ഏ ഇ ഒ വിസിറ്റും തത്രപ്പാടും
സർക്കാർ സ്‌കൂളിൽ ജോലി കിട്ടും മുൻപ് കേളുമാഷ് കുറച്ചുകാലം വീടിനടുത്തുള്ള എയ്ഡഡ് യു.പി സ്‌കൂളിൽ അധ്യാപകനായിരുന്നു. അന്നത്തെ പതിനായിരം ഉറുപ്യ കൊടുത്താണ് മാഷ് അവിടെ ചേർന്നതെങ്കിലും അതത്ര ഉറച്ച സീറ്റായിരുന്നില്ല. എപ്പോഴും തെറിക്കാവുന്ന ജോലി. ഡിവിഷൻ ഫാൾ. അക്കാര്യം മാഷ് ഹെഡ്മാസ്റ്റർ മൊയ്‌തുവിനോട് ചർച്ച ചെയ്തപ്പോൾ മൂപ്പർ ഒരൊറ്റ പ്രഖ്യാപനം.
“കേളുമാശേ ഇങ്ങള് അക്കാര്യത്തിൽ തീരെ ബെശമിക്കണ്ട. ഇങ്ങളെ സീറ്റ് ഇമ്മക്ക് ഉറപ്പിക്കാന്ന്.”
മൊയ്‌തു മാഷ് ഉറപ്പുകൊടുത്തെങ്കിലും കേളുമാഷിന്‍റെ നെഞ്ചിലപ്പോഴും ഉമിക്ക് തീപ്പിടിച്ചമട്ടായി. എ.ഇ.ഒ കുഞ്ഞീഷ്ണൻ സ്‌കൂൾ വിസിറ്റ് കഴിഞ്ഞ് പോകും വരെ അതു തുടർന്നു. ഉള്ളതെല്ലാം നൊട്ടിപ്പെറുക്കി വിറ്റും പണയം വെച്ചുമാണ് കേളുമാഷ് പതിനായിരം ഉറുപ്യ സ്വരൂപിച്ചത്. ഇനി എ.ഇ.ഒ വരുന്നതോടെ ആ പണത്തിന് ഒരു തീരുമാനമാവും!
എ.ഇ.ഒ യുടെ വിസിറ്റ് അറിഞ്ഞത് മുതലുള്ള കേളുമാഷുടെ ‘പള്ളേലെ കത്തൽ’ അന്നന്ന് പെരുത്തുവന്നു. ഉറക്കവും കമ്മി. ഉറക്കത്തിലും തടിച്ചുരുണ്ട, ഒരാനക്കുട്ടിയുടെ മട്ടിലുള്ള എ.ഇ.ഒ യുടെ മുഖമാണ് മനസ്സിൽ. സ്കൂൾ വിസിറ്റിന് എ.ഇ.ഒ കുഞ്ഞീഷ്ണൻ വന്നാൽ നാല് കുറ്റി പുട്ടും ഒരു വലിയ കിണ്ണം നിറയെ നാടൻ കോഴിക്കറിയും ഒരു പിഞ്ഞാണത്തിൽ ചായയും നിർബന്ധം. അത് മൂപ്പരുടെ ചെറിയ തീറ്റ. അതിലും വലുത് ഉച്ചയൂണിന് കാണും. ഡിവിഷൻ നിലനിർത്താനാണ് സ്കൂൾ മാനേജ്മെന്റ് അത്രയും ഭക്ഷണം കൊടുത്ത് കുഞ്ഞീക്ഷ്ണനെ തീറ്റിപ്പോറ്റി, സോപ്പിട്ട് ഒതുക്കി നിർത്തുന്നത്. അതുകൊണ്ട്
കുഞ്ഞീഷ്ണന്‍റെ ഭാഗത്ത് നിന്ന് വല്യ അപകടം ഇതുവരെ വന്നിട്ടുമില്ല. അതാണ് മൊയ്തുമാഷുടെ ധൈര്യവും.

അങ്ങനെ ആ ദിനം വന്നെത്തി. സ്‌കൂളിലെ എ.ഇ.ഓ യുടെ വിസിറ്റ്. മൂപ്പര് ഒമ്പത് മണിക്ക് തന്നെ സ്‌കൂളിൽ ഹാജരായി. ഹെഡ്മാഷുടെ മുറിയിലിരുന്ന് പുട്ടും കോഴിക്കറിയും അടിച്ചുമാറുന്നത് ജനൽ വഴി ദൂരെ നിന്നേ കേളുമാഷ് കണ്ടു. കോഴിക്കറിയുടെ മണം പിടിച്ച് ചില കുട്ടികൾ ജനലിനപ്പുറം നിന്ന്
‘നൊണച്ചെറക്കുന്നതും’ ഒരു കാഴ്ചയാണ്. അവരിൽ ചിലർ വായ്ക്കകത്തേക്ക് എ.ഇ.ഒ പുട്ടും കോഴിക്കഷ്ണവും തള്ളിക്കേറ്റുന്നത് കണ്ട് അന്തം വിട്ട് നിൽക്കുകയാണ്.
