1952 ലാണ് അക്കിത്തം ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ഖണ്ഡകാവ്യം എഴുതിയത്.
“സ്വന്തം ഇച്ഛയ്ക്ക് വിപരീതമായി എഴുതിപ്പോയ കൃതിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. അങ്ങനെയൊന്ന് എഴുതിയതിൽ പശ്ചാത്തപിക്കുകയും ചെയ്തിരുന്നു. എന്റെ മനസ്സിന്റെ പ്രബുദ്ധതലപ്രേരണകളെ ചോദ്യം ചെയ്തുകൊണ്ട് അബോധതലത്തിൽ നിന്ന് തിളച്ചുപൊന്തിയ വാക്കുകളാണ് ഞാൻ ആ പുസ്തകത്തിൽ കുറിച്ചു വെച്ചിരുന്നത്. ഇടശ്ശേരി ഇടപെട്ട് ചീന്തിക്കളയില്ലെന്ന് ഉറപ്പുവാങ്ങിയത് കൊണ്ടാണ് അത് വെളിച്ചം കണ്ടത്.”
എന്ന് കവി പറഞ്ഞിട്ടുണ്ട്.
മഹാകവിത്രയത്തിലെ ഒരാളായ വള്ളത്തോൾ നാരായണമേനോൻ ആണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ പ്രസിദ്ധീകരിച്ചതിനു ശേഷം ജീവിച്ചിരുന്ന ഏക മഹാകവി. 1952ൽ ആയിരുന്നു പ്രസിദ്ധീകരണം. വള്ളത്തോൾ അന്തരിച്ചത് 1958ൽ. “വള്ളത്തോളിനെ പോലെ ഒരു കവി ആകാൻ കഴിഞ്ഞാൽ മൂകാംബികയ്ക്ക് ഒരു കുട്ട നാണയം സമർപ്പിക്കാം എന്ന് കുട്ടിക്കാലത്ത് ഞാൻ നേർന്നിരുന്നു.1985 ൽ ആകാശവാണിയിലെ ഉദ്യോഗത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം മൂകാംബികയിൽ പോയി ഒരു കൂട് നാണയം നടയിൽ സമർപ്പിച്ചു തൊഴുതു”. ഒരു അഭിമുഖത്തിൽ അക്കിത്തം പറഞ്ഞതാണ് ഇത്. വള്ളത്തോൾ തന്റെ കവിതയെ അഭിനന്ദിച്ച ഓർമ്മ കവി പങ്കുവെക്കുന്നുണ്ട്. “മനസ്സിൽ സ്വകാര്യമായി സൂക്ഷിക്കുന്നതാണ്, ഇപ്പോഴത് തുറന്നു പറയുന്നത് മറ്റൊരു വിധമായി വ്യാഖ്യാനിക്കരുത്. ഇത്രകാലം മനസ്സിൽ അടക്കി വെച്ചിരുന്ന സന്തോഷം പറയുന്നു എന്നു മാത്രമേ ധരിക്കാവൂ. വി ടി ഇന്ദുചൂഡൻ എന്നോട് നേരിൽ പറഞ്ഞത്. ഒപ്പം കക്കാട് ഉണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ചിരുന്ന കാലം വള്ളത്തോൾ ആ ലക്കം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇന്ദു ചൂഡൻ അങ്ങോട്ട് ചെല്ലുന്നത്. വായിച്ചു കഴിഞ്ഞതും ‘വള്ളത്തോളിന് ശേഷം കവി ജനിച്ചു’ എന്ന് മഹാകവി ഇന്ദുചൂഡനോട് പറഞ്ഞുവത്രേ. ഇന്നത്തെ ജ്ഞാനപീഠത്തോളം വിലമതിക്കുന്ന ബഹുമതി ആയിരുന്നില്ലേ ആ വാക്കുകൾ?”
കവിതാസാമ്രാജ്യത്തിലെ ചക്രവർത്തിമാരിൽ ഒരാളായിരുന്ന വള്ളത്തോളിന്റെ ജീവിതകാലം 1878- 1958 ആണ്. വേദങ്ങളും ഇതിഹാസങ്ങളും മേൽജാതിക്കാരുടെ പൈതൃകമായ ഒരു സാമൂഹ്യവ്യവസ്ഥിതി ഇവിടെ നിലനിന്നിരുന്നുവല്ലോ. അക്കാലത്ത് മനുഷ്യനെ അവർണരെന്നും അധ:കൃതരെന്നും വേർതിരിച്ച് അകറ്റിനിർത്തിയിരുന്നു. വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന വ്യവസ്ഥിതിയും ഇവിടെ നിലനിന്നിരുന്നു. വള്ളത്തോളിന് 10 വയസ്സുള്ളപ്പോഴാണ് പുന്നശ്ശേരി നീലകണ്ഠ ശർമ്മ “സാരസ്വതോദ്യോതിനി” എന്നൊരു സംസ്കൃതപാഠശാല 1888 ൽ ആരംഭിക്കുന്നത്. ജാതിമതഭേദമെന്യേ എല്ലാവരെയും സംസ്കൃതം പഠിപ്പിക്കുവാൻ ഉള്ള ആദ്യ സ്ഥാപനമായിരുന്നു അത്. സംസ്കൃതത്തിൽ ജ്ഞാനം നേടണമെന്ന് ഒരിക്കൽ പുന്നശ്ശേരി നമ്പി വള്ളത്തോളിനെ ഉപദേശിക്കുകയുണ്ടായി. വേദപാരായണാവകാശം പോലും നിഷേധിക്കപ്പെട്ട ജാതിയിൽ ജനിച്ച വള്ളത്തോളിനെ ഇങ്ങനെ ഉപദേശിച്ചത് കോഴിക്കോട് മാനവിക്രമൻ ഏട്ടൻ തമ്പുരാന്റെ സദസ്സിൽ വച്ചാണ്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ “പ്രസന്നരാഘവം” വായിച്ചപ്പോൾ അർത്ഥം ഗ്രഹിക്കാൻ കഴിയാതെ വള്ളത്തോൾ ഒരിക്കൽ കൂടി വായിക്കുവാൻ ആവശ്യപ്പെട്ടു. രണ്ടുമൂന്നു തവണ ഇത് ആവർത്തിച്ചപ്പോൾ പുന്നശ്ശേരി നമ്പി ഇടപെട്ടു.
