പൂമുഖം LITERATUREവായന വേദനകളാൽ കത്തുന്ന കഥയുടലുകൾ

വേദനകളാൽ കത്തുന്ന കഥയുടലുകൾ

എന്നും മനുഷ്യപക്ഷത്തു നിൽക്കുന്നവയാണ് അംബികാസുതൻ മാങ്ങാടിന്‍റെ ചെറുകഥകൾ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ തൊട്ടുങ്കരപ്പോതി ‘ എന്ന കഥാ സമാഹാരത്തിലെ കഥകളും ഈ പ്രസ്താവനയ്ക്ക് ശക്തി പകരുന്നു.

യാതൊരു ഉപാധികളും ഇല്ലാതെ സാധാരണക്കാരുടെ കൂടെ നിൽക്കുന്ന ദൈവമാണ് തെയ്യം. ‘തൊട്ടുങ്കരപ്പോതി’ എന്ന കഥ ദിനകരൻ – ഊർമ്മിള ദമ്പതികളുടെ പൊരുത്തക്കേടിന്‍റെ കഥയാണെങ്കിലും അത് ശക്തമായ ഒരു സ്ത്രീപക്ഷ കഥയാണ്. ഈ കഥയിൽ സറിയിലസ്റ്റിക് സംഭവങ്ങൾ കൊണ്ട് അവരുടെ ജീവിതത്തിലെ സംഘർഷങ്ങൾ വെളിപ്പെടുന്നു. കുട്ടികളില്ലാത്ത ദമ്പതികളാണ്. മുമ്പ് ഊർമ്മിളയുടെ കവിതകൾ ദിനകരൻ കത്തിയ്ക്കുന്നുണ്ട്. തന്‍റെ സൃഷ്ടികളെ കത്തിച്ച നൊമ്പരത്തിൽ നിന്ന് ‘തൊട്ടുങ്കരപ്പോതി’ എന്ന മിത്തിലേക്കുള്ള യാത്ര ചേതോഹരമായിട്ടാണ് കഥയിൽ ആവിഷ്കരിച്ചിക്കുന്നത്. മക്കളെല്ലാം നഷ്ടപ്പെട്ട കീഴ്ജാതിയിൽ ഉള്ള ഉർവാടി വേദനയോടെ രാമായണപാരായണം നടത്തുകയാണ്. അതറിഞ്ഞ മേലാളർ അവരെ ആക്രമിക്കാൻ വരുമ്പോൾ, മാറിലെ വേദനയുടെ തീയിൽ എല്ലാവരും കത്തിതീരുകയാണ്. ഓരോ സ്ത്രീയുടെ ഉള്ളിലും ഓരോ തൊട്ടുങ്കര ഭഗവതി തീപിടിച്ച ഉടലോടെ നിലവിളിച്ചുകൊണ്ട് പായുകയാണ്. രാത്രിയിൽ, ദിനകരൻ, തൊട്ടുങ്കരപ്പോതിയായി വേഷം കെട്ടുന്ന ഊർമ്മിളയെ കാണുന്നു. അവർ മനോരോഗവിദഗ്ധനെ കാണുമ്പോൾ അദ്ദേഹം പറയുന്നത് ദിനകരനാണ് കുറ്റബോധത്താൽ തോട്ടിങ്കരപ്പോതിയാകുന്നത് എന്നാണ്. ഈയൊരു ഐറണി കഥയുടെ വായന വിശാലമാക്കുന്നു.

ദാമ്പത്യത്തിലേക്ക് ഊഴ്ന്നിറങ്ങുന്ന മറ്റൊരു കഥയാണ് ‘ജീവിച്ചു പോകുന്നവർ’. രാമനാഥൻ – നളിനാക്ഷി ദമ്പതികളുടെ ജീവിതത്തിലേക്ക് മരിച്ചുപോയ രാമനാഥന്റെ അമ്മ തിരിച്ചുവരുന്നൊരു രാത്രി. ‘നല്ലത്ണ്ടോങ്കില് ജീവിച്ചിക്കുമ്പോന്നെ ഓരോരാളും പറഞ്ഞോൾണം. അപ്പളേ ഒരാള് മനുഷ്യനാകു’ അവരുടെ ഇടയിൽ മനുഷ്യത്വം വിളമ്പിപ്പോകുന്ന അമ്മയുടെ ആത്മാവ്.