ഹെഡ്‌മാഷുടെ മുറിയിലെത്തിയ കേളുമാഷ് മൊയ്തുമാഷുടെ അടുത്ത് ചെന്ന് സ്വകാര്യമായി ചെവിയിൽ മന്ത്രിച്ചു.
“കൊയപ്പാവ്വോ മൊയ്തുമാശെ? മ്മക്ക് കുട്ട്യേള് തെകഞ്ഞിക്കില്ലാലോ? എന്‍റെ ആപ്പീസ് പൂട്വോ മാശെ?”
“ഇങ്ങനെ തൂറുന്ന പയ്യിനെ എങ്ങിന്യാ ചന്തേലെത്തിക്വാന്ന് പണ്ടാരാണ്ട് പറഞ്ഞ പോല്യാണല്ലോ ഇങ്ങളെ കാര്യം. ഇങ്ങള് മിണ്ടാണ്ടിരിക്ക് മാശെ… ഒരു ബയി ഞാൻ കണ്ട്ക്ക്. മ്മളിതെത്ര കണ്ടതാ. പിന്യാ ഈ എ.ഇ.ഒ ആനക്കുഞ്ഞീഷ്ണൻ.”
ഭക്ഷണത്തിൽ സ്വയം മറന്ന് രസിക്കുന്ന ഏ.ഇ.ഒ കുഞ്ഞീഷ്ണൻ ഇരുവരുടേയും ‘കുശുകുശുക്കൽ’ ശ്രദ്ധിച്ചതേയില്ല. കിണ്ണത്തിലെ കോഴിയിറച്ചിയിൽ നാലുകുറ്റി പുട്ട് തീരുവരുംവരെ ‘ഞമുണ്ടി ഞമുണ്ടി ഉരുട്ടയാക്കി’ അടുക്കളയുടെ അട്ടത്തേക്ക് തേങ്ങ എറിയുമ്പോലെ ‘ഉരുട്ട’ എറിയുന്നതിൽ രസിച്ച് രസിച്ചാണ് ആശാൻ പാത്രം കാലിയാക്കിയത്. അത് കഴിഞ്ഞ് കൈവിരൽ ഓരോന്നും വായിലേക്കിട്ട് ഒരൊച്ചയോടെ നക്കി വൃത്തിയാക്കിയ ശേഷം വലിയ പിഞ്ഞാണത്തിലെ ചായ ഒറ്റവലിക്ക് കുടിച്ച് കുഞ്ഞീഷ്ണൻ ചുറ്റുമൊന്നു നോക്കി. ആ നോട്ടത്തിൽ ആള് ഭക്ഷണത്തിൽ സംപ്രീതനായെന്ന ധ്വനിയുണ്ട്. പിന്നെ സ്‌കൂൾ മൊത്തം കിടുങ്ങുന്ന രീതിയിൽ ഒരേമ്പക്കമിട്ട് മരക്കസേരയിൽ നിന്നെഴുന്നേറ്റു. വരാന്തയിൽ വെച്ച കിണ്ടിയിൽ നിന്നും വെള്ളം വായിലേക്കൊഴിച്ച് കുറേനേരം കുലുക്കുഴിഞ്ഞശേഷം ആന വെള്ളം ചീറ്റുമ്പോലെ മുറ്റത്തേക്ക് ആഞ്ഞുതുപ്പി. തുടർന്ന് മുണ്ടിന്‍റെ കോന്തലയിൽ കെട്ടിവെച്ച മുറുക്കാൻ എടുത്ത് ചവച്ച് സ്‌കൂളിന്‍റെ വരാന്തയിലൂടെ കുഞ്ഞീഷ്ണൻ ഒന്ന് നീർന്ന് നടക്കുമ്പോൾ കുട്ടികൾ ഒരത്ഭുത ജീവിയെക്കാണുമ്പോലെ മൂപ്പരെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
സ്‌കൂൾ ബെല്ലടിച്ചപ്പോൾ പുതിയ നിയമനമായ കേളുമാഷുടെ ക്ലാസ്സിലേക്ക് പോകാൻ കുഞ്ഞീഷ്ണൻ തിടുക്കം കൂട്ടി. അപ്പോഴേക്കും സ്വരൂപിച്ചുകൂട്ടിയ ഉള്ള ഉഷാറും കേളുമാഷിൽ നിന്നും പമ്പ കടന്നു. മുന്നിൽ എ.ഇ.ഒ കുഞ്ഞീഷ്ണൻ, തൊട്ടുപിന്നിൽ മൊയ്‌തുമാഷ്, അതിനുപിറകിൽ കേളുമാഷും വരിവരിയായി മൂന്നാം ക്ലാസ്സ്- ബിയിലേക്ക് നടന്നു. അതാണ് കേളുമാഷുടെ ക്ലാസ്.