“ഇങ്ങനെ പറഞ്ഞു കവിത കെട്ടിയാൽ പോരാ വ്യൂൽപത്തിയും വേണം പിടിച്ചുനിൽക്കണമെങ്കിൽ.”
ഈ അനുഭവം ആണ് വള്ളത്തോളിന് വേദപുരാണങ്ങൾ വിവർത്തനം ചെയ്യാൻ കഴിയുമാറ് സംസ്കൃത ജ്ഞാനം നേടാൻ പ്രചോദനം നൽകിയത്. കവിയാകണമെങ്കിൽ സംസ്കൃതം പഠിക്കണം, മലയാളം മാത്രമായാൽ ഗതി ഉണ്ടാവില്ല എന്ന് വള്ളത്തോൾ തന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറയുകയുണ്ടായി എന്ന് ഒരു അഭിമുഖത്തിൽ അക്കിത്തം പറഞ്ഞിട്ടുണ്ട്. വള്ളത്തോളിന്റെ അനുഭവം സാന്ദർഭികമായി സൂചിപ്പിക്കുവാൻ ഇതാണ് കാരണം.
കവികളുടെ രചനകളെ കാലത്തിൽ നിന്നും പരിസരത്തിൽ നിന്നും വിടുവിച്ച് വിലയിരുത്തരുത് എന്നത് ഒരു അടിസ്ഥാനതത്വമാണ്. കാലവും സാമൂഹ്യ പശ്ചാത്തലവും കവിഭാവനയെ സ്വാധീനിക്കുന്നത് വിവിധതരത്തിൽ ആയിരിക്കും. ചില എഴുത്തുകാർ സാമൂഹ്യപ്രതിബദ്ധതയോടും വിപ്ലവാത്മകതയോടും കൂടി മുന്നോട്ടു പോകും. ചിലർ പ്രശ്നങ്ങളിൽ നിന്നും പ്രതിബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സുരക്ഷിതസങ്കേതങ്ങളിലേക്ക് പിൻവാങ്ങും.
മലയാളത്തിൽ സാമൂഹ്യപ്രസ്ഥാനങ്ങൾ സാഹിത്യത്തെ സ്വാധീനിക്കുവാൻ തുടങ്ങുന്നത് 1930കളിലാണ്. അതുവരെ സാമൂഹ്യപരിഷ്കരണ സംരംഭങ്ങളാണ് കവിതകളിൽ അധികം പ്രതിഫലിച്ചിരുന്നത്. അന്ധവിശ്വാസങ്ങൾ, പഴയ ആചാരങ്ങൾ, ജാതിവ്യത്യാസങ്ങൾ എന്നിവയ്ക്കെതിരെ ആയിരുന്നു കാവ്യരചനയിൽ പ്രാധാന്യം നൽകിയിരുന്നത്. കുമാരനാശാന്റെ ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും പ്രതിഫലിച്ച മനസ്ഥിതി വിപ്ലവകരമായിരുന്നു. 1930 നു ശേഷം സാമൂഹ്യപരിഷ്കരണസംരംഭങ്ങൾ വലിയ മാറ്റങ്ങൾക്ക് വിധേയമായി. സാമ്രാജ്യത്വം, ഫാസിസം തുടങ്ങിയ ആഗോളപ്രതിഭാസങ്ങൾ ഉയർന്നു വന്നതോടെ ജാതിമതപരിഷ്കാരങ്ങളെ സംബന്ധിച്ച ചിന്തകൾക്ക് പ്രാധാന്യം കുറഞ്ഞു.ജന്മികുടിയാൻ ബന്ധങ്ങൾ, തൊഴിലാളി -മുതലാളി പ്രശ്നങ്ങൾ എന്നിവ സാമൂഹ്യ വിപ്ലവത്തിന് ജനങ്ങളെ തയ്യാറാക്കുന്നതിന് എഴുത്തുകാരെ പ്രേരിപ്പിച്ചു. വർഗ്ഗബോധവും പ്രതികാരേച്ഛയും ചങ്ങമ്പുഴയുടെ “വാഴക്കുല”യിൽ നമുക്ക് കാണാം.
