വി എം മൃദുലിന്‍റെ ആദ്യ കഥാസമാഹരമായ ‘ കുളെ ’ യിലെ കഥകൾ പ്രമേയത്തിലും ആഖ്യാനത്തിലും വേറിട്ട് നിൽക്കുന്നു.
‘ മരിച്ച വീട്ടിലെ മൂന്നുപേർ ’ എന്ന കഥയിൽ നമ്മുടെ സദാചാരബോധത്തെ പൊളിച്ചടുക്കുന്നു.
“ഗന്ധപ്പുല്ലുകളുടെ പച്ചമണം അവിടമാകെ നിറഞ്ഞുനിന്നിരുന്നു. വെളിച്ചത്തിലേക്ക് കസേരയും ടാർപോളിനുമൊക്കെയായി.വണ്ടി പിന്നെയും ഇറങ്ങിവന്നു. മൂന്നു കാമുകന്മാരും ഉത്സാഹത്തോടെ അതെല്ലാമിറക്കി, പന്തല് കെട്ടാൻ ഡിന്നർ സെറ്റുകാരനെ സഹായിച്ചു. അകത്തെ ജനാല തുറന്ന് ഭർത്താവ് അവരെ നോക്കിനിന്നു. കസേരകൾ അവിടവിടെയായി നിരത്തിയിട്ട് അവർ മറ്റുകാര്യങ്ങൾ ഓർത്തു ചെയ്യുകയാണ്. ജനൽക്കമ്പിയിൽ പിടിച്ച് അങ്ങനെ നിന്നപ്പോൾ അയാളിൽ ഒരു ചെറു പുഞ്ചിരി പൊടിഞ്ഞു. ഇക്കാലമത്രയും അവർ നേരിൽ കാണാത്ത,. മിണ്ടാത്ത എന്നോ അവളുടേതായ കാമുകന്മാർ.“

ശാസ്താവ് വിഗ്രഹം കല്ലളൻ ആകുന്ന മാറ്റത്തെ കൃഷ്ണൻ കുട്ടി രോഗകിടക്കയിലായ പശ്ചാത്തലത്തിൽ വിദഗ്ധമായി പറയുന്ന കഥയാണ് ‘ജലശയ്യയിൽ കുളിരമ്പിളി ’ അയ്യപ്പൻ എച്ച് എഴുതിയ കവിതാ ശകലത്തോടെയാണ് ഈ കഥ തുടങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ധ്വന്യാത്മകസൗന്ദര്യം ഈ കഥയിൽ ദർശിക്കാം. ഒരു അസിസ്റ്റന്റ് ഡയരക്ടരുടെ ആകുലതകൾ ‘എ ഡി ’ എന്ന കഥയിൽ കാണാം.
ജാതിരാഷ്ട്രീയം അന്തർലീനമായി വരുന്ന കഥയാണ് “ കുളെ ‘ (തുളു ഭാഷയിൽ പ്രേതം, ആത്മാവ് എന്നൊക്കെ അർത്ഥം ആണ് ഈ പദത്തിന്.മരിച്ചുപോയ രാജീവന്, പ്രേതക്കല്യാണത്തിന് സ്വജാതിയിൽനിന്ന് പെണ്ണ് കിട്ടാതെ താഴ്ന്ന ജാതിയിൽ ഉള്ള ബീനയുമായുള്ള കല്യാണച്ചടങ്ങാണ് കഥയുടെ കേന്ദ്രബിന്ദു. പ്രേതഊട്ട് പ്രധാന ചടങ്ങായിട്ടും അവിടെ നിന്ന് ആഹാരം കഴിക്കാൻ തയ്യാറാകാതെ നിൽക്കുന്ന സഹോദരൻ സജീവനും കൂട്ടരെയും അമ്മ സത്യഭാമ തോൽപ്പിക്കുന്നു.
’സത്യഭാമ അന്നേരം കസേര വലിച്ചിട്ട് ടേബിളിലേക്ക് കൈ കുത്തിയിരുന്നു.
സരോജിനീ … എനിക്ക് എല ഇട്ടോ. അവരെ നോക്കണ്ട. എന്‍റെ മോന്‍റെ കല്യാണമല്ലേ. എനക്ക് വെല്യ സന്തോഷായി ‘ പോകുന്ന നേരം സത്യഭാമയുടെ ആവശ്യം ഇങ്ങനെ:
’സരോജിനി, ആ അമ്പിളിപ്പൂവിന്‍റെ ഏല്, ഒന്ന് എനക്കും പൊട്ടിച്ചു തരുവോ?”

ഏലുകൾ പോലെ തളിർത്ത വിരലുകൾ നീട്ടി പിടഞ്ഞെണീറ്റ് ബീന അവരെ സ്നേഹത്തോടെ തൊടാനാഞ്ഞു. ഈ പരിണാമമാണ് ഈ കഥയെ വേറിട്ട് നിർത്തുന്നത്.
‘നീല നഖ’വും ‘ശ്രീവിദ്യയുടെ വര’വും ബിംബങ്ങളുടെ ഭാരമില്ലാതെ സംവദിക്കുന്ന കഥകളാണ്. വാർദ്ധക്യത്തിന്‍റെ ഏകാന്തതയിൽ സാന്ത്വനം ആഗ്രഹിക്കുന്നവരുടെ കഥയാണ് ‘മുല്ലമൊട്ട് വിരിഞ്ഞെന്ന് ചൊ ന്നതാരെന്‍റെ കൺമണി ’ പരസ്യം വായിച്ച് തെറ്റി വിരുന്നിനു വിളിച്ചതാണെങ്കിലും അവരെ നിരാശപ്പെടുത്താത്ത ഹരിയുടെ കുടുംബം. ഇങ്ങനെ നന്മയുടെ മണികളും അമ്പിളിപ്പൂവിന്‍റെ സുഗന്ധവും ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നു.
നിരൂപകൻ ഇ.പി രാജഗോപാലിന്‍റെ നിരീക്ഷണം കൃത്യമാണ്.
“പ്രകടനപരതയില്ല. ജീവിതത്തിന്‍റെ, നാഗരികതയുടെ നില്പിനെയും, നീക്കത്തെയും നോക്കുന്നുണ്ട്. അവയുടെ തത്വങ്ങളറിയുന്നുണ്ട്. മാറുന്നുണ്ട് കാലവും ലോകവും എന്നുറപ്പുണ്ട്. പക്ഷെ,ആ ആഘോഷത്തിൽ പങ്കാളിയല്ല.ഉള്ളിലിരിക്കു മ്പോഴും ഒരർത്ഥത്തിൽ പുറത്താണ്. സാക്ഷിനിലയും പ്രധാനമാണ് എന്നറിയുന്നയാളാണ്. ഇയാൾക്ക് മൃദുൽ എന്ന് പേരിട്ടതാരാണ് ? അറിയില്ല. ആ പേരിന്‍റെ അർത്ഥത്തിനൊത്താണോ കഥാജീവിതം ? അതെ – അതറിയാം.”
കവര്‍: സുധീർ എം എ