മൂന്നുപേരെയും ഒരുമിച്ച് കണ്ടപ്പോൾ കുട്ടികൾ ഭയന്നുവിറച്ച് എഴുന്നേറ്റു നിന്ന് “ഗുഡ്മോർണിംഗ് സ്സാർർ” എന്ന് ഒരലർച്ചയോടെ ‘നിലവിളിച്ചു’.
കുട്ടികളോട് ഇരിക്കാൻ പറഞ്ഞ ശേഷം കേളുമാഷെയും മൊയ്‌തുമാഷെയും വെട്ടിലാക്കുന്ന ഒരു ചോദ്യം എ.ഇ.ഒ ചോദിച്ചു.
“കുട്ട്യേളെ, അപ്രത്തേം ഇപ്രത്തേം ക്ലാസ്സിൽ നിന്നും ഇക്ക്ലാസ്സിൽ ബന്നിരിക്കുന്ന കുട്ട്യേള് എണീറ്റ് നിക്കീൻ.”
അതുകേട്ട് കുറച്ചു കുട്ടികൾ എഴുന്നേറ്റ് നിന്നത് കണ്ട് ഒരല്പം ദേഷ്യത്തോടെ എ.ഇ.ഒ മൊയ്‌തു മാഷെ നോക്കി ചോദിച്ചു.
“അതുശരി ഇങ്ങള് എന്നെ മക്കാറാക്ക്വ?. ഇതെന്ത് കളിയാ മൊയ്‌തു മാശേ …അയ്യയ്യയ്യേ ..തീരെ ചേപ്രയായിപ്പോയി”.
അതുകേട്ട് മൊയ്‌തു മാഷ് ഒരിത്തിരിപോലും ചമ്മാതെ എ.ഇ.ഒവിനോട് ഇങ്ങനെ പറഞ്ഞു. “ഇങ്ങള് മ്മളെ ബേജാറാക്കാതെ സേർ. ഇങ്ങള് തൽക്കാലം മിണ്ടാണ്ടിരിക്ക്. ഇനി ഞാൻ ഇപ്പിള്ളറോട് ചെലത് ചോയിക്കട്ടെ. ഇങ്ങള് കേട്ടോളി.
എടോ കുട്ട്യേളെ ഈല് ഇന്നലെ ബെരാത്തോല് എണീറ്റ് നിക്കീം?”
അത് കേട്ടയുടനെ കുറച്ച് കുട്ടികൾ എഴുന്നേറ്റ് നിന്നു.
“ഈല് ഇന്ന് ബെരാത്ത കുട്ട്യേള് എണീറ്റ് നിക്കീം?”
അപ്പോഴും കുറച്ച് കുട്ടികൾ എഴുന്നേറ്റു നിന്നു.
“ഇനി നാളെ ബെരാത്തോല് എണീറ്റ് നിക്കീം?”
കുറച്ച് കുട്ടികൾ അപ്പോഴും എഴുന്നേറ്റു നിന്നു.
മൊയ്‌തു മാഷ് കുട്ടികളോടുള്ള ചോദ്യം നിർത്തി എ.ഇ.ഒ വിനോടായി ഇങ്ങനെ പറഞ്ഞു, “കുഞ്ഞീഷ്ണൻ സേർ ഇതാ ഈട്ത്തെ അവസ്ഥ. എന്ത് ചോയിച്ചാലും ഇവറ്റകൾ ഇങ്ങനെയാ..ഇണീറ്റ് നിക്കും. ഒരു രക്ഷയും ഇല്ലപ്പാ. ഇപ്പം ഇങ്ങക്ക് മനസ്സിലായില്ലേ?”
എ.ഇ. ഒ കുഞ്ഞീഷ്ണൻ ഇഞ്ചി കടിച്ചതുപോലെയായി. “പിടിച്ചതിനേക്കാളും മാളത്തിലാണല്ലോ” ഈ മൊയ്‌തു മാഷെന്ന് ചിന്തിച്ച് എ.ഇ. ഒ കുഞ്ഞീഷ്ണൻ പിന്നെ ഒരു ചോദ്യവും പോയിച്ചില്ല. കേളുമാഷാണെങ്കിൽ മൊയ്‌തുമാഷുടെ കുരുട്ടുബുദ്ധി കണ്ട് അമ്പരന്നിരുന്നുപോയി. മൂപ്പരുടെ ‘നെഞ്ചെരിച്ചലും’ അതോടെ ഫിനിഷ്ഡ്.