മലയാളസാഹിത്യപ്രസ്ഥാനങ്ങൾ തികച്ചും വിപ്ലവാത്മകമായിത്തീർന്നത് 1930 നു ശേഷം ആണ്. സ്വാതന്ത്ര്യസമരം നയിച്ചിരുന്ന ദേശീയകോൺഗ്രസിലെ ഇടതുപക്ഷം മാർക്സിയൻ ചിന്താഗതിയും വിപ്ലവബോധവും കൂടുതലുള്ളവർ ആയിരുന്നു. 1936 ൽ പ്രേംചന്ദിന്റെ അധ്യക്ഷതയിൽ ലക്നൗവിൽ വെച്ച് ചേർന്ന സമ്മേളനം പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ശാസ്ത്രീയ വീക്ഷണത്തോടുകൂടി മനുഷ്യസ്നേഹത്തെ വളർത്തിക്കൊണ്ടു വരിക, സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യയിലെ ജനങ്ങളെ ആവേശം കൊള്ളിച്ചു മുന്നോട്ടു നയിക്കുന്നതിന് സഹായിക്കുന്ന ലേഖനങ്ങളും മറ്റു സാഹിത്യകൃതികളും ചെയ്യുക എന്നിവയൊക്കെ സാഹിത്യകാരന്റെ കടമയാണ് എന്ന് ആ സമ്മേളനം പ്രഖ്യാപിച്ചു. സാഹിത്യസംഘം 1937ൽ രൂപീകരിച്ചത് ഇതിന്റെ വെളിച്ചത്തിലാണ്. ഇത് 1944 ൽ പുരോഗമന സാഹിത്യ സംഘടനയായി രൂപാന്തരപ്പെടുകയും പല കാരണങ്ങളാൽ 1950 നു ശേഷം ക്ഷയിക്കുകയും ചെയ്തു. 1930 മുതൽ 1950 വരെയുള്ള കാലം പലതുകൊണ്ടും മലയാള സാഹിത്യത്തിന് ഗുണകരമായിരുന്നു. ഉത്തമ കലാസൃഷ്ടികൾ ഇക്കാലത്താണ് ഉണ്ടായത്. എഴുത്തുകാർ സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങിവരണം എന്നുള്ള തത്വം പൊതുവിൽ അംഗീകരിക്കപ്പെടുകയുണ്ടായി. തകഴി, കേശവദേവ്,ചെറുകാട്, കെ.ദാമോദരൻ, തോപ്പിൽ ഭാസി എന്നിവരുടെ സാമൂഹ്യ പ്രതിബദ്ധതയും വിപ്ലവാത്മകതയും പ്രകടമാക്കിയ സാഹിത്യകൃതികൾ ഉണ്ടായത് ഇക്കാലത്താണ്. കവികളും ഈ വിപ്ലവപ്രക്രിയയിൽ പങ്കാളികളായി.
ചങ്ങമ്പുഴയുടെ “വാഴക്കുല”യിലാണ് ജന്മികുടിയാൻ പ്രശ്നങ്ങളും ജന്മിയുടെ അനീതിക്കെതിരെയുള്ള പ്രതികാരേഛയും ആദ്യമായി പ്രകടമാവുന്നത്. 1937 ലാണ് വാഴക്കുല പ്രസിദ്ധീകരിച്ചത്. അക്കാലത്ത് കേരളത്തിലെ കർഷകർ സ്വന്തം അവകാശത്തെപ്പറ്റി ബോധവാന്മാരായിരുന്നില്ല. ജന്മിമാർക്കെതിരെ നിവർന്ന് നിന്ന് തങ്ങളുടെ ഭാഗം പറയാൻ തക്ക ധൈര്യം അന്ന് അസംഘടിതരായ കുടിയാന്മാർക്ക് ഇല്ലായിരുന്നു. കർഷകപ്രസ്ഥാനം ബാല്യദശയിൽ ആയിരുന്നു. നിസ്സഹായനായ മലയപ്പുലയൻ ജന്മിയുടെ കല്പന അനുസരിച്ച് താൻ നട്ടുവളർത്തിയ വാഴക്കുല വെട്ടി ജന്മിക്ക് കാഴ്ചവെയ്ക്കുകയാണ്. കവി ഇവിടെ ധാർമിക രോഷം പ്രകടിപ്പിക്കുക മാത്രം ചെയ്തു. ജന്മിയുടെ അനീതിക്കെതിരെ പ്രതികാരം ചെയ്യുന്ന നടപടി പിൻ തലമുറക്കാർക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ജന്മിമാരുടെ അനീതിക്കെതിരെ പ്രതികരിക്കുവാൻ കർഷകന് പിന്നെയും കാത്തിരിക്കേണ്ടി വന്നു.
1940 മുതൽ 1950 വരെയുള്ള കവിതയുടെ കാലഘട്ടത്തെ ചുവന്ന ദശകം എന്നാണ് വിശേഷിപ്പിച്ചത്. കെടാമംഗലം പപ്പുക്കുട്ടി, കെ പി ജി, പൊൻകുന്നം ദാമോദരൻ, വയലാർ രാമവർമ്മ, പി. ഭാസ്കരൻ, തിരുനെല്ലൂർ കരുണാകരൻ, ഒഎൻവി കുറുപ്പ്, പുതുശ്ശേരി രാമചന്ദ്രൻ, പുനലൂർ ബാലൻ തുടങ്ങിയ ഒട്ടേറെ പേർ ഗാനരചന, കാവ്യരചന എന്നീ മണ്ഡലങ്ങളിൽ ഈ കാലഘട്ടത്തിൽ രംഗത്ത് വന്നു . അന്ന് അവർ അനവധി വിപ്ലവകവിതകൾ എഴുതുകയുണ്ടായി.ചങ്ങമ്പുഴയുടെ പിൻഗാമികൾ ആയിരുന്നു അവർ. മലയാളത്തിലെ കാല്പനികകാവ്യശൈലി പൂത്തുലഞ്ഞു നിൽക്കുന്നത് ചങ്ങമ്പുഴയിലാണ്. ചങ്ങമ്പുഴ അവതരിപ്പിച്ച പദഘടനാശില്പത്തിൽ ആകൃഷ്ടരായ കവികൾ ആ ശീലിൽ തന്നെ രചന നടത്തി. പി. ഭാസ്കരൻ, വയലാർ,ഒ എൻ വി എന്നിവർ മാറ്റൊലിക്കവികൾ എന്ന് ആക്ഷേപിക്കപ്പെട്ടു. വയലാറിന്റേത് മാറ്റൊലി കവിതയാണെന്ന് ആക്ഷേപിച്ചവർക്ക് അദ്ദേഹം അന്ന് തന്നെ മറുപടി നൽകി.
