന്ന് ചൊല്ലുന്ന മധ്യവർഗ്ഗ മലയാളിയുടെ നഷ്ടങ്ങൾ മാത്രമാണ്. കാരണം നമുക്ക് അവരോട് മാത്രമേ കണക്റ്റ് ചെയ്യാൻ കഴിയൂ. ഇല്ലാത്തവന്‍റെ ജീവിതം നമുക്ക് എന്നേ പരിചിതമല്ലാതായി കഴിഞ്ഞു.

വർഷങ്ങൾക്കു മുൻപ് ഈയുള്ളവൻ ഒരു കോടതിമുറിക്കു പുറത്തു കാഴ്ചകൾ കണ്ടു നിൽക്കുകയായിരുന്നു. അകത്തു നീതിദേവത ഒരു കൊലക്കേസിന്‍റെ വിചാരണ കേൾക്കുന്നു. കാഴ്ചയിൽ തന്നെ ശക്തരും ഉള്ളവന്‍റെ മസിൽ പവർ സംരക്ഷകരും ക്രൂരരും ആയ പ്രതികൾ കൂട്ടിൽ. പുറത്തു സമ്പന്നരായ പ്രതികളുടെ സംരക്ഷകരുടെ, ഉടമകളുടെ തിക്കിത്തിരക്ക്. സാക്ഷിക്കൂട്ടിൽ കാഴ്ചയിൽ തന്നെ ദീനനായ പ്രൊസിക്യുഷൻ ഭാഗം സാക്ഷി. അയാളുടെ അച്ഛനെ അയാളൂടെ കണ്മുന്നിലിട്ടു പ്രതികൾ വെട്ടിക്കൊന്ന കേസാണ്. അയാൾക്ക് പല ചോദ്യങ്ങൾക്കും ഭയം കൊണ്ടാവണം കൃത്യമായ ഉത്തരം നല്കാനാവുന്നില്ല. അയാൾക്ക്‌ മടങ്ങിപ്പോകേണ്ടത് അതേ ഗ്രാമത്തിലേയ്ക്ക് തന്നെയാണല്ലോ. പലപ്പോഴും അയാൾ പറയുന്ന ഉത്തരങ്ങൾ പ്രതിഭാഗം വക്കീലിന്‍റെ സാങ്കേതികത കുത്തിനിറച്ച ചോദ്യങ്ങൾക്കു മുന്നിൽ പതറി പോകുന്നു. ഇടയ്ക്കെപ്പോഴോ അൽപം ധൈര്യം സംഭരിച്ചു അയാൾ ഉറക്കെപ്പറഞ്ഞു “മുൻപ് എന്‍റെ ചേട്ടനെ വെട്ടിക്കൊന്നതും ഇവർ തന്നെയാണ്” ഇതുവരെയുള്ള ആയാളുടെ മൊഴി ശിക്ഷയിലേക്കു നയിക്കില്ലെന്ന ബോധ്യമുള്ള ജഡ്ജി ഉടൻ ഇടയ്ക്കു കയറി ചോദിച്ചു.

“ആ കേസ് എന്തായി ?”

” അവരെ വെറുതെ വിട്ടു സാർ”

“ഉം ആ കേസിലും നിങ്ങൾ തന്നെയാവും സാക്ഷി പറഞ്ഞത് അല്ലേ ”

ജഡ്ജിയുടെ മുട്ടൻ തമാശ. കോടതി മുഴുവൻ കുലുങ്ങിച്ചിരിച്ചു. ഞാൻ ജീവിതത്തിൽ കേട്ട ഏറ്റവും വലിയ അശ്ളീല ചിരി

ആ ചിരി ഇപ്പോഴും എന്‍റെ മനസ്സിൽ മുഴങ്ങുന്നുണ്ട് ശക്തനോടൊപ്പം നിൽക്കുന്ന, സമ്പന്നനോടൊപ്പം നിൽക്കുന്ന, അവനു മാത്രം പണം കൊടുത്തു വാങ്ങാൻ കഴിയുന്ന നീതിദേവതയുടെ ചിരി.

രണ്ടു ദിവസം കഴിയുമ്പോൾ പുരോഗമന മലയാളി നെയ്യാറ്റിൻകര മറക്കും. എന്നിട്ടു ബിവറേജിന്‌ മുന്നിൽ ആളെ വിട്ടു ക്യൂ നിർത്തി വാങ്ങിയ മദ്യം ബാൽക്കണിയിൽ ഇരുന്നു നുണഞ്ഞു കൊണ്ട് ചുവരിലെ മാർക്സിന്‍റെ ഫോട്ടോ നോക്കി ഉറക്കെ ചൊല്ലും.

നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…

Comments

You may also like