നന്മ ചൊരിയുന്ന മാതൃക അധ്യാപകരുടെ കഥകളാണ് ‘പുസ്തകവീടും മാമ്പൂമണവും’. പുസ്തകവീടിൽ ഭുവനചന്ദ്രൻ മാഷ്, പാവപ്പെട്ട വീട്ടിലെ കുട്ടിയായ ശിവദാസന് പഠിത്തത്തിലും ജീവിതത്തിലും തുണയാകുന്നു. മാമ്പൂമണത്തിൽ ജാനകി ടീച്ചറെ ആക്രമിച്ച് കൊള്ളയടിക്കാൻ വരുന്ന പൂർവ്വ വിദ്യാർത്ഥികളുടെ മനം മാറ്റമാണ്.

‘കാസ്രോട്’ എന്ന കഥ മികച്ചൊരു സറ്റയറാണ്. എന്തിനും ഏതിനും കുറ്റം ചെയ്ത സർക്കാർ ഉദ്യോഗസ്ഥരെ കാസറഗോഡേയ്ക്ക് സ്ഥലം മാറ്റുന്ന പ്രവണതയുള്ള സമകാലിക പരിസരത്തെ അതേ കാരണത്തിൽ കാര്യ കാരണങ്ങളാൽ ആക്ഷേപ ഹാസ്യത്തോടെ കാണുന്ന കഥ. കലയുടെയും കച്ചവടത്തിന്‍റെയും വേർതിരിവ് സൂക്ഷ്മമായി കാണുന്ന കഥയാണ് ‘റാഫേൽ’. “ഹിരണ്യ മേവർജ്ജയാ നിഷ്ഫലാ കലാ” എന്ന കവി വചനം ഓർത്തു പോകുന്നു. കച്ചവടത്തിൽ പിന്നിലായിപ്പോകുന്ന യഥാർത്ഥ കല. രണ്ട് ചിത്രകാരന്മാരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ കഥ.

അംബികാസുതന്‍ മാങ്ങാട്

‘നിറഭേദങ്ങൾ’ ഒരു അനുഭവ കഥയാണ്. എൻഡോ സൾഫാൻ കാരണം രോഗിയായ ശില്പ എന്ന കുട്ടിയുടെ എഴുത്തിലൂടെയുള്ള അതി ജീവന കഥ നമുക്ക് ദുരിതങ്ങൾക്കിടയിലും പ്രത്യാശ നൽകും.

തിരുവനന്തപുരം അഴുക്കു ചാലിൽ ജീവൻ നഷ്ടപ്പെട്ട ജോയ് എന്ന മനുഷ്യനെ നമുക്ക് ഓർമയുണ്ടാകും. അതിനെ ആസ്പദമാക്കി എഴുതിയ കഥയാണ് ‘അമ്മക്കപ്പൽ’. ആ സംഭവത്തെ വിഴിഞ്ഞം തുറമുഖത്തെ അമ്മക്കപ്പലുമായി (mither ship) ബന്ധപ്പെടുത്തുന്ന കഥ. സമകാലിക സംഭവത്തോടുള്ള പ്രതികരണം എന്ന രീതിയിൽ പ്രസക്തമാണെങ്കിലും ഒരു ചെറുകഥയായി ഇത് ഉയരുന്നില്ല.

വരുമാനമാർഗം എന്ന നിലയിൽ മാത്രം കാണുന്ന ഗൾഫ് കാരന്‍റെ അവസ്ഥയാണ് ‘സൂചിയും നൂലും’ എന്ന കഥ.

സാധാരണക്കാരുടെ വേദനകൾ റിയലിസത്തിലൂടെയും മാജിക്കൽ റിയലിസത്തിലൂടെയും കഥാകളായി പരിണമിക്കുന്ന കാഴ്ച ഈ സമാഹാരത്തിലെ കഥകളിൽ കാണാം. ആ വേദനകൾ വായനക്കാരുടെ ഉള്ളിലേക്കും കടന്ന് ചെല്ലുന്നു.

കവര്‍: വിത്സണ്‍ ശാരദ ആനന്ദ്‌

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.