“എന്നാലീകേൾക്കും ശബ്ദം ഈ പ്രപഞ്ചത്തിൻ പ്രതിസ്പന്ദമാണ- ങ്ങനെമാറ്റൊലിക്കവിയായ് ഞാൻ”
ഇവിടെ മാറ്റൊലിയുടെ മാനം വ്യത്യസ്തമാണെന്ന് കാണാം.
ചങ്ങമ്പുഴയുടെ രചനാരീതി തങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്നുള്ളത് ഈ കവികൾ തന്നെ ഒരതിരുവരെ സമ്മതിച്ചിട്ടുള്ള കാര്യമാണ്.
“നിങ്ങളാണ് വാസ്തവത്തിൽ മഹാകവി അതൊന്ന് നിങ്ങളെ കെട്ടിപ്പിടിച്ച് പറയണം”തന്റെ മദ്രാസിലുള്ള താമസസ്ഥലത്തേക്ക് ക്ഷണിച്ചു കൊണ്ടുള്ള വയലാറിന്റെ വരികളാണ് മേലുദ്ധരിച്ചത്( മാതൃഭൂമി ദിനപത്രം 2012 ഒക്ടോബർ 7) അത് നടന്നില്ല. നന്നേ ചെറുപ്പം മുതൽ വയലാറുമായി അക്കിത്തത്തിന് അടുപ്പമുണ്ടായിരുന്നു. ഒന്നിച്ച് ഭക്ഷണം കഴിച്ച് ഒരേ മുറിയിൽ കിടന്നുറങ്ങിയവർ. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിന്റെ അറുപതാം പിറന്നാൾവേളയിലാണ് വയലാർ പുരസ്കാരം അക്കിത്തത്തെ തേടിയെത്തിയത്. പുരസ്കാരത്തിന് അർഹമായ “അന്തിമഹാകാലം” 2007ലാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. വയലാറിനെയും കവിത പൂത്തുലഞ്ഞ കാലത്തെയും ഓർത്ത് “മഹാകവി” എന്ന ലേഖനത്തിൽ ഇത് പറയുന്നുണ്ട്.
1945- 1951 കാലത്ത് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൽ പുതിയ പ്രവണതകൾ ദൃശ്യമായി. സാമൂഹ്യപ്രതിബദ്ധതയെ ലക്ഷ്യമാക്കി സാഹിത്യരചനയിൽ ഏർപ്പെട്ടവർക്ക് ഒരു വീണ്ടുവിചാരം ഉണ്ടായി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ദേശീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്ത പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി ഒരു വിഭാഗം സാഹിത്യകാരന്മാർ കരുതി. 1946ൽ കൽക്കത്ത തീസീസ് ഇടതുപക്ഷ ചിന്തകരിൽ ആശയസമരത്തിന് കാരണമായി. കമ്മ്യൂണിസത്തോട് ചിലർ വിട പറഞ്ഞു. വിപ്ലവകാലം കഴിഞ്ഞു എന്ന് ചിലർ വിശ്വസിച്ചു. ചിലർ സിനിമാരംഗത്തേക്ക് ചുവട് മാറി. നിലവിലുള്ള സ്ഥിതിയോട് ഇണങ്ങി പോകുന്നതാണ് ബുദ്ധിപൂർവ്വകം എന്ന് ചില സാഹിത്യകാരന്മാർ കരുതി. വയലാറും ഭാസ്കരനും ഒഎൻവിയും ഒക്കെ സ്വന്തമായ ശൈലിയുടെയും ശബ്ദത്തിന്റെയും ഉടമകളായി മാറി. ചങ്ങമ്പുഴക്കവിതയുടെ സ്വാധീനത്തിൽ നിന്ന് മോചിതരായ അവർ കവിതയിലെ സ്വക്ഷേത്രം കണ്ടെത്തുകയും അങ്ങിനെ കാവ്യരംഗത്ത് സർഗ്ഗതപസ്യയുടെ പുതിയ ലോകങ്ങൾ തുറന്നിടുകയും ചെയ്തു. വിപ്ലവപ്രസ്ഥാനത്തിന്റെ ആശയങ്ങൾക്കൊപ്പിച്ച് കവിത എഴുതുന്നതവർ നിർത്തി.
“ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” ജ്ഞാനപീഠം അവാർഡ് നേടുന്നതിന് മുൻപ് 2007 ഫെബ്രുവരി 25ന് പി ഭാസ്കരൻ അന്തരിച്ചു. രാഷ്ട്രീയത്തിൽ ഇടതുപക്ഷത്ത് നിലയുറപ്പിച്ച ഭാസ്കരൻ കമ്മ്യൂണിസ്റ്റ് സമര,പോരാട്ടങ്ങളിൽ തീക്കാറ്റു പടർത്തിയ ഗാനങ്ങൾ എഴുതിയ വ്യക്തിയാണ്. പുന്നപ്ര വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം എഴുതിയ ‘വയലാർ ഗർജിക്കുന്നു’ എന്ന സമാഹാരം തിരുവിതാംകൂറിൽ ദിവാൻ സിപി രാമസ്വാമി നിരോധിക്കുകയുണ്ടായി. ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം പ്രകടമാക്കിയിരുന്ന ഭാസ്കരൻ 1950കളുടെ അവസാനം എത്തുമ്പോൾ നിലപാടുകളോട് യോജിക്കാനാവാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് പൂർണമായും അകന്നു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ വായിച്ച് ആ കവിത ഞാൻ എഴുതേണ്ടിയിരുന്നതായിരുന്നു എന്ന് പറയുകയുണ്ടായി എന്ന് അക്കിത്തം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി (അക്കിത്തം /വിജയകൃഷ്ണൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് 2016 മാർച്ച് 27 )
“വില്ലാളിയാണ് ഞാൻ, ജീവിത സൗന്ദര്യ വല്ലകി മീട്ടലല്ലയെന്റെ ലക്ഷ്യം”
എന്ന് ആദ്യകാലത്ത് വില്ലാളി എന്ന കവിതയിൽ തന്റെ നിലപാട് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
“ഉയരും ഞാൻ നാടാകെ പടരും ഞാനൊരു പുത്തൻ ഉയിർ നാട്ടിനേകികൊണ്ടുയരും വീണ്ടും”. ( വയലാ ർ ഗർജിക്കുന്നു) ഈ വരികൾ ജനം ഏറ്റുപാടി.
“വൈലോപ്പിള്ളിയുടെ രാഷ്ട്രീയബോധം കുടിയൊഴിപ്പിക്കലിൽ കാണാം. എന്നാൽ അത് മുഴുവനായും അവതരിപ്പിക്കുവാൻ വൈലോപ്പിള്ളി വിമുഖത കാണിച്ചു. ഈ ഒളിച്ചുവെപ്പിനെ കുറിച്ച് വൈലോപ്പിള്ളി എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ സത്യം തുറന്നു പറഞ്ഞു, ഞാൻ അത് മടിച്ചു. അത് എന്റെ പരാജയമാണ് എന്നാണ് പറഞ്ഞത്. എന്റെ കവിതയെക്കാൾ ഇഫക്ടീവായി വൈലോപ്പിള്ളിക്ക് എഴുതാമായിരുന്നു. അദ്ദേഹം ഒരു അധ്യായം എന്ന കണക്കിൽ തുടച്ചു മിനുക്കി എഴുതി ഞാൻ ഒറ്റത്തട്ട് തട്ടി. അത് നന്നായി എന്ന് വൈലോപ്പിള്ളിയും പറഞ്ഞു. കുടിയൊഴിപ്പിക്കൽ നല്ല കവിതയാണ് വർഗ്ഗസമരം ഒക്കെ അതിൽ വരുന്നുണ്ട് വൈലോപ്പിള്ളിയുടെ അനുഭവങ്ങൾ അങ്ങിങ്ങായി അതിൽ കാണാം.” (അക്കിത്തം / എൻ പി വിജയ് കൃഷ്ണൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് 2016 മാർച്ച് 27)
അക്കിത്തത്തിന്റെ കാവ്യഗുരുവായ ഇടശ്ശേരിയുടെ “പുത്തൻകലവും അരിവാളും “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും,വൈലോപ്പിള്ളി ശ്രീധരമേനോന്റെ “കുടിയൊഴിപ്പിക്ക”ലും ഒരേ വർഷമാണ് വരുന്നത്. (1952) “വിളജപ്തി ക്ഷേത്രത്തിലെ മൃഗബലി പോലെ പലപ്പോഴും കാണേണ്ടി വന്നിട്ടുണ്ട്. ഈ ദാരുണസംഭവം താരതമ്യേന കുറഞ്ഞുവരുന്നുണ്ട്. പുതിയ തലമുറയ്ക്ക് അവിശ്വസനീയമായ വിധം നിയമവിധേയമായ ക്രൂരതകളിൽ ഒന്നാണ് വിളജപ്തി. ഇതിൽ ബന്ധപ്പെട്ട മൂന്ന് കക്ഷികളെയും എനിക്ക് അടുത്ത പരിചയമുണ്ട്.
കർഷകൻ, ജന്മി,കോടതി ആ പരിചയമാണീ കവിത.”
ഇടശ്ശേരിയുടെ വരികളാണ് മേലുദ്ധരിച്ചത്. വാഴക്കുലയിൽ നിന്ന് (1937) “പുത്തൻ കലവും അരിവാളി”ലും (1952) എത്തിയപ്പോൾ ജന്മികുടിയാൻ പ്രശ്നത്തിൽ വന്ന വഴിത്തിരിവും കർഷകരുടെ അവകാശബോധത്തിലും സംഘടിതശക്തിയിലും വന്ന വളർച്ചയും കാണാം. വാഴക്കുല ജന്മിക്ക് കാഴ്ച വയ്ക്കുമ്പോൾ അതിലെ അനീതി പുലയന് ബോധ്യമായില്ല. അന്ന് സമൂഹം കയ്യുംകെട്ടി നിൽക്കുകയാണ് ചെയ്തത്. പ്രതികരിക്കുവാൻ കൂടി കഴിയാത്ത ഒരു അവസ്ഥയാണ് അന്ന് നിലനിന്നിരുന്നത്.
‘ആരെ കൊയ്ത് കഴിച്ചതീയാണ്ടിൽ
കോമൻ വിളയിച്ച പൊന്നാര്യൻ?
കോമനും അല്ല പണിക്കാരും അല്ല
ഒരു കോടതിയാമീനുമാൾക്കാരും “
കവിയാണ് ഇവിടെ ഈ ചോദ്യം ഉന്നയിക്കുന്നത്. സമൂഹം ഇവിടെ കയ്യുംകെട്ടി നിൽക്കുന്നില്ല.
“കോമൻ നിന്ന് കലി തുള്ളുന്നു
കുറ്റിക്കിട്ട ഗജം പോലെ”
കർഷക ജനതയുടെ സംഘടിത ശക്തിയെ പറ്റി അവർക്ക് ബോധം ഉണർന്നു കഴിഞ്ഞു.
“അധികാരം കൊയ്യണമാദ്യം നാം,അതിനുമേൽ ആകട്ടെ പൊന്നാര്യൻ “
വർഗ്ഗസമരത്തിന്റെ മുദ്രാവാക്യമാണിത്. കർഷകനോട് അധികാരം ആദ്യം എന്ന് ആഹ്വാനം ചെയ്ത കവി “പണിമുടക്കം” എന്ന കവിതയിൽ തൊഴിലാളികളോട് ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്.
“കുഴിവെട്ടി മൂടുക വേദനകൾ
കുതി കൊൾക ശക്തിയിലേക്ക് നമ്മൾ “
ശക്തിയുടെ കവിയായ ഇടശ്ശേരി ഈ ആഹ്വാനം നടത്തിയത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ആണ് എന്ന് ശ്രദ്ധിക്കുക. തൊഴിലാളി സമരങ്ങൾ അടിച്ചമർത്തപ്പെട്ട സംഭവങ്ങൾ ഈ കവിതയുടെ പശ്ചാത്തലം ഒരുക്കി.പണിമുടക്കിയ തൊഴിലാളികളുടെ വ്യക്തിഗത ദുരിതത്തിന് ഒരു സാമൂഹികമാനം നൽകുകയാണ് കവി ഇവിടെ.
നൂറിലധികം തവണ അഭിനയിച്ചതും അങ്ങനെ ആയിരക്കണക്കിന് ആളുകൾ കണ്ടു രസിച്ചതുമായ നാടകമാണ് ഇടശ്ശേരിയുടെ “കൂട്ടുകൃഷി” അതൊരു വിപ്ലവം തന്നെ ഉണ്ടാക്കി. കാർഷിക പ്രശ്നങ്ങളും സാമുദായിക പ്രശ്നങ്ങളും പരിഹരിക്കുവാൻ കൃഷിയിലും മതബന്ധങ്ങളിലും ശരിയായ കൂടിച്ചേരലിന്റെ ആവശ്യകതയാണ് കൂട്ടു കൃഷിയിലെ പ്രതിപാദ്യം.ഞാറു നടുന്ന സ്ത്രീകൾ പാടുന്ന ഞാറ്റുപാട്ടിന്റെ ഈരടികളിൽ നാടിന്റെ സ്മരണയുണ്ട്:
“നമ്മൾക്ക് വേണ്ടി ജനിച്ചു ഗാന്ധി
നമ്മൾക്ക് വേണ്ടി മരിച്ചു ഗാന്ധി
നമ്മൾക്ക് വേണ്ടിയാപുണ്യവാന്റെ
പൊൻമെയ്യിൻ ചാമ്പലീയാറ്റിലുണ്ടേ “
ദേശീയബോധം, മതനിരപേക്ഷത തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ “കൂട്ടുകൃഷി”യിൽ ഉണ്ട്.
“കുടിയൊഴിക്കലിൽ വർഗ്ഗവിപ്ലവത്തെ തള്ളിപറയാത്ത വൈലോപ്പിള്ളി, അത് സ്നേഹപാതയിൽ ആയിക്കൂടെ എന്ന ധർമ്മസങ്കടമാണ് പ്രകടിപ്പിക്കുന്നത്.
“കൽക്കത്ത തീസിസിന്റെ അടിസ്ഥാനത്തിൽ 1948ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച വിപ്ലവം പാർട്ടിക്കുള്ളിൽ വമ്പിച്ച ആശയ സമരങ്ങൾക്ക് കാരണമായി. ഇടതുപക്ഷ ചിന്താഗതിയെ അത് പിടിച്ചു കുലുക്കി.കൽക്കത്താ തീസീസ് നടപ്പിലാക്കി നാല് വർഷങ്ങൾക്ക് ശേഷമാണ് വൈലോപ്പിള്ളി “കുടിയൊഴിപ്പിക്കൽ” പ്രസിദ്ധീകരിക്കുന്നത്. (1952) വിപ്ലവം കൂടുതൽ ഉയർന്ന ജീവിതദർശനത്തിനു വേണ്ടിയുള്ള ഒരു യജ്ഞമാണ്.
“പോകാം ഭൗതിക തൃപ്തിതൻ മധ്യമേഖലയിൽ മയങ്ങി മേവിടാതെ”
എന്നാണ് ജേതാക്കൾക്ക് നൽകിയ ആശംസ.
“ചളിയും പൊടിയും കോതാനൊഴിവില്ലാക്കുടുമയും
വിയർപ്പും ബീഡിയും കൂടി വമിച്ചിടുന്ന നാറ്റവും
കുളിയില്ലാത്ത ഒരു ആത്മാവിന്നിണങ്ങുന്ന ശരീരവും
അരഞ്ഞുതേയും പല്ലിന്റെ തൊണ്ണിലെല്ലാം
കൊഴുന്നനെ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ
പ്രസംഗപെരുമാരികൾ
തരം കിട്ടുമ്പോഴൊക്കെയും
യൂറോപ്യൻ മദ്യശാലയിൽ കയറിച്ചെന്ന് മൂക്കറ്റം കുടിച്ചാടി നടക്കയും”
കേരളത്തിലെ കർഷക,തൊഴിലാളി വർഗ്ഗങ്ങളെയും അവരെ നയിക്കുന്ന നേതാക്കളെയും അക്കിത്തത്തിന്റെ അന്തരാത്മാവ് ഒപ്പിയെടുത്തത് ഇങ്ങനെയാണ് എന്നും അക്കിത്തത്തിന്റേത് തികഞ്ഞ പ്രതിവിപ്ലവചിന്തയാണ് എന്നും കടുത്ത ഭാഷയിൽ തായാട്ട് ശങ്കരൻ വിമർശിച്ചിട്ടുണ്ട്. (തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ -തായാട്ട് ശങ്കരൻ. കേരള സാഹിത്യ അക്കാദമി, തൃശൂർ) വള്ളത്തോളിൽ നിന്ന് ലഭിച്ച പദസംസ്കാരവും ഭരണിപ്പാട്ടിൽ നിന്ന് ലഭിച്ച തെറിസംസ്കാരവും ഉടലും ഉയരും പോലെ അലിഞ്ഞു രൂപം കൊണ്ടതാണ് ഈ കവിത എന്നാണ് തായാട്ടു വിമർശിച്ചത്. മലയാള സാഹിത്യത്തിലെ ശൃംഗാരകവിതകൾക്കിടയിൽ പൂരപ്രബന്ധത്തിനും നാടൻ പാട്ടുകൾക്കുമിടയിൽ ഭരണിപ്പാട്ടിനുള്ള സ്ഥാനമാണ് രാഷ്ട്രീയ പ്രധാനമായ കവിതകൾക്കിടയിൽ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിനുള്ളത് എന്നും അക്കിത്തത്തിന്റെ കൊള്ളാവുന്ന കവിതകൾ മറ്റനേകം ഉണ്ട് എന്നും എഴുതിയ തായാട്ട്, കവിക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയെക്കുറിച്ച് ഊറ്റം കൊള്ളാൻ ഒന്നുമില്ല എന്നും ലജ്ജിക്കാൻ ആണെങ്കിൽ വളരെയുണ്ടെന്നും വിമർശിച്ചിട്ടുണ്ട്. (വാഴക്കുലയും പിൻ തലമുറക്കാരും-തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ തായാട്ടു ശങ്കരൻ)
അക്കിത്തത്തിന്റെ കവിതയോടും കാവ്യനിലപാടുകളോടും അല്ല ആശയങ്ങളോടാണ് പലരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. അക്കിത്തം മറുപടി പറഞ്ഞ് വിവാദമോ സംവാദമോ സൃഷ്ടിക്കാറില്ല. ഈ മൗന കലയുടെ പൊരുൾ എന്താണ്? ശ്രീ എൻ പി വിജയകൃഷ്ണന്റെ ചോദ്യത്തിന് കവി ഇങ്ങനെ മറുപടി നൽകി :
അതിനെല്ലാം മെനക്കെട്ട് സമയം കളയാറില്ല. നിൽക്കുന്നത് നിൽക്കും, അല്ലാത്തത് പോകും.സത്യസന്ധതയാണ് പ്രധാനം. ജീവിതത്തിലും കവിതയിലും ആശയത്തിലും മറ്റൊരാളുടെ വിയോജിപ്പിനെതിരെ പ്രതികരിച്ചിട്ടു ഫലമില്ല. ഭൂഷണവുമല്ല. സത്യം എന്നത് ഈശ്വരനാണ്. ഞാനെന്ന ഭാവമില്ലാതാവലാണ്.അഹം പോയി കിട്ടുകയാണ് വേണ്ടത്. കവിതയിലൂടെ അതിന് ശ്രമിക്കുക. അഹം എന്ന അഗ്നിയെ കെടുത്തുന്ന തീയാണ് എനിക്ക് കവിത. മനസ്സിൽ ഇപ്പോഴും കവിതയാണ് (അക്കിത്തം -എൻ പി വിജയകൃഷ്ണൻ മാധ്യമം ആഴ്ചപ്പതിപ്പ് 2019 ഡിസംബർ16)
കർഷകനെപ്പറ്റിയും അവരുടെ ജീവിതത്തെപ്പറ്റിയും നമ്മുടെ മറ്റു കവികളും കവിതകൾ എഴുതിയിട്ടുണ്ട്. ഏറ്റവും അഭിമാനിക്കുന്ന വള്ളത്തോൾ കർഷകർ സംഘടിക്കുന്നതിന് മുൻപ് തന്നെ ഇങ്ങനെ എഴുതി:
“സ്നേഹിത! കർഷക! മിഥ്യാപരിഷ്കാരമോഹിതർക്ക് അങ്ങൊരു മോശക്കാരൻ
എന്നാൽ ഭവാനുടെ നിശബ്ദയത്നത്തിൽ നിന്നാണി യന്ത്രത്തിൻ ഘോഷമെല്ലാം”
കവിയുടെ കാവ്യഗുരുവായ ഇടശ്ശേരി ഒരു കർഷക കവിയാണ്
“കോമൻ ഉഴുതുമറിച്ചു പാടം
കോമൻ വിതച്ചു പൊന്നാര്യൻ
പൂതൽ ഇറക്കിക്കൊണ്ട് പുതുവിത്തണി നിലം
പതിയും കാർമുകിൽ നീങ്ങുമ്പോൾ
ഏറെ പൊന്മു ള പാടത്തോ
കുളിർ കോരിയ കോമന് മാറത്തോ!
(“പുത്തൻ കലവും അരിവാളും” ഇടശ്ശേരി)
“കെട്ടിയ മുടി കച്ചയാൽ മൂടി ചുറ്റിയ തുണി ചായ്ച്ചൊന്ന് കുത്തി
വെറ്റില ചവച്ചുന്മാദമോളംവെട്ടീടു മരിവാളുകളേന്തി
ഒന്നിച്ചാനമ്രമെയ്യോടെ നിൽപ്പു
കന്നിപ്പാടത്ത് കൊയ്ത്തുകാർ നീളെ
നല്‍പുലർകാല പാടലവാനിൽ ശുഭ്രമേഘ പരമ്പര പോലെ”
(കന്നിക്കൊയ്ത്ത് വൈലോപ്പിള്ളി)
1920 നു ശേഷം ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിനും സ്വാതന്ത്ര്യ സമരത്തിനും ശക്തി പകർന്ന തൊഴിലാളി- കർഷക സമരങ്ങൾ ദേശീയ പ്രസ്ഥാനത്തെ ഒരു ബഹുജനപ്രസ്ഥാനമാക്കിത്തീർത്തു.” തന്റെ മുൻഗാമികളായ കവികൾ ആരും തന്നെ ഈ വിഭാഗത്തെ ആക്ഷേപിച്ചു കവിതകൾ എഴുതിയവരല്ല. സ്വന്തം ഉച്ചയ്ക്ക് വിപരീതമായി എഴുതിപ്പോയ കൃതിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.അങ്ങനെയൊന്ന് എഴുതിയതിൽ പശ്ചാത്തപിക്കുകയും ചെയ്തിരുന്നു എന്ന് പറയുമ്പോൾ കർഷകരെയും തൊഴിലാളികളെയും അടച്ചാക്ഷേപിച്ചു കവിത എഴുതിയതിലുള്ള മനസ്സാക്ഷിക്കുത്ത് അല്ലെങ്കിൽ കുറ്റബോധം ഒളിച്ചിരിപ്പില്ലേ എന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ കുറ്റം പറയാൻ ആകുമോ?ആ കാവ്യം ധാരാളം വായിക്കപ്പെട്ടു, പഠിക്കപ്പെട്ടു എന്നതിൽ കവി സന്തോഷിക്കുന്നുണ്ട്. വള്ളത്തോൾ, ഗാന്ധിയൻ ചിന്തകനും ഭൂദാനപ്രസ്ഥാനത്തിന്റെ പിതാവുമായ വിനോഭാ ഭാവെ, ഇടശ്ശേരി,പി ഭാസ്കരൻ, വയലാർ രാമവർമ്മ,വൈലോപ്പിള്ളി,പൊന്നാനി കളരിയിലെ കവികൾ, എഴുത്തുകാർ എന്നിവരെല്ലാം തന്നെ അതിന്റെ പേരിൽ അഭിനന്ദിക്കുകയും ചെയ്തു.”
1954 ലാണ് അക്കിത്തം “ഇടിഞ്ഞു പൊളിഞ്ഞ ലോകം “എഴുതിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ സംഭവിച്ച അപചയങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ ഈ കവിതയിൽ കവി വിമർശിക്കുന്നുണ്ട്. അധികാരം മാത്രം ലക്ഷ്യമാക്കിയ രാഷ്ട്രീയ കക്ഷികൾ, സ്വാർത്ഥതല്പരരും ആഡംബരപ്രിയരുമായ ജനപ്രതിനിധികൾ എന്നിവർ ജനാധിപത്യ വ്യവസ്ഥയെ നശിപ്പിക്കുന്നത് കണ്ടുണ്ടായ കവിയുടെ രോഷമാണ് ഇടിഞ്ഞു പൊളിഞ്ഞ ലോകത്തിലെ ഈ വരികളിൽ വരച്ചു കാണിച്ചത്.
“ഓരോ മാതിരി ചായം മുക്കിയ
കീറത്തുണിയുടെ വേദാന്തം
കുത്തി നിർത്തിയ മൈക്കിനു മുന്നിൽ കെട്ടിയുയർത്തിയ മഞ്ചത്തിൽ നിന്ന് ഞെളിഞ്ഞുരുവിട്ടീടുന്നു
തങ്ങടെ കൊടിയുടെ മാഹാത്മ്യം.”
ജന്മിത്വത്തിന്റെയും ജാതി മേധാവിത്വത്തിന്റെയും പാരമ്പര്യത്തിൽ നിന്ന് പുറത്തു കടന്ന് വർഗ്ഗ വൈരുദ്ധ്യങ്ങൾ തിളച്ചു മറിയുന്ന സാമൂഹ്യപരിസരത്തിൽ അക്കിത്തം വിപ്ലവമോഹങ്ങളോട് വിടപറഞ്ഞു. ഭാരതീയ ദർശനങ്ങളിലും വേദങ്ങളിലും ആത്മീയതയിലും അഭയം തേടി. അക്കിത്തത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയബോധവും ബോധ്യവും എന്താണ് എന്ന് ചോദിച്ചതിന് കവി പറഞ്ഞ മറുപടി :
എനിക്ക് ഒരു കൊടിയുമായും താല്പര്യമില്ല ഞാനൊരു രാജ്യസ്നേഹി മാത്രമാണ് . സാഹിത്യവും ശാസ്ത്രവും കമ്മ്യൂണിസവും ജന്മിത്വവും ആഡ്യ ത്തവും വേദാന്തവും പൗരോഹിത്യ പാരമ്പര്യവും ഒരു മനുഷ്യനിൽ സംഗമിച്ചതാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. ഇവയെല്ലാം സംഗമിച്ചു സമഗ്ര രൂപംകൊണ്ട മഹാപ്രപഞ്ചസ്നേഹമാണ് അക്കിത്തത്തിന്റെ കവിത. ഈ വിരുദ്ധസങ്കൽപ്പങ്ങളിലൂടെ ജീവിതപ്രയാണത്തിന്റെ ഓരോ ഘട്ടങ്ങളിലും നാടകീയമായ മുഹൂർത്തങ്ങൾ കവിയ്ക്ക് നേരിടേണ്ടി വന്നിരിക്കും.
(അവസാനിച്